Homeചർച്ചാവിഷയം

സംഘര്‍ഷഭരിത ഇടങ്ങളിലെ സ്ത്രീയും കലാപവും: സമകാലിക അസ്സമീസ് നോവലുകളിലെ സ്ത്രീ അനുഭവങ്ങളെക്കുറിച്ച് ഒരു പഠനം

മനസി മിശ്ര

 

1979 ല്‍ സ്ഥാപിതമായ, യുണൈറ്റഡ് ലിബറേഷന്‍ (ഫ്രണ്ട് ഓഫ് അസ്സം (ULFA), മൂന്ന് പതിറ്റാണ്ടുകളായി അസ്സമിന്‍റെ ഉപദേശീയ രാഷ്ട്രീയത്തില്‍, പ്രബലമായ ഒരു സ്വാധീനശക്തിയായി നിലനില്‍ക്കുന്നു. അത്യന്തം ദുര്‍ഘടമായ സമയങ്ങള്‍ ഉണ്ടായിരുന്നു. സായുധ കലാപങ്ങളും സ്റ്റേറ്റ് സെക്യൂരിറ്റി ഫോര്‍സിന്‍റെ നിരവധി സൈനിക നീക്കങ്ങളും അസ്സമിനെ അക്രമാസക്തവും, അസുരക്ഷിതവും, അസ്ഥിരമായ രാഷ്ട്രീയത്തിന്‍റെയും ഇടമാക്കി മാറ്റി. ഇത്തരം സുരക്ഷിതത്വമില്ലായ്മയുടെ ഭവിഷ്യത്തുകള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് സ്ത്രീകളാണെന്നതും ആശ്ചര്യകരമായ ഒന്നല്ല. അസ്സമിലെ സ്ത്രീകള്‍ കടന്ന് പോയിട്ടുള്ള അനുഭവങ്ങള്‍, സായുധസേനയുടെ ആധിക്യം കൊണ്ട് ഉണ്ടായതല്ല, ‘അതിനകത്തെ ഭീകരത’, അവരുടെ തന്നെ പുരുഷന്‍മാരിലെ ഭീകരത, ഇവയെല്ലാം തന്നെ അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍. ഒരു ഗവണ്‍മെന്‍റിന്‍റെ സമാനതകളില്ലാത്ത അക്രമങ്ങളെക്കുറിച്ച് ബോധവതിയായിരിക്കെ തന്നെ അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു കാഴ്ച്ചപ്പാടിനെ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഈ പ്രബന്ധത്തിലൂടെ. രസകരമെന്ന് പറയട്ടെ, അസ്സാമീസ് നോലുകളിലാണ് ഇത്തരം ‘അകത്ത് നിന്നുള്ള ഭീകരത’യെ കുറിച്ചുള്ള വിവരണങ്ങള്‍ പ്രധാനമായും കണ്ടെത്താന്‍ കഴിയുന്നത്. റിതചൗധരിയുടെ ‘ജനബി’ ‘എയ് സമയ്’ ‘സെ സമയ്’, അരുണ്‍ ഗോസാമിയുടെ ‘ശോബ്ഭോത് നിഷ്തബ്ദ ധരണി’ റിത ചൗധരിയുടെ ‘ജഹ്നബി’ എന്നീ നോവലുകളുടെ വായനയുടെ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്. ഈ ചോദ്യം വളരെ സാന്ദര്‍ഭികമാക്കി വിശദമായ ഒരു വിശകലനത്തിന് ശ്രമിക്കുകയാണ്.

