Homeചർച്ചാവിഷയം

അദ്ധ്യാപകര്‍ക്ക് എന്തിനാണ് ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ട്രെയിനിങ്?

രു ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുന്നതിന് ആവശ്യമായ മനോഭാവങ്ങളും ധാരണകളും നിലപാടുകളും തിരിച്ചറിവുകളും ആര്‍ജിച്ചെടുക്കേണ്ട പ്രാഥമിക കേന്ദ്രങ്ങളാണ് വിദ്യാലയങ്ങള്‍. ജനാധിപത്യ സാമൂഹ്യജീവിതത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് കൂടി വേണ്ടിയാവണം പാഠ്യപദ്ധതി രൂപകല്പന ചെയ്യേണ്ടത് .ഒപ്പം തുല്യനീതി, അവസരസമത്വം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള സവിശേഷ പരിഗണന, ജനാധിപത്യം, മതേതരത്വം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്നതുമാവണം പാഠ്യപദ്ധതി. ജനാധിപത്യത്തെ ഒരു രാഷ്ട്രീയദര്‍ശനം എന്നതിലുപരി ഒരു ജീവിത ദര്‍ശനമായി സ്വാംശീകരിക്കുകയും അതിനനുസരിച്ച് ജീവിക്കാനുള്ള സന്നദ്ധതയും ശേഷികളുമുള്ള പൗരന്മാരാക്കി കുട്ടികളെ മാറ്റുന്നതിന് പര്യാപ്തവുമായ പാഠ്യപദ്ധതിയാണ് ജനാധിപത്യ പാഠ്യപദ്ധതി. ഇത്തരം ജനാധിപത്യ പാഠ്യ പദ്ധതിക്ക് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ വിദ്യാലയങ്ങളിലെ ക്ലാസ് മുറികളില്‍ നിന്ന് വിവേചനരഹിതമായ പരിഗണന എല്ലാ കുട്ടികള്‍ക്കും ലഭിക്കണം. അത് ഉറപ്പാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടത് അധ്യാപകരാണ്. അത് സാധ്യമാകണമെങ്കില്‍ അധ്യാപകര്‍ക്ക് ഭരണഘടനയോടും അത് ഉയര്‍ത്തുന്ന മൂല്യങ്ങളോടും അചഞ്ചലമായ കൂറും വിശ്വാസവും ഉണ്ടാവണം. ഒപ്പം ഉയര്‍ന്ന സാമൂഹിക ബോധവും മാനവികതയുമുണ്ടാവണം.മതം ,ജാതി , വര്‍ണം ,ലിംഗം , തുടങ്ങിയ പരിഗണനകള്‍ അധ്യാപകരെ തീണ്ടരുത് . ഇപ്പറഞ്ഞവയിന്മേലുള്ള പരിഗണനകളും വിവേചനങ്ങളും നമ്മുടെ വിദ്യാലയാന്തരീക്ഷത്തെ ബാധിച്ചിട്ടില്ല എന്ന് പറയുന്നത് വലിയൊരു കളവായിരിക്കും. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറന്തള്ളപ്പെട്ട ലിംഗനീതി എന്ന ആശയം വിദ്യാലയ അന്തരീക്ഷത്തില്‍ എങ്ങനെ പ്രത്യക്ഷത്തില്‍ തന്നെ നിഷേധിക്കപ്പെടുന്നു എന്നും അതിന് വളം വച്ചു കൊടുക്കുന്നവരായി അധ്യാപകര്‍ മാറുന്നതെങ്ങനെയെന്നുമാണ് ഇവിടെ പരിശോധിക്കുന്നത് .
നിലവിലെ അധ്യാപക സമൂഹത്തിന്‍റെ ധാരണകളും നിലപാടുകളും
1 . ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ കുട്ടികളില്‍ എത്തിക്കേണ്ടവരാണ് തങ്ങള്‍ എന്ന ബോധ്യം ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും ഇല്ല.
2 . ഭരണഘടനയും ജനാധിപത്യവുമെല്ലാം സോഷ്യല്‍സയന്‍സ് / പൊളിറ്റിക്സ് – പഠിപ്പിക്കുന്ന അധ്യാപകരുടെ മേഖലകള്‍ ആണെന്നാണ് നല്ലൊരു ശതമാനം അധ്യാപകരും കരുതുന്നത്.
