വിഷാദിയെന്നും ഡിപ്രെഷനിസ്റ്റെന്നും മൂഡ് സ്വിങ്ന്‍റെ ആശാത്തിയെന്നും അങ്ങനെ പല പല പേരുകള്‍ പലയിടത്തു നിന്നായി ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. എത്ര ചിരിക്കുമ്പോഴും ഒരു സങ്കടല്‍ കണ്ണുകളില്‍ ഒളിച്ചിരിപ്പുണ്ടല്ലോ എന്നും പലരും ചൂണ്ടിക്കാണിക്കാറുണ്ട്. ഒന്നോര്‍ത്താല്‍ നേരാണ്, ഏതോ പേരറിയാത്ത വിഷാദത്തിന്‍റെ അലകള്‍ സദാ ഉള്ളില്‍ ഇരമ്പിയാര്‍ക്കുന്നുണ്ട്.
എന്നാല്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ വിഷാദം തീണ്ടി പുറത്തെത്തിയവളല്ല ഞാന്‍. ഏറ്റ മുറിവുകളും വെന്ത ജീവിതവുമാണ് കണ്ണിലും നെഞ്ചിലും സങ്കടല്‍ നിറച്ചത്. എന്താണ് വേണ്ടതെന്നു ചോദിക്കാനോ കുറ്റപ്പെടുത്താതെ ചേര്‍ത്തു നിര്‍ത്താനോ ജീവിതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വളവുകളില്‍ കാരുണ്യം കാണിക്കാനോ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ മറ്റൊന്നായിപ്പോകുമായിരുന്നു ജീവിതം!
മാനസികാരോഗ്യം എന്നത് ഒരു സുപ്രഭാതത്തില്‍ കടയില്‍ പോയി കാശു കൊടുത്തു വാങ്ങാന്‍ സാധിക്കുന്ന ഒന്നല്ല, അത് രൂപപ്പെടുന്നത് നമ്മുടെ ജീവിതത്തില്‍ നിന്നാണ്. കുഞ്ഞുനാള്‍ മുതല്‍ നമ്മള്‍ നേരിട്ട ജീവിത സാഹചര്യങ്ങള്‍, ലഭിച്ച കരുതല്‍, കടമ്പകളെ അതിജീവിച്ച രീതി ഇവയൊക്കെ പ്രധാനമാണ്.
പലരും പറയുന്നത് കേട്ടിട്ടുണ്ട്, ‘വലുതാവണ്ടായിരുന്നു, കുഞ്ഞായിരുന്നാല്‍ മതിയായിരുന്നു അല്ലെങ്കില്‍ സ്കൂളിലോ കോളേജിലോ ഒക്കെ പഠിക്കുന്ന കാലമായാല്‍ മതിയായിരുന്നു’ എന്നെല്ലാം. കുട്ടിക്കാലമാണ് ഏറ്റവും മനോഹരമായ കാലമെന്നും!
എനിക്കങ്ങനെ തോന്നിയിട്ടേയില്ല. എന്‍റെ ഏറ്റവും പ്രിയപ്പെട്ട സമയം മുപ്പതുകള്‍ മുതലാണ്, പ്രത്യേകിച്ചു ഇന്നുകള്‍. സ്വന്തമായി തീരുമാനമെടുക്കാനും എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാനും ഇഷ്ടാനുസരണം സഞ്ചരിക്കാനും സ്വാതന്ത്ര്യവും സാഹചര്യവും വരികയും അതിജീവിക്കണം എന്നു മനസ്സിലുറക്കുകയും ചെയ്ത ശേഷം. ഇടയ്ക്ക് അടികിട്ടാറും വീണു പോകാറും വിഷാദക്കടലില്‍ മുങ്ങിത്താഴാറുമൊക്കെയുണ്ട്, എങ്കിലും നീന്തിത്തിരികെ വരാറുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ ഇന്നോളമുള്ള ജീവിതത്തിലെ ഉണങ്ങാമുറിവുകളാണ് എന്നിലെ ഏറ്റവും വലിയ കനല്‍. എന്നെ ഇങ്ങനെ രൂപപ്പെടുത്തിയതും അതാണ്, ആ മുറിവുകളും അതിജീവനങ്ങളും.
