Homeചർച്ചാവിഷയം

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള നിയമവ്യവസ്ഥകളും സുരക്ഷക്കുള്ള സംവിധാനങ്ങളും

സാര്‍വ്വദേശീയ, ദേശീയ തലങ്ങളില്‍ ലിംഗ തുല്യതക്കും നീതിക്കും വേണ്ടിയുള്ള ഒട്ടേറെ നടപടികളും കരാറുകളും ഉടമ്പടികളും ഉണ്ടായിട്ടുണ്ട്. ഐക്യരാഷ്ട്രസഭ, ലോകബാങ്ക്, വിവിധ സര്‍ക്കാരുകള്‍ തുടങ്ങി അന്തര്‍ദ്ദേശീയ, പ്രാദേശികതലങ്ങള്‍ വരെ ഇപ്പോള്‍ സാധാരണയായി ജെന്‍ഡര്‍, ലിംഗനീതി, ലിംഗസമത്വം, ശാക്തീകരണം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ജനാധിപത്യപരവും ഫലപ്രദവുമായ, എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഒരു ഭരണസംവിധാനത്തിന് ലിംഗനീതി പരിഗണന ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

തുല്യത, മനുഷ്യാവകാശം എന്നിവ ആഗോളതലത്തിൽ ചർച്ച ചെയ്യാനും ഇവ നടപ്പിൽ വരുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്താനും ആരംഭിച്ചത് “ജനാധിപത്യം” എന്ന ആശയത്തിന് വ്യാപക പ്രചാരം ലഭിച്ച പത്തൊൻപതാം നൂറ്റാണ്ടിലാണ്. സ്ത്രീ – പുരുഷ തുല്യതക്ക് വേണ്ടിയുള്ള ചർച്ചകളും പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെയാണ് തുടങ്ങിവെച്ചത്. സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി നടന്ന സഫ്രാജെറ്റ് പ്രസ്ഥാനം യൂറോപ്യൻ രാജ്യങ്ങളിൽ പ്രക്ഷോഭമായി പടർന്നു. എഴുപത്തിരണ്ട് വർഷക്കാലത്തോളം നീണ്ടുനിന്ന സമരത്തിനൊടുവിൽ 1920-ലാണ് അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നത്. എലിസബത്ത്ക്യാഡി സ്റ്റാൻടൺ, ലുക്രേഷ്യമോട്ട് എന്നിവരുടെ നേതൃത്വത്തിൽ 1848ൽ ന്യൂയോർക്കിൽ ആരംഭിച്ച സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു സ്ത്രീകളുടെ അടിമത്തത്തിനെതിരായ ആദ്യ സംഘടിത പോരാട്ടം എന്ന് വിലയിരുത്താവുന്നതാണ്. സഫ്രാജെറ്റ് പ്രക്ഷോഭം തുടര്‍ന്ന് സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ തുല്യതക്ക് വേണ്ടിയുള്ള പ്രക്ഷോഭമായി മാറി.പിന്നീട് ഒന്നാം ലോകമഹായുദ്ധാനന്തര കാലത്ത് പല യൂറോപ്യൻ രാജ്യങ്ങളും സ്ത്രീകളുടെ സാമൂഹ്യ-രാഷ്ട്രീയ തുല്യതക്കായി ചില നിയമങ്ങൾ നിർമ്മിക്കുകയുണ്ടായി. സമൂഹത്തിൽ നിലനിൽക്കുന്ന അവകാശങ്ങളും അവസരങ്ങളും എന്തുകൊണ്ട് സ്ത്രീകൾക്ക് മാത്രം നിഷേധിക്കപ്പെടുന്നു എന്ന സൂക്ഷ്മ ചിന്തയും 1950 നു ശേഷം ഉള്ള കാലം സ്ത്രീ വാദങ്ങൾക്കകത്ത് ഉയർന്നുവന്നു.
താരതമ്യേന കൂടുതൽ പുരുഷകേന്ദ്രീകൃത മൂല്യങ്ങൾ നിലനിന്നിരുന്ന ഇന്ത്യൻ സമൂഹത്തിൽ ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി നടന്ന പോരാട്ടങ്ങളോടൊപ്പം വളർന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രധാന അജണ്ടകളിൽ ഒന്ന് സ്ത്രീശാക്തീകരണം ആയിരുന്നു. 1829 ലാണ് ഇന്ത്യയിൽ സതി നിരോധിക്കപ്പെടുന്നത്. 1848ൽ സാവിത്രി ഫൂലെ വിദ്യാഭ്യാസം നേടിയ ആദ്യ വനിതയാകുന്നു. 1856ൽ ഹിന്ദു വിധവാ പുനർവിവാഹ നിയമം നിലവിൽ വന്നു. 1937ൽ സ്ത്രീകളുടെ സ്വത്തവകാശ നിയമം തുടങ്ങിയ നിയമനിർമ്മാണങ്ങൾ നടന്നു. 1949 നവംബർ 26 നാണ് ഇന്ത്യൻ സ്ത്രീക്ക് പൂർണമായും വോട്ടവകാശം ലഭിക്കുന്നത്.ഇന്ത്യൻ സമൂഹത്തിലെ സ്ത്രീകളുടെ തുല്യതയും അവകാശങ്ങളും കൃത്യമായി പരിഗണിച്ചത് ഇന്ത്യൻ ഭരണഘടന തന്നെയാണ്. ആർട്ടിക്കിൾ 14, 15, 16, 39A, 42, 51A എന്നിവ സ്ത്രീകളുടെ വിവിധ തലങ്ങളിലുള്ള അവകാശങ്ങളെ സംരക്ഷിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.

