“My silences had not protected me. Your silence will not protect you.” – Audre Lorde
സമ്പത്തിന്റെ കേന്ദ്രീകരണവ്യവസ്ഥ സമൂഹത്തില്‍ ഏതു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തിരിച്ചറിയുകയാണ് പല പ്രധാന സിദ്ധാന്തങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പ്രാഥമിക നിലപാട്. സമ്പത്തിന്റെ ഏതെങ്കിലും ഒരു തരത്തിലുള്ള വിതരണരീതിയോട് ഓരോ പ്രത്യയശാസ്ത്രവും പക്ഷപാതമുള്ളതായിരിക്കും. അത് സൃഷ്ടിക്കുന്ന വര്‍ഗങ്ങള്‍, അവ തമ്മിലുള്ള സംഘര്‍ഷം, ചൂഷണത്തിന്റെ നില, അതിനോടുള്ള പ്രതിരോധം എന്നിവ വിവിധ അധികാരരൂപങ്ങളെ വരെ സ്വാധീനിക്കുന്ന തരത്തില്‍ പലകാലങ്ങളായി പര്യാലോചിക്കപ്പെടുന്നു. വേട്ടയാടിയിരുന്ന ആദിമമനുഷ്യന് എന്ന നിലയില്‍ നിന്ന് ഉത്പാദനം നടത്തുന്ന സ്വകാര്യസ്വത്തിന്റെ ഉടമ എന്ന നിലയിലേക്ക് വളര്‍ന്ന മനുഷ്യചരിത്രത്തില്‍ സമ്പത്തിന്റെ പിന്തുടര്ച്ചനില എന്നതിന് സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞ് എന്ന അവസ്ഥ അങ്ങേയറ്റം ആവശ്യമായിരുന്നു. അതില്‍ വ്യവസ്ഥയുണ്ടാവുകയാണ് സമ്പത്തിന്റെ ക്രമമായ പാരമ്പര്യപിന്തുടര്ച്ച സംഭവിക്കുന്നതിനെ നിലനിര്‍ത്തുന്നത് എന്ന് വന്നതോടെ ആണ്-പെണ് ബന്ധത്തില്‍ ഊന്നി സൃഷ്ടിച്ച കുടുംബം എന്ന വ്യവസ്ഥ ഊട്ടിയുറപ്പിക്കപ്പെടുകയായിരുന്നു. മതം, സദാചാരം, സാമൂഹികവിലക്കുകള്‍ എന്നിവ കൊണ്ടെല്ലാം കുടുംബം എന്ന വ്യവസ്ഥ അങ്ങേയറ്റം കെട്ടുറപ്പുള്ളതും അതേ നിലയില്‍ കാലങ്ങളോളം തുടരുന്നതും ആയി നിലനിര്‍ത്തപ്പെടുന്നു എന്ന് ഉറപ്പാക്കപ്പെടുകയും ചെയ്തു.
കുടുംബം എന്ന വ്യവസ്ഥയുടെ നിലനില്‍പ്പിനു സമ്പത്ത് എത്ര മാത്രം പ്രധാനപ്പെട്ട ഒരു ഘടകമാണ് എന്ന് പല പ്രത്യയശാസ്ത്ര നിര്‍മാതാക്കളും സിദ്ധാന്തിച്ചിട്ടുണ്ട്. സമ്പത്തിനെ പ്രധാനഘടകമായി വിഭാവന ചെയ്ത കുടുംബം എന്ന ഘടന അടിസ്ഥാനപരമായി ഒരു സിസ്ഹെറ്റെറോ ആഖ്യാനത്തിന്റെ ഭാഷയിലാണ് ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ‘ഒരു സ്ത്രീയും, ഒരു പുരുഷനും, അവരില്‍ നിന്ന് ജൈവികമായി പ്രത്യുല്പാദനം ചെയ്യപ്പെടുന്ന കുട്ടികളും,’ എന്ന രീതിയിലാണ് കുടുംബത്തിന്റെ സ്വാഭാവികനില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെയല്ലാത്ത കുടുംബങ്ങള്‍ ഒക്കെയും വ്യവസ്ഥയ്ക്ക് വിരുദ്ധമായി നിലനില്‍ക്കുന്ന അവിശുദ്ധ ഇടങ്ങളായി കണക്കാക്കപ്പെടുന്നു. വ്യവസ്ഥാപരമായ പ്രത്യുല്പാദനത്തിനു പങ്കു വഹിക്കാത്ത എല്ലാ ബന്ധവും ‘കുടുംബത്തിനു നിരക്കാത്തത്’ എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്.
‘കുട്ടികള്‍ ഉണ്ടാകാത്ത ആണ്-പെണ് ബന്ധം’, ‘വിവാഹിതരാകാത്ത വ്യക്തികള്‍’ എന്നിവരെയെല്ലാം ഒരു പ്രതികൂലമനോഭാവത്തോട്കൂടി മാത്രം വീക്ഷിക്കപ്പെടുന്നതും സമ്പത്തിന്റെ സ്വാഭാവിക ഒഴുക്കിനുണ്ടാകുന്ന വിഘാതത്തെ പ്രതിയാണ്. സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ് മനുഷ്യര്‍, നോണ്‍ ബൈനറി മനുഷ്യര്‍, നിര്‍ലൈംഗികര്‍ എന്നിവരെല്ലാം അങ്ങനെ നിഷേധികളും കുടുംബദ്രോഹികളും ആയി മാറുന്നു.
