സ്ത്രീ പഠനം എന്ന ചിന്തയും ആശയവും പ്രാവര്‍ത്തികമാക്കുന്നതിലും മറ്റുള്ളവരെ അത്തരത്തില്‍ ചിന്തിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്ത മലയാളികളില്‍ പ്രഥമ സ്ഥാനം വഹിക്കുകയും ചെയ്തിരുന്ന പ്രിയപ്പെട്ട ശാരദാമണി വിടപറഞ്ഞിരിക്കുകയാണ് (ജനനം: 25 ഏപ്രില്‍ 1928 – മരണം: 26 മെയ് 2021).
സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് സാമൂഹിക ശാസ്ത്ര മേഖലകളില്‍ കടന്നു വരാന്‍ വിമുഖത കാണിച്ചിരുന്ന കാലത്താണ് ശാരദാമണി സാമൂഹിക ശാസ്ത്രത്തെ തന്‍റെ പ്രിയപ്പെട്ട വിഷയമായി തെരെഞ്ഞെടുത്തത്. സാമ്പത്തിക ശാസ്ത്രമായിരുന്നു ബി. എ. ഹോണേഴ്സിലെ ഐച്ഛിക വിഷയമെങ്കിലും അതിനെ സാമൂഹിക ശാസ്ത്രമായിട്ടാണ് എക്കാലത്തും അവര്‍ വിശേഷിപ്പിച്ചിരുന്നത്. സാമ്പത്തികശാസ്ത്രം വളരെയധികം സാങ്കേതികമായും ഉപകരണ ഉപാധിയായും വികസിക്കുമ്പോള്‍ അതിന്‍െ സാമൂഹിക ഉള്‍ക്കാഴ്ചയെ ചോര്‍ത്തിക്കളയാതെ തന്‍റെ പഠന ഗവേഷണങ്ങളിലൂടെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കയായിരുന്നു ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരിക്കുമ്പോഴും ഇവര്‍ ചെയ്തത്. ജാതീയതയുടേയും കീഴാളതയുടേയും സാമൂഹിക വ്യാകരണത്തിന്‍റെ അടിസ്ഥാനം സാമ്പത്തികമായ ശ്രേണീബന്ധങ്ങള്‍ കൂടിയാണ് എന്ന വായന കേരളത്തിന്‍റെ സാമൂഹിക ചരിത്ര വായനയുടെ എക്കാലത്തേയും പുരോഗമനപരമായ വീക്ഷണമായാണ് കരുതിപ്പോരുന്നത്. ‘കേരളത്തിലെ പുലയര്‍: അടിമ ജാതിയുടെ ഉദയം’ (എമെര്‍ജന്‍സ് ഓഫ് സ്ലേവ് കാസ്റ്റ്: പുലയാസ് ഓഫ് കേരള), ‘മാതൃദായക സമ്പ്രദായത്തിന്‍റെ പരിണാമം’ (മാട്രിലീനി ട്രാന്‍സ്ഫോംട് : ഫാമിലി, ലോ, ഐഡിയോളജി ഇന്‍ 20 സെഞ്ച്വറി ട്രാവന്‍കൂര്‍), ‘മാറുന്ന കാര്‍ഷിക ബന്ധങ്ങളിലെ സ്ത്രീ പദവി’ (വുമണ്‍’സ് സ്റ്റാറ്റസ് ഇന്‍ ചേഞ്ചിങ് അഗ്രറിയന്‍ റിലേഷന്‍സ് ഇന്‍ കേരള: എ കേസ് സ്റ്റഡി ഓഫ് പാലക്കാട്) , ‘വിദ്യാഭ്യാസം, തൊഴില്‍, ഭൂ ഉടമസ്ഥത’ (എഡ്യൂക്കേഷന്‍, എംപ്ലോയ്മെന്‍റ് ആന്‍ഡ് ലാന്‍ഡ് ഓണര്‍ഷിപ് : റോള്‍ ഓഫ് കാസ്റ്റ് ആന്‍ഡ് ഇക്കണോമിക് ഫാക്ടര്‍സ് ആന്‍ഡ് മാട്രിലീനി), സ്ത്രീ, സ്ത്രീവാദം, സ്ത്രീ വിമോചനം; മാറുന്ന ലോകം മാറ്റുന്നതാര്, ഇവര്‍ വഴികാട്ടികള്‍ തുടങ്ങിയ പഠനങ്ങള്‍ ഈ വഴികളിലൂടെ ഓരോ ഗവേഷകരേയും കൈപിടിച്ചു നടത്തുന്നതാണ്. ഈ പഠനങ്ങളിലെ ഉള്‍ക്കാഴ്ചകള്‍ സമൃദ്ധവും യുക്തിയുക്തവും അനുഭവവേദ്യവുമാകുന്ന ആശയ സംവാദങ്ങളാണ് പ്രദാനം ചെയ്യുന്നത്. കേരളത്തിന്‍റെയും ഇന്ത്യയുടെയും സാമൂഹിക ശാസ്ത്ര ജ്ഞാനമണ്ഡലത്തില്‍ പ്രത്യേകിച്ചും സ്ത്രീപഠനത്തില്‍ ശാരദാമണി അവശേഷിപ്പിക്കുന്നത് നികത്താനാകാത്ത ശൂന്യതയാണ്.
വിദ്യാഭ്യാസക്കാലത്തു തന്നെ പൊതുവെ സ്ത്രീകള്‍ കടന്നു ചെല്ലാന്‍ മടിച്ച മേഖലയായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഊര്‍ജ്ജസ്വലമായി ഇടപെട്ടുകൊണ്ടാണ് ശാരദാമണി ഒരു ഇടത് സഹയാത്രികയായത്. പൊതുവെ സ്വാതന്ത്ര്യ സമരപ്രവര്‍ത്തനങ്ങളുടെയും ഇന്ത്യന്‍ ദേശീയതയുടെയും തീവ്രത കുറഞ്ഞ തോതില്‍ മാത്രം പ്രതിഫലിച്ചിരുന്ന തിരുവനന്തപുരത്തെ കലാലയ ഇടങ്ങളില്‍ ശക്തമായ സ്ത്രീ ശബ്ദമായിരുന്നു ശാരദാമണി എന്ന് സഹപാഠിയായ പ്രൊഫസര്‍ എം. എ. ഉമ്മന്‍ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശാരദാമണി ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റുഡന്‍സ് ഫെഡറേഷന് വേണ്ടി ഇംഗ്ലീഷ് എഡിറ്റര്‍ ആയി മത്സരിച്ച വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായി വേണം തൊഴിലാളി പ്രസ്ഥാനത്തിന്‍റെ ശബ്ദമായി ആരംഭിച്ച ജനയുഗം വാരികയുടെ ആദ്യ പത്രാധിപരായ സഖാവ് ഗോപിനാഥന്‍ നായരെ (ജനയുഗം ഗോപി) ജീവിത പങ്കാളിയാക്കുന്നത്. തൊഴിലാളി പ്രസ്ഥാനത്തിന്‍റേയും കീഴാള സാമൂഹിക ശാസ്ത്രത്തിന്‍റേയും രീതിശാസ്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും നിരന്തരം ഇവര്‍ പരിശ്രമിച്ചിരുന്നതിന്‍റെ പശ്ചാത്തലം ഇവരിലെ മാര്‍ക്സിസ്റ്റ് വിദ്യാര്‍ത്ഥി ബഹുജന പ്രസ്ഥാനത്തിന്‍റെ സ്വാധീനമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ത്രീ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍റെ അദ്ധ്യക്ഷ പദവി വരെ (2002 ബ2008) ഏറ്റെടുക്കാന്‍ അവരെ പ്രാപ്തമാക്കിയതും ഈ ഇടത് ബോധത്തിന്‍റെ സൂക്ഷ്മതയാണ്. എന്നാല്‍ ഇടതു പക്ഷത്തിന്‍റെ കാലികമായ പ്രവര്‍ത്തനങ്ങളെ എന്നും നിരൂപണാത്മകമായി വിലയിരുത്തുന്നതില്‍ ഒട്ടും ശങ്കിക്കാത്ത വ്യക്തിത്വം എന്നത് ഇവരിലെ മാര്‍ക്സിസ്റ്റ് ചിന്തകയുടെ തെളിവാണ്.
