എഴുതപ്പെട്ട ചരിത്രങ്ങളില്‍ ഉടനീളം സംഘര്‍ഷങ്ങളുടെ വിവരണങ്ങള്‍ കാണാം. എന്നാല്‍ ഇത്തരം അടയാളപ്പെടുത്തലുകള്‍ പലപ്പോഴും പുരുഷകേന്ദ്രീകൃതമാണ്. സംഘര്‍ഷങ്ങളെ പൊതുവേ പുരുഷ വ്യവഹാരം ആയാണ് കാണാറ്. പുരുഷനെ യോദ്ധാവായും സ്ത്രീയെ ഇരകളും ആക്കിയുള്ള ഇത്തരം ചിത്രീകരണം സ്ത്രീകള്‍ പരമ്പരാഗത സമൂഹത്തില്‍ നടത്തിവന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സൈനിക സഹായങ്ങളെയും സമധാന ശ്രമങ്ങളെയും താമസ്കരിക്കുന്നതിനും അത്തരം പഠനങ്ങളിലേക്കുള്ള ശ്രമങ്ങളെ ഇല്ലതാക്കുന്നതിനും ഹേതുവായിട്ടുണ്ട്. പരമ്പരാഗത സമൂഹങ്ങള്‍ സ്ത്രീകളെ ആയോധന കലകളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നുവെങ്കിലും ആക്രമണങ്ങളുടെ/പോര്‍പ്രതിരോധങ്ങളുടെ കര്‍തൃത്വവുമായി ബന്ധപ്പെട്ട് ചുരുക്കം ചില സ്ത്രീ ബിംബങ്ങള്‍ ഇപ്പോഴും ചരിത്രത്തിന്‍റെ/വാമൊഴിചരിത്രത്തിന്‍റെ, ഇതിഹാസപുരാണങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്നുണ്ട്.
എങ്കിലും സംഘര്‍ഷങ്ങളിലെ സ്ത്രീയെ രേഖപെടുത്തുന്നതില്‍ പുരുഷാധിപത്യ മുഖ്യധാര സാമൂഹിക ശാസ്ത്ര വിഷയങ്ങളും മാധ്യമങ്ങളും പരാജയമായിതന്നെ നിലകൊണ്ടു. അവരുടെ വിവരണങ്ങളില്‍ സ്ത്രീകള്‍ ആക്രമണങ്ങളുടെ ഇരകള്‍ മാത്രമായിരുന്നു. ആഴത്തിലുള്ള വിശകലനങ്ങള്‍ ഇല്ലാതെ വളരെ പൊതുവായ രീതിയിലായിരുന്നു ‘ഇര’ എന്ന സങ്കല്‍പ്പത്തെപോലും രേഖപ്പെടുത്തിയിരുന്നത്. അത്തരം പ്രവണതകള്‍ മാറ്റിമറിച്ചു കൊണ്ടാണ് സ്ത്രീവാദ എഴുത്തുകാരികളും മറ്റും ഈ മേഖലയിലേക്ക് കടന്നുവരുന്നത്. അവര്‍ യുദ്ധം, ആക്രമണം എന്നിവയെ ലിംഗപദവിയുമായി ബന്ധപെട്ട കാര്യമായും പിതൃമേധാവിത്വ ശ്രേണീവ്യവസ്ഥയും അധിനിവേശവും നിലനിര്‍ത്താനുള്ള പ്രക്രിയയായി കാണുകയും, ഇത്തരം വ്യവസ്ഥകളില്‍ സാമ്പത്തികവും, സാമൂഹികവും, രാഷ്ട്രീയവും, സംസ്കാരികവുമായി അടിച്ചമര്‍ത്തപെടുകയും അരികുവല്‍ക്കരിക്കപെടുകയും ചൂഷണത്തിനിരയാകുകയും ചെയ്യുന്ന ലിംഗ/പൗര വിഭാഗമായി സ്ത്രീകളെ രേഖപെടുത്തി. സ്ത്രീശരീരത്തെ ഒരു യുദ്ധ ഭൂമിയായി/ ശത്രുവിന്‍റെ അഭിമാന ചിഹ്നമായി കണ്ടു കൊണ്ടുള്ള ആക്രമണങ്ങള്‍ക്കും ക്രൂരമായ സ്ത്രീ പീഡനങ്ങള്‍ക്കും കൂട്ട ബലാത്സംഗങ്ങള്‍ക്കും പുരുഷാധിപത്യ വ്യവസ്ഥ കാരണമാകുന്നുണ്ടെന്നു അവര്‍ കണ്ടെത്തി. അങ്ങിനെ അവര്‍ ഇര എന്ന പദത്തെ കൂടുതല്‍ വ്യക്തമായി വിശദീകരിക്കയുണ്ടായി. വ്യത്യസ്ത സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ എങ്ങനെയാണ് ഇരകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് എന്നവര്‍ രേഖപ്പെടുത്തി. സ്ത്രീ വാദത്തിന്‍റെ വരവോടെ ഇത്തരം എഴുത്തുകളില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘര്‍ഷ മേഖലകളിലെ സ്ത്രീയെ രേഖപെടുത്തുന്നതിന്ന് സ്ത്രീവാദികളും സ്ത്രീസംഘടനാപ്രവര്‍ത്തകരും സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കുകയും സ്ത്രീകളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തുകയും ഉണ്ടായിട്ടുണ്ട്. സംഘര്‍ഷ മേഖലകളിലെ സ്ത്രീകളുടെ സമാധാന പ്രധിരോധ പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തിയും, ഇത്തരം സ്ത്രീകളുടെ കവിത/കഥ ആഖ്യാനങ്ങളെ പറ്റി വിശകലനം ചെയ്തും; സ്ത്രീകളുടെ വാമൊഴികളും, ഓര്‍മകളും, അനുഭവങ്ങളും, ജീവിതങ്ങളും രേഖപെടുത്തിയുമാണ് അവര്‍ വേറിട്ടൊരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്തത്.
