Homeചർച്ചാവിഷയം

ശ്രീലങ്കന്‍ തീരങ്ങളിലെ താവഴി ആചാരങ്ങളും രീതികളും

‘വേരോട്ടി വളര്‍ത്തി മുളര്‍ത്താലും തായ് വലിട്ട് തപ്പാത്’ (ബാറ്റിക്കലോവയില്‍ പ്രചാരത്തിലുള്ള ഒരു തമിഴ് പഴമൊഴി) (ഒരാള്‍ വേരൂന്നി മറ്റൊരിടത്ത് വളരുമെങ്കിലും, മാതൃബന്ധം ഒരിക്കലും നഷ്ടപ്പെടുന്നില്ല) കേരളവും ശ്രീലങ്കയും തമ്മിലുള്ള സമാനതകള്‍ ഇളങ്കൈ സന്ദര്‍ശിക്കുന്ന ഏതൊരു മലയാളിയെയും ആകര്‍ഷിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. താമരക്കുളങ്ങള്‍, കുന്നുകള്‍, ചുറ്റുമുള്ള കടല്‍ എന്നിവയാല്‍ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രകൃതി; നമ്മുടെ തോട്ടങ്ങളില്‍ ‘പെമ്പിളൈ ഒരുമൈ’ തുടര്‍ച്ചയായി നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന ബ്രിട്ടീഷുകാര്‍ കുടിയേറ്റ തൊഴിലാളികളായി കൊണ്ടുപോയി കോളനിവത്കരണത്തിന് ശേഷം രാജ്യരഹിതരാക്കിയ തേയിലത്തോട്ടങ്ങളില്‍ താമസിക്കുന്ന തമിഴര്‍; നമ്മുടെ തേങ്ങ ചമ്മന്തിയോട് സാമ്യമുള്ള രുചിക്കൂട്ടുകള്‍, മലബാറിലെ മധുരപോളകളുടെ ഘടനയും രുചിയും പ്രതിധ്വനിപ്പിക്കുന്ന ശ്രീലങ്കന്‍ മുസ്ലീം സമുദായത്തിന്‍റെ വത്തലപ്പങ്ങള്‍, നമ്മുടെ വാഴയിലയില്‍ പൊതിഞ്ഞെടുക്കുന്ന പൊതിച്ചോറിനെ ഓര്‍മിപ്പിക്കുന്ന ഡച്ച് ബര്‍ഗറുകളിലെ ലാംബ്രൈസ്.
മതപരവും ദാര്‍ശനികപരവുമായ മേഖലകളിലും ഈ സാദൃശ്യം പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ ആറ്റുകാല്‍ അമ്മയുടെ ഉത്ഭവ കഥകളുമായി ‘പട്ടിണി/കണ്ണകി’ ഐതിഹ്യം ബന്ധപ്പെട്ടിരിക്കുന്നു. തമിഴ് സംസാരിക്കുന്ന കേരളത്തിലെ ബുദ്ധ വ്യാപാരികളും വാഞ്ചി പ്രദേശത്ത് നിന്നുള്ള മറ്റ് കുടിയേറ്റക്കാരും ചേര്‍ന്ന് ഇളങ്കൈയിലേക്ക് കൊണ്ടുവന്ന ഇളങ്കോ അടികളുടെ ജൈന കൃതിയായ ചിലപ്പതികാരത്തിലെ കണ്ണകി, ശ്രീലങ്കയിലെ സിംഹള, തമിഴ്സംസ്കാരങ്ങളില്‍ വ്യത്യസ്ത രൂപങ്ങളില്‍ ആദരിക്കപ്പെടുന്നതിനെ പറ്റി ഡോ. ഗണനാഥ് ഓബീയെസെക്കറെ തന്‍റെ പ്രബന്ധത്തില്‍  (The Matrilineal East Coast, Circa 1968: Nostalgia and Post nostalgia in our troubled time) പ്രതിപാദിക്കുന്നുണ്ട്. കേരളത്തിലെ കൊടുങ്ങല്ലൂര്‍ ഭഗവതി ആരാധനയ്ക്ക് പട്ടിണി ആരാധനയിലെ ‘സംസാര രൂപേണയുള്ള ആചാരങ്ങളില്‍’ ചില സവിശേഷമായ സാമ്യതകളും അദ്ദേഹം കണ്ടെത്തുന്നു. കിഴക്കന്‍ ഇന്ത്യയിലെ കലിംഗയില്‍ നിന്നുള്ള പരാക്രമബാഹു ഒന്നാമന്‍റെ (1153-1186) ശ്രീലങ്കയെ ഏകീകരിക്കുന്നതിനുള്ള പ്രചാരണത്തിനിടയില്‍ സൈന്യത്തിന്‍റെ ഭാഗമായിരുന്നു ‘കേരളക്കാര്‍’, കൂടാതെ കിഴക്കന്‍ ഇന്ത്യയിലെ കലിംഗയില്‍ നിന്നുള്ള (ഇന്നത്തെ ഒഡീഷ) മാഘ എന്ന സ്വേച്ഛാധിപതിയുടെ ശക്തമായ 24,000 അധിനിവേശ സൈന്യത്തിന്‍റെ ഒരു പ്രധാന ഘടകവുമായിരുന്നു.
