Homeചർച്ചാവിഷയം

സങ്കേതികവിദ്യയും സ്ത്രീകളും

ങ്കേതികവിദ്യയും സ്ത്രീകളും എന്ന വിഷയത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ സാങ്കേതിക വിദ്യ എന്ത് എന്ന് കൃത്യമായി പറയണം. വൈദ്യുതി യന്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിച്ച് അറിവിന്‍റെ പ്രയോഗവല്‍ക്കരണം നടത്തി മനുഷ്യ ജീവിതത്തെയോ ചുറ്റുപാടുകളെയോ മാറ്റുന്ന വിദ്യയാണ് സാങ്കേതികവിദ്യ എന്നു ലളിതമായി പറയാം. ശാസ്ത്രം പ്രതിഭാസങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്നും എന്തുകൊണ്ടു സംഭവിക്കുന്നു എന്നുമുള്ളതിനു പ്രാധാന്യം കൊടുക്കുമ്പോള്‍ സാങ്കേതികവിദ്യ പ്രയോഗവല്‍ക്കരണത്തിനു പ്രാധാന്യം കൊടുക്കുന്നു. അതിലൂടെ ജീവിതം ആഹ്ളാദകരും ഉത്പാദനക്ഷമവും ആക്കാന്‍ ശ്രമിക്കുന്നു.
ഇവിടെ രണ്ടു കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ മേഖലയില്‍ പുതിയ പുതിയ കാര്യങ്ങളുടെ കണ്ടെത്തലും സാങ്കേതിക വിദ്യ ഉപയോഗിച്ച് ജോലി ചെയ്യുന്നതും സ്ത്രീകളുടെ ശാസ്ത്ര സാങ്കേതികവിദ്യാ രംഗത്തേക്കുള്ള പ്രവേശനത്തെപ്പറ്റി പറയുമ്പോള്‍ മേരി ക്യൂറിയെ നമസ്ക്കരിക്കാതെ തുടങ്ങാന്‍ പറ്റില്ല. രണ്ടു വിഷയങ്ങള്‍ക്ക് – രസതന്ത്രത്തിലും ഭൗതികതന്ത്രത്തിലും നോബേല്‍ സമ്മാനം കിട്ടിയ മേരി ക്യൂറിയാണ് ചരിത്രത്തില്‍ ഒന്നിലധികം നോബേല്‍ പുരസ്ക്കാരം നേടിയ ആദ്യ വ്യക്തി എന്നത് നമുക്കൊന്നടങ്കം അഭിമാനിക്കാന്‍ വക നല്‍കുന്നു.

മേരി ക്യൂറി

ഇനി പേറ്റന്‍റിലേയ്ക്ക് കടക്കുമ്പോള്‍ 1809 ല്‍ അമേരിക്കക്കാരി മേരി കിയസ് ആണ് ആദ്യ വനിതാ ഇന്‍വെന്‍റര്‍ ആയി അറിയപ്പെടുന്നത്. ഇതിനു മുമ്പും സ്ത്രീകളുടെ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പല നാടുകളിലും ഉടമസ്ഥാവകാശനിയമം സ്ത്രീകള്‍ക്കെതിരായിരുന്നു. സ്ത്രീകളുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി പല രാജ്യങ്ങളും കണ്ടിരുന്നതു കൊണ്ട് ആദ്യ കാലങ്ങളില്‍ ഭര്‍ത്താക്കന്‍മാരുടെ പേരിലായിരുന്നു സ്ത്രീകള്‍ പേറ്റന്‍റിന് അപേക്ഷിച്ചിരുന്നത്. ഇന്ന് സ്ഥിതി മാറി. 2019 ആയപ്പോള്‍ അമേരിക്കയില്‍ മൊത്തം പേറ്റന്‍റില്‍ 10% വും സ്ത്രീകളുടെതായി വന്നിട്ടുണ്ട്. തീര്‍ച്ചയായും ഇനിയും നമുക്കെത്തി പ്പെടാന്‍ ഒരു പാട് ദൂരം ഉണ്ട്. ഒരിക്കല്‍ നമ്മള്‍ അവിടെ എത്തി ച്ചേരുക തന്നെ ചെയ്യും.

നിത്യജീവിതത്തില്‍ നമുക്കു സുപരിചിതമായ ഒട്ടേറെ ഉപകരണങ്ങളുണ്ട്. ജീവിതപ്രശ്നങ്ങളെ നേരിടുന്നതിനും ചുറ്റുപാടുകളെ മാറ്റുന്നതിനും എങ്ങനെയാണ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് എന്നത് നമ്മെ ഒക്കെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വളര്‍ച്ച പ്രാപിച്ചു കഴിഞ്ഞു. അടുക്കള മുതല്‍ ആകാശയാത്ര വരെ സാങ്കേതികവിദ്യ നമ്മെ അമ്പരപ്പിച്ചു കൊണ്ട് നിമിഷം പ്രതി മുന്നേറുകയാണ്.

സാങ്കേതികവിദ്യ അടുക്കളയില്‍ ഉപയോഗിക്കാന്‍ സ്ത്രീകള്‍ പഠിച്ചു കഴിഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ അടുക്കളയിലേക്ക് സാങ്കേതികവിദ്യ വന്നപ്പോള്‍ പുരുഷന്‍ കുറെ കൂടി കംഫര്‍ട്ടബിള്‍ ആയി അവിടെ ജ്യോലി ചെയ്യാന്‍ തുടങ്ങി എന്നത് കാണാതിരുന്നു കൂട. ഇത് കുടുംബങ്ങളെ മാറ്റും എന്നതിലുപരി സ്ത്രീയ്ക്ക് കുറെ കൂടി സ്വന്തമായ സമയം കിട്ടാന്‍ ഇടയാക്കി. നല്ല കാര്യം തന്നെ. അടുക്കള അവിടെ ഇരിക്കട്ടെ. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഉപകരണം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അത് പഠിച്ചെടുത്ത് നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നതുപോലെ തന്നെയേയുള്ളൂ ഒരു ഫാക്ടറിയിലെ യന്ത്രസംവിധാനങ്ങളെ മെരുക്കുന്നതും. ഉപകരണങ്ങള്‍ ഉപയോഗിക്കാനാവശ്യമായ പരിശീലനം കിട്ടിയാല്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ ഒരു വിധപ്പെട്ട എല്ലാ ജോലികളും തന്നെ എന്ന് സ്ത്രീകള്‍ തെളിയിച്ചു കഴിഞ്ഞു. ഇനിയും സ്ത്രീകള്‍ കടന്നുവരാത്ത മേഖലകള്‍ ഏത് എന്ന് അന്വേഷണം നടത്തുന്ന ‘വിങ്സ്’ പോലെയുള്ള സംഘടനകള്‍ കൂടി നമുക്കുണ്ട് എന്നത് അഭിമാനകരമാണ്.

സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ കൈയ്യൊപ്പു ചാര്‍ത്തിക്കഴിഞ്ഞു. ഇത്തരമൊരു ലേഖനമെഴുതുന്നതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ചില ഉദാഹരണങ്ങള്‍ അവിടെ ഉള്ള പ്രശ്നങ്ങളെയും അതിനുള്ള പരിഹാരങ്ങളെയും ആലോചിക്കുന്നതിനും ആ മേഖലയിലേയ്ക്ക് കടന്നുവന്ന സ്ത്രീകള്‍ക്ക് അതില്‍ ഉറച്ചുനില്‍ക്കാനും കൂടുതല്‍ പേര്‍ ഈ രംഗങ്ങളിലേക്ക് എത്താനും ഇത് സഹായകമാവും.
മെഡിക്കല്‍ രംഗം, ഐ.എസ്സ്.ആര്‍.ഒ പോലുള്ള ഗവേഷണരംഗം, ചില കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍, റെയില്‍വേ പോലെയുള്ള സേവന കേന്ദ്രങ്ങള്‍, മദ്യവും മറ്റും ഉത്പാദിപ്പിക്കുന്ന ചില പ്രൈവറ്റ് കമ്പനികള്‍ ഇവിടെ ഒക്കെ നടത്തിയ അന്വേഷണങ്ങളില്‍ മനസ്സിലായത് ഈ തൊഴിലിടങ്ങള്‍ സ്ത്രീസൗഹൃദ്ദപരമാവാന്‍ ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്നാണ്. അതിലൂടെയെ സ്ത്രീകളെ ആ മേഖലയില്‍ ഉറച്ചുനിര്‍ത്താനും പെണ്‍കുട്ടികളെ ആ രംഗത്തേക്ക് ആകര്‍ഷിക്കാനും കഴിയൂ.