കുടുംബം എന്ന (അ)സുരക്ഷിതകവചം:
ഒരു കുടുംബം പുറംലോകത്തിന്റെ എല്ലാ പ്രധാന വ്യവസ്ഥാപിത രീതികളെയും ഒരേസമയം അനുശാസിക്കുകയും എന്നാല്‍ സ്വയം സമൂഹത്തില്‍ നിന്ന് വ്യതിരിക്തമാണ് എന്ന് ചിന്തിക്കുകയും ചെയ്യുന്ന ഒരിടമാണ്. ഈ അടുത്തിറങ്ങിയ ‘ഹോം’ എന്ന സിനിമയില്‍ വീട്ടിനുള്ളില്‍ ക്രമമില്ലായ്മയുടെ അവ്യവസ്ഥയില്‍ ഇരിക്കുന്ന നായകന്റെ അവസ്ഥയോടൊപ്പം തന്നെ സമൂഹത്തിന്റെ കുടുംബസങ്കല്പത്തിലെ അതേ പിതൃമേധാവിത്വ അവസ്ഥയും ആ വീട്ടില്‍ കാണാന്‍ കഴിയുന്നുണ്ട്. ഉത്തരവാദിത്തമുള്ള അച്ഛന്, അമ്മ, സ്ത്രീ എന്നീ നിലകളെ പോഷിപ്പിച്ചു നിര്‍ത്തുന്ന ‘വീട്’ എന്ന പൊതുസങ്കല്പ്പത്തിനപ്പുറം ഒരു ചുവടുപോലും മുന്നോട്ട് പോകാതെ ‘ഹോം’ നിലനില്‍ക്കുന്നുണ്ട്. ഈ വീട് അല്ലെങ്കില്‍ കുടുംബം എന്ന വ്യവസ്ഥ എപ്പോഴും പുറത്ത് നിര്‍ത്തുന്ന ഒരു ലിംഗ-ലിംഗത്വ-ലൈംഗിക ന്യൂനപക്ഷമനുഷ്യര്. തനിക്ക് സ്വന്തം ലിംഗത്തോടാണ് ആകര്‍ഷണം എന്ന് ഒരു സ്വവര്‍ഗാനുരാഗിക്ക് സ്വതന്ത്രമായി പ്രഖ്യാപിക്കാന്‍ കൂടി കഴിയാത്ത ഇടമാണ് ആ വ്യക്തിയുടെ വീട്. ഒരു ട്രാന്സ്മനുഷ്യന് സ്വന്തം ഇഷ്ടത്തിലുള്ള ജെണ്ടര്പ്രകടനം നടത്താന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഇടവും ഇതേ വീട് തന്നെയാണ്. ഇവ ചെയ്താല്‍ ക്രൂരമായി ശിക്ഷിക്കപ്പെടുക എന്ന അവസ്ഥയും നിലനില്ക്കുന്നു. ‘കുടുംബത്തിന്റെ മാനം’ എന്ന പേരിലുള്ള ഭീഷണി നിരന്തരം നേരിടുന്ന
എല്‍ജിബിടിഐക്യുഎ+ മനുഷ്യര്‍ക്ക് കുടുബമെന്നത് ഒരു സുരക്ഷിതനിലയല്ല മറിച്ചു തടവറയാണ്. വീടിന്റെ സ്വച്ഛന്ദത അവിടുത്തെ അംഗങ്ങള്‍ സിസ്ജെണ്ടര്‍ മനുഷ്യരോ ഹെറ്റെറോലൈംഗികമനുഷ്യരോ ആകുന്നത് വരെയേ ഉള്ളൂ എന്നതില്‍ നിന്ന് തന്നെ കുടുംബം എന്ന സങ്കല്പം ആരെയൊക്കെ ഉള്‍പ്പെടുത്താന്‍ മാത്രം രൂപം കൊണ്ടതാണ് എന്ന് മനസ്സിലാകും. ഒരു കുടുംബത്തിന്റെ സാമ്പത്തികവും അല്ലാത്തതും അയ എല്ലാത്തരം സുരക്ഷാനിലയും അതിലെ ഒരു അംഗത്തിന് ലഭിക്കണം എങ്കില്‍ അത് വിഭാവനം ചെയ്യുന്ന മുഖ്യധാരാ അധികാര രീതിയോട് പൊരുത്തപ്പെട്ടിരിക്കണം. പാരമ്പര്യസ്വത്തു പോലും നിഷേധിക്കപ്പെട്ടു വീടിനു പുറത്താക്കപ്പെടുന്ന ക്വിയര്‍ മനുഷ്യര്‍ ഇന്നും നിരവധിയാണ്. വ്യവസ്ഥയോട് അനുസരണയുള്ള ഒരു വ്യക്തി എന്ന നിലയാണ് ഒരു കുടുംബം അതിലെ അംഗങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത വ്യവസ്ഥകളെ വെല്ലുവിളിക്കുക എന്നത് സ്വച്ഛന്ദമായ ഒരു സാമ്പത്തികസുരക്ഷിത നിലയെ കൂടി അപകടത്തില്‍ ആക്കുന്നുണ്ട്. കുടുംബത്തിന്റെ പൊതുരീതികളോട് കലഹിച്ചാല്‍ ഇല്ലാതാകുന്നത് സുരക്ഷ, സ്നേഹം, സമ്പത്ത് തുടങ്ങി മൂര്‍ത്തവും അമൂര്‍ത്തവും ആയ അനവധി കാര്യങ്ങളാണ്.
