എഴുത്തുകാരി, വിവര്‍ത്തക, ദലിത്-ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ്, പ്രസാധക എന്നീ നിലകളില്‍ പ്രശസ്തയായ വി. ഗീതയുമായി സുജ സവിധം നടത്തിയ അഭിമുഖത്തിന്‍റെ മലയാള പരിഭാഷ.
പ്രസാധനം എന്നത് ഏറെ ആകര്‍ഷണീയമായ മേഖലയാണ്. ഇംഗ്ലീഷില്‍ നമുക്ക് ധാരാളം സ്ത്രീ പ്രസാധകരെ കാണാന്‍ സാധിക്കും. ഏറെ ഭാഗ്യകരമെന്നോ അവിചാരിതമെന്നോ വിശേഷിപ്പിക്കാവുന്ന വസ്തുത എനിക്ക് ആദ്യംതന്നെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് പത്രപ്രവര്‍ത്തന മേഖലയിലായിരുന്നു എന്നതാണ്. ഞാനപ്പോള്‍ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ എം. എ. വിദ്യാര്‍ഥിയാണ്. അന്നവിടുത്തെ അദ്ധ്യാപകനായിരുന്ന ജോര്‍ജ് മാത്യൂസ് ഒരിക്കല്‍ എന്നോട് പറഞ്ഞു, നമ്മുടെ പൂര്‍വ്വ വിദ്യാര്‍ഥികളിലൊരാള്‍ വാരപത്രമിറക്കുന്നു, അതിനായി വാര്‍ത്താറിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട് എന്ന്.
വി. ഗീത
ചെന്നൈ മലയാളി ശ്രീകുമാര്‍ വര്‍മ്മ എന്നയാളായിരുന്നു പത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. ട്രൈഡെന്‍റ് എന്ന പേരില്‍ ദ്വൈവാരികയായിട്ടായിരുന്നു പത്രം ഇറങ്ങിയിരുന്നത്. പത്രത്തിനുണ്ടായിരുന്ന ഒരേയൊരു റിപ്പോര്‍ട്ടര്‍ പിന്നീട് ഞാനായി എന്നുവേണം പറയാന്‍. അദ്ദേഹം നിരവധി ആള്‍ക്കാരെ ഇതിനായി സമീപിച്ചിരുന്നു , മറ്റാരും പക്ഷേ തയ്യാറായില്ല. 1985കളിലാണ് ഇത്. അധികം പ്രവര്‍ത്തകരില്ലാത്ത, വളരെ ചെറിയ ഒരു പത്രം, അപ്പോള്‍ സ്വാഭാവികമായും നമ്മള്‍ പത്രത്തിന്‍റെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കേണ്ടി വരും. അങ്ങനെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതില്‍ തുടങ്ങി എഴുതി തയ്യാറാക്കി അത് വിപണനത്തിന് അയക്കുന്നതുവരെയുള്ള ജോലികള്‍ ചെയ്യേണ്ടിവന്നു. ഏറെ രസകരവും അതേസമയം പലരീതിയില്‍ വിജ്ഞാനപ്രദവുമായ അനുഭവമായിരുന്നു അത്. മദ്രാസില്‍ അന്ന് ധാരാളം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്ന സമയമാണ്. എം. ജി. ആറായിരുന്നു അന്ന് മുഖ്യമന്ത്രി. ചെന്നൈ സൗന്ദര്യവത്കരണ ക്യാമ്പയിന്‍ പദ്ധതിയുടെ ഭാഗമായി മറീനയുടെ കടല്‍ത്തീരമേഖലയില്‍ മാറ്റങ്ങള്‍ വരുത്തുകയും മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നും പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും പോലീസ് വെടിവെപ്പും നിയന്ത്രണങ്ങള്‍ വരികയും എല്ലാമുണ്ടായതാണ് അതില്‍ ചിലത്. ബീഹാര്‍ പ്രസ്സ് ആക്ട് നിലനില്‍ക്കുന്നതിനാല്‍ പത്രസ്വാതന്ത്ര്യത്തില്‍ നിയന്ത്രണങ്ങളുണ്ട്. ആ ഒരു അന്തരീക്ഷത്തിലാണ് ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്, ഡെക്കാന്‍ ഹെറാള്‍ഡ് എന്നിങ്ങനെ അന്നത്തെ മുന്‍നിര മാധ്യമപ്രവര്‍ത്തകരെയും തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളെയുമെല്ലാം നേരിട്ടുകണ്ട് അവരുടെ അഭിപ്രായങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ടിങ് നടത്തിയത്. പ്രായത്തിന്‍റെ ചെറുപ്പം കാരണം പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും ഭയമില്ലാതെ അന്ന് വളരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയായിരുന്നു. വലിയ അനുഭവമായിരുന്നു അത്. പത്രപ്രവര്‍ത്തന മേഖലയിലെ ഇത്തരം വിശാലവും ധീരവും എന്നാല്‍ പൂര്‍ണ്ണമായും അപ്രതീക്ഷിതവുമായ അനുഭവങ്ങളായിരിക്കണം പ്രസാധനമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് ശക്തമായ അടിത്തറ ഉണ്ടാക്കിത്തന്നത്.
ഈ പത്രം പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നോ?
ആയിരുന്നു. സബ്സ്ക്രിപ്ഷന്‍ വഴിയും പോസ്റ്റല്‍ മാര്‍ഗ്ഗവും മറ്റ് കടകളില്‍ നിന്നുമെല്ലാം വാങ്ങാന്‍ ലഭിക്കുമായിരുന്നു. പക്ഷേ പിന്നീട് അധികകാലം ഇത് തുടര്‍ന്നുപ്രവര്‍ത്തിച്ചില്ല. ആറ് മാസക്കാലമേ ചുരുങ്ങിയത് ഉണ്ടായുള്ളൂ. ആദ്യം സൂചിപ്പിച്ചല്ലോ ഞങ്ങള്‍ രണ്ടുപേരാണ് ആകെ ഇതിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉണ്ടായിരുന്നത്. റിപ്പോര്‍ട്ടര്‍ ആയി ഞാന്‍ ഒരാള്‍ മാത്രം. കല, രാഷ്ട്രീയം, സാഹിത്യം എന്നിങ്ങനെ എല്ലാ മേഖലയിലും ഒറ്റയ്ക്ക് റിപ്പോര്‍ട്ടിങ് നടത്തി. ഈയൊരു മേഖലയില്‍ ഉള്ള താല്പര്യവും ഇച്ഛാശക്തിയും മൂലമാണ് അത്രയെങ്കിലും കാലം പത്രം നിലനിന്നത്.