അസ്സമിലെ ശിവസാഗര്‍ ജില്ലയിലെ ‘രംഗ്ഗര്‍’ ല്‍ 1979 ഏപ്രില്‍ 7നാണ് ഉല്‍ഫ രൂപീകരിക്കപ്പെട്ടത്. സായുധ വിപ്ലവത്തിലൂടെ പരമാധികാരമായ ഒരു സോഷ്യലിസ്റ്റ് അസ്സമിനെ സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന്‍റെ പ്രാഥമികമായ ഉദ്ദേശ്യം. ഭൂരിഭാഗം മുന്‍നിര നേതാക്കളും കീഴടങ്ങിയെന്നതൊഴിച്ചാല്‍ അസ്സമിന്‍റെ ബഹുജന സങ്കല്‍പത്തില്‍ ഉല്‍ഫയുടെ പിടി പൂര്‍ണമായും വിട്ടിട്ടില്ല. സഞ്ജിബ് ബോറ പറയുന്നത് പോലെ, ‘അസ്സമിന്‍റെ പ്രാദേശിക ദേശീയതയും പാന്‍ ഇന്ത്യനിസവും തമ്മിലുള്ള പരിഹരിക്കപ്പെടാത്ത പിരിമുറുക്കത്തിന്‍റെ ലക്ഷണമാണ് ‘ഉല്‍ഫ’ എന്ന പ്രതിഭാസം (ബോറ 2009:953) ഉല്‍ഫയുടെ വിധിയില്‍ വര്‍ഷങ്ങളായി ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2011 ല്‍ അതിന്‍റെ ചെയര്‍പേഴ്സണ്‍ അറബിന്ദ രാജ്ഖോവയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം അസ്സമിന്‍റെ പരമാധികാരവും അതുവഴി ദേശീയ വിമോചനവും മാറ്റിവെച്ച് കൊണ്ട് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. (നാഥ് 2013, ബോറ 2020). 2013 ല്‍ ഈ സംഘടന രണ്ടു വിമതവിഭാഗങ്ങളായി പിരിഞ്ഞു, ‘ആന്‍റി ടോക്ക്’ ഉം (സ്വതന്ത്ര) ‘പ്രോടോക്കും’. (ബോറ 2020 താലൂക്ക്ദാര്‍, കലിത 2019) സായുധസേനയും പരമാധികാരത്തിനായുള്ള ആവശ്യമുന്നയിക്കലും അവരുടെ പ്രാധാന്യത്തെ ഭൂരിഭാഗം നഷ്ടപ്പെടുത്തിയെങ്കിലും, ഒരു സംഘടന എന്ന നിലയ്ക്ക് ‘ഉല്‍ഫ’യെ മാറ്റിനിര്‍ത്താനാവില്ല. ഇപ്പോള്‍, പ്രസ്ഥാനം ഒരു വിഭജനത്തോടെ അവസാനിക്കുകയും പരേഷ് ബോറ വിഭാഗം മാത്രം ‘പരമാധികാരം’ എന്ന ആവശ്യത്തില്‍ നിര്‍ബന്ധബുദ്ധിയോടെ തുടരുകയും ചെയ്യുമ്പോള്‍ അത്തരമൊരു ആവശ്യത്തെ അനുകൂലിക്കുന്ന ഉത്പ്രേരകങ്ങളെ ഇനിയും കണ്ടെത്താന്‍ കഴിയും.

കേന്ദ്രഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദിഷ്ട പൗരത്വ ഭേദഗതി ബില്‍ (ഇപ്പോള്‍ ആക്ട്) അസ്സമിലെ അഭയാര്‍ത്ഥികളെ ആധാരമാക്കി സംസ്ഥാനത്തെ തദ്ദേശവാസികള്‍ക്ക് വലിയ ഭീഷണയിയായി കണക്കാക്കിയ നിമിഷമായിരുന്നു 2019ന്‍റെ ആദ്യമാസങ്ങള്‍. പക്ഷേ ബോറ വിമത ട്രൂപ്പിന്‍റെ റിക്രൂട്ട്മെന്‍റിനായി വീടുപേക്ഷിച്ച് പോയ പോലെ കൗമാരക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നതായി പത്രവാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചു.

ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ ‘അവഗണനയും’ ‘കൊളോണിയല്‍ ചൂഷണവും’ ആണ് ഇത്തരം റിക്രൂട്ട്മെന്‍റുകളില്‍ ഭൂരിഭാഗത്തിന്‍റെയും പ്രാഥമികമായ പ്രേരണ. ഉല്‍ഫയെ കുറിച്ചുള്ള ഇത്തരം കാല്‍പനിക സങ്കല്‍പങ്ങള്‍ പ്രസക്തമായി നിലനില്‍ക്കുന്ന കാലത്തോളം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികവും അല്ലാത്തതുമായ അക്രമങ്ങള്‍ ‘പോലീസും സൈന്യവും സമാന്തര സൈന്യവും’ ഏര്‍പ്പെടുന്ന (ബോര്‍ ബോറ 2016) ഒന്നായി തുടരുമെന്ന് അനുമാനിക്കുന്നത് തെറ്റായിരിക്കും. മുകളില്‍ പരാമര്‍ശിച്ച നോവലുകള്‍ അത്തരം വക്രമായ ധാരണകളെ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ്.
റീത ചൗധരിയുടെ തീവ്രമായ നോവലായ ജഹ്നബി (2013)യില്‍ നിയമവിരുദ്ധമായ ഒരു വിമത സംഘടനയുടെ ഉയര്‍ന്ന കമാന്‍ഡറുടെ ഭാര്യ ജഹ്നബി എന്ന സ്ത്രീയെ നമ്മള്‍ കണ്ടുമുട്ടുന്നു. (നോവലിസ്റ്റ് ഈ സംഘടനയുടെ പേര് പറയുന്നില്ലെങ്കിലും പറയപ്പെടുന്ന സംഘടന ഉല്‍ഫയാണെന്ന് അനുമാനിക്കാന്‍ കഴിയും.)