വിശപ്പടക്കാന്‍ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയാണ് ഏറ്റവും വലിയ ദാരിദ്ര്യം. അതു കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വേട്ടയാടുന്നത് സ്നേഹ ദാരിദ്ര്യമാണ്. ഈ സ്നേഹദാരിദ്ര്യത്തില്‍ പിടഞ്ഞ മനസ്സാണ് ആരെങ്കിലും സ്നേഹത്തോടെ ഒരു വാക്ക് പറഞ്ഞാല്‍ അത് അഭിനയമാണെങ്കില്‍ പോലും അങ്ങേയറ്റം വിശ്വസിക്കാനും സ്വയം തകരുമാറ് സ്നേഹിക്കാനും പ്രേരിപ്പിക്കുന്നതും. മുതിര്‍ന്ന ശേഷം ഉണ്ടായ എല്ലാ ദുരനുഭവങ്ങളും ഇത്തരത്തില്‍ വിശ്വസിച്ചതിന്‍റെയും സ്നേഹിച്ചതിന്‍റെയും പേരിലുമായിരുന്നു.
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഏതാണ്ട് പത്താം തരം കഴിയുന്നത് വരെയും ഞാന്‍ നേരിട്ട ഏറ്റവും വലിയ ഭാരവും വെല്ലുവിളിയും എന്‍റെ ചേച്ചിയുടെ അനിയത്തി എന്ന ലേബലായിരുന്നു.
സ്കൂളില്‍ ചേരുന്നതിന് മുന്‍പു തന്നെ അയല്‍പക്കങ്ങളില്‍ നിന്നും ബന്ധുവീടുകളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഞാന്‍ ‘താരതമ്യേന’ മോശമാണെന്ന സൂചനകള്‍ ലഭിച്ചിരുന്നു. അവയൊന്നും അത്ര കാര്യമായി ഉള്ളില്‍ കയറിയെന്നു അന്നറിഞ്ഞിരുന്നില്ല. എന്നാല്‍ സ്കൂള്‍ ജീവിതം ആരംഭിച്ചപ്പോള്‍ അതുവരെയുള്ള മുദ്രവെക്കലുകള്‍ക്ക് ഒന്നുകൂടി ബലം വന്നു.
അവള്‍ മിടുക്കിയായിരുന്നു, എല്ലാ മേഖലകളിലും! പഠനം, കല, സാഹിത്യം, സൗന്ദര്യം, നിറം എല്ലാത്തിനും പത്തില്‍ പത്തു മാര്‍ക്ക്. പഠിക്കാന്‍ ഞാനും മോശമായിരുന്നില്ല. മറ്റെല്ലായിടത്തും പക്ഷെ ബിലോ ആവറേജ്. എല്ലാ ക്ളാസുകളിലും സ്കൂളില്‍ ഒന്നോ രണ്ടോ സ്ഥാനത്തായാണ് ജയിച്ചു വന്നത്. എന്നിട്ടും തുടര്‍ച്ചയായി പരിഹസിക്കപ്പെട്ടപ്പോളാണ് പഠനമല്ല വിഷയമെന്ന് മനസ്സിലായത്.
ആദ്യമാദ്യം പ്രതിരോധങ്ങളായിരുന്നു.
വേണ്ട എന്നു പറയുന്നതൊക്കെ വേണമെന്ന് ഞാന്‍ വാദിച്ചു. അദൃശ്യയായിപ്പോകുന്നു എന്ന വ്യാകുലതയില്‍ ഒച്ചവെച്ചു സംസാരിച്ചു. ഞാനുണ്ട് ഞാനുണ്ട് എന്ന് എല്ലാവരെയും തൊട്ടു വിളിച്ച് ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു. വിളിക്കാത്തയിടങ്ങളില്‍ പോയി എത്തിനോക്കി തുടര്‍ച്ചയായി അപമാനിക്കപ്പെട്ടു.