പി. ജി. പൂര്‍ത്തിയാക്കിയതിനുശേഷം ഒരു വര്‍ഷം ഓറിയന്‍റ് ലോങ്ങ്മാനില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഇപ്പോഴത് ഓറിയന്‍റല്‍ ബ്ലാക്സ്വാന്‍ എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. അതിലെ ശ്രദ്ധേയമായ ഒരു കാര്യം പറയട്ടെ, അതില്‍ എഡിറ്റോറിയല്‍ വിഭാഗം പൂര്‍ണ്ണമായും കൈകാര്യം ചെയ്തിരുന്നത് സ്ത്രീകളായിരുന്നു. ഓറിയന്‍റ് ലോങ്ങ്മാന്‍ , ഓക്സ്ഫോര്‍ഡ് എന്നിങ്ങനെ അന്നത്തെ ഒരുവിധം പ്രസാധനമേഖലയിലെല്ലാം നമുക്ക് ഈ ഒരു നേതൃത്വമികവ് കാണാന്‍ സാധിക്കുമായിരുന്നു. പ്രധാന എഡിറ്റോറിയല്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നത് കൂടുതലായും സ്ത്രീകളായിരുന്നു. രോഹിണി ഹെര്‍ബെര്‍ട് എന്ന മിടുക്കിയായ എഡിറ്ററില്‍ നിന്നും സീനിയര്‍ എഡിറ്ററായ ഗീത നാരായണനില്‍ നിന്നുമെല്ലാം എഡിറ്റിങ് മേഖലയെക്കുറിച്ചു ധാരാളം പഠിക്കാനായി സാധിച്ചു. അങ്ങനെയാണ് പ്രസാധന രംഗത്തെ ബാലപാഠങ്ങള്‍ ലഭിക്കുന്നത്. സ്ത്രീകളുടെ നേതൃമികവിലുള്ള ഒരു പ്രസാധനലോകമാണ് എനിക്കുലഭിച്ചത്. 1985- 86 കാലമാണ് അത്. അതിനുശേഷമാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് തുടര്‍പഠനത്തിനായി ഞാന്‍ പോകുന്നത്. തിരിച്ചെത്തിയതിന് ശേഷം ലോങ്ങ്മാനില്‍ ഫ്രീലാന്‍സറാവാനും ഒരു ശാസ്ത്രജേര്‍ണലില്‍ ലേഖികയാവാനും സാധിച്ചു. പാട്രിയോടിക് ആന്‍റ് പീപ്പിള്‍ ഓറിയന്‍റഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന ഒരു വിഭാഗം ആള്‍ക്കാരാണ് ഈ ശാസ്ത്രജേര്‍ണലിന് നേതൃത്വം വഹിച്ചത്. കേരളത്തിലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആണ് ഇവര്‍ക്ക് പ്രചോദനമായിരുന്നത്. ശാസ്ത്രസാഹിത്യ മേഖലയില്‍ ഇങ്ങനെ ധാരാളം പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രസാഹിത്യപരിഷത്ത് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഐ ഐ ടി മുതലായ ഉയര്‍ന്ന ടെക്നിക്കല്‍ സ്ഥാപനങ്ങളിലും വിദേശരാജ്യങ്ങളിലും പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് ജേര്‍ണലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പാശ്ചാത്യ രാജ്യങ്ങളിലെ ശാസ്ത്രനേട്ടങ്ങള്‍ പിന്തുടരുക മാത്രമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നതിനാല്‍ നമ്മുടെ നാട്ടിലെ ശാസ്ത്രപാരമ്പര്യത്തെ, നേട്ടങ്ങളെ, പരീക്ഷണങ്ങളെ കൂടുതല്‍ സാര്‍വത്രികമാക്കി ജനകീയ സാഹിത്യമേഖലയാക്കുക എന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തനോദ്ദേശ്യം. അതില്‍ എഡിറ്റര്‍ ആയാണ് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഏറെ ജനോപകാരപ്രദമായ പഠനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ അന്ന് സാധിച്ചിരുന്നു. അതിവര്‍ഷത്തിന്‍റെ സമയത്ത് അന്ന് ചെന്നൈയിലെ കുടിവെള്ള സംഭരണത്തെക്കുറിച്ച് നടത്തിയ ശ്രദ്ധേയവും പ്രധാനപ്പെട്ടതുമായ ഗവേഷണസ്വഭാവത്തിലുള്ള ഒരു പഠനം നടത്തിയത് ഓര്‍ക്കുകയാണ്. പിന്നീട് നമ്മുടെ രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍, ബിജെപിയുടെ പ്രവേശം, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് തുടങ്ങിയവയെല്ലാം ന്യായീകരിക്കുന്നവര്‍ സ്ഥാപനത്തില്‍ വന്നപ്പോള്‍ അതില്‍ എതിര്‍പ്പ് രേഖപ്പെടുത്തുകയും എന്‍റെ ശക്തമായ നിലപാടില്‍ വിശ്വസിച്ചുകൊണ്ടു അവിടെനിന്നും പിരിഞ്ഞുപോവുകയുമായിരുന്നു.
ഗീതാ വുള്‍ഫ്
ആ സമയത്ത് മറ്റനേകം പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ വ്യാപൃതയായിരുന്നു. ‘സ്നേഹിതി’ എന്ന പേരില്‍ ഒരു വനിതാകൂട്ടായ്മ രൂപീകരിച്ച് അതിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്ന സ്ത്രീകളുടെ പുനരുദ്ധാരണത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണ് സ്നേഹിതി നിലകൊള്ളുന്നത്. സ്നേഹിതിയിലെ പ്രവര്‍ത്തക ഗീതാവുള്‍ഫ് ആണ് പബ്ലിഷിങ് ഹൗസ് എന്ന ആശയത്തിലേക്ക് നയിക്കുന്നത്. ഗീതാ വുള്‍ഫിന്‍റെ മകന്‍ അന്ന് ചെറുതായിരുന്നു. അവനു വായിക്കാന്‍ പുസ്തകങ്ങള്‍ തിരഞ്ഞപ്പോഴാണ് കുട്ടികള്‍ക്കായി ബാലപ്രസിദ്ധീകരണങ്ങള്‍ കുറവാണെന്നും വര്‍ഷങ്ങളായി മാറ്റമൊന്നും വരാതെ ഒരേ കാര്യങ്ങളാണ് കുറച്ചെങ്കിലും ഉള്ള ബാലപ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവരുന്നത് എന്നതും ശ്രദ്ധയില്‍പ്പെടുന്നത്. ഗീതാ വുള്‍ഫ് എന്നോട് ഈ കാര്യം സംസാരിക്കുകയും കുട്ടികള്‍ക്കായി ഒരു പബ്ലിഷിങ് ഹൗസ് എന്ന ആശയത്തില്‍ ഞങ്ങള്‍ ക്രമേണ എത്തിച്ചേരുകയും ചെയ്തു.
ഏതു വര്‍ഷമാണ് ഇത്തരത്തില്‍ താരാബുക്സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്? ആദ്യകാല പ്രവര്‍ത്തന രീതി എങ്ങനെയെല്ലാമായിരുന്നു ?
1994-95 കാലഘട്ടത്തിലാണ് ആരംഭം. ആ സമയത്ത് സ്നേഹിതിയുടെ കൂട്ടായ്മകള്‍, പ്രതിഷേധ പരിപാടികള്‍ എല്ലാമായി സജീവപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയമാണ്. എങ്കില്‍ പോലും ബാലപ്രസിദ്ധീകരണം എന്ന ആശയത്തിനുവേണ്ടി അല്‍പമെങ്കിലും സമയം നീക്കിവെയ്ക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചുകൊണ്ട് ബാലപ്രസിദ്ധീകരണം ആരംഭിക്കുമ്പോള്‍ സ്വീകരിച്ച പ്രധാനനടപടികള്‍ എന്തെല്ലാമാണ് ? അത്തരത്തില്‍ മാറ്റങ്ങള്‍ ഉള്ളടക്കത്തിന്‍റെതിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നോ ?
തീര്‍ച്ചയായും. ബാലപ്രസിദ്ധീകരണത്തിലെ ഫെമിനിസ്റ്റ് സമീപനം എങ്ങനെയായിരിക്കണം, അതിനായി പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള കഥകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയോ, അതോ നിലവില്‍ പ്രസിദ്ധിയാര്‍ജിച്ച ബാലകഥകളുടെ നവീകരിക്കപ്പെട്ട സ്ത്രീകേന്ദ്രീകൃത ശൈലിയിലുള്ളവ അവതരിപ്പിക്കണമോ, ഭാഷ, ചുറ്റുപാട് എങ്ങനെയുള്ളതായിരിക്കണം, എന്നതാണ് ആദ്യം ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍.
എങ്ങനെയാണ് ഈ ചോദ്യങ്ങളെ അഭിമുഖീകരിച്ചത് ? എത്തരത്തിലുള്ള കഥകളാണ് പ്രസിദ്ധീകരണത്തിനായി സ്വീകരിച്ചത് ?
സാഹിത്യത്തെപ്പോലെ തന്നെ കലയേയും ഇഷ്ടപ്പെടുന്നവരും അതിനെ പ്രോത്സാഹിപ്പിക്കണം എന്ന് ചിന്തിക്കുന്നവരുമായിരുന്നു ഞാനും ഗീതാ വുള്‍ഫും. കഥകളില്‍ അതിനാല്‍ ധാരാളമായി ചിത്രങ്ങള്‍ വേണമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ലായിരുന്നു. മാത്രമല്ല ,കുട്ടികളുടെ ഭാവനയെ വളര്‍ത്താനും വായനയെ ആകര്‍ഷകമാക്കാനും ഇത് സഹായിക്കുന്നു.
ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം വായനയുടെ/ഭാഷയുടെ പരിമിതികളെ മറികടക്കാനും ഇതുസഹായിക്കും. അല്ലേ ?
അതേ. എഴുത്തുകാരെപ്പോലെ തന്നെ ഇല്യൂസ്ട്രടെര്‍സിനും ഞങ്ങള്‍ തുല്യ പ്രാധാന്യം കൊടുത്തു. അങ്ങനെ കഥ വായിക്കുന്ന പോലെതന്നെ ഒപ്പം ചിത്രങ്ങള്‍ വായിച്ചും ഉള്ളടക്കം ആസ്വദിക്കാന്‍ സാധിക്കും. ഉള്ളടക്ക സ്വീകരണവും അതുപോലെ പ്രാധാന്യമുള്ളതായിരുന്നു. ദേശീയത, പൗരത്വം, മതവിശ്വാസം, തൊട്ടുകൂടായ്മ, സവര്‍ണ്ണത- അവര്‍ണ്ണത തുടങ്ങിയ ധാരാളം വാക്കുകള്‍ പുതിയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരുന്ന സമൂഹത്തിലെ കുട്ടികളെയാണ് നമ്മള്‍ അഭിമുഖീകരിക്കേണ്ടത്. സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ കഥകള്‍ ഞങ്ങള്‍ പറഞ്ഞു. ധീരരായ, ചൊടിയുള്ള, കുറുമ്പുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും കഥാപാത്രങ്ങളായി.
ഫെമിനിസം, തുല്യത എന്നിവയെല്ലാം പഠിപ്പിക്കുകയല്ല, മറിച്ച് അതിന്‍റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കി കൊടുക്കുന്നു. അല്ലേ ? ബാല്യത്തില്‍ പുരുഷകേന്ദ്രീകൃതമായ, രാജകുമാരന്മാരെ കാത്തിരിക്കുന്ന രാജകുമാരികളുടെ കഥ മാത്രം വായിച്ചുവളര്‍ന്ന കുട്ടികള്‍ വലുതായപ്പോഴാണ് നമുക്ക് ഫെമിനിസം ചര്‍ച്ച ചെയ്യപ്പെടേണ്ടി വന്നത്. പ്രസിദ്ധീകരണത്തില്‍ ഇത്തരത്തില്‍ പൂര്‍വ്വ മാതൃകകള്‍ ഉണ്ടായിരുന്നോ ?
അക്കാലത്ത് തമിഴില്‍ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണത്തെ ഗൗരവമായി കണ്ടിരുന്ന പ്രസിദ്ധീകരണങ്ങള്‍ കുറവായിരുന്നു. ഇല്ല എന്നുതന്നെ പറയാം. എന്നാല്‍ മലയാളത്തില്‍ ഇതല്ല സ്ഥിതി. അമര്‍ ചിത്രകഥ ഉണ്ടായിരുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റ്, ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് എന്നിവയുടെ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നു. അന്ന് ഭാരതത്തില്‍ തന്നെ രണ്ടേ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമേ ബാലപ്രസിദ്ധീകരണത്തെ ഗൗരവമായി കണ്ടിരുന്നുള്ളൂ. കേരളത്തിലും ബംഗാളിലും. ഹിന്ദിയില്‍ കുറച്ചെല്ലാം പുസ്തകങ്ങള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ അത്ര ഉണ്ടായിരുന്നില്ല. മറിച്ച് ബംഗാളില്‍ ധാരാളമായി പുസ്തകങ്ങള്‍ ഇറങ്ങി. തമിഴില്‍ അതുവരെ മലയാളത്തിന്‍റെ പരിഭാഷ അല്ലെങ്കില്‍ അതേപടി പിന്തുടരുക എന്ന നിലയിലെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ മുന്‍മാതൃക ഇല്ലായിരുന്നു. ഭാഷ വെറും വിവര്‍ത്തനം മാത്രമല്ല. ഓരോ ഭാഷക്കും അതിന്‍റേതായ ശൈലിയും സ്വത്വവും ഉണ്ട്. ഫെമിനിസ്റ്റ് ചിന്താധാരയില്‍ സ്വതന്ത്രമായി ഞങ്ങള്‍ പ്രസിദ്ധീകരണം ആരംഭിച്ചു. തൂലിക ബൂക്സും ഇത്തരത്തില്‍ പ്രസിദ്ധീകരണ മാതൃക പിന്തുടര്‍ന്നു. തമിഴിലെ ശക്തവും ജനപ്രിയവുമായ ബാലപ്രസിദ്ധീകരണകേന്ദ്രമായി ഇവ രണ്ടും പിന്നീട് മാറുകയുണ്ടായി.
പ്രസിദ്ധീകരണ രംഗത്തെ ആദ്യ സ്ത്രീസാന്നിധ്യം എന്ന രീതിയില്‍ ഇതിനെ അവതരിപ്പിക്കാന്‍ സാധിക്കുമോ ?
ഇല്ല. ആദ്യകാലങ്ങളില്‍ സ്ത്രീകള്‍ ധാരാളമായി പ്രസിദ്ധീകരണ മേഖലയില്‍ ഉണ്ടായിരുന്നു. 1980കളുടെ ആദ്യത്തില്‍ ഉര്‍വശി ഭൂട്ടാലിയ, ഋതു മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച കാളി ഫോര്‍ വിമണ്‍ ഫെമിനിസ്റ്റ് ചിന്താപദ്ധതിയില്‍ ഉണ്ടായ ഭാരതത്തിലെ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു സംരംഭമാണ്. കേരളത്തിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നു. 1980- 85 കാലഘട്ടത്തില്‍ അഞ്ചോ ആറോ മാഗസിനുകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. സാമ്പത്തിക നേട്ടം കേന്ദ്രീകരിച്ചിട്ടുള്ള കച്ചവട മാഗസിനുകളായിരുന്നില്ല ഇവയൊന്നും. എന്നാല്‍ സ്ത്രീയുടെ ചിന്തകളെ അവ അടയാളപ്പെടുത്തി. എല്ലാ ഭാഷയിലും ഇത്തരം നേതൃമാറ്റങ്ങള്‍ ഉണ്ടായിരുന്നു. ദേശീയ തലത്തില്‍ മാനുഷി അതിലൊന്നാണ്. 1979ലാണ് അത് നിലവില്‍ വരുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും അവര്‍ പ്രസിദ്ധീകരിച്ചു. പിന്നീട് അവരുടെ രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വന്നു. തമിഴില്‍ അരക്കോണത്തുനിന്നും ദലിത് വുമണ്‍ ആക്റ്റിവിസ്റ്റ് ആയിട്ടുള്ള ഫാത്തിമ ബെര്‍ണാട് ആരംഭിച്ച മഹിളര്‍കുരല്‍ (സ്ത്രീ ശബ്ദം), ട്രിച്ചിയില്‍ നിന്നും സുഭദ്ര ആരംഭിച്ച ഭാരതി സുട്ടും വിഴി ചുട ( സുബ്രമണ്യ ഭാരതിയുടെ കൃതിയില്‍ നിന്നും സ്വീകരിച്ച പേര്) സുഭദ്ര, സെല്‍വം, അരുണ എന്നിങ്ങനെ ഒരുപാട് സ്ത്രീകളുടെ നേതൃത്വത്തിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. 