സാഹചര്യസമ്മര്‍ദ്ദങ്ങള്‍ മൂലം ജഹ്നബിക്ക് മറ്റൊരു കുടുംബത്തില്‍ അഭയം തേടേണ്ടി വരുന്നു. നിര്‍ഭാഗ്യവശാല്‍ ആ കുടുംബത്തിന്‍റെ ഒരേയൊരു മകന്‍ ആനന്ദിനെ കൊലപ്പെടുത്തിയത് അവരുടെ സംഘടന ആണ്. കൊല്ലപ്പെട്ട മകന്‍റെ അമ്മ ഇപ്പോള്‍ ഒരു പ്രതിസന്ധിയില്‍ ആവുന്നു. തന്‍റെ മകന്‍റെ കൊലപാതകത്തില്‍ പരോക്ഷമാണെങ്കിലും പങ്കാളിയായ ഒരുവളെ സഹായിക്കണോ? എന്നാല്‍ പ്രതികാരത്തിന് മുകളില്‍ അവര്‍ മാനവികത തിരഞ്ഞെടുക്കുകയും പ്രസവിക്കുന്നതില്‍ ജഹ്നബിയെ സഹായിക്കുകയും ചെയ്യുന്നു. കുടുംബത്തിനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ ജഹ്നബി ദുഃഖത്തിലും കുറ്റബോധത്തിലും ആണ്ട് പോകുന്നു. ഒരിക്കലും ചോദ്യം ചെയ്യപ്പെടാത്ത ‘അനുസരണ’ അച്ചടക്കത്തിന്‍റെ മുഖമുദ്രയാകുന്ന വിമത സംഘടനകളില്‍ സാധാരണയായി അംഗങ്ങള്‍ നേരിടുന്ന ധാര്‍മ്മിക പ്രതിസന്ധിയിലേക്ക് ഭര്‍ത്താവിനോടുള്ള അവളുടെ പൊട്ടിത്തെറി വിരല്‍ ചൂണ്ടുന്നു. കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിനാലാണ് ആനന്ദ് കൊല്ലപ്പെട്ടത്. 1971ലെ യുദ്ധത്തില്‍ പോരാടിയ ‘മനുഷ്യരാശിയെ തുടച്ചുനീക്കാന്‍ കഴിയാതെ ഹിംസയുടെ പരിമിതമായ ശക്തി’ തിരിച്ചറിഞ്ഞ ചില പാക്കിസ്ഥാന്‍ സൈനികരെ പോലെ ജഹ്നബിയും ഇപ്പോള്‍ സ്വന്തം സംഘടനയുടെ അപമാനവികരണത്തില്‍ ഭയപ്പെടുന്നു. ഒരു സാങ്കല്‍പിത കഥയായിരുന്നിട്ട് കൂടി പണത്തിന്‍റെ ആവശ്യം നിറവേറ്റാതെ വരുമ്പോള്‍ ഉല്‍ഫ ഉത്തരവിട്ട ഇത്തരം നിരവധി വധശിക്ഷകളെ ജഹ്നബി പരാമര്‍ശിക്കുന്നു. ഇത്തരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉല്‍ഫ നേതൃത്വം പ്രതിജ്ഞയെടുത്തു എന്നത് ശരിയാണെങ്കിലും, അവരുടെ പിന്തുണയില്ലാതെ ഇത്തരം കൊലപാതകങ്ങള്‍ നടന്നതായി സങ്കല്‍പിക്കാന്‍ പ്രയാസമാണ്. ഈ കൊലപാതകങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട സ്ത്രീകള്‍ ഇപ്പോഴും സംഘടനയില്‍ നിന്ന് ഒരു ക്ഷാമപണം കാത്തിരിക്കുന്നു.
അരുണ്‍ ഗോസ്വാമിയുടെ ഷോബ് ദോത് നിഷതബ്ദ ധരണി (2007)യില്‍ ഒളിച്ചോടിയപ്പോയ വിമതനായ വിനയ് എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും ഗ്രാമത്തില്‍ സൈന്യം നടത്തിയ തിരച്ചിലിന്‍റെ പേരില്‍ കുറ്റപ്പെടുത്തുന്നു. നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി, നിരവധി പുരുഷന്‍മാര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു. വിനയുടെ അമ്മയ്ക്കും സഹോദരിമാര്‍ക്കും നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളേക്കാള്‍. ഉപരിയായി