ചേച്ചിമാരും ചെറിയമ്മമാരും അമ്മായിമാരും ഒന്നിച്ചു കൂടുമ്പോള്‍ ‘അനു കൊറ്റിയെപ്പോലെ കറുത്തിട്ട്, ബിനു കാക്കയെപ്പോലെ വെളുത്തിട്ട്’ എന്ന് ‘തമാശ’ പറഞ്ഞു, ആണുങ്ങളുടെ ഒച്ചയെന്ന് ശബ്ദത്തെ മുദ്രകുത്തി. എല്ലാ ഒരുമിച്ചുകൂടലുകളും എന്നെ നീറ്റി. ഞാന്‍ ബന്ധുവീടുകളില്‍ പോകാതായി. പ്രധാനപ്പെട്ട കല്യാണങ്ങള്‍ക്കോ ആളുകള്‍ കൂടുന്നിടത്തോ പോകാന്‍ ഇഷ്ടമില്ലാത്തവളായി.
ഈ ചിത്രത്തില്‍ അന്നത്തെ ഞാനുണ്ട്, ഒരു വാക്കിന്‍റെയും ആവശ്യമില്ലാതെ തന്നെ എന്തായിരുന്നു ഞാന്‍ എന്ന രേഖപ്പെടുത്തലുണ്ട്
നിറങ്ങള്‍ അവള്‍ക്കു സ്വന്തമായപ്പോള്‍ ഞാന്‍ ചാരക്കറുപ്പിന്‍റെ കൂട്ടുകാരിയായി. ഒരിക്കല്‍, ഒരോണക്കാലത്ത് പുതിയ കുപ്പായം വാങ്ങുമ്പോള്‍ അവള്‍ക്ക് ചേരുന്ന ചുവന്ന ഉടുപ്പ് എനിക്കും വേണമെന്ന് ഞാന്‍ വാശിപിടിച്ചു. എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ വാങ്ങിത്തന്ന ആ ഉടുപ്പ് ഇട്ടപ്പോഴൊക്കെയും പൂര്‍വ്വാധികം ‘ഉത്സാഹത്തോടെ’ ‘അവര്‍’ എന്‍റെ കുറവുകള്‍ ചൂണ്ടിക്കാട്ടി. നിറങ്ങള്‍, ആഭരണം, അലങ്കാരങ്ങള്‍ ഇതൊന്നും എനിക്കുള്ളവയല്ലെന്ന ബോധ്യത്തിലേക്ക് ഞാനെത്തി.
ചേച്ചിയും അനിയത്തിയുമെന്ന അറിവില്‍ എന്നിട്ടിതെന്താ രണ്ടു പേരും രണ്ടു ചേലെന്ന് മുതിര്‍ന്നവര്‍ സംശയം കൂറി. അമേരിക്കയും ആഫ്രിക്കയും പോലെയാണല്ലോ എന്ന് അവര്‍ ഉറക്കെപ്പറഞ്ഞു ഉറക്കെച്ചിരിച്ചു. ഇരുട്ടത്ത് കാണില്ല എന്നും പല്ലുള്ളത് നന്നായി എന്നുമുള്ള തമാശകളില്‍ അവര്‍ക്കൊപ്പം ഒരു വിഡ്ഢിയെപ്പോലെ ഞാനും ചിരിച്ചു.
‘തവിട് കൊടുത്തു വാങ്ങിയതാണെന്ന’ അവരുടെ തമാശ എന്നെ അനാഥയാക്കി. മറ്റെവിടെയോ ജനിച്ച അനാഥക്കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തു വളര്‍ത്തിയതാണെന്നും എന്നെങ്കിലുമൊരിക്കല്‍ എന്‍റെ ശരിയായ അമ്മയോ അച്ഛനോ എന്നെത്തേടി വരുമെന്നും ഞാന്‍ വിശ്വസിച്ചു.