മതവിശ്വാസം ശീലമായ ഒരു കുടുംബത്തില്‍ അതില്ലാത്ത വ്യക്തിക്ക് ഒറ്റപ്പെടല്‍ നേരിടുക, പുരുഷാധിപത്യവ്യവസ്ഥയുള്ള ഒരു വീട്ടില്‍ സ്വത്വബോധമുള്ള ഒരു സ്ത്രീ എതിര്‍ക്കപ്പെടുക എന്നിവയില്‍ നിന്നെല്ലാം എതിര്‍ശബ്ദങ്ങള്‍ വെറുക്കുന്ന ഒരു ഏകാധിപത്യവ്യവസ്ഥ തന്നെയാണ് കുടുംബം എന്ന് വ്യക്തമാകും. ക്വിയര്‍ മനുഷ്യരെ സംബന്ധിച്ച് വീടിനുള്ളിലെ സുരക്ഷിതത്വം, വീടിനു പുറത്തെ സുരക്ഷിതത്വം, വ്യവസ്ഥയില്‍ നിന്നുള്ള സുരക്ഷിതത്വം എന്നിവയൊന്നും ഒരുതരത്തിലും ലഭ്യമാകുന്നില്ല. ഒരു സിസ്ഹെറ്റെറോ വ്യവസ്ഥയാല്‍ ചുറ്റപ്പെട്ട ലോകത്ത് തീര്‍ത്തും അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരാണ് അവര്‍. ഏറ്റവും ചെറിയ സാമൂഹികഘടകമായ വീട് തന്നെ ഒരു മര്ദ്ദനയന്ത്രമായാണ് ഈ മനുഷ്യര്‍ക്ക് നേരെ പ്രവര്‍ത്തിക്കുന്നത്. ഗാര്ഹികപരിസരത്ത് കൊല്ലപ്പെട്ട ക്വിയര്‍ മനുഷ്യരുടെ എണ്ണം വളരെ അധികമാണ്. സ്വന്തം മക്കള്‍, കൂടെപിറപ്പുകള്‍, പങ്കാളി എന്നിവര്‍ ക്വിയര്‍ സ്വത്വമുള്ള വ്യക്തിയാണ് എന്ന് തിരിച്ചറിയപ്പെട്ടാല്‍ അതിനോട് അതിരൂക്ഷമായി പ്രതികരിക്കുന്നവര്‍ ആണ് അധികവും.
സ്വന്തം സഹോദരനാല്‍ തലയ്ക്കടിയേറ്റ് ഒരു ട്രാന്‍സ്വ്യക്തി കേരളത്തില്‍ മരിച്ചത് വളരെ അടുത്ത കാലത്താണ്. നിര്ബന്ധിതവിവാഹത്തിനു പല ക്വിയര്‍ വ്യക്തികളും വഴങ്ങുന്നത് കുടുംബത്തിന്റെ പരമ്പരാഗതവ്യവസ്ഥയെ ഭേദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ആത്മഹത്യ ചെയ്തു സ്വയം ഒഴിവായിട്ടെങ്കിലും കുടുംബത്തിന്റെ അധികാരസ്വരൂപത്തെ നിലനിര്‍ത്താന്‍ ക്വിയര്‍ വ്യക്തികള്‍ക്ക് തോന്നുന്നതും ഇത്തരം കാരണങ്ങള്‍ കൊണ്ടാണ്. സ്വവര്‍ഗലൈംഗികത സ്വാഭാവികമാണ് എന്ന് തിരിച്ചറിയന്നുവര് പോലും അംഗീകൃതമായ കുടുംബവ്യവസ്ഥയുടെ തണല്‍ ലഭിക്കാന്‍ സ്വന്തം ലൈംഗികത ഏതെങ്കിലും വിധേന മാറ്റാന്‍ കഴിയുമോ എന്ന് ചിന്തിക്കുന്നവര്‍ ആയി മാറുന്നത് ആ അവ്യവസ്ഥ അത്രയും ശക്തമായാണ് സമ്പത്ത് എന്ന ഘടകത്തിനുമേല്‍ പണിയിക്കപ്പെട്ടത് എന്നതിനാല്‍ ആണ്.
