Homeചർച്ചാവിഷയം

‘സ്ത്രീ’ ഒരു ഗവേഷണ-പഠന വിഷയമാകുമ്പോള്‍

താതു കാലങ്ങളിലെ പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതികളോട് മല്ലടിച്ചാണ് സ്ത്രീയും, സ്ത്രീകള്‍ നേരിട്ടിരുന്ന സാമൂഹിക പ്രശ്നങ്ങളും, പുറംതള്ളലുകളും സമൂഹ മദ്ധ്യത്തില്‍ ദൃശ്യത കൈവരിച്ചത്. കേരളപൊതുമണ്ഡലത്തില്‍ ആധുനികതയുടെ ഭാഗമായി സ്ത്രീ ഒരു വിഷയമായി ഉയര്‍ന്നു വന്നിരുന്നുവെങ്കിലും മിക്ക സാഹിത്യകൃതികളിലും ഉയര്‍ന്നു വന്ന സ്ത്രീരൂപങ്ങള്‍ പുരുഷാധിപത്യ അഭിരുചികളെ തൃപ്തിപ്പെടുത്തുന്നവയായിരുന്നു എന്നാണ് പല ഫെമിനിസ്റ്റ് പഠനങ്ങളും / സ്ത്രീപക്ഷ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഉദാഹരണത്തിന് ചന്തുമേനോന്‍ എഴുതിയ ഇന്ദുലേഖ എന്ന കൃതിയിലെ മുഖ്യ കഥാപാത്രമായ ഇന്ദുലേഖയുടെ ഭൗതിക ലോകം വീടും അതുമായി കൂടിച്ചേര്‍ന്ന കുടുംബം, പ്രണയം, സംബന്ധം, വിവാഹം, വീടിനുള്ളില്‍ നിന്ന് ലഭിച്ച ആധുനിക വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപെടുത്തി ഉത്തമ ആധുനിക ഗൃഹസ്ഥയകാനുള്ളതിനെക്കുറിക്കുന്നതായിരുന്നു. ഇത്തരം പ്രവണതകളെയൊക്കെ പില്‍ക്കാലത്ത് സ്ത്രീപക്ഷ സാഹിത്യവിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും സമൂഹത്തില്‍ സ്ത്രീകളെ കേന്ദ്ര സ്ഥാനത്തു വച്ചുകൊണ്ടുള്ള ഗവേഷണം തുടങ്ങുന്നത് കേരള പൊതുമണ്ഡവുമായി അധികം ബന്ധമില്ലാത്ത വേറിട്ട ഇടങ്ങളിലായിരുന്നു എന്ന് “കേരളം സ്ത്രീപക്ഷ ഗവേഷണത്തില്‍ ആണരശുനാട്ടിലെ കാഴ്ചകള്‍” എന്ന പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 1970, 1980 കളില്‍ തന്നെ ശാരദാമണി, ലീല ഗുലാത്തി തുടങ്ങിയവര്‍ സാമൂഹ്യശാസ്ത്ര മേഖലയില്‍ സ്ത്രീകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചതായി കാണാം. 1980കളുടെ അവസാനത്തില്‍ കോട്ടയത്ത് തുടങ്ങിയ സഹജ എന്ന ഫെമിനിസ്റ്റ് സിദ്ധാന്തവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാന്‍ വേണ്ടി തുങ്ങിയ ഫെമിനിസ്റ്റ് കൂട്ടായ്മയില്‍ കുറച്ച് പുരുഷന്മാരും ഉണ്ടായിരുന്നു. സഹജയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായിരുന്ന എ. കെ. രാമകൃഷ്ണനും കെ. എം. വേണുഗോപാലും 1989-ല്‍ എഴുതിയ പുസ്തകമാണ് “സ്ത്രീവിമോചനം, ചരിത്രം, സിദ്ധാന്തം, സമീപനം”. കോട്ടയത്ത് ആരംഭിച്ച ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ദളിത് സ്ത്രീ പ്രശ്നം ഉന്നയിച്ചു കൊണ്ട് അന്ന് ചില ദളിദ് ആക്ട്ടിവിസ്ടുകളും രംഗത്ത് ഉണ്ടായിരുന്നു. പിന്നീട് 1990- കളിലാണ് സ്ത്രീപക്ഷ ഗവേഷണം കേരളത്തില്‍ ശക്തി പ്രാപിച്ചതെന്നു നിലനില്‍ക്കുന്ന ചില പഠന നിരീക്ഷങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് സാധ്യമാക്കിയത് കേരളത്തിന് പുറത്തുപഠിച്ച വിദ്യാര്‍ഥിനികളും ആയിരുന്നു എന്ന് പറയപ്പെടുന്നു. 1990 കളുടെ ആദ്യം കോട്ടയത്ത് ആരംഭിച്ചിരുന്ന സ്ത്രീപഠന കേന്ദ്രം ലിംഗാധികാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണെങ്ങിലും രണ്ടു വര്‍ഷത്തെ സാഹിത്യക്യാമ്പിനും നാടക ക്യാമ്പിനും ശേഷം അതില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും പിന്നീട് കൂട്ടായ്മയില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വ്യക്തിഗത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണുണ്ടായത്. കേരളത്തിലെ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ് കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട വിമന്‍സ് ലൈബ്രറി. കേരളത്തിലെ സ്ത്രീപ്രശനങ്ങളെപ്പറ്റി പഠിക്കാനും മനസ്സിലാക്കനും ഏറെക്കുറെ ശ്രമിച്ചത് ആദ്യകാലങ്ങളില്‍ ഉയര്‍ന്നു വന്ന സ്ത്രീകൂട്ടായ്മകള്‍ ആയിരുന്നു. പുരുഷാധിപത്യ ഗവേഷണമേഖലയിലേക്കു ഈ ഒരു വിഷയം എത്തിപ്പെടാന്‍ സമയമെടുത്തു എന്നതാണ് യാഥാര്‍ഥ്യം. സ്ത്രീ എന്നതിനപ്പുറം എങ്ങിനെയാണ് മതപരവും ലിംഗപരവും വര്‍ഗ്ഗ/ജാതിപരവുമായി ആളുകള്‍ അധികാരങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുന്നതെന്നും, സമൂഹത്തിലെ വ്യത്യസ്ത തട്ടിലുള്ളവര്‍ നേരിടുന്ന ബഹുമുഖങ്ങളായ വിവേചനങ്ങളെ പറ്റിയുമൊക്കെ ചോദ്യം ചെയ്യുന്ന ഒരു ബൃഹത് മേഖലയായി ഫെമിനിസ്റ്റ് /സ്ത്രീ പഠനമേഖലകള്‍ ഇന്ന് മാറിയിരിക്കുകയാണ്. ഗവേഷണ മേഖലയിലും മുഖ്യധാരയിലും തമസ്ക്കരിക്കപ്പെട്ടതും എന്നാല്‍ മുന്‍ധാരണകളില്‍ നിറഞ്ഞു നിന്നതുമായ കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ ചരിത്രം അന്വേഷിച്ചു പോകുന്ന ചുമതല ഷംഷാദ് ഹുസൈനെപ്പോലെയുള്ള ഗവേഷകര്‍ ഇന്ന് വാമൊഴി രീതി ശാസ്ത്രം വഴിയും, അറബിമലയാളം എഴുത്തുകളുടെ പഠനങ്ങളിലൂടെയും കാര്യമായി നിര്‍വഹിച്ചിട്ടുണ്ട്, അതും വ്യക്തമായ സ്ത്രീപക്ഷ കാഴ്ചപ്പാടോടു കൂടി തന്നെ ആണ്. ദളിത് സ്ത്രീകളുടെ അനുഭവ ചരിത്രത്തെ ഗവേഷണ മേഖലയിലേക്ക് എത്തിച്ചതില്‍ പ്രധാനപെട്ടതാണ് രേഖ രാജ് എഴുതിയ ‘ദളിത് സ്ത്രീ ഇടപെടലുകള്‍’.

ഉന്നത വിദ്യാഭ്യാസ തലത്തില്‍ പ്രത്യേകിച്ചു യൂണിവേഴ്സിറ്റി തലത്തില്‍ സ്ത്രീപഠനം തുടങ്ങണമെന്ന ആവശ്യം, അല്ലെങ്കില്‍ സ്ത്രീ പഠനം ഒരു അക്കാദമിക പഠനമായി മാറണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത് ഇന്ത്യയിലെ ആദ്യകാല ഫെമിനിസ്റ്റുകള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്ന ആവശ്യങ്ങളില്‍ ഒന്നായിരുന്നു, അതും സ്ത്രീ പ്രസ്ഥാനങ്ങളുടെ ഭാഗമായിഉയര്‍ന്നു വന്ന ആവശ്യങ്ങളില്‍ ഒന്നായിരുന്നു. കേരളത്തില്‍ രണ്ടായിരത്തി അഞ്ചിലാണ് സ്ത്രീപഠനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബിരുദാനന്തര ബിരുദ കോഴ്സ് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്നത്. പിന്നീട് ഇവിടെ ഗവേഷണ കോഴ്സുകളും ആരംഭിക്കുകയുണ്ടായി. ഇതിന് വളരെ മുന്‍പ് തന്നെ തിരുവനന്തപുരത്തു കേരള സര്‍വ്വകലാശാലയില്‍ സ്ത്രീ പഠനത്തിനുള്ള ഒരു സെന്‍റര്‍ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സ്ഥാപിക്കപ്പെട്ടുവെങ്കിലും ഔപചാരിക പഠനഗവേഷണ ഇടമായി മാറാന്‍ ഇതിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കൊച്ചിന്‍ സര്‍വകലാശാലയിലും മറ്റു കോളേജുകളിലും സ്ത്രീപഠന സെന്‍ററുകള്‍ സ്ഥാപിക്കപ്പെട്ടുവെങ്കിലും ബിരുദ കോഴ്സുകളോ ഗവേഷണ കോഴ്സുകളോ തുടങ്ങാന്‍ പോലുമാകാത്ത നിലയില്‍ ഇവ ഇന്നും നിലനില്‍ക്കുന്നതിനെപ്പറ്റി അന്വേഷിക്കേണ്ടതുണ്ട്. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍ സ്ത്രീപഠനവുമായി ബന്ധപ്പെടുത്തി ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിച്ചുവെങ്കിലും പിന്നീട് അതും നിര്‍ത്തലാക്കപ്പെടുകയാണുണ്ടായത്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ തലത്തില്‍ പ്രത്യേകിച്ചു യൂണിവേഴ്സിറ്റി തലത്തില്‍ ഈ ഒരു വിഷയം വേണ്ടത്ര വികസിച്ചു വരാത്തതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കപ്പെടുകയും അതിനാവശ്യമായ രീതിയില്‍ സ്ഥാപനചട്ടക്കൂടുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കപെടുകയും വേണം.

