ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2030-ഓടെ 10 ട്രില്യണ്‍ യു.എസ്. ഡോളറായി വളരുമെന്നതാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ജീവിതം അല്ലെങ്കില്‍ മരണം എന്ന സാഹചര്യമല്ലാതെ മറ്റൊന്നും അല്ല. കാരണം 2030 ആകുമ്പോള്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായിരിക്കും ഇന്ത്യ. ജനസംഖ്യയുടെ പകുതിയോളം വരുന്ന ജനതക്ക് മാന്യമായ രീതിയില്‍ ജീവിക്കണമെങ്കില്‍ ജിഡിപി ഇന്നത്തെ 3.17 ട്രില്യണ്‍ ഡോളര്‍ എന്ന നിലയില്‍ നിന്നും 10 ട്രില്യണ്‍ ആവേണ്ടത് അത്യാവശ്യം ആണ്. ഇതിനായി വിഭവങ്ങളെ വൈദഗ്ദ്ധ്യത്തോടെ നിക്ഷേപിക്കുകയും ഉപയോഗിക്കുകയും ചെയ്യണം. അതില്‍ അതി പ്രധാനമായ ഒന്നാണ് സ്റ്റേറ്റും വിപണിയും ഇന്ത്യ മഹാരാജ്യത്തെ സ്ത്രീകളുടെ കഴിവിനെയും അറിവിനേയും പ്രവൃത്തി പരിചയത്തെയും എങ്ങനെയാണ് ഉപയോഗിക്കുക എന്നത്.
സ്ത്രീ തൊഴില്‍ പങ്കാളിത്തം – യാഥാര്‍ഥ്യം:
കണക്കുകള്‍ കാണിക്കുന്നത് സ്ത്രീയുടെ ഉത്പാദന ശക്തിയെ ഉപയോഗിക്കുന്നതില്‍ അമാന്തം കാണിക്കുന്ന രീതിയാണ് ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എന്നാണ്. ഇന്ത്യന്‍ സ്ത്രീകളുടെ 25 ശതമാനം മാത്രമാണ് 2020-21 കാലത്ത് തൊഴില്‍ മേഖലയില്‍ ഉള്ളത് (PLFS 2020-21). . ഇത് പുരുഷന്മാരില്‍ 77 ശതമാനമാണ്. മൊത്തം തൊഴില്‍ പങ്കാളിത്തം 54.9 ശതമാനമായി നില്‍ക്കുന്നതിന്‍റെ കാരണം ശുഷ്കമായ സ്ത്രീ പങ്കാളിത്തമാണെന്ന് പറയാം.
2017-18 കാലത്തെ അപേക്ഷിച്ച് സ്ത്രീ തൊഴില്‍ പങ്കാളിത്തത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് വാദിക്കുമ്പോഴും മനസ്സിലാക്കേണ്ട പ്രധാന കാര്യം വര്‍ധന പ്രധാനമായും ഉണ്ടായിരിക്കുന്നത് ഗ്രാമീണ മേഖലയില്‍ ആണ്. 2017-18 ലേ പതിനെട്ട് ശതമാനത്തില്‍ നിന്നും 2019-2ല്‍ ഇരുപത്തെട്ട് ശതമാനം ആയി ഉയര്‍ന്നു. എന്നാല്‍ നഗര പ്രദേശത്ത് ഈ കാലയളവില്‍ സ്ത്രീ തൊഴില്‍ പ്രാതിനിധ്യം പതിനാറ് ശതമാനത്തില്‍ നിന്നും വെറും 18.6 ശതമാനം മാത്രമായാണ് വളര്‍ന്നത്. 2017 കാലം മുതല്‍ ഗ്രാമീണ മേഖലയിലെ കാര്‍ഷികേതര തൊഴിലുകളും മറ്റ് തൊഴിലുകളും (കൈത്തറി, കരകൗശല മേഖലയിലെ തൊഴിലുകള്‍) നോട്ടുനിരോധനത്തെ തുടര്‍ന്ന് നിലച്ചപ്പോഴും, കോവിഡിനെ തുടര്‍ന്ന് തൊഴില്‍ മേഖലയില്‍ ഉണ്ടായ വന്‍ സാമ്പത്തിക ഇടിവില്‍ ഗ്രാമീണ മേഖലയിലെ പുരുഷന്മാര്‍ നഗരങ്ങളിലേക്ക് കുടിയേറിയതും കാര്‍ഷിക മേഖലയില്‍ സ്ത്രീ പങ്കാളിത്തം കൂടാന്‍ കാരണമായി. കാരണം ഈ കാലയളവില്‍ കാര്‍ഷിക ഉത്പാദനം വളര്‍ന്നുവെങ്കിലും, അതിനനുസരിച്ച് കാര്‍ഷിക വരുമാനം വളര്‍ന്നില്ല. അപ്പോള്‍ കുടുംബത്തിന്‍റെ നിലനില്‍പിനായി വരുമാന സ്രോതസ്സുകള്‍ വികസിപ്പിക്കേണ്ടി വന്നു. അതിന്‍റെ പരിണിത ഫലമാണ് പുരുഷന്മാരുടെ ചാക്രിക കുടിയേറ്റം.