തൊഴിലിടങ്ങളിളെ സ്ത്രീ സാന്നിദ്ധ്യം എന്തുകൊണ്ടും കൂടുതല്‍ നല്ല ഒരു സമൂഹനിര്‍മിതിയെ സഹായിക്കും എന്നുറപ്പാണ്. ഐ.എസ്.ആര്‍.ഒ പോലെയുള്ള ഗവേഷണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് വളരാനും വികസിക്കാനുമുള്ള അവസരങ്ങള്‍ ഒരേ പോലെ കിട്ടുന്നുണ്ട് എന്നാണ് അവിടങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ തന്നെ അഭിപ്രായം. അവര്‍ തൃപ്തരാണ്. അവരുടെ സംഭാവനക്കനുസരിച്ച് സ്ഥാനക്കയറ്റവും കിട്ടുന്നു.
അവിടെ അവര്‍ ഓരോ പദ്ധതിയും പൂര്‍ത്തിയാക്കാന്‍ സ്ത്രീപുരുഷഭേദമില്ലാതെ രാവും പകലും ജോലിയില്‍ ഏര്‍പ്പെടുന്നുണ്ട്. പ്രത്യേകിച്ച് സാറ്റലൈറ്റുകളും മറ്റും പരീക്ഷണം നടത്താന്‍ ഇടവേളയില്ലാതെ ദിവസങ്ങളോളം സ്വിച്ച് ഓണ്‍ ചെയ്ത് കൃത്യമായ നിരീക്ഷണത്തില്‍ വച്ച ശേഷം മാത്രമേ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ സാധിക്കൂ എന്നതിനാല്‍ രാപ്പകല്‍ എല്ലാവരും ഒരേ പോലെ ജോലി ചെയ്യുന്നു. ഐ.എസ്.ആര്‍.ഓയില്‍ ഏറ്റവും വലിയ പോസ്റ്റ് ഡയറക്ടര്‍ പദവിയാണ്. അതിനു തൊട്ടു താഴെയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തു വരെ സ്ത്രീകള്‍ എത്തിയിട്ടുണ്ട്.

അംഗസംഖ്യയുടെ കാര്യത്തില്‍ ഇലക്ട്രോണിക് വിഭാഗത്തില്‍ സ്ത്രീകള്‍ നിറയെ ഉണ്ട് എന്നാല്‍, എയ്റോ ഡയനാമിക്സ് വിഭാഗത്തില്‍ തുലോം കുറവാണ്. വിരലില്‍ എണ്ണാവുന്നവര്‍ എന്ന തലത്തില്‍ തന്നെയാണ് അവിടെ സ്ത്രീ സാന്നിദ്ധ്യം. ഇപ്പറഞ്ഞ രണ്ടു സ്ഥലത്തും സാങ്കേതിക വിദ്യയുടെ പ്രയോഗം ഉണ്ടെങ്കിലും എയ്റോ ഡയനാമിക്സില്‍ താരതമ്യേന ആയാസമുള്ള ജോലികളാണ്. ഐ.എസ്.ആര്‍.ഒ പ്രോജക്റ്റുകളുടെ കോര്‍ ടീമില്‍ സ്ത്രീകള്‍ കുറവാകാന്‍ കാരണം വളരെയധികം യാത്രകളും അലച്ചിലുകളും ഉണ്ട് എന്നത് കൊണ്ട് കുടുംബവുമായി ബന്ധപ്പെട്ട പല ഭാരങ്ങളുടെ കൂടെ ഇതും കൂടി എടുത്തു വയ്ക്കേണ്ട എന്ന സ്വയം പിന്‍വാങ്ങല്‍ തന്നെയാണ്.

ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം നമ്മുടെ ചില ലിംഗഭേധപരമായ പുറകോട്ടുവലിക്കലുകള്‍ ആണ്. ഇത് മറ്റുവികസിത രാജ്യങ്ങളില്‍ ഇല്ലാത്തതാണ്. അത് നമ്മുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ തന്നെയാണ്. ഒരു വ്യക്തി പഠിച്ച് PHD/MD/MS level എത്തണമെങ്കില്‍ 28 വയസ് ഒക്കെ കഴിയും. 30 കളില്‍ ഒരു വരനെ അന്വേഷിക്കാന്‍ പോയാല്‍ കിട്ടില്ല എന്നത് നമ്മുടെ ആണധികാരവ്യവസ്ഥയുടെ പരിമിതിയാണ്. 40കളിലാണ് ഒരു നല്ല ഉദ്യോഗം കെട്ടിപ്പടുക്കുന്ന സമയം. അപ്പോഴും കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളുടെ ഒരു ഘട്ടത്തിലാവും സ്ത്രീകള്‍. 50 കളോടടുത്താവും അല്പം സ്വതന്ത്രരാവുക. അപ്പോഴെയ്ക്കും ചുറ്റുമുള്ളവര്‍ പുരുഷന്മാര്‍ സ്ഥാനക്കയറ്റങ്ങളുമായി ഒരുപാട് ഉയരങ്ങള്‍ എത്തിയിട്ടുണ്ടാവും. എന്നാല്‍ ഇതുണ്ടാക്കുന്ന മാനസിക തളര്‍ച്ച അതിജീവിച്ചാല്‍ കുറെ കൂടി മുന്നോട്ടു പോവാനാവും.

പൊതുമേഖല സ്ഥാപനങ്ങള്‍ മാതൃകാസ്ഥാപനങ്ങളായിരുന്നു. ഒരു കാലത്ത് സ്ത്രീകളുടെ എണ്ണം കൂട്ടുന്നതില്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു എങ്കില്‍ ഇന്ന് പല സ്ഥാപനങ്ങളിലും റിട്ടയമെന്‍റിന് അനുസരിച്ച് പുതിയ ആളുകളെ എടുക്കുന്നില്ല എന്നത് കൊണ്ട് വ്യക്തമായ ശതമാനകണക്ക് നമുക്കു പറയാന്‍ പറ്റില്ല . പുതിയ ആളുകളെ എടുക്കുന്നത് കോണ്‍ട്രാകറ്റ് ആയിട്ടാണ്. ഒന്നോ രണ്ടോ മൂന്നോ വര്‍ഷത്തെ കോണ്‍ട്രാകറ്റ് . ജോലി സ്ഥിരത ഇല്ലാത്തതു കൊണ്ടു തന്നെ വിവാഹത്തോടെ പലരും ജോലി ഉപേക്ഷിക്കുന്നു. സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഉള്ള ബുദ്ധിമുട്ടല്ല. സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ലിംഗവ്യത്യാസവുമായി ബന്ധപ്പെട്ട് ആരും പറഞ്ഞില്ല. കമ്യൂണികേഷന്‍ രംഗത്തെ ഒരുകേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ നിലവില്‍ 20% ത്തോളം സ്ത്രീകള്‍ ജോലി ചെയ്യുന്നു. തൊഴില്‍പരമായി ഒരു വേര്‍തിരിവും ആര്‍ക്കും അനുഭവമില്ല. ഒഫീഷ്യല്‍ ടൂറുകള്‍, സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാനും സോഫ്റ്റ് വെയര്‍ സംബന്ധിച്ചും യാത്ര ചെയ്യേണ്ടി വരികയും ആണ്‍ /പെണ്‍ വ്യത്യാസമില്ലാതെ ജോലികള്‍ കൃത്യമായി ചെയ്യുകയും ചെയ്യുന്നുണ്ട്. കുടുംബപ്രാരാബ്ധങ്ങള്‍ ചില സമയങ്ങളില്‍ പ്രശ്നമാവാറുണ്ട്. എത്ര തന്നെ കുടുംബപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും നല്ല മികവോടെ ഉത്പാദനം നടത്തുന്നതില്‍ ഇവിടുത്തെ സ്ത്രീകള്‍ മുന്നില്‍ തന്നെയാണ്. ഉല്പാദനത്തിലും അനുബന്ധ മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം നന്നായി ഉണ്ടെങ്കിലും ഊര്‍ജ്ജോത്പാദനത്തിലും എയര്‍ കണ്ടീഷനിങ്ങ് മേഖലകളില്‍ സ്ത്രീ സാന്നിധ്യം തീരെ ഇല്ല. അതിനു കാരണം മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് പെണ്‍കുട്ടികള്‍ക്കുള്ളതല്ല എന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും തോന്നല്‍ തന്നെയാണ്. ഇപ്പോള്‍ എല്ലാ രംഗത്തും യന്ത്രങ്ങള്‍ പൂര്‍ണ്ണമായും ഒട്ടോമേറ്റഡ് ആണ്. വിവിധ തരം ഉപയോഗങ്ങള്‍ക്കായി CNC (computer Automated control) മെഷിനുകള്‍ രംഗത്തുവന്നതോടെ എല്ലാം അനായാസമായി. പരിശീലനം കിട്ടിയ ആര്‍ക്കും ആ രംഗത്ത് അനായാസം ജോലി ചെയ്യാം.

