Homeചർച്ചാവിഷയം

സ്ത്രീയും നീതിശാസ്ത്രവും

നീതിശാസ്ത്രം അഥവാ എത്തിക്സ് എന്നത് തത്ത്വചിന്തയുടെ ഒരു പ്രധാന ശാഖയാണ്. പലവിധ സിദ്ധാന്തങ്ങള്‍ നീതിയെക്കുറിച്ചുള്ള ചിന്തയില്‍ മെനയപ്പെട്ടുവെങ്കിലും, അവകളൊക്കെ പുരുഷന്മാരായ തത്ത്വചിന്തകരാണ് ചെയ്തത് എന്ന് മാത്രമല്ല, സ്ത്രീകളുടെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ പൂര്‍ണമായും ഉതകുന്നവയുമല്ല. നീതിയെക്കുറിച്ചുള്ള ചര്‍ച്ചകളും താത്ത്വീകരണവും ലിംഗപദവിപ്രശ്നങ്ങളെ കണക്കിലെടുക്കാതെ നടത്തുവാന്‍ കഴിയില്ല എന്ന് സ്ത്രീപക്ഷതത്വചിന്ത എടുത്തുപറയുന്നു. സ്ത്രീക്ക് നീതിലഭിക്കുന്നുണ്ടോ എന്ന പ്രശ്നം മാത്രമല്ല, എന്താണ് സ്ത്രീയെക്കുറിച്ചുള്ള നീതിസങ്കല്‍പം, എന്താണ് സ്ത്രീകളുടെ നീതിസങ്കല്പം എന്നിങ്ങനെ പല ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ട്. ചുറ്റുമുള്ള മറ്റു മനുഷ്യര്‍ക്കായി നീതിനടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത് സ്ത്രീകളും പുരുഷന്മാരും ഒരു പോലെയാണോ എന്നാലോചിച്ചാല്‍ തീര്‍ത്തും അല്ല എന്ന് കാണാം. സ്ത്രീ ഭക്ഷണം പാകം ചെയ്തുകൊടുത്താല്‍ നീതി ചെയ്യുന്നവളായി/ കെയര്‍ ഉള്ളവളായി കണക്കാക്കപ്പെടുന്നു. പുരുഷന്‍ പണംചെലവ് ചെയ്താല്‍ നീതിനടപ്പിലാക്കുന്നവനായി മാറുന്നു.

പുരുഷന്‍ ഭക്ഷണം പാകം ചെയ്തത് കൊണ്ടോ സ്ത്രീ പണം നല്‍കുന്നത് കൊണ്ടോ മാത്രം നീതി ചെയ്യുന്നവരാകുന്നില്ല. ഇതില്‍ നിന്നും മനസ്സിലാക്കാവുന്ന കാര്യം നീതിസങ്കല്പം സ്ത്രീത്വത്തിന്‍റേയും പൗരുഷത്തിന്‍റേയും ലിംഗപദവി സങ്കല്‍പ്പങ്ങളുടെമേല്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്നു എന്നാണ്. ഇത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള താത്ത്വികമായ അവലോകനം, ബോംബെ യൂണിവേഴ്സിറ്റിയില്‍ തത്ത്വചിന്ത പ്രൊഫസറായ കാഞ്ചന മഹാദേവന്‍, Between Femininity and Feminism: Colonial and Postcolonial Perspectives on Care എന്ന പുസ്തകത്തിലൂടെ ചെയ്യുന്നുണ്ട്. ആധുനികതയുടെ ഉല്‍പ്പന്നമായ കെയര്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തി സ്ത്രീത്വത്തിന്‍റേയും സ്ത്രീപക്ഷചിന്തയുടേയും അവലോകനമാണിത്.

നമ്മുടെ സമൂഹത്തില്‍ കാലാകാലങ്ങളായി കെയര്‍ എന്നത് സ്ത്രീത്വത്തിന്‍റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു; ഇതിന്‍റെ സ്ഥിരീകരണം കോളനിവത്കൃത കാലത്തുകണ്ടെടുക്കാനാകുമോ, സ്വതന്ത്ര ഇന്ത്യയിലും, ആധുനിക-ആധുനികോത്തര യൂറോപ്പിലും ഇതെങ്ങനെയാണ്, എന്നൊക്കെയുള്ള ചിന്തകള്‍ക്ക് ഈ പുസ്തകം ഉത്തരം തേടുന്നു. സ്ത്രീചിന്തയുടേയും സ്ത്രീത്വത്തിന്‍റേയും ഇടക്കുള്ള പിരിമുറുക്കം, ഈ കാലഘട്ടങ്ങളിലെ സ്ത്രീപക്ഷ ചിന്തകരിലും കാണാം.

കാഞ്ചന മഹാദേവന്‍

കോളനികാലത്തെ കാഴ്ചപ്പാട് വായിക്കാന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പണ്ഡിത രാമബായിയെയും യൂറോപ്യന്‍ സാഹചര്യത്തില്‍ മേരി വോള്‍സ്റ്റോണ്‍സറാഫ്റ്റിനെയും അവലോകനം ചെയ്യുന്നു. കോളനികാലത്തിനു ശേഷമുള്ള കാഴ്ചപ്പാടുകള്‍, കരോള്‍ ഗില്ലിഗന്‍, സൂസന്‍ ഓകിന്‍, സിമോണ്‍ ഡി ബുവ്വോര്‍ എന്നിവരിലൂടെ വിശകലനം ചെയ്യുന്നു.

സൂസന്‍ ഓകിന്‍

രണ്ടു ഭാഗങ്ങളിലായി അഞ്ചു പാഠങ്ങള്‍ ഉള്‍ക്കൊണ്ട ഈ പുസ്തകത്തിന് മുഖക്കുറിപ്പെഴുതിയിരിക്കുന്നതു ബോംബെ എസ്. എന്‍. ഡി. ടി യൂണിവേഴ്സിറ്റിയിലെ സ്ത്രീപഠന ഗവേഷണകേന്ദ്രത്തിന്‍റെ ഡിറക്ടറായ പ്രൊഫസ്സര്‍ വീണ പൂനാച്ചയാണ്. 2014 ല്‍ ആദ്യപതിപ്പായി വന്ന ഈ പുസ്തകം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസോഫിക്കല്‍ റിസേര്‍ച്, ഡി. കെ പ്രിന്‍റ് വേള്‍ഡ്, എന്നിവര്‍ ചേര്‍ന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീപക്ഷ നീതിശാസ്ത്രത്തിന്‍റെ വളര്‍ച്ചക്കും, കെയര്‍ എന്ന ആശയത്തിന്‍റെ ആഴത്തിലുള്ള അവലോകനത്തിനും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.

ഡോ. മായ എസ്.
അധ്യാപിക
തത്വശാസ്ത്രവിഭാഗം
ശ്രീ കേരളവര്‍മ്മ കോളേജ്, തൃശൂര്‍

COMMENTS

COMMENT WITH EMAIL: 0