Homeചർച്ചാവിഷയം

സംഘടനയെ നയിക്കാനൊരു സ്ത്രീ

നിയൊരു നൂറ്റിമുപ്പത് കൊല്ലം എങ്കിലും കഴിയണം, അധികാര സ്ഥാനങ്ങളുടെ തലപ്പത്ത് ലിംഗസമത്വം കൈവരാന്‍ എന്നാണ് യു എന്‍ നടത്തിയ ഒരു പഠനത്തില്‍ പറഞ്ഞു വയ്ക്കുന്നത്. ജനാധിപത്യ സര്‍ക്കാരുകളുടെ, തിരഞ്ഞെടുക്കപ്പെട്ട അധികാര സ്ഥാനങ്ങളുടെ നേതൃസ്ഥാനത്തേയ്ക്ക് ഒരിക്കല്‍ പോലും ഒരു സ്ത്രീ എത്തിച്ചേരാത്ത എത്രയോ രാജ്യങ്ങള്‍ ഇന്നും നമ്മുക്ക് ചുറ്റുമുണ്ട്, നമ്മുടെ സ്വന്തം സംസ്ഥാനം പോലുമുണ്ട്. ലിംഗസമത്വത്തിന് ഇനിയൊരു നൂറ്റാണ്ട് കഴിയണോ വേണ്ടയോ എന്ന് സമൂഹം തീരുമാനിക്കട്ടെ, പക്ഷേ ചരിത്രത്തില്‍ ചില സ്ത്രീകള്‍ സമൂഹം മാറ്റിയെടുക്കാന്‍ സ്വയം തുനിഞ്ഞിറങ്ങിയിട്ടുണ്ട്. സ്വന്തം കഴിവുകളെ സംശയിക്കുകയോ മറ്റൊരാളുടെ സംശയങ്ങള്‍ക്ക് അടിയറവ് പറയുകയോ ചെയ്യാത്ത ചില സ്ത്രീകള്‍ ചരിത്രത്തിലുണ്ട്. ഫാഷിസം അധികാരം കൈയ്യേറി തകര്‍ത്താടിയ കാലത്തെ ഇറ്റലിയില്‍, അത്തരം ഒരു സ്ത്രീയുണ്ടായിരുന്നു. ഇറ്റലിയുടെ ചരിത്രം സൃഷ്ടിച്ച, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കൈപിടിച്ച് നയിച്ച കമില റവേറ.

കമില റവേറ

കമില റവേറ, ഒരു രാഷ്ട്രീയ സംഘടനയെ നയിക്കുന്ന ആദ്യത്തെ സ്ത്രീ എന്ന പദവിയിലേക്ക് തൊള്ളായിരത്തി ഇരുപതുകളില്‍ നടന്നു കയറിയത് സമൂഹം തീരുമാനിച്ചതുകൊണ്ടായിരുന്നില്ല. 1926 കഴിഞ്ഞുള്ള കാലത്ത് ഗ്രാംഷി അടക്കമുള്ള, കമ്മ്യൂണിസ്റ്റ് സംഘടനയുടെ പ്രമുഖരെ മുഴുവന്‍ ഫാഷിസ്റ് ഭരണകൂടം തടവിലാക്കിയപ്പോള്‍ കമില റവേറ പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞുകൊണ്ടു പാര്‍ട്ടിയെ നിലനിര്‍ത്താന്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ച പ്രയത്നങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. നാടുകടത്തപ്പെട്ട, ഒളിവില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി സംഘടനയെ വളര്‍ത്താനും പടര്‍ത്താനും യോഗങ്ങള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ കമിലയും ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ നോട്ടപ്പുള്ളി ആയിരുന്നു.