ഭാഗം ഒന്ന്
ഇന്ന് കേരളത്തിനകത്തും പുറത്തുമായി ധാരാളം വ്യക്തികള്‍ ഈ മേഖലയില്‍ ഗവേഷണം നടത്തുന്നുണ്ട്. ഇതില്‍പെട്ട മിക്ക ആളുകളേയും ഇന്ന് നമുക്ക് സുപരിചിതമാണ് താനും. രണ്ടായിരത്തി അഞ്ചില്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടുവാനായി ഞാന്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ പോയ സമയത്തു അന്ന് അവിടെ ഉണ്ടായിരുന്ന ഫെമിനിസ്റ്റുകളായ ഗവേഷക വിദ്യാര്‍ത്ഥികളെ പുരുഷന്മാരായ സീനിയേഴ്സും അവരുടെ വലയത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനികളും പരിചയപ്പെടുത്തി തന്നത് ‘പാമ്പുകള്‍’ എന്ന പേരിലായിരുന്നു ഫെമിനിസ്റ്റ് എന്ന് പറയാന്‍ അവര്‍ക്ക് ഭയമായിരുന്നു. കേരളത്തില്‍ നിന്നുള്ള ഫെമിനിസ്റ്റുകളായ വിദ്യാര്‍ത്ഥികളുടെ കാമ്പസുകളിലെ ഇടപെടലുകള്‍ അവിടെയുള്ള ആണുങ്ങളെ ചൊടിപ്പിച്ചിരുന്നു എന്ന് ആദ്യകാലങ്ങളില്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായിരുന്നു. ഫെമിനിസ്റ്റ് ആയിരിക്കുക, ഫെമിനിസ്റ്റുകളുടെ വസ്ത്രം/ജീവിതരീതികള്‍, ഫെമിനിസ്റ്റ് ഗവേഷണത്തില്‍ ഏര്‍പ്പെടുക എന്നതൊക്കെ പരിഹാസ്യമായ രീതിയിലായിരുന്നു അന്ന് കാമ്പുസുകളില്‍ പുരുഷന്മാര്‍ അവതരിപ്പിച്ചിരുന്നത്. ഇതേ ക്യാമ്പസ്സുകളിലെ ഹ്യൂമാനിറ്റീസിലേയും സാമൂഹിക ശാസ്ത്രത്തിലേയും ഡിപ്പാര്‍ട്മെന്‍റ്കളില്‍ പഠിക്കുന്ന പെണ്‍സുഹൃത്തുക്കള്‍ മെസ്സ് ഹാളുകളിലേക്ക് അവര്‍ പഠിക്കുന്ന പുസ്തകങ്ങളുമായി വരുമായിരുന്നു. അവയില്‍ ഏറിയ പങ്ക് ഫെമിനിസ്റ്റ് വായനയുമായി ബന്ധപ്പെട്ടതായിരുന്നു. തീന്‍ മേശയില്‍ സ്ത്രീവാദ കാഴ്ചപ്പാടുള്ള കഥകളും കവിതകളും സിദ്ധാന്തങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ഞാന്‍ പഠിക്കുന്ന ചരിത്രത്തില്‍ സുപ്രിയവര്‍മ്മയും ആനന്ദിത മുഖോപാധ്യായ് തുടങ്ങിയ അധ്യാപകര്‍ തന്ന സ്ത്രീപക്ഷ ചരിത്ര ലേഖനങ്ങള്‍ ഒഴിച്ചാല്‍ ചരിത്രം മുഴുവന്‍ പുരുഷന്മാരുടെ കാഴ്ചപ്പാടില്‍ നിര്‍മ്മിക്കപ്പെട്ട പുരുഷകേന്ദ്രീകൃത ചരിത്രമായിരുന്നു. ഫെമിനിസ്റ്റ് കാഴ്ചപ്പാടോടുള്ള കോഴ്സുകള്‍ ഇല്ലാത്തത് ഒരു വിഷമമായിരുന്നു. സെമിനാര്‍ പേപ്പറുകളിലൂടെ സ്ത്രീ കേന്ദ്രീകൃത ചരിത്രസാധ്യതയെ ക്ലാസ്സ് റൂമില്‍ ചര്‍ച്ച ചെയ്താണ് അന്ന് സ്ത്രീയെ ഞങ്ങള്‍ ചരിത്ര ക്ലാസ്സുകളുടെ ഭാഗമാക്കിയത്.

പിന്നീട്, സ്ത്രീ വിഷയം കേന്ദ്രീകരിച്ച് എന്തെങ്കിലും ചെയ്യണം എന്ന ചിന്ത ഉണ്ടായിരുന്നു. അതിന്‍റെ ഭാഗമായാണ് ബിരുദാനന്തര ബിരുദത്തിന് ശേഷം കോഴിക്കോട് അന്വേഷിയില്‍ ‘എ സ്റ്റഡി ഓണ്‍ ഡിസേബിള്‍ഗേള്‍സ്’ എന്ന പ്രോജക്ടില്‍ ജോയിന്‍ ചെയ്തത്. ഈ പ്രോജക്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രീതി ശാസ്ത്രപരമായി പല പ്രശ്നങ്ങളും ഞങ്ങള്‍ അനുഭവിച്ചിരുന്നു. മലപ്പുറത്തും കോഴിക്കോടുമായി നടന്ന ഫീല്‍ഡ് വര്‍ക്കും അന്വേഷി വിമന്‍സ് ലൈബ്രറിയിലെ വായനയും എന്നെ സ്ത്രീകേന്ദ്രീകൃത ഗവേഷണത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബിരുദം കഴിഞ്ഞ് ഒരുവര്‍ഷത്തിനുശേഷം ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലുള്ള അധ്യാപകര്‍ എന്നെ വിളിക്കുകയുണ്ടായി. അവിടെ വിമന്‍സ് സ്റ്റഡീസ് കോഴ്സ് ആരംഭിച്ചിട്ടുണ്ടെന്നും അപേക്ഷിക്കണം എന്നും പറഞ്ഞു. അങ്ങനെയാണ് വിമന്‍സ് സ്റ്റഡീസ് സെന്‍ററില്‍ എം. ഫില്‍. ചെയ്യാന്‍ ഞാന്‍ ജോയിന്‍ ചെയ്യുന്നത്. പക്ഷേ അവിടെയും ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.’ അറബിക്കല്യാണം എ സ്റ്റഡി ഓണ്‍ മാപ്പിള മുസ്ലിം’ എന്നതായിരുന്നു എന്‍റെ ഗവേഷണ വിഷയം. ചരിത്രപരമായതിനെ വിശകലനം ചെയ്യേണ്ടതിനുപകരം വളരെ മുന്‍ധാരണയോടെ കൂടി നോക്കി കാണുവാന്‍ ആയിരുന്നു ഡിപ്പാര്‍ട്മെന്‍റില്‍ നിന്നുണ്ടായ ഒരു സമ്മര്‍ദ്ദം. അറബിക്കല്യാണം എന്നത് ‘ പ്രൊസ്റ്റിട്യൂഷന്‍’ എന്ന് രീതിയിലായിരുന്നു അവരവിടെ ചര്‍ച്ചചെയ്തത്. അന്തര്‍ദേശീയ സമുദ്ര വ്യാപാരവും മലബാര്‍ തീരങ്ങളില്‍ നിലനിന്നിരുന്ന മാതൃദായക സമ്പ്രദായവും തമ്മിലുള്ള ബന്ധത്തിന്‍റെ ഫലമാണ് അറബിക്കല്യാണം എന്ന എന്‍റെ വാദത്തെ അംഗീകരിക്കാതെ അത് ‘മാംസ വ്യാപാരമാണ്’, ‘സെക്സ് ട്രേഡ്’ ആണ് എന്നൊക്കെ പറഞ്ഞാണ് സ്ത്രീ പഠന വകുപ്പുകളിലെ യാഥാസ്ഥിതിക അധ്യാപകര്‍ എന്നെ സമ്മര്‍ദ്ദത്തില്‍ ആക്കിയത്. സ്ത്രീകളുടെ സമ്മതത്തോടെ അല്ലാതെയാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത് എന്നൊക്കെ പറഞ്ഞായിരുന്നു അവര്‍ ഈ വാദം മുന്നോട്ടുവച്ചത്. ഇന്ത്യയില്‍ നടക്കുന്ന എല്ലാ അറേഞ്ച്ഡ് കല്യാണങ്ങളും ഉപയ സമ്മതമില്ലാത്തതാണെന്നും അറേഞ്ച് കല്യാണങ്ങളെ അങ്ങിനെ ആണെങ്കില്‍ ‘പ്രൊസ്ടിട്യൂഷന്‍’ എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് അവരുമായി കൊമ്പ് കോര്‍ത്തത്. അറേഞ്ച്ഡ് കല്യാണം പ്രോസ്റ്റിട്യൂഷനുമായി ഉപമിച്ചതിനെ യാഥാസ്ഥിതികരായ അവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.