സംഘടിതയുടെ ഈ ലക്കത്തില്‍ ഉള്‍കൊള്ളിച്ച ലേഖനങ്ങളിലെ സംഘര്‍ഷങ്ങള്‍ വ്യത്യസ്ത ഭൂമിശാസ്ത്ര, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, മതം, ജാതി, ഭാഷ പരിസരങ്ങളില്‍ ഉള്ളവയാണ്. ഇവയില്‍ യുദ്ധങ്ങള്‍, ആഭ്യന്തര ലഹളകള്‍, വര്‍ഗീയലഹളകള്‍, ജനകീയ പ്രക്ഷോഭങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ ഉള്‍ ച്ചേരുന്നു. ജാതി മത വര്‍ഗ്ഗ വംശ ഭാഷവൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുള്ള ആഖ്യാനം ഒരു ജീവിതം ആധുനികയുഗത്തില്‍ ഫലപ്രദമായി നടക്കുന്നില്ല എന്ന സൂചനകളാണു ഇവ നല്‍കുന്നത്.
ലോകത്തുടനീളമുള്ള സംഘര്‍ഷങ്ങളില്‍ അധികവും ഇരയാക്കപ്പെടുന്നത് സാധാരണ ജനങ്ങളാണ് പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളും അരികു വല്‍ക്കരിക്കപ്പെട്ടവരും. ഇന്ത്യയില്‍ ഇത് മതന്യൂനപക്ഷം ദളിതരും ആദിവാസികളും ആണെന്നുള്ളതാണ് വാസ്തവം. ഇതില്‍ വലിയൊരു പങ്ക് സ്ത്രീകളും കുട്ടികളുമാണ്. യുദ്ധത്തിന്‍റെയും ആക്രമണങ്ങളുടെയും ഫലമായി ഇവര്‍ ക്രൂരമായ മാനസ്സിക ശാരീരിക ആക്രമണങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ട് സ്വന്തം രാജ്യങ്ങളിലോ അന്യരാജ്യങ്ങളിലോ അഭയാര്‍ത്ഥികളായി മാറുന്നു. ഇന്ത്യപാക് വിഭജനത്തിന്‍റെ, ബംഗ്ലാദേശ്, രോഹിംഗ്യന്‍, തിബറ്റന്‍, ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളുടെ ഒഴുക്കിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
മനുഷ്യന്‍റെ അല്ലെങ്കില്‍ പൗരന്‍റെ അവകാശങ്ങളെ സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്‍റെയും ചുമതലയാണ്, പ്രത്യേകിച്ച് ആധുനിക ജനാധിപത്യ ദേശരാഷ്ട്രങ്ങളുടെ. എന്നാല്‍ നവലിബറല്‍ വ്യവസ്ഥകളെ പിന്‍ താങ്ങുന്ന ഫാസിസ്റ്റ് ‘ഭരണകൂട പരമാധികാരം’ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന വിരോധാഭാസങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. മ്യാന്മാര്‍, ശ്രീലങ്ക, ചൈന, പാകിസ്ഥാന്‍, തുടങ്ങി ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കാശ്മീര്‍ ഛത്തീസ്ഗര്‍, ഗുജറാത്ത് തുടങ്ങിയവ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്. അന്ധമായ ഭരണ/വികസന നയസമീപനങ്ങള്‍ ആദിവാസികളെയും മത്സ്യത്തൊഴിലാളികളേയും ന്യൂനപക്ഷങ്ങളെയും അവരുടെ മണ്ണില്‍ അന്യരാക്കുന്ന കാഴ്ചകളാണ് വിഴിഞ്ഞം, മുത്തങ്ങ, മാറാട് സംഘര്‍ഷ മേഖലകള്‍ നമുക്ക് കാണിച്ചു തരുന്നത്. പഠനങ്ങളുടെ അപര്യാപ്തത കാരണം മുത്തങ്ങ, വിഴിഞ്ഞം സംഘര്‍ഷങ്ങള്‍ ഈ ലക്കത്തിലെ ലേഖന സമാഹാരത്തില്‍ ഉള്‍പെടുത്താന്‍ പറ്റിയിട്ടില്ല.
