Homeവഴിത്താരകൾ

സ്ത്രീകള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍

ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവകാശ സമരങ്ങളുടെ രൂപഭാവങ്ങളെ പാടേ മാറ്റി മറിച്ച കാലത്താണ് നാമിന്നു ജീവിക്കുന്നത്. സമീപകാലത്തു കേരളം കണ്ട നിര്‍ണായക സമരങ്ങളാണ് ദീപ മോഹനനും അനുപമ ചന്ദ്രനും നടത്തിയത്.അവര്‍ അവലംബിച്ച മുഖ്യമായ സമരരീതികള്‍ പരിചിതമായിരുന്നെങ്കിലും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ആശയ പ്രചാരണത്തിന് കൈവന്ന വേഗത്തിനും, ആഗോളതലത്തില്‍ തന്നെ ഇവര്‍ക്ക് രണ്ടുപേര്‍ക്കും കിട്ടിയ പിന്തുണക്കും ഊര്‍ജത്തിനും ഇത് വരെ കാണാത്ത ഒരു ചടുലത അനുഭവപ്പെട്ടിരുന്നു. അതില്‍ നവമാധ്യമങ്ങളുടെ പങ്കു ചെറുതല്ല.

ആക്ടിവിസവും അവകാശ സമരങ്ങളും മാധ്യമ രൂപങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മാധ്യമ വളര്‍ച്ചയുടേയും സമര ചിത്രങ്ങളുടേയും അനിവാര്യ ഘടകങ്ങളാണ്. അത് പോലെ തന്നെ ഗാഢമാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും സ്ത്രീ പ്രസാധന സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധങ്ങളും. പുസ്തകങ്ങളുടെ ചരിത്രത്തില്‍ സ്വാതന്ത്ര്യ സമരങ്ങളുടേയും വിമോചനപ്രസ്ഥാനങ്ങളുടേയും പങ്കു വളരെ വലുതാണ്. പരസ്പരം പോഷിപ്പിച്ചു കൊണ്ടാണ് വായനയും സമരങ്ങളും നിര്‍ണ്ണായകങ്ങളായ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. നവീനങ്ങളായ ആശയങ്ങള്‍ക്കും പുതുസ്വപ്നങ്ങള്‍ക്കും വിത്ത് പാകിയിട്ടുള്ളത്. സമാനമനസ്കരുമായുള്ള സംവാദങ്ങള്‍ ചലനാത്മകമാവുന്നത് പുസ്തകങ്ങളിലൂടെയാണ്.ഇത് വരെ വെളിച്ചം കാണാത്ത സ്ത്രീ അനുഭവങ്ങളെ പ്രസിദ്ധീകരിച്ചു കൊണ്ട് ഇന്ത്യന്‍ സ്ത്രീ പ്രസാധന രംഗത്തിനു നാന്ദി കുറിച്ച ഉര്‍വശി ബുട്ടാലിയയും റിതു മേനോനും തങ്ങളുടെ കാളി ഫോര്‍ വിമന്‍ എന്ന പ്രസിദ്ധീകരണ സംരംഭത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അത് ഇന്ത്യന്‍ സ്ത്രീപ്രസ്ഥാനത്തിന്‍റെ ചരിത്രം കൂടിയാകുന്നു.ഇന്ത്യന്‍ സ്ത്രീപ്രസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും ആ ചൈതന്യം പ്രവഹിക്കുന്നു. ഒരു ഗാരേജില്‍ 1984 ല്‍ ഇങ്ങിനെയൊരു കൂട്ട് സംരംഭം തുടങ്ങുമ്പോള്‍ റിതുവിനും ഉര്‍വശിക്കും ആകെ ഉണ്ടായിരുന്ന കൈമുതല്‍ തികഞ്ഞ സ്ത്രീപക്ഷ രാഷ്ട്രീയ ബോധ്യവും ആത്മവിശ്വാസവും മുഖ്യധാരാപ്രസിദ്ധീകരണശാലകളിലുള്ള ചെറിയൊരു പ്രവൃത്തി പരിചയവും മാത്രമായിരുന്നു.