ആരംഭത്തില്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ സ്ത്രീ പഠനഗവേഷണം ആരംഭിച്ചപ്പോള്‍ അതിനെ ഫെമിനിസ്റ്റ് കാഴ്ചപ്പാടോടെ സമീപിക്കാന്‍ അവിടെ ഉണ്ടായിരുന്ന പല അധ്യാപികമാര്‍ക്ക് പോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇത് തികച്ചും ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം നേരിടുന്ന പ്രശ്നം തന്നെയാണ്. സ്ത്രീ എന്നത് ചേര്‍ത്ത് കുറച്ചു ഗവേഷണങ്ങള്‍ നടത്തുക അല്ലെങ്കില്‍ സ്ത്രീ പഠനകേന്ദ്രത്തില്‍ കുറച്ച് സ്ത്രീകളെ കൊണ്ടുവന്നാല്‍ എല്ലാമായി എന്ന ധാരണയ്ക്ക് മാറ്റം വരേണ്ടതുണ്ട്. ഇന്‍റര്‍സക്ഷണല്‍ കാഴ്ചപ്പാടോടുകൂടി സ്ത്രീപഠനത്തെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ഇതേ പ്രശ്നം പിന്നീട് ഞാന്‍ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്‍ഡില്‍ ജോലി ചെയ്യുമ്പോഴും അനുഭവിക്കുകയുണ്ടായിട്ടുണ്ട്. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു ഉയര്‍ന്ന ജാതിക്കാരിയായ അധ്യാപിക പാഠ്യപദ്ധതിയില്‍ ജാതിയും, സെക്ഷാലിറ്റിയും ഉണ്ടായിരുന്നിട്ടു കൂടിയും കുട്ടികള്‍ക്ക് ജാതിയുമായി, ലൈംഗികതയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ഒന്നും തന്നെ പഠിപ്പിച്ചു കൊടുക്കേണ്ട എന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഓണ്‍ലൈന്‍ സെര്‍വറില്‍ നിന്ന് ‘ലൈംഗികത’ എന്ന വാക്ക് പോലും അവര്‍ ബ്ലോക്ക് ചെയ്തിരുന്നു അന്ന്. സെക്ഷ്വാലിറ്റിയില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത് വലിയൊരു പ്രശ്നം തന്നെയായിരുന്നു. സെക്സ്, സെക്ഷ്വലിറ്റി എന്ന പദങ്ങള്‍ ഇല്ലാതെ നിങ്ങള്‍ എങ്ങനെയാണ് ജന്‍ഡര്‍ സ്റ്റഡീസ് പഠിക്കുക? ഇവിടെ ആണെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഒരുപാട് കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. അവരുടെയൊക്കെ ഗവേഷണത്തെ ഇത് സാരമായി ബാധിച്ചിരുന്നു. ഇത്തരം പ്രവണതകള്‍ ഒരു അധ്യാപിക എന്ന നിലയില്‍ എന്നെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. വളരെ പേടിയോടു കൂടിയാണ് ജെന്‍ഡര്‍ സ്റ്റഡീസിനെ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യൂത്ത് ഡവലപ്വ്മെന്‍റ് കണ്ടിരുന്നത്. ഡിപ്പാര്‍ട്ട്മെന്‍ഡ് അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ അവിടെ വ്യാപകമായിരുന്നു. പോലീസുകാര്‍ക്കും ഐഎഎസ് ഒഫീഷ്യല്‍സിനും ജെന്‍ഡര്‍ അവയര്‍നെസ് കൊടുക്കാനുള്ള ഒരു കേന്ദ്രം എന്നതിലപ്പുറം അവരതിനെ കണ്ടിരുന്നില്ല. ജാതിയെ പറ്റിയും ലൈംഗികതയെ പറ്റിയും ഉള്ള വ്യവഹാരങ്ങള്‍ അവരെ അസ്വസ്ഥരാക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. ഇത്തരം അധികാര ബന്ധങ്ങളെ ചോദ്യം ചെയ്യുന്ന ഗവേഷണ വിഷയങ്ങളായിരുന്നു എം. എ. ഡെസെര്‍ട്ടെഷനു വിദ്യാര്‍ത്ഥികള്‍ എടുത്തിരുന്നത്. രോഹിത് വെമുലയുടെ ആത്മഹത്യ ഉണ്ടായ സമയവുമായിരുന്നു അപ്പോള്‍. വിദ്യാര്‍ത്ഥികളുടെ ഗവേഷണ വിഷയങ്ങള്‍ പലപ്പോഴും വിദ്യാര്‍ത്ഥികളും ഡിപ്പാര്‍ട്മെന്‍റും തമ്മിലുള്ള കലഹങ്ങള്‍ക്ക് ഹേതുവായിട്ടുണ്ട്. കരുതിയിരുന്നതുപോലെ ഇന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്‍റ്ലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജന്‍ഡര്‍ സ്റ്റഡീസ്നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന വലതുപക്ഷ സര്‍ക്കാര്‍ വളരെ ഭീതിയോടെയാണ് സ്ത്രീ പഠന കേന്ദ്രങ്ങളെ തന്നെ നോക്കി കാണുന്നത്. കേന്ദ്രത്തില്‍ എന്‍ ഡി എ ഭരണത്തില്‍ വന്നതിന് ശേഷം സ്ത്രീ പഠന കേന്ദ്രങ്ങള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ചും, നല്‍കാതെയും പല സംസ്ഥാനങ്ങളിലും ഉള്ള ഡിപ്പാര്‍ട്മെന്‍റുകളെ പൂട്ടിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

ഭാഗം രണ്ട്
കേരളത്തിലെ ഫെമിനിസ്റ്റ് / സ്ത്രീ ഗവേഷണ നാള്‍വഴികളെ പറ്റി തന്‍റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി സംസാരിക്കുകയാണ് ഫെമിനിസ്റ്റ് ഗവേഷകയും തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് അധ്യാപികയുമായ ഡോക്ടര്‍ ജെ. ദേവിക

ജെ. ദേവിക

ഹമീദ സി. കെ. : ഒരു ഗവേഷണ മേഖല എന്ന നിലയില്‍ സ്ത്രീപക്ഷ ഗവേഷണം സ്ഥാപനങ്ങളുടെ ചട്ടക്കൂടില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദങ്ങള്‍ എന്തായിരുന്നു?
ജെ. ദേവിക : സ്ത്രീപക്ഷ ഗവേഷണം നമ്മുടെ ജ്ഞാന നിര്‍മ്മാണ മേഖലകളില്‍ ചെലുത്തിയ സമ്മര്‍ദ്ദം പ്രധാനമായിട്ടും വിമര്‍ശനാത്മകം ആണ് എന്ന് പറയാം. അതായത് ‘സ്ത്രീ’ എന്ന വിഷയത്തെ അങ്ങോട്ട് കൂട്ടിച്ചേര്‍ത്താല്‍ പ്രശ്നം അവസാനിച്ചു എന്നുള്ള ആ തോന്നല്‍ തുടക്കം മുതല്‍ തന്നെ സ്ത്രീപക്ഷ ഗവേഷണം, ഫെമിനിസ്റ്റ് ഗവേഷണം എതിര്‍ത്തു എന്നുള്ളതാണ്. ഞങ്ങളൊക്കെ ഈ ഒരു രംഗത്തേക്ക് കടന്നു വരുമ്പോള്‍ വിഷയം എന്ന നിലക്ക് സ്ത്രീകള്‍ എന്നുള്ളത് ചേര്‍ത്താല്‍ മതി എന്ന ധാരണ വളരെ വ്യാപകമായിരുന്നു, ഏതു വിഷയമാണെങ്കിലും അതിപ്പോള്‍ വികസന പഠനങ്ങള്‍ മുതല്‍ സാംസ്കാരിക പഠനങ്ങള്‍ വരെയും, സ്ത്രീകളെ കുറിച്ചുള്ള ഡീറ്റെയില്‍സ് ആഡ് ചെയ്താല്‍ മതി എന്നുള്ളതായിരുന്നു അന്നത്തെ സ്ത്രീപക്ഷത്തു നിന്നുള്ള വിമര്‍ശനങ്ങളെ നേരിടാനുള്ള ഒരു മാര്‍ഗ്ഗം. പണ്ട് രാഷ്ട്രീയരംഗത്തും അങ്ങനെ തന്നെയായിരുന്നു. മിക്കവാറും രാഷ്ട്രീയ കക്ഷികളുടെ പ്രത്യേകിച്ച് ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഒക്കെ സമ്മേളനങ്ങള്‍ക്ക് ശേഷം ഉള്ള വിലയിരുത്തല്‍ സമയത്ത് ഒരു വിമര്‍ശനം നടത്തും. അതില്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടി എഴുന്നേറ്റു പോയിട്ട് പെണ്‍കുട്ടികളുടെ എണ്ണം തീരെ കുറഞ്ഞു പോയി എന്നൊക്കെ പറയും. അപ്പോള്‍ ആ പ്രശ്നം പരിഹരിക്കണമെങ്കില്‍ കുറേ പെണ്‍കുട്ടികളുടെ എണ്ണം കൂട്ടിയാല്‍ മതി. അല്ലെങ്കില്‍ ജ്ഞാന രംഗത്ത് ആണെങ്കില്‍ ഏതെങ്കിലും വിഷയങ്ങളുടെ കൂടെ സ്ത്രീകളുമായി ബന്ധപ്പെട്ട കുറച്ച് വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ മതി എന്ന ധാരണ വ്യാപകമായിരുന്നു. അതിനെയാണ് ഫെമിനിസ്റ്റ് ഗവേഷണം എതിര്‍ത്തത്. അങ്ങനെ കൂട്ടിച്ചേര്‍ക്കല്‍ മാത്രം പോര മറിച്ച് പ്രശ്നത്തെ തന്നെ വിമര്‍ശനാത്മകമായി സ്ത്രീ പക്ഷത്തുനിന്നും വായിക്കണമെന്ന ഒരു ആവശ്യം ഉന്നയിച്ചു. അതുകൊണ്ടാണ് ഈ ഫെമിനിസ്റ്റുകള്‍ റീസണബിള്‍ അല്ല അനാവശ്യമായി ഒരുപാട് ഡിമാന്‍ഡുകള്‍ വയ്ക്കും എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായത്. എന്താ നിങ്ങള്‍ക്ക് ഇതൊക്കെ പോരെ? നിങ്ങള്‍ക്ക് ഒരു അപ്പക്കഷണം തന്നില്ലേ? ഇനി എന്തിനാണ് നിങ്ങള്‍ വിമര്‍ശിക്കുന്നത് എന്ന് ചോദിക്കുന്നതിന് സമാനമായ ഒരു അവസ്ഥയായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ആ ഒരു സ്വാധീനം ആ ഒരു സമ്മര്‍ദ്ദം എനിക്കു തോന്നുന്നു വളരെ ഫലപ്രദമായിരുന്നു എന്ന് തന്നെയാണ്. ഇന്ന് ഇതിപ്പോള്‍ നമുക്കിടയില്‍ ഒരു സാമാന്യബോധം മാത്രം ആണ്. ഫെമിനിസ്റ്റ് പ്രേക്ഷകരുടെ ഇടയില്‍ കൂട്ടിച്ചേര്‍ക്കല്‍ മാത്രം പോരാ എന്നുള്ളത് നമ്മുടെ ഇടയില്‍ ഇന്ന് നിലനില്‍ക്കുന്ന ഒരു പൊതു സമ്മതമാണ്, ഒരു കണ്‍സെന്‍സ് ആണ്.