കമില റവേറ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ നേതൃത്വത്തില്‍ എത്തിയത്?
സാമ്പത്തികമായും രാഷ്ട്രീയപരമായും അനുകൂല സാഹചര്യങ്ങള്‍ ലഭിച്ച ഒരു കുടുംബത്തില്‍ 1889 ല്‍ ഇറ്റലിയില്‍ ജനിച്ച കമിലയ്ക്ക് യുക്തിവാദിയും സോഷ്യലിസ്റ്റും സര്‍ക്കാരുദ്യോഗം വഹിക്കുന്ന അച്ഛനും പുരോഗമനവാദിയും സ്ത്രീവിമോചന വാദിയുമായിരുന്ന അമ്മയും മുന്നോട്ടുള്ള ജീവിതത്തിനുള്ള ആദ്യത്തെ വഴികാട്ടികളായിരുന്നു. പാര്‍ട്ടിയിലെ അംഗമായിരുന്ന സഹോദരന്‍റെ അംഗത്വത്തിനുള്ള വരിയടക്കാന്‍ പാര്‍ട്ടി ഓഫീസുകളില്‍ പോകുന്നതാണ് സംഘടനയുമായി നേരിട്ട് കമിലയ്ക്ക് ഉണ്ടാകുന്ന കൂടിക്കാഴ്ച. എട്ടു വയസ്സുള്ളപ്പോള്‍ സ്വര്‍ണ്ണം മിനുക്കുന്ന തൊഴിലെടുക്കുന്ന സ്ത്രീകളുടെ ഒരു പ്രതിഷേധ സമരം കാണാനിടയായ കമില മുദ്രാവാക്യം വിളികള്‍ കേട്ട് ഭയന്ന് നില്‍ക്കുന്നത് കണ്ടപ്പോള്‍ അമ്മ അവര്‍ തൊഴിലാളികള്‍ ആണെന്നും അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയാണെന്നും അത് കേട്ട് ഭയപ്പെടേണ്ടതില്ലെന്നും പറഞ്ഞുകൊടുക്കുകയുണ്ടായി. അതോടൊപ്പം ഇനിയും ജീവിതത്തില്‍ പലഘട്ടത്തിലും തൊഴിലാളി സമരങ്ങള്‍ കാണേണ്ടി വരുമെന്നും കമിലയെ അമ്മ ഓര്‍മ്മപ്പെടുത്തി. “കൈയ്യില്‍ ധാരാളം പണമുണ്ടായിട്ടും അത് ഇല്ലാത്തവര്‍ക്ക് പങ്കിട്ടു നല്‍കാത്തത് ആരാണ്” എന്ന ചോദ്യം എട്ടു വയസ്സുള്ള അന്ന് തന്‍റെ ഉള്ളില്‍ കയറിക്കൂടിയതാണെന്നും അത് സ്ഥിരമായി ഉള്ളില്‍ മനനം നടത്തപ്പെട്ട ആശയമായിരുന്നു എന്നും കമില പിന്നീട് ഓര്‍മ്മയില്‍ കുറിക്കുന്നുണ്ട്. മാര്‍ക്സിന്‍റെ പുസ്തകങ്ങള്‍ വായിക്കുകയും ആശയങ്ങളും മറ്റും സ്വയം വിശകലനം നടത്തി ബോധ്യപ്പെടുകയും ചെയ്ത കാലഘട്ടത്തില്‍ സോഷ്യലിസ്റ് പാര്‍ട്ടിയില്‍ ചേരാനും പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും കമില സ്വാഭാവികമായി തീരുമാനിക്കുകയായിരുന്നു. അങ്ങനെ വീണുകിട്ടിയ അവസരങ്ങള്‍ ഒന്നും പാഴാക്കാതെ അക്ഷീണ്യം ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചുകൊണ്ടാണ് കമില പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനും അതിനെ നയിക്കുന്നതിനും നിയോഗിക്കപ്പെടുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിനായി ലിംഗസമത്വത്തിനായി സ്വയം ദൃഢമാര്‍ന്ന ആശയങ്ങളും അഭിപ്രായങ്ങളും രൂപീകരിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും അതിനായെടുത്ത ഒരു തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവാതിരിക്കുകയും ചെയ്തുകൊണ്ടാണ് കമില രാഷ്ട്രീയ നേതൃത്വത്തില്‍ എത്തുന്നത്.

മുതിര്‍ന്നപ്പോള്‍ ഒരു പ്രാഥമിക വിദ്യാലയ അദ്ധ്യാപികയായി തൊഴിലെടുക്കുകയും സമാന്തരമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. സ്ത്രീകളുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളെക്കുറിച്ച് കമില എഴുതിയ ലേഖനങ്ങള്‍ വായിച്ച ഗ്രാംഷി പിന്നീടുള്ള യോഗങ്ങളിലും സംഘടനാ തലങ്ങളിലും പ്രസംഗിക്കാനും സംസാരിക്കാനും കമിലയെ വളരെയധികം പ്രോത്സാഹിപ്പിക്കുകയുണ്ടായി. പൊതുസ്ഥലങ്ങളില്‍ സംസാരിക്കുക എന്നത് കമിലയ്ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്ന ഒരു കഴിവായിരുന്നില്ല, അവരതില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. ഒരു നേതാവിന്‍റെ സ്ഥാനത്ത് നിന്ന് ഒരു കൂട്ടം ആളുകളോട് സംവദിക്കാന്‍ തനിക്കാകുമോ എന്നതായിരുന്നില്ല കമിലയുടെ സങ്കോചം, മറിച്ച് മറ്റനേകം കാര്യങ്ങള്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ചെയ്യാനുള്ളപ്പോള്‍ ഇതിനായി ശ്രമിക്കണോ എന്നതായിരുന്നു. നേതാവാകുക എന്നത് തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനമേഖലയാണ് എന്ന തിരിച്ചറിവില്‍ നിന്നപ്പോഴും പക്ഷെ കമില പിന്‍വാങ്ങിയില്ല, പൊതുവേദികളില്‍ പ്രസംഗിച്ചു, സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തിന്‍റെ അനീതികളെക്കുറിച്ചും എഴുതിയും സംവദിച്ചും തന്നെ മുന്നോട്ടു പോയി. കമിലയുടെ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കായുള്ള അവകാശസമരങ്ങള്‍ തീര്‍ത്തും സ്വാഭാവികമായ ഒന്നായിരുന്നു. നിസ്സംശയം അതേക്കുറിച്ച് പ്രസംഗിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും എഴുതുകയും മാത്രമല്ല കമില ചെയ്തത്, പാര്‍ലമെന്‍റിലെയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലിംഗസമത്വത്തിനായുള്ള നിയമനിര്‍മ്മാണവും കമില ഏറ്റെടുