ഇറ്റലിയിലെ പാര്‍മയില്‍ 1942ല്‍ ആണ് സില്‍വിയ ഫെഡറിച്ചി ജനിച്ചത്. ആ നാട്ടിലെ കമ്മ്യൂണിസ്റ്റ്, തൊഴിലാളി വര്‍ഗ്ഗ, ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ചെറുപ്പം മുതലേ അവരെ സ്വാധീനിച്ചിരുന്നു എങ്കിലും തന്‍റെ അമ്മയുടെ നിര്‍ണായക പങ്കിനെ കുറിച്ചു ഫെഡിറിച്ചി പറയുന്നുണ്ട്.
“I would, you know, hear, and speak about the factory worker. The working class for me was the factory worker. And my mother several times said to me, you’re always talking about the factory worker as if they’re the only people who work! Not my father, who was the teacher, the intellectual, the knowledgeable person. My mother was the one who told me the things that later became my politics. Whether in terms of housework, whether in terms of agricultural work, she was the one who was saying, but work is more than blue overalls!” – The New York Times, Feb 2021.
“Even now, some of the most treasured memories of my childhood are of my mother making bread, pasta, tomato sauce, pies, liqueurs, and then knitting, sewing, mending, embroidering, and attending to her plants. I would sometimes help her in selected tasks, most often however with reluctance. As a child, I saw her work; later, as a feminist, I learned to see her struggle, and I realized how much love there had been in that work, and yet how costly it had been for my mother to see it so often taken for granted, to never be able to dispose of some money of her own, and to always have to depend on my father for every penny she spent.” Revolution at Point Zero (2011), Silvia Federici
കോവിഡ് ലോക്ക് ഡൌണ്‍ കാലത്താണ് ഞാന്‍ സില്‍വിയ ഫെഡറിച്ചിയെ വായിക്കുന്നത്. സോഷ്യല്‍ റീപ്രൊഡക്ഷന്‍, ഡൊമസ്റ്റിക് ലേബര്‍ എന്നിവയെക്കുറിച്ച് അവര്‍ എഴുതിയ ലേഖനങ്ങളിലൂടെ സമ്പദ്ഘടന സ്ത്രീയെ എങ്ങിനെയൊക്കെയാണെന്ന് ചൂഷണം ചെയ്യുന്നതെന്ന് വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു.
തൊഴിലാളിവര്‍ഗ്ഗ സ്ത്രീകളുടെ പ്രതിസന്ധികളിലേക്കും, അന്യവല്‍ക്കരണത്തിലേക്കും നയിച്ച വിവിധ ചരിത്രപ്രക്രിയകളെയും ഭൗതികസാഹചര്യങ്ങളെയും വിശകലനം ചെയ്യുന്ന ഫെഡറിച്ചിയുടെ കൃതികളുടെ ഒരു ലിറ്ററേച്ചര്‍ റിവ്യൂവാണ് ഇവിടെ പങ്ക് വെക്കുന്നത്.
1. Caliban and the Witch ( കാലിബന്‍ & ദി വിച്ച്)
ഫെഡിറിച്ചിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതികളില്‍ ഒന്നാണ് “കാലിബന്‍ & ദി വിച്ച്” യൂറോപ്പിലെ 15-17 നൂറ്റാണ്ടുകളിലെ “മന്ത്രവാദിനി വേട്ട ആണ് ഇതിലെ പ്രമേയം . അതിലൂടെ ലക്ഷക്കണക്കിന് സ്ത്രീകളെ വിചാരണ ചെയ്യുകയും, പീഡിപ്പിക്കുകയും, ചുട്ടു കൊല്ലുകയും ചെയ്തു .
ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഒരു കേന്ദ്ര ഘടകമാണെന്ന് എന്ന് ഫെഡറിച്ചി വാദിക്കുന്നു. ഇംഗ്ലണ്ടില്‍ ഭൂമിയുടെ സ്വകാര്യവല്‍ക്കരണത്തിനു വേണ്ടി ഉപയോഗിച്ച ‘Enclosures’ എന്ന മാര്‍ഗത്തിനെ കുറിച്ച് ഫെഡറിച്ചി വിശദീകരിക്കുന്നുണ്ട്. ‘Enclosures’ വരുന്നതിനു മുന്‍പ് ഏറ്റവും താഴെക്കിടയിലുള്ള ആളുകള്‍ക്കും ഭൂമി ഉണ്ടായിരുന്നു. സ്ത്രീയും പുരുഷനും അവരുടെ ഭൂമിയില്‍ കൃഷി ചെയ്താണ് ജീവിച്ചു പോന്നത്.