സമ്പത്തിനാല്‍ അരികുവല്ക്കരിക്കപ്പെട്ടവര്:
ഒരു സമൂഹത്തില്‍ സന്തോഷത്തോടെ ജീവിക്കാന്‍ ഒരു വ്യക്തിക്ക് എത്രമാത്രം സാമ്പത്തികസുരക്ഷിതത്വം വേണം എന്നത് ഒരു നവലിബറല്‍ ലോക ക്രമത്തില്‍ ഇരുന്ന് ചിന്തിക്കുമ്പോള്‍ ഉരുത്തിരിഞ്ഞു വരുന്ന ഉത്തരങ്ങള്‍ അനേകമാണ്. കൃത്യമായി വരുമാനമുള്ള ഒരു ഉപഭോക്താവ് എന്ന നില മധ്യവര്‍ഗം എന്ന സാമ്പത്തികവര്ഗത്തെ സൃഷ്ടിക്കുന്നു. ഈ വരുമാനം എന്നതിന്റെ അളവ്, തോത്, ക്രമം എന്നതിലുള്ള വ്യത്യാസമനുസരിച്ച് വിവിധസാമ്പത്തികവര്ഗ്ഗങ്ങള് സൃഷ്ടിക്കപ്പെടുന്നു. എല്ലാ മനുഷ്യരും പലതരത്തിലുള്ള ഉപഭോക്താവാണ് എന്നിരിക്കെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന കാര്യങ്ങളിലും ഈ സാമ്പത്തിക നിലവ്യത്യാസം കൃത്യമായ സ്വാധീനം ചെലുത്തുന്നു. ഒരേ ഉപയോഗമുള്ള വസ്തുക്കള്‍ തന്നെ പല ഗുണമേന്മയോടെ വിവിധ ക്ലാസ് മനുഷ്യരെ ലക്ഷ്യമാക്കി പലതരത്തില്‍ വിപണിയില്‍ എത്തിക്കപ്പെടുന്നുണ്ട്.
ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് വരുന്നതിനേക്കാള്‍ കൂടുതല്‍ ലാഭത്തില്‍ വിപണി ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഒരു അണുകുടുംബ യൂണിറ്റിനെയാണ്. ഒരു അണുകുടുംബത്തിന്റെ കുടുംബവ്യവസ്ഥയില്‍ ബന്ധങ്ങള്‍ ചേരുമ്പോഴുള്ള നിലയാണ് ഏറ്റവും സുരക്ഷിതവും അംഗീകൃതവും എന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് വേണ്ട രീതിയിലാണ് പലപ്പോഴും വിപണികള്‍ അവരുടെ വിപണനരീതി രൂപകല്പന ചെയ്തിരിക്കുന്നത്. ഇത്തരം അണുകുടുംബങ്ങളിലെ വിവാഹം പോലുള്ള ചടങ്ങുകള്‍ കൊണ്ടാണ് ബന്ധങ്ങളുടെ അംഗീകാരം ആശിര്‍വദിക്കപ്പെടുന്നത്. ഭീമ ജ്വല്ലറിയുടെ പരസ്യത്തില്‍ ഒരു ട്രാന്‍സ് വ്യക്തിയെ കുടുംബം അംഗീകരിച്ചു പൂര്‍ണത നല്‍കുന്നത് ഒരു വിവാഹചടങ്ങിലേക്ക് ആനയിച്ചാണ് എന്നതും ഈ വ്യവസ്ഥയിലേക്ക് വരുമ്പോഴാണ് ക്വിയര്‍-ജെണ്ടര്‍ വ്യക്തികള്‍ പോലും അംഗീകരിക്കപ്പെടുക എന്ന സൂചന നല്‍കുന്നുണ്ട്. വിപണിയുടെ കാഴ്ചപ്പാട് ക്വിയര്‍ മനുഷ്യരെ ചൂഴുന്നത് പോലും സിസ് ഹെറ്റെറോ നോര്‍മേറ്റീവായ രീതിയിലാണ്. സിസ്ജെണ്ടര്‍ ആണ്-പെണ് ബന്ധങ്ങള്‍ മാത്രമുള്ള കുടുംബസങ്കല്പത്തിന് മേലാണ് വിപണി അതിന്റെ സ്വാഭാവികവിപണനതന്ത്രങ്ങളെ ഇറക്കുന്നത്. അതിനാല്‍ അത്തരം വ്യവസ്ഥാപിതകുടുംബങ്ങള്ക്ക് മാത്രം ലഭ്യമാക്കപ്പെടുന്ന സന്തോഷമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്.
ഒരു ക്വിയര്‍ വ്യക്തിക്ക് സ്വാഭാവിക സന്തോഷം വില പിടിച്ചതാവുന്നത് അവിടെയാണ്. സ്വത്വം തുറന്നുപറഞ്ഞ ഒരു ക്വിയര്‍ വ്യക്തിയോടുള്ള വിവേചനം സമൂഹത്തിലെ പല വ്യവഹാരങ്ങളും വെച്ചുപുലര്‍ത്തുന്നുണ്ട്. ഒരു സിസ് ഹെറ്ററോ വ്യക്തിക്ക് താമസസ്ഥലം ലഭിക്കുന്നതിനേക്കാള്‍ പ്രയാസമാണ് ക്വിയര്‍ വ്യക്തിക്ക് ലഭിക്കാന്‍. ഒരു ട്രാന്‍സ്/നോണ്‍-ബൈനറി വ്യക്തിക്ക് വീട് നല്കാന് തുറന്ന മനസ്സോടെ തയ്യാറായവര്‍ ഇന്നും വളരെ വിരളമാണ്. പലപ്പോഴും കുറഞ്ഞ സൗകര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ വാടക കൊടുത്ത് കഴിയാന്‍ ഇവരുടെ അരക്ഷിതാവസ്ഥ ഇവരെ നിര്‍ബന്ധിക്കുന്നു. ഒരു പൊതുഗതാഗതയിടം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പലപ്പോഴും തുറിച്ച് നോട്ടത്തിന്റെയും അസന്തുഷ്ടിയുടെയും ഇടമാകുന്നു എന്നതിനാല്‍ വിലകൂടിയ ഗതാഗതമാര്‍ഗങ്ങള്‍ അവര്‍ക്ക് ഉപയോഗിക്കേണ്ടതായി വരുന്നു. ഒരു പൊതു ടോയ്ലറ്റ് പോലും ആണ്-പെണ് നിലകളില്‍ മാത്രം നിലനില്‍ക്കുന്നതിനാല്‍ പ്രാഥമികമായ പലതും വിലകൊടുത്ത് പോലും ലഭ്യമാക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ ഇവര്‍ക്കുണ്ടാകുന്നു. ഇങ്ങനെ പല മേഖലയിലും ക്വിയര്‍ വ്യക്തികളുടെ ജീവിതച്ചിലവ് ക്വിയര്‍ അല്ലാത്തവരേക്കാള്‍ കൂടുതലാണ്. സ്വാഭാവികമായ വിദ്യാലയ-കലാലയ അന്തരീക്ഷം ലഭിക്കാതെ, മാന്യമായ ഒരു തൊഴിലിലേക്ക് സ്വീകരിക്കപ്പെടാതെ മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ മറ്റു മനുഷ്യരെ പോലെയുള്ള ഒരു ജീവിതസാഹചര്യത്തിന് പോലും അര്ഹതയിലാത്തവര് ആയി ഇവര്‍ മാറുന്നു. ഇവിടെ സിസ് വ്യക്തികള്‍ അനുഭവിക്കുന്ന അതെ സ്വാതന്ത്ര്യവും സന്തോഷവും നേടാന്‍ ക്വിയര്‍ വ്യക്തിക്ക് വളരെയധികം ചിലവും അധ്വാനവും വേണ്ടി വരുന്നു. തത്വത്തില്‍ സന്തോഷത്തിന് വേണ്ടി ഒരു ക്വിയര്‍ വ്യക്തിക്ക് വളരെ വലിയ വില കൊടുക്കേണ്ടി വരുന്നു.
പിങ്ക് എക്കണോമിയും പിങ്ക് കാപ്പിറ്റലിസവും
എല്‍ജിബിടിഐക്യുഎ+ വ്യക്തികളുടെ വാങ്ങല്‍ ശേഷിയെ കുറിക്കുന്ന സങ്കേതമാണ് പിങ്ക് എക്കണോമി. വാങ്ങല്‍ ശേഷി വര്‍ധിച്ച എല്‍ജിബിടിഐക്യുഎ+ മനുഷ്യരിലെ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ള മുതലാളിത്ത യുക്തിയില്‍ രൂപംകൊണ്ട ഉപഭോക്തൃസംസ്കാരമാണ് പിങ്ക് കാപ്പിറ്റലിസം അഥവാ മഴവില്‍ മുതലാളിത്തം. ക്വിയര്‍ മനുഷ്യരുടെ സാമ്പത്തിക നിലയെ എങ്ങനെയാണ് മുതലാളിത്ത വ്യവസ്ഥ പലമാര്‍ഗത്തിലൂടെ ചൂഷണം ചെയ്യുന്നത് എന്നറിയണമെങ്കില്‍ ഈ സങ്കേതങ്ങളെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
