Homeപെൺപക്ഷം

താലിബാനിസം കറകളഞ്ഞ ആണ്‍കോയ്മയുടെ പ്രതീകം

മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എം. എസ്. എഫിന്‍റെ ‘വനിതാ വിംഗ്’ ആയി രൂപംകൊണ്ട ‘ഹരിത’ എന്ന സംഘടനയ്ക്ക് എം.എസ്.എഫ്. നേതൃത്വത്തില്‍ നിന്ന് കുറച്ചു മാസങ്ങള്‍ക്ക് മുമ്പുണ്ടായ തിക്തമായ അനുഭവങ്ങള്‍ ഈയിടെ ചര്‍ച്ചയായി. എം .എസ് .എഫിന്‍റെ ദേശീയ സംഘടനയുടെ അംഗമായ ഫാത്തിമ തഹ്ലിയ ആഗസ്റ്റ് മാസം 18ന് നടത്തിയ പത്രസമ്മേളനം ഏറെ ശ്രദ്ധേയമാണ്. ഏതാണ്ട് പത്ത് വര്‍ഷത്തോളമായി ‘ഹരിത’ രൂപംകൊണ്ടിട്ട്. പല കോളേജുകളിലും എം .എസ്. എഫിനേക്കാള്‍ ‘ഹരിത’യ്ക്കാണ് കൂടുതല്‍ സ്വാധീനമെന്ന് അവര്‍ പറഞ്ഞു. മാത്രമല്ല ഫാറൂഖ് കോളേജില്‍ ജനറല്‍ സീറ്റില്‍ ആദ്യമായി ഒരു പെണ്‍കുട്ടി മത്സരിച്ചു ജയിച്ചു എന്നും ഫാത്തിമ പറയുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ ‘സംവരണം’ (പങ്കാളിത്തം എന്ന് വായിക്കുക) 33% ആയപ്പോള്‍ തന്നെ മുസ്ലിംലീഗ് പ്രതിസന്ധിയിലായി. ലീഗിന് സ്ഥാനാര്‍ത്ഥിയെ വെക്കേണ്ടിടത്ത് സ്ത്രീ സംവരണ സീറ്റാണെങ്കില്‍ ഏതെങ്കിലും നേതാക്കളുടെ ഭാര്യമാരെയാണ് നിര്‍ത്തുക. അവര്‍ ജയിച്ച് പഞ്ചായത്ത് പ്രസിഡണ്ടായി എന്നുതന്നെ വെക്കുക. അവര്‍ പിന്നെയും വീട്ടില്‍ തന്നെ ഇരിക്കും. അവര്‍ക്ക് വേണ്ടി സംസാരിക്കുക നേതാവായ ഭര്‍ത്താവ് തന്നെയായിരിക്കും. കൊടുവള്ളി പഞ്ചായത്തില്‍ അന്വേഷി യുടെ ഒരു അനുഭവം തന്നെ പറയാം. പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പാണ് . ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ പീഡനങ്ങളുടെ ഒരു പ്രശ്നത്തില്‍ പെണ്‍കുട്ടിയുടെ പരാതി പ്രകാരം സ്ഥലത്തെ ഒരു പ്രമാണിയുടെ വീട്ടില്‍ അന്വേഷി പ്രവര്‍ത്തകര്‍ പോയി സംസാരിച്ചു. അവിടുത്തെ കാരണവരുടെ മകനായിരുന്നു പ്രതി. അവസാനം പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പ്രതിയുടെ രക്ഷിതാക്കളും പഞ്ചായത്ത് പ്രസിഡണ്ടിന്‍റെയും അന്വേഷിയുടെയും ഇടപെടല്‍ മൂലം ഒത്തുതീര്‍പ്പിലെത്തി. പെണ്‍കുട്ടിക്ക് ഒരു തുക നഷ്ടപരിഹാരം കൊടുത്തു. ഞാന്‍ പറഞ്ഞുവരുന്നത് അതല്ല, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അടങ്ങിയ രേഖയ്ക്ക് സാക്ഷി ഒപ്പിടാന്‍ പ്രസിഡണ്ട് വേണം. യോഗത്തില്‍ വച്ച് പ്രസിഡണ്ടിനോട് രേഖയില്‍ ഒപ്പിടാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ഒരു കാര്യം ഞങ്ങള്‍ക്ക് മനസ്സിലായത്. പ്രസിഡണ്ട് നേതാവിന്‍റെ ഭാര്യയാണ്! രേഖ ഒപ്പിടുവിക്കാന്‍ അത് വീട്ടില്‍ കൊണ്ടുപോയി അവരുടെ ഒപ്പുമായി തിരികെ വന്നു . ഈ അവസ്ഥ മാറ്റിയെടുക്കാന്‍ മുസ്ലിംലീഗ് നേതൃത്വം ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് ‘ഹരിത’ രൂപം കൊണ്ടത് എന്ന് വ്യക്തം. പക്ഷെ, അടിസ്ഥാനപരമായി സ്ത്രീയെ ലൈംഗികവസ്തു മാത്രമായി കാണുകയും അതിഭീകരമായി വീട്ടിനകത്ത് തളച്ചിടുകയും ചെയ്യുന്ന എല്ലാ മതതത്വശാസ്ത്രങ്ങളേയും പോലെ ഇസ്ലാമും ചെയ്യുന്നു. ഇസ്ലാമിലെ ഏറ്റവും പുരോഗമന വിഭാഗത്തിലെ സ്ത്രീകളെയും വീടിനകത്ത് തളച്ചിടുന്നു. അല്ലെങ്കില്‍ പുരുഷാധിപത്യം സ്ത്രീകള്‍ക്ക് കല്പിച്ചിട്ടുള്ള റോള്‍ ഒരണുകിട പോലും വ്യതിചലിക്കാതെ സാമൂഹ്യ മേഖലകളില്‍ അവര്‍ ശോഭിച്ചാല്‍ ആര്‍ക്കും പ്രശ്നമില്ല. ഒന്ന് വ്യതിചലിച്ചാല്‍ മത സദാചാരത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍ വാളെടുക്കും. തീര്‍ച്ച. മുത്തലാക്കിനേയും ബഹുഭാര്യത്വത്തേയും എതിര്‍ക്കാന്‍ പാടില്ല എന്ന ഒരു അലിഖിത നിയമം ഇതിന്‍റെയൊക്കെ അടിയില്‍ ഉണ്ട്.
എം.എസ്.എഫ്. (മുസ്ലിം സ്റ്റുഡന്‍സ് ഫെഡറേഷന്‍) എന്നാണ് പേര് .പിന്നെ എന്തിനാണ് ‘ഹരിത’?ആണും പെണ്ണും സംഘടിക്കുന്നുണ്ടെങ്കില്‍ തന്നെ വേറെ വേറെ വേണം . എസ്. ഐ.ഒ ഉണ്ട്. പിന്നെ എന്തിന് ജി.ഐ.ഒ? ‘സ്റ്റുഡന്‍സ്’ എന്ന പദത്തിന് വിദ്യാര്‍ത്ഥി എന്നല്ലേ അര്‍ത്ഥമുള്ളൂ. ആണ്‍ വിദ്യാര്‍ത്ഥി എന്ന അര്‍ത്ഥമുണ്ടോ? എന്നെ ഒരിക്കല്‍ ഇത്തരമൊരു സംഘടന നോമ്പുതുറക്കാന്‍ ക്ഷണിച്ചു. ചെന്നപ്പോള്‍ മൊത്തം ആണുങ്ങള്‍. ഒന്നോ രണ്ടോ സ്ത്രീകള്‍ ഉള്ളത് ചില അംഗങ്ങളുടെ ഭാര്യമാര്‍ .ഞാന്‍ ചോദിച്ചു നോമ്പുതുറക്കാന്‍ എന്താ പെണ്ണുങ്ങള്‍ ഇല്ലാത്തത് എന്ന്.
പൊതുവെ എല്ലാ മതങ്ങളും പുരുഷാധിപത്യപരമാണ്, സ്ത്രീവിരുദ്ധമാണ്. ഹിന്ദുത്വവാദികളും ഇസ്ലാമിസ്റ്റുകളും ക്രിസ്തുമത അധികാരികളും തികഞ്ഞ സദാചാരവാദികളാണ്. ഇന്ന് നമ്മുടെ പൊതുസമൂഹത്തില്‍ വര്‍ഗീയ ചിന്താഗതികള്‍ക്ക് ഏറെ സ്വാധീനം ഉണ്ട് .അതാണ് ഏറ്റവും അപകടകരമായ പ്രവണത. ഇന്ത്യയിലിന്നു ഭരിക്കുന്നതാണെങ്കില്‍ സവര്‍ണ്ണ ഹിന്ദുത്വ ഫാഷിസമാണ്. ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഭരണഘടന ഉണ്ടായിട്ടുപോലും ഇതാണ് അവസ്ഥ. അഫ്ഗാനിസ്ഥാന്‍റെ കാര്യം പിന്നെ പറയാനുണ്ടോ. സ്ത്രീസമൂഹത്തെ അടിമകളാക്കുകയെന്നത് താലിബാന്‍റെ കൃത്യമായ അജണ്ടയാണ്. മത തത്വശാസ്ത്രങ്ങള്‍ പൊതുവെ താലിബാനിസത്തിന്‍റെ വകഭേദങ്ങള്‍ അല്ലേ ? അതെ എന്നാണ് എന്‍റെ പക്ഷം.

 

 

 

 

അജിത കെ.

COMMENTS

COMMENT WITH EMAIL: 0