കര്‍ഷകര്‍ക്ക് നിര്‍ണായകമായ വിഭവങ്ങള്‍ (ഇന്ധനത്തിനുള്ള മരം, കെട്ടിടത്തിനുള്ള തടി, മത്സ്യക്കുളങ്ങള്‍, മൃഗങ്ങള്‍ക്കുള്ള മേച്ചില്‍സ്ഥലങ്ങള്‍) പ്രദാനം ചെയ്യുന്ന ‘കോമണ്‍സ്’ നിലനിന്നിരുന്നു. ഇത് സാമൂഹിക ഐക്യത്തിനും സഹകരണത്തിനും വഴിതുറന്നു. എന്നാല്‍ ഈ ഭൂമി നഷ്ടപ്പെട്ടതോടെ പുതിയൊരു സാമൂഹികതലം നിലവില്‍ വരികയും അതുവഴി പൊതു അദ്ധ്വാനം, ഗാര്‍ഹിക അദ്ധ്വാനം എന്ന ഒരു വേര്‍തിരിവ് ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കൂലിത്തൊഴിലാളികള്‍ക്ക് അതായത് പുരുഷന് വീടിനു വെളിയില്‍ ജോലി ചെയ്യേണ്ടി വരികയും, പാചകം, കുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയ വീട്ടുജോലിയുമായി സ്ത്രീകള്‍ക്ക് വീടുകളില്‍ ഒതുങ്ങേണ്ടിയും വന്നു. അതുവരെ അനുഭവിച്ച സ്വാത്രന്ത്ര്യവും സ്വയംനിര്‍ണ്ണയ അവകാശവും സ്ത്രീകള്‍ക്ക് നഷ്ടമാവുകയും ചെയ്തു. ഇത് സത്യത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ഒരു തുറന്ന യുദ്ധം തന്നെയായിരുന്നു.
പുരുഷ കൂലിത്തൊഴിലാളി, പെണ്‍ വേതനമില്ലാത്ത പ്രത്യുത്പാദന തൊഴിലാളി എന്ന ദ്വന്ദ്വത്തിനു പുറത്തു ജീവിക്കാന്‍ ശ്രമിച്ച സ്ത്രീകളെ (nonconformists) ‘witch-hunt’ വിധേയമാക്കുകയും ചെയ്തു. മുതലാളിത്ത സമൂഹം നിര്‍മ്മിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച ഒരു പ്രവണത തന്നെയാണ് ഈ മന്ത്രവാദിനി വേട്ട.
സ്ത്രീകള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്ന പ്രത്യുല്‍പാദനത്തിന്‍റെ മേഖലകള്‍ – പ്രത്യേകിച്ച് ജനനം , ഗര്‍ഭച്ഛിദ്രം, ഗര്‍ഭനിരോധനം മുതലായവ ‘witchcraft’ (മന്ത്രവാദം)ത്തിന്‍റെ മേഖകലകളായി അറിയപ്പെട്ടു. ഈ witch hunt’ ഇന്നും നിലനില്‍ക്കുന്നുണ്ട് . ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍, പ്രത്യുല്‍പാദന അവകാശങ്ങള്‍, ശാരീരിക സ്വയംഭരണാവകാശങ്ങള്‍ എന്നിവക്കു വേണ്ടി സമരം ചെയ്യുന്ന സ്ത്രീകള്‍ ഇന്നും വിചാരണ ചെയ്യപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുന്നു.
2. ആരാണ് തൊഴിലാളിയെ ഉല്‍പ്പാദിപ്പിക്കുന്നത് (Who produces the worker ?)
വീട്ടുജോലിക്കുള്ള വേതനവും , സാമൂഹിക പുനരുല്‍പാദന സിദ്ധാന്തവും ചര്‍ച്ച ചെയ്ത ഇന്‍റര്‍നാഷണല്‍ ഫെമിനിസ്റ്റ് കളക്ടീവിന്‍റെ നേതൃത്വത്തില്‍ 1972 ലാണ് ‘The Wages for Housework’എന്ന ക്യാമ്പയിന്‍ ആരംഭിക്കുന്നത്. അതിന്‍റെ സ്ഥാപക അംഗമായിരുന്നു സില്‍വിയ ഫെഡറിച്ചി.
“വീട്ടില്‍ ചെയ്യുന്ന അധ്വാനം സാമ്പത്തികമായി മാത്രമല്ല പ്രധാനപ്പെട്ടത് , മറിച്ചു മുതലാളിത്ത പ്രവര്‍ത്തനത്തിന്‍റെ തന്നെ കേന്ദ്രമാണ്” ഇതായിരുന്നു ക്യാമ്പയിന്‍ മുന്നോട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട വിഷയം. സ്ത്രീകള്‍ ചെയ്യുന്ന വീട്ടുജോലിക്ക് വേതനം വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നത് വഴി സമ്പദ്വ്യവസ്ഥ നിലനിന്നു പോകുന്നതില്‍ ഗാര്‍ഹിക അദ്ധ്വാനത്തിനുള്ള പങ്കാണ് അവര്‍ തുറന്നു കാട്ടിയത്.