അവരെ തളര്‍ത്തുന്നത്, അവരുടെ ഏക ഉപജീവന മാര്‍ഗമായ കൈത്തറി നശിപ്പിക്കുന്നതാണ്. വിമതപ്രക്ഷോഭങ്ങള്‍ക്കിടെ സ്ത്രീകളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നത് സാധാരണ സംഭവമായിരിക്കണം, എന്നാല്‍ അത്തരം നഷ്ടങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ് തന്മൂലം നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനുള്ള സാധ്യതയും കുറവാണ്. വിമതരുടെ കുടുബങ്ങളെ പൊതുസമൂഹം അനൗപചാരികമായി ബഹിഷ്കരിക്കുന്നതാണ് ഈ നോവല്‍ എടുത്തുകാണിക്കുന്ന മറ്റൊരു പ്രശ്നം. ‘ഭയം’ അല്ലെങ്കില്‍ ‘വെറുപ്പ്’ കാരണം ആളുകള്‍ വിനയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നില്ല. അവരുമായുള്ള ഏത് തരത്തിലുള്ള ബന്ധവും സൈന്യത്തെ രോഷാകുലമാക്കും എന്ന ആശങ്ക അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. റീനയെ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ച ജാദവ് എന്ന യുവാവ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തതിന് ശേഷം അവളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു.
നീതി ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത കലാപബാധിത പ്രദേശങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന നിശബ്ദ നഷ്ടങ്ങളാണിത്. രാഖി മോരല്‍ കലിത (2014) ചൂണ്ടിക്കാണിച്ചതുപോലെ, സംഘര്‍ഷങ്ങളില്‍ സ്ത്രീകളുടെ പങ്കും സഹനവും പലപ്പോഴും ചരിത്രത്തിന്‍റെ ഒരു അടിക്കുറുപ്പിലേക്ക് തരംതാഴ്ത്തപ്പെടുന്നു. ഇതുവരെ നിശബ്ദമാക്കപ്പെട്ട അവരുടെ ശബ്ദങ്ങള്‍ കണ്ടെത്തുന്നതിലാണ് സാധാരണക്കാരുടെ ജീവിതത്തിലെ പ്രശ്നങ്ങളുടെ വ്യാപ്തിയെ നമ്മള്‍ നേരിടുന്നത്. വിനയുടെ തിരോധാനത്തിന് ശേഷം റീനയും റുനുവും അമ്മയും കഷ്ടതയനുഭവിച്ചെങ്കിലും, അവരുടെ പ്രശ്നങ്ങള്‍ക്ക് അവനെ കുറ്റപ്പെടുത്തുന്നില്ല. സൈന്യത്തെ ഗ്രാമത്തില്‍ കൊണ്ടുവന്നതും അതിനോടൊപ്പം ഉണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി വിനയ് ആണെന്ന് അവരുടെ അമ്മാവന്‍ വാദിക്കുമ്പോള്‍, ഗ്രാമത്തിന് വേണ്ടി വിനയ് ചെയ്ത എല്ലാ നല്ല കാര്യങ്ങളും റീന ഓര്‍മിപ്പിക്കുന്നുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ അതിന്‍റെ ഏറ്റവും ജനപ്രിയ ഘട്ടത്തില്‍ ഉല്‍ഫയുടെ ‘ആദര്‍ശപരവും ദേശസ്നേഹികളുമായ യുവാക്കള്‍ക്ക്’ (ഗോഹെന്‍ 2007 : 1012) നല്‍കിയ പിന്തുണയെ അനുസ്മരിപ്പിക്കുന്നതാണിത്.