സമീപകാല ചരിത്രമെടുത്താല്‍, സുപ്രധാന മലയാളി നവോത്ഥാന നായകനായിരുന്ന ശ്രീ നാരായണ ഗുരു 1918 ലും തുടര്‍ന്ന് 1926 ലും സിലോണ്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2009 ല്‍ അദ്ദേഹത്തിന്‍റെ 155-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ശ്രീലങ്ക പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുകയും ശ്രീ നാരായണ ഗുരു സൊസൈറ്റി അംഗങ്ങള്‍ കൊളംബോയില്‍ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. ‘പാവങ്ങളുടെ പേര്‍ഷ്യ’ എന്നറിയപ്പെട്ടിരുന്ന സിലോണില്‍, സ്വപ്നങ്ങളുടെ ദേശത്തേക്ക് കുടിയേറി, നിരവധി ആളുകള്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചു. മലയാളികളും ശ്രീലങ്കയും തമ്മിലുള്ള ബന്ധം തുടരുന്നതുമായി ബന്ധപ്പെട്ട ലേഖനത്തില്‍ മീര ശ്രീനിവാസന്‍, കൊളംബോയിലെ കൊച്ചിക്കഡെ എന്ന സ്ഥലവും അടുത്തുള്ള നെഗോംബോയിലെ മറ്റൊരു പ്രദേശവും കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഈ പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കിയ കാലഘട്ടത്തില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു എന്ന് പറയുന്നുണ്ട്.
എന്‍റെ സ്വന്തം മുത്തച്ഛന്‍ ഫിലിപ്പ്, കൊളംബോയില്‍ വര്‍ഷങ്ങളോളം ചെലവഴിച്ചു, കേരളത്തില്‍ തന്‍റെ കുടുംബത്തിന് ഒരു ഭാവിയുണ്ടാക്കി, അദ്ദേഹത്തിന്‍റെ ഇടവകയില്‍ ‘കൊളംബന്‍’ എന്ന് അറിയപ്പെട്ടു, കൂടാതെ അദ്ദേഹം തന്‍റെ മകളായ എന്‍റെ മുത്തശ്ശിക്ക് പ്രാദേശികമായി അറിയപ്പെട്ടിരുന്ന ഒരു സിംഹള രാജകുമാരിയുടെ സമോവതി എന്ന പേരിട്ടു.
കേരളവും ഇളങ്കൈയും തമ്മിലുള്ള സാമ്യതകള്‍ പറയുമ്പോള്‍ സാധാരണയായി പരാമര്‍ശിക്കപ്പെടുന്ന ഒരു പ്രധാന സാമ്യമാണ് മാട്രിലീനല്‍ വ്യവസ്ഥിതിയുടെ വ്യാപനം, ഈ മേഖലയില്‍ സെല്‍വി തിരുചന്ദ്രന്‍, എച്ച്. തമ്പിയ, ഡെന്നിസ്, മക് ഗില്‍വറേ, കല്‍പന റുവാന്‍പുര, നെലൂഫര്‍ ഡി മെല്‍, ശാരിക തിരനാഗമ തുടങ്ങിയവര്‍ ചെയ്ത പ്രധാന പഠനങ്ങളെ ആസ്പദമാക്കി കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്താനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്.