3 . പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങള്‍ കുട്ടികളില്‍ എത്തിക്കുന്നതോടൊപ്പം ദശാബ്ദങ്ങളായി തങ്ങള്‍ പേറി നടക്കുന്ന അളിഞ്ഞ സദാചാരമൂല്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുക എന്നതും തങ്ങളുടെ സുപ്രധാന ചുമതലയാണെന്ന് ബഹുഭൂരിപക്ഷം അധ്യാപകരും കരുതുന്നു.
4. ശാസ്ത്രം പഠിക്കുന്നത് മാര്‍ക്ക് കിട്ടാനും ജോലി കിട്ടാനുമാണെന്ന് ധരിച്ച ഒരു വിഭാഗം ശാസ്ത്ര അധ്യാപകര്‍ അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും ജീവിത മൂല്യങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്നത് തങ്ങളുടെ മൗലികാവകാശം ആണെന്ന് കരുതുന്നു.
5. ഭരണഘടന ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണാനുകൂല്യം കാലഹരണപ്പെട്ടതും അടിയന്തരമായി നിര്‍ത്തലാക്കേണ്ടതുമാണെന്നാണ് നല്ലൊരു ശതമാനം അധ്യാപകരുടെയും ധാരണ.
6. ആദിവാസി ദളിത് വിഭാഗങ്ങളിലെ കുട്ടികള്‍ സ്കോളര്‍ഷിപ്പിനായി മാത്രമാണ് സ്കൂളുകളില്‍ എത്തുന്നത് എന്ന സവര്‍ണ ബോധ്യങ്ങള്‍ പല അധ്യാപകരെയും ഭരിക്കുന്നു.
7. കുടുംബവും മതവും സമൂഹവും ഊട്ടി വളര്‍ത്തുന്ന പാട്രിയാര്‍ക്കല്‍ ബോധ്യങ്ങളാണ് ബഹുഭൂരിപക്ഷം അധ്യാപകരെയും നയിക്കുന്നത് .
8 . ആണും പെണ്ണും മാത്രമല്ല ട്രാന്‍സ് വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് സമൂഹമെന്നൊ ജനാധിപത്യവിദ്യാഭ്യാസ മെന്നൊ ഉള്ള സാമാന്യ ധാരണ പോലും ഇല്ലാത്തവരാണ് ബഹുഭൂരിപക്ഷം അധ്യാപകരും .
മേല്‍പ്പറഞ്ഞ ധാരണകളും നിലപാടുകളും ഒരു ജനാധിപത്യ പരിഷ്കൃത സമൂഹത്തിലെ അധ്യാപകര്‍ക്ക് ഉണ്ടാകുന്നത് അത്യന്തം അപകടകരമായതിനാല്‍ അവ പരിഹരിക്കുന്നതിനാവശ്യമായ അധ്യാപക പരിശീലനങ്ങളും തുടര്‍ പരിശീലനങ്ങളും ഉണ്ടാകേണ്ടതാണ് .
ആണധികാര മൂല്യങ്ങള്‍ ഒരു സാമൂഹ്യ നിര്‍മിതി ആയിരിക്കുന്നത് കൊണ്ട് തന്നെ അതിനെ സാമൂഹികമായി മാത്രമേ നേരിടാനും തകര്‍ക്കാനും കഴിയൂ. അതിനുതകുന്ന ഏറ്റവും മികച്ച സാമൂഹിക സ്ഥാപനമെന്ന നിലയ്ക്ക് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ തന്നെ നടക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 വിഭാവനം ചെയ്യുന്ന ലിംഗസമത്വം യാഥാര്‍ഥ്യമാവണമെങ്കില്‍ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും ബോധന രീതികളിലും മാത്രമല്ല ഇവ കുട്ടികളിലേക്കെത്തിക്കുന്ന അധ്യാപകരിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ സമൂഹം നിഷ്കര്‍ഷിക്കുന്ന ആണധികാര സദാചാര നിയമങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു നടപ്പാക്കുന്നവരാണ് നല്ലൊരു ശതമാനം അധ്യാപകരും.