15 കൊല്ലത്തോളം തുടര്‍ച്ചയായി അവര്‍ പ്രസിദ്ധീകരണ മേഖലയില്‍ ഉണ്ടായിരുന്നു. എട്ട് പേജുകള്‍ മാത്രം ഉള്ളടക്കമുള്ള പുതിയ കുറല്‍ (പുതിയ ശബ്ദം) എന്ന മാഗസിന്‍ നാഗര്‍കോവിലില്‍ നിന്നും ഓവിയയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഫെമിനിസ്റ്റ്- റാഷണലിസ്റ്റ് ആദര്‍ശങ്ങള്‍ നിറഞ്ഞതായിരുന്നു പുതിയകുറല്‍. ജയ് ഭീം ചിത്രത്തിലൂടെയെല്ലാം ജസ്റ്റിസ് ചന്ദ്രുവിനെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ, അദേഹത്തിന്‍റെ പത്നി ഭാരതി ‘പെണ്‍'(സ്ത്രീ) എന്ന പേരില്‍ ഒരു മാഗസിന്‍ നടത്തിയിട്ടുണ്ടായിരുന്നു. തമിള്‍നാട്ടില്‍ നിന്നും അയിഡ്വയുടെ ( ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമണ്‍സ് അസോസിയേഷന്‍) മാഗസിന്‍, മഹിളര്‍ സിന്തനൈ, സൂര്യോദയ, പെണ്ണൊരുമൈ എന്നിവ. സ്ത്രീകളുടെ നേതൃത്വത്തില്‍ ഇങ്ങനെ നിരവധി മാഗസിനുകള്‍ അന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഇതൊന്നും വാണിജ്യാടിസ്ഥാനത്തില്‍ ലാഭത്തിനുവേണ്ടി മാത്രം പ്രസിദ്ധീകരിക്കപ്പെട്ടവയല്ല. മറിച്ച് വ്യക്തമായ നിലപാടുകള്‍ ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നു. ഫെമിനിസ്റ്റ് പ്രസ്സ് എന്ന ഒന്ന് ദക്ഷിണേന്ത്യയില്‍ അന്നുണ്ടായില്ല, പക്ഷേ ആദ്യ ഫെമിനിസ്റ്റ് ബുക്ക് സ്റ്റോര്‍ (സ്ത്രീലേഖ) ബാംഗ്ലൂര്‍ ആണ് പ്രവര്‍ത്തിച്ചത്. തമിഴ്നാട് സ്വദേശി സെലിന്‍ ആണ് ഇതിന് നേതൃത്വം കൊടുത്തിരുന്നത്. 90 കള്‍ക്ക് ശേഷം ഇത്തരം ശക്തമായ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമെന്ന രീതിയില്‍ എല്ലാ പ്രമുഖ പബ്ലിഷിങ് വിഭാഗത്തിനും ഒഴിവാക്കാനാവാത്ത ഘടകമായി ഫെമിനിസ്റ്റ് സാഹിത്യം വളര്‍ന്നു.
സ്ത്രീകളുടെ രചനകളെക്കുറിച്ച്, അതിന്‍റെ ഉള്ളടക്കത്തെക്കുറിച്ചെല്ലാം നാം ചര്‍ച്ചചെയ്യാറുണ്ട്. എന്നാല്‍ സ്വന്തം സാഹിത്യസൃഷ്ടിക്കപ്പുറം കല സാഹിത്യമേഖലയിലും രാഷ്ട്രീയത്തിലും ഇടപെടുകയും അതിലെ മാറ്റങ്ങളെക്കുറിച്ച് അവബോധരായി എഴുതാനും മറ്റുള്ളവരെ അതിനെക്കുറിച്ച് ചിന്തിപ്പിക്കാനും ശക്തരായ പബ്ലിഷിങ് വിഭാഗത്തിലെ സ്ത്രീകളെക്കുറിച്ച് നാം അതിന്‍റെ പ്രാധാന്യത്തില്‍ പൊതുവേ ചര്‍ച്ച ചെയ്യപ്പെട്ടുകണ്ടിട്ടില്ല.
90കളുടെ അവസാനത്തിലും രണ്ടായിരത്തിന്‍റെആരംഭത്തിലുമായി പെണ്ണെഴുത്തിന്‍റെ ശക്തമായ ഒരു പുതുതലമുറ ഉയര്‍ന്നുവരികയുണ്ടായി. സല്‍മ, കുട്ടിരേവതി, സുകിര്‍തറാണി, മാലതിമൈത്രി എന്നിങ്ങനെ നിരവധി ശക്തരായ എഴുത്തുകാര്‍. എന്നാല്‍ പബ്ലിഷിങ് എന്നത് വ്യത്യസ്തമായ മേഖലയാണ്. സ്വയം എഴുതുന്നതിനൊപ്പം മറ്റുള്ളവരെ ചിന്തിപ്പിക്കാനും എഴുതാനും പബ്ലിഷിങ് സഹായിക്കുന്നു. സ്വന്തം ചിന്തകള്‍ ചര്‍ച്ചചെയ്യപ്പെടുക, അച്ചടിക്കപ്പെടുക എന്നിവയെല്ലാം എഴുത്തുകാരിലുണ്ടാക്കുന്ന ആത്മവിശ്വാസം, അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എല്ലാം വളരെ വലുതാണ്. സാഹിത്യപ്രവര്‍ത്തനവും പബ്ലിഷിങ്ങും വ്യത്യസ്തരീതിയിലാണ് സമൂഹത്തില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രസാധനരംഗത്തെ സ്ത്രീമുന്നേറ്റങ്ങളുടെ തുടര്‍ച്ചയായി തങ്ങളെ വിലയിരുത്താനോ അവയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനോ പല എഴുത്തുകാരും ശ്രദ്ധിക്കാറില്ല. എന്നാല്‍ പ്രസാധകരും എഴുത്തുകാരും ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ച സന്ദര്‍ഭങ്ങളുമുണ്ട്. ഒന്നിങ്ങനെയാണ്, വിശദമായ വിവരങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നില്ല. ഒരിക്കല്‍ ഒരു പ്രമുഖ എഴുത്തുകാരന്‍ കുട്ടി രേവതിയുടെ കൃതിയെക്കുറിച്ചും പെണ്ണെഴുത്തിനെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും ചില തെറ്റായ വിമര്‍ശനങ്ങള്‍ നടത്തുകയുണ്ടായി. മുന്‍നിര എഴുത്തുകാരി കൃശാന്തിനി ഇത്തരം വിമര്‍ശനത്തെ എതിര്‍ക്കുകയും പെണ്ണെഴുത്തിനെ അടിസ്ഥാനമില്ലാതെ വിമര്‍ശിക്കുന്നതിനെ എതിര്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും സംഘടിതരാവേണ്ടതിനെക്കുറിച്ചും ബോധവത്കരിച്ചു. ഇതിന്‍റെ ഭാഗമായി എഴുത്തുകാരും പ്രസാധകരും സംഘടിക്കുകയും ചെയ്തു. ശ്രീലങ്കയിലെ തമിഴ് പെണ്ണെഴുത്തുകാരും ഇതില്‍ നമ്മളോടൊപ്പം ചേര്‍ന്നു. ചെറിയ മാഗസിനുകളില്‍ എഴുതിയിരുന്നവര്‍ മുതല്‍ മുന്‍നിര എഴുത്തുകാര്‍ വരെ എല്ലാ പെണ്ണെഴുത്തുകാരും, പ്രസാധനരംഗത്തെ സ്ത്രീ എഴുത്തുകാരും അന്ന് ആദ്യമായി ചേര്‍ന്ന് രചനകള്‍ നിര്‍വഹിക്കുകയും പൊതുസമ്മേളനങ്ങള്‍ കൂടുകയും ചെയ്തു. രണ്ടായിരുന്ന വലിയ സാഹിത്യധാരകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച ആദ്യ സംഭവമാകാം ഇത്. ഇന്നൊന്നും ഈ ചരിത്രത്തെക്കുറിച്ച് ഓര്‍ക്കാനോ ചര്‍ച്ച ചെയ്യാനോ ദൗര്‍ഭാഗ്യകരമെന്നോണം ആരും തയ്യാറല്ല.