ഉര്‍വശി ബുട്ടാലിയ

ആ കഥയെ ഹൃദ്യമായി അവതരിപ്പിക്കുന്ന ഡോക്യുമെന്‍ററി സിനിമയാണ് അനുപമ ചന്ദ്രയും ഉമാ തനുക്കുവും ചേര്‍ന്നു ഒരുക്കിയ The Books We Made. ലളിതവും സരളവുമായ ആഖ്യാനം പുത്തന്‍ പ്രതീക്ഷകളുടേയും നവോന്‍മേഷത്തിന്‍റേയും കഥ പറയുന്നതിനൊപ്പം ഒരു വിലപ്പെട്ട ചരിത്രത്തെക്കൂടി ആലേഖനം ചെയ്യുകയാണ്. പ്രസാധന ചരിത്രത്തിന്‍റെ അരികുകളില്‍ മാത്രം ഇടം കിട്ടാന്‍ സാധ്യതയുള്ള ചരിത്രം.പക്ഷെ റിതു മേനോന്‍ അരികുദേശങ്ങളെ കാണുന്നത് അധികാര കേന്ദ്രങ്ങളില്‍ നിന്നും ബഹുദൂരം അകലത്തില്‍ നില്‍ക്കുന്ന കരുത്തിന്‍റേയും നിശിതമായ വിമര്‍ശന ബുദ്ധിയുടേയും ഇടം കൂടി ആയിട്ടാണ്.ഒരു മണിക്കൂറും എട്ടു മിനിറ്റും ദൈര്‍ഘ്യമുള്ള ഈ സിനിമ ‘കാളി’ എന്ന സ്ഥാപനത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടി കൊണ്ടുപോകുമ്പോള്‍,നമ്മള്‍ മറ്റൊരു പൊളിച്ചെഴുത്തിനു കൂടി സാക്ഷികളാവുന്നു. ഒരു വ്യക്തിയിലേക്ക് ചുരുക്കപ്പെടുന്ന ‘എഴുത്തുകാരി’ എന്ന സ്വത്വത്തില്‍ നിന്ന് സ്ത്രീ കൂട്ടായ്മകളുടെ സംഘടിത വികാരം എങ്ങിനെ എഴുത്തിനെ ഒരു കൂട്ടായ പ്രക്രിയയാക്കി എന്ന് കൂടി ഉര്‍വശിയുടെ ഓര്‍മകളിലൂടെ നമ്മള്‍ അറിയുന്നു. ഈ സിനിമയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള ബേബി ഹാള്‍ഡറുടെ തെളിച്ചമാര്‍ന്ന വാക്കുകള്‍ ഈ നിലപാടിനെ വ്യക്തമായി ആവിഷ്കരിക്കുന്നു. ‘ എന്‍റെ കഥ മറ്റു സ്ത്രീകളുടേയും കഥയാണ്.ഒരു എഴുത്തുകാരിയാണെന്നു സ്വയം വിചാരിച്ചാല്‍ എനിക്ക് പിന്നെ എഴുതാന്‍ കഴിയില്ല.”

റിതു മേനോന്‍

കാളി ഫോര്‍ വിമന്‍ എന്ന പേര് വെറുമൊരു പ്രസിദ്ധീകരണശാലയുടെ പേരല്ല.അതിന്‍റെ സ്ഥാപകരായ ഉര്‍വശി ബുട്ടാലിയയും റിതു മേനോനും കേവലം രണ്ടു പുസ്തക കച്ചവടക്കാരുമല്ല.എഴുപതുകളിലും എണ്‍പതുകളിലും ദില്ലിയില്‍ വിദ്യാര്‍ത്ഥിനികളായിരിക്കെ തെരുവില്‍ തങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ, പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചുകളുടെ ചൂടില്‍ നിന്നാണ് പ്രസാധനരംഗത്തേക്കു വീറോടെയും വാശിയോടെയും ഈ രണ്ടു യുവതികള്‍ എത്തിച്ചേരുന്നത്.നിലനില്‍ക്കുന്ന ജ്ഞാനവ്യവസ്ഥയില്‍ സ്ത്രീഅനുഭവങ്ങളുടെ, സ്ത്രീകളുടെ വിമര്‍ശനപരമായ കാഴ്ചപ്പാടിന്‍റെ അഭാവമാണ് മറ്റൊരു അറിവുലോകത്തെ വായനക്കാരിലേക്കെത്തിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.എണ്‍പതുകളിലും തുടര്‍ന്നും വിവിധ അക്കാദമിക മേഖലകളില്‍ നടന്ന ഫെമിനിസ്റ്റ് പഠനങ്ങള്‍ വെളിച്ചം കണ്ടത് അങ്ങിനെയാണ്. ‘കാളി’ യിലൂടെയാണ് ഒരു വലിയ ജ്ഞാനശേഖരം ഗവേഷകരിലേക്കെത്തുന്നത്. ‘കാളി’ സമൂഹത്തില്‍, സംസ്കാരത്തില്‍ രാഷ്ട്രീയമായി ഇടപെടുക തന്നെയായിരുന്നു.സൗത്ത് ഏഷ്യന്‍ ഫെമിനിസം എന്ന ഒരു ഭൂമികയെ തന്നെ സൃഷ്ടിച്ചെടുത്ത അറിവുത്പാദനമായിരുന്നു കാളിയുടേത്. ഫെമിനിസ്റ്റ് പാണ്ഡിത്യത്തിലെ വളരെ തിളക്കമേറിയ അധ്യായങ്ങള്‍ വായനക്കാരിലേക്കെത്തിച്ചതു കാളിയാണെന്നു മാത്രമല്ല; ഒരു പുതിയ വായനക്കാരിയെ , കാഴ്ചപ്പാടിനെ സൃഷ്ടിക്കുക കൂടി ചെയ്തു, ആത്മാര്‍ത്ഥതയോടെ,അര്‍പ്പണബോധത്തോടെ-ഒരു സാമ്പത്തിക ഭദ്രതയുമില്ലാതെ. സ്ത്രീധനത്തിനെതിരെ സമരങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴും പോസ്റ്ററുകള്‍ നിര്‍മിക്കുമ്പോഴും സ്ത്രീകളുടെ സവിശേഷമായ അനുഭവങ്ങളെ കുറിച്ചുള്ള പുസ്തങ്ങളുടെ, പുസ്തക രൂപത്തിലുള്ള അറിവുകളുടെ അസാന്നിധ്യത്തില്‍ നിന്നാണ് മറ്റൊരു പ്രസാധന സാധ്യതയെ കുറിച്ചുള്ള അന്വേഷണം ശക്തമാകുന്നത്.സ്ത്രീധന വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത ദില്ലിയിലെ രോഷാകുലരായ വിദ്യാര്‍ത്ഥിനികള്‍ ഈ സാമൂഹ്യ കീഴ്വഴക്കത്തിന്‍റെ ഉറവിടം തേടിയപ്പോള്‍,അതിനെതിരെ ഉണരുന്ന അവബോധത്തെ വിശദീകരിക്കുവാന്‍ ശ്രമിക്കുമ്പോള്‍, അതിനു ഉപോല്‍ബലകമായി ഒരു പുസ്തകം പോലും ലഭ്യമായിരുന്നില്ല എന്നത് ഇത്തരമൊരു സംരംഭത്തിന് പ്രേരണയായി മാറുകയായിരുന്നു.