ജ്ഞാന വിനിമയത്തിലെ പ്രധാന കണ്ണി എന്ന നിലയിലും പഠനത്തിലും ഉന്നമനത്തിലും സ്വഭാവരൂപീകരണത്തിലും തുടങ്ങി കുട്ടികളുടെ സര്‍വതോന്മുഖമായ വികാസത്തിലും മുഖ്യപങ്കുവഹിക്കുന്നവര്‍ എന്ന നിലയിലും അധ്യാപകര്‍ ആണ്‍ മേധാവിത്വ പ്രവണതകള്‍ക്ക് ഒരുതരത്തിലും വിധേയപ്പെടുന്നവരാകരുത്. പക്ഷെ കുടുംബത്തിലും സമൂഹത്തിലും പിടിമുറുക്കിയിരിക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയിലൂടെ കടന്നുവരുന്നവര്‍ എന്ന നിലയ്ക്ക് ചിന്തയിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം പാട്രിയാര്‍ക്കിയുടെ സ്വാധീനമുള്ള വിഭാഗം തന്നെയാണ് അധ്യാപകരും. ഭരണഘടന യോടും പഠിച്ച ബോധനശാസ്ത്രത്തോടും തൊഴില്‍ ധാര്‍മികതയോടും ഉള്ളതിനേക്കാള്‍ കൂറും വിശ്വാസവും അധ്യാപക സമൂഹം അറിഞ്ഞോ അറിയാതെയോ വ്യവസ്ഥയോട് പുലര്‍ത്തുന്നുണ്ട്.പാട്രിയാര്‍ക്കിയുടെ അലിഖിത നിയമങ്ങളാണ് വിദ്യാലയങ്ങളിലും നടപ്പിലാക്കി വരുന്നത്. ആണും പെണ്ണും എന്ന വേര്‍തിരിവ് കുടുംബത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയാലും ഇല്ലെങ്കിലും അതൊരു യാഥാര്‍ത്ഥ്യമായി കുട്ടികള്‍ അറിഞ്ഞു തുടങ്ങുന്നത് സ്കൂളുകളില്‍ എത്തുന്നതോടുകൂടിയാണ്. ക്ലാസ് റൂമുകളിലെ ഇരിപ്പ് , യൂണിഫോം , കളിസ്ഥലങ്ങളിലെ വേര്‍തിരിവ് , അസംബ്ലിയിലെ നില്‍പ്പ് , ഹാജര്‍ ബുക്കിലെ തരംതിരിവ് , ചില സ്കൂളുകളിലെങ്കിലും സ്കൂള്‍ ഡയറികളില്‍ നല്‍കിയിരിക്കുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമുള്ള പ്രത്യേകം പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ എന്നിവയിലൂടെ കുട്ടികളിലെ ആണ്‍-പെണ്‍ ബോധ്യങ്ങളില്‍ മേല്‍ കീഴ് നില നിശ്ചയിച്ചുറപ്പിക്ക പ്പെടുന്നുണ്ട്.
തൊഴില്‍ ധാര്‍മികത അനുസരിച്ച് ജാതി, മതം, വര്‍ഗം, വര്‍ണം, സാമ്പത്തികനില, ഭാഷ , ലിംഗം, ജന്മസ്ഥലം എന്നീ പരിഗണനകളില്ലാതെ നീതി , പക്ഷപാത രഹിത്യം എന്നീ മൂല്യങ്ങളെ ബഹുമാനിക്കുന്ന ആളാകണം അധ്യാപകന്‍ എന്നുണ്ട്. മേല്‍പ്പറഞ്ഞ പരിഗണനകളില്‍ വിദ്യാലയാന്തരീക്ഷത്തെ കൃത്യമായി വിഭജിക്കുന്നത് ലിംഗ പരിഗണനകളാണെന്ന് കാണാം. ക്ലാസ് റൂമുകളില്‍ കുട്ടികളെ രണ്ടു വശങ്ങളിലായി തരംതിരിച്ച് ഇരുത്തുന്നതില്‍ തുടങ്ങി കളിസ്ഥലങ്ങളിലും ഭക്ഷണം കഴിക്കുന്നിടത്തും അസംബ്ലിയിലും ഇന്‍റര്‍വെല്‍ സമയത്തും സ്കൂള്‍ വിട്ടു പുറത്തു പോകുമ്പോഴുമൊക്കെ കൃത്യമായി ലിംഗം തിരിച്ച് ഇടങ്ങള്‍ നിശ്ചയിച്ച് നല്‍കുന്നുണ്ട് .