സാഹിത്യരചനയ്ക്കു വേണ്ടി പുരുഷകേന്ദ്രീകൃതമായ അതിരുകളെ എതിര്‍ക്കേണ്ടി വരുന്നതിന്‍റെബുദ്ധിമുട്ടുകളെക്കുറിച്ചാണ് നാം വാചാലരാകാറുള്ളത്. എന്നാല്‍ ഇതെല്ലാം നിലനിന്നപ്പോഴും ഇതിനെയെല്ലാം പ്രതിരോധിച്ച് സംഘടിതരാകാനും നേതൃനിരയില്‍ നിന്ന് സമൂഹത്തിലും സാഹിത്യസൃഷ്ടിയിലും ചലനങ്ങള്‍ സൃഷ്ടിച്ച പ്രസാധനചരിത്രത്തിലെ സ്ത്രീകളെ നാം വായിക്കാതെ പോവുകയും ചെയ്യുന്നു.
തീര്‍ച്ചയായും എല്ലാ പ്രവര്‍ത്തനങ്ങളും പ്രതിരോധങ്ങളും അതിന്‍റേതായ രീതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍ പ്രസാധനരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തെ കൂടുതല്‍ അറിയാനും ഇഴചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരുപാട് പേരെ സ്വാധീനിക്കാനും അവര്‍ക്ക് ഊര്‍ജം പകരാനും സാധിക്കുന്നു.കേവലം ഒരു വ്യക്തിയുടെ അതിരുകളല്ല കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന്‍റെ അതിരുകളെ മായ്ക്കാന്‍ പ്രസാധനം സഹായിക്കുന്നു. മാത്രമല്ല, ഈ പ്രസാധകരെല്ലാം മത്സരബുദ്ധിയോടെയല്ലാതെ സഹകരണത്തോടെ പ്രവര്‍ത്തിച്ചിരുന്നു എന്നതും പ്രസാധനം എങ്ങനെ മനുഷ്യന്‍റെ ചിന്തകളെ സ്വാധീനിക്കുന്നു എന്നതിന്‍റെ വലിയ തെളിവാണ്.
കാലിക്കറ്റ് വിമന്‍സ് കോണ്‍ഫറന്‍സിന് ശേഷം 2020 ജനുവരിയില്‍ തമിഴ്നാട് വിമണ്‍സ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത തലമുറകളിലെ എഴുത്തിന്‍റെ മേഖലയിലെ സ്ത്രീകള്‍ ഒരുമിച്ച് സമ്മേളനവും ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. 600പേരാണ് അന്ന് പങ്കെടുത്തത്. സ്ത്രീകളുടെ നേതൃത്വത്തില്‍ 21ലധികം പബ്ലിഷിങ് ഹൗസുകള്‍ ഉണ്ടായിരുന്നതായി അന്ന് ചര്‍ച്ചയില്‍ പറയുകയുണ്ടായി. സ്ത്രീകളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമ്മളെങ്കിലും ഓര്‍ക്കുകയും അംഗീകരിക്കുകയും ചെയ്തില്ലെങ്കില്‍ പിന്നെ ആരാണ് ചെയ്യുക? രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത കാലിക്കറ്റ് വിമണ്‍സ് കോണ്‍ഫറന്‍സിലാണ് തമിഴ്നാട് വിമണ്‍സ് കോര്‍ഡിനേഷന്‍ കമ്മറ്റി രൂപമെടുത്തത്. ജെ. ദേവിക അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. വരും കാലങ്ങളില്‍ സ്ത്രീകളുടെ ശക്തി സ്വയം തിരിച്ചറിഞ്ഞു സമൂഹത്തില്‍ ശക്തമായ സ്വാധീനമായ് മാറാന്‍ നമുക്ക് പ്രാപ്തിയുണ്ട്.
താരാ പബ്ലിഷിങ്ങിലെ ആദ്യ പുസ്തകം ഏതായിരുന്നു. ? എങ്ങനെ ആണ് അത് തിരഞ്ഞെടുത്തത് ?
മാല എന്നതാണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. ഒരു നാടോടിക്കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രത്തിന്‍റെ സ്വതന്ത്ര ആവിഷ്കാരമാണ് മാല. മഴയുടെ വിത്ത് തേടിപ്പോയ നിഷ്കളങ്കയായ പെണ്‍കുട്ടിയുടെ കഥയാണ് മാല. ചോദ്യങ്ങള്‍ ചോദിക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അലയുന്ന, പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മിടുക്കിയാണ് മാല. ഇങ്ങനെ ധാരാളം പെണ്‍കുട്ടികളും ആണ്‍കുട്ടികളും നിറഞ്ഞവയാണ് ഞങ്ങളുടെ കഥകള്‍. ഇംഗ്ലീഷില്‍ സാധാരണയായി പ്രിന്‍സസ്സ് കഥകളാണല്ലോ വായിക്കാന്‍ ലഭിക്കുക.
അതെയതേ,എന്നാല്‍ രാജകുമാരികളല്ല നമ്മുടെ കഥയിലുള്ളവര്‍, മറിച്ച് സമൂഹത്തിലെ തൊഴിലാളികളുടെ മക്കളുടെ അതിജീവനത്തിനായി പൊരുതുന്ന സാധാരണക്കാരുടെ മക്കളാണ് കഥാപാത്രങ്ങളാവുന്നത്. കൂടാതെ ഗോത്രവിഭാഗത്തിലെ ജനങ്ങളുടെ കഥകള്‍, അവരുടെ ജീവിതം കഥയായി അവതരിപ്പിക്കാറുണ്ട്. ഗുജറാത്തിലെ നാടോടിവിഭാഗത്തിലെ തേജൂഭായിയുടെ കഥ അത്തരത്തില്‍ ഉള്ളതാണ്.
കുട്ടികളോട് സമൂഹത്തെക്കുറിച്ച്, സാമൂഹികനീതിയെക്കുറിച്ച്, തുല്യതയെക്കുറിച്ച് പഠിപ്പിക്കുകയല്ല മറിച്ച് കഥകളിലൂടെ ഏറ്റവും ലളിതവും സ്വാഭാവികവുമായി മനസ്സിലാക്കികൊടുക്കുന്നു, അല്ലേ ?
എനിക്കു ഏറ്റവും പ്രിയപ്പെട്ടത് Mother Steals a Bicycle and Other Stories ആണ്. അമ്മ കുട്ടിക്കാലത്ത് ചെയ്ത കുറുമ്പുകളാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. വികൃതിയായ, സ്വപ്നങ്ങളും കുറുമ്പുകളും ഉള്ള അമ്മയെ നമുക്ക് കാണിച്ചുതരുന്നു.
ഹിസ് സ്റ്റോറീസ് ആണല്ലോ നമ്മള്‍ ഇതുവരെ പഠിച്ചിട്ടുള്ളത്. അവളുടെ കഥകളും സ്വപ്നങ്ങളും ഇനി വായിക്കപ്പെടട്ടെ. താരാ ബുക്സിനെക്കുറിച്ച് ആദ്യം വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന ചിന്തയും അതുതന്നെ ആയിരുന്നു.
ഫെമിനിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ പ്രസാധനം നടത്തുമ്പോള്‍ ഉള്ളടക്കത്തിലും പ്രവര്‍ത്തനരീതിയിലും തന്നെ വലിയ മാറ്റങ്ങള്‍ അതിലുണ്ടാകുമല്ലോ എന്നത്. എങ്ങനെയാണ് ഈ ആശയത്തെ ബാലപ്രസാധനത്തില്‍ സമന്വയിപ്പിക്കുന്നത്?