എന്നിട്ടും എന്തുകൊണ്ടോ ഞാന്‍ പഠനത്തില്‍ പിറകോട്ടു പോയില്ല. അതൊഴികെ അവള്‍ പോയ ഒരു വഴിയിലും പോകാന്‍ ധൈര്യപ്പെട്ടുമില്ല. അവള്‍ കലാ മത്സരങ്ങളില്‍ കവിതാപാരായണത്തിനും ലളിതഗാനത്തിനും മല്‍സരിച്ചു സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ എല്ലാ വരികളും ഹൃദിസ്ഥമായിട്ടും ഒരു വരി കവിത പോലും ഉറക്കെച്ചൊല്ലാന്‍ ഞാന്‍ ഭയന്നു.
കവിതാരചനയില്‍ അവള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഞാനെഴുതിയ വരികളും കുറിപ്പുകളും മറ്റൊരാളെ കാണിക്കാന്‍പോലും ഭയപ്പെട്ടു. പത്താം തരത്തില്‍ പഠിക്കുമ്പോഴാണ് ഞാനെന്തെങ്കിലുമൊക്കെ എഴുതുമെന്ന് രണ്ടാമതൊരാള്‍ അറിയുന്നതുപോലും.
അങ്ങനെ എല്ലാ തരത്തിലും ഞാനൊരു useless and unwanted ആണെന്ന തോന്നലിലാണ് കുട്ടിക്കാലം കടന്നു പോകുന്നത്. അങ്ങനെ പറയുമ്പോള്‍ പോലും അന്ന് അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷം പറഞ്ഞറിയിക്കാന്‍ ആവുന്നതല്ല.
അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ഞാന്‍ ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഏറെക്കാലം ഞാന്‍ അവള്‍ക്ക് ഒരു പ്രതിയോഗി മാത്രമായിരുന്നു, അവളുടെ ഇടം കവര്‍ന്നെടുക്കാന്‍ വന്ന ഒരുവള്‍; കുറേക്കൂടി വലുതായി ചേച്ചി-അനിയത്തി വലകളില്‍ നിന്നിറങ്ങി ഒരു സൗഹൃദം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന കാലം വരെയും!
അതുകൊണ്ടു മാത്രമല്ല, ആ പ്രായത്തില്‍ ഈ കേള്‍ക്കുന്നതിന്‍റെയും ചുറ്റും നടക്കുന്നതിന്‍റെയുമൊന്നും ശരി തെറ്റുകള്‍ മനസ്സിലാക്കാനോ തിരുത്താനോ എന്നെപ്പോലെ തന്നെ അവള്‍ക്കും കഴിയുമായിരുന്നില്ല. അത്രയുമൊക്കെ ബോധം ഞങ്ങളില്‍ ഉണ്ടായപ്പോഴേക്കും കാലമേറെ നീങ്ങിപ്പോയിരുന്നു.
അതിനിടയില്‍ ഉണ്ടായ ലെഃൗമഹ മയൗലെ ഉം പങ്കു വെക്കാനോ മനസ്സിലാക്കാനോ ആരുമില്ലാത്ത അവസ്ഥയും കൂടിയായപ്പോള്‍ ഈ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടി ഭീകരമായ ഒരവസ്ഥയിലേക്കെത്തിച്ചു.
ഇതിന്‍റെ മൂര്‍ധന്യമെന്ന് പറയാവുന്ന ഒരു സംഭവം ഉണ്ടാകുന്നു; ചേച്ചി ഒരു മികച്ച വിദ്യാര്‍ത്ഥിയും മിടുക്കിയും ആയതുകൊണ്ട്, അയല്പക്കമോ അകന്ന ബന്ധുവോ മറ്റോ ആയ ഞാന്‍ അവളുടെ അനിയത്തി ആണെന്ന് നുണ പറയുകയാണെന്നുവരെ പറഞ്ഞു കളഞ്ഞു ഒരു അധ്യാപകന്‍. അന്നത്തെ ഒരു പിരീഡ് 45 മിനിറ്റ് ആണ്, പിരീഡ് തുടങ്ങി ഏതാണ്ട് 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ തുടങ്ങിയ ഹറാസ്സ്മെന്‍റ് ബെല്ലടിക്കുന്നതുവരെ തുടര്‍ന്നു.