1991 ന് ശേഷം നഗരത്തിലേക്കുള്ള പുരുഷ തൊഴിലാളികളുടെ കുടിയേറ്റം സ്ത്രീകളെ കര്‍ഷക തൊഴിലാളി എന്നതില്‍ നിന്നും കര്‍ഷക ആക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് പ്രധാനമായും സംഭവിച്ചത് നഗരവത്കരണം വലിയ തോതില്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ആണ്. എന്നാല്‍ വികസനത്തില്‍ പുറകില്‍ നില്‍ക്കുന്ന പല വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ത്രീകളുടെ കാര്‍ഷിക മേഖലയിലെ പങ്കാളിത്ത വര്‍ധനവിന് കാരണം പുരുഷ തൊഴിലാളികളുടെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം ആണ്. അല്ലാതെ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് പുതിയ സാധ്യത ഉണ്ടായത് കൊണ്ടുള്ള വര്‍ധന ആയി ഇതിനെ കാണാന്‍ കഴിയില്ല. അതായത് നഗര മേഖലയിലെ സ്ത്രീ തൊഴില്‍ പങ്കാളിത്ത വര്‍ധന വളരെ പതുക്കെയാണ് നടക്കുന്നത്. ഇത്
വ്യക്തമാക്കുന്നത് പുതിയ തൊഴിലില്‍ ഒരു സ്ത്രീക്ക് കയറിപ്പറ്റാനുള്ള സാധ്യത വളരെ കുറവാണെന്നാണ്. അത് മൂലം കഴിവും പ്രവര്‍ത്തി പരിചയവും ഉള്ള ബഹുഭൂരിപക്ഷം സ്ത്രീകളും ഉത്പാദന- വിപണന പ്രക്രിയകളില്‍ പങ്കാളിയാകാതെ മാറിനില്‍ക്കേണ്ടി വരുന്നു, അവര്‍ തൊഴില്‍ രഹിതര്‍ ആവുന്നു.
തൊഴില്‍ മേഖലയില്‍ നിന്നും തള്ളപ്പെടുന്ന മിടുക്കികള്‍:
ഇത് സ്ത്രീകളുടെ പ്രശ്നത്തിനപ്പുറം ഒരു സമ്പദ് വ്യവസ്ഥയുടെ കാഴ്ച്ചപ്പാടിന്‍റേയും നിലപാടുകളുടേയും പ്രശ്നം ആണ്. കാരണം 2020-21 ലെ തൊഴില്‍ പങ്കാളിത്ത സര്‍വേയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 15-29 വയസ്സുള്ള സ്ത്രീകളില്‍ നഗര പ്രദേശത്ത് 70 ശതമാനം പേരും, ഗ്രാമീണ മേഖലയില്‍ 52 ശതമാനം പേരും എട്ടാം ക്ലാസ്സിനു മുകളില്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ ആണ്. അഞ്ചാം ദേശീയ കുടുംബ ആരോഗ്യ സര്‍വേ (201921) പ്രകാരം പത്താം ക്ലാസ്സിനു മുകളില്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ നഗരത്തില്‍ 56 ശതമാനവും ഗ്രാമപ്രദേശത്ത് 34 ശതമാനവും ആണ്. 15 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകളുടെയും കണക്കെടുത്താല്‍ എട്ടാം ക്ലാസിനുമുകളില്‍ വിദ്യാഭ്യാസം ഉളളവര്‍ നഗര പ്രദേശത്ത് 50 ശതമാനവും ഗ്രാമപ്രദേശത്ത് 27 ശതമാനവും ആണ്. ഈ കണക്കുകള്‍ കാണിക്കുന്നത് തൊഴില്‍ മേഖലയില്‍ പങ്കാളിയാവാന്‍ ഉള്ള വിദ്യാഭ്യാസം ലഭിച്ചിട്ടും തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഇന്നും അന്യമാണ് എന്നതാണ്.