19-mw നൂറ്റുണ്ടിന്റെ അവസാനദശകങ്ങളിലും 20-mw നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും കേരളമാകെ ശക്തമായി പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ കേരള സമൂഹത്തെ നവീകരിക്കുന്നതിന് ശക്തമായ സ്വാധീനം ചെലുത്തി. ഈ പരിഷ്ക്കരണശ്രമങ്ങള്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, വികസനം, വീടിന് പുറത്ത് പുതിയ ഉദ്യോഗങ്ങള്‍ സ്വീകരിക്കല്‍, കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം, പിന്‍തുടര്‍ച്ചാവകാശങ്ങളിലെ മാറ്റം എന്നിവയിലൂടെ സ്ത്രീകള്‍ക്കിടയില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നു.

ഇക്കാലങ്ങളില്‍ ശക്തിപ്രാപിച്ച സ്വാതന്ത്ര്യസമരം, ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സാമൂദായിക പ്രസ്ഥാനങ്ങള്‍,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, തൊഴിലാളി സംഘടനകള്‍, വിവിധ സര്‍വ്വീസ് സംഘടനകള്‍, പ്രസാധനം തുടങ്ങിയ രംഗങ്ങളില്‍ സ്ത്രീകളുടെ ശക്തമായ പങ്കാളിത്തം ഉണ്ടായിരുന്നു.കേരളസംസ്ഥാനം രൂപം കൊണ്ടതിനുശേഷം നടപ്പാക്കിയ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടേയും നയപരിപാടികളുടേയും ഫലമായി കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹ്യ വികസനത്തില്‍ വലിയ പുരോഗതി കൈവരിച്ചു. കേരളവികസന മാതൃകയെന്ന് ലോകമാകമാനം അറിയപ്പെട്ട നമ്മുടെ വികസന സമീപനത്തില്‍ സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, ജീവിതദൈര്‍ഘ്യം, സാക്ഷരത തുടങ്ങിയ പുരോഗമന വികസന സൂചികകള്‍ ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ ഉയര്‍ന്നു നിന്നു.എന്നാല്‍ സമൂഹത്തില്‍ ഈ സൂചികകള്‍ ഉയര്‍ന്നു നിൽക്കുമ്പോഴും സ്ത്രീകളുടെ സാമൂഹ്യപങ്കാളിത്തം, തൊഴില്‍ പങ്കാളിത്ത നിരക്ക് എന്നിവ കുറഞ്ഞു വരികയും സ്ത്രീകള്‍ക്കെതിരായി വീടിനകത്തും പുറത്തും നടക്കുന്ന അതിക്രമങ്ങളുടെ തോത് വര്‍ധിക്കുകയും സ്ത്രീധനം പോലുള്ള സ്ത്രീകള്‍ക്കെതിരായ സംഗതികള്‍ വ്യാപകമാകുകയും ചെയ്യുന്ന തരത്തിലുള്ള പ്രതിലോമ പ്രവണതകള്‍ ദൃശ്യമാകുന്നതായുള്ള വിമര്‍ശനം ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ശക്തിപ്രാപിച്ചു. നിരവധി സ്ത്രീ സംഘടനകളും വ്യക്തികളും ഗവേഷകരും മാധ്യമപ്രവര്‍ത്തകരും നയരൂപീകരണ വിദഗ്ദ്ധരും ഈ വിരോധാഭാസം ഉന്നയിക്കുവാന്‍ തുടങ്ങി. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ രൂപമെടുത്ത സ്ത്രീസ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളും തുടര്‍ന്നു വന്ന സമ്പൂര്‍ണസാക്ഷരതായജ്ഞവും സ്ത്രീകളുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായിരുന്നു. 1996-ല്‍ 33% സ്ത്രീ സംവരണത്തോടെ നിലവില്‍ വന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നേതൃത്വപരമായ ഇടപെടലുകള്‍ക്കു തുടക്കമിടാന്‍ സാധിച്ചു.