തെസവാലാമൈ- ജാഫ്നയിലെ തമിഴരുടെ പതിവ് നിയമങ്ങള്‍ ശ്രീലങ്കയുടെ വടക്കന്‍ ജാഫ്നയിലെ തമിഴരുടെ പാരമ്പര്യ നിയമങ്ങളാണ് തെസാവാലമൈ, ഇത് അനന്തരാവകാശം, സ്വത്തവകാശം, സ്ത്രീധനം, ദത്തെടുക്കല്‍, വിവാഹമോചന നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. 1706 -ല്‍ ഡച്ചുകാര്‍ ക്രോഡീകരിക്കുകയും പ്രാദേശിക മേധാവി അംഗീകരിക്കുകയും ചെയ്തു, ഇത് പിന്നീട് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചു. തെസവലാമൈ അതിന്‍റെ ഉള്‍ച്ചേര്‍ത്ത മാതൃശക്തിയുടെ ശക്തമായ അനുരണനങ്ങള്‍ക്ക് പേരുകേട്ടതാണ്, സെല്‍വി തിരുചന്ദ്രനെപ്പോലുള്ള പണ്ഡിതന്മാര്‍ അവരുടെ കൃതികളില്‍ അവകാശപ്പെടുന്നത്, ക്രോഡീകരിക്കുന്ന പ്രക്രിയയില്‍ അതിലേക്ക് കടന്നുവന്ന ധര്‍മ്മശാസ്ത്ര സങ്കല്‍പ്പങ്ങളുടെ സ്വാധീനം മൂലമാണ് പുരുഷാധിപത്യ വ്യവസ്ഥയുടെ സ്വാധീനം കാണാനാകുന്നതെന്നാണ്. തെസവലാമെ സ്വത്തിനെ മൂന്നായി തരംതിരിക്കുന്നു: മുത്തിസം, ചിദാനം, തേടിയത്തേടം. മുത്തിസം ഒരു വ്യക്തിയുടെ മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്താണ്, ഇത് നിയമപരമായി ഭര്‍ത്താവിനും ഭാര്യയ്ക്കും അവകാശപ്പെട്ടതാണ്. ഭര്‍ത്താവിന്‍റെ ഷെയര്‍ പിന്നീട് ആണ്‍മക്കള്‍ക്ക് പാരമ്പര്യമായി ലഭിക്കും, സ്ത്രീയുടെ വിഹിതം അവളുടെ പെണ്‍മക്കളിലേക്ക് പോകും.
സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട സ്വത്തവകാശമായ ചിത്താനത്തില്‍, വിവാഹസമയത്ത് പാരമ്പര്യത്തിന്‍റെ ഭാഗമായി അവളുടെ മാതാപിതാക്കള്‍ നല്‍കിയ സ്ത്രീയുടെ സ്വത്ത് നിയമപരമായി സ്ത്രീക്ക് മാത്രമുള്ളതാണ്. അവളുടെ മരണശേഷം ചിദാനം സ്വത്ത് അവളുടെ പെണ്‍മക്കള്‍ക്ക് അല്ലെങ്കില്‍ അവളുടെ സഹോദരിമാര്‍ക്ക്/അവളുടെ സഹോദരിയുടെ പെണ്‍മക്കള്‍ക്ക് അല്ലെങ്കില്‍ കൊച്ചുമകള്‍ക്ക് (ആ ക്രമത്തില്‍) കൈമാറുന്നു. പുരുഷനും സ്ത്രീയും അവരുടെ ജീവിതകാലത്ത് സ്വന്തമാക്കിയ സ്വത്താണ് തേടിയത്തേടം. ഈ സ്വത്ത് പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും തുല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു, മാതാപിതാക്കള്‍ മരിച്ചതിനുശേഷം മാത്രമേ ആണ്‍മക്കള്‍ അത് നേടുന്നുള്ളൂ, അതേസമയം വിവാഹസമയത്ത് മകള്‍ക്ക് അത് ലഭിക്കും. ഒരു സ്ത്രീയുടെ ചിതനം ഭര്‍ത്താവിന്‍റെ കടങ്ങള്‍ക്ക് ബാധ്യതയല്ല, അവളുടെ ചിതനം സ്വത്തില്‍ നിന്നുള്ള വാടകയോ ലാഭമോ ഭര്‍ത്താവിന്‍റെ കടങ്ങള്‍ അടയ്ക്കാന്‍ ബാധ്യസ്ഥമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
വിധവകള്‍ പുനര്‍വിവാഹം ചെയ്യുമ്പോള്‍ രണ്ട് വിവാഹങ്ങളിലൂടെയുള്ള പെണ്‍മക്കള്‍ക്ക് അവളുടെ സ്വത്ത് ലഭിക്കുന്നു. അതേസമയം ഒരു വിധവ പുനര്‍വിവാഹം ചെയ്യുമ്പോള്‍, അയാള്‍ തന്‍റെ മുന്‍ ഭാര്യയുടെ സ്വത്തും സമ്പാദിച്ച സമ്പത്തിന്‍റെ അമ്പത് ശതമാനവും സ്ത്രീധനമായി പെണ്‍കുട്ടികള്‍ക്ക് പോകുന്നുവെന്ന് ഉറപ്പാക്കണം.