അവര്‍ തിരിച്ചറിഞ്ഞ അടിസ്ഥാന പ്രശ്നം, പ്രത്യുല്‍പാദന അധ്വാനം ജോലി എന്നതിലുപരി, സ്ത്രീത്വത്തിന്‍റെ ഒരു സ്വാഭാവികമായ ഉദ്ഭവമായി കണക്കാക്കി തീര്‍ക്കുന്നു എന്നതാണ്. ‘കൂലി’ക്ക് വേണ്ടി വാദിക്കുന്നത് വഴി സ്ത്രീകളുടെ സ്വകാര്യ അധ്വാനത്തെ മൂലധനത്തിന്‍റെ ഭാഷയിലൂടെ ദൃശ്യമാക്കാനാണ് അവര്‍ ശ്രമിച്ചത്.
1975 ല്‍ പ്രസിദ്ധീകരിച്ച “Wages Against Housework” എന്ന പുസ്തകത്തില്‍ ഫെഡറിച്ചി ഇങ്ങനെ എഴുതി – “അവര്‍ അതിനെ സ്നേഹമെന്നു പറയുന്നു, ഞങ്ങള്‍ അതിനെ കൂലിയില്ലാത്ത തൊഴിലെന്ന് പറയുന്നു (“They say it is love. We say it is unwaged work.” )
സ്ത്രീകളുടെ ഗാര്‍ഹിക അധ്വാനം ലിംഗാധിഷ്ഠിത സാമ്പത്തിക അടിച്ചമര്‍ത്തലിന്‍റെ ഒരു രൂപം മാത്രമല്ല, പകരം മുതലാളിത്തത്തെ നിലനിര്‍ത്തുന്ന ചൂഷണത്തിന്‍റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നു എന്ന് ഫെഡിറിച്ചി പറയുന്നു.
“We want to call work what is work, so that eventually we might rediscover what is love.”
– Silvia Federici
കോവിഡിനെ തുടര്‍ന്നുള്ള ‘സ്റ്റേ അറ്റ് ഹോം’ നിര്‍ദേശങ്ങള്‍ അതുവരെ ശ്രദ്ധിക്കാതിരുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമ്മളെ നിര്ബന്ധിതരാക്കി. മനുഷ്യര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം എന്ന് പറഞ്ഞ അതെ നാളുകളില്‍ തന്നെയാണ് പ്രത്യുല്‍പാദന- ഗാര്‍ഹിക- പരിചരണ തൊഴിലാളികള്‍ (paid reproductive care workers) “essential workers” ആണെന്ന് നമ്മള്‍ കേട്ടത്.മധ്യവര്‍ഗം മുതല്‍ മുകളിലേക്ക് ഉള്ളവരുടെ ജീവിതം ഒരു തടസവും കൂടാതെ മുന്നോട്ട് പോകുന്നതിന്‍റെ പ്രധാന കാരണം കുട്ടികളുടെയും പ്രായം ചെന്നവരുടെയും പരിചരണത്തിനെ “പുറംകരാര്‍”(outsource) ചെയ്യാന്‍ കഴിയുന്നത് കൊണ്ടാണ്. എന്നാല്‍ ആ ജോലി ചെയ്യുന്നവരുടെ കാര്യമോ ? — ഇവരെല്ലാവരും തുച്ഛവേതനക്കാര്‍ ആണെന്നും നമ്മുടെ സാമൂഹിക സംവിധാനങ്ങള്‍ വ്യവസ്ഥാപിത അസമത്വങ്ങള്‍ നിറഞ്ഞതാണെന്നും നമ്മള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതും കോവിഡ് കാലത്താണ്.
ഗാര്‍ഹികവും പ്രത്യുല്‍പാദനപരവുമായ അധ്വാനത്തെ ഫെഡറിച്ചി നിര്‍വചിച്ചിരിക്കുന്നത് കുട്ടികളെ ഉണ്ടാക്കുകയും അവരെ വളര്‍ത്തുകയും ചെയ്യുന്നതു മാത്രമല്ല. ഒരു കുടുംബത്തെയും സമൂഹത്തെയും നിലനിര്‍ത്തുന്ന സുപ്രധാനമായ എല്ലാ പരിചരണ ജോലികളെയും സൂചിപ്പിച്ചുകൊണ്ടാണ്.
തൊഴിലാളികളുടെ അധ്വാനമാണ് സമൂഹത്തിലെ എല്ലാ സമ്പത്തും ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍, ആരാണ് തൊഴിലാളിയെ ഉത്പാദിപ്പിക്കുന്നത്?
(“If workers’ labor produces all the wealth in the society , who then produces the worker?”)
കമ്പോളത്തിനു വേണ്ടിയുള്ള ഉല്‍പ്പാദനപരമായ അധ്വാനം ഉല്പാദനക്ഷമമായ അദ്ധ്വാനത്തെ മാത്രമേ മുതലാളിത്തം അധ്വാനമായി അംഗീകരിക്കുന്നുള്ളു. സ്ത്രീകള്‍ വീട്ടില്‍ ചെയുന്ന ജോലി സാമ്പത്തികവ്യവസ്ഥയില്‍ ജോലിയായി കണക്കാക്കുന്നില്ല .അധ്വാനം പുനര്‍നിര്‍മ്മിക്കുന്ന കൂലിയില്ലാത്ത ജോലിയാണ് മുതലാളിത്ത സമൂഹത്തിലെ സ്ത്രീ ചൂഷണത്തിന്‍റെ അടിസ്ഥാനം . സത്യത്തില്‍ ഈ അധ്വാനമാണ് സ്ത്രീകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രധാന സാമൂഹിക ധര്‍മ്മം. സ്വകാര്യ സ്വത്തു നിലനില്‍ക്കുന്നത് പോലും ഇതുകൊണ്ടാണ്.
2019-ല്‍ ഓക്സ്ഫാം പുറത്തുവിട്ട പഠനംപ്രകാരം അമേരിക്കന്‍ സ്ത്രീകള്‍ വീടുകളില്‍ ചെയ്യുന്ന ജോലികള്‍ക്കും , ബന്ധുക്കളെ പരിചരിക്കുന്നതിനും മിനിമം വേതനം ഉണ്ടാക്കിയിരുന്നെങ്കില്‍, അവര്‍ 2019-ല്‍ 1.5 ട്രില്യണ്‍ ഡോളര്‍ സമ്പാദിക്കുമായിരുന്നു. ആഗോളതലത്തില്‍, ആ വേതനമില്ലാത്ത തൊഴിലിന്‍റെ മൂല്യം ഏകദേശം $11 ട്രില്യണ്‍ ആയിരുന്നു.
“The determining force in history is the production and reproduction of immediate life. ” Frederick Engels
3. മാഡംസ് & മെയിഡ്സ് (Madams & Maids)
തൊഴിലാളികളുടെ അവകാശത്തിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും , തൊഴില്‍ ചിലവ് ‘cost of labour’ ചുരുക്കുന്നതിനും അതുവഴി കൂടുതല്‍ ചൂഷണത്തിന് വഴിയൊരുക്കുവാനും ഒരു ആഗോള ലേബര്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കുകയാണ് ആഗോളവല്‍ക്കരണം വഴി മുതലാളിത്തം ചെയ്തത് എന്നാണ് ഫെഡറിച്ചി പറയുന്നത്.
ഫെമിനിസ്റ്റ് സാമ്പത്തിക വിദഗ്ധര്‍ ഒരിക്കല്‍ പറഞ്ഞത് പോലെ , ആഗോളവല്‍ക്കരണത്തിന് സ്ത്രീകളെ ‘ശാക്തീകരിക്കാന്‍’ കഴിഞ്ഞിട്ടില്ല. പകരം ആഗോളവല്‍ക്കരിക്കപ്പെട്ട പ്രത്യുത്പാദന മേഖലയില്‍, കുടിയേറ്റ/അഭയാര്‍ത്ഥി സ്ത്രീ തൊഴിലാളികളുടെ ഒരു ലോക തൊഴിലാളിവര്‍ഗത്തിനെ സൃഷ്ടിക്കാന്‍ ആഗോളവല്‍ക്കരണത്തിനു സാധിച്ചു.
ലോക സമ്പദ്വ്യവസ്ഥയുടെ ആഗോളവല്‍ക്കരണം ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ സാമൂഹിക പുനര്‍നിര്‍മ്മാണത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. അവിടുള്ള മനുഷ്യര്‍ അനുഭവിക്കുന്ന ദാരിദ്ര്യം ലോകബാങ്ക് പലപ്പോഴും അവകാശപ്പെടുന്നത് പോലെ ഒരു ക്ഷണിക പ്രതിഭാസമോ മോശമായി നടപ്പിലാക്കിയ നയ ശുപാര്‍ശകളുടെ അനന്തരഫലമോ, സോഷ്യലിസത്തിന്‍റെ പരാജയമോ അല്ല, മറിച്ച് ഈ പ്രദേശങ്ങളുടെ ആഗോള സമ്പദ്വ്യവസ്ഥയിലേക്കുള്ള സംയോജനത്തിന്‍റെ നേരിട്ടുള്ള അനന്തരഫലമാണ് എന്ന് ഫെഡറിച്ചി വിശദീകരിക്കുന്നു.
ചരക്ക് ഉല്‍പാദന വീക്ഷണകോണില്‍ നിന്ന് മാത്രം നോക്കിയാല്‍ ആഗോളവല്‍ക്കരണത്തിന്‍റെ അനന്തരഫലങ്ങള്‍ (പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍ ) നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. മൂന്നാം ലോകത്തില്‍ നിന്ന് ഒന്നാം ലോകത്തേക്കുള്ള വിഭവങ്ങളുടെ കൂടി കൈമാറ്റമായും നാം ഇതിനെ മനസിലാക്കണം.
മനുഷ്യരുടെയും, തൊഴില്‍ശക്തി പുനരുല്‍പ്പാദിപ്പിക്കപ്പെടുന്ന ജോലിയുടെയും ആഗോള പുനര്‍നിര്‍മ്മാണം എങ്ങിനെയാണ് നടന്നതെന്നും നാം നോക്കേണ്ടതുണ്ട്.
ആഗോളവല്‍ക്കരണം ഏല്‍പ്പിച്ച ആഘാതങ്ങള്‍ നോക്കിയാല്‍ മൂന്നാം ലോക രാജ്യങ്ങളുടെ കടം കുത്തനെ ഉയര്‍ന്നതും , ആ രാജ്യങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ന്ന് അടിഞ്ഞതും കാണാം. ഇതിനെ തുടര്‍ന്ന് ലക്ഷകണക്കിന് ആളുകള്‍ക്ക് അവരുടെ നാടും വീടും ഉപേക്ഷിച്ച അന്യനാടുകളിലേക്ക് കുടിയേറേണ്ടി വന്നിട്ടുണ്ട്. ഇത് ആഗോളവല്‍ക്കരണത്തിന്‍റെ അപ്രതീക്ഷിത ദോഷവശമല്ല മറിച്ച് വളരെ കൃത്യമായി പ്ലാന്‍ ചെയ്ത ഒരു പദ്ധതി തന്നെയാണ് എന്നാണ് ഫെഡറിച്ചി പറയുന്നത്.
ഐ.എം.എഫിന്‍റെയും, ലോകബാങ്കിന്‍റെയും ഘടനാപരമായ ക്രമീകരണങ്ങള്‍ തുറന്നിട്ട പ്രതിസന്ധി ഉപയോഗിച്ച് അന്താരാഷ്ട്ര ഏജന്‍സികളുടെയും , ഗവണ്‍മെന്‍റുകളുടെയും സഹകരണത്തിലൂടെ മൂന്നാം ലോകത്തില്‍ നിന്നുള്ള സ്ത്രീകളുടെ വന്‍തോതിലുള്ള കുടിയേറ്റം നടന്നു. യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും കുടിയേറിയ ഈ സ്ത്രീകളില്‍ ഭൂരിഭാഗവും ചെയ്യുന്നത് വേതനം കുറഞ്ഞ ജോലികളാണ്. സ്ത്രീകളുടെ അധ്വാനത്തിന്‍റെ മോഷണം എന്നാണ് ഫെഡറിച്ചി ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ സ്ത്രീകളെ അഥവാ തൊഴിലാളികളെ നിര്‍മിക്കുന്ന സാമൂഹിക പുനരുല്‍പാദനത്തിന് വേണ്ടി ഒരു പൈസയും ഒന്നാം ലോക രാജ്യങ്ങള്‍ക്കു ചിലവാക്കേണ്ടി വന്നിട്ടും ഇല്ല.
ഇങ്ങനെ സ്വന്തം നാടും, വീടും വിട്ട് ഭാഷയും, രീതിയും അറിയാത്ത നാടുകളിലേക്ക് കുടിയേറുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ , അതിനു അവര്‍ കൊടുക്കേണ്ടി വരുന്ന വില എന്താണ് ? ഒരു രാജ്യത്തേക്ക് പ്രവേശിക്കാനുള്ള ശ്രമത്തില്‍ പലപ്പോഴും അവര്‍ക്കു ജീവന്‍ പണയപ്പെടുത്തേണ്ടി വരുന്നു , പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നു. വര്‍ഷങ്ങളോളം അല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ ഏകാന്തതയും, ഭയവും , ആശങ്കയും അനുഭവിക്കേണ്ടി വരുന്നു.
കാനഡയില്‍ ഉപരിപഠനത്തിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ആഴ്ചയില്‍ ഇരുപത് മണിക്കൂര്‍ പാര്‍ട് ടൈം ജോലി ചെയ്യാനുള്ള അനുവാദം ഉണ്ട്. മുന്‍കാലങ്ങളില്‍ ഇരുപത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തതിനു വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി നാട് കടത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്തു കൂടുതല്‍ മുന്നണി ജോലിക്കാരെ ആവശ്യമായി വന്നപ്പോള്‍ കാനഡയിലെ സര്‍ക്കാര്‍ ഈ ഇരുപത് മണിക്കൂര്‍ ലിമിറ്റ് എടുത്തു മാറ്റുകയും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എത്ര മണിക്കൂര്‍ വേണമെകിലും ജോലി ചെയ്യാം എന്നാക്കുകയും ചെയ്തു. ഇവിടുത്തെ പൗരന്മാര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ വാങ്ങി സുരക്ഷിതരായി വീട്ടില്‍ ഇരുന്നപ്പോള്‍ സ്വന്തം ആരോഗ്യവും, ജീവനും പണയം വെച്ച് ജോലി ചെയ്യേണ്ടി വന്നവര്‍ ഇമ്മിഗ്രന്‍റ്സ് ആണ്.