സ്ത്രീകളുടെ അവകാശസംരക്ഷണ പ്രഖ്യാപനങ്ങള്‍, കമ്മീഷനുകള്‍, നിയമങ്ങള്‍
അന്താരാഷ്ട്രതലം

1975 ല്‍ മെക്സിക്കോയില്‍ വെച്ച ചേര്‍ന്ന സമ്മേളനം ആ വർഷം സാര്‍വ്വദേശീയ വനിതാവര്‍ഷമായി പ്രഖ്യാപിച്ചു.അതിനെ തുടര്‍ന്ന് 1975-85 വനിതാദശകമായി ആചരിക്കാന്‍ യു.എന്‍ആഹ്വാനം ചെയ്തു.

1977 ല്‍ മാര്‍ച്ച് 8 സാര്‍വ്വദേശീയ വനിതാദിനമായിപ്രഖ്യാപനം.

1857 മാർച്ച്8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായുംദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിന് എതിരെ വോട്ടുചെയ്യാനുമുളളഅവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.

1980 ല്‍ കോപ്പന്‍ഹേഗന്‍ സമ്മേളനവും 1985 ല്‍ 2000 ആണ്ടിലേക്കുള്ളപരിപ്രേക്ഷ്യം (Forward looking strategies for women 2000)തയ്യാറാക്കാനായി നെയ്റോബി സമ്മേളനവും നടന്നു.

CEDAW പ്രഖ്യാപനം

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രധാനപ്പെട്ട അന്താരാഷ്ട്ര രേഖയാണ് കണ്‍വെന്‍ഷന്‍ ഓണ്‍ എലിമിനേഷന്‍ ഓഫ് ഓള്‍ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷന്‍ എഗയ്ന്‍സ്റ്റ് വിമെന്‍ (CEDAW) പ്രഖ്യാപനം. 1979 ല്‍ നടന്ന ഈ കണ്‍വെന്‍ഷനില്‍ വച്ച് ഐക്യരാഷ്ട്രസഭ പാസ്സാക്കിയ ഈ അവകാശ പ്രഖ്യാപനരേഖ, സ്ത്രീകള്‍ക്കെതിരെ നടക്കുന്ന എല്ലാ വിധ വിവേചനങ്ങളും ഇല്ലായ്മ ചെയ്തുകൊണ്ട്, സ്ത്രീകളുടെ സമത്വത്തിനുള്ള അവകാശം ഉറപ്പു വരുത്തുവാന്‍ എല്ലാ അംഗരാഷ്ട്രങ്ങളും നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇന്ത്യ ഉള്‍പ്പടെ 189 രാജ്യങ്ങള്‍ ഈ പ്രഖ്യാപനരേഖ അംഗീകരിച്ചിട്ടുണ്ട്.ഈ കൺവെൻഷനിൽ പങ്കെടുത്ത രാജ്യങ്ങൾ സ്ത്രീകളോടുള്ള വിവേചനത്തിനെതിരായി താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കപ്പെട്ടു.

• വിവേചനത്തിൽ അധിഷ്ഠിതമായ എല്ലാ നിയമങ്ങളും എടുത്തുകളഞ്ഞ് സ്ത്രീ-പുരുഷ തുല്യതയിൽ ഊന്നിയ നിയമസംവിധാനം രൂപപ്പെടുത്തുക.

• സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ആവശ്യമായ ട്രിബ്യൂണുകളും പൊതുസ്ഥാപനങ്ങളും സ്ഥാപിക്കുക.

• വ്യക്തികൾ മുഖേനയോ, സംഘടനകളോ സ്ഥാപനങ്ങളോ മുഖേനയുള്ള സ്ത്രീകളോട് പ്രകടിപ്പിക്കുന്ന വിവേചനം ഇല്ലാതാക്കുക.
1980 ജൂലൈ 30 നാണ് ഇന്ത്യ CEDAW യിൽ ഒപ്പുവെക്കുന്നത്. 1993 ലാണ് പൂർണ്ണമായി അംഗീകരിക്കപ്പെടുന്നത്.

ബീജിംഗ് പ്രഖ്യാപനം

1995 ല്‍ ബീജിങ്ങില്‍ നടന്ന നാലാമത് അന്താരാഷ്ട്ര വനിതാ സമ്മേളനത്തില്‍ സ്ത്രീകളുടെ അവകാശ നിഷേധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ڇബീജിംഗ് പ്രഖ്യാപനംڈ എന്ന പേരില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണ രേഖയും, രേഖയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഗാര്‍ഹികാതിക്രമത്തെ അക്രമ പ്രവര്‍ത്തിയെന്ന് കണ്ട് അതിനെതിരെ ബോധവല്‍ക്കരണം നടത്താനും ഈ സമ്മേളനം തീരുമാനിക്കുകയുണ്ടായി.

സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള ഏറ്റവും പുരോഗമനപരമായ രേഖ എന്നാണ് യുഎൻവിമൻ ഇതിനെ വിശേഷിപ്പിച്ചത് പ്രധാനമായും പന്ത്രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളിൽ ആണ് ഈ പ്രഖ്യാപനം ശ്രദ്ധകേന്ദ്രീകരിച്ചത്.

• സ്ത്രീകളും ദാരിദ്ര്യവും
• സ്ത്രീകൾക്ക് വിദ്യാഭ്യാസവും മതിയായ പരിശീലനവും
• സ്ത്രീകളും ആരോഗ്യവും
• സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ
• സായുധ പോരാട്ടങ്ങള്‍ പ്രത്യേകമായി സ്ത്രീകളെ ബാധിക്കുന്നത്
• സ്ത്രീകളും സമ്പദ്ഘടനയും
• സ്ത്രീകൾ അധികാരത്തിൽ, തീരുമാനമെടുക്കൽ പ്രക്രിയയിൽ
• സ്ഥാപന സംവിധാനങ്ങൾ
• സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ
• സ്ത്രീകളും മാധ്യമങ്ങളും
• സ്ത്രീകളും പരിസ്ഥിതിയും
• പെൺകുട്ടികൾ

 

ബീജിംഗ് +5 പ്രഖ്യാപനം

ബീജിംഗ് പ്രഖ്യാപനത്തിന്‍റെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിനായി ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ പ്രത്യേക സെഷന്‍. 2000 ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് ڇബെയ്ജിംഗ് +5 ڈഎന്ന പേരില്‍ ചേരുകയും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള തുടര്‍ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ബീജിംഗ് +20
1995 ല്‍ നടന്ന ബീജിംഗ് പ്രഖ്യാപനത്തിന്‍റെ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ബീജിംഗ് പ്രഖ്യാപനത്തിലെ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമായി 2015 സെപ്തംബര്‍ 27 ന് UN Wom-en, ചൈന എന്നിവയുടെ സംയുക്തമാഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് വച്ച് 1995 ലെ ബീജിംഗ് കണ്‍വെന്‍ഷന്‍ പങ്കെടുത്ത രാഷ്ട്രങ്ങളിലെ നേതാക്കളുടെ ഒരു അന്താരാഷ്ട്ര സമ്മേളനം നടക്കുകയുണ്ടായി. 2030 നകം ബീജിംഗ് പ്രഖ്യാപനത്തില്‍ ലക്ഷ്യമിട്ട ലിംഗസമത്വവും സ്ത്രീശാക്തീകരണവും കൈവരിക്കുന്നതിനുള്ള നടപടികളുടെ പ്രഖ്യാപനമാണ് ഈ ആഗോള സമ്മേളനത്തില്‍ ഉണ്ടായത്. ബീജിംഗ് +20 എന്ന പേരിലാണ് ഈ ആഗോള കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കപ്പെട്ടത്.

Committee on Status of Women (CSW)

1946 ജൂൺ 21ന് രൂപീകൃതമായ CSW ജെൻഡർ സമത്വത്തിനും സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട Intergovernmental സമിതിയാണ്. ബെയ്ജിങ് പ്രഖ്യാപനങ്ങൾ നടപ്പിലാക്കാനുള്ള ബാധ്യത ഏറ്റെടുത്തിട്ടുള്ള CSW അതിനായി പ്രവർത്തിക്കുന്ന സ്ത്രീ ഫെമിനിസ്റ്റുകൾ, സർക്കാർ സംവിധാനങ്ങൾ, സിവിൽ സമൂഹം എന്നിവരടങ്ങിയ സംഘം ഉണ്ടാക്കി പ്രവർത്തിച്ചുവരുന്നു.