സ്ത്രീയുടെ കാര്യത്തിലും ഇതുതന്നെയാണ്- അവള്‍ക്ക് സ്ത്രീധനവും ലഭിച്ച സ്വത്തിന്‍റെ അമ്പത് ശതമാനവും തിരികെ ലഭിക്കും. ‘കുടുംബ സ്ഥാപനത്തിന്‍റെ പരിപാലനത്തില്‍ സ്ത്രീകള്‍ നല്‍കുന്ന ഉല്‍പാദനപരവും പ്രത്യുല്‍പാദനപരവുമായ അധ്വാനത്തിനുള്ള ശരിയായ വേതനം’ എന്നാണ് തിരുചന്ദ്രന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒ. ണ. തംബിയ, ജാഫ്ന തമിഴരും തെസാവലമയിയും ‘ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തെ മലബാറുകളു’മായുള്ള ബന്ധം കാണിക്കുന്നുവെന്ന് വാദിക്കുന്നു. ഉദാഹരണത്തിന് വിവാഹ സഖ്യത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദം വിവാഹമല്ല, സംബന്ധമാണ്. എന്നിരുന്നാലും, സ്ത്രീക്ക് അവളുടെ ചിദാനത്തിലെ സ്ഥാവര വസ്തുക്കള്‍ (ഭൂമി) വില്‍ക്കാനും ക്രമപ്പെടുത്താനും അനുമതി ആവശ്യമില്ലെങ്കിലും, ജംഗമ സ്വത്ത് (പണം, ആഭരണങ്ങള്‍, മറ്റ് വിലയേറിയ വസ്തുക്കള്‍) ഉള്‍പ്പെടുന്ന ഏത് ഇടപാടുകള്‍ക്കും അവളുടെ ഭര്‍ത്താവിന്‍റെ അനുമതി ആവശ്യമാണ്. യുദ്ധസമയത്ത് ശ്രീലങ്കയില്‍ തമിഴര്‍ക്കുനേരെയുള്ള ക്രൂരമായ അക്രമത്തിന്‍റെ പരിണിതഫലമായി സംഭവിച്ച വലിയ തോതിലുള്ള കുടിയേറ്റവും സ്ഥാനചലനവും സ്ത്രീധനം അല്ലെങ്കില്‍ ചിദാനത്തിന് കൂടുതല്‍ സങ്കീര്‍ണ്ണവും കുറച്ച്സ്ത്രീപക്ഷവുമായ മാനങ്ങള്‍ നല്‍കുന്നു. ശ്രീലങ്കയിലെ നീണ്ട ആഭ്യന്തരയുദ്ധകാലത്തും അതിനുശേഷവും തമിഴ് സമൂഹത്തിലെ അംഗങ്ങള്‍ സാംസ്കാരിക പാരമ്പര്യങ്ങള്‍ പുന:പരിശോധിച്ചു. ആലോചിച്ചുറപ്പിച്ച വിവാഹങ്ങള്‍ സാധാരണമായി തുടരുമ്പോള്‍ തന്നെ യുവാക്കള്‍, സ്ത്രീകളുടെ തുല്യതയെ മാനിക്കാത്ത വിവാഹത്തെ വെറും സാമ്പത്തിക കൈമാറ്റമാക്കി മാറ്റുന്നതുമായ സ്ത്രീധനം ആവശ്യപ്പെടാനോ വാഗ്ദാനം ചെയ്യാനോ തയ്യാറാവുന്നില്ല. പക്ഷെ, ഈ യാഥാസ്ഥിതിക സമൂഹങ്ങളിലെ പഴയ അംഗങ്ങള്‍, സ്ത്രീധനം യുവ ദമ്പതികള്‍ക്ക് ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സുരക്ഷിതമായ സാമ്പത്തിക അടിത്തറ നല്‍കുന്നു എന്നു വാദിച്ചു കൊണ്ട് ആചാരത്തിന്‍റെ പക്ഷം പിടിക്കുന്നുണ്ട്. കൂടാതെ, സ്ത്രീധനം വധുവിന്‍റെ കുടുംബങ്ങള്‍ക്ക് സാമൂഹിക അംഗീകാരവും അന്തസ്സും നല്‍കുന്നു എന്ന വാദവുമുണ്ട്. എന്തു തന്നെ ആയാലും, സുസ്ഥിരമായ ഉപജീവനമാര്‍ഗങ്ങളില്ലാത്ത ഗൃഹനാഥകള്‍ ഉള്ള കുടുംബങ്ങള്‍ പെണ്‍മക്കളുടെ വിവാഹത്തിലേക്കായി അമിതമായ സ്ത്രീധനം സ്വരൂപിക്കാന്‍ വളരെയധികം കഷ്ടപ്പെടുന്നു. തീര്‍ത്തും നിരാശയോടെ, തങ്ങളുടെ പെണ്‍മക്കള്‍ക്ക് വിവാഹ സമ്മാനം നല്‍കണമെന്ന പരമ്പരാഗത ആവശ്യകത നിറവേറ്റാന്‍ ഉദ്ദേശിക്കുന്ന അത്തരം സ്ത്രീകളില്‍ വലിയൊരു വിഭാഗം മൈക്രോ ഫിനാന്‍സ് വായ്പകള്‍ക്കും ഇരയായി.
യുദ്ധത്തിന്‍റെ കൊടുമുടിയില്‍, ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എല്‍.ടി.ടി.ഇ.) സ്ത്രീധന സമ്പ്രദായത്തെ തങ്ങളുടെ ‘ഈഗാലിറ്റേറിയന്‍ ഈലം’ എന്ന ആശയത്തിലൂന്നി നിരോധിച്ചിരുന്നു. എന്നിരുന്നാലും കുടിയേറിയ ദേശങ്ങളില്‍, തമിഴര്‍ അവരുടെ സാംസ്കാരവും ബന്ധങ്ങളും നിലനിര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി സ്ത്രീധന സംബന്ധിയായ ആചാരങ്ങളെ സംരക്ഷിച്ചു. എല്‍.ടി.ടി.ഇ.യെ പിന്തുണയ്ക്കുന്ന കുടുംബങ്ങളിലും ഇത് കണ്ടു. കുടിയേറ്റക്കാരുടെയും ശ്രീലങ്കയില്‍ നിന്നുള്ള പ്രവാസികളുടെയും ദൈനംദിന ജീവിതത്തില്‍ പുരുഷാധിപത്യ രീതികള്‍ തുടരാമെങ്കിലും അതേസമയം സ്വദേശത്തെ എല്‍.ടി.ടി.ഇ.യിലേക്കും സ്ത്രീ പോരാളികളിലേക്കുമുള്ള വിപ്ലവകരമായ ആദര്‍ശങ്ങളുടെ കൈമാറ്റമായി ഇതിനെ കാണാമെന്ന് ശാരിക തിരണഗാമ എഴുതുന്നു. തന്‍റെ ‘ “In my Mother’s House : Civil War in Sri Lanka” എന്ന പുസ്തകത്തില്‍, ശ്രീലങ്കയില്‍ സ്ത്രീധനം- അമ്മയില്‍ നിന്ന് മകളിലേക്ക് ഭൂമി കൈമാറുന്നത്- അസ്തിത്വത്തെ സംബന്ധിച്ച സങ്കല്പനത്തിനുള്ള ഒരു പ്രധാന മാര്‍ഗമാണെന്ന് അഭിപ്രായപ്പെടുന്നു.
സ്ത്രീധനം ഭാവിയിലെ തുടര്‍ച്ചയെക്കുറിച്ച് സങ്കല്‍പ്പിക്കുന്നു. ശ്രീലങ്കയിലെ വെള്ളാര്‍ തമിഴര്‍ക്കിടയിലെ ദേശാന്തര വിവാഹങ്ങളെക്കുറിച്ചുള്ള തന്‍റെ ”Marrying for a Future” എന്ന പുസ്തകത്തില്‍ സിദ്ധാര്‍ത്ഥന്‍ മൗനഗുരു, പരമ്പരാഗത വെള്ളാളര്‍ ജാതി വിവാഹത്തിന്‍റെ ഭാഗമായി, ചിദാനത്തില്‍ ഭൂമി (ചിലപ്പോള്‍ വീട്), ആഭരണങ്ങള്‍, പണം എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ താമസിക്കുന്ന ഒരു വധുവിനെ ഉള്‍ക്കൊള്ളുന്ന അന്തര്‍ദേശീയ വിവാഹങ്ങളില്‍, വരന്‍ പണമോ ഭൂമിയോ പ്രതീക്ഷിക്കുന്നില്ല. കാരണം കുടിയേറാനും ആ രാജ്യത്തെ പൗരനാകാനുമുള്ള സാധ്യത സ്ത്രീധനത്തിന്‍റെ ഭാഗമായിത്തീരുന്നു. എന്നാല്‍, വരന്‍ ഒരു പാശ്ചാത്യ രാജ്യത്തിലും വധു ശ്രീലങ്കയിലുമാണ് താമസിക്കുന്നതെങ്കില്‍, അവളുടെ കുടുംബം ഭൂമിയേക്കാള്‍ കൂടുതല്‍ പണവും ആഭരണങ്ങളും നല്‍കണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു (കാരണം ജാഫ്നയിലെ അക്കാലത്തെ ഭൂരിഭാഗം സ്ഥലവും സൈനിക അധിനിവേശത്തിനു കീഴിലായിരുന്നു). ചില