“We are reminded here of Arlie Russel Hochschild’s argument that today’s global economy does not only consist of transfers of money and capital but of global transfers of love also, which ultimate beneficiaries are multinational corporations in their efforts to portray themselves as a “one big family” to their employers.” – Silvia Federici
‘Standing With Nurses is a Feminist Project’ എന്ന ലേഖനത്തില്‍ ഫെഡറിച്ചി ഇങ്ങനെ എഴുതി
“കോവിഡ്-19 പാന്‍ഡെമിക്കിന്‍റെ നിലനില്‍ക്കുന്ന ചിത്രം എന്താണ്? എന്നെ സംബന്ധിച്ചിടത്തോളം രോഗത്തെക്കുറിച്ചുള്ള സ്വന്തം ഭയത്തെ മറികടന്ന് രോഗികള്‍ക്ക് പരിചരണം നല്‍കാനും, മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ ആശ്വാസം നല്‍കാനും ഈ ആഗോള അടിയന്തരാവസ്ഥയുടെ മുന്‍നിരയില്‍ നില്‍ക്കുന്നത് നഴ്സുമാരാണ്.
നഴ്സുമാര്‍ അവരുടെ ശാരീരിക ക്ഷീണം, മതിയായ ഉപകരണങ്ങളുടെ അഭാവം, അവര്‍ ശുശ്രൂഷിച്ച രോഗികള്‍ മരണപ്പെടുമ്പോള്‍ ഉള്ള മാനസിക പ്രയാസം എന്നൊക്കെയുള്ള അനുഭവങ്ങള്‍ പറയുന്നത് നമ്മള്‍ കേട്ടു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കോവിഡ് -19 അണുബാധ മൂലം ആഗോളതലത്തില്‍ കുറഞ്ഞത് 115,000 നഴ്സുമാരെങ്കിലും മരിച്ചു, വാക്സിനുകള്‍ തുല്യമായി നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ അവരില്‍ പലരുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു.
ഈ വെല്ലുവിളികള്‍ക്കിടയിലും നഴ്സുമാര്‍ തുടര്‍ച്ചയായി അണിനിരന്നു. ആശുപത്രികളുടെയും സാനിറ്ററി സംവിധാനങ്ങളുടെയും പ്രാദേശിക, ദേശീയ അധികാരികളുടെയും പരാജയത്തെ അവര്‍ അപലപിച്ചു. അവരോടൊപ്പം ചേരാന്‍ അവര്‍ ഒരു ആഗോള പ്രസ്ഥാനത്തെ പ്രചോദിപ്പിച്ചു.
ബാല്‍ക്കണിയില്‍ നിന്ന് കൈകൊട്ടി നമ്മള്‍ നഴ്സുമാരെ അഭിനന്ദിച്ചു. നമ്മുടെ സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും ദൈനംദിന ജീവിതത്തിലും അവര്‍ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞു. പക്ഷേ കൈയടി മതിയാവില്ല. മെച്ചപ്പെട്ട വേതനത്തിനും സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കുമുള്ള അവരുടെ ആവശ്യങ്ങളില്‍ നമ്മളും ചേരേണ്ടതുണ്ട്.
ബിഗ് ഫാര്‍മയ്ക്കെതിരെയുള്ള നഴ്സുമാരുടെ ഇപ്പോഴത്തെ സമരം ഫെമിനിസ്റ്റ് സമരമാണ് . മുതലാളിത്ത സമൂഹത്തിന്‍റെ ചരിത്രത്തിലുടനീളം ഘടനാപരമായ ഘടകമായ സ്ത്രീകളുടെ പ്രത്യുത്പാദന പ്രവര്‍ത്തനത്തിന്‍റെ മൂല്യച്യുതിയുമായി നേരിട്ട് ബന്ധപ്പെട്ടതാണ് അവരുടെ ജോലിയുടെ മൂല്യത്തകര്‍ച്ച.
നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ അദൃശ്യ വാസ്തുവിദ്യയായി നഴ്സിംഗ് വര്‍ത്തിക്കുന്നു.
ആ വാസ്തുവിദ്യ അന്തര്‍ദേശീയമാണ്: കൊളോണിയലിസത്തിന്‍റെ നീണ്ട ചരിത്രവും, ഘടനാപരമായ ക്രമീകരണങ്ങള്‍ പോലുള്ള പരിപാടികള്‍ സൃഷ്ടിച്ച ദാരിദ്ര്യാവസ്ഥയും കാരണം തങ്ങളുടെ മാതൃരാജ്യങ്ങളില്‍ നിന്ന് കുടിയേറാന്‍ നിര്‍ബന്ധിതരായ നിരവധി നഴ്സുമാരെ നോക്കുകڈ.
സ്ത്രീ വിമോചനത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയും ഗാര്‍ഹിക ജോലിയുടെ ആഗോള പുനഃക്രമീകരണം തന്നെയാണ്. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും വന്ന് യൂറോപ്പിലും അമേരിക്കയിലും പണിയെടുക്കുന്ന സ്ത്രീയും അവളുടെ തൊഴില്‍ ഉടമയും തമ്മില്‍ ഉള്ള ബന്ധത്തില്‍ ഒരുപാട് അസമത്വങ്ങളുണ്ട് . ഫെഡറിച്ചിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ “the relation through which First and Third World women have most met, at a mass level, has been that of madams and maids.”