ദേശീയതലം
ഭരണഘടനാവ്യവസ്ഥകള്‍
അനുച്ഛേദം 14 : തുല്യതക്കുള്ള അവകാശം
അനുച്ഛേദം 15 : വിവേചനരാഹിത്യം.
അനുച്ഛേദം 15 (3) : സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക നിയമങ്ങള്‍ ഉണ്ടാക്കുവാന്‍ ഭരണകൂ ടത്തെ അധികാരപ്പെടുത്തല്‍
അനുച്ഛേദം 16 : സര്‍ക്കാര്‍ ജോലിയില്‍ അവസരസമത്വം
അനുച്ഛേദം 19 1. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം
2. സമ്മേളന സ്വാതന്ത്ര്യം
3. സംഘടനാ സ്വാതന്ത്ര്യം
4. സഞ്ചാരസ്വാതന്ത്ര്യം
5. താമസിക്കാന്‍ സ്വാതന്ത്ര്യം
6. തൊഴില്‍, ബിസിനസ് മുതലായവ നടത്താനുള്ള സ്വാതന്ത്ര്യം

അനുച്ഛേദം 21 : അന്തസ്സോടെയും മറ്റും ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം
അനുച്ഛേദം 23 : മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍ മുതലായ ചൂഷണത്തില്‍ നിന്നു മുള്ള സംരക്ഷണം
അനുച്ഛേദം 32 : ഭരണഘടന വാഗ്ദാനം നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അത് നേടിയെടുക്കുന്നതിനുള്ള പരിഹാരങ്ങള്‍
അനുച്ഛേദം 39 : തുല്ല്യ ജോലിക്ക് തുല്ല്യ വേതനം, കഴിവിനു യോജിക്കാത്ത ജോലി എടു
ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന നിര്‍ദ്ദേശം
അനുച്ഛേദം 42 : ജോലി സ്ഥലം ആരോഗ്യകരമാകണമെന്നും പ്രസവാനുകൂല്യം നല്‍കണമെന്നുമുള്ള വ്യവസ്ഥകള്‍
അനുച്ഛേദം51എ(ഇ) : സ്ത്രീയുടെ അന്തസ്സും അഭിമാനവും ഹനിക്കത്തക്ക പ്രവൃത്തികള്‍ ഒഴിവാക്കേണ്ടതാണ്

ദേശീയ വനിതാ കമ്മീഷന്‍
സ്ത്രീകളുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി 1990 ല്‍ ഇന്ത്യന്‍ പാര്‍ല മെന്‍റ് ദേശീയ വനിതാ കമ്മീഷന്‍ നിയമം പാസാക്കുകയും തുടര്‍ന്ന് സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ1992 ജനുവരിയില്‍ ദേശീയ വനിതാ കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്തു.കേന്ദ്ര ഗവൺമെൻറ് നോമിനേറ്റ് ചെയ്യുന്ന ഒരു ചെയർപേഴ്സണും 5 അംഗങ്ങളും (ഒരംഗം എസ്‌സി എസ്.ടി വിഭാഗത്തിൽ നിന്ന്) ഒരു മെമ്പർ സെക്രട്ടറിയും അടങ്ങുന്നതാണ് ദേശീയ വനിതാ കമ്മീഷൻ. താഴെപറയുന്നവയാണ് പ്രധാന ചുമതലകൾ
• നിയമ സംരക്ഷണ നടപടികളുടെ മേലുള്ള നിരീക്ഷണം.
• അവശ്യ സന്ദർഭങ്ങളിൽ നിയമ നടപടികൾക്ക് ശുപാർശ ചെയ്യൽ.
• സ്ത്രീകളുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കൽ.
• സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് ആവശ്യമായ നയങ്ങൾ രൂപീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തൽ.

ദേശീയ വനിതാ നയം, 2001

സ്ത്രീകളുടെ സര്‍വ്വതോന്മുഖമായ പുരോഗതി നേടിയെടുക്കുന്നതിന് വേണ്ട സമാൂഹ്യ-സാമ്പത്തിക-ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുക, അതിലൂടെ സ്ത്രീകളുടെ പൂര്‍ണ്ണ വ്യക്തി വികാസം സാധ്യമാക്കുക എന്നതാണ് 2001 ലെ ദേശീയ വനിതാ നയം മുന്നോട്ട് വെക്കുന്ന കാഴ്ച്ചപ്പാട്.
ദേശീയനയം താഴെപ്പറയുന്നവ ലക്ഷ്യമാക്കുന്നു.
• സ്ത്രീകളുടെ കാര്യശേഷിയെ പൂർണമായും കണക്കിലെടുക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കൽ.
• സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നൽകൽ, തുല്യ പങ്കാളിത്തം ഉറപ്പു വരുത്തൽ, തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം.
• ഫലപ്രദമായ രീതിയിൽ സ്ത്രീകൾക്ക് ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾ ലഭ്യമാക്കുക.
• തുല്യവേതനം ഉറപ്പാക്കൽ.
• വിവേചനങ്ങൾക്കെതിരായി നിയമവ്യവസ്ഥയും കോടതികളും പ്രവർത്തിക്കൽ.
സ്ത്രീകള്‍ ഇന്ന് നേരിടുന്ന എല്ലാവിധ വെല്ലുവിളികളേയും നേരിടാന്‍ അവരെ പ്രാപ്തമാക്കുന്നതിനും എല്ലാ തരത്തിലുമുള്ള അതിക്രമങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള പുതിയ ദേശീയ വനിതാനയം (National Policy for The Empowerment of Women 2016) കേന്ദ്രസര്‍ക്കാര്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2001 ലെ നയത്തിന്‍റെ പരിഷ്ക്കരിച്ച രൂപമാണ് 2016 ലെ കരട് നയം. 2016 ലെ നയം അംഗീകരിക്കുന്നതോടെ 2001 ലെ നയം പ്രാബല്യത്തിലുണ്ടാകുകയില്ല.