സ്ത്രീകളുടെ തൊഴിലിടങ്ങള്‍, അവിടെ അവരനുഭവിക്കുന്ന വിവേചനങ്ങള്‍, സാമൂഹിക – ഭൂ ഉടമ ബന്ധങ്ങളിലെ അസമത്വങ്ങള്‍, ജാതീയമായ വിവേചനങ്ങളുടെ ഉല്പത്തി, സമ്പദ് ഘടനയിലെ സ്ത്രീകള്‍, ശാസ്ത്ര സാങ്കേതിക വിദ്യയും സ്ത്രീകളും എന്നു വേണ്ട വിവിധങ്ങളായ സ്ത്രീ-കീഴാള പഠനങ്ങള്‍ക്ക് വെളിച്ചമേകുമ്പോഴും അവയുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്തുന്ന തരത്തിലുള്ള ഇടപെടലുകളിലും സജീവമായിരുന്നു ശാരദാമണി. ഇന്ത്യന്‍ ആസോസിയേഷന്‍ ഓഫ് വിമെന്‍സ് സ്റ്റഡീസിന്‍റെ ഒന്നാമത്തെ സമ്മേളനം ( 1981 ) മുതല്‍ സ്ത്രീപഠന വിഷയങ്ങളില്‍ വ്യക്തമായ ദിശാബോധം നല്‍കാന്‍ അതിനാല്‍ തന്നെ ഇവര്‍ക്ക് സാധ്യമായി. സ്ത്രീ-കീഴാള പഠനങ്ങളില്‍ വ്യാപൃതരായ ഗവേഷകരോട് പ്രായഭേദമന്യേ സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്തുവാനുള്ള ഇവരുടെ കഴിവ് പ്രശംസനീയമാണ്. ഗവേഷണത്തില്‍ എപ്പോഴും ഫീല്‍ഡ് വര്‍ക്കിന്‍റെ സഹായത്തോടുകൂടിയുള്ള നിരീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന ചിന്ത ഇവരുടെ പഠനങ്ങളില്‍ ഉടനീളം നമുക്ക് കാണാന്‍ സാധിക്കും. അത് തന്നെയാണ് യുവഗവേഷകരോട് അവര്‍ പലപ്പോഴും ഉപദേശിച്ചിരുന്നത്. ഫീല്‍ഡ് സര്‍വ്വേ / അഭിമുഖങ്ങള്‍/പ്രസിദ്ധീകരിക്കപ്പെട്ട ഡാറ്റ, പുരാരേഖകള്‍ എന്നിവയുടെ വ്യാപകമായ ഉപയോഗവും ഇവരുടെ പഠനങ്ങളെ മികച്ചതാക്കി. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ എണ്‍മ്പതു പിന്നിടുമ്പോഴും തിരുവനന്തപുരത്തെ ഹെറിറ്റേജ് വാക്കിന്‍റെ സജീവ പങ്കാളിയാകാന്‍ ഇവരെ പ്രേരിപ്പിച്ചതും ഇവരിലെ അന്വേഷണ ത്വര ആയിരിക്കണം. താമസവും വേര്‍പാടും തിരുവനന്തപുരത്താണെങ്കിലും ശാരദാമണി എന്ന മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റ് സഹയാത്രികയെ സമ്മാനിച്ചത് കൊല്ലം ജില്ലയാണ്. ഈ വേര്‍പാടില്‍ ഒരു ഫെമിനിസ്റ്റ് ഗവേഷക എന്ന നിലയില്‍ അതിയായ സങ്കടവും നഷ്ടവും രേഖപെടുത്തുന്നു.
ഹമീദ സി.കെ.
അസി.പ്രൊഫസര്‍, വുമണ്‍സ് സ്റ്റഡീസ്, കോഴിക്കോട് സര്‍വ്വകലാശാല
COMMENTS