ഞാന്‍ സുമതി മോഹന്‍,
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ സാക്ഷിയായ മിഥുട്ടന്റെ അമ്മ. വേര് പിരിയാനാവാത്ത ബന്ധത്തിന്റെ ഇഴകള്‍ പൊട്ടാതെ അമ്മയും മകനും ജീവിക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍ തിരിച്ചറിവിലൂടെ ജീവിതം നയിക്കുന്നു.
ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നത് പോലെ സന്തോഷകരമായ ജീവിതം സ്വപ്നം കണ്ടുകൊണ്ടുതന്നെയാണ് മോഹനേട്ടന്റെ പങ്കാളിയാവുന്നത്. സാധാരണക്കാരായ മനുഷ്യരായിട്ടും അല്ലലില്ലാതെ ജീവിച്ചു പോന്നു. ഈ ഒരു സമയത്ത് സന്തോഷത്തിന്റെ നാളുകള്‍ക്ക് ഇരട്ടി മധുരം പകര്‍ന്ന് കൊണ്ട് രണ്ട് പിഞ്ചോമനകള്‍ക്ക് ജന്മം കൊടുക്കാനായി. ഇരട്ടക്കുട്ടികളുടെ അമ്മ ,മനസ്സ് നിറയെ ആനന്ദം .. ഏതോ പുതിയ ഒരു ലോകത്തിലേക്ക് കടന്നത് പോലെ..എന്നാല്‍ അതിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുളളു. പ്രസവിച്ച് ഇരുപത്തൊന്നാം
ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ മുറിക്കകത്ത് നൊന്ത് പെറ്റകുഞ്ഞുങ്ങളുമായി ആശങ്കകളും വേദനകളും നിറഞ്ഞ നീറുന്ന മനസ്സോടെ നിമിഷങ്ങളെ തളളി നീക്കേണ്ടി വന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല.
രണ്ട് മക്കളുടെയും രക്തസാമ്പിളുകള്‍ ബംഗലൂരിലെ ലബേറട്ടറിയിലേക്ക് അയച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിശോധന ഫലത്തിനു വേണ്ടി നെഞ്ചിടിപ്പോടെയുളള കാത്തിരിപ്പായിരുന്നു പിന്നീടുളള നിമിഷങ്ങളില്‍ . പരിശോധന റിസള്‍ട്ട് വന്നു. ഒരു കുട്ടിക്ക് ഓര്‍ഗാനിക്ക് അസിഡിമിയ ആണെന്നും മറ്റൊരാള്‍ക്ക് അപസ്മാരം ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു . കുറച്ചു നാള് മരുന്ന് കഴിക്കേണ്ടി വരും അങ്ങനെയാണ് ഡോക്ടര്‍ പറഞ്ഞത്.എന്നാല്‍ എന്റെ മനസ്സിനെന്തോ ആധി പിടിപെട്ടത് പോലെ. എന്തു ചെയ്യണമെന്ന് അറിയാതെ പോയ നിമിഷങ്ങള്‍. ആശുപത്രി വരാന്തയിലൂടെ ഐ.സി.യുവിലേക്ക് മണിക്കൂറുകള്‍ ഇടവിട്ടുളള യാത്ര വല്ലാതെ തളര്‍ത്തിയിരുന്നു. മാറോട് ചേര്‍ത്ത് പാലൂട്ടേണ്ട കുട്ടികള്‍ക്ക് ഗ്ലാസ്സില്‍ പിഴിഞ്ഞെടുത്ത് മുമ്പില്‍ നില്‍ക്കേണ്ടി വന്ന നിമിഷങ്ങള്‍ ,ആ സങ്കടങ്ങള്‍ മറ്റാര്‍ക്കും മനസ്സിലാകില്ല.