പിന്നെ മറ്റൊരു വ്യത്യാസം ഉണ്ടാക്കിയത് എന്തെന്ന് വച്ചാല്‍ സ്ത്രീപക്ഷ ഗവേഷണം ഒരു സാധ്യതയായി വന്നപ്പോള്‍ തന്നെ സ്ത്രീകള്‍ ധാരാളം ഗവേഷണ രംഗത്തേക്ക് കടന്നു വരുന്ന സമയവുമായി അത് കോയിന്‍സൈഡ് ചെയ്തു എന്നുള്ളതാണ്. ഇപ്പോള്‍ പ്രത്യേകിച്ച് സാമൂഹികശാസ്ത്ര മാനവികവിഷയങ്ങളില്‍ ഒക്കെ സ്ത്രീകളുടെ സാന്നിധ്യം ഉള്ള ഒരു സന്ദര്‍ഭത്തിലാണ് സ്ത്രീപക്ഷ ഗവേഷണ സാധ്യതകളും ഉയര്‍ന്നുവന്നത്. അപ്പോള്‍ അതുകൊണ്ടുതന്നെ ആണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന ഡിപ്പാര്‍ട്ട്മെന്‍റ്കളില്‍ പെട്ടെന്ന് പെണ്‍കുട്ടികളുടെ സാന്നിധ്യം ഒരുപാട് കൂടുകയും, അവിടെയുള്ള സാമൂഹികതയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ഒക്കെ വന്നു തുടങ്ങുകയും ചെയ്തു ആ മാറ്റങ്ങളൊക്കെ പൂര്‍ണ്ണമാകുന്നു എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. ഇപ്പോഴും പൂര്‍ണ്ണമായിട്ടില്ല അത് ശരിക്കും അവിടുത്തെ ഈ ആണ്‍ സാമൂഹികതയില്‍ ചില ടെന്‍ഷന്‍സ് ഉണ്ടാക്കിയിട്ടുണ്ട്. അത് എന്‍റെ ഓര്‍മ്മയില്‍ നല്ലവണ്ണം ഉണ്ട്. ആണിടത്തിലേക്ക് പ്രവേശിക്കാന്‍ ഒരു ചെറിയ കോണ്‍ എങ്കിലും കിട്ടണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് എന്‍റെ ഓര്‍മ്മയില്‍ നല്ലതുപോലെ ഉണ്ട്. എങ്കിലും നമ്മള്‍ ഈ ആണ്‍ സാമൂഹികതയിലേക്ക് ഇഴുകിച്ചേരണം, ഇത്തരം ബുദ്ധിജീവി ചര്‍ച്ചകളും അത്തരം ഇഷ്ടാനിഷ്ടങ്ങളും, അതിനകത്ത് ഉണ്ടായി വരുന്ന ദൈനംദിനമായ സംഭാഷണങ്ങളും താമശകളും എല്ലാം ആസ്വദിക്കാന്‍ നമ്മള്‍ പഠിക്കണം, അതല്ല അങ്ങിനെ പോരാ നമ്മള്‍ വിമര്‍ശനാത്മകമായി സമീപിക്കാണോ? എന്നുവന്നാല്‍ സത്യത്തില്‍ വല്ലാത്ത ഒറ്റപ്പെടല്‍ നമ്മള്‍ അനുഭവിക്കും എന്ന അവസ്ഥ വരുമായിരുന്നു. അപ്പൊ നമ്മള് ഒരുകണക്കിന് ഈ ആണ്‍സാമൂഹികതയോട് യോജിച്ചു പോകുന്ന സ്ത്രീകള്‍ക്ക് ഒരുപാട് മെച്ചം കിട്ടുമായിരുന്നു. ഒന്ന് പറഞ്ഞാല്‍ അവരുടെ ഈ തിയററ്റിക്കല്‍ ചോയ്സസ് ഒക്കെ ഒന്നുകൂടി എളുപ്പമാകുമായിരുന്നു. ഞാന്‍ പഠിക്കുന്ന സമയത്ത്, ഫെമിനിസ്റ്റ് തിയറി വളരെ സീരിയസായ ഒരു സാധ്യതയായി നമ്മുടെ ഗവേഷണ രംഗത്ത് ഉയര്‍ന്നുവന്ന് അവൈലബിള്‍ ആയി തുടങ്ങിയ ഒരു സമയത്ത് തന്നെയാണ് നമ്മുടെ ഇവിടുത്തെ പുരുഷ ബുദ്ധിജീവികളില്‍ പലരും പ്രത്യേകിച്ച് നമ്മുടെ യൂണിവേഴ്സിറ്റി വൃത്തങ്ങളില്‍ ഉള്ള പുരുഷ ബുദ്ധിജീവികള്‍ പോസ്റ്റ് മോഡേണിസവും, പോസ്റ്റ്ട്രക്ച്ചറിലിസാവും ഒക്കെ വായിച്ചു തുടങ്ങുന്നത്. അപ്പോള്‍ അതിന്‍റെ അകത്തുനിന്നും വരുന്ന വിമര്‍ശനത്തെ അതായത് മാനവവാദ വേരുകളുള്ള രാഷ്ട്രീയങ്ങളെ അതായത് ഫെമിനിസമായാലും അതിപ്പോള്‍ ദളിത് പൊളിറ്റിക്സ് ആയാലും ഒക്കെ തന്നെ അതെല്ലാം ഒരുതരം ഈ പറഞ്ഞ മോഡേണിസ്റ്റ് ആണ്. ഈ മോഡേണ്‍ രാഷ്ട്രീയത്തിന് എല്ലാ പരിമിതികളും അതിനുണ്ട് എന്നൊക്കെ പറയുന്ന തരത്തിലുള്ള വളരെ ഫ്രജൈല്‍ ആയിട്ടുള്ള ഒരു തരം വിമര്‍ശനം ഈ പറയുന്ന ആണ്‍ വൃത്തങ്ങളില്‍ നിന്നും ഉണ്ടാകുമായിരുന്നു. അതിനൊക്കെ എതിരെ പിടിച്ചുനില്‍ക്കാനുള്ള ബൗദ്ധികമായ ശേഷി എന്‍റെ ഒക്കെ ജനറേഷനിലെ ഫെമിനിസ്റ്റ്കള്‍ക്ക് സ്വയം ഉണ്ടാക്കി എടുക്കേണ്ടി വന്നിരുന്നു. അപ്പോള്‍ ഈ ആണ്‍ സാമൂഹികതയില്‍ യോജിച്ചു പോകുന്ന അക്കഡമിക്ക് സ്ത്രീകളെ സംബന്ധിച്ച് ഇതൊരു പ്രശ്നമേ അല്ലായിരുന്നു. കാരണം അവരുടെ ചോയ്സ് ഒക്കെ ഇതുപോലെ അത്തരം വൃത്തങ്ങളുടെ ഉള്ളില്‍ ഫാഷനബിള്‍ ആയിട്ട് ഉയര്‍ന്നുവരുന്ന എന്താണോ അതങ്ങ് സ്വീകരിച്ചാല്‍ മതി എന്നുള്ളതായിരുന്നു. അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഞാന്‍ തന്നെ കേട്ടിട്ടുണ്ട് ‘ഓ! സ്ത്രീകള്‍ക്ക് ഇതൊക്കെ പറ്റുവൊള്ളോ?’ അതുകൊണ്ട് ആ ലെവലില്‍ ഉള്ള എന്തെങ്കിലുമൊക്കെ ഒരു ചെറിയ തിയററ്റിക്കല്‍ ഫ്രെയിം വര്‍ക്കില്‍ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്ന പോലെ എന്നാല്‍ വളരെ കോണ്ടസന്‍റിങ്ങ് ആയിട്ട് നമ്മുടെ ഈ പോസ്റ്റ് മോഡേണിസ്റ്റ്, പോസ്റ്റ് സ്ട്രക്ചറലിസ്റ്റ് ബുദ്ധിജീവികള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ അതിനെതിരെ ഒക്കെ പിടിച്ചു നില്‍ക്കുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. അതുതന്നെയായിരുന്നു നമ്മളീ പറയുന്ന അക്കാദമിക് വൃത്തങ്ങളുടെ മേല്‍ ചെലുത്തിയ സമ്മര്‍ദ്ദം എന്ന് എനിക്ക് തോന്നുന്നത്.

ഹമീദ : കേരളത്തിലെ സ്ത്രീപക്ഷ ഗവേഷണം തുടക്കത്തില്‍ കൈകാര്യം ചെയ്ത വിഷയങ്ങളും അത് വികസിച്ചു വന്ന വഴികളും ഒന്ന് വിവരിക്കാമോ?
ദേവിക : സ്ത്രീകള്‍ എന്നൊരു കാറ്റഗറി, കേരളത്തില്‍ അല്ലെങ്കില്‍ മലയാളി സമൂഹത്തിനെ പറ്റിയുള്ള സാമൂഹിക ശാസ്ത്രപരമായിട്ട്, നരവംശശാസ്ത്ര പരമായിട്ടുള്ള, ഗവേഷണത്തില്‍ ഒക്കെ തന്നെ വന്നിട്ടുള്ളതാണ്. പ്രത്യേകിച്ചും മരുമക്കത്തായം പോലെയുള്ള ദായക്രമങ്ങള്‍ക്കുള്ളില്‍ ജീവിച്ച സ്ത്രീകള്‍ ഒരു കൗതുകമായി ഗവേഷകര്‍ക്ക് 1940 മുതല്‍ ചിലപ്പോള്‍ അതിനുമുമ്പ് മുതല്‍ തന്നെയും ഉണ്ടായിരുന്നു എന്നുള്ളത് വാസ്തവമാണ്. സ്ത്രീകള്‍ അധികവും ഉണ്ടായിരുന്നത് അങ്ങനത്തെ ചര്‍ച്ചകളിലാണ്. പിന്നീട് ഈ കേരളമാതൃക എന്ന ചര്‍ച്ച വരുമ്പോഴാണ് സ്ത്രീകള്‍ വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്. കേരളമാതൃക നേട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് റോബിന്‍ ജഫ്റിയെ പോലുള്ളവര്‍ എന്‍പതുകളില്‍ ഒക്കെ പറയുമ്പോളാണ് സ്ത്രീകള്‍ എന്ന വിഷയം പെട്ടെന്ന് ഇതിനുള്ളില്‍ സജീവമാകുന്നത്.