ഇതെല്ലാമായിട്ടും 2020ലെ Global Gender Gap റിപ്പോർട്ട് പ്രകാരം 187 രാജ്യങ്ങളിൽ 112 മത് രാജ്യം മാത്രമാണ് ഇന്ത്യ എന്നത് ഈ നയങ്ങൾ എത്രത്തോളം ജനങ്ങളില്‍ നിന്ന് അകലെയാണ് എന്നതിൻ്റെ സൂചനയാണ് .

സംസ്ഥാനതലം

സംസ്ഥാന വനിതാകമ്മീഷന്‍
ദേശീയ വനിതാ കമ്മീഷന്‍ നിയമം 1990 ല്‍ പാര്‍ലമെന്‍റ് പാസ്സാക്കിയതിനെ തുടര്‍ന്ന് 1990 ല്‍ കേരള നിയമസഭ കേരള സംസ്ഥാന വനിതാ കമ്മീഷന്‍ ബില്‍ പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 1995 ലാണ്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് 1995 ല്‍ കേരള വനിതാ കമ്മീഷന്‍ നിയമം പാസ്സാക്കുകയും 1996 ല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

ജാഗ്രതാസമിതി സംവിധാനം
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയും അവ പരിഹരിക്കുന്നതിന് പ്രാദേശികതലത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കുന്നതിന് പ്രാദേശികതലത്തില്‍ തന്നെ ഔദ്യോഗിക സംവിധാനം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ മേല്‍നോട്ടത്തില്‍ ജില്ലാ-പ്രാദേശികതലങ്ങളില്‍ ജാഗ്രതാസമിതികള്‍ ഉണ്ടാകണമെന്ന് തീരുമാനിച്ചത്.

സംസ്ഥാന വനിതാ നയം 2015

ദേശീയ വനിതാ നയം പ്രഖ്യാപിച്ചതിന്‍റെ തുടര്‍ച്ചയെന്നോണം 2005 ല്‍ സംസ്ഥാന വനിതാ നയം പ്രഖ്യാപിക്കുകയുണ്ടായി. 2009 ല്‍ അത് പരിഷ്ക്കരിക്കുകയുണ്ടായി. തുടര്‍ന്ന് 2015 ല്‍ സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയപരവും, സാമ്പത്തികവുമായ ശാക്തീകരണത്തെ ആശ്രയിച്ചാണ് സ്ത്രീകളുടെ ക്ഷേമാവസ്ഥ എന്ന് വിലയിരുത്തിക്കൊണ്ട് കേരളത്തിലെ സ്ത്രീകളുടെ പദവി ഉയർത്തുക എന്ന ലക്ഷ്യത്തോടെ വീണ്ടും പരിഷ്ക്കരിക്കുകയുണ്ടായി. അതിന് ശേഷം 2015 ല്‍ തന്നെ Gender Equity and Women Empowerment Policy 2015 (GEWE 2015)എന്ന പേരില്‍ വീണ്ടും പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.(G.O (MS) No.207/2015/SJD dt 16.04.2015)പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സ്ത്രീപുരുഷബന്ധങ്ങൾ, തുല്യമായ പ്രാപ്യതയും നിയന്ത്രണവും, തുല്യമായ അവസരങ്ങൾ, വികസനപ്രവർത്തനങ്ങളിൽ തുല്യപങ്കാളിത്തം എന്നിവയാണ് ഈ നയത്തിൽ പരാമർശിക്കപ്പെടുന്നത്.