‘കാളി’യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സവിശേഷതകള്‍ ഏറെ ഉണ്ടായിരുന്നു. റിതു മേനോന്‍ തങ്ങളുടെ വ്യതിരിക്തമായ സമീപനങ്ങളെക്കുറിച്ച് വാചാലയാകുന്നു. “ഭിന്നകലകളെ പരസ്പരം വേര്‍പെടുത്തി നിര്‍ത്താന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. ഒരു പക്ഷെ ആദ്യമായി ഒരു നര്‍ത്തകിയെ കൊണ്ട് ലോഗോ ഡിസൈന്‍ ചെയ്തവര്‍ ഞങ്ങളായിരിക്കും.” ചന്ദ്രലേഖ ആയിരുന്നു ആ നര്‍ത്തകി. വിപണിക്ക് വലിയ പ്രിയമില്ലാതിരുന്ന കവിതാസമാഹാരങ്ങളെ കാളി ആകര്‍ഷകമാക്കിയത് പ്രതിഭാശാലികളായ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത സ്ത്രീ പോര്‍ട്രെയ്റ്റുകള്‍ കവിതാപുസ്തകങ്ങളുടെ ഭാഗമാക്കിയിട്ടാണ്.

പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റിന്‍റെ ഓപ്പണ്‍ ഫ്രെയിം സിനിമ പരമ്പരയുടെ ഭാഗമായി നിര്‍മിക്കപ്പെട്ട ചിത്രത്തില്‍ പുസ്തകങ്ങള്‍ ബഹുവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. 1984 ല്‍ തുടങ്ങി 2003 ല്‍ സുബാന്‍, വുമണ്‍ അണ്‍ലിമിറ്റഡ് എന്ന രണ്ടു സ്ഥാപനങ്ങളായി പിരിയുന്നത് വരെയുള്ള ചരിത്രം ഒരുപാടു സ്ത്രീ ഗവേഷകരുടെ, എഴുത്തുകാരുടെ, അനുഭവകുറിപ്പുകളും അഭിമുഖങ്ങളും കൊണ്ട് മിഴിവുറ്റതാകുന്നു.ഗൃഹാതുരത്വത്തെക്കാളേറെ മുന്തി നില്കുന്നത് ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളാണ്.കടലാസുകളിലൂടെ, ഡയറികളിലൂടെ, ബ്ളാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലൂടെ, കൈയ്യെഴുത്തുകളിലൂടെ പ്രസാധനത്തിന്‍റെ മാന്ത്രികത ക്യാമറ ഒപ്പിയെടുക്കുന്നു. ‘കാളി’ക്ക് ശേഷം ‘സുബാനി’ലൂടെ പുറത്തിറങ്ങിയ എഴുത്തിലൂടെയും സിനിമ യാത്ര ചെയ്യുന്നുണ്ട്.വാക്കുകള്‍ അതിര്‍ത്തികള്‍ കടക്കുമ്പോള്‍ ഒരു സാധാരണ ഡോക്യുമെന്‍ററി സിനിമയുടെ പഴകിയ ശൈലികളെയും അതിരുകളെയും ക്രിയാത്മകമായി ഈ ചിത്രം അതിലംഘിക്കുന്നു.