പുതിയതും ശേഷി കൂടിയതുമായ പവ്വര്‍ ജെനറേറ്ററുകള്‍ ആര്‍ക്കും പ്രവര്‍ത്തിപ്പിക്കാം എന്ന നിലയിലായി കാര്യങ്ങള്‍. എന്നാല്‍ കലാലയ പ്രവേശന കാര്യത്തില്‍ നമ്മള്‍ ഇത് ഓര്‍ക്കുന്നു കൂടിയില്ല. ഇപ്പോഴും മെക്കാനിക്ക് എന്‍ജിനീയറിങ്ങ് പഠനം ആണ്‍കുട്ടികളുടെ കുത്തകയായി തുടരുന്നു.

സ്വകാര്യമേഖലയില്‍ ഒരു മദ്യ കമ്പനിയെയാണ് ഞാന്‍ തെരഞ്ഞെടുത്തത്. ആധികാരികമായി തന്നെ അവിടെ നിന്നും വിവരങ്ങള്‍ കിട്ടി. കമ്പനി സ്ത്രീകളെ കൂടുതലായി നിയമിക്കാനുള്ള നയത്തിലേക്ക് ഷിഫ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ശമ്പളം കുറച്ചു കൊടുക്കാമെന്നതിനാലാണോ നയമാറ്റം എന്ന ചോദ്യത്തിന്, അവിടെ ആണിനും പെണ്ണിനും ഒരേ ശമ്പളമാണെന്നും, രാവും പകലും വര്‍ക്കു നടക്കുന്ന സ്ഥാപനമാണെന്നും, ലിക്കര്‍ കമ്പനിയായതിനാല്‍ 10നുശേഷം സ്ത്രീകള്‍ക്ക് ജോലി കൊടുക്കാന്‍ പാടില്ല എന്ന ചട്ടമുള്ളതിനാല്‍ സ്ത്രീകളെ പത്തുമണി വരെ മാത്രമേ നിര്‍ത്തുന്നുള്ളൂ എന്ന പരാധീനതയും അവര്‍ പറഞ്ഞു. പരമ്പരാഗതമായി സ്ത്രീകളെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഇതുവരെ നിയമിച്ചിട്ടില്ല. തീര്‍ച്ചയായും ഭാവിയില്‍ സ്ത്രീകളെ എല്ലാ മേഖലയിലും എടുക്കുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു. കമ്പനി പടിപടിയായി ഓരോ പുതിയ മേഖലകളിലും സ്ത്രീകള്‍ക്ക് പുതുതായി അവസരം കൊടുത്തു തുടങ്ങി എന്നും ഒഞ ങമിമഴലൃ പറഞ്ഞു.
ഇനി നമുക്ക് ഇന്ത്യന്‍ റെയില്‍വേയെ ഒന്നു പരിശോധിക്കാം. അവിടെയും സാങ്കേതിക വിദഗ്ദ്ധരെ നിത്യേന ആവശ്യമുണ്ടല്ലോ. ടെയിനിന്‍റെ നിര്‍മ്മാണം മുതല്‍ നിര്‍വ്വഹണം വരെ .