സന്ദര്‍ഭങ്ങളില്‍, കൊളംബോയിലെ അപ്പാര്‍ട്ട്മെന്‍റുകള്‍ യുദ്ധകാലത്ത്, സ്ത്രീധനമായി ഭൂമിക്ക് പകരം കൊടുത്തു. തത്ഫലമായി, ജാഫ്ന തമിഴര്‍ അവരുടെ പെണ്‍മക്കള്‍ക്ക് സ്ത്രീധനമായി നല്‍കാന്‍ നിരവധി അപ്പാര്‍ട്ട്മെന്‍റുകള്‍ വാങ്ങി. അതില്‍ കൂടുതലും കൊളംബോയിലെ, പെണ്‍മക്കളുടെ മാതാപിതാക്കളോ ബന്ധുക്കളോ ആയിരുന്നു. അങ്ങനെ, സ്ത്രീധനത്തിന്‍റെ സ്കെയിലുകളും ഘടകങ്ങളും, ഇണകളുടെ സ്ഥാനവും യുദ്ധത്തിന്‍റെ അടിസ്ഥാന സാഹചര്യവും അനുസരിച്ച് മാറുന്നു. പല കേസുകളിലും, സ്ത്രീധനത്തിന്‍റെ കൈമാറ്റം വിവാഹത്തിന്‍റെ സാധുത നിയമപരമായി അംഗീകരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. ജനനീക്കങ്ങളില്‍ രേഖകള്‍ ഒരു പ്രധാന ഭാഗഭാക്കായ യുദ്ധകാലത്ത്, എംബസി ഉദ്യോഗസ്ഥരെപ്പോലുള്ള അന്തര്‍ദേശീയ അഭിനേതാക്കള്‍ പോലും സ്ത്രീധനം നിയമാനുസൃതമായ വിവാഹത്തിന്‍റെ ആധികാരിക അടയാളങ്ങളായി അംഗീകരിച്ചു! ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുള്ള മാട്രിക്ലാന്‍ കുടികളും താവഴി പിന്തുടര്‍ച്ചാവകാശവും ശ്രീലങ്കയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ബാറ്റിക്കലോവയിലും അമ്പാറ ജില്ലകളിലും ട്രിങ്കോനോമിലിയുടെ ചില ഭാഗങ്ങളിലും മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ഒരു പ്രധാന സവിശേഷതയാണ് അമ്മ വഴിക്കുള്ള പിന്തുടര്‍ച്ചാവകാശം. ചരിത്രപരമായി, മുസ്ലീങ്ങളും ഹിന്ദുക്കളും മാട്രിലീനിയല്‍ വ്യവസ്ഥിതിയുടെയും മാട്രിലോക്കല്‍ വിവാഹ സമ്പ്രദായത്തിന്‍റെയും അടിസ്ഥാനത്തില്‍ സമാനമായ കുടുംബബന്ധ രീതികള്‍ പങ്കുവെച്ചിട്ടുണ്ട്.
വിവാഹങ്ങള്‍ വധുവിന്‍റെ ജന്മ വീട്ടില്‍ നടക്കുന്നു, വിവാഹിതരായ ദമ്പതികള്‍ വധുവിന്‍റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ആറുമാസം മുതല്‍ രണ്ട് വര്‍ഷം വരെ താമസിക്കുന്നു. ഇതിനുശേഷം, വിവാഹിതയായ മകള്‍ തന്‍റെ സ്ത്രീധനത്തിന്‍റെ പൂര്‍ത്തീകരണത്തിനായി ജനന വീടിന്‍റെ മുഴുവന്‍ ഉടമസ്ഥതയും ഏറ്റെടുക്കുന്നു, അതേസമയം അവളുടെ മാതാപിതാക്കളും സഹോദരങ്ങളും അതേ കോമ്പൗണ്ടില്‍ മറ്റൊരു വീട്ടിലേക്ക് മാറുന്നു. എല്ലാ സമ്പത്തും സ്ഥാവരസ്വത്തുക്കളും മൂത്ത മകളുമായി സ്ത്രീധനമായി കൈമാറ്റം ചെയ്യപ്പെടുന്നു /പണയം വയ്ക്കുന്നു. വീടുകളില്‍ നിന്ന് പോകുന്നതിന് മുന്‍പ് സഹോദരിമാര്‍ക്ക് ജീവനാംശം നല്‍കാന്‍ ആങ്ങളമാര്‍ സഹായിക്കേണ്ടതുണ്ട്. കിഴക്കന്‍ മേഖലയിലെ ഏറ്റവും സവിശേഷമായ സംവിധാനമാണ് കുടി എന്നറിയപ്പെടുന്ന മെട്രിക്ലാനുകളുടെ സംവിധാനം. ‘തായ് വഴിയും