2020 നവമ്പര്‍ 8 ഞായറാഴ്ച പുലര്‍ച്ചക്ക് ഷീനാ ജോസ് യാത്രയായി. 43 വര്‍ഷങ്ങള്‍ക്ക് മുമ്പ്… തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ്സ് കോണ്‍വെന്റിലെ എട്ടാം ക്ലാസ്. ഷീനയെ പരിചയപ്പെട്ടത് അവിടെ വെച്ചാണ്. മലയാളഭാഷ നന്നായി കൈകാര്യം ചെയ്യുന്ന കുട്ടി. പ്രസംഗമത്സരത്തില്‍ എന്നും ഒന്നാമത്. പുതിയൊരു സ്ഥലത്തെത്തുമ്പോള്‍ സമാനചിന്തകളുള്ളവരെ നമ്മള് തേടിപ്പിടിക്കുമല്ലോ. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്.
ഒരുച്ചയ്ക്ക് ഇടവേളയില്‍ ഗേറ്റ് കടന്നുവന്ന അവശയായ വൃദ്ധ കുട്ടികളോട് സഹായം ചോദിച്ചു. ഞങ്ങള്‍ കുറച്ചു കുട്ടികള്‍ ചേര്‍ന്ന് ചെറിയൊരു സംഖ്യ അവര്‍ക്ക് നല്കി. ഇതിനിടയിലേയ്ക്കാണ് പ്രിന്‍സിപ്പാള്‍ കന്യാസ്ത്രീ കടന്നു വന്നത്. സ്ഥാപനത്തിന്റെ അനുമതിയില്ലാതെ സംഭാവന നല്‍കിയതിന് ഞങ്ങള്‍ക്കെല്ലാം അന്ന് ക്ലാസിന് പുറത്ത് വരാന്തയില്‍ രണ്ട് മണിക്കൂര്‍ മുട്ടുകുത്തി നില്‍ക്കേണ്ടി വന്നു. ഷീന പിറുപിറുക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ‘ഇതാണോ കന്യാസ്ത്രീ മഠത്തിന്റെ ദയ… അനുകമ്പ… കരുണ?’
ഹൈസ്കൂള്‍ പഠനത്തിന് ശേഷം പ്രീഡിഗ്രിക്കും ഒരുമിച്ചായിരുന്നു. ബി.എസ്.സി കെമിസ്ട്രിക്ക് ഞങ്ങളുടെ ഗാങ്ങ് ഒരുമിച്ച് വിമല കോളേജിലെത്തി. ഒന്നാം വര്‍ഷം… വിമല കോളേജില്‍ കിണര്‍ കുഴിയ്ക്കുന്നതിന് നിര്‍ബന്ധ പിരിവ് അനൗണ്‍സ് ചെയ്ത ദിവസം. ഞങ്ങള്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് തള്ളിക്കയറി അത് ചോദ്യം ചെയ്തു. ഷീന മുന്നില്‍ തന്നെയുണ്ടായിരുന്നു. സ്വന്തം ശരികളെ ആരോടും വിളിച്ചു പറയാനുള്ള ധൈര്യം. ഞാന്‍ ഷീനയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
പി ജി പഠനകാലം… പട്ടാമ്പി കോളേജില്‍ മാനുഷി എന്ന സ്ത്രീവിമോചനസംഘടന രൂപപ്പെടുന്നു. കോളേജിനകത്തും പുറത്തും നിരവധി സ്ത്രീകള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ മേഖലകള്‍ തുറന്നു കിട്ടിയ കാലം. തെരുവുനാടകങ്ങളും ജാഥകളും പൊതുയോഗങ്ങളും… പുതിയ ചിന്തകള്‍… പ്രവര്‍ത്തന ശൈലികള്‍… കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം ചെറുസംഘങ്ങള്‍ രൂപപ്പെട്ടു. ആ സമയത്ത് ഷീന പാഠഭേദം സംഘത്തില്‍ സജീവമായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാലം. പാഠഭേദം കൂട്ടായ്മയുടെ മുന്‍കൈയിലാണ് ചേതന എന്ന സ്ത്രീവിമോചന സംഘടന തൃശൂരില്‍ രൂപപ്പെട്ടത്. അതിന്റെ നേതൃത്വനിരയില്‍ത്തന്നെ ഷീനയുണ്ടായിരുന്നു. പിന്നീടങ്ങോട്ട് സ്ത്രീ വിമോചന നിലപാടുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഷീനക്കെന്നും കഴിഞ്ഞിട്ടുണ്ട്.
മുളങ്കുന്നത്തുകാവ് നാടകസംഘം ബലിദാനം എന്ന നാടകം അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു. അഭിനയ താല്പര്യവുമായി ഷീന ഞങ്ങളുടെ സംഘത്തിലെത്തി. റിഹേഴ്സല്‍ ക്യാമ്പും ഒരുമിച്ചുള്ള താമസവും ചര്‍ച്ചകളും… ഷീനയുടെ മറ്റൊരു സാദ്ധ്യത ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു.
പിന്നീട്, ജോലിയും ആക്ടിവിസവും സാംസ്കാരികപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുന്ന ഷീനയോടുള്ള ആത്മബന്ധം ദൃഢമായിത്തന്നെ തുടര്‍ന്നു.
ആവിഷ്ക്കാരത്തിന്റേയും സ്വാതന്ത്യത്തിന്റേയും ഒരു ക്യാന്‍വാസ്- അരങ്ങ് സ്വയം തീര്‍ത്ത് അതില്‍ ജീവിച്ചവളാണ് ഷീന എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സമൂഹത്തിന്റെ സദാചാര ചിന്തകളോ വിലക്കുകളോ അവളുടെ പരിമിതികളായി ഒരു കാലത്തും മാറിയിട്ടില്ല. അതുകൊണ്ടുതന്നെ ഷീനയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വതന്ത്ര എന്ന വാക്ക് അതിന്റെ പൂര്‍ണ്ണതയില്‍ ഉള്ളില്‍ തെളിയും.
2020 നവംമ്പര്‍ 8- ഉച്ചയ്ക്ക് ഒരു മണി. ഞങ്ങളുടെ സഹപാഠി ഡെന്നിയും ഞാനും ഷീനയുടെ കൂട്ടുകാരന് സന്തോഷും ഷീനയുടെ മുറിയിലാണ്. ജനലരികില്‍ ഡെന്നി അവള്‍ക്ക് സമ്മാനിച്ച ചെറിയ ചെടി. ചുമരില്‍ ഉല്ലാസവതിയായ ഷീനയുടെ ചിത്രങ്ങള്‍. മനസ്സ് നിറഞ്ഞു.
ഉച്ചക്ക് രണ്ട് മണി. ഷീനയെ അവസാനമായി കണ്ട് മടങ്ങി. മനസ്സില്‍ അവളുടെ ശാന്തമായ ഉറക്കം മാത്രം. അവള് മനോഹരമായ ഏതോ സ്വപ്നം കാണുകയാണ്… തീര്‍ച്ച.
COMMENTS