സാമ്പത്തികമായി ഏറ്റവും അധികം അരക്ഷിതരായി നിലനിന്ന ക്വിയര്‍ സമൂഹത്തില്‍ ആഗോളമായി വ്യക്തിഗത സ്വത്ത്സമ്പാദനം നിയമപരമായ രീതിയില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത് 1980കള്‍ക്ക് ശേഷമാണ്. എയിഡ്സ് വൈറസ് വ്യാപനം അന്നുവരെ ക്വിയര്‍ മനുഷ്യര്‍ക്കിടയില്‍ പൊതുവേ നിലനിന്ന ബൊഹീമിയന്‍ സംസ്കാരത്തിന് വലിയ തോതില്‍ പിന്തുണകുറയ്ക്കുന്നതിന് കാരണമായി. കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ എയിഡ്സ് ബോധവല്‍കരണത്തിന്റെ ഭാഗമായി ശക്തിപ്പെടുന്ന അവസ്ഥയുണ്ടായതും സുഘടിതമായ ഒരു ജീവിതരീതി അനിവാര്യമാണ് എന്ന് ക്വിയര്‍ വ്യക്തികള്‍ക്ക് തോന്നുകയും ചെയ്തത് ഈ കാലഘട്ടത്തില്‍ തുറന്ന രീതിയില്‍ ക്വിയര്‍ ജീവിതം ജീവിച്ചവര്‍ക്കിടയില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. ഫാഷന്‍ മേഖലയും ടൂറിസം മേഖലയും അടക്കമുള്ള ഇടങ്ങളില്‍ ഗേ മനുഷ്യരെ മുന്‍കൂട്ടി കണ്ടു മാറ്റങ്ങള്‍ ഒരുക്കാന്‍ അതോടെ മുതലാളിത്തശ്രമവും ആരംഭിച്ചു. ക്വിയര്‍ മനുഷ്യരുടെ സാമ്പത്തികനിലയില്‍ മുന്‍പുള്ളതിനേക്കാള്‍ അഭിവൃദ്ധി ഉണ്ടാകാന്‍ തുടങ്ങിയതോടെ അവരില്‍ ഉപഭോക്താക്കളെ കണ്ടു അവര്‍ക്ക് വേണ്ട രീതിയില്‍ വിപണിയെ ഒരുക്കാന്‍ മുതലാളിത്തം ഒരുങ്ങി. അന്നുവരെ ചെയ്തിരുന്ന പല ക്വിയര്‍ വിരുദ്ധ പ്രവര്‍ത്തികളെയും ഒറ്റയടിക്ക് മാറ്റിവെച്ചു കൊണ്ട് അവര്‍ റെയിന്‍ബോ ക്യാപിറ്റലിസത്തിനു തുടക്കം കുറിച്ചു. മുന്‍കാല ക്വിയര്‍ വിരുദ്ധ ചെയ്തികളെ സ്വാര്ത്ഥതാല്പര്യങ്ങള്ക്ക് വേണ്ടി വെള്ളപൂശുന്നതിനെ ‘പിങ്ക് വാഷിംഗ്’ എന്നാണ് പറയുന്നത്. വര്‍ത്തമാന ലോകക്രമത്തില്‍ പിങ്ക് വാഷിംഗിന്റെ ഏറ്റവും പ്രബലമായ ഉദാഹരണം ഇസ്രായേലിന്റെ എല്‍ജിബിടി+ സൗഹൃദമുഖമാണ്. ചരിത്രത്തില്‍ പലകാരണങ്ങള്‍ കൊണ്ടും ക്വിയര്‍ മനുഷ്യരെ ദ്രോഹിച്ച അവര്‍ പലസ്തീന് എന്ന അപരത്തിനു മുന്നില്‍ പരിഷ്കൃതര്‍ എന്ന പരിഗണന കിട്ടാനും ലോകത്തിനു മുന്നില്‍ അവിടേക്ക് തൊടുക്കുന്ന ക്രൂരതയെ മറയ്ക്കാനും ടെല്‍ അവീവിനെ ഏറ്റവും ക്വിയര്സൗഹാര്ദ്ദ ടൂറിസ്റ്റ്നഗരം ആക്കി മാറ്റി. പലസ്തീന് ക്വിയര്‍ മനുഷ്യരെ പുറത്താക്കുന്നവര്‍ ആണ് എന്നും തങ്ങള്‍ അവരെ സ്വീകരിക്കുന്നു എന്നും ഒരു ചിത്രം നിര്‍മ്മിച്ച് ഹോമോദേശീയതയെ വളര്‍ത്താന്‍ ഇസ്രായേലിനു ഈ മാറുന്ന ലോകക്രമത്തില്‍ എളുപ്പത്തില്‍ കഴിഞ്ഞു.