സുരേഖാ യാദവ്

 

നിര്‍വ്വഹണരംഗത്ത് സിഗ്നലിംങിനും സ്വിച്ചിങ് റൂമിലും കൂടാതെ നമ്മുടെ വാഹനത്തിന് – തീവണ്ടിക്ക് ഒരു പൈലറ്റ് വേണമല്ലോ. അവിടെ എല്ലായിടത്തും സ്ത്രീ സാന്നിദ്ധ്യം നല്ലതുപോലെ കൂടി എന്നറിയുന്നത് വളരെ ആശാവഹമാണ്. ലോക്കോ പൈലറ്റ് എന്നത് തീവണ്ടി ഓടിക്കുന്നവരെ വിളിക്കുന്ന പേരാണ്. ഇന്ത്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖാ യാദവ് ഇന്ന് 56 വയസ്സായി.

കേരളത്തിലെ ആദ്യ ലോകോ പൈലറ്റ് മരിയ ഗുരോത്തിയാണ്. 93 ല്‍ മരിയ എ.എല്‍.പി ആയി സര്‍വ്വീസില്‍ കയറി എങ്കിലും സമൂഹത്തിന്‍റെ മനോഭാവമൊന്നും പെട്ടന്നു മാറിയില്ല. ഈ അടുത്ത കാലത്ത് ആശാവഹമായ മാറ്റം വന്നിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം ഡിവിഷനില്‍ മാത്രം 17 വനിതാ ലോക്കോ പൈലറ്റുമാരുണ്ട്. ഈറോഡ് ഡിവിഷനില്‍ 40 വനിതാ ലോക്കോ പൈലറ്റുമാരുണ്ട്. അതില്‍ ഭൂരിഭാഗവും മലയാളികളാണ്. താല്‍പര്യത്തോടെ ഈ മേഖലയിലേയ്ക്ക് ഇറങ്ങുന്നവര്‍ക്ക് നല്ല അവസരമാണ്, കാരണം നല്ല വേതനമുണ്ട്.
എന്നിരുന്നാലും സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ട ഒരു വിഷയമുണ്ട് ഇവിടെ മൂത്രമൊഴിക്കാന്‍ വേണ്ട സംവിധാനമില്ല. പുരുഷന്‍മാര്‍ക്ക് എവിടെ എങ്കിലും മറവില്‍ പെട്ടന്ന് കാര്യം സാധിക്കാന്‍ കഴിയുമെങ്കിലും സ്ത്രീകള്‍ക്ക് ഇത്ര നീണ്ട കൃത്യനിര്‍വ്വഹണ സമയം ഉള്ളപ്പോഴും ഈ സൗകര്യം കിട്ടാത്തതിന് തികച്ചും അനീതിയുണ്ട്. ഈ മേഖലയിലേയ്ക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരാത്തതിന് ഒരു കാര്യം അതു തന്നെയാണ് .

ചില കാര്യങ്ങള്‍ക്ക് പുരുഷനു കിട്ടുന്ന പരിഗണന പോലും സ്ത്രീകള്‍ക്ക് കിട്ടുന്നില്ല. ഒരു തീവണ്ടിയിലെ ജോലി കഴിഞ്ഞ് അടുത്ത തീവണ്ടിയില്‍ ജോലിക്ക്കയറുന്നതുവരെ ഉള്ള സമയം വിശ്രമമെടുക്കാന്‍ ഡോര്‍മെട്രി പോലെ ഉള്ള റൂമാണ്. അവിടേയ്ക് ഒരാളെ ഡ്യൂട്ടിക് വിളിക്കാന്‍(Polling) വരുന്ന ആള്‍ സ്ത്രീ തന്നെയായാല്‍ കൃത്യമായ ആളുടെ അടുത്തു തന്നെ പോയി വിളിക്കാമായിരുന്നു. ഇവിടെ പോളിംങ്ങിനു വരുന്ന ആള്‍ പുരുഷനായതു കൊണ്ട് വാതിലിനു വെളിയില്‍ നിന്നു തട്ടുമ്പോള്‍ എല്ലാവരും ഉറക്കത്തില്‍ നിന്നുണരേണ്ടി വരുന്നു. ഒരു വനിതാപോളറെ വച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ ഈ പ്രശ്നം.