പെണ്‍ വഴിയും’ എന്നറിയപ്പെടുന്ന മാട്രിലിനി നിയമമാണ് കുടിയിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഈ കുടികള്‍ അന്യജാതിയില്‍ നിന്നും വിവാഹം ചെയ്യുന്നു; ചില മെട്രിക്ലാനുകള്‍ നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുമ്പോള്‍, മറ്റുള്ളവ കൂടുതല്‍ പ്രഭയോടു കൂടി പരന്നു കിടക്കുന്നു. തമിഴര്‍ക്കിടയില്‍, ഓരോ ജാതിയും കലിങ്ക കുടി, വിരാമാണിക്യം കുടി, കുടി എന്ന് പേരുള്ള സ്ഥലം എന്നിങ്ങനെ കുടികളായി പിന്നെയും വിഭജിക്കപ്പെട്ടിട്ടുണ്ട്.
കൗതുകകരമെന്നു പറയട്ടെ, കിഴക്കന്‍ ഹിന്ദുക്കള്‍ക്കിടയില്‍ മുക്കുവര്‍ എന്ന പ്രബലമായ ഒരു ജാതി ഉണ്ട്, അവര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തി, അവരിലൂടെയാണ് മാതൃസംവിധാനം ഈ മേഖലയില്‍ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. കേരളത്തിലെ മുക്കുവര്‍ പാരമ്പര്യ മത്സ്യത്തൊഴിലാളികളായി അംഗീകരിക്കപ്പെടുമ്പോള്‍, ബാറ്റിക്കലോവയിലോ മറ്റക്കലപ്പിലോ, മുക്കുവര്‍ തങ്ങളെ ഒരിക്കലും മത്സ്യത്തൊഴിലാളികളായി കണക്കാക്കിയിട്ടില്ലെന്നു മാത്രമല്ല ശക്തരായ ഭൂവുടമകളായി (പോട്ടിയാര്‍) കരുതുകയും ചെയ്യുന്നു. സിംഹള ചരിത്ര രേഖകളായ ‘ദംബദേവിയാസ്ന’, പ്രത്യേകിച്ച് പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലും കേരളത്തില്‍ നിന്നുള്ള യോദ്ധാക്കള്‍ ഉള്‍പ്പെടെ നിരവധി കൂലിപ്പടകളുടെ ആക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നു.’മട്ടകലപ്പ് മന്‍മിയം’ എന്ന് വിളിക്കപ്പെടുന്ന ബട്ടിക്കലോവയില്‍ നിന്നുള്ള പ്രാദേശിക പാരമ്പര്യങ്ങളുടെ ഒരു ശേഖരം. കലിംഗ രാജാവായ മാഘയുടെ ഭരണത്തിന്‍ കീഴിലുള്ള മുക്കുവരുടെ ആഗമനം ആഘോഷിക്കുന്നു.
പ്രദേശത്തെ നാടോടി പാരമ്പര്യങ്ങള്‍, മുക്കുവര്‍ക്ക് അവരുടെ യുദ്ധ സേവനങ്ങളുടെ പ്രതിഫലമായി ബാറ്റികലോവയില്‍ സ്ഥലങ്ങളും പ്രാദേശിക മേധാവിത്വവും അനുവദിച്ചുവെന്ന് വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ബ്രിട്ടീഷ് അധിനിവേശത്തില്‍ മാട്രിലീനിയല്‍ കീഴ് വഴക്കങ്ങളില്‍ വേരൂന്നിയ ‘മുക്കുവ നിയമം’ അപ്രത്യക്ഷമാകുമ്പോഴും, അമ്മ വഴി ലഭിച്ച വസതിയില്‍ താമസിക്കുന്നതിലൂടെയും സ്ത്രീധന സ്വത്ത് കൈമാറ്റത്തിലൂടെയും മാതൃവ്യവസ്ഥയുടെ അടയാളങ്ങള്‍ നിലനില്‍ക്കുന്നു. തമിഴരുടെ വണ്ണക്കാര്‍, മുസ്ലീങ്ങളുടെ മരയ്ക്കാര്‍ തുടങ്ങിയ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നേതാക്കളെയും മാനേജ്മെന്‍റ് കമ്മിറ്റികളെയും തിരഞ്ഞെടുക്കുന്നതില്‍ ഈ വ്യവസ്ഥ അല്ലെങ്കില്‍ കുടി ഒരു പ്രധാന പങ്ക് വഹിച്ചു. അക്കരൈപ്പാട്ട് പോലുള്ള ചില സ്ഥലങ്ങളില്‍ ഈ സമ്പ്രദായം ഇന്നും തുടരുന്നുണ്ടെങ്കിലും, കിഴക്ക് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത വിവാഹത്തിന് ശേഷമുള്ള മാതൃ ഗൃഹ വാസവും പെണ്‍മക്കള്‍ക്ക് സ്ത്രീധനമായി സ്വത്ത് കൈമാറുന്നതുമാണ്.
