അടുക്കളയില്‍ നിന്ന്
അകത്തളത്തിലേക്ക്
ഒരു രാപ്പകല്‍ നേരത്തില്‍
ദീര്‍ഘദൂര യാത്രയുണ്ട്.
രാവിലെ പൂങ്കോഴിയൊന്നും
കൂവാനില്ല.
നാലങ്ങാടി പള്ളിയില്‍
മൊയ്ദു മുസലിയാര്‍
സുബഹി ബാങ്ക് വിളിക്കും .
ചില ദിവസങ്ങളില്‍
അതിന് ഏറ്റക്കുറച്ചിലുകളുണ്ട്.
ക്ലാസിക് അലാറം താഴ്ന്ന് മിണ്ടി
ഒച്ച കനക്കുമ്പൊ
ഏറ്റക്കുറച്ചിലില്ലാതെ കണ്ണ് മിഴിയും.
കാലും കയ്യും തള്ളിമാറ്റി
അടിയിലുള്ളതും മേലുള്ളതും
ഉടുത്തൊരുങ്ങി
പുറപ്പെടുമ്പൊ
താള മാറ്റങ്ങളില്ലാത്ത
ഉറക്കത്തിന്‍റെ കലമ്പല്‍
മാത്രം
മുഴച്ച് നില്‍ക്കും.
അപ്പൊ
അടുക്കളയുടെ പിന്നാമ്പുറത്തേക്കാള്‍
അഴുകിയ
ഉറക്കുമുറിയിലൂര്‍ന്നു –
വീണ കൈലിയില്‍
ഇരുട്ടത്തമര്‍ത്തിച്ചവിട്ടി
അമര്‍ഷം തീര്‍ക്കും
നാക്ക് നീട്ടിവടിച്ച്
എച്ചില് കളഞ്ഞ്
ബേസിനില്‍ നീട്ടിത്തുപ്പും
ക്ലോസപ് എത്ര പതപ്പിച്ച്
തുപ്പികളഞ്ഞാലും
പിന്നെയും നാക്കില്‍
പറ്റിപ്പിടിച്ച
രാത്രി വിയര്‍പ്പു പുളിച്ചു തേട്ടും.
അടുക്കളയൊരുങ്ങി
അകത്തളമൊഴിഞ്ഞാല്‍
നഖം കടിച്ച് തള്ളവിരലൂമ്പി
മലര്‍ന്നു കിടക്കും.
അപ്പോള്‍ , ഉത്തരം പൊങ്ങി
ഒരു നക്ഷത്ര പാച്ചില്‍
കാണാനുണ്ട്.
അച്ചുതണ്ടങ്ങനെ
കറങ്ങി തെളിയുമ്പൊ
ഭൂമി സൂര്യനെ
ചുറ്റി പകലിരുണ്ട്
കറുത്തിരിക്കും.
മുസലിയാര്‍ അസറ് വിളിക്കുമ്പൊ
ഉറക്കുമുറിയില്‍
ചക്ക മുല്ല പൂത്ത് മണം പരന്നിരിക്കും .
ഷവറിലൂടെ
ഉച്ചവെയിലേറ്റ്
പതഞ്ഞ വെള്ളം നെറുകില്‍ വീഴുമ്പൊ
ആലിപ്പഴം വീഴുന്ന കുളിര്‍മ തോന്നും.
അകം വെളുത്ത്
പുറം നിറഞ്ഞ് ഇരുട്ട് പരന്നിട്ടുണ്ടാകും
അകത്തളങ്ങള്‍ മുക്കിയും മുരണ്ടും
വീണ്ടും ഒച്ച കൂട്ടും .
ടേബിളില്‍ അവസാനത്തെ
ഓരി
ഒറ്റക്കിരുന്നുണ്ട്
എച്ചിലെടുത്ത്
ഉറങ്ങാന്‍ കിടത്താന്‍ ഒരു
മുസലിയാരും ബാങ്കുവിളിക്കില്ല.
ഒറ്റക്ക് കയറി ചെന്നാല്‍
പത്ത് മിനുട്ട് ഇരട്ടയായി പടയോട്ടം.
പടക്കുതിര ചുണ്ടു കോട്ടി പുറം
തിരിഞ്ഞ് പോവുമ്പൊ
കനല് പെരുക്കുന്നുണ്ടാകും
ഒന്നമര്‍ത്തി ഊതിയാല്‍
കത്തിപ്പടരാന്‍ …..
പക്ഷേ ,
എച്ചിലുകോരി എല്ലുന്തി
മച്ചിയായി.
അടുക്കളയില്‍ നിന്ന്
അകത്തളത്തിലേക്ക്
മാറ്റമില്ലാത്ത ദൂരം തന്നെ .
ഉച്ചവെയിലേറ്റ്
ഉറഞ്ഞു തുള്ളാന്‍ പക്ഷേ
ഒരു നടുവിരലറ്റം
കിളിര്‍ത്തതുണ്ട്…
അതു മതി.
പ്രവീണ കെ.
മലയാളം ഗവേഷക വിദ്യാര്‍ത്ഥി
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല,കാലടി
COMMENTS