ഫെമിനിസം എന്നത് കേവലം ചിന്താധാരയല്ല. മറിച്ച് അതാണ് ചിന്തയുടെയും ലോകത്തെ മനസ്സിലാക്കുന്നതിന്‍റേയും പ്രവര്‍ത്തിയുടേയുമെല്ലാം അടിസ്ഥാനം. ഉള്ളടക്ക സ്വീകരണത്തില്‍ മാത്രമല്ല എല്ലാ പ്രവൃത്തിയും ഈ ആശയത്തെ അടിസ്ഥാനമാക്കിയാണ്. ഉദാഹരണത്തിന് താരയില്‍ വിവേചനത്തിന്‍റെ അധികാരശ്രേണി ഇല്ല. എല്ലാവരും തുല്യ പ്രാധാന്യമര്‍ഹിക്കുന്നവരാണ്. ജോലിപരിചയത്തിന്‍റെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തങ്ങളില്‍ വ്യത്യാസമുണ്ടാകും. പക്ഷേ എല്ലാവരുടെയും അഭിപ്രായത്തിനും തുല്യ പ്രധാന്യം കൊടുക്കുകയും ആഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് അത്തരത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യും. തുറന്നുസംസാരിക്കാനും എതിര്‍ക്കാനും ഉള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഇതാണ് ഫെമിനിസ്റ്റ് പ്രോസസ്സ് എന്നു ഞാന്‍ വിശ്വസിക്കുന്നു. സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്ത്രീകളാണ്. ഒരു പുരുഷനുണ്ട്, അദ്ദേഹവും ഫെമിനിസ്റ്റ് ആണ്.
ഞങ്ങള്‍ മറ്റൊരു വിഷയത്തില്‍ കൂടുതലായും താല്പര്യപ്പെട്ടിരിക്കുന്നത് ഫെമിനിസ്റ്റ് കലയിലാണ്. കല എന്നുദ്ദേശിക്കുന്നത് സമകാലിക കലയെയാണ് . നമ്മള്‍ ഇന്ന് പിന്തുടരുന്ന കലയുടെ പല രൂപങ്ങളും സ്ത്രീകള്‍ പ്രയോഗത്തില്‍ കൊണ്ടുവന്നതും രൂപപ്പെടുത്തിയതുമാണ്. അതിപ്പോള്‍ ഗോത്രകലകളോ, ഗ്രാമീണ കലകളോ ആയിക്കോട്ടെ അതിന്‍റെ ഉത്ഭവം സ്ത്രീകളില്‍ നിന്നായിരുന്നു. അത്തരത്തില്‍ കലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ആ രീതിയില്‍ ഞങ്ങള്‍ ഒരുമിച്ചുപ്രവര്‍ത്തിച്ച ആദിവാസി കലാകാരനാണ് ബജ്ജൂശ്യാം. തമിഴ്നാട്ടില്‍ സ്ത്രീകള്‍ കോലം വരയ്ക്കുന്ന പോലെ മധ്യപ്രദേശില്‍ നിലവിലുള്ള ഒന്നാണ് ദിഗ്ന. മണ്ണുകുഴച്ച് വീടിന്‍റെ മണ്‍തറകളില്‍ ജ്യാമിതീയ രൂപങ്ങള്‍ ഉണ്ടാക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ബജ്ജൂശ്യാമിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ് “കലയുടെ അക്ഷരങ്ങളാണ് സ്ത്രീകള്‍. എന്നാല്‍ അവര്‍ സ്വയം കലാകാരായി അംഗീകരിക്കുന്നില്ല. വീടിനെ പരിപാലിക്കുന്നതിന്‍റെ ഒരു ഭാഗം മാത്രമാണ് അവര്‍ക്ക് കലയും. എങ്ങനെയാണോ അവരുടെ വീട്ടുജോലികളെ അംഗീകരിക്കാതിരിക്കുന്നത് അതുപോലെ അവരുടെ കലയേയും അവഗണിക്കുന്നു.” ഇത്തരം പ്രശ്നങ്ങളെയാണ് ഞങ്ങള്‍ അഭിമുഖീകരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുന്നത്. രാജസ്ഥാനിലെ മീനാ വിഭാഗത്തിലെ സ്ത്രീകള്‍ ചെയ്യുന്ന കലാപ്രവര്‍ത്തനമിങ്ങനെയാണ് അവര്‍ വീടിന്‍റെ മണ്‍ചുമരുകള്‍ ആഘോഷവേളകളില്‍ പെയിന്‍റ് ചെയ്യുന്നു. വലിയ കോണികള്‍ ഉപയോഗിച്ച് വീടിന്‍റെ ചുമരുകള്‍ അവര്‍ അലങ്കരിക്കുന്നു. ഇത്തരത്തിലുള്ള സ്ത്രീകലാരൂപങ്ങളെയാണ് ഞങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്.
അവര്‍ പലപ്പോഴും ഇത് ഫെമിനിസമാണ്, കല അംഗീകരിക്കപ്പെടേണ്ടതാണ് എന്നൊന്നും തിരിച്ചറിയുന്നുണ്ടാവില്ല. അല്ലേ?
അതേ. അവര്‍ പ്രത്യക്ഷത്തില്‍ അവരെത്തന്നെ കലാകാരികളായി അംഗീകരിക്കാതിരുന്നാല്‍ പോലും അവരുടെ കലയെ അംഗീകരിക്കുന്നതിലൂടെ അവരുടെ ആത്മാഭിമാനത്തിലും കാഴ്ചപ്പാടുകളിലും വ്യത്യാസം വരികയാണ്. ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരികയാണ്. നോക്കൂ സോഷ്യലിസം പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. അവരുടെ കലകള്‍ കൂടുതലായി തിരിച്ചറിയാനും അതു പുസ്തകങ്ങളിലൂടെ കുട്ടികളിലേക്കും പുതുതലമുറകളിലേക്കും പകരാനും ഞങ്ങള്‍ ശ്രമിക്കുന്നു. സമൂഹത്തിലെ ഇത്തരം കലകളെ തിരിച്ചറിയാനും അവര്‍ക്ക് പ്രാപ്തി നല്കുന്നു. പുസ്തകങ്ങളിലൂടെ ചെറിയൊരു വരുമാനം മാത്രമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ. നമ്മളുടെ ഒരു കാലഘട്ടം കഴിഞ്ഞാലും പുസ്തകത്തിലൂടെ അതുവായിക്കുന്നവരിലൂടെ കല തലമുറകളോളം നിലനില്‍ക്കുന്നു. പ്രസാധനം അത്തരത്തില്‍ ഒരു സാമൂഹിക പ്രവര്‍ത്തനം കൂടിയാണ്. ഈ കലയ്ക്ക് ജനശ്രദ്ധ ലഭിക്കുമ്പോള്‍ മറ്റ് മാധ്യമങ്ങളിലൂടെ വിപണിമൂല്യം നേടാനും ആത്മാഭിമാനം കൈവരിക്കാനും അവര്‍ പ്രാപ്തരാവുന്നു. കലയെ അതേപടി ചിലപ്പോള്‍ നമുക്ക് പ്രസാധനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ചിലപ്പോള്‍ അവരുടേതില്‍ ഒരു നിറം മാത്രമേ ഉപയോഗിക്കുന്നുണ്ടാവുള്ളൂ, നമ്മള്‍ പ്രസാധനസാധ്യതകള്‍ വിവരിക്കുമ്പോള്‍ കമ്പ്യൂട്ടര്‍ വഴി മാറ്റങ്ങള്‍ വരുത്താന്‍ നിറം പകരാന്‍ അവര്‍ നമ്മളോട് പറയുന്നു. കലയെ പുനരുദ്ധാരണം ചെയ്യാനും പരസ്പരം പ്രോത്സാഹിപ്പിക്കുന്നു. ആദ്യം സൂചിപ്പിച്ചതുപോലെ പ്രസാധനം എന്നത് കൂട്ടായ ഒരു പ്രവര്‍ത്തനമാണ്. സ്വയം വളരുകയല്ല, ഒരുമിച്ച് വളരുകയാണ്, അതിനു പ്രോത്സാഹനമാവുകയാണ് ചെയ്യുന്നത്.
മുന്‍പു കണ്ടിട്ടുള്ളവയില്‍ നിന്നും വ്യതിരിക്തമായ അവതരണവും ഉള്ളടക്കവുമാണ് താര ബുക്സിനുള്ളത്. വായനക്കാരുടെ പ്രതികരണം എങ്ങനെയായിരുന്നു ?