കല്ലിച്ച കവിളുകളും ആവിപാറുന്ന കണ്ണുകളുമായി ഞാന്‍ തകര്‍ന്നു നിന്നു. ക്ലാസ് കഴിഞ്ഞു. ആരും അടുത്തു വന്നില്ല, എന്നാല്‍ സംഭവിച്ചത് ഒരു മോശം കാര്യമാണെന്ന് മനസ്സിലാക്കാനുള്ള വിവേകം ആ അധ്യാപകനില്ലെങ്കിലും ക്ലാസ്സിലെ കുട്ടികള്‍ക്കുണ്ടായിരുന്നു. എന്നെ നോക്കുന്ന കണ്ണുകളില്‍ സഹതാപവും ദയയും ഞാന്‍ കണ്ടു. ഒരാളുടെയും കണ്ണുകളില്‍ കണ്ണുടക്കാതിരിക്കാന്‍ ശ്രദ്ധിച്ച് ഞാന്‍ മേശ മേല്‍ തല വെച്ചു കിടന്നു.
ഒരിക്കലും കണ്ടിട്ടില്ലാത്ത ആരോ ഒരാള്‍ രക്ഷിക്കാനായി വരുമെന്ന ഉട്ടോപ്പ്യന്‍ സ്വപ്നത്തിലായിരുന്നു അന്നോളം ജീവിതം. ആ പ്രതീക്ഷയും അവിടെ വെച്ച് തീര്‍ന്നു.
ഇനി ജീവിക്കേണ്ടതില്ല എന്ന ശക്തമായ തോന്നല്‍, ആരുമില്ല എന്നും ആര്‍ക്കും വേണ്ട എന്നുമുള്ള ഒറ്റപ്പെടലിന്‍റെ വേദന.
മരം കൊണ്ടുള്ള മേശ വലിപ്പു പോലെ ഒരു വലിപ്പുള്ള പെട്ടിയുണ്ടായിരുന്നു ഞങ്ങള്‍ക്ക് വീട്ടില്‍. അമ്മമ്മ കളിക്കാനായി തന്ന ഒരു ഉരുണ്ട താക്കോല്‍ കൂട്ടം, കനകാമ്പര നിറവും നീല കളര്‍ന്ന പച്ചനിറവും ചേര്‍ന്ന, അകത്ത് വെള്ളം നിറഞ്ഞ ഒരു ഗ്ലോബ്, ആ പെട്ടിയില്‍ ഉണ്ടെന്ന് എനിക്കോര്‍മ്മ വന്നു.
കുട്ടിക്കാലത്തു അതുപയോഗിച്ച് കളിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അതിനകത്ത് വിഷമാണെന്നും അമ്മമ്മ പറഞ്ഞതും ഓര്‍മ്മയിലുണ്ടായിരുന്നു.
വളരെ പാടുപെട്ട് ഞാനാ ഗ്ലോബ് പൊട്ടിച്ചു, അതിനകത്തുള്ള വെള്ളം കുടിച്ചു. രാത്രി പതിവു പോലെ ഉറങ്ങാന്‍ കിടന്നു; ഇനിയൊരിക്കലും ഞാനുണരില്ല എന്നും മരണത്തിലേക്ക് പോവുകയാണെന്നുമുള്ള ഉറപ്പോടെ. പിറ്റേന്ന് ഉണര്‍ന്നു, എല്ലാം പഴയതുപോലെ. എനിക്ക് അമ്മമ്മയോട് ചോദിക്കണമെന്നുണ്ട്, അതില്‍ വിഷം തന്നെയായിരുന്നില്ലേ, എന്തിനു എന്നോട് കള്ളം പറഞ്ഞു എന്നൊക്കെ. അതാണ്, ഇതാ ഈ നിമിഷം വരെയും ആരുമറിയാതെപോയ എന്‍റെ ജീവിതത്തിലെ ആദ്യത്തെ ആത്മഹത്യാശ്രമം.