ഹാജര്‍ ബുക്കില്‍ അക്ഷരമാലാക്രമത്തില്‍ ആണ്‍കുട്ടികളുടെ പേര് എഴുതിയതിനു ശേഷം മാത്രം പെണ്‍കുട്ടികളുടെ പേര് എഴുതുന്ന രീതി കോടതി ഉത്തരവനുസരിച്ച് റദ്ദാക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ബഹുഭൂരിപക്ഷം സ്കൂളുകളിലും പഴയ ‘ആചാരം’ തുടരുന്നതായി കാണാം .അഡ്മിഷന്‍ രജിസ്റ്ററിലും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിലും രക്ഷ കര്‍ത്താവായി പിതാവിന്‍റെ പേര് മാത്രം എഴുതുന്ന രീതിയും ആചാരബദ്ധമെന്നേ പറയാന്‍ കഴിയൂ . അങ്ങനെ എഴുതാനായി പ്രത്യേകിച്ച് സര്‍ക്കാര്‍ ഓര്‍ഡര്‍ ഉള്ളതായി അറിയില്ല. സര്‍ക്കാര്‍ ഓര്‍ഡര്‍ ഇല്ലെങ്കിലും പാട്രിയാര്‍ക്കിയുടെ ഓര്‍ഡര്‍ ശക്തവും അലംഘനീയവുമാണെന്നാണ് ഇക്കാര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. സ്കൂളുകളിലെ അച്ചടക്കവും ആഭിജാത്യവും സദാചാരപരതയും കൊട്ടിക്കേറുന്നത് സ്കൂള്‍ യൂണിഫോമുകളിലാണെന്ന് കാണാം. സ്കൂള്‍ യൂണിഫോമിന്‍റെ കളറും വേഷരീതിയും മാത്രമല്ല തയ്പ്പിക്കുന്ന രീതിയും കോട്ട് വേണമോ വേണ്ടയോ എന്നതും ചുരിദാറിന്‍റെ കയ്യുടെ ഇറക്കം , സ്ലിറ്റിന്‍റെ നീളം തുടങ്ങി സൂക്ഷ്മാംശങ്ങളി ലെല്ലാം സ്കൂളിന്‍റെ ഡിസിപ്ലിന്‍ കമ്മിറ്റി തീരുമാനമെടുത്തു നടപ്പിലാക്കും . കുട്ടികളുടെ സ്വകാര്യത മാനിച്ച് സ്കൂളില്‍ വച്ച് തന്നെ പരിഹരിക്കാവുന്ന വിഷയങ്ങളെ ലോകം മുഴുവന്‍ അറിയിച്ച് ഭൂകമ്പമാക്കി മാറ്റിയാണ് പ്രൈവറ്റ് മാനേജ്മെന്‍റ് സ്കൂളുകള്‍ തങ്ങളുടെ അന്തസ്സും ആഭിജാത്യവും നിലനിര്‍ത്തുന്നത് . പല സ്കൂളുകളും കുട്ടികള്‍ക്കായി നല്‍കുന്ന സ്കൂള്‍ ഡയറിയിലെ നിയമാവലികളും നിര്‍ദേശങ്ങളും വായിച്ചാല്‍ അത് സ്കൂള്‍ ഡയറിയാണോ അതോ , ജയില്‍ പുള്ളികള്‍ക്കായുള്ള ജയില്‍ ഡയറി ആണോ എന്ന സംശയം ആര്‍ക്കും ഉണ്ടാവും . ചില സ്കൂളുകളിലെങ്കിലും അധ്യാപകര്‍ക്കായി ആണ്‍-പെണ്‍ സ്റ്റാഫ് റൂമുകള്‍ വെവ്വേറെ തന്നെയുണ്ട്. അധ്യാപകര്‍ ശാസ്ത്രത്തോടും ഭരണഘടനയോടും ജനാധിപത്യ സങ്കല്പങ്ങളോടും പ്രൊഫഷണല്‍ എത്തിക്സിനോടും ഉള്ളതിനേക്കാള്‍ കൂറും വിശ്വാസവും തങ്ങളുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നല്‍കുന്നത് കാര്യങ്ങളെ കൂടുതല്‍ ഗുരുതരമാക്കി മാറ്റും.