ഇരുപത്തിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. പിന്നീട് ഉറക്കമില്ലാത്ത രാത്രികളാണ് എന്നെ തേടിയെത്തിയത്. ഓരോ ദിവസവും കടന്നു പോയത് എങ്ങനെ എന്നറിയില്ല. അപ്പോഴേക്കും വേദനകളുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു. ആറ് മാസം കഴിഞ്ഞിട്ടുണ്ടാകാം പെരിയ ഗവണ്മെന്റ് സ്കൂളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു കുട്ടികളെയും എടുത്ത് ഡോക്ടര്‍മാരുടെ അരികെ ചെന്നു. നല്ല എന്തെങ്കിലും ചികിത്സ കിട്ടുമോന്നറിയാനാണ് പോയത്. ക്യാമ്പിലെ ഡോക്ടര്‍മാരുടെ പരിശോധനയില്‍ മക്കളില്‍ ഒരാള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനാണെന്ന് തിരിച്ചറിഞ്ഞു. പണം കടം വാങ്ങി മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നു. മൂന്ന് മാസത്തിലൊരിക്കല്‍ ആശുപത്രിയില്‍ പോകണം. ഇപ്പോഴും അത് തുടരുന്നു. 2014 തൊട്ട് സര്‍ക്കാറിന്റെ ചികിത്സ സഹായം ലഭിക്കുന്നുണ്ട്. ആശുപത്രിയും വീടുമായി ഞങ്ങളുടെ ജീവിത കേന്ദ്രങ്ങള്‍.
ഈ ഇടയ്ക്കാണ് അമ്പലത്തറയില്‍ സ്നേഹവീട് ആരംഭിക്കുന്നത്. എനിക്ക് കുട്ടിയെയും കൊണ്ട് ആള്‍ക്കൂട്ടത്തിലേക്ക് പോകാന്‍ ഭയമായിരുന്നു. എന്നാല്‍ സ്നേഹവീട് എന്താണെന്ന് അറിഞ്ഞപ്പോള്‍ ഭയം മാറി. അവിടെ വെച്ചാണ് മുനീസയെ പരിചയപ്പെടുന്നത്. എന്നെപ്പോലെ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന വേറെയും അമ്മമാരെ അവിടെ കണ്ടുമുട്ടാന്‍ കഴിഞ്ഞു. സങ്കടങ്ങള്‍ പരസ്പരം കൈമാറിയപ്പോള്‍ എന്തോ ഒരു സമാധാനം കിട്ടിയത് പോലെയായി.
ഒരു ദലിത് കുടുംബത്തില്‍പ്പെട്ട അംഗമെന്ന നിലയില്‍ മറ്റുളളവരുടെ സമീപനം എങ്ങനെ ആയിരിക്കും എന്നായിരുന്നു ആദ്യത്തെ പേടി. എന്നാല്‍ സ്നേഹവീട്ടില്‍ എത്തിയതോടെ ജാതിമത ബന്ധങ്ങള്‍ക്കപ്പുറത്ത് മനുഷ്യ ബന്ധത്തിന്റെ ഇടപെടലുകളാണ് കണ്ടത്.
സ്നേഹവീട്ടിലെ മുനീസയുമായുളള ബന്ധം ഞാന്‍ അനുഭവിച്ചിരുന്ന പ്രശ്നങ്ങളെ അതിജീവിക്കാനുളള അവസരമൊരുക്കി. മുനീസ എന്റെ സഹോദരിയാണോ , സുഹൃത്താണോ അങ്ങനെ എന്താണെന്നറിയില്ല. ഏത് പ്രതിസന്ധിയിലും ഒരു അമ്മയെപോലെ സഹായത്തിനെത്തി. ഞങ്ങളുടെ വേദനകള്‍ക്കൊപ്പം കൃഷ്ണേട്ടനും മുനീസയും ഉണ്ടാവുന്നു. ജീവിത പ്രയാസങ്ങള്‍ക്കിടയിലും തളരാതെ മുന്നോട്ട് പോകാന്‍ ഇവരുടെ സാന്നിധ്യം കൊണ്ട് കഴിയുന്നു.