വനിതാനയം നിലവിൽ വന്നതിനെത്തുടർന്ന് ഒട്ടനവധി പദ്ധതികളും സ്കീമുകളും സ്ത്രീകളുടെ ശാക്തീകരണത്തിനും, സ്ത്രീസുരക്ഷ ലക്ഷ്യമാക്കിയും നടപ്പിലാക്കപ്പെട്ടു വരുന്നുണ്ട്.
2017 ലാണ് കേരളത്തിൽ വനിതാ ശിശു വികസന വകുപ്പ് രൂപംകൊള്ളുന്നത്. അതുവരെയും സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ നടന്നു വന്നിരുന്ന പദ്ധതികളും സംവിധാനങ്ങളും പുതിയതായി രൂപീകരിച്ച വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്നു. വനിതാനയം നടപ്പിലാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധം ആകുന്നു. ഈ മേഖലയിലെ ഒട്ടനവധി സ്കീമുകളും സേവനങ്ങളും ഏകോപിപ്പിക്കുക എന്നതുകൂടിയാണ് വനിതാ-ശിശു വികസന വകുപ്പിന്റെ ലക്ഷ്യം.

പ്രാദേശിക തലത്തിലെ പ്രവർത്തനങ്ങൾ
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന നയങ്ങളിൽ ലിംഗനീതി പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു. സ്ത്രീകളുടെ നിർണായക ആവശ്യങ്ങൾ ( Strategic Needs ) അവ ചർച്ച ചെയ്യുകയും അവ വികസന വിടവുകളായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പോരായ്മകൾ കുറെയേറെ നിലനില്‍ക്കുന്നുണ്ടെങ്കിലും “വനിതാ ഘടക പദ്ധതി”സ്ത്രീകളുടെ സാമൂഹ്യ, സാമ്പത്തിക പദവി ഉയർത്തുന്നതിന് ശ്രമം നടത്തി വരുന്നുണ്ട്. ജെൻഡർ അസമത്വങ്ങളെ പഞ്ചായത്തീരാജ് / നഗരപാലിക നിയമങ്ങൾ അഭിസംബോധന ചെയ്യുന്നുണ്ട്. വനിതാ ഘടക പദ്ധതിക്കപ്പുറം പൊതു പദ്ധതികളിലും പ്രവർത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.

നിയമവ്യവസ്ഥകള്‍
I. അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍
a. ഇന്ത്യന്‍ ശിക്ഷാ നിയമം 1860 (Indian Penal Code 1860)
• ലൈംഗിക കുറ്റങ്ങള്‍
• വിവാഹസംബന്ധമായ കുറ്റങ്ങള്‍
b. കേരള പോലീസ് നിയമം, 2011
c. ഗാര്‍ഹികപീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്കുള്ള സംരക്ഷണനിയമം, 2005
d. സ്ത്രീധനനിരോധന നിയമം 1961
e. ഗര്‍ഭചിദ്രം നിയമം 1971
f. സ്ത്രീകളെ അപഹാസ്യമായി ചിത്രീകരിക്കല്‍ നിരോധന നിയമം 1986
g. സൈബര്‍ നിയമം 2000 (വിവരസാങ്കേതികവിദ്യാനിയമം, 2000)
h. അസാന്‍മാര്‍ഗ്ഗികവ്യാപാരം തടയല്‍ നിയമം,1956
i. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ (തടയല്‍, നിരോധനം, പരിഹാരം) നിയമം, 2013
j. ക്രിമിനല്‍ നടപടിക്രമ നിയമം, 1973

II. വ്യക്തി നിയമങ്ങള്‍ :
സ്ത്രീകളെ സംബന്ധിക്കുന്ന നിയമങ്ങളില്‍ വിവാഹം, പിന്‍തുടര്‍ച്ച മുതലായവ വിഷയങ്ങള്‍ തീരുമാനിക്കുന്നത് മതാധിഷ്ഠിതമായ വ്യക്തി നിയമങ്ങളാണ്.
a. വിവാഹ നിയമങ്ങള്‍
 ഹിന്ദു വിവാഹ നിയമം
 ക്രിസ്റ്റ്യന്‍ വിവാഹ നിയമം.
 മുസ്ലിം വിവാഹ നിയമം.
 മുസ്ലീം വിവാഹമോചന നിയമം 1939)
 സ്പെഷല്‍ മാര്യേജ് ആക്ട് 1994
b. ജീവനാംശ നിയമങ്ങള്‍
c. പിന്‍തുടര്‍ച്ചാവകാശ നിയമങ്ങള്‍

III. തൊഴില്‍ നിയമങ്ങള്‍
a. ഫാക്ടറി നിയമം 1948
b. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് നിയമം 1948)
c. മൈന്‍സ് നിയമം 1952
d. പ്രസവാനുകൂല്യ നിയമം 1961
e. തുല്യവേതന, 1976
f. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ (തടയല്‍, നിരോധനം, പരിഹാരം) നിയമം 2013

നയങ്ങളുടേയും, പ്രഖ്യാപനങ്ങളുടേയും പ്രസക്തി
ഈലേഖനത്തിൽ നയങ്ങളുടെ,പ്രഖ്യാപനങ്ങളുടെ, നിയമങ്ങളുടെ ഒരു വിമർശനാത്മക പരിശോധനനടത്തിയിട്ടില്ല. അവയുടെ ഉള്ളടക്കം പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. കൂടാതെ, പ്രധാനപ്പെട്ട നയങ്ങളും പ്രഖ്യാപനങ്ങളും മാത്രം ഉൾപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്.