ഇത് പരിഹരിക്കാത്തിടത്തോളം ആഗോള തലത്തില്‍ ഒരു ഫെമിനിസ്റ്റ് മൂവ്മെന്‍റ് സാധ്യമാവുകയില്ല. അമേരിക്കയിലെയും യൂറോപ്പിലെയും മുഖ്യധാരാ ഫെമിനിസം പാടെ അവഗണിച്ച ഒരു വിഷയമാണിത് .
4. എന്തായിരിക്കണം അന്താരാഷ്ട്ര ഫെമിനിസ്റ്റ് അജണ്ട? What should be the International Feminist Agenda?
ആഗോളവല്‍ക്കരണം സ്ത്രീകള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അധികാര ബന്ധങ്ങളും വിഭജനങ്ങളും മറികടക്കുന്നില്ലെങ്കില്‍, ഒരു അന്താരാഷ്ട്ര ഫെമിനിസ്റ്റ് പ്രസ്ഥാനം എങ്ങനെ കെട്ടിപ്പടുക്കുമെന്ന വളരെ പ്രധാനപ്പെട്ട ചോദ്യമാണ് ഫെഡറിച്ചി ചോദിക്കുന്നത്.
അന്താരാഷ്ട്ര ഫെമിനിസം കുടിയേറ്റ അവകാശങ്ങള്‍ക്കായുള്ള സമരമായി മാറേണ്ടതുണ്ട്. ഗാര്‍ഹിക ജോലിക്കുള്ള വേതനത്തിന് വേണ്ടി സമരം ചെയ്യേണ്ടതുണ്ട്. വീട്ടുജോലി അനിവാര്യമായ അധ്വാനമാണ്, അതിനെ വില കുറച്ചു കാണേണ്ടതില്ല. ആ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കാതിരിക്കുകയോ ഏറ്റവും കുറഞ്ഞ ശമ്പളം നല്‍കുകയോ ചെയ്യുമ്പോള്‍ ആണ് ആ ജോലി വിലകുറഞ്ഞത് ആകുന്നത് . വീട്ടുജോലിക്കാരുടെ കൂലി പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്നത് ഒരു സാമൂഹിക വിപത്തായി മാറുമെന്ന് ഫെഡറിച്ചി ഓര്‍മിപ്പിക്കുന്നു. ഇത് കുടുംബത്തിന്‍റെ ബജറ്റ് ലാഭിച്ചേക്കാം, പക്ഷേ ഇത് സാമൂഹിക പുനരുല്‍പാദനത്തിന്‍റെ തകര്‍ച്ചയെ സ്ഥാപനവല്‍ക്കരിക്കുന്നു.
സ്ത്രീകള്‍ നേരിടുന്ന അക്രമം ഗാര്‍ഹിക പീഡനം മാത്രമല്ല. അതില്‍ വിപണിയുടെയും , മുതലാളിത്തത്തിന്‍റെയും , ഭരണകൂടത്തിന്‍റെയും അക്രമമുണ്ട്. സ്ത്രീകള്‍ക്കെതിരായ വിവേചനപരമായ നയങ്ങളുടെ അക്രമമുണ്ട് , സ്ത്രീകളുടെ ശരീരത്തിന് നേരെയുള്ള സ്ഥാപനപരമായ അക്രമമുണ്ട് . വംശീയതക്കും , സാമ്രാജ്യത്വത്തിനും എതിരെയുള്ള മുതലാളിത്ത വിരുദ്ധ ഫെമിനിസമാണ് നമുക്ക് ആവശ്യം. ലോകമെമ്പാടുമുള്ള തൊഴിലാളി വര്‍ഗത്തിനോടാണ് അന്താരാഷ്ട്ര ഫെമിനിസം ഐക്യപ്പെടേണ്ടത്.
മുതലാളിത്തത്തെ ഏതെങ്കിലും തരത്തിലുള്ള വിമോചനവുമായി ബന്ധപ്പെടുത്താന്‍ കഴിയില്ല എന്നും , തൊഴിലാളിവര്‍ഗ വീക്ഷണകോണില്‍ നിന്ന് സമീപിക്കുമ്പോള്‍ മാത്രമേ അതിന്‍റെ സമഗ്രത മനസ്സിലാക്കാന്‍ കഴിയൂ എന്ന് ഫെഡറിച്ചി ഊന്നി പറയുന്നു. മുതലാളിത്തത്തിന് സ്വയം പുനരുല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ലോക തൊഴിലാളിവര്‍ഗ ചൂഷണത്തെ ആഗോളവല്‍ക്കരിക്കാനുള്ള അതിന്‍റെ കഴിവ് കൊണ്ട് മാത്രമാണ്.