ഇത്തരത്തില്‍ പിങ്ക് വാഷിംഗ് നടത്തി ക്വിയര്‍ മനുഷ്യരെ ലക്ഷ്യം വെച്ച് ഒരു ഉപഭോക്തൃസംസ്കാരം സൃഷ്ടിക്കപ്പെട്ടു. സ്വവര്‍ഗവിവാഹം എന്ന സങ്കല്‍പ്പത്തില്‍ ഹെറ്റെറോ നോര്‍മേറ്റീവ് ആയ ഘടകങ്ങള്‍ കൊണ്ട് വന്നുകൊണ്ട് ആണ്-പെണ് നിര്‍മ്മിത അണുകുടുംബവ്യവസ്ഥയുടെ സുരക്ഷിതത്വത്തിന്റെ അതേ മാതൃകയില്‍ ക്വിയര്‍ ജീവിതങ്ങളെ മുതലാളിത്തം പുനര്നിര്മ്മിക്കുവാന് തുടങ്ങി. മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെടുക എന്നത് വളരെ നിര്‍ബന്ധമായ ഒരു കാര്യമാണ് എന്നും അതിനു ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ജീവിക്കണം എന്നും മുതലാളിത്തയുക്തി ക്വിയര്‍ മനുഷ്യരെ വിശ്വസിപ്പിച്ചു. വിവാഹവും അതുവഴി ഉപഭോക്താക്കള്‍ ആകാന്‍ കഴിയുന്ന ഒരു ചെറിയ യൂണിറ്റും ഒക്കെയുള്ള ജീവിതമാണ് അംഗീകൃതജീവിതം എന്നും മുതലാളിത്തം വളരെ എളുപ്പം ക്വിയര്‍ മനുഷ്യരെ കൊണ്ട് സമ്മതിപ്പിച്ചു. നവലിബറല്‍ സംസ്കാരം വ്യാപിച്ചതിനു ശേഷമാണു സ്വവര്‍ഗവിവാഹത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ പലയിടത്തും ആരംഭിച്ചത് എന്നും ഇതിനോട് കൂട്ടിച്ചേര്‍ക്കാം. പ്രൈഡ് മാസം കോര്‍പ്പറേറ്റ് മേഖല വിവിധയിടങ്ങളില്‍ അനേകം കോടികള്‍ തന്നെ ചിലവാക്കുന്നത് ഇത്തരത്തില്‍ പുതുജീവിതരീതിയില് സന്തോഷം നേടാന്‍ ആഗ്രഹിക്കുന്ന ക്വിയര്‍ മനുഷ്യര്‍ വളരെ വലിയ ഒരു ഉപഭോക്തൃസമൂഹം ആണ് എന്ന തിരിച്ചറിവില്‍ ആണ്.
സ്വാഭാവികകുടുംബത്തില് നിന്ന് പുറത്താക്കപ്പെടുന്നവര്‍ തങ്ങളുടേതായ സമാന്തരകുടുംബം ഉണ്ടാക്കുന്നത് വളരെ പ്രാചീനകാലം തൊട്ടു തന്നെ നിലനില്‍ക്കുന്ന അവസ്ഥയാണ്. ക്വിയര്‍ മനുഷ്യര്‍ അവരുടെതായ കുടുംബവ്യവസ്ഥ, അധോലോക ഇടങ്ങള്‍ എന്നിവ ഒക്കെ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇംഗ്ലണ്ട്, ബെര്‍ലിന്‍ തുടങ്ങിയ ഇടങ്ങളില്‍ ഒരുക്കിയതായി തെളിവുകള്‍ ഉണ്ട്. രഹസ്യവിനിമയത്തിന് സ്വന്തമായി ‘പൊളാരി’ പോലെയുള്ള ഭാഷകളും അത്തരം ഇടങ്ങളില്‍ രൂപം കൊണ്ടിരുന്നു. അറുപതുകളില്‍ അമേരിക്കന്‍ നഗരങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന പല ഗേ ബാറുകളും വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ക്വിയര്‍ മനുഷ്യരുടെ അഭയകേന്ദ്രമായിരുന്നു. അത്തരം ബാറുകളില്‍ ഒന്നായ സ്റ്റോണ്‍വാളില്‍ 1969ല്‍ നടന്ന ഒരു റെയിഡാണ് എല്‍ജിബിടി+ സമരങ്ങളുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ കലാപത്തിനു തുടക്കം കുറിച്ചത്. മാഫിയകള്‍ ആയിരുന്നു അന്ന് ഇത്തരം ബാറുകള്‍ പോലീസിനു കൈക്കൂലി കൊടുത്ത് നടത്തിയിരുന്നത്. വീടില്ലാതെ തെരുവില്‍ അലഞ്ഞ ക്വിയര്‍ മനുഷ്യര്‍ ലൈംഗികതൊഴിലും മറ്റു ചെറു ജോലികളും ഒക്കെ ചെയ്ത് കിട്ടുന്ന കാശു കൊണ്ട് ഇത്തരം ഇടങ്ങില്‍ തങ്ങളെപോലെയുള്ള മനുഷ്യര്‍ ഉള്ളയിടങ്ങളില്‍ നില്‍ക്കാനുള്ള കൊതി കൊണ്ട് വന്നെത്തുകയായിരുന്നു. അശരണരായിരിക്കുക എന്ന അവസ്ഥയെ അന്ന് മാഫിയകള്‍ പച്ചയ്ക്ക് ചൂഷണം ചെയ്തുവെങ്കില്‍ നവലിബറല്‍ ലോകത്ത് ‘ഇങ്ങനെയാണ് ജീവിക്കേണ്ടത്; അങ്ങനെ ജീവിക്കാന്‍ ഇതൊക്കെ വാങ്ങൂ’ എന്ന സന്ദേശം ഉയര്‍ത്തി മുതലാളിത്തം പണം നേടുന്നു.
