Homeവാസ്തവം

സ്മാര്‍ട്ട് കിച്ചണ്‍

സ്മാര്‍ട്ട് കിച്ചണ്‍ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നമ്മള്‍ ആരംഭിച്ചു കഴിഞ്ഞല്ലോ. സ്മാര്‍ട്ട് കിച്ചണ്‍ എന്നതുകൊണ്ട് എല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത് സ്ത്രീകളുടെ ജോലി ഭാരം കുറയ്ക്കുന്നതിനുളള ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്ത് അവരുടെ സമയം ലാഭിക്കുക എന്നതാണ്. പെണ്ണിന്‍റെ തലയില്‍ത്തന്നെ അടുക്കളഭാരം ഇട്ടു കൊടുക്കാനുള്ള ആലോചനകള്‍ തുടങ്ങിയിട്ടുണ്ടാവും എന്നും നമ്മള്‍ക്കറിയാം.
ഒരു വീട്ടിലെ കിച്ചണ്‍ സ്മാര്‍ട്ടാവാന്‍ ആദ്യം വേണ്ടത് അടുക്കളയെ പിന്നാമ്പുറത്തു നിന്നും മൂന്നാമ്പുറത്തേക്കു കൊണ്ടുവരിക എന്നതു തന്നെയാണ്. അവിടെ വീട്ടിലുള്ള എല്ലാവരും പ്രവേശിക്കേണ്ടതുണ്ട്. എല്ലാവരുടേയും താല്‍പര്യമനുസരിച്ചുള്ള ഭക്ഷണം വേവേണ്ടതുണ്ട്.വീട്ടിലുള്ളവര്‍ക്ക് അറിയാവുന്ന ജോലികള്‍ ചെയ്യാന്‍ അവസരം കൊടുക്കുകയും (എടുക്കുകയും ) അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടാവുകയും ചെയ്യണം ആഴ്ചയില്‍ ഒരിക്കല്‍ അടുക്കളയില്‍ ഒത്തുകൂടി ആ ആഴ്ചത്തെ മെനു തയ്യാറാക്കേണ്ടതുണ്ട്.വീട്ടിലുള്ള അംഗങ്ങളെല്ലാം അടുക്കളപ്പണി നിശ്ചിത സമയത്ത് പകുത്തെടുത്ത് ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. പെണ്ണുങ്ങള്‍ അമ്മിക്കല്ലിലാക്കാന്‍ തയ്യാറാണെങ്കിലും ആണുങ്ങള്‍ അടുക്കളയില്‍ കയറുമ്പോള്‍ അസൗകര്യമെന്ന് കണ്ട് മിക്സി വാങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. അതു കൊണ്ട് അടുക്കളയിലെ ആധുനിക ഉപകരണങ്ങള്‍ കൂട്ടായ ചര്‍ച്ചയില്‍ വാങ്ങിക്കുന്നതാവും നന്ന്. അടുക്കളയില്‍ കൂടുതല്‍ പണിയേണ്ടി വരുന്ന ആളിന്‍റെ റിലാക്സേഷന് റേഡിയോ ടി.വി എന്നിവ വെക്കാവുന്നതാണ്. വിരുന്നുകാര്‍ വരുമ്പോള്‍ ചിലര്‍ മാത്രം അടുക്കളയിലൊതുങ്ങാതെ അവര്‍ക്കു കൂടി പങ്കാളിത്തം കൊടുക്കുന്ന രീതിയില്‍ അടുക്കള ഒരുക്കേണ്ടതുണ്ട്. ഓട്ടോമാറ്റിക് സിസ്റ്റം കൊണ്ടു വന്നാല്‍ കെങ്കേമമാവും. ഓട്ടോമാറ്റിക് യന്ത്രങ്ങളാണെങ്കില്‍ അത് പ്രവര്‍ത്തിപ്പിക്കുവാന്‍ തങ്ങള്‍ക്കേ അറിയൂ എന്ന ജാഡ പുരുഷുക്കള്‍ക്കും കുട്ടികള്‍ക്കും പണ്ടേ ഉണ്ടുതാനും! നമ്മളിവിടെ നടത്തുന്ന പ്ലാനുകളെല്ലാം ആര്‍ക്കുവേണ്ടിയാണെന്നതും കാണേണ്ടതുണ്ട്. എത്ര ശതമാനം ആളുകള്‍ക്ക് സ്മാര്‍ട്ട് കിച്ചണ്‍ എന്നല്ല, കിച്ചണ്‍ തന്നെ ഉണ്ടാവും എന്നതറിയില്ല കേട്ടോ.

 

 

ഡോ.ജാന്‍സി ജോസ്

COMMENTS

COMMENT WITH EMAIL: 0