പതിയെപ്പതിയെ ഞാന്‍ ഒറ്റയാവാന്‍ ഇഷ്ടപ്പെട്ടു. ആകെ ഉപയോഗിച്ചിരുന്ന അലങ്കാരമായ പൊട്ടു പോലും ഉപേക്ഷിച്ചു. മുടി കോതാതെയായി. ആരും എന്നെ കാണാതിരിക്കട്ടെ എന്നു മാറി നടന്നു. മണ്ണിന്‍റെയും വേരിന്‍റെയും രാത്രിയുടെയും വെണ്ണീറിന്‍റെയും നിറങ്ങള്‍ മാത്രം ഉപയോഗിച്ചു.
‘ഞാന്‍ ലാസ്റ്റ്, അല്ല ലോസ്റ്റ്!’ എന്ന് കോവിലന്‍റെ കഥാപാത്രം പറയുന്നത് കേള്‍ക്കുമ്പോള്‍ എന്‍റെ നെഞ്ചു നീറി. മനുഷ്യരില്‍ നിന്നകന്ന് അക്ഷരങ്ങളിലേക്ക് കൂപ്പുകുത്തി. കണ്ണുകള്‍ സദാ പുകഞ്ഞും വരണ്ടും പിടച്ചുകൊണ്ടിരുന്നു.
ആരും ചോദിച്ചില്ല, എന്താണ് നിന്‍റെ സങ്കടമെന്ന്. ഒരാളും ചേര്‍ത്തു പിടിച്ചില്ല. ആദ്യമായി ഒരു നല്ല വാക്ക് കേള്‍ക്കുന്നത് എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ടീച്ചറായ പ്രമോദിനി ടീച്ചറില്‍ നിന്നാണ്, പത്താം തരത്തില്‍ പഠിക്കുമ്പോള്‍.
അതിനിടയില്‍ എപ്പോഴോ ആണ് വര്‍ഷങ്ങളായി തുടരുന്ന തലവേദനയുടെ ചികില്‍സക്കായി ഡോക്ടറെ കാണുന്നതും ഡോക്ടര്‍ സൈക്യട്രിസ്റ്റിനെ കാണാന്‍ നിര്‍ദ്ദേശിക്കുന്നതും. വിഷാദം അപ്പോഴേക്കും ആഴത്തില്‍ വേരു പിടിച്ചു കഴിഞ്ഞിരുന്നു.
അത് അവിടെത്തീരുന്നില്ല. ജീവിതം മുഴുവന്‍ ഇവിടെ പറഞ്ഞു വെക്കാന്‍ കഴിയില്ലല്ലോ!
പോകെപ്പോകെ ആ വേദനകളോട് പ്രണയമായി, മറ്റെന്തിനേക്കാളും! വിഷാദത്തിന്‍റെ ലഹരിയ്ക്ക് കീഴ്പ്പെടുകയാണെന്നു തിരിച്ചറിഞ്ഞു പലപ്പൊഴും ചികിത്സ നേടിയിട്ടും തിരികെ വന്നിട്ടുമുണ്ട്. എന്നാല്‍ എത്ര ചികില്‍സിച്ചാലും മാറാത്ത ചിലതുണ്ട്, ആഴത്തില്‍ വേരു പിടിച്ച ആത്മവിശ്വാസക്കുറവ്, ജീവിതത്തോടുള്ള സ്നേഹമില്ലായ്മ, റിലേഷന്‍സിനെക്കുറിച്ചും ആളുകളോട് അടുക്കാനുമുള്ള പേടി, ഒറ്റപ്പെടല്‍, ഇടക്കിടെ ആ വിഷാദത്തണുപ്പിലേക്ക് തിരികെപ്പോകാനുള്ള വ്യഗ്രത അങ്ങനെ പലതും.