മകനെയും കൊണ്ട് ആശുപത്രിയിലേക്ക് അല്ലാതെ പുറത്തെവിടെയെങ്കിലും പോവുക അസാധ്യമായിരുന്നു. അത് കാരണം എന്നെപ്പോലുളള അമ്മമാര്‍ക്ക് ആഘോഷങ്ങളില്ലായിരുന്നു. സ്നേഹവീടുമായുളള ബന്ധം അതിനൊരു മാറ്റം കുറിച്ചു. മറ്റെല്ലാവരും പോകുന്നത് പോലെ തന്നെ ഞങ്ങള്‍ വിനോദയാത്രക്ക് ഒരുങ്ങി . എറണാകുളത്തേക്ക് ഞങ്ങളെല്ലാവരും യാത്ര തിരിച്ചു. മനോരമയില്‍ ജോലി ചെയ്യുന്ന ഗംഗേച്ചിയാണ് അതിന് അവസരമൊരുക്കിയത്. ഗംഗേച്ചിയുടെ ഭര്‍ത്താവ് പ്രശാന്തേട്ടന് യാത്രയിലെ മാര്‍ഗ്ഗദര്‍ശിയായി. പലരും ഞങ്ങളെ അവഗണിച്ചപ്പോള്‍ ഗംഗേച്ചിയും പ്രശാന്തേട്ടനും ഞങ്ങളെ ചേര്‍ത്ത് പിടിച്ചു. എന്തെന്നില്ലാത്ത സന്തോഷമാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്.
മകനെയും കൊണ്ട് നടത്തിയ ബോട്ടുയാത്രയും , മെട്രോയും ഓക്കെ അവിസ്മരണീയമായ അനുഭവമായി. ലുലുമാള്‍ പോലുളള വന്‍കിട കച്ചവടകേന്ദ്രങ്ങളില്‍ പോയതും മറക്കാനാവില്ല. ഒരു കുടുംബം പോലെയാണ് ഇന്ന് ഞങ്ങള്‍ക്ക് സ്നേഹവീട്. കരഞ്ഞുകലങ്ങിയ കണ്ണുകള്‍ ഇന്നില്ല. കൂട്ടം ചേര്‍ന്ന് ചിരിച്ചും കളിച്ചും വേദനകള്‍ക്കിടയിലും ജീവിതം ആസ്വദിക്കുന്നു.
മക്കളിലൂടെയാണ് ജാതിമതങ്ങള്ക്കപ്പുറത്ത് ഞങ്ങള്‍ എല്ലാവരും ഒന്നായത്. ഇന്ന് ഞങ്ങള്‍ പാരമ്പര്യ ചട്ടങ്ങളെ ലംഘിച്ച് ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരായി മാറിയിരിക്കുന്നു. മക്കള്‍ നഷ്ടപ്പെടുമ്പോള്‍ വേദന എന്തെന്ന് അനുഭവിച്ചറിഞ്ഞ ഒരമ്മ കൂടിയാണ് ഞാന്‍ , മിഥുട്ടനും നിഥുട്ടനും ജനിക്കുന്നതിന് മുമ്പ് രണ്ട് കുട്ടികള്‍ക്ക് ഞാന്‍ ജന്മം നല്‍കിയിരുന്നു. ഒരു കുട്ടി ഏഴ് മാസം വരെ ജീവിച്ചു. മറ്റെയാള്‍ മൂന്നു ദിവസവും ജീവിച്ചു. അവര്‍ വേദനകളില്ലാത്ത ലോകത്തേക്ക് പോയെങ്കിലും എന്നെ അത് മാസങ്ങളോളം പിന്തുടര്ന്നു. മക്കള്‍ക്ക് നല്‍കേണ്ട പാല് ബാത്റൂമില്‍ കൊണ്ടു പോയി കളയേണ്ടി വന്ന വേദന മറക്കാന്‍ കഴിയില്ല. ഇപ്പോള്‍ സ്നേഹവീട്ടില്‍ വെച്ച് വിവിധതരം തെറാപ്പികള്‍ എന്റെ മകന് നല്കി വരുന്നു. എല്ലാവരും വളരെ സ്നേഹത്തോടെ തന്നെയാണ് ഞങ്ങളെ സ്വീകരിക്കുന്നത്. ആരും അന്യരല്ല എന്ന തോന്നാല്‍ ഉണ്ടാകുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും നാളെ എന്ത് എന്ന ചോദ്യം ഞങ്ങളെ വേട്ടയാടുന്നു. അതിജീവിക്കാന്‍ കഴിയും എന്ന കരുത്താണ് ഞങ്ങള്‍ക്ക് ഇപ്പോഴും ഉളളത്. കൃഷ്ണേട്ടന് ഒരച്ഛന്റെ കരുതലോടെ ഞങ്ങളുടെ മക്കള്‍ക്ക് സ്നേഹം നല്കുന്നു. ജന്മം കൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടും കുട്ടികളെ സ്നേഹിക്കാനും ചേര്‍ത്ത് പിടിക്കാനും കഴിയുമെന്ന് തെളിയിച്ച മനുഷ്യനാണ് കൃഷ്ണേട്ടന്.
സ്നേഹവീട് 2014 ഡിസംബര്‍ 8 നാണ് ആരംഭിച്ചത്. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പരിചരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനത്തിന്റെ തുടക്കം (ടീരശല്യേ ളീൃ ചൗൃശെിഴ ഋറൗരമശേീി മിറ ഒമയശമേശേീി ളീൃ ങലിമേഹഹ്യ ഇവമഹഹലിഴലറ). അഡ്വ. ടി.വി.രാജേന്ദ്രന് പ്രസിഡന്റും അഡ്വ. കെ.പിതാംബരന് സെക്രട്ടറിയുമായി സ്നേഹം സൊസൈറ്റി രൂപീകരിച്ചു. 2018 ല്‍ തണല്‍ വടകര സൗജന്യമായി സ്ഥാപനത്തില്‍ വിവിധതരം തെറാപ്പികള്‍ നല്‍കാമെന്ന് അറിയിക്കുകയും വളരെ പെട്ടന്ന് തന്നെ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യൂപേഷണല്‍ തെറാപ്പി, ബിഹേവിയര്ല് തെറാപ്പി, സ്പെഷല്‍ എജ്യൂക്കേഷന്‍ വൊക്കേഷണല്‍ ട്രെയിനിങ്ങ് എന്നിവ ആരംഭിക്കുകയും ചെയ്തു. ഇതോടെ 50 കുട്ടികള്‍ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്തു. തലശ്ശേരി വിളക്കോട്ടൂരുളള വാസുവേട്ടന് സമ്മാനമായി നല്കിയ വാഹനവും തണല്‍ വടകര അനുവദിച്ച വാഹനവും കുട്ടികള്‍ക്ക് യാത്ര സൗകര്യം ഒരുക്കി.
കുട്ടികള്‍ക്ക് പുറമേ അമ്മമാരുടെ മാനസിക ഉല്ലാസവും ലക്ഷ്യം വെച്ച് കൊണ്ട് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നു. പരസ്പരം സങ്കടങ്ങള്‍ പങ്കുവെച്ചും ജാതിമതരാഷ്ട്രീയത്തിനപ്പുറം സ്നേഹമെന്ന ചങ്ങലക്കുളളിലെ കണ്ണികളായി ഒരു വയസ്സ് മുതലുളള കുഞ്ഞുങ്ങളും അവരുടെ അമ്മമാരും സ്നേഹവീട്ടിലെ മറ്റ് അംഗങ്ങളും , ജീവനക്കാരും കഴിഞ്ഞു പോകുന്നു.
സൊസൈറ്റിയുടെ കീഴില്‍ വാടക ക്കെട്ടിടത്തിലാണ് മൂന്ന് കുട്ടികളുമായി പകല്‍ പരിചരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. പ്രശസ്ത സംവിധായകന് ഡോ. ബിജു പ്രമുഖ എഴുത്തുകാരന് ഡോ. അംബികാസുതന്‍ മാങ്ങാട് , ഫൈസല്‍ തളങ്കര, ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന് തുടങ്ങിയ നിരവധി സുമനസുകള്‍ കൈകോര്ത്തതോടു കൂടി സ്നേഹവീട് വളരുകയായിരുന്നു.
സുരേഷ്ഗോപി വഴി മറിയാമ്മ വര്‍ക്കി അനുവദിച്ച ഇരുപത്തഞ്ചു ലക്ഷം രൂപയും കസ്തൂര്‍ബാ മഹിളാസമാജം സൗജന്യമായി നല്കിയ പത്ത് സെന്റ് സ്ഥലവും നെഹ്റു കോളേജ് സാഹിത്യ വേദിയുടെ എട്ടാമത്തെ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും സ്ഥാപനത്തിന് സ്വന്തമായൊരു കെട്ടിടം നിര്‍മ്മിക്കാന്‍ സഹായമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകി എത്തിയ സ്നേഹവും കരുതലും സ്നേഹവീടിന് കരുത്ത് പകര്‍ന്നു.

സുമതി അമ്പലത്തറ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മിഥുന്റെ അമ്മ.
സ്നേഹവീട്ടിലെ ഒരംഗം.
COMMENTS