ഈ നോവല്‍, പ്രാരംഭഘട്ടത്തില്‍ ഉല്‍ഫയും പോലീസും തമ്മിലുണ്ടായിരുന്ന അനൗപചാരിക ചങ്ങാത്തത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. വിനയെ കാണാന്‍ വിദൂരമല്ലാത്ത ഒരു നാള്‍ വരെ ജനക്കൂട്ടം വീട്ടില്‍ വരുന്നതും, ആളുകള്‍ അവരുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തിനോട് പങ്ക് വെക്കുന്നതും, ആവശ്യമായ നടപടികളില്‍ അദ്ദേഹം പോലീസിനെ നയിക്കുന്നതെല്ലാം, അമ്മ ഓര്‍മ്മപ്പിക്കുന്നിടത്ത് ഇത്തരം ഒരു ബന്ധത്തെ കുറിച്ചുള്ള സൂചനകളുണ്ട്. മോറല്‍ പോലീസിംഗിനും വ്യക്തിസ്വാതന്ത്യത്തെ നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്നിരുന്നുവെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ സംഘടന അനുഭവിച്ച സ്വാധീനം, ഉല്‍ഫയെ ‘റാബിന്‍ ഹൂഡ്’ (ദത്ത 2008) എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ പര്യാപ്തമായിരുന്നു.

റീത്ത ചൗധരിയുടെ ഐയ് സമയ്, സായ് സമയ് (2007) എന്ന നോവലില്‍ മോണി ഒരു ഉപരിപ്ലവമായ ഒരു കഥാപാത്രമാണ്. അസ്സമിലെ ഒരു വിദൂര ഗ്രാമത്തില്‍, അവളുടെ കുടുംബം ഉല്‍ഫയുടെ കടുത്ത പിന്തുണക്കാരായാണ് ആരംഭിക്കുന്നത്. അവളുടെ കുടുംബത്തിലെ ഇളയ മകനെ വിപ്ലവസംഘടനയ്ക്കായി വിട്ടുകൊടുക്കുന്നു. മോണിക്കും സംഘടനയില്‍ ചേരാന്‍ ആഗ്രഹമുണ്ട്. ലൗകിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവിതം പാഴാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല. അത് നല്ല ലക്ഷ്യത്തിനായി ഉപയോഗിക്കണം. അസ്സമിന്‍റെ ‘സ്വാദിന്‍’ (സ്വാതന്ത്ര്യം) ല്‍ വിശ്വസിച്ചിരുന്ന വിപ്ലവത്തിന്‍റെ മറന്നുപോയ (ഉപേക്ഷിക്കപ്പെട്ട) സൈനികരില്‍ ഒരാളാണ് മോണി. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ അസാധുവാണ്. അവളുടെ സഹോദരനെ സംസ്ഥാന സുരക്ഷാസേന കണ്‍മുമ്പില്‍ വെച്ച് കൊണ്ട് പോയി, ഭര്‍ത്താവ് രത്തന്‍ അപ്രത്യക്ഷനായി. ഇന്ത്യന്‍ സൈനികരുടെ ലൈംഗികാതിക്രമത്തിന് ഇരയായതിന് ശേഷം മോണിയുടെ മാനസികാരോഗ്യം തകര്‍ന്നു. മാനസികരോഗിയായ ഒരു അംഗത്തെകൊണ്ട് സംഘടനയ്ക്ക് ഒരു പ്രയോജനവുമില്ല. ഒരു പഴയ സുഹൃത്ത് ഗര്‍ഭിണിയായ മോണിയെ വിവാഹം കഴിച്ച് ഗുവാഹട്ടിയിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരു തകര്‍ന്ന കുടുംബത്തിന് അതൊരു ആശ്വാസമായിരിക്കും. പക്ഷേ, അവള്‍ ഒരിക്കലും പഴയ നിലയിലേക്ക് തിരിച്ച് വരുന്നില്ല.