അന്നത്തെ എന്നെ ഇന്നോര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും കണ്ണു നിറയും, കെട്ടിപ്പിടിക്കാന്‍ തോന്നും. വെറുതെ, കുട്ടീ എന്നു വിളിച്ചു ഒന്നു ചേര്‍ത്തു നിര്‍ത്താന്‍ കൊതിക്കും. അതുപോലെ മുഖമുള്ള കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. എല്ലാ കുഞ്ഞുങ്ങള്‍ക്കും പറയാനും കേള്‍ക്കാനും ചേര്‍ത്തു പിടിക്കാനും ആരെങ്കിലുമുണ്ടാവട്ടെ എന്നു ഉള്ളുരുകും.
ഇന്നും സ്ഥിരമായി ഇത്തരം കുത്തുവാക്കുകളും പരിഹാസങ്ങളും കേള്‍ക്കാറുണ്ട്. എന്നാല്‍ അവയെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാന്‍ ഇന്ന് കഴിയുന്നുണ്ട്. അപ്പോഴും സന്തോഷത്തോടെയും ഊര്‍ജ്ജത്തോടെയും കൂട്ടുകൂടിയും ജീവിക്കേണ്ട നിരവധി വര്‍ഷങ്ങളാണ് ഇല്ലാതായത് എന്ന യാഥാര്‍ഥ്യം ഇന്നത്തെ എനിയ്ക്ക് പിറകിലുണ്ട്, ആ ഇല്ലായ്മകളും ഒറ്റപ്പെടലുകളുമാണ് സങ്കടങ്ങളെ സ്നേഹിക്കുന്ന പ്രകൃതം എനിക്കു തന്നതും. മുപ്പതുകള്‍ ആവേണ്ടി വന്നു ഞാന്‍ മോശമല്ല എന്ന തോന്നല്‍ ഉണ്ടാവാന്‍. സത്യത്തില്‍ ജീവിതത്തെ ആകെ ഉലച്ചു കടന്നു പോയ ഒരു കാലമാണ് എനിക്കാ ബോധം നല്‍കിയത് എന്നത് വിധി വൈപരീത്യമാവാം ചിലപ്പോള്‍.
ഇന്ന്, മറ്റു പലരും കുഞ്ഞുങ്ങളോട് ഇവ്വിധം സംസാരിക്കുന്നത് കാണുമ്പോള്‍ ഇടപെടാറുണ്ട്, ദയവായി കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി കാണൂ, നിറത്തിന്‍റെ, ആണ്‍-പെണ്‍ വ്യത്യാസത്തിന്‍റെ, ശാരീരികമായ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ അവരോട് വിവേചനം കാണിക്കാതിരിക്കൂ. നീ ഒരു ശരീരം മാത്രമാണ് എന്നും, നിന്‍റെ നിറവും സൗന്ദര്യവുമാണ് നിന്നെ നിര്‍ണ്ണയിക്കുന്നതെന്നുമുള്ള തോന്നല്‍ അവരില്‍ അടിച്ചേല്പിയ്ക്കാതിരിക്കൂ. നമ്മുടെ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിക്കൂ, നീ എങ്ങനെ ആയിരുന്നാലും ആ അവസ്ഥയില്‍ valuable ആണെന്നും പ്രിയപ്പെട്ടവള്‍/ന്‍ ആണെന്നും അവരോട് പറയൂ.
ബിനു ആനമങ്ങാട്
എഴുത്തുകാരിയും പ്രസാധകയും
(ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക)
കുടുംബശ്രീ സംസ്ഥാന മിഷനില്‍ എന്‍.യു.എല്‍.എം. പദ്ധതിയുടെ മിഷന്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു
COMMENTS