സ്വവര്‍ഗാനുരാഗം തന്നെ സെക്സ്ടൂറിസത്തിന്റെ വൈകൃതസങ്കല്പമാണ് എന്ന രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ടാണ് ഇടതുചിന്തകര്‍ ഇത്തരം രീതികളോട് പ്രതികരിച്ചത്. മുതലാളിത്തത്തിന്റെ ചൂഷണം നേരിടുന്ന ഒരു ജനതയായി ക്വിയര്‍ മനുഷ്യരെ കാണാനോ സ്വവര്‍ഗലൈംഗികതയുടെ സ്വാഭാവികത മനസ്സിലാക്കാനോ ആദ്യകാലത്ത് ഒരു ഇടതുശക്തിയും ശ്രമിച്ചില്ല. മീഡിയസംസ്കാരത്തിലൂടെ സ്വാഭാവികമായ ‘ഗേ ലൈഫ്’ ഒരു മാസ്മരികലോകമായി അവതരിപ്പിക്കപ്പെട്ടതും മുതലാളിത്തയുക്തിയുടെ തന്ത്രം ആയിരുന്നു. വെളുത്ത ആരോഗ്യമുള്ള ഏബിള്‍ഡ് ശരീരമുള്ള ഗേ വ്യക്തികള്‍ മാത്രമാണ് മുതലാളിത്തയുക്തിയില് ആദര്‍ശ ക്വിയര്‍ രൂപങ്ങളായി വന്നത്. പണമില്ലാത്ത, വെളുത്തവരല്ലാത്ത, ഗ്രാമീണരായ, നിരക്ഷരരായ, ഡിസേബിളായ, ജാതിമഹിമയില്ലാത്ത ക്വിയര്‍ മനുഷ്യരെ എല്ലാം പുറത്ത് നിര്‍ത്തുന്ന ക്രമമാണ് മുതലാളിത്തം വിഭാവന ചെയ്ത മഴവില്‍ ലോകത്ത്. ഹെറ്റെറോ മനുഷ്യര്‍ ജീവിക്കുന്ന ജീവിതം പോലെ ജീവിക്കുന്നതാണ് ക്വിയര്‍ മനുഷ്യരുടെ സ്വാഭാവികജീവിതമാകേണ്ടത് എന്ന ചിന്തയെ ഹോമോനോര്മേറ്റിവിറ്റി എന്ന് വിളിക്കുന്നുണ്ട്. ഈ ഹോമോനോര്മല് ചിന്തയുള്ള ഒരു ഉയര്‍ന്ന വര്‍ഗ ക്വിയര്‍ മനുഷ്യരെ മാത്രം സങ്കല്‍പ്പിക്കുന്ന ഒരു സാമ്പത്തികക്രമം ക്വിയര്രാഷ്ട്രീയം വിഭാവനം ചെയ്യുന്ന ലോകത്തിനു തീര്‍ത്തും വിരുദ്ധമാണ്. ഒരു മുന്നേറ്റത്തില്‍ പ്രിവിലേജ് ഉള്ളവര്‍ മാത്രം പ്രതിനിധീകരിക്കപ്പെടുക എന്ന അങ്ങേയറ്റം വിവേചനപൂര്‍ണ്ണമായ നടപടിയാണ് മുതലാളിത്തതിന്റെ ലാഭേച്ഛ മാത്രമുള്ള യുക്തിയില്‍ ഉണ്ടായത്. ക്വിയര്‍ മുന്നേറ്റത്തിനുള്ളില് തന്നെ വലിയ വര്‍ഗ്ഗ വ്യത്യാസം ഉണ്ടാക്കുന്ന ഈ വിവേചനനയം സൃഷ്ടിച്ച അസമത്വം ഈ രാഷ്ട്രീയമുന്നേറ്റത്തിന്റെ എല്ലാ ഉദ്ദേശങ്ങളെയും തകര്‍ക്കാന്‍ തക്ക വിധം അപകടമുള്ളതാണ്.
സ്വന്തം പുരോഗമനമുഖം സംരക്ഷിക്കാന്‍ കപടമായി ക്വിയര്‍ മനുഷ്യരോട് ഐക്യപ്പെടുന്നവര്‍ ഇത്തരം വിവേചനയുക്തിയെ ഉപയോഗിച്ച് ലാഭം നേടുന്ന അവസ്ഥയും ഉണ്ടാകും. ആരാണ് ഐക്യപ്പെടുന്നത് എന്നും അവരുടെ ഉദ്ദേശം എന്താണ് എന്നും മനസ്സിലാക്കേണ്ടതുമായ അധികബാധ്യതയാണ് ഇപ്പോള്‍ ക്വിയര്‍ മനുഷ്യര്‍ക്കുള്ളത്. മലയാളത്തിലെ ആദ്യ ട്രാന്സ്ജെണ്ടര് കവയിത്രി വിജയരാജമല്ലിക ഇത്തരം കപട ഐക്യദാര്ഢ്യമുയര്ത്തുന്നവരെ ‘ഐക്യനാട്യക്കാര്‍’ എന്ന് വിളിച്ചത് പ്രത്യേകം സ്മരിക്കേണ്ടതാണ്.
അനസ് എന്‍. എസ്.
ഗവേഷകന്
കേരള സര്‍വ്വകലാശാല.
COMMENTS