അപ്പോള്‍ ഞങ്ങളുടെ ഒക്കെ ഒരു ജനറേഷനില്‍ ഉള്ളവര്‍, 1980കളില്‍ ഒക്കെ കോളേജില്‍ പോകുകയും, 1990കളില്‍ ഗവേഷണ രംഗത്തേക്കു വരികയും ചെയ്ത ആ തലമുറയെ സംബന്ധിച്ചെടുത്തോളം ഇരുപതാം നൂറ്റാണ്ടിലെ ഈ സ്ത്രീ വ്യവഹാരങ്ങളെ കൈകാര്യം ചെയ്യുക, വിമര്‍ശനപരമായി തിരിഞ്ഞു നോക്കുക എന്നുള്ളത് വലിയൊരു ദൗത്യമായി മുന്നിലുണ്ടായിരുന്നു. ആ സമയത്ത് ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീകളുടെ വിഷയങ്ങളെ കേന്ദ്രത്തില്‍ വച്ചുകൊണ്ടുള്ള ഒന്നുരണ്ടു പ്രധാനപ്പെട്ട വ്യവഹാരങ്ങള്‍ ഉണ്ടായിരുന്നു. ഞാനന്ന് പത്തിരുപത് വയസ്സുള്ള വിദ്യാര്‍ത്ഥിനി എന്ന നിലയ്ക്ക് എന്‍റെ ഏറ്റവും വലിയ ആഗ്രഹം, സ്ത്രീകളെ കേന്ദ്രത്തില്‍ ഇരുത്തിയ ഒരു നാലഞ്ച് ഇരുപതാം നൂറ്റാണ്ട് വ്യവഹാരങ്ങള്‍ ഉണ്ടായിരുന്നു, അവയെ എല്ലാം വിമര്‍ശനപരമായി പഠിക്കുക എന്നുള്ളതായിരുന്നു അന്നത്തെ എന്‍റെ സ്റ്റഡീസ് അജണ്ട. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് വികസന വ്യവഹാരം തന്നെയാണ്. കേരള വികസന മാതൃകയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സെന്‍ട്രലിറ്റി ഉണ്ട് എന്ന് പുരുഷന്മാരായ ഗവേഷകര്‍ അവകാശപ്പെടുന്നു. അപ്പോള്‍ ആ പ്രസ്താവത്തെ എങ്ങനെയാണ് വിമര്‍ശനാത്മകമായി കാണാന്‍ പറ്റുക? അത്തരം അഭിനന്ദനം ഈ പറഞ്ഞ ഇടതുകൈകൊണ്ട് തരുന്ന അഭിനന്ദനം ആണോ? അല്ലെങ്കില്‍ ഈ അഭിനന്ദനം എന്തിനെയാണ് അദൃശ്യമാകുന്നത്? എന്നൊക്കെയായിരുന്നു അതില്‍ ഒരു ചോദ്യം. പിന്നെ രണ്ടാമത്തെ വ്യവഹാരം സാമൂഹിക അല്ലെങ്കില്‍ സമുദായ പരിഷ്കരണത്തിന്‍റെ വ്യവഹാരം ആയിരുന്നു. അവിടെയും ഈ പറഞ്ഞതുപോലെ സ്ത്രീകളെ പുരുഷന്മാര്‍ ആയിട്ടുള്ള സാമൂഹിക, സമുദായ പരിഷ്കര്‍ത്താക്കള്‍ സമുദായത്തിന്‍റെ ഉള്ളില്‍ അകപ്പെട്ടുപോയ സ്ത്രീകളെ പലതരത്തില്‍ സാമൂഹിക പരിഷ്കരണത്തിലൂടെയും ആധുനിക വിദ്യാഭ്യാസത്തിലൂടെയും ഒക്കെ അവരെ വിമോചിപ്പിക്കുന്ന ഒരു വ്യവഹാരം, അവിടെയും ഈ സ്ത്രീകളുടെ ഒരു സെന്‍ട്രലിറ്റി ഈ വ്യവഹാരത്തിലും ഉണ്ട്. അങ്ങനെയുള്ള ഒരു വ്യവഹാരത്തെ നമ്മള്‍ ഈ പറഞ്ഞതുപോലെ നമ്മള്‍ അങ്ങേയറ്റം വിമര്‍ശനാത്മകമായി പരിശോധിക്കുകയും ഇന്ന് അതായത് ഈ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനമായപ്പോഴേക്കും ഉള്ള ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ അനുഭവിച്ച ഈ പിതൃമേധാവിത്തത്തെ എങ്ങിനെ രൂപപ്പെടുത്തി എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ അവരോട് ചോദിക്കുകയും ചെയ്തു എന്നതായിരുന്നു മറ്റൊരു പ്രധാനപ്പെട്ട കാര്യം. മൂന്നാമതായി രാഷ്ട്രീയവ്യവഹാരം, ഇതെല്ലാമാണെങ്കിലും രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ പാടില്ല, വലിയതോതില്‍ യൂണിയനൈസേഷന്‍ നടന്നിട്ടുള്ള സംസ്ഥാനമാണ് കേരളം. ഈ പറഞ്ഞ തൊഴിലാളി യൂണിയനുകളില്‍ വന്‍തോതിലുള്ള യൂണിയനൈസേഷന് വിധേയര്‍ ആയിട്ടുള്ളവരാണ് സ്ത്രീ തൊഴിലാളികള്‍. അതുകൊണ്ടുതന്നെ കേരളത്തിലെ തൊഴിലാളി സമരങ്ങളില്‍ വലിയ പങ്ക് തൊഴിലാളി സ്ത്രീകളുടെ വന്‍ സാന്നിധ്യത്താല്‍ പ്രത്യേകത ഉള്ളവയായിരുന്നു. എങ്കിലും ആ നേതൃത്വത്തിലേക്ക് സ്ത്രീകളും ഉയര്‍ന്നില്ല. രാഷ്ട്രീയം എന്ന സ്ഥാപനം തന്നെ സ്ത്രീകള്‍ക്ക് അന്യമാണെന്ന മട്ടിലുള്ള നിലയിലായിരുന്നു കാര്യങ്ങളുടെ കിടപ്പ്. ഇത് എന്തുകൊണ്ട്? എന്ന് പഠിക്കാനുള്ള താല്‍പര്യം ആണ് പിന്നീട് തൊണ്ണൂറുകളില്‍ ഉണ്ടായി വരുന്നത്. പ്രത്യേകിച്ചും ജനകീയാസൂത്രണം പോലെയുള്ള പരിപാടികള്‍ മുന്നോട്ടുവരികയും ചില സ്ത്രീകള്‍ക്ക് സംവരണം ആ തരത്തില്‍ ഉണ്ടാവുകയും ഒക്കെ ചെയ്തത്. എന്തുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടില്‍ ആ രാഷ്ട്രീയവ്യവഹാരത്തില്‍ സ്ത്രീകള്‍ ഇല്ലാതെ പോയത് എന്ന് ചിന്തിക്കാന്‍ ഒരു കൗതുകം ഞങ്ങളുടെ ജനറേഷനില്‍ പലര്‍ക്കും ഉണ്ടായി. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള ഒഴിവാക്കല്‍ ഈ പറയുന്ന ജനകീയാസൂത്രണം വഴിയും, സ്ത്രീസംവരണം വഴിയും, പഞ്ചായത്തുകളിലെ സ്ത്രീസംവരണം വഴിയും ഒക്കെ ഇല്ലാതാകുമോ പരിഹരിക്കപ്പെടുമോ എന്നൊക്കെയുള്ള ചോദ്യങ്ങളും ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നു. നാലാമത് സ്ത്രീകളുടെ എക്സ്ക്ലൂഷനാല്‍ മാര്‍ക്ക് ചെയ്യപ്പെട്ട ഒരു വ്യവഹാരം ആണ്. അത് ഞാന്‍ നേരത്തെ പറഞ്ഞ രണ്ട് വ്യവഹാരങ്ങളില്‍ സ്ത്രീകള്‍ കേന്ദ്രത്തില്‍ ഇരിക്കെ, രണ്ടു വ്യവഹാരങ്ങളില്‍ അവര്‍ എക്സ്ക്ലൂഡ് ചെയ്യപ്പെട്ടത് കൊണ്ട് തന്നെ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന വ്യവഹാരങ്ങളായിരുന്നു എനിക്ക് പഠിക്കാന്‍ താല്പര്യം ഉണ്ടായിരുന്നത്. നാലാമത്തെ വ്യവഹാരം സംസ്കാരമാണ്. സ്ത്രീകള്‍ ഒരേ സമയം കേന്ദ്രത്തില്‍ ഇരിക്കുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന വ്യവഹാരം. ഇത്തരത്തിലുള്ള വ്യവഹാരങ്ങള്‍ ആണ് ഞങ്ങളുടെ തലമുറയിലുള്ളവര്‍ കാര്യമായിട്ട് പഠിക്കാന്‍ താല്‍പര്യപ്പെട്ടത്. ഞാന്‍ തന്നെയാണെങ്കില്‍ സാമൂഹിക പരിഷ്കരണത്തിന്‍റെ വ്യവഹാരമാണ് എന്‍റെ പി എച്ച് ഡി ഗവേഷണത്തിന്‍റെ ഭാഗമാക്കിയത്. ഞാന്‍ അത് കഴിഞ്ഞ് ചെയ്ത ആദ്യത്തെ ഗവേഷണപഠനം ഈ വികസന വ്യവഹാരത്തെ പറ്റി ഉള്ളതാണ്. അതുകഴിഞ്ഞ് എന്‍റെ ജീവിതത്തില്‍ എന്‍റെ പത്ത് പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണ കരിയറില്‍ പതിനഞ്ചു വര്‍ഷം ഒക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ ഏറെക്കുറെ ഈ പറഞ്ഞ നാലു വിഷയങ്ങളും എക്സ്പ്ലോര്‍ ചെയ്തു കഴിഞ്ഞു എന്നുള്ളതാണ്. ഞാന്‍ മാത്രം എന്നുള്ളതല്ല എന്‍റെ തലമുറയില്‍ നിന്ന് അന്ന് വന്ന വിമന്‍സ് സ്റ്റഡീസിലും ജന്‍ഡര്‍ സ്റ്റഡീസിലും പേരെടുത്ത എന്‍റെ സഹപ്രവര്‍ത്തകരും, എന്‍റെ തലമുറക്കാരികളും ആയിട്ടുള്ള നിരവധി ഗവേഷകര്‍ ഈ പറഞ്ഞ വിഷയങ്ങളില്‍ ആണ് അവരുടെ പഠനം ചെയ്തത്. അതെ സമയം ഇരുപതാം നൂറ്റാണ്ടിനു ശേഷം ഉണ്ടായ പല മാറ്റങ്ങളും പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉദാഹരണത്തിന് സെക്സ് വര്‍ക്കേഴ്സ്ന്‍റെ മൊബിലൈസേഷന്‍ ഉണ്ടായത്, ട്രാന്‍സ് സ്ത്രീകളുടെ അസര്‍ഷന്‍, ട്രാന്‍സ് ജെന്‍ഡര്‍ മനുഷ്യരുടെ പബ്ലിക്ക് അസര്‍സന്‍സും ഒക്കെയാണ് ഇപ്പോള്‍ ആള്‍ക്കാര്‍ പഠിക്കുന്ന വിഷയങ്ങള്‍.

ഹമീദ : ആദ്യകാലത്ത് ഈ മേഖല നേരിട്ട വെല്ലുവിളികള്‍ എന്തെല്ലാമായിരുന്നു?
ദേവിക : ആദ്യ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി എന്നു പറഞ്ഞാല്‍ നമ്മളെ ആരും സീരിയസ് ആയി എടുക്കില്ല എന്നതായിരുന്നു. നേരത്തെ ഞാന്‍ പറഞ്ഞില്ലേ ആഡ് ആന്‍റ് സ്റ്റര്‍ എന്നുള്ള കാഴ്ചപ്പാട് തന്നെ ധാരാളം മതി അതിനപ്പുറം നിങ്ങള്‍ എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ ചുമ്മാ ഹിസ്റ്റീരിയ ബാധിച്ച ആള്‍ക്കാരാണ്, എത്ര അറ്റന്‍ഷന്‍ കിട്ടിയാലും പോരാത്തവരാണ് അതുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ചിണുങ്ങി കൊണ്ടിരിക്കുന്നത്, എന്നുള്ള മട്ടിലുള്ള പ്രതികരണങ്ങള്‍ ഞാന്‍ ഒരുപാട് സ്ഥലങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ‘നിങ്ങള്‍ ഈ ചെയ്യുന്നവര്‍ക്ക് ഒന്നും അത്ര പ്രാധാന്യം ഉള്ള ഒന്നുമല്ല’ എന്നും. ‘കുറച്ച് കാര്യങ്ങളിങ്ങനെ അല്ലെങ്കില്‍ ചരിത്രത്തില്‍ എങ്ങനെ ആയിട്ടുള്ള കുറച്ച് ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു’ എന്നുള്ള തരം നിലപാട് ഒരു പാട് പേരില്‍ നിന്നും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞാനെന്‍റെ തീസിസിന് വേണ്ടി കളക്ട് ചെയ്ത മെറ്റീരിയലില്‍ ഈപത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിലും സ്ത്രീകളായ ബുദ്ധിജീവികള്‍ എഴുതിയ ലേഖനങ്ങളുടെ ഒരു സമാഹാരം എനിക്ക് ഇറക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. തീസിസ് ഇറക്കുന്നതിനു മുന്‍പ് തന്നെ ഇറക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഈ പറഞ്ഞ സ്ത്രീകളുടെ എഴുത്ത് ശൈലി ഒക്കെ തന്നെയാണ് എന്‍റെ എഴുത്തിന്‍റെ ശൈലിയെ തന്നെ കാര്യമായി രൂപപ്പെടുത്തിയത്. അത്ര ഗംഭീരം എഴുത്താണ് അവരുടെ. ആദ്യം ഞാന്‍ ഇതെല്ലാം കലക്ട് ചെയ്തു ഡി സി ബുക്സില്‍ പരിചയമുള്ള ഒരു എഡിറ്ററെ വിളിച്ച് താല്പര്യമുണ്ടോ എന്ന് ചോദിച്ചു. അയാള്‍ അത് അയച്ചു കൊടുക്കാന്‍ പറഞ്ഞു ഞാന്‍ അത് അയച്ചു കൊടുത്തു. എന്നിട്ട് അത് എഴുതി റിവ്യൂവിന് പോയി എന്നാണ് എന്നോട് പറഞ്ഞത്. തൃശ്ശൂര്‍ ഉള്ള ഏതോ കോളേജ് അധ്യാപകന്‍ ആയിരുന്നു റിവ്യൂവര്‍. അദ്ദേഹം ഇത് നോക്കിയിട്ട് പറഞ്ഞത്രേ ‘അയ്യോ ഇതൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല ഇതൊന്നും സ്ത്രീകള്‍ എഴുതിയത് ആവാന്‍ ഒരു വഴിയുമില്ല. സ്ത്രീകള്‍ക്ക് ഇങ്ങനെയൊന്നും എഴുതാന്‍ സാധിക്കില്ല. ഇത് ഒക്കെ ഏതെങ്കിലും ആളുകള്‍ കള്ളപ്പേരില്‍ എഴുതിയത് ആവും’.അല്ല കള്ള പേരില്‍ എഴുതുന്ന രീതി അന്നും ഉണ്ട്.