കേരളത്തിലെ അധ്യാപക സമൂഹത്തില്‍ 70 ശതമാനവും സ്ത്രീകള്‍ ആണെന്നിരിക്കെ നമ്മുടെ സ്റ്റാഫ് റൂമുകള്‍ എത്രത്തോളം സ്ത്രീ സൗഹാര്‍ദ്ദപരമാണ് എന്ന കാര്യവും ചര്‍ച്ച ചെയ്യേണ്ടതാണ്. സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ത്രീവിരുദ്ധ പ്രവണതകളുടെ ചെറിയ സങ്കേതങ്ങളാണ് ബഹുഭൂരിപക്ഷം സ്റ്റാഫ് റൂമുകളും. ജന്‍ഡര്‍ സെന്‍സിറ്റീവായി ചിന്തിക്കുന്ന അധ്യാപകര്‍ മിക്കപ്പോഴും ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയും നിലവിലുണ്ട്. സ്ത്രീവിരുദ്ധത എന്താണെന്ന് തന്നെ അറിയാത്തവര്‍ പറയുന്ന സ്ത്രീവിരുദ്ധമായ തമാശകളും പരിഹാസങ്ങളും ആഘോഷമാക്കുന്ന ഇടങ്ങളായി അവ മാറി പ്പോകുന്നുണ്ട് .ഇത്തരം പ്രവണതകളെ തിരിച്ചറിഞ്ഞ് പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട അധ്യാപികമാര്‍ പോലും നിശ്ശബ്ദത പാലിക്കുകയോ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയോ ചെയ്യുകയാണ് പതിവ്. അധ്യാപകരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ നുരഞ്ഞു പൊന്തുന്ന സ്ത്രീവിരുദ്ധ പോസ്റ്റുകളും അവയ്ക്ക് കിട്ടുന്ന നിറഞ്ഞ സ്വീകാര്യതയും ആശങ്കയുണ്ടാക്കുന്നതാണ് .സ്ത്രീവിരുദ്ധത , ബോഡി ഷെയ്മിങ് , ട്രാന്‍സ് വിരുദ്ധത എന്നിവ തിരിച്ചറിയാന്‍ പോലും കഴിയാത്തവരായി നല്ലൊരു വിഭാഗം അധ്യാപകര്‍ മാറുന്നു എന്നത് വലിയ നിരാശ ഉണ്ടാക്കുന്നുണ്ട് . സ്ഥാപനമേധാവികളായി സ്ത്രീകള്‍ വരുന്ന സ്ഥാപനങ്ങളില്‍ എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചാല്‍ കൃത്യസമയത്ത് തന്നെ , അത് മേധാവി സ്ത്രീയായതുകൊണ്ടാണെന്ന പൊതുബോധം വണ്ടി വിളിച്ച് പാഞ്ഞു വരുന്നത് കാണാം . സംഗതി തിരിച്ചാണെങ്കില്‍ വിദ്യാലയാന്തരീക്ഷത്തില്‍ ഇതൊക്കെ സ്വാഭാവികം എന്ന് പറഞ്ഞ് പൊതുബോധം പൊത്തിലൊളിക്കും . ഒരു വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച് ഒരു അധ്യാപകന്‍ പറഞ്ഞ പരാതി ‘അവിടെ പെണ്‍ഭരണമാണ് ‘എന്നത്രെ! ഭരിക്കേണ്ട ഇടങ്ങളില്‍ പെണ്ണുങ്ങളിരുന്നാല്‍ ചൊറിച്ചില്‍ വരുന്നവരോട് മാറിയിരുന്ന് ചൊറിയാന്‍ പറയാനേ തല്‍ക്കാലം നിവൃത്തിയുള്ളൂ. കേരളത്തിലെ അധ്യാപികമാര്‍ സാരി ധരിച്ച് മാത്രം സ്ഥാപനങ്ങളില്‍ എത്തിയിരുന്ന കാലത്ത് വേഷത്തില്‍ പരിഷ്കരണം വരുത്തിയ അധ്യാപികമാര്‍ കേട്ട സദാചാരപ്പഴികള്‍ക്ക് കണക്കില്ല .സ്ത്രീകളുടെ വസ്ത്രധാരണം അവരുടെ സ്വാതന്ത്ര്യവും സൗകര്യവും ആണെങ്കിലും അതില്‍ തീരുമാനമെടുക്കാനുള്ള കുത്തക തങ്ങള്‍ക്കാണെന്ന ആണ്‍ ബോധ്യങ്ങള്‍ക്ക് തല്‍ക്കാലം താടിക്ക് കൈയ്യും കുത്തിയിരിക്കാനേ പറ്റൂ.
സ്ത്രീകളെക്കുറിച്ചുള്ള ഒട്ടുമിക്ക നിയമങ്ങളും ചര്‍ച്ച ചെയ്യുന്ന നമ്മുടെ വിദ്യാലയങ്ങളില്‍ 2013 ല്‍ പുറത്തിറങ്ങിയ The Sexual Harassment of Women at Workplace ( Prevention , Prohibition and Redressal ) Act നെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലെന്നതില്‍ ഒട്ടും അതിശയിക്കേണ്ട കാര്യമില്ല. .പത്തോ അതില്‍കൂടുതലോ സ്ത്രീകള്‍ തൊഴിലെടുക്കുന്ന എല്ലാ സ്ഥാപനങ്ങളിലും lnternal Complaints Committee (ICC) രൂപീകരിക്കാനായി നമുക്കിനിയും എത്രയോ നൂറ്റാണ്ട് ബാക്കിയുണ്ട്!