വായനക്കാരെക്കുറിച്ച് വളരെ തെറ്റിദ്ധാരണയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. വളരെ ഹൃദ്യമായ സ്വീകരണമാണ് വായനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. വിപണനശൈലി പിന്തുടരുകയല്ല മറിച്ച് കുട്ടികള്‍ക്ക് ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് നല്‍കാന്‍ ശ്രമിക്കുന്ന വളരെ പുരോഗമന ചിന്താഗതിക്കാരായ വായനക്കാരാണ് നിലവിലുള്ളത്. ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രമല്ല മുതിര്‍ന്നവര്‍ക്കുവേണ്ടിയും ചിത്രപുസ്തകങ്ങള്‍ തയ്യാറാക്കാറുണ്ട്. ചിലപ്പോള്‍ മുതിര്‍ന്നവര്‍ കുട്ടികളുടെ പുസ്തകങ്ങള്‍ ധാരാളമായും തിരഞ്ഞെടുത്ത് കാണാറുണ്ട്. ഞങ്ങള്‍ ഇതിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഞങ്ങള്‍ക്കും കുട്ടികളുടെ ലോകം, അവരുടെ വീക്ഷണങ്ങള്‍ ഇഷ്ടമാണ് എന്ന് അഭിപ്രായപ്പെടും. പുസ്തകത്തില്‍ ഉപയോഗിച്ചിരുന്ന കലാരൂപത്തെക്കുറിച്ച്, അതിന്‍റെ ചരിത്രം എന്നിവ ഞങ്ങള്‍ പുസ്തകത്തിന്‍റെ അവസാനപേജുകളില്‍ കൊടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതിരിക്കുകയും എന്നാല്‍ ആവശ്യമുള്ളവര്‍ക്ക് വിജ്ഞാനം പകരുകയും ചെയ്യുന്നു. ഇപ്പോള്‍ വെബ്സൈറ്റില്‍ പുസ്തകത്തെ കൂടുതലറിയാം എന്ന പേരില്‍ ഇത്തരം കുറിപ്പുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തു വായിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നുണ്ട്. കോവിഡ്കാലമായപ്പോള്‍ ഇത്തരം സാങ്കേതികത കൂടുതലായും സാര്‍വത്രികമാക്കി. വെബ്- ഇന്‍സ്റ്റ- ഫേസ്ബുക്ക് പേജുകളിലായി താരയെ കൂടുതല്‍ അറിയാനും വാങ്ങാനും വായിക്കാനും പറ്റും.
കലകളെ പ്രോത്സാഹിപ്പിക്കുന്നു എന്നുപറഞ്ഞല്ലോ ഞങ്ങള്‍ ഇതിനായി വര്‍ക്ഷോപ്പുകള്‍ കുട്ടികള്‍ക്കായി കോവിഡിന്ന് മുന്‍പു ധാരാളം സംഘടിപ്പിക്കാറുണ്ട്. എങ്ങനെ വ്യത്യസ്ത രീതിയില്‍ ആനയെ വരയ്ക്കാം, ചീങ്കണ്ണിയെ വരയ്ക്കാം എന്നിങ്ങനെ. കുട്ടികള്‍ വലിയ ആഘോഷത്തോടെയാണ് ഇത് സ്വീകരിച്ചത്. ഇതാണ് പിന്നീട് 8 ways to draw an elephant, 8 ways to draw a crocodile എന്നിങ്ങനെയുള്ള പുസ്തകങ്ങളായി മാറിയത്. ഇവിടെ കുട്ടികളാണ് പുസ്തകങ്ങളെ സ്വാധീനിച്ചത്. ഇപ്പോള്‍ എനിക്ക് ആ കുട്ടികളോട് വലിയ കുശുമ്പുതോന്നുണ്ട്. ഉറപ്പായും മനസ്സില്‍ കുട്ടിത്തം ഉള്ളവരാണ് .
mother steals a bicycle and other stories എന്ന പുസ്തകവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ മാതാപിതാക്കളെയും ഉള്‍പ്പെടുത്തി വര്‍ക്ഷോപ്പ് നടത്തിയിരുന്നു. അമ്മയോട് ഇതുപോലുള്ള അനുഭവങ്ങള്‍ ചോദിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. വര്‍ക്ക്ഷോപ്പുകള്‍ പ്രധാനപ്പെട്ടതാണ്.
പാരമ്പര്യകലകളെ എങ്ങനെയാണ് പുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നത് ?
ബംഗാളില്‍ സ്ക്രോള്‍പെയിന്‍റിങ് എന്നൊന്നുണ്ട്. വര്‍ക്ഷോപ്പിലൂടെ അര്‍ജിത്ത് എന്ന കലാകാരനുമായി സംവദിക്കുകയും പുസ്തകത്തില്‍ അത് എങ്ങനെ ചേര്‍ക്കാം എന്നു ചര്‍ച്ചചെയ്യുകയും ചെയ്തു. ചിലപ്പോള്‍ ഇങ്ങനെ സ്വഭാവികമായി കലകളെ പുസ്തകത്തിന്‍റെ ഭാഗമാക്കുകയും ചിലപ്പോള്‍ കേവലം വര്‍ക്ഷോപ്പ് എന്ന രീതിയില്‍ മാത്രം അവ അവസാനിക്കുകയും ചെയ്യും.
ഭാരതത്തിലെ വ്യത്യസ്ത ഗോത്ര വിഭാഗത്തിന്‍റെ കലാരൂപങ്ങള്‍ താരയില്‍ ഉള്‍പ്പെടുത്തിയതായി കണ്ടു. എങ്ങനെയാണ് ഇവ തിരഞ്ഞെടുക്കുന്നത് ?
രാജ്യത്തിന്‍റെ പല ഭാഗത്തേയ്ക്കും താരയുടെ പലരും അന്വേഷിച്ചുചെന്നിട്ടുണ്ടായിരുന്നു. കൂടാതെ ഗവണ്‍മെന്‍റിന്‍റെ പല മേളകള്‍ വഴിയും പലരേയും കണ്ടുമുട്ടി.
വെബ്സൈറ്റില്‍ മാതാനി പച്ചേനിയെക്കുറിച്ച് വായിച്ചു. അതിനെക്കുറിച്ചൊന്നു പറയാമോ ?
ഗുജറാത്തിലെ ദലിത് വിഭാഗത്തിന്‍റെ കലാരൂപമാണ് മാതാനി പച്ചേനി. അവര്‍ പുറത്തറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല. ജഗദീഷ് ആണ് അവരെ പരിചയപ്പെടുത്തിയത്. മാതാവിന്‍റെ വസ്ത്രം എന്നാണ് മാതാനി പച്ചേനി എന്ന പദത്തിന്‍റെ അര്‍ത്ഥം. ദലിത് വിഭാഗത്തിന് ക്ഷേത്ര പ്രവേശനം അനുവദനീയമല്ല. പകരം അമ്മ ദൈവത്തെ തുണിയില്‍ പതിപ്പിച്ച് അതിനെ അവര്‍ ആരാധിക്കുന്നു. പട്ടുതുണിയില്‍ പ്രിന്‍റ് ചെയ്താണ് അതിലെ അവരുടെ വിശ്വാസത്തെ,കലാ ചരിത്രത്തെ അവതരിപ്പിക്കുന്നത്, പുറത്തിറക്കിയത്. ഗീതയുടെ ഭര്‍ത്താവ് ഫ്രാങ്ക്ഫെര്‍ട്ടിലെ ഒരു മേളയില്‍ ഇത് പ്രദര്‍ശിപ്പിച്ചപ്പോള്‍ നമ്മുടെ അവിടെ പുസ്തകങ്ങള്‍ ഇത്തരത്തില്‍ പട്ടില്‍ ധാരളമിറങ്ങുന്നു എന്ന അത്ഭുതത്തോടെ എണ്ണായിരം കോപ്പികള്‍ ആവശ്യപ്പെടുകയും നമ്മള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരെണ്ണം ഉണ്ടാക്കിയതില്‍ നിന്ന് ഇത്രയും എണ്ണം ചെയ്തുതയ്യാറാക്കി നല്‍കുകയും ഉണ്ടായി. ലാഭത്തേക്കാള്‍ അതിനു പിന്നിലെ ആശയമാണ് ഞങ്ങളെ പ്രസിദ്ധീകരണത്തിന് പ്രോത്സാഹിപ്പിക്കുന്നത്. ശ്രീലങ്കന്‍ വിഷയം, കാറല്‍ മാര്‍ക്സിന്‍റെ 200-ാം ജന്മശതാബ്ദിയോടനുബന്ധിച്ചുള്ളതും എല്ലാം ഇത്തരത്തില്‍ ഉള്ളതാണ്.