കേരളത്തില്‍ വനിതാലോകോ പൈലറ്റ് ആയി 145 പേര്‍ 2020 ല്‍ ഉണ്ട് എന്നു കണക്കാക്കുന്നു. ഇനി നമുക്ക് മെഡിക്കല്‍ രംഗം നോക്കാം. അവിടെ പകുതിയോളമോ അതിലധികമോ ടെക്നിക്കല്‍ ഫീല്‍ഡില്‍ സ്ത്രീകള്‍ തന്നെ ആണെന്നു പറയാം. മെട്രോകളിലും തലസ്ഥാന നഗരിയിലുമാണ് കൂടുതല്‍ സ്ത്രീകള്‍ . ഉദാ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോ വാസ്ക്കുലര്‍ & തോറാസിക്ക് സര്‍ജറി തീയേറ്ററില്‍ അനസ്ത്യേഷ്യ ,ബോയില്‍സ് മെഷീന്‍ , ഹാര്‍ട്ട് ലങ് മെഷീന്‍ തുടങ്ങിയ മെഷീനുകള്‍ , ഡയാലിസിസ് മെഷീന്‍ തുടങ്ങിയവ സ്ത്രീകള്‍ തന്നെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. സ്ത്രീപുരുഷ വ്യത്യസമില്ലാതെ മെഷീന്‍ , ഹാര്‍ട്ട് ലങ് മെഷീന്‍ തുടങ്ങിയ മെഷീനുകള്‍ , ഡയാലിസിസ് മെഷീന്‍ തുടങ്ങിയവ സ്ത്രീകള്‍ തന്നെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. സ്ത്രീപുരുഷ വ്യത്യസമില്ലാതെ താരതമ്യേന എല്ലാ സാങ്കേതിക ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാം എന്നു പറയുമ്പോഴും പരമ്പരാഗതമായി പല സാങ്കേതിക ഉപകരണങ്ങളും പുരുഷന്‍റെ ആവറേജ് ഹൈറ്റിനും വെയിറ്റിനും കംഫര്‍ട്ടബിളിനുീ പാകത്തിന് ഉണ്ടാക്കിയവയാണ്. ഉദാ: ബസ്സിന്‍റെ ഉയരം, ഗ്യാസ് സിലണ്ടര്‍ മുതല്‍ ഓക്സിജന്‍ സിലണ്ടര്‍ വരെ . ഒരു മീഡിയം ലെവലിലേക്ക് പുതിയ ഡിസൈനുകള്‍ ഇവിടങ്ങളില്‍ കൊണ്ടുവന്നാല്‍ നന്നായിരിക്കും. ഇത് പറയുമ്പോഴും നമ്മുടെ എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്ന ശാരീരിക ആവശ്യങ്ങള്‍ മറന്നു കൂടാ. ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഗര്‍ഭസംബന്ധമായ കാര്യങ്ങള്‍, ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഇതെല്ലാം ലഘൂകരിക്കുന്നതിനുതകുന്ന മരുന്നുകളും സങ്കേതങ്ങളുമുണ്ടെങ്കിലും അതിജീവനം നമ്മുടെ പൊരുതി മുന്നേറാനുള്ള ചങ്കൂറ്റം തന്നെയാണ് .

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയും അവര്‍ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരവും കുറ്റമറ്റ രീതിയിലാക്കാന്‍ അധികാരികളുടെ ഭാഗത്ത് കൃത്യമായ നടപടികള്‍ ആവശ്യമുണ്ട്. ഇപ്പോള്‍ പാലക്കാട് ഒരു തുണിമില്ലില്‍ സ്ത്രീകളെ രാത്രികാലങ്ങളില്‍ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നതിനെതിരെ സമരം നടന്നുകൊണ്ടിരിക്കുന്നത് കാണാതിരുന്നു കൂടാ. ഒരു ശിക്ഷപോലെ നടപ്പാക്കേണ്ട കാര്യമല്ല ഇത്. സമൂഹനിര്‍മ്മിതിയില്‍ സ്ത്രീകള്‍ക്കുള്ള സവിശേഷമായ റോള്‍ പരിഗണിച്ചു മാത്രമേ ഓരോ സ്ഥാപനവും ഇത്തരം തീരുമാനങ്ങള്‍ എടുക്കാവു. തൊഴില്‍ വകുപ്പ് പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ട കാര്യമാണിത്.