ഇതിന് പ്രധാന കാരണം സമ്പദ് വ്യവസ്ഥയുടെ പ്രതിസന്ധി മൂലം തൊഴില്‍ വളര്‍ച്ച മുരടിച്ചതാണ്. തൊഴിലിന്‍റെ എണ്ണം കുറയുകയും, അതേസമയം പ്രതിമാസം ഏകദേശം ഒരു മില്യണ്‍ യുവ തൊഴില്‍ അന്വേഷകര്‍ വിപണിയില്‍ എത്തുകയും ചെയ്യുന്നതിനൊപ്പം തൊഴിലില്‍ നിന്നും പുറത്ത് വന്നവരും തൊഴില്‍ അന്വേഷകര്‍ ആവുമ്പോള്‍ ഒരു പിതൃദായക വ്യവസ്ഥയില്‍ സ്ത്രീ തൊഴില്‍ അന്വേഷകയെ അവഗണിച്ച് പുരുഷന് കൊടുക്കുക എന്നത് വളരെ സ്വാഭാവിക പ്രവണത ആണ്. അത് ഇന്ന് വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ്. കൂടാതെ സര്‍ക്കാര്‍ മേഖലയിലെ സ്ഥിര തൊഴിലുകള്‍ ഇല്ലതായതും ഉള്ളവയില്‍ നല്ലൊരു ശതമാനം കരാര്‍ തൊഴില്‍ ആയി മാറിയതും ആണ്.
ഇത്തരം അവഗണന ധാരാളമായി കാണുന്നത് ഉയര്‍ന്ന വിദ്യാഭ്യാസവും തൊഴില്‍ പരിചയവും കഴിവും ആവശ്യമുള്ള മേഖലകളിലാണ്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തിന്‍റെ പഠനപ്രകാരം 2021ല്‍ ഇന്ത്യന്‍ കോര്‍പറേറ്റ് സെക്ടറില്‍ വെറും 24 ശതമാനം മാത്രമാണ് സ്ത്രീകള്‍. ടെക്നോളജി, ബാങ്കിംഗ് മേഖലകള്‍ മാറ്റി നിറുത്തിയാല്‍ ഈ കണക്ക് പത്തിനും പതിനഞ്ചിനും ഇടക്കായിരിക്കും. ഈ പഠനം പ്രകാരം സ്ത്രീ പ്രാധിനിധ്യം കോര്‍പ്പറേറ്റുകളില്‍ വരും നാളില്‍ ഇതിലും കുറയും, കാരണം പുതിയ റിക്രൂട്ട്മെന്‍റുകളില്‍ 21ശതമാനം മാത്രമേ സ്ത്രീകള്‍ ഉള്ളൂ.
അതു പോലെ വേറൊരു പത്ര റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വ്യക്തിപരമായ കാരണങ്ങളാല്‍ കോര്‍പറേറ്റ് ജോലിയോ എന്തിന് സര്‍ക്കാരിലെ കരാര്‍ തൊഴിലോ വിടേണ്ടി വന്ന കഴിവ് തെളിയിച്ച മിടുക്കികളായ സ്ത്രീകള്‍ക്ക് തിരിച്ച് തൊഴില്‍ മേഖലയില്‍ കയറാന്‍ കഴിയുന്നില്ല എന്നതാണ്.
2017 നും 2022 നും ഇടക്ക് ഏകദേശം 21 മില്യണ്‍ ആളുകള്‍ തൊഴില്‍ മേഖലയില്‍ നിന്നും അപ്രത്യക്ഷമായി. ഇതില്‍ നല്ലൊരു ശതമാനം സ്ത്രീ തൊഴിലാളികളാണ് (CMIE, 2022). ഇങ്ങനെ തൊഴില്‍ മേഖലയില്‍ നിന്നും പുറത്തിരിക്കുന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനത്തിന് തിരിച്ച് തൊഴിലില്‍ എത്തപ്പെടുമെന്ന പ്രതീക്ഷപോലും ഇല്ല. ഇത് ഉണ്ടാക്കുന്ന ദേശീയ ഉത്പാദന നഷ്ടം എന്താണെന്ന് കണക്കാക്കിയാലെ ഈ പ്രശ്നത്തിന്‍റെ വലിപ്പം മനസ്സിലാവുകയുള്ളു. ഇതിന്‍റെ ഒപ്പം ഒരുകാര്യം ഓര്‍ക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീ പ്രാതിനിധ്യം 35 ശതമാനത്തിന് മുകളില്‍ ഉള്ള പല സ്ഥാപനങ്ങളിലും മുന്‍നിര ഉത്തരവാദിത്വങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം ശുഷ്കിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കഴിവും, വിദ്യാഭ്യാസവും അറിവും കൊണ്ട് തൊഴില്‍ നേടിയാലും അതില്‍ മിടുക്കിയാണെന്ന് തെളിയിച്ചാലും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് വരുമ്പോള്‍ സ്ത്രീക്ക് വൈകിയ നേരത്തെ മീറ്റിംഗുകള്‍ക്ക് പോകാന്‍ ആവുമോ, നിരന്തര