തമിഴ്നാട് ഗവര്‍ണ്‍മെന്‍റിന് വേണ്ടി പ്രസിദ്ധീകരണപദ്ധതിയില്‍ സഹായിച്ചിരുന്നോ ?
ഉവ്വ്, അതില്‍ ശ്രദ്ധേയമായ അനുഭവം 2007-2010 കാലഘട്ടത്തില്‍ സര്‍വ്വ ശിക്ഷാ അഭിയാനുവേണ്ടി വലിയ തോതില്‍ ചിത്രപുസ്തകങ്ങള്‍ ചെയ്തുകൊടുക്കുകയുണ്ടായി. മികച്ച ഭരണകര്‍ത്താക്കളിലൊരാളായ വിജയകുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു അത്. ഉള്ളടക്കം എന്തുമാകാം, പക്ഷേ എഴുത്തുകാര്‍ അദ്ധ്യാപകര്‍ ആവണം എന്നായിരുന്നു അദേഹത്തിന്‍റെ ആകെയുള്ള നിബന്ധന. എന്നാല്‍ അങ്ങനെ ചെയ്താല്‍ നാല്‍പ്പതിനായിരം പുസ്തകങ്ങള്‍ അച്ചടിക്കും. വലിയ ഉത്തരവാദിത്തമാണ് ഇത്. അദ്ധ്യാപകര്‍ എങ്ങനെ എഴുതും എന്ന ആശങ്കകളെ അകറ്റി വളരെ മികച്ച രീതിയില്‍ രചന നിര്‍വഹിക്കുന്ന എഴുത്തുകാരെ നമുക്ക് സൃഷ്ടിക്കാനായി. ഗ്രാമത്തെ മുഴുവന്‍ വൃത്തിയാക്കുന്ന സുന്ദരമണ്ണ എന്ന കവറോടെ തന്നെ തൊട്ടിപ്പണി ചെയ്യുന്ന ആളെ പ്രധാനകഥാപാത്രമാക്കുന്ന കഥകള്‍ മുതല്‍ സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളികളെ കേന്ദ്രകഥാപാത്രമാക്കുന്ന കഥകളാണ് ഒരധ്യാപകന്‍ അവതരിപ്പിച്ചത്. തൊഴിലിന്‍റെ മഹത്വത്തെ ഇതിലും ലളിതമായി എങ്ങനെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കും.
കോവിഡ് സമയത്തെ പ്രതിസന്ധികളെ എങ്ങനെയാണ് നേരിട്ടത് ?
സാമൂഹിക മാധ്യമങ്ങളെ, നവ മാധ്യമങ്ങളെ വിതരണത്തിനും വില്‍പനയ്ക്കും ഉപയോഗിച്ചിരുന്നു. എന്നാല്‍ സാധാരണ വില്‍പനയുടെ അത്രയും ഈ വിപണനം എത്തുകയില്ല. കോവിഡ് നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ സീനിയര്‍ എഴുത്തുകാര്‍ തങ്ങളുടെ കയ്യില്‍ നിന്നും പണമെടുത്ത് മറ്റ് തൊഴിലാളികള്‍ക്ക് വരുമാനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും നിയന്ത്രണങ്ങള്‍ കുറേയൊക്കെ പിന്‍വലിച്ചു.
പഴഞ്ചൊല്ലുകളില്‍ സ്ത്രീകള്‍ വഴക്കിന്‍റെ കാരണക്കാരായി ആണ് ചിത്രീകരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ്യത്തില്‍ സ്ത്രീകള്‍ ഇവിടെ മറ്റുള്ളവര്‍ക്കായി കൈകോര്‍ക്കുന്നു. സ്ത്രീയാണ് എന്നത് രാജ്യാന്തര സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഒരു വെല്ലുവിളിയായി അനുഭവപ്പെട്ടിട്ടുണ്ടോ ?
ഒരിക്കലുമില്ല. സ്ത്രീകള്‍ പ്രസാധനരംഗത്ത് നമ്മള്‍ വിചാരിക്കുന്നതിലപ്പുറം പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇത്തരം മേളകളില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ പൊതു ലൈബ്രറിയുടെ ശേഖരണത്തിനായി പുസ്തകങ്ങള്‍ ആവശ്യപ്പെടുകയും അങ്ങനെ നമ്മുടെ പുസ്തകങ്ങള്‍ ഫ്രാന്‍സ്, ജര്‍മ്മന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ എത്തിയിട്ടുമുണ്ട്.
അവസരങ്ങളില്ല എന്നു ചിന്തിക്കുന്ന എഴുത്തുകാരോട്, പ്രസാധകരോട് എന്താണ് പറയാനുള്ളത്? പ്രസാധനരംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരോടു എന്താണ് പറയാനുള്ളത്?
പണത്തിനുവേണ്ടി രചിച്ചാല്‍ പലപ്പോഴും വിജയിക്കണമെന്നില്ല. എന്നാല്‍ രചന അതിനേക്കാള്‍ ഒരു ജോലി എന്നതിനപ്പുറം സമൂഹത്തെ അറിയുകയും സേവിക്കുകയും ചെയ്യുന്ന മേഖലയാണ്.വളരെയധികം വായനക്കാരുള്ള, ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. വായനയില്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സമൂഹമാണ് എന്നതിനാല്‍ പ്രസാധനത്തിന്‍റേതായ വെല്ലുവിളികള്‍ക്കപ്പുറം എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.
സംഘടിത പ്രസാധനത്തിന്‍റെ പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഫെമിനിസ്റ്റ് മാസിക എന്ന നിലയില്‍ ഈ വാര്‍ഷികത്തെ എങ്ങനെയാണ് കാണുന്നത്? ഈ അവസരത്തില്‍ നമ്മളുടെ വായനക്കാരുമായി എന്താണ് പങ്കുവെയ്ക്കാനുള്ളത്?
ഫെമിനിസ്റ്റ് മാസിക എന്ന രീതിയില്‍ ഇത്രയും കാലം നിലനില്‍ക്കുക എന്നാല്‍ ചെറിയ കാര്യമല്ല. പ്രാസാധനത്തിന്‍റെ ഒരു ദശകം പൂര്‍ത്തിയാക്കി അടുത്തതിലേക്ക് കടക്കുമ്പോള്‍ വളരെ ശക്തരായ ഒരു കൂട്ടം ഫെമിനിസ്റ്റുകളുടെ ഇച്ഛാശക്തിയും അര്‍പ്പണബോധവും ഇതിനുപിന്നിലുണ്ടെന്ന് ഉറപ്പാണ്. ഒരു സംസ്ഥാനത്തിന്‍റെ അതിരിനപ്പുറം മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക മാറ്റങ്ങള്‍ക്കും നേരെ വ്യക്തമായ ശ്രദ്ധയും അവലോകനവും നല്‍കാന്‍ സംഘടിത ശ്രമിക്കാറുണ്ട്. വിവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്കുന്നു. ഇതെല്ലാം അഭിനന്ദനീയമായ നേട്ടങ്ങള്‍ തന്നെയാണ്. സ്ത്രീകളുടെ കലയ്ക്കും സാഹിത്യത്തിനും അവതരണത്തിനും കൂടുതല്‍ പ്രാധാന്യം നല്കി അവരുടെ ഉന്നമനത്തിനായി ഇനിയും സജീവമായി പ്രവര്‍ത്തിക്കാന്‍ സംഘടിതക്കാവട്ടെ എന്ന് ആശംസിക്കുന്നു.
COMMENTS