പിന്നീട് 1980കള്‍ വരെയും ആണ്‍ ബുദ്ധിജീവികള്‍ സ്ത്രീകളുടെ കള്ളപ്പേരില്‍ എഴുതുന്ന രീതി ഉണ്ടായിരുന്നു. 1930കളില്‍ വീ. ട്ടി. ഭട്ടത്തിരിപ്പാട് മുതല്‍ 1980കളില്‍ നോവലിസ്റ്റ് നാരായണപിള്ള വരെ പിന്തുടര്‍ന്ന് വന്നിട്ടുള്ള ഒരു കാര്യമാണത്. എങ്കിലും ‘ഈ പറയുന്ന വനിതകളില്‍ പലരേയും അവരുടെ സഹോദരന്മാരെയും അച്ഛന്മാരെയും ഭര്‍ത്താക്കന്മാരേയും നമുക്കറിയാം, പക്ഷേ ഇവരെ നമുക്ക് അറിയില്ല’ എന്ന മട്ടില്‍ ഉള്ളതായിരുന്നു. അപ്പോ ഇത് റിവ്യൂവറായ ആ പ്രൊഫസറിന് എന്തായാലും ഒന്നും അറിയില്ല എന്നത് വളരെ വ്യക്തമായിരുന്നു. എങ്കിലും ഇങ്ങനെ എഴുതാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല എന്ന് പറയാന്‍ മാത്രമുള്ള മൗഢ്യം അയാള്‍ക്കുണ്ടായിരുന്നു. അപ്പോള്‍ ഇങ്ങനെയുള്ള മൗഢ്യത്തെ നമ്മള്‍ എങ്ങനെ മറികടക്കും എന്നുള്ളതായിരുന്നു അന്നുള്ള വലിയ വെല്ലുവിളി.

രണ്ടാമത്തേത് ഡിപ്പാര്‍ട്ട്മെന്‍റ്ലും ഇതേ പ്രശ്നം ഉണ്ടായിരുന്നു അതായത് നിങ്ങള്‍ സ്ത്രീപക്ഷ ഗവേഷണം എന്ന് പറയുമ്പോള്‍ സാധാരണ മറ്റൊരു വിഷയം തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് തന്‍റെ പ്രൊപ്പോസലിനെ ഡിഫന്‍റ് ചെയ്യാന്‍ ആവശ്യമുള്ള വാദങ്ങളും തയ്യാറെടുപ്പുകളും ഒരു മൂന്നോ നാലോ ഇരട്ടി ഈ സ്ത്രീപക്ഷ ഗവേഷണത്തിനു തയ്യാറെടുക്കുന്ന ആള്‍ക്കു ഉണ്ടായിരിക്കണമായിരുന്നു അല്ലെങ്കില്‍ ഇത് വെറും മുദ്രാവാക്യം ആണെന്ന് മറ്റുള്ളവര്‍ പറഞ്ഞ് നമ്മളെ അങ്ങ് അടിച്ച് താഴ്ത്തുന്ന ഒരു രീതി ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നു അതൊക്കെയാണ് സമീപകാലത്ത് ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നത്. ഇന്ന് അതിനു സാധിക്കില്ല എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അതുപോലെതന്നെ ഈ പുതിയ നൂറ്റാണ്ടില്‍ സെക്സ് വര്‍ക്ക് തൊഴില്‍ ആണ് എന്നൊക്കെയുള്ള,ആളുകളെ കണ്‍വിന്‍സ് ചെയ്യാനുള്ള നല്ല പരിശ്രമം ഫെമിനിസ്റ്റുകള്‍ക്ക്, അക്കാദമിക ഇടങ്ങളിലെ ഫെമിനിസ്റ്റുകള്‍ക്ക് വേണ്ടി വന്നിട്ടുണ്ട്. സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ പോലും ഒരു എംഫില്‍ ഡെസര്‍ട്ടേഷന്‍ എന്‍റെ ഒരു വിദ്യാര്‍ത്ഥിനി ആയ നേഹ കൂയി (ഇപ്പോള്‍ യുകെയില്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപികയാണ്) ഡല്‍ഹിയിലെ ജിബി റോഡില്‍ ഉള്ള സെക്സ് വര്‍ക്ക്സിനെ കുറിച്ച് പഠിക്കാനുള്ള ഒരു പ്രൊപ്പോസല്‍ അവതരിപ്പിച്ചു. സെന്‍റര്‍ ഫോര്‍ ഡെവലപ്പ്മന്‍റ് സ്റ്റഡീസ് പോലെയുള്ള ആഗോളതലത്തില്‍തന്നെ ബന്ധമുള്ള സ്ഥാപനത്തില്‍ പണിയെടുക്കുന്ന ആളുകള്‍ പോലും അയ്യേ എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഞാനെന്‍റെ ഡെസ്ര്‍ട്ടേഷന്‍ പ്രസന്‍റ് ചെയ്യുന്ന സമയത്ത് എങ്ങിനെയാണ് ഇവിടെ ഈ ആണ്‍ പെണ്‍ ചട്ടക്കൂട് സെയിം സെക്സ് പ്രണയങ്ങളെ മുഴുവനും തമസ്കരിച്ചു കൊണ്ട് രംഗത്ത് വന്നത് എന്ന് വിവരിച്ചപ്പോള്‍ അയ്യേ ഇതൊക്കെ വെറും ഹോമോസെക്ഷ്വാലിറ്റി അല്ലേ ഇതൊക്കെ ആണോ നിങ്ങളൊക്കെ പറയുന്നത് ഇതൊക്കെ പറഞ്ഞ് നമ്മളെ അപഹസിക്കാന്‍ ഓഡിയന്‍സില്‍ ആളുകള്‍ ഉണ്ടായിരുന്നതൊക്ക ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. അതില്‍നിന്നൊക്കെ വലിയ വലിയ മുന്നേറ്റങ്ങള്‍ ഇന്ന് ഉണ്ടായിട്ടുണ്ട് എന്നുള്ളതില്‍ വലിയ തര്‍ക്കമൊന്നുമില്ല.

അതുപോലെ തന്നെ ഇന്ന് പൂര്‍വാധികം ഉള്ള ഇന്‍റര്‍സെക്ഷനാലിറ്റിയെ കുറിച്ച് നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ഇന്ന് പറയുന്നതുകൊണ്ട് ഇന്‍റര്‍സെക്ഷനാലിറ്റി എന്നുപറയുന്ന ഒരു രീതിയില്‍ വേണം എല്ലാ ലിംഗബന്ധങ്ങളും എന്നും ഉള്ള തിരിച്ചറിവ് ഇന്ന് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട് എന്നുള്ളതും മറ്റൊരു കാര്യമാണ്. അത് അങ്ങിനെ ഉയര്‍ത്തിപ്പിടിക്കുന്നത് മാത്രം മതിയോ അതോ ശരിക്കും ഗവേഷണത്തിന് ആവശ്യമുള്ള ഒരു ചട്ടക്കൂട് ആ തിരിച്ചറിവില്‍ നിന്ന് ഉണ്ടാവാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും രണ്ടാമത്തേത് തന്നെയാണ് ശരി. അങ്ങനെയൊരു തിരിച്ചറിവ് ഉണ്ടാവുകയാണ് വേണ്ടത് പുതിയൊരു ചട്ടക്കൂടില്‍ നിന്നും ഗവേഷണം എങ്ങനെ ചെയ്യാം എന്നുള്ളതിനെ കുറിച്ച് കൂടുതല്‍ മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകണമെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. എങ്കിലും ഈ ഇന്‍റസക്ഷനാലിറ്റിയെ തിരിച്ചറിയുക എന്നുള്ളത് തന്നെ വലിയ മുന്നേറ്റം ആണെന്ന് എനിക്ക് തോന്നുന്നു.