ആണ്‍, പെണ്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍ ആണിനെയും പെണ്ണിനെയും മാത്രമേ വിവേചനങ്ങളോടെ അഭിസംബോധന ചെയ്യാന്‍ നമ്മുടെ വിദ്യാഭ്യാസത്തിനായിട്ടുളളു. ട്രാന്‍സ് വിഭാഗങ്ങളെ മനസ്സിലാക്കുന്നതിനോ അവര്‍ കൂടി ഉള്‍പ്പെടുന്നതാവണം നമ്മുടെ വിദ്യാഭ്യാസമെന്ന് തിരിച്ചറിയുന്നതിനോ നമ്മുടെ അധ്യാപക സമൂഹത്തിന് കഴിഞ്ഞിട്ടില്ല. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗമായി ഉണ്ടായിട്ടുമില്ല. അതുകൊണ്ട് ട്രാന്‍സ് വിഭാഗങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന പരിഷ്കരിച്ച പാഠ്യപദ്ധതി ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അടിസ്ഥാനപരമായി തന്‍റെ ജന്‍ഡര്‍ എന്താണെന്ന് തീരുമാനിക്കുന്നത് ആ വ്യക്തി തന്നെ ആണെന്നിരിക്കെ നമ്മുടെ സ്കൂള്‍ / ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ട്രാന്‍സ് വിഭാഗത്തില്‍പ്പെടുന്ന ഒരു കുട്ടി തന്‍റെ ജെന്‍ഡര്‍ വെളിപ്പെടുത്തി അഡ്മിഷന്‍ എടുത്താല്‍ സിസ് ജെന്‍ഡറിനകത്ത് (ആണ്‍/പെണ്‍) മാത്രം കുടുങ്ങിക്കിടക്കുന്ന അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് ആ കുട്ടി നേരിടേണ്ടിവരുന്ന മാനസിക പ്രയാസങ്ങള്‍ എത്രയാണെന്ന് ഊഹിക്കാന്‍ പോലുമാവില്ല. സമൂഹം ഓരോ ജെന്‍ഡറിനും കല്‍പ്പിച്ചു കൊടുത്ത സദാചാര പാഠങ്ങളാണ് അവര്‍ക്കിടയില്‍ അസമത്വം സൃഷ്ടിക്കുന്നത്. കുടുംബവും മതവും സമൂഹവും പഠിപ്പിച്ചു വിടുന്ന സദാചാര പാഠങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന സാമൂഹ്യസ്ഥാപനങ്ങളല്ല സ്കൂളുകളെന്ന് കുറഞ്ഞപക്ഷം അധ്യാപകര്‍ എങ്കിലും മനസ്സിലാക്കണം. ആ മനസ്സിലാക്കല്‍ പ്രക്രിയ സ്വയമേവ സംഭവിക്കില്ല എന്നതുകൊണ്ട് കൃത്യമായ പരിശീലനവും ഫലപരിശോധനയും വേണം . ജെന്‍ഡര്‍ എന്നത് ആണും പെണ്ണും മാത്രമല്ലെന്നും ഈ രണ്ടു വിഭാഗത്തിന്‍റെയും സൗന്ദര്യത്തെക്കൂടി ആവാഹിക്കുന്ന മറ്റൊരു വലിയ വിഭാഗത്തെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു സ്പെക്ട്രമാണെന്നും ഇതുവരെ തിരിയാത്ത അധ്യാപകരുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം വിദ്യാഭ്യാസവകുപ്പിനുണ്ട്. എല്ലാ ലിംഗ വിഭാഗങ്ങള്‍ക്കും തുല്യനീതി എന്നതാണ് ജനാധിപത്യ സര്‍ക്കാരുകളുടെ പൊതുനയം. അതുകൊണ്ടുതന്നെ ലിംഗനീതിയെയും ലിംഗ സമത്വത്തെയും കുറിച്ചുള്ള മാറിയ ബോധ്യങ്ങള്‍ അധ്യാപകരിലും കുട്ടികളിലും പൊതുസമൂഹത്തിലും എത്തേണ്ടതുണ്ട്. ലിംഗനീതി ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന്‍റെ മുഖമുദ്രയാണെന്നിരിക്കെ അത് സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാന്‍ ഇനിയും വൈകരുത്. പുരോഗമന ആശയങ്ങള്‍ പിന്തുടരുന്ന പല രാജ്യങ്ങളിലും ജെന്‍ഡര്‍ പ്രൈമറി തലം മുതല്‍ പഠനവിഷയമാണ് എന്നുള്ള കാര്യം നമുക്ക് മാതൃകയാകേണ്ടതുണ്ട്.