മാട്രിലോക്കല്‍ സ്ത്രീധന-ഭവന സമ്പ്രദായം, അടുത്തടുത്തായി താമസിക്കുന്ന സഹോദരിമാര്‍ക്കും ശക്തമായ ബന്ധുബന്ധങ്ങള്‍ ഉണ്ടാക്കുന്നു. എന്നിരുന്നാലും, സുനാമിക്ക് ശേഷമുള്ള പുനരധിവാസത്തില്‍, അന്താരാഷ്ട്ര സര്‍ക്കാര്‍ ഏജന്‍സികളും എന്‍ജിഒകളും, അവരുടെ തിടുക്കത്തില്‍ അവര്‍ മാതൃത്വത്തിന്‍റെ തത്വം അവഗണിക്കുകയും പുരുഷന്മാര്‍ പുനര്‍നിര്‍മ്മാണ ഫണ്ടുകള്‍ കുത്തകയാക്കുകയും സുനാമിക്ക് ശേഷം പുതുതായി നിര്‍മ്മിച്ച വീടുകള്‍ക്ക് പ്രത്യേക കരാര്‍ നല്‍കുകയും ചെയ്തു. പുതുതായി രൂപീകരിച്ച ബഫര്‍ മേഖലകളിലെ പരമ്പരാഗത സ്ത്രീധന വീടുകളും ഭൂമിയും നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ഇത് വളരെയധികം ബുദ്ധിമുട്ടുകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഇടയാക്കി. എന്നിരുന്നാലും, ഡെന്നിസ് മക് ഗില്‍വറെയും പട്രീഷ്യ ലോറന്‍സും അവരുടെ പഠനത്തില്‍ സൂചിപ്പിക്കുന്നത് പോലെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സ്വത്തുക്കളുടെ മേല്‍ പരമ്പരാഗത പാരമ്പര്യ അവകാശം നഷ്ടമാകില്ല, കാരണം അടുത്ത തലമുറ സ്ത്രീകള്‍ക്ക് ഇത് വീണ്ടും പുരുഷന്മാരില്‍ നിന്ന് നിന്ന് അവകാശമാക്കും. എന്നിരുന്നാലും, പരമ്പരാഗത താവഴി സമുദായങ്ങളിലെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളില്‍ പോലും ആഴത്തിലുള്ള പുരുഷാധിപത്യ ബന്ധങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിലൂടെ നമുക്ക് മുന്നറിയിപ്പ് നല്‍കുന്ന കാഞ്ചന റുവന്‍പുരയുടെ Matrilineal Communities, Patriarchal Realities’ കൃതി പോലുള്ള മാതൃ വ്യവസ്ഥകളിലേക്ക് ഫെമിനിസ്റ്റ് ഏജന്‍സി ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കേരളത്തിലെ ‘മാട്രിലിനി’ സംബന്ധിച്ച് ഫെമിനിസ്റ്റ് പണ്ഡിതര്‍ നമുക്കു നല്‍കിയ മുന്നറിയിപ്പ് പോലെ ഒരു ‘ഫെമിനിസ്റ്റ് നിര്‍വാണ’യായി കരുതരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

 

 

ഡോ.അപര്‍ണ ഈശ്വരന്‍
ജെ.എന്‍.യു.വില്‍ , സ്ത്രീപഠനത്തില്‍ ICSSR ഗവേഷക

 

 

 

 

വിവര്‍ത്തനം:
അശ്വനി ആര്‍. ജീവന്‍, എഡിറ്റര്‍, പരിഭാഷക

 

 

 

COMMENTS

COMMENT WITH EMAIL: 0