ഹമീദ : സ്ത്രീപക്ഷത്തിനുള്ളില്‍ തന്നെ ഉയര്‍ന്നുവന്ന സങ്കീര്‍ണതകളെ ഈ ഗവേഷണ മേഖല അഭിസംബോധന ചെയ്തിട്ടുണ്ടോ?
ദേവിക : സ്ത്രീപക്ഷ ഗവേഷണത്തിന്‍റെ ഉള്ളില്‍ ഉയര്‍ന്നുവന്ന സങ്കീര്‍ണ്ണതകള്‍ വേണ്ടത്ര അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ എനിക്ക് പറയാനുള്ളൂ. ഇന്ന് ഞാന്‍ പൊതുവില്‍ കണ്ടിട്ടുള്ള പ്രവണത വികസനപഠനം എന്ന മേഖലയിലാണ് ശരിക്ക് ആദ്യമായിട്ട് ഈ സ്ത്രീപക്ഷ വീക്ഷണം കാര്യമായിട്ട് ഉന്നയിക്കപ്പെട്ട തുടങ്ങിയത്. അത് കേരളത്തിന്‍റെ സാഹചര്യത്തില്‍ അതിശയം ഒന്നും ഇല്ലായിരുന്നു താനും അതൊരു പ്രബലമായ മേഖല ആയതുകൊണ്ടും, ‘നമ്മുടെ കേരളം’ എന്ന ഒരു സാമൂഹിക ബോധത്തെ തന്നെ നിര്‍ണയിക്കുന്നതിന് വലിയൊരു പങ്ക് ഉണ്ടായിരുന്നതുകൊണ്ടും ആ മേഖലയിലാണ് ധാരാളം പഠനം ആദ്യം ഉണ്ടായിരുന്നത്. പിന്നീട് സാംസ്കാരിക പഠനങ്ങളിലേക്ക് കാര്യമായിട്ട് ഉണ്ടായിട്ടുണ്ട്. ചരിത്ര പഠനങ്ങളില്‍ ഒരുപരിധിവരെ വന്നിട്ടുണ്ട്. പക്ഷേ ഏറ്റവും വലിയ ഒരു കുറവ് ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളത് ശക്തമായ സാമൂഹ്യശാസ്ത്ര സോഷ്യോളജിക്കല്‍ ആയ പഠനം ഇനിയും ഉണ്ടായിട്ടില്ല എന്നതാണ്. ഇപ്പോള്‍ ഫാമിലിയെ കുറിച്ചൊക്കെ തന്നെ ഒരു പോസ്റ്റ് സോഷ്യല്‍ റീഫോം ഫാമിലി ഫോമിനെ കുറിച്ച് ഒന്നും തന്നെ മതിയായ രീതിയിലുള്ള, ശക്തമായ രീതിയിലുള്ള ഫെമിനിസ്റ്റ് പഠനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതാണ്. തൊഴിലാളിവര്‍ഗ്ഗത്തിന് ഇടയിലോ അല്ലെങ്കില്‍ കീഴാള വര്‍ഗ്ഗങ്ങള്‍ക്കിടയിലോ അതല്ല മിഡില്‍ ക്ലാസിനിടയില്‍ പോലും ഈ കുടുംബം എന്ന് പറയുന്ന സ്ഥാപനം ഈ ബോര്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് ഒക്കെ വളരെ കുറച്ചു മാത്രമേ നമ്മുടെ കയ്യിലുള്ളൂ, ഉദാഹരണത്തിന് സ്ത്രീധനം പോലെയുള്ള നമ്മളെ എല്ലാവരെയും സ്പര്‍ശിക്കുന്ന വിഷയത്തെ പോലും ഫലപ്രദമായ, ഉള്‍ക്കാഴ്ചയുള്ള എംപിരിക്കല്‍ ആയ സാമൂഹിക പഠനങ്ങളുടെ എണ്ണം വളരെ കുറവാണ്.

അതുപോലെതന്നെ ഇന്‍ഡര്‍ സെക്ഷ്വനാലിറ്റിയുടെ പ്രശ്നങ്ങളൊക്കെ ഉന്നയിച്ച് കൊണ്ടുള്ള ചോദ്യങ്ങള്‍ ഇരുപത്തി രണ്ടാം നൂറ്റാണ്ടില്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍ സംസ്കാരിക പഠനങ്ങളിലാണ് അതിന്‍റെ ഒരു സ്വാധീനം ഏറേയും കണ്ടത്. വാസ്തവത്തില്‍ മറ്റു സാമൂഹിക ശാസ്ത്രങ്ങളില്‍ ഇന്‍റര്‍സെക്ഷനാലിറ്റി കേന്ദ്രീകരിച്ചുള്ള ഗവേഷണത്തില്‍ ഒക്കെ മതിയായ ഒരു രീതിശാസ്ത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സ്ത്രീപക്ഷ പഠനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെ തന്നെ ടിജി സമൂഹത്തെ പറ്റിയൊക്കെ തന്നെ കുറെ പഠനങ്ങള്‍ വരുന്നുണ്ട്. പക്ഷേ അതില്‍ വിരലിലെണ്ണാവുന്ന ചിലതൊക്കെ ഒഴിച്ചാല്‍ ഉള്ളതൊക്കെ തന്നെയും ഉപരിപ്ലവമായിട്ടുള്ളവയാണ്. അതുപോലെ തന്നെയാണ് സെക്ഷ്വാലിറ്റിയെ പറ്റിയുള്ള പഠനങ്ങള്‍ ആണെങ്കിലും ഈ പറയുന്നതുപോലെ സാംസ്കാരിക പഠനങ്ങളില്‍ കാണുന്നത് അല്ലാതെ ശരിക്കും സാമൂഹികശാസ്ത്രം എങ്ങനെയാണ് മനുഷ്യരെ അല്ലെങ്കില്‍ സെക്ഷ്വല്‍ ഐഡന്‍റിറ്റികളെ ഒരു നോര്‍മല്‍ സാമൂഹികാവസ്ഥയില്‍ നെഗോഷിയേറ്റ് ചെയ്യുന്നത്? അല്ലെങ്കില്‍ നമ്മുടെ സാമൂഹിക സ്ഥാപനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ എങ്ങനെയാണ് സെക്ഷ്വാലിറ്റി നെഗോഷിയേറ്റ് ചെയ്യുന്നത്? എന്നുള്ള ചോദ്യങ്ങളെ പറ്റി ഒക്കെ തന്നെ നമുക്ക് കാര്യമായിട്ട് ഒന്നും ഇല്ല എന്ന് തന്നെയുള്ളതാണ്. പിന്നെ ചില കുറവുകള്‍ ഒക്കെ വളരെ ശക്തമായ രീതിയില്‍ നമുക്ക് മുന്നില്‍ തുറന്നു കാണപ്പെട്ടിട്ടുണ്ട് ഈ അടുത്തകാലത്ത്. ഉദാഹരണത്തിന് ഈ ശബരിമല വിഷയം വന്നപ്പോള്‍ നമ്മള്‍ ശ്രദ്ധിക്കുന്നത് അതായത് സ്ത്രീകള്‍ എന്ന സംവര്‍ഗ്ഗത്തെ കുറിച്ചുള്ള പഠനങ്ങളില്‍ അധികവും പുരോഗമനപരമായ അല്ലെങ്കില്‍ ഇടതു സംബന്ധമായ രാഷ്ട്രീയത്തിന്‍റെ പരിസരത്തിലോ പശ്ചാത്തലത്തിലോ ആണ് പഠിച്ചത് എന്ന് കാണാം. വലതുപക്ഷത്തിലെ വലിയ ഒരു വിഭാഗമാണ് സ്ത്രീകള്‍, കേരളത്തില്‍ നടന്ന വലതുപക്ഷ സമരങ്ങളില്‍ വലിയ വലിയ പങ്ക് അവര്‍ വഹിച്ചിട്ടുണ്ട് ചരിത്രപരമായിട്ട് തന്നെ, വിമോചനസമര കാലത്തും അതിനു ശേഷവും. എങ്കിലും വലതുപക്ഷക്കാരികളായ സ്ത്രീകളെ കുറിച്ചുള്ള പഠനങ്ങളേയില്ല. ഈ സ്ത്രീകളെ ഉള്‍ചേര്‍ക്കുന്ന വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളെ കുറിച്ച് നമുക്ക് പഠനങ്ങള്‍ ഇല്ല. അതാകുമ്പോള്‍ ഈ ഭക്തി വിശ്വാസം എന്നതുമായി ബന്ധപ്പെട്ട നില്‍ക്കുന്ന ഒട്ടുമിക്ക കള്‍ട്ടുകള്‍ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് നില്‍ക്കുന്നതെങ്കിലും അതിനെ കുറിച്ചൊന്നും പഠിക്കാന്‍ നമ്മള്‍ മെനക്കെട്ടില്ല എന്നത് വളരെ ഗുരുതരമായ ഒരു വീഴ്ച ആയിട്ടു തന്നെ ഞാന്‍ കണക്കാക്കുന്നു.

ഹമീദ : സ്ത്രീപക്ഷ ഗവേഷണ മേഖല പുരുഷാധിപത്യ സ്ഥാപനങ്ങള്‍ക്ക് അകത്ത് മാറ്റം വരുത്തിയിട്ടുണ്ടോ?
ദേവിക : തീര്‍ച്ചയായിട്ടും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തീര്‍ച്ചയായിട്ടും ഉണ്ടായിട്ടുണ്ട്. ഞാനും എന്‍റെ സഹപ്രവര്‍ത്തകയായ പ്രവീണ കോടോത്ത് ഞങ്ങള്‍ സി. ഡി. എസ്സില്‍. ജോലിക്ക് ജോയിന്‍ ചെയ്യുന്നത് 2001ലാണ്. അന്ന് മുതല്‍ ഇന്ന് വരെയുള്ള ഇരുപത് വര്‍ഷക്കാലത്തിന് ഇടയില്‍ ഞങ്ങളാ സ്ഥാപനത്തില്‍, ഞങ്ങളെ കൊണ്ട് മാത്രമല്ല ഞങ്ങളെ ആ സ്ഥാപനത്തിലേക്ക് കൊണ്ടു വരുത്താന്‍ ജ്ഞാനപരം ആയിട്ടുള്ള ഒരു സമ്മര്‍ദ്ദം തീര്‍ച്ചയായിട്ടും അവിടെ പഠിപ്പിക്കുന്ന പല സമ്പ്രദായങ്ങളെ മാത്രമല്ല ആണ്‍-പെണ്‍ ബന്ധങ്ങള്‍ ഒക്കെ തന്നെ മാറ്റി തീര്‍ത്തിട്ടുണ്ട് എന്നുള്ളതാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ എണ്ണം അധ്യാപകരായും വിദ്യാര്‍ഥികളായും വര്‍ദ്ധിക്കുന്നത് മാത്രമല്ല സ്ത്രീകളോട് എങ്ങനെ ഇടപഴകണം ഫെമിനിസ്റ്റുകളോട് എങ്ങനെ ഇടപഴകണം എന്നതിനെ ഒന്നിച്ചുള്ള മുന്‍ധാരണകള്‍ ഒരുപാട് മാറ്റി തീര്‍ത്തിട്ടുണ്ട് സി ഡി എസിന് അകത്ത്. പുറത്തേ കാര്യം നമ്മള്‍ ഈ പറയുന്നതുപോലെ എവോള്‍വ് ചെയ്തുവരുന്ന ഒരു സിനാരിയോ ആണ്. ഇപ്പോള്‍ നമ്മള്‍ പല കോളേജുകളിലും കാണുന്നുണ്ട് ലൈംഗികചുവയുള്ള പരിഹാസം ആയാലും ലൈംഗികപീഡനം ആയാലും ഒക്കെ തന്നെയും വിദ്യാര്‍ത്ഥിനികളാല്‍ ചോദ്യംചെയ്യപ്പെടുന്നു. പക്ഷേ അതേ സമയം കടുത്ത എതിര്‍പ്പും വ്യവസ്ഥാപിത കക്ഷികളുടെ വശത്തുനിന്നും ഉണ്ടാകുന്നുണ്ട് എന്നത് നമ്മള്‍ കാണുന്നു. ഇപ്പോള്‍ യൂണിവേഴ്സിറ്റികളില്‍ ആയാലും കോളേജുകളില്‍ ആയാലും പൊതുവെ സാമാന്യം തെറ്റില്ലാത്ത ഒരു ടെന്‍ഷന്‍റെ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല ഫെമിനിസം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, ഫെമിനിസ്റ്റ് പഠനങ്ങളും, ഫെമിനിസ്റ്റ് നിലപാടുകളും ഉയര്‍ത്തുന്ന പുതിയ ചോദ്യങ്ങള്‍ക്ക് നിലവിലുള്ള വ്യവസ്ഥയ്ക്ക് ഉത്തരം തരാന്‍ പറ്റാതെ അവരെടുക്കുന്ന മര്‍ക്കടമുഷ്ടി ആണ് നമ്മള്‍ ഇപ്പോള്‍ പലയിടത്തും കാണുന്നത്. അത് പരിഹരിക്കാതെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന് മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് ഏറ്റവും സമ്മതിച്ച് തരാന്‍ തയ്യാറില്ലാതിരുന്നിട്ട് പോലും അധികാരികള്‍ക്ക് വളരെ പതുക്കെയാണെങ്കിലും വിട്ടു തരേണ്ടി വരും. അതിന്‍റെ ചില ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. ഒരുപക്ഷേ ഭാവിയില്‍ അത് നമ്മുടെ യൂണിവേഴ്സിറ്റി ഇടങ്ങളെയും നമ്മുടെ കോളേജ് ഇടങ്ങളെയും ഒക്കെയും മാറ്റിത്തീര്‍ക്കുന്ന ഒരു ശക്തി ആയിട്ടു തന്നെ മാറിയേക്കാം.