യാത്രകള്‍ നടത്താനാവുമോ, സ്ത്രീക്ക് കൂടുതല്‍ വരുമാനം ഉണ്ടായാല്‍ അത് കുടുംബബന്ധത്തെ ബാധിക്കില്ലേ എന്നിങ്ങനെയുള്ള ബാലിശ ആശങ്കള്‍ പറഞ്ഞ് സ്ത്രീകളെ പിന്തിരിപ്പിക്കുന്ന സ്ഥിതിവിശേഷം ഇന്നും നിലനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ തന്‍റെ തൊഴില്‍ ജീവിതത്തില്‍ അവര്‍ നിരന്തരം യാത്ര ചെയ്തവരും, വൈകിയ വൈകുന്നേരങ്ങളില്‍ ഓഫീസ് സംബന്ധമായ തിരക്കില്‍ ജീവിച്ചവരും ആണ്. പുരുഷകേന്ദ്രീകൃതമായ മേഖലകളില്‍ സ്ത്രീകള്‍ എത്തപ്പെടുമ്പോള്‍ തങ്ങളോടൊപ്പം ഉള്ള പുരുഷന്‍റെ ഇരട്ടിപ്പണിയെടുത്തിട്ടാണ് താന്‍ മിടുക്കികളാണെന്ന് ഒരു സ്ത്രീ തെളിയിക്കുന്നത്. തൊഴില്‍ ജീവിതത്തിന്‍റെ ഓരോ പടവിലും യുദ്ധം ചെയ്യേണ്ടി വരുന്ന സംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ മധ്യവയസ്സോടെ യുദ്ധം മതിയാക്കുന്നത് ഇന്ന് സാധാരണം ആയിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ ഓരോ വിജയവും ഇന്നും വന്‍ വിജയങ്ങള്‍ ആയി ആഘോഷിക്കേണ്ടി വരുന്നത്.
സ്ത്രീ തൊഴില്‍ പങ്കാളിത്തവും ജിഡിപി വളര്‍ച്ചയും:
കുറഞ്ഞ സ്ത്രീ തൊഴില്‍ പങ്കാളിത്തം രാജ്യത്തിന്‍റെ ജിഡിപി വളര്‍ച്ചക്ക് വലിയ തടസ്സം തന്നെ യാണ്. എങ്ങിനെ തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാം എന്നത് 21-ാം നൂറ്റാണ്ടിന്‍റെ മൂന്നാം ദശകത്തിലിരുന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ അത് ഇന്നത്തെ വികസിത രാജ്യങ്ങള്‍ ഒരു നൂറ്റാണ്ട് മുന്‍പ് നടത്തിയ ചര്‍ച്ചകള്‍ ആവര്‍ത്തിക്കുന്ന നിലയാണ്. ഇത് സാമ്പത്തിക സാമൂഹിക വികസനത്തിന്‍റെ വളര്‍ച്ചയില്‍ ഇന്ത്യ എവിടെ നില്ക്കുന്നു എന്നുള്ളതിന്‍റെ തെളിവ് കൂടിയാണ്. വികസിത രാജ്യങ്ങളിലെ സ്ത്രീ തൊഴില്‍ പങ്കാളിത്ത നില 50 ശതമാനത്തിനും മുകളില്‍ലാണ്. ഉദാഹരണം കാനഡ (61%), ഫ്രാന്‍സ് (52%), ജര്‍മനി (57%), ജപ്പാന്‍ (53%), അമേരിക്ക (55%). ഈ അടുത്ത കാലത്ത് സാമ്പത്തിക സാമൂഹിക സൂചികകളില്‍ എണ്ണപ്പെട്ട നേട്ടങ്ങള്‍ കൈവരിച്ച ബംഗ്ലാദേശിന്‍റെ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് 36 ശതമാനം ആണ്.
സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയരുക എന്നാല്‍ സ്ത്രീ- പുരുഷ തൊഴില്‍ പങ്കാളിത്തത്തില്‍ തുല്യത ഉണ്ടാവുക എന്നതാണ്. തൊഴില്‍ മേഖലയിലെ അവസരങ്ങളിലും വേതനത്തിലും ഉള്ള തുല്യതയുടെ പ്രതിഫലനം കുടുംബ – സാമൂഹിക ബന്ധങ്ങളിലും ഉണ്ടാവും. ലിംഗവിവേചനം കുറഞ്ഞ സമൂഹമെന്നത് സാമൂഹിക സാമ്പത്തിക വികസനത്തിന്‍റെ അടിസ്ഥാന ആവശ്യം ആണ്.
ഇന്ത്യ 10 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ ആകണമെങ്കില്‍ ഇന്ത്യന്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമെങ്കിലും ആകണം. നഗര – ഗ്രാമീണ സ്ത്രീ തൊഴിലുകള്‍ വര്‍ധിപ്പിക്കാനുള്ള നയങ്ങള്‍ മളളശൃാമശ്ലേ മരശേീി ആയിത്തന്നെ നടപ്പിലാക്കേണ്ടത് ആണ്.
COMMENTS