ആണ്‍കുട്ടി എങ്ങനെ ആയിരിക്കണം , പെണ്‍കുട്ടി എങ്ങനെ ആയിരിക്കണം എന്നുള്ള സദാചാര ക്ലാസുകള്‍ സിലബസിന് പുറത്തുള്ളതാണെങ്കിലും അത്തരം ക്ലാസ്സെടുക്കുന്നതിനായി പ്രത്യേകിച്ച് പ്രതിഫലമൊന്നും ലഭിക്കുന്നില്ല എങ്കിലും നല്ലൊരു ശതമാനം അധ്യാപകരും അത്തരം പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ അതീവ തല്പരരാണ് . പഠന പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെ സര്‍വതോന്മുഖമായ വളര്‍ച്ചയിലും കാര്യമായ ശ്രദ്ധ പുലര്‍ത്താത്തവര്‍ പോലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി സദാചാര പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതില്‍ അതീവ ശ്രദ്ധവച്ചു പുലര്‍ത്താറുണ്ട്. ആണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ അത്രതന്നെ ആശങ്ക പ്പെടാത്തവര്‍ പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് അത്യന്തം ആശങ്കാകുലരാണ്. പി.ഇ.ടി. ക്ലാസ് സമയം ആണ്‍കുട്ടികള്‍ കായിക വിനോദത്തിനായി ഉപയോഗിക്കുമ്പോള്‍ മിക്ക സ്കൂളുകളിലും പെണ്‍കുട്ടികള്‍ ക്ലാസ് റൂമുകളില്‍ തന്നെ ഒതുങ്ങി ക്കൂടാന്‍ നിര്‍ബന്ധിതരാകുന്നു.
അടക്കവും ഒതുക്കവും വിധേയത്വവും വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്കൂളുകളില്‍ നിന്നും പരിശീലിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കായി നടത്തപ്പെടുന്ന കരാട്ടെ , തായ്കൊണ്ട തുടങ്ങിയ ആയോധന കലാ പരിശീലനങ്ങള്‍ പോലും അവരില്‍ പ്രതിരോധത്തിന്‍റെ ഊര്‍ജ്ജം നിറയ്ക്കണമെന്നില്ല. തുല്യത എന്ന സങ്കല്പത്തെ കുറിച്ച്, ലിംഗനീതിയെക്കുറിച്ച് ,സാമാന്യ ധാരണ പോലുമില്ലാത്ത അധ്യാപകര്‍ക്ക് അവ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാനാവില്ല . അരുതുകളുടെ , വിലക്കുകളുടെ രുചി അറിഞ്ഞിട്ടില്ലാത്ത ആണ്‍കുട്ടികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ എപ്പോഴെങ്കിലും നിരസിക്കപ്പെടുമ്പോള്‍ അന്യ ജീവനപഹരിക്കാന്‍ പോലും കൂസലില്ലാത്തവരായി മാറുന്നത് വലിയ വിപത്തിന്‍റെ സൂചനയാണ്. അത്തരക്കാരെ ന്യായീകരിക്കാനും അവര്‍ ചെയ്യുന്ന ക്രൂരതകളെ നിസ്സാരവല്‍ക്കരിക്കാനും പൊതുസമൂഹത്തില്‍ നിന്നെന്ന പോലെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാകുന്നത് നാം എത്തിച്ചേര്‍ന്നിരിക്കുന്ന ദുരന്ത മുഖത്തെ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട് . ഭാവി സമൂഹം ക്ലാസ് മുറികളിലാ ണെന്ന് പ്രസംഗിക്കുകയും വര്‍ത്തമാനകാലത്തില്‍ ഇരുന്നുകൊണ്ട് ഭാവി സമൂഹമാകേണ്ടവരെ വ്യവസ്ഥയാകുന്ന ഭൂതത്തില്‍ കെട്ടിയിടുകയും ചെയ്യുന്നവരായി അധ്യാപകര്‍ മാറരുത് . അദ്ധ്യാപകന്‍ ഒരു