ചരിത്രം നോക്കുമ്പോള്‍, ചെറുതായി, എളിയതെന്ന് സ്വയം വിശ്വസിച്ച് തുടങ്ങിയ പലതും പിന്നീട് പ്രധാനപ്പെട്ട മാറ്റങ്ങളുണ്ടാക്കിയതായി കാണാം. സംഘടിത എന്ന അന്വേഷിയുടെ പ്രസിദ്ധീകരണത്തെക്കുറിച്ച് പറയുമ്പോള്‍ ഒട്ടും അതിശയോക്തി ഇല്ലാതെതന്നെ ഇത് പറയാനാവും.
2010 ഡിസംബറില്‍ തമിഴ്കവി സല്‍മ ഡോ.കെ.ശാരദാമണിക്ക് നല്‍കിക്കൊണ്ട് സംഘടിതയുടെ ആദ്യലക്കം പ്രകാശനം ചെയ്യുന്നു.
എന്തുകൊണ്ട് സ്ത്രീ, പല ലിംഗ-ലൈംഗിക സ്വത്വങ്ങള്‍?
മുഖ്യധാരയിലും ബദലിടങ്ങളിലും ആണ്‍ശബ്ദങ്ങളുടെ കോലാഹലമാണ് ‘സംഘടിത’ക്ക് മുന്നെ പ്രസാധന സംസ്കാരത്തില്‍ ഉണ്ടായിരുന്നത്. അവയില്‍ സുപ്രധാനമായ പലതും, പലരും ഉണ്ടായിരുന്നില്ലെന്നല്ല – അപരവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങള്‍ വളരെ കുറവായിരുന്നു എന്നാണ്. ‘വനിത’ ‘ഗൃഹലക്ഷ്മി’ തുടങ്ങി സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള പ്രസിദ്ധീകരണങ്ങളിലാണെങ്കില്‍ ഭക്ഷണം, വസ്ത്രം, മേക്കപ്പ് എന്നു തുടങ്ങി മധ്യവര്‍ഗ്ഗ ക്ലാസ് ആയ, വലിയ വീടുകളില്‍ ഒറ്റയ്ക്ക് സമയം ചിലവഴിക്കുന്ന സ്ത്രീകള്‍ക്കായുള്ള ആണുങ്ങള്‍ തീരുമാനിക്കുന്ന എഴുത്തുകള്‍ മാത്രം.
പലതരം സ്ത്രീത്വങ്ങള്‍, ലൈംഗിക/ലിംഗത്വാനുഭവങ്ങള്‍ നിലനില്‍ക്കുമ്പോള്‍, ഞങ്ങളുടെ ജീവിതാനുഭവങ്ങള്‍ വീണ്ടും പാര്‍ശ്വവല്‍കൃതമായി, പറയപ്പെടേണ്ടതില്ലാത്തതോ പറയാന്‍ പാടില്ലാത്തതോ ഒക്കെയായി തുടരേണ്ടത് നിലവിലെ അധികാരവ്യവസ്ഥയുടെ ആവശ്യമാണ്. സംഘടിത കടന്നുവരുന്നതും നിലനില്‍ക്കുന്നതും ഈ ഇടത്തില്‍ ഇടപെട്ടുകൊണ്ടാണ്. ഇവിടെനിന്ന് എഴുതിത്തുടങ്ങിയവരുണ്ട്. സംഘടിതയില്‍ പ്രസിദ്ധീകരിച്ചത് പിന്നീട് പുസ്തകമാക്കിയവരുണ്ട്. സ്ത്രീ/ പല ലിംഗ-ലൈംഗിക സ്വത്വങ്ങള്‍ എന്ന ഇടത്തില്‍ നിന്ന് കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ആയിരത്തോളം എഴുത്തുകാര്‍ – അതൊരു ചരിത്രപരമായ നേട്ടമാണ്. നൂറ്റാണ്ടുകളായി നിശബ്ദതയിലേക്ക് തളളപ്പെട്ടവര്‍ക്ക് തങ്ങളുടെ ജീവിതങ്ങളെക്കുറിച്ച്, വിഷയങ്ങളെക്കുറിച്ച് തുറന്നെഴുതാന്‍ ഒരു വേദി – കേരളത്തിലെ മറ്റൊരു പ്രസിദ്ധീകരണത്തിനും സ്വപ്നം കാണാന്‍ കഴിയാത്തതാണത്.