അസമത്വങ്ങൾ ഉള്ള, ജെൻഡർ ബന്ധങ്ങൾ നിലനിൽക്കുന്ന സമൂഹത്തെ മാറ്റിമറിക്കാൻ നയങ്ങൾക്കും നിയമങ്ങൾക്കും ഒരു പരിധിവരെയേ കഴിയൂ. ഭരണകൂട സ്വഭാവത്തിൻെറ എല്ലാ രീതികളും പ്രയോഗങ്ങളും നിയമങ്ങളുടേയും സംവിധാനങ്ങളുടേയും പ്രവർത്തനങ്ങളിൽ കാണാം. അതിനപ്പുറമുള്ള കൂട്ടായ്മകൾക്കും പോരാട്ടങ്ങൾക്കും വലിയ പ്രസക്തിയുണ്ട്. പ്രശ്നങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് പോകാനോ രൂഢമൂലമായ പുരുഷാധിപത്യ മൂല്യങ്ങളെ വെളിപ്പെടുത്താനോ ഈ നയങ്ങളിൽ പലതിനും പൂർണ്ണമായി കഴിഞ്ഞിട്ടില്ല. സ്ത്രീകളുടെ വികസന ആവശ്യങ്ങളെ ക്ഷേമാടിസ്ഥാനത്തിൽ കാണുന്നതിനുപരി അവകാശാധിഷ്ഠിതമായി കാണുന്നതിന് ഊന്നൽ കൊടുക്കേണ്ടതുണ്ട്. അതോടൊപ്പം എല്ലാ വിഭാഗത്തിലും പെട്ട സ്ത്രീകളെ നയരൂപീകരണത്തിലും തീരുമാനമെടുക്കൽ പ്രക്രിയകളിലും പങ്കാളികളുമാക്കേണ്ടതുമുണ്ട്.അതിനു തടസ്സം നിൽക്കുന്ന സ്ത്രീകളുടെ സമയപരിമിതിക്കും അനുഭവക്കുറവിനും കാരണമായ ജെൻഡർ റോളുകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഗാർഹിക ജോലികൾ പങ്കു വയ്ക്കപ്പെടേണ്ടതുണ്ട്. പുറത്തേക്കു നോക്കുന്നതോടൊപ്പം നാം അകത്തേക്കു കൂടി നോക്കുകയും അസമത്വങ്ങൾ തിരിച്ചറിയുകയും വേണം.

മറ്റൊരു പ്രശ്നം, ഈ നയങ്ങൾ, അതിനെത്തുടർന്നുള്ള നിയമങ്ങൾ എത്രകണ്ട് സാധാരണ ജനങ്ങൾക്ക് അറിവുണ്ട് എന്നതും പ്രാപ്യമാണ് എന്നതുമാണ്. സ്ത്രീധന നിരോധന നിയമം അതിനൊരു ഉദാഹരണം മാത്രം. ആ നിയമത്തിന് കീഴിൽ പരാതികൾ ലഭിക്കുന്നില്ല എന്നതുകൊണ്ടുമാത്രം കേരളത്തിൽ സ്ത്രീധനം നൽകി വിവാഹം നടക്കാതിരിക്കുന്നില്ലല്ലോ. അതുകൊണ്ടുതന്നെ പൊതുജനങ്ങളെ അറിയിക്കുക, അവർക്ക് പ്രാപ്യമാക്കുക എന്നത് വളരെ പ്രധാനമാണ്. ഇത്രയും നയപരിപാടികളും സംവിധാനങ്ങളും എല്ലാം ഉണ്ടായിട്ടും കേരളത്തിൽ സ്ത്രീകളും പെൺകുട്ടികളും ട്രാൻസ്ജെൻഡർ വ്യക്തികളും വീടിനകത്തും പുറത്തും അരക്ഷിതരെങ്കിൽ മേൽപ്പറഞ്ഞ നയങ്ങളും തുടർന്നുവരുന്ന നിയമങ്ങളുമെല്ലാം കാലാനുസൃതമായി പരിഷ്കരിക്കപ്പെടുകയും പ്രായോഗിക ഇടപെടലുകളിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം.

ഡോ.അമൃത.കെ.പി.എന്‍.
ഗവേഷക സഹായി, KILA

COMMENTS

COMMENT WITH EMAIL: 0