അധികാര രൂപമായി മാറുമ്പോള്‍ വിദ്യാലയം എന്ന സ്ഥാപനത്തിലെ ജനാധിപത്യ സങ്കല്പങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. പുരുഷന്‍ സര്‍വതന്ത്ര സ്വതന്ത്രനാണെന്നും സ്ത്രീ അടിമയാണെന്നും പുരുഷാധികാരം സ്വാഭാവികമായി നടപ്പിലാക്കേണ്ട ഒന്നാണെന്നും പഠിച്ചു വച്ചിരിക്കുന്ന അധ്യാപകരില്‍ നിന്ന് തുല്യതയുടെ , ലിംഗ നീതിയുടെ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കിട്ടില്ല. പുരുഷാധിപത്യ മൂല്യവ്യവസ്ഥയാല്‍ നിയന്ത്രിക്കപ്പെടുന്ന കുടുംബത്തിലും സമൂഹത്തിലും സ്ത്രീവിരുദ്ധ നിലപാടുകള്‍ തികച്ചും സ്വാഭാവികമായിത്തന്നെ അംഗീകരിക്കപ്പെടുമ്പോള്‍ അവയെ തിരുത്തേണ്ട സാമൂഹ്യ സ്ഥാപനങ്ങളായി വിദ്യാലയങ്ങള്‍ മാറേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. തുല്യതയുടെ , ലിംഗനീതിയുടെ , പരസ്പര ബഹുമാനത്തിന്‍റെ സഹവര്‍ത്തിത്വത്തിന്‍റെ ബാലപാഠങ്ങള്‍ കുടുംബത്തില്‍ നിന്ന് കിട്ടിയിട്ടില്ലാത്ത കുട്ടികള്‍ക്ക് അവ പകര്‍ന്നു നല്‍കുന്ന പ്രാഥമിക കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍ മാറണമെങ്കില്‍ അവിടെ അധ്യാപനം നടത്തുന്നവര്‍ ആദ്യം മാറേണ്ടതുണ്ട്. ആ മാറ്റം സ്വയമേവ സംഭവിക്കുകയില്ല എന്നതിന് നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ തുടക്കം മുതല്‍ ഇന്നുവരെയുള്ള അധ്യാപക സമൂഹം തെളിവ് നല്‍കും. അസമത്വങ്ങളും അനീതികളും സൃഷ്ടിക്കുന്ന , തികച്ചും ജനാധിപത്യവിരുദ്ധവും മനുഷ്യ വിരുദ്ധവുമായ പുരുഷാധിപത്യം എന്ന അധികാര വ്യവസ്ഥ ഉണ്ടാക്കുന്ന കെടുതികളെ തങ്ങള്‍ വ്യാപരിക്കുന്ന വിദ്യാലയാന്തരീക്ഷത്തില്‍നിന്ന് ഇല്ലാതാക്കാന്‍ അധ്യാപകര്‍ക്ക് കഴിയേണ്ടതുണ്ട്. അതുകൊണ്ട് വിദ്യാലയങ്ങളില്‍ നടത്തിവരുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സദാചാര ക്ലാസ്സുകളും സാരോപദേശങ്ങളും നമുക്ക് മതിയാക്കാം. അതിന്‍റെ ഭാഗമായി ആദ്യം അധ്യാപകര്‍ക്ക് ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ക്ലാസുകള്‍ നല്‍കാം. ആണും പെണ്ണും പരസ്പരം മനസ്സിലാക്കേണ്ടത് എങ്ങനെയെന്നും ബഹുമാനിക്കുകയും സഹവര്‍ത്തിത്വത്തോടെ പുലരുകയും ചെയ്യേണ്ടത് എങ്ങനെയെന്നും ഇതര ലൈംഗിക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്യേണ്ടതെങ്ങനെയെന്നും ആദ്യം മനസ്സിലാക്കേണ്ടത് അധ്യാപകരായതിനാല്‍ ആദ്യ ജന്‍ഡര്‍ സെന്‍സിറ്റിവിറ്റി ക്ലാസുകള്‍ അവര്‍ക്കാകട്ടെ. ഒപ്പം സ്ഥാപന മേധാവികള്‍ക്കും പാഠപുസ്തക കമ്മിറ്റികളിലെ വിദഗ്ദ്ധര്‍ക്കും ഇത് അത്യാവശ്യമാണ്.

 

 

 

 

 

ജൂലി ഡി.എം.
ഹയര്‍സെക്കന്‍ഡറി അധ്യാപിക
തിരുവനന്തപുരം

COMMENTS

COMMENT WITH EMAIL: 0