ഹമീദ : സ്ത്രീപക്ഷ ഗവേഷണത്തിന്‍റെ കേരളത്തിലെ നിലവിലുള്ള സ്റ്റാറ്റസ് എന്താണ്?
ദേവിക : കേരളത്തില്‍ ഇന്ന് നിലവിലുള്ള സ്ത്രീപക്ഷ ഗവേഷണത്തിന്‍റെ സ്റ്റാറ്റസ് എന്തെന്നുവെച്ചാല്‍ മുമ്പത്തേക്കാള്‍ എത്രയോ അധികം സ്വീകാര്യതയുണ്ട് എന്നുള്ളതാണ്. എല്ലായിടത്തും എല്ലാ ഡിപ്പാര്‍ട്ട്മെന്‍റിലും സ്ത്രീപക്ഷ ഗവേഷണത്തിന് ഒരു ഇടമുണ്ട്. അധ്യാപകരുടെ ഇടയില്‍ ആണെങ്കിലും അതിനോടുണ്ടായിരുന്ന ഒരു തൊട്ടുകൂടായ്മ ഒക്കെ വലിയ അളവില്‍ മാറിയിട്ടുണ്ട്. അത്യുന്നത നിലവാരത്തിലുള്ളതാണ് എന്നൊന്നും ഞാന്‍ പറയില്ല. അത് പക്ഷേ സ്ത്രീപക്ഷ ഗവേഷണത്തിന്‍റെ മാത്രം കാര്യമല്ല അത് നിങ്ങള്‍ ഏതു തരം ഗവേഷണം എടുത്തു നോക്കിയാലും ആ പ്രശ്നമുണ്ട്. ഞാന്‍ പിന്നെ ഫെമിനിസ്റ്റ് റിസര്‍ച്ച് എന്നുള്ളതിനെ സ്ത്രീപക്ഷ ഗവേഷണം എന്ന് ട്രാന്‍സ്ലേറ്റ് ചെയ്യുകയും ഇല്ല. അത് തെറ്റാണ്, കാരണം ഫെമിനിസ്റ്റ് എന്ന് പറഞ്ഞാല്‍ സ്ത്രീ എന്നൊരു കാറ്റഗറിക്ക് ചുറ്റും മാത്രമല്ല ഇന്ന് നിലവിലുള്ളത് അപ്പോള്‍ അതുകൊണ്ട് സ്ത്രീ എന്ന കാറ്റഗറി തന്നെ വളരെ കണ്‍ഫ്യൂസിങ് ആയതുകൊണ്ട് തന്നെ അത്തരത്തില്‍ അതിനെ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ അല്ലാതെ സ്ത്രീകളെ കേന്ദ്രീകരിക്കാതെ കുറെക്കൂടി വിശാലമായിട്ടുള്ള ലിംഗ ബന്ധങ്ങളെക്കുറിച്ചും ലിംഗ അധികാരത്തെ കുറിച്ചും പഠിക്കുന്ന തരത്തിലുള്ള ഗവേഷണത്തിന്നു ഇന്ന് സ്വീകാര്യത വളരെ അധികമാണ്, പക്ഷേ അതിന്‍റെ മികവ് അത്ര മെച്ചമൊന്നും ആണെന്ന് പറയാന്‍ പറ്റുന്നില്ല. കുറെയൊക്കെ നമ്മുടെ ഗവേഷണ രംഗത്ത് ഉണ്ടായ മാറ്റങ്ങള്‍ തന്നെയാണ് അതിന് ഉത്തരവാദി. ഉദാഹരണത്തിന് വളരെ പെട്ടെന്ന് ഉന്നത നിലവാരത്തിലുള്ള വര്‍ക്കുകള്‍ പ്രൊഡ്യൂസ് ചെയ്യാനുള്ള സമ്മര്‍ദ്ദം ധാരാളം ഗവേഷകരുടെ മേല്‍ ഉണ്ട് അത് പലപ്പോഴും ഗവേഷകരെയും വിദ്യാര്‍ത്ഥികളെയും തെറ്റായ മാര്‍ഗ്ഗങ്ങളിലേക്ക് തന്നെ നടത്തുന്നുണ്ട്. അതായത് ആശയമോഷണം നടത്താനും, ആശയങ്ങളെ സൂത്രത്തില്‍ അധികം പിടിക്കപ്പെടാത്ത രീതിയില്‍ നേടാനുള്ള വാസന വലിയ വലിയ അധ്യാപകര്‍ മുതല്‍ ഏറ്റവും തുടക്കക്കാരായ ഗവേഷണവിദ്യാര്‍ത്ഥികള്‍ വരെ അത് ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ നിലവാരത്തിന്‍റെ കാര്യത്തിലാണെങ്കില്‍ പുതിയ കാര്യങ്ങള്‍ പറയാനും ശരിക്കും പുതിയ തിരിച്ചറിവുകള്‍ സൃഷ്ടിക്കാനും ഉള്ള ആ ഒരു പ്രേരണ, ആ ഒരു പാഷന്‍ വിദ്യാര്‍ത്ഥികളില്‍ ഒരുപാട് ഒന്നും കാണുന്നില്ല എന്നുള്ളതാണ് സങ്കടകരമായ മറ്റൊരുകാര്യം. അതൊക്കെ തന്നെയാണ് ഇന്നത്തെ വലിയ വെല്ലുവിളികള്‍. പക്ഷേ അതേ സമയം ഒരുപാട് എഴുത്തുകള്‍ ഉണ്ടാകുന്നു എന്നത് വാസ്തവമാണ്. അത് അധ്യാപകരുടെ മേലെ പ്രമോഷനും മറ്റും സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ എവിടെയെങ്കിലും പബ്ലിഷ് ചെയ്യണമെന്ന് ഒരു ആവശ്യം വരുന്നു. അപ്പോള്‍ പ്രമോഷന് വേണ്ടി എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി കടടച ഉള്ള ജേണലുകളില്‍ പബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍ അതിനു ക്രെഡിറ്റ് എടുക്കാന്‍ പറ്റും. അല്ലെങ്കില്‍ കുറെ ആളുകളുടെ ലേഖനങ്ങള്‍ ഒക്കെ എടുത്തു എഡിറ്റ് ചെയ്തു ഏതെങ്കിലും പബ്ലിഷറെ കൊണ്ടൊക്കെ പബ്ലിഷ് ചെയ്തു അതിന്‍റെ ക്രെഡിറ്റ് എടുക്കാന്‍ നോക്കുന്ന രീതി, ഇതെല്ലാം നമ്മുടെ ഫെമിനിസ്റ്റ് ഗവേഷണത്തെയും ബാധിക്കുന്നുണ്ട് നല്ലതുപോലെ, ഇതൊക്കെ തന്നെയാണ് നമ്മുടെ വെല്ലുവിളികള്‍. കാരണം അളവ് കൂടുംതോറും മികവ് കുറഞ്ഞാല്‍ ഇതിന് ഒരു വിലയും ഇല്ലാത്ത അവസ്ഥ ഭാവിയില്‍ ഉണ്ടാകും. നമ്മുടെ സമരങ്ങളെയും ഭാവിയില്‍ ജനാധിപത്യവല്‍ക്കരണത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെയും എനര്‍ജൈസ് ചെയ്യേണ്ടത് ഈ ഗവേഷണങ്ങളാണ് എനര്‍ജൈസ് ചെയ്യാനുള്ള ഒരു കഴിവ് ഓവര്‍ പ്രൊഡക്ഷന്‍ കൊണ്ട് ഇല്ലാതായി പോകുമോ എന്ന് ഭയപ്പെടേണ്ടതുണ്ട്.

റഫറന്‍സ്
1 . എം. ലീലാവതി (2008) ‘സ്ത്രീ സ്വത്താവിഷ്കാരം ആധുനിക മലയാള സാഹിത്യത്തില്‍’, കേരള സാഹിത്യ അക്കാദമി, തൃശൂര്‍

2. കെ. ശാരദാമണി (1999 ) ‘സ്ത്രീ, സ്ത്രീ വാദം, വിമോചനം’, ഡി സീ ബുക്ക്സ്
3. ജെ. ദേവിക (2006) ‘ആണരശുനാട്ടിലെ കാഴ്ചകള്‍, കേരളം സ്ത്രീപക്ഷ ഗവേഷണത്തില്‍ ‘, വിമന്‍സ് ഇമ്പ്രിന്‍റ്
4. എ കെ രാമകൃഷ്ണന്‍ & കെ. എം. വേണുഗോപാല്‍ (1998 ) ‘സ്ത്രീ വിമോചനം ചരിത്രം സിദ്ധാന്തം സമീപനം മലയാളം സ്റ്റഡീസ് ഓണ്‍ ഫെമിനിസം’, നയന ബുക്ക്സ് ,പയ്യന്നൂര്‍
5. മായ സുബ്രഹ്മണ്യന്‍ (2019) ‘ഓട്ടോണമസ് വിമന്‍സ് മൂവ്മെന്‍റ് ഇന്‍ കേരള’ , ജേര്‍ണല്‍ ഓഫ് ഇന്‍റര്‍നാഷണല്‍ വിമന്‍സ് സ്റ്റഡീസ്
6. രേഖാരാജ് (2017 ) ‘ദളിത് സ്ത്രീ ഇടപെടലുകള്‍ ‘, ഡി സി ബുക്ക്സ്
5. ഷംഷാദ് ഹുസൈന്‍ (2009) ‘ ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയില്‍’, ഭാഷ ഇന്സ്ടിട്യൂറ്റ്

ഹമീദ സീ. കെ.
അധ്യാപിക, സ്ത്രീപഠനവിഭാഗം
കോഴിക്കോട് സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0