പ്രധാന വിഷയത്തില്‍ നിന്നും വേറിട്ടൊരു ലേഖനമാണ് ആരെഫ ജോഹരിയുടേത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന യോനിചേതനം എന്ന ആചാരം ഇന്ത്യയിലും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. പിഞ്ചു പെണ്‍ കുഞ്ഞുങ്ങളില്‍ നടത്തപെടുന്ന ഇത്തരം ദുരാചാരം അടുത്ത കാലത്താണ് കേരളത്തിലെ മാധ്യമങ്ങള്‍ ആരെഫയുടെ ഇടപെടലുകളുടെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്തത്. സമൂഹത്തിന്‍റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ഇത്തരം ദുരാചാരങ്ങള്‍ ഉന്മൂലനം ചെയ്യുവാനുള്ള ആഹ്വാനവുമായാണ് ആരെഫയുടെ ലേഖനം നമ്മോടു സംവദിക്കുന്നത്.
വ്യത്യസ്ത രീതിശാസ്ത്രങ്ങളും വീക്ഷങ്ങളും അവലംബിച്ച് കൊണ്ട് സംഘര്‍ഷ മേഖലകളിലെ സ്ത്രീകളുടെ ജീവിതത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതിരോധത്തിന്‍റെയും സന്ദര്‍ഭങ്ങളാണ് ഈ ലക്കത്തിലെ ലേഖനങ്ങളിലൂടെ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഈ വിഷയവുമായി ബന്ധപെട്ട് ഒരു സമാഹാരം ചെയ്യണം എന്നുള്ളത് 2010 ല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ‘മാറാട് കലാപവും സ്ത്രീകളും’ എന്ന വിഷയത്തില്‍ ഗവേഷണം ആരംഭിച്ചത് മുതലുള്ള ആഗ്രഹമാണ്. സംഘര്‍ഷ മേഖലകളിലെ സ്ത്രീകളെപ്പറ്റി മലയാളത്തില്‍ കൂടുതലായി എഴുത്തുകള്‍ ഇല്ലെന്നും അതിനാല്‍ തന്നെ ഇത്തരം ശ്രമങ്ങള്‍ സ്ത്രീപഠന മേഖലയിലെ മലയാള അക്കാദമിക സാഹിത്യമേഖലക്ക് ഒരു മുതല്‍ കൂട്ടാകുമെന്നും ഉറച്ചു വിശ്വസിക്കുന്നു. പ്രഗത്ഭരായ എഴുത്തുകാരുടെയും ഈ മേഖലയിലേക്ക് കടന്നു വന്ന പുതിയ ഗവേഷകരുടെയും പഠനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവര്‍ത്തകര്‍ അടക്കം ഒരു പാട് പേരുടെ അക്ഷീണ പരിശ്രമത്തിന്‍റെ ഫലമാണ് ഈ സമാഹാരം.
അന്വേഷിയിലെ ഒരു അംഗമായിട്ട് വര്‍ഷങ്ങളായി. 2007-2008 കാലഘട്ടങ്ങളില്‍ താരചേച്ചിയുടെ (അംബിക) കൂടെ സംഘടിത മാസിക യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ ഓര്‍മ്മകള്‍ എടുത്ത് പറയുന്നതിനോടൊപ്പം ഈ ലക്കത്തിന്‍റെ അതിഥി പത്രാധിപയാവാന്‍ പ്രോത്സാഹിപ്പിച്ച അജിതേച്ചിക്കും, അന്വേഷി പ്രവര്‍ത്തകര്‍ക്കും, സംഘടിത മാസിക കൂട്ടായ്മയ്ക്കും എന്‍റെ ഹൃദയം നിറഞ്ഞ സ്നേഹം രേഖപെടുത്തുന്നു.
ഹമീദ സീ. കെ.
കോഴിക്കോട് സര്‍വകലാശാലയിലെ സ്ത്രീ പഠന വിഭാഗം അധ്യാപിക
COMMENTS
How can i get the book “സംഘർഷ മേഖലകളിലെ സ്ത്രീകൾ” by hAmeeda Ck?