വനിതാ കേഡര്‍മാര്‍ക്കെതിരെയുള്ള സുരക്ഷാസേന നടത്തുന്ന അതിക്രമങ്ങളും സംഘടനാ നേതൃത്വത്തിന് അതിനോടുള്ള പ്രതികരണവും (അല്ലെങ്കില്‍ അതിന്‍റെ അഭാവം) മോനിയുടെ കഥ പൊതുസമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരുന്നു. 2004 ല്‍ തങ്കം മനോരമയുടെ ദാരുണമായ മരണം. മണിപ്പൂരിലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തെ (എ.എഫ്.എസ്.പി.എ) സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമായി. പക്ഷേ അത് തീര്‍ച്ചയായും ഒരു വിമത ഗ്രൂപ്പിലെ ഒരു വനിതാ അംഗത്തിനെതിരായ ആദ്യത്തെ കേസല്ല, അവസാനത്തേതുമായിരുന്നില്ല. മോണിയുടെ കഥയില്‍, അവള്‍ ചോദിക്കുന്നത്, നമുക്ക് കേള്‍ക്കാം, അവര്‍ക്കെതിരായ ആക്രമണത്തിന് പ്രതികാരം ചെയ്യാന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്താണ് ചെയ്തത്? സ്വാതന്ത്ര്യത്തിനായുള്ള യുദ്ധം നടക്കുമ്പോള്‍ യുദ്ധമുന്നണിയില്‍ നില്‍ക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു (ജ 289). മോണിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അറിവിനെ പറ്റി നോവലില്‍ നേരിട്ട് പരമാര്‍ശങ്ങളൊന്നുമില്ല, പക്ഷേ അവളുടെ പ്രചോദനമായി പ്രതികാരത്തെ വായിക്കാം. കീഴടങ്ങരുതെന്നതില്‍ അവള്‍ ഉറച്ച് നില്‍ക്കുന്നു. അത് കൊണ്ട് ഇവള്‍ ഇപ്പോഴും അനസ്തിത്വത്തിന്‍റെ ഇടം കൈവശപ്പെടുത്തുന്ന ഭ്രഷ്ടയായ വിമതയാണ്. കീഴടങ്ങാന്‍ വിസമ്മതിക്കുന്ന വിമത കേഡര്‍മാരുടെ ഗതിയെക്കുറിച്ചുള്ള അസ്വസ്ഥമായ ചോദ്യം ഈ നോവലിന്‍റെ ഒരു പ്രധാന വശമാണ്. സംഘടന അംഗീകരിച്ചിട്ടില്ലെങ്കിലും അവര്‍ ഇപ്പോഴും സംഘടനയില്‍ അംഗങ്ങളാണോ? കീഴടങ്ങാനുള്ള അവരുടെ വിസമ്മതം പൊതുമാപ്പ് പദ്ധതി പ്രകാരമുള്ള പല ആനുകൂല്യങ്ങള്‍ക്കും അവരെ യോഗ്യരല്ലാതാക്കും. പരിതാപകരമായ ഈ സാഹചര്യത്തില്‍ ആശ്രയിക്കാന്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഈ അവസരത്തില്‍ ഉത്തര അസ്സമിലെ ടിന്‍സുകിയെ ജില്ലയിലെ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷനെക്കുറിച്ച് പരാമര്‍ശിക്കാം. ഈ കമ്മ്യൂണില്‍ താമസിക്കുന്ന സ്ത്രീകള്‍ ഇതുവരെ കീഴടങ്ങാത്തവരാണ് എന്നാല്‍ സായുധ കലാപത്തില്‍ വിശ്വസിക്കുന്നുമില്ല. സ്വതന്ത്ര അസ്സാം എന്ന സ്വപ്നത്തില്‍ അവര്‍ വിശ്വസിക്കുന്നു. കൂടാതെ ചൂഷിതരായ ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ സഹായവും അവര്‍ പാടേ നിരസിക്കുന്നു. (ബാര്‍ബോറ 2016). ഈ കമ്മ്യൂണില്‍ മോണിയെപ്പോലുള്ള സ്ത്രീകള്‍ക്ക് എപ്പോഴെങ്കിലും ഇടം ഉണ്ടാകുമോ? നമ്മള്‍ക്കിത് വരെ അറിയില്ല.

