അങ്ങനെ 2020 മാര്‍ച്ച് 24 നുശേഷം, ഒന്നര വര്‍ഷത്തിനു ശേഷം നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ വിദ്യാലയങ്ങളിലേക്ക് പോവുകയാണ്. ഒക്ടോബര്‍ 4 ന് കോളേജുകള്‍ തുറക്കുന്നു. നവംബര്‍ 1 മുതല്‍ സ്ക്കൂളുകള്‍ തുറക്കുന്നു. കോവിഡ് മഹാമാരി നമ്മുടെ സാമൂഹ്യ ജീവിതത്തെ ആകെ മാററിമറിച്ചു. സമൂഹം ലോക്ഡൗണിന്‍റെ ആഘാതത്തില്‍ നിന്ന് മെല്ലെ മെല്ലെ വിമുക്തമായിവരുന്നു.
കോവിഡുമായി ഒത്തുപോകാന്‍ നമ്മള്‍ പഠിക്കണമെന്നാണിപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. സമൂഹം സാധാരണ ജീവിതത്തിലേക്ക് കടക്കണമെങ്കില്‍ മറെറാരു വഴിയുമില്ലല്ലൊ.
ഒന്നര വര്‍ഷത്തെ ‘തടവ്’ ജീവിതത്തിന്നിടയില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ പഠനം മാത്രമല്ല, കൂട്ടുകാരുമൊത്തുള്ള സാമൂഹ്യ ജീവിതമാണ്. പഠനത്തിന്‍റെ കാര്യം ഡിജിറ്റല്‍ മീഡിയയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാറും സ്വകാര്യ മാനേജ്മെന്‍റുകളും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തങ്ങള്‍ സ്ക്കൂളിലെ അംഗങ്ങളാണെന്നും ക്ലാസ് ഇന്നതാണെന്നും കുട്ടികള്‍ക്ക് അറിയാം. പക്ഷെ, വിശാലമായ മറ്റൊരു ലോകം അവര്‍ക്ക് നഷ്ടമായി. പാര്‍ക്ക്, ബീച്ച്, വര്‍ഷംതോറും സ്ക്കൂളുകളില്‍ നിന്നുള്ള വിനോദയാത്രകള്‍, അച്ഛനമ്മമാരോടൊത്തുള്ള സായാഹ്നസവാരികള്‍, മറ്റ് ആഘോഷപരിപാടികള്‍ എല്ലാം അവര്‍ക്ക് നഷ്ടമായി. ഏറെക്കുറെ എല്ലാ കുട്ടികളും കൂടുതലായി മൊബൈല്‍ ഫോണിനും ടി.വി.യ്ക്കും കമ്പ്യൂട്ടറിനും അടിമകളായി. മുതിര്‍ന്നവര്‍ വര്‍ക്ക് എറ്റ് ഹോം മാത്രമല്ല, അവരും മേല്‍പറഞ്ഞ ഡിജിറ്റല്‍ മീഡിയയെയാണ് ഒട്ടുമുക്കാലും ആശ്രയിച്ചത്. അവരെ കണ്ട് കുട്ടികളും പഠിച്ചു. അങ്ങനെ ഒരു രോഗാതുരമായ സമൂഹത്തിന് തറക്കല്ലിട്ടു.
ലോക്ഡൗണ്‍ അവസാനിച്ചതും വിദ്യാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതും വളരെ നല്ല തീരുമാനമാണ്. എന്നിരിക്കിലും ഈ ഒന്നര വര്‍ഷത്തെ നഷ്ടം നികത്താന്‍, കുട്ടികളുടെ സ്വഭാവരൂപീകരണപ്രക്രിയയില്‍ ഉണ്ടായ ഭീകരമായ ദോഷം കുറേയെങ്കിലും കഴുകിക്കളയാന്‍ നമുക്കിനിയും സമയമെത്ര എടുക്കും?
അജിത കെ.
COMMENTS