എല്ലാ മേഖലയും ഇപ്പോള്‍ നമുക്ക് പരിശോധനക്ക് വിധേയമാക്കാന്‍ സാധിക്കില്ല . സ്ത്രീകള്‍ക്ക് ഇതുവരെ അപ്രാപ്യമായ പല സാങ്കേതിക രംഗങ്ങളിലും സ്ത്രീകള്‍ വളരെ അനായസമായി കൈകാര്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. തീര്‍ച്ചയായും തുടക്കത്തില്‍ അവര്‍ക്ക് സമൂഹത്തിന്‍റെയും വീട്ടുകാരുടെയും ധാരാളം എതിര്‍പ്പുകളെ മറികടക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു തൊഴില്‍ മേഖല എന്ന നിലയില്‍ ഓരോ അവസരങ്ങളും വെട്ടിപിടിക്കാനുള്ള താല്‍പര്യം (Passion) കൊണ്ടും കുടുംബം പുലര്‍ത്തുന്നതിനും തൊഴില്‍ ചെയ്യേണ്ട അത്യാവശ്യം കൊണ്ടും സ്ത്രീകള്‍ കടന്നുവരുന്നത് തീര്‍ച്ചയായും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. ഇന്നു നമ്മള്‍ സ്ത്രീകള്‍ ഏര്‍പ്പെടുന്ന ഓരോ തൊഴിലിടവും അങ്ങനെ ചിലര്‍ മുന്നോട്ടു വന്നതു കൊണ്ടു മാത്രമാണ് നമുക്കൊക്കെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വരാന്‍ സാധിച്ചത്.

അതുകൊണ്ടു തന്നെ സീ ക്യാപ്റ്റന്‍ (Ship Master Skipper) ഹരിത ചന്ത്രിരൂര്‍ ഉം രാജ്യത്തെ ആദ്യ ഡീപ്പ് സീ ഫിഷിംങ് ലൈസന്‍സ് നേടിയ രേഖയും DRDOയിലെ ടെസ്സി തോമസ് ടാങ്കര്‍ ലോറി ഓടിക്കുന്ന തൃശ്ശൂര്‍ സ്വദേശി ഡെലീഷ ഡേവീസുമെല്ലാം വളരെ ആദരവര്‍ഹിക്കുന്നു. നമ്മള്‍ മലയാളികളുടെ അഭിമാനമാണ് ഇവരെല്ലാം.
പുതിയ കാര്യങ്ങളിലേക്ക്, പുതിയ തൊഴിലിടങ്ങളിലേക്ക് കടക്കുമ്പോള്‍ മറ്റുള്ളവരുടെ പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. കുടുംബത്തിലെ സപ്പോര്‍ട്ട് ഇവരെ – മുമ്പേ പറക്കുന്ന ഈ പക്ഷികളെ പുതിയ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തി എന്നതാണ് എടുത്തു പറയേണ്ടത്. നമ്മുടെ മുന്നില്‍ കുറെ മാതൃകകള്‍ ഇവര്‍ കാണിച്ചു തന്നു. ഇനി ഈ വഴിയില്‍ നമ്മള്‍ നടന്നാല്‍ മതി. ‘വഴി എന്നൊന്നില്ല, നടക്കുമ്പോള്‍ തെളിയുന്നതാണ് വഴി’ എന്ന പ്രചോദനത്തിന്‍റെ വാക്കുകള്‍ ഓര്‍ക്കാം.

സാങ്കേതിക വിദ്യ എന്നാല്‍ ജോലികളെ എളുപ്പമാക്കാനുള്ള വഴിയാണല്ലോ. ജോലികള്‍ എളുപ്പമാവുമ്പോള്‍ കായിക ശക്തി കുറഞ്ഞവര്‍ എന്ന പഴിചാരി പിന്നിലേയ്ക്ക് പോവേണ്ടതില്ല. ടെക്നോളജി എല്ലാം എളുപ്പമാക്കുകയാണ്.എന്തും പഠിച്ചെടുക്കാന്‍ പറ്റും എന്ന ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ മാത്രം മതി.

ജഗതി പി.
സൈക്കോളജിസ്റ്റ്,
എന്‍ജിനീയര്‍, പാലക്കാട് ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രി

COMMENTS

COMMENT WITH EMAIL: 0