സംഘടിതയെ വ്യത്യസ്ഥമാക്കുന്നത്
സംഘടിത എന്ന മാസികയെ വ്യത്യസ്ഥമാക്കിയ രണ്ടു തീരുമാനങ്ങളെക്കുറിച്ച് പറയേണ്ടതുണ്ടെന്ന് കരുതുന്നു. ഒന്ന്, സമകാലിക വിഷയങ്ങളില്‍ ലേഖനങ്ങളെഴുതുക എന്ന സാമ്പ്രദായിക മാതൃകയില്‍ നിന്ന് മാറി വിഷയാധിഷ്ഠിതമായി ലക്കങ്ങളിറക്കുക എന്നത്. ഇത്, മാസികകളില്‍ നിന്ന് പൊതുവെ തിരസ്കരിക്കപ്പെടുന്ന വിഷയങ്ങള്‍ പ്രസിദ്ധീകൃതമാകുന്നതില്‍ ഗൗരവമായ പങ്കുവഹിച്ചു. സ്ത്രീകളുടെ, പല ലിംഗ-ലൈംഗിക സ്വത്വങ്ങളുടെ ജീവിതങ്ങളെക്കുറിച്ച് എഴുതിത്തുടങ്ങുന്ന ചരിത്രപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ഈ തീരുമാനം സുപ്രധാനമായി. ഓരോ ലക്കങ്ങളില്‍ നിന്നും പഠനങ്ങളും ഗവേഷണ പ്രബന്ധങ്ങളും ഉണ്ടായി എന്നതില്‍ അത്ഭുതമേയില്ല. ഇന്നും ആളുകള്‍ വായിക്കുന്ന, പഠിക്കുന്ന ലക്കങ്ങള്‍ ഉണ്ടാക്കാനാവുക എന്നത് ചരിത്രപരമായ നേട്ടമാണ്.
ഓരോ ലക്കത്തിലും വ്യത്യസ്ത അതിഥിപത്രാധിപരമാണ് ചുമതല ഏല്‍ക്കുന്നത്. ഓരോ അതിഥിപത്രാധിപരും അവര്‍ക്ക് പരിചിതരായവരെ കൂടെ നിര്‍ത്തി ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയം നടത്തുകയും വിവിധ വശങ്ങളില്‍ നിന്ന് വിഷയത്തെ സമീപിക്കുകയും ചെയ്തുകൊണ്ട് എഴുതുന്നു. ലക്കങ്ങള്‍ വികസിപ്പിച്ച് ചര്‍ച്ചകള്‍ മുതല്‍ പുസ്തകങ്ങള്‍ വരെ ഉരുത്തിരിയാന്‍ ഇത് വഴിയൊരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഓരോ ലക്കവും പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ഉണ്ടായിവരുന്നത് അറിവിന്‍റെ പുതിയ തലങ്ങളിലേക്കുള്ള തുറസ്സായ കാഴ്ചകളാണ്.
സംഘടിതയുടെ പ്രാധാന്യം
മാസികകളുടെ ഇടങ്ങളെ അപരവല്‍കൃതരുടെ അറിവുത്പാദന വേദിയാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സംഘടിത. അക്കാദമിക ഇടങ്ങളിലും പൊതുഇടങ്ങളിലും ഒരുപോലെ ഇടപെടല്‍ സാദ്ധ്യമാവുമെന്ന് സംഘടിത സാധിച്ചെടുത്തിരിക്കുന്നു. പല മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും വായിക്കാന്‍ പാകത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക സാഹിത്യശാഖയില്‍ ഊന്നിയല്ല മറിച്ച് കഥയൊ, കവിതയൊ, ഓര്‍മ്മക്കുറിപ്പൊ, അക്കാദമികപഠനങ്ങളൊ, ശാസ്ത്ര ചര്‍ച്ചകളൊ, ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളൊ ഒക്കെയായാണ് ഓരോ ലക്കവും പുറത്തിറങ്ങുന്നത്. വളരെ ചെറിയ ഒരു സംരംഭം തന്നെയായി, നിരന്തരം വിപണിയോടിടഞ്ഞും ചിലയിടങ്ങളില്‍ കൂടെ നിര്‍ത്തിയുമൊക്കെ കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലം നിലനിന്ന സംഘടിത ഇന്ന് കേരളത്തിലെ സാംസ്കാരിക രംഗത്ത് ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമാണ്, പിതൃമേധാവിത്തത്തിന് വഴങ്ങാത്ത അപരവല്‍കൃതരുടെ വേദിയാണ്.
COMMENTS