ഉപസംഹാരം
എന്‍ജിനീയറിങ് മേഖലയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. STEM Gender gap, wage gap നെ കുറിച്ചുള്ള ഒരുപാട് ചര്‍ച്ചകള്‍ കേള്‍ക്കാറുണ്ട്. ഈ മേഖലയില്‍ ജോലി ചെയുന്ന പുരുഷന്‍മാര്‍ക്ക് ഒരു ഡോളര്‍ കിട്ടുമ്പോള്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് എഴുപത് സെന്‍റ് മാത്രമാണ് എന്നതിന്‍റെ കണക്കുകള്‍ നിരത്തിയുള്ള നിരവധി ചര്‍ച്ചകള്‍ കൂടെകൂടെ നടക്കാറുണ്ടെകിലും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിനെ പറ്റി ആരും പറയുന്നത് കേള്‍ക്കാറില്ല. പകരം നമ്മുടെ ജീവിതത്തെ പരിമിതപ്പെടുത്തുന്ന സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ ഘടകങ്ങളെ പരിഗണിക്കുക പോലും ചെയ്യാത്ത കുറെ സ്വയം സഹായ നുറുങ്ങു വിദ്യകള്‍ തരും.
മാര്‍ക്ക് ഫിഷര്‍ അദ്ദേഹത്തിന്‍റെ വളരെ പ്രശസ്തമായ ഒരു ലേഖനത്തില്‍ മുതലാളിത്ത വര്‍ഗ്ഗത്തിന്‍റെ ഏറ്റവും വിജയകരമായ തന്ത്രങ്ങളിലൊന്നായ ഉത്തരവാദിത്വവത്ക്കരണത്തെ കുറിച്ച് പറയുന്നുണ്ട്. നമ്മള്‍ അനുഭവിക്കുന്ന ദാരിദ്ര്യം, അവസരങ്ങളുടെ അഭാവം, അല്ലെങ്കില്‍ തൊഴിലില്ലായ്മ എന്നിവ നമ്മുടെ മാത്രം തെറ്റാണെന്നും, തങ്ങള്‍ ആഗ്രഹിക്കുന്നതെന്തും സാധിച്ചെടുക്കാനുള്ള കഴിവ് ഓരോ വ്യക്തിക്കും ഉണ്ടെന്ന് വിശ്വസിപ്പിച്ചെടുക്കാനും മുതലാളിത്ത വ്യവസ്ഥിതിക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സാമൂഹിക ഘടനയെ എന്നതിനേക്കാള്‍ വ്യക്തികള്‍ സ്വയം കുറ്റപ്പെടുത്തുന്നു. ഈ സമീപനം യാതൊരു സാമൂഹിക മാറ്റവും ആവശ്യപ്പെടുന്നില്ല എന്ന് മാത്രമല്ല കൂട്ടായ പ്രവര്‍ത്തനത്തിനുള്ള ആഹ്വാനങ്ങളെ ഫലപ്രദമായി ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.
ലിബറല്‍ / ബൂര്‍ഷ്വാ / കോര്‍പ്പറേറ്റ് ഫെമിനിസത്തിന്‍റെ പൊള്ള വര്‍ത്തമാനങ്ങള്‍ കേട്ട് മടുത്ത ഒരു ഘട്ടത്തിലാണ് ഞാന്‍ ഫെഡറിച്ചിയെ വായിച്ചു തുടങ്ങുന്നത്.
കാനഡയിലേക്ക് കുടിയേറിയ എന്‍റെ തിരഞ്ഞെടുപ്പിനെ നിര്‍ണയിച്ച സാമൂഹിക , സാമ്പത്തിക അസമത്വങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നതും സില്‍വിയ ഫെഡറിച്ചിയുടെ എഴുത്തുകളോടാണ്. നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തിയിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയെയും, സ്ഥാപനങ്ങളെയും മാറ്റാതെ നമ്മുടെ ദൈനംദിന ജീവിതത്തെ മാറ്റാന്‍ കഴിയില്ല എന്നതാണ് അവയില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം.
സഹായകഗ്രന്ഥങ്ങള്‍
11. Silvia Federici, Caliban and the Witch: Women, the Body and Primitive Accumulation
2. Silvia Federici, Wages against Housework (1975)
3. Silvia Federici, Reproduction and Feminist Struggle in the New International Division of Labour (1999)
4. Silvia Federici, Women, Globalization, and the International Women’s Movement (2001)
5. Silvia Federici, Revolution at Point Zero (2011)
6. Tithi Bhattacharya , Mapping Social Reproduction Theory (2017)
7. Cinzia Arruzza, From Social Reproduction Feminism to the Women’s Strike (2017)
8. Statistics Canada STEM Gender Gap https://www150.statcan.gc.ca/n1/pub/36-28-0001/2021011/article/00004-eng.htm
9. Standing With Nurses Is a Feminist Project, Silvia Federici https://www.thenation.com/article/world/nurses-covid-feminism/
10.The Lockdown Showed How the Economy Exploits Women. She Already Knew. https://www.nytimes.com/2021/02/17/magazine/waged-housework.html
11. Social Power, Depression and Feeling Good for Nothing, Mark Fisher (2014)
COMMENTS