പുസ്തകങ്ങള്‍ കുമിഞ്ഞു കൂടുന്ന, ചിതറി തെറിക്കുന്ന, തുളുമ്പി തൂവുന്ന ഇടുങ്ങിയ അകങ്ങളില്‍ നിന്നും അത് ബംഗ്ലാദേശി അതിര്‍ത്തികളിലെ നദികളിലൂടെ ഒഴുകുന്ന വഞ്ചികളിലേക്കും, പെണ്‍കുട്ടികളുടെ ആരവങ്ങള്‍ മുഴങ്ങുന്ന കളിക്കളങ്ങളിലേക്കും സഞ്ചരിക്കുന്നു.ഇതുവരെ നമ്മള്‍ അഭിസംബോധന ചെയ്യാതിരുന്ന പ്രസിദ്ധീകരിക്കാതിരുന്ന യുദ്ധത്തിന്‍റെ സ്ത്രീമുഖങ്ങളെ ഷഹീന്‍ അഖ്തരുടെ ‘തലാഷി’ലൂടെ സുബാന്‍ വെളിപ്പെടുത്തിയപ്പോള്‍ ,ബേബി ഹാള്‍ഡറുടെ ആത്മകഥയിലൂടെ മറ്റു പെണ്‍കുഞ്ഞുങ്ങളോടൊത്തു കളിക്കാന്‍ നിറവയറുമായി മൈതാനത്തിലെത്തുന്ന ഒരു പന്ത്രണ്ടു വയസ്സുകാരിയുടെ കഥ പറഞ്ഞപ്പോള്‍ ഇതുവരെ കാണാത്ത ക്രൗര്യങ്ങളുടെ ആകാശങ്ങളിലേക്ക് നമ്മള്‍ കണ്‍തുറക്കുകയായിരുന്നു. ബേബി ഹാള്‍ഡറുടെ അപഹരിക്കപ്പെട്ട ബാല്യത്തെ ഭാവനാത്മകമായ ശബ്ദമിശ്രണത്തിലൂടെ സംവിധായകര്‍ നിര്‍വഹിക്കുമ്പോള്‍ അതൊരു ആര്‍ദ്രമായ ഓര്‍മ്മയും നീറ്റലുമായി ബാക്കിനില്‍ക്കുന്നു.
രണ്ടു സ്ത്രീകള്‍ ചേര്‍ന്നുണ്ടായ ഈ പ്രഥമ സംരഭത്തിന് പടിഞ്ഞാറു ഒരുപാടു മാതൃകകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ സാംസ്കാരിക/രാഷ്ട്രീയ സന്ദര്‍ഭവും പ്രസാധന സന്ദര്‍ഭവും തികച്ചും വ്യത്യസ്തമായിരുന്നു. പോസ്റ്ററുകള്‍, സമരദൃശ്യങ്ങള്‍, ‘കാളി’ ഇറക്കിയ ഡയറികള്‍, ഷീബ ഛാഛിയെ പോലുള്ളവരുടെ ഓര്‍മ്മകള്‍ എല്ലാം ചേര്‍ന്നു ദൃശ്യസമ്പന്നമായ ഈ ഡോക്യൂമെന്‍ററിയില്‍ നിറയുന്നത് ഊഷ്മളമായ സൗഹൃദങ്ങളും,സൗമ്യമായ നിര്‍ബന്ധങ്ങളും,പ്രസാധകരും എഴുത്തുകാരും തമ്മിലുള്ള ഉരസലുകളും,ചെറിയൊരു തളര്‍ച്ചക്ക് ശേഷം വീണ്ടും പൂവിടുന്ന സ്നേഹബന്ധങ്ങളും ഒക്കെയാണ്.അതിലേറെ പ്രധാനം സുദൃഢമായ, പതറാത്ത നിലപാടുകളാണ്.ആണധികാരത്തിനെതിരെയുള്ള രോഷം മാത്രമല്ല ഈ സിനിമയെ മെനഞ്ഞെടുക്കുന്ന വികാരം.മറ്റൊരു ലോകത്തിനായുള്ള സ്വപ്നവും മോഹവും കരുതലും തുന്നിച്ചേര്‍ത്തു നെയ്തെടുത്ത അമൂല്യമായ ഈ ചിത്രത്തിലെ ഓരോ ഫ്രെയിമിലും ഊറി നില്‍ക്കുന്നത് സ്നേഹത്തിന്‍റെ, കൂട്ടുത്തരവാദിത്തത്തിന്‍റെ ഉറപ്പും മധുരിമയുമാണ്.

 

 

 

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0