അസ്സമിലെ സ്ത്രീകളും ‘ഉല്‍ഫ’യുമായുള്ള ബന്ധം വളരെ സംഘര്‍ഷഭരിതമായ ഒന്നായിരുന്നു. പഠനത്തിന് വിധേയമാക്കിയ മൂന്ന് നോവലുകളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സംഘടനയുടെ പരോക്ഷമായ പങ്കാളിത്തത്തെ ചൂണ്ടിക്കാണിക്കുന്നു. ‘ഈവ്-ടീസിംഗ്’ പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ അവരുടെ ഭാഗത്ത് നിന്ന് ബോധപൂര്‍വ്വമായ ശ്രമം നടന്നിട്ടില്ലെങ്കിലും, ‘സ്ത്രീകളോടുള്ള മോശം പെരുമാറ്റ’ത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എടുത്തിട്ടുള്ളതെന്ന് ഒറ്റനോട്ടത്തില്‍ ഉല്‍ഫയുടെ പ്രതാപകാലത്തിലെ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത് (ദത്ത 2008 : 70) സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സംഘടനയ്ക്ക് ആത്മാര്‍ത്ഥയില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നത്, പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ കലഹമുണ്ടാക്കുന്ന എജിപി ഗവണ്‍മെന്‍റിന്‍റെ ഒരു മന്ത്രിയോ, അല്ലെങ്കില്‍ മറ്റൊരു മന്ത്രി വനിതാ ടൂറിസ്റ്റിനെ ഉപദ്രവിക്കുകയോ ചെയ്യുന്ന കാര്യങ്ങളില്‍ സംഘടന തികഞ്ഞ നിശബ്ദത പാലിച്ചിരുന്നു എന്ന വസ്തുതയാണ്. (ദത്ത 2008) ആനന്ദയുടെ ഭാര്യയുടെ വിഷയത്തില്‍ ജഹ്നബിയുടെ ഭര്‍ത്താവ് പ്രകടിപ്പിക്കുന്ന പൂര്‍ണമായ ഉദാസീനത ഈ ഉപരിപ്ലവതയുടെ മറ്റൊരു ഉദാഹരണമായി കണക്കാക്കാം.
‘ഉല്‍ഫ’ അതിന്‍റെ ജനപ്രീതിയുടേയും സ്വാധീനത്തിന്‍റെയും മൂര്‍ദ്ധന്യത്തില്‍, സാമൂഹിക പരിഷ്ക്കരണമെന്ന പേരില്‍ വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യ മേഖലകളായ മദ്യപാനം, വസ്ത്രധാരണം, വ്യക്തിബന്ധങ്ങള്‍ എന്നിവയില്‍ ഇടപെടുമായിരുന്നു മദ്യപാനത്തിനെതിരായ സംഘടനയുടെ കര്‍ശനമായ നിലപാട് മദ്യപിക്കുന്ന ഏതൊരാള്‍ക്കും ബാധകമായ ഒന്നായി. കചാരിസ് പോലുള്ള മതപരമായ ചടങ്ങുകള്‍ക്ക് വീട്ടില്‍തന്നെ മദ്യം ആവശ്യമായി വരുന്ന ആളുകളെ പോലും അവര്‍ വെറുതെ വിട്ടില്ല (ഖാനിക്കര്‍ 2018) വലിയൊരു ഭാഗം ഗ്രാമീണ സ്ത്രീകളുടെയും ഉപജീവനം ഭവനങ്ങളില്‍ നിര്‍മ്മിച്ച മദ്യവ്യാപാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും സമ്പൂര്‍ണ്ണ നിരോധനം അവരെ സാമ്പത്തികമായി തകര്‍ക്കുമെന്നും സംഘടനയുടെ ആദര്‍ശവാദികള്‍ക്ക് വലിയ ആശങ്കയില്ലായിരുന്നു. സൈന്യത്തിന്‍റെ തിരച്ചലില്‍ അവരുടെ കൈത്തറി നശിപ്പിച്ചതിന് ശേഷം വിനയുടെ കുടുംബത്തിന് സംഭവിക്കുന്ന നഷ്ടവുമായി അത്തരം നഷ്ടങ്ങളെ താരതമ്യം ചെയ്യാവുന്നതാണ്. ചില വിഷയങ്ങളില്‍, സംസ്ഥാന സുരക്ഷാ സേനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉല്‍ഫ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സാന്താന ഖാനിക്കര്‍ (2018) തന്‍റെ State, Violence and Legitimacy in India എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ, ലഖിപഥര്‍ പോലുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ മുടി വെട്ടുന്നത് പോലും അനുവദിച്ചിരുന്നില്ല. സല്‍വാര്‍ കമീസിനെ ഒരു ‘ഇന്ത്യന്‍’ വസ്ത്രമായി കണക്കാക്കിയിരുന്നതിനാല്‍ അതും അനുവദിച്ചില്ല. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ ഫ്രോക്കുകളോ പാവാടകളോ ധരിക്കേണ്ടതായി വന്നു. അവര്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവര്‍ക്ക് മേഖല സാദര്‍ മാത്രമേ ധരിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ ഇപ്പോള്‍ മുഖ്യാധരയിലേക്ക് പ്രവേശിച്ച സംഘടനയിലെ മിക്ക മുതിര്‍ന്ന നേതാക്കളും തങ്ങളുടെ കേഡര്‍മാര്‍ ചെയ്യുന്ന അതിക്രമങ്ങളെക്കുറിച്ച് സ്വയം ആത്മപരിശോധന നടത്തുന്നതിന്‍റെ ഒരു ലക്ഷണവും കാണിക്കുന്നില്ല എന്നത് അതിശയകരമാണ്. അത്തരമൊരു ആത്മപരിശോധനയുടെ വിവരണമാണ്. ജഹ്നബിയുടെ പൊട്ടിത്തെറി വിനയുടെ അമ്മയും സഹോദരിമാരും മോണിയും ആനന്ദയും പോലുള്ളവരുടെ ത്യാഗത്തിന്, പ്രതീകാത്മകമായി പോലും സംഘടനാനേതൃത്വം ഒരു ക്ഷമാപണം നടത്തിയിട്ടില്ല. ഏതെങ്കിലുമൊരു നേതാവ് അവരെ അഭിമുഖീകരിക്കാനും അത്തരമൊരു ക്ഷമാപണം നടത്താനും ധൈര്യപ്പെടുമോ?

 

മനസി മിശ്ര

ദില്ലി സർവകലാശാലയിലെ സാക്കിർ ഹുസൈൻ ദില്ലി കോളേജിൽ പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്നു. ഇപ്പോൾ ജെ.എൻ.യുവിലെ സെന്‍റർ ഫോർ വിമൻസ് സ്റ്റഡീസിൽ നിന്ന് പിഎച്ച്ഡി ചെയ്യുന്നു.

 

 

വിവര്‍ത്തനം :
റംഷീന സീ. ടീ.
എം.എ.ഇംഗ്ലീഷ് ബിരുദാനന്തര വിദ്യാര്‍ത്ഥി
ഇംഗ്ലീഷ് & ഫോറിന്‍ ലാഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദ്രബാദ്

 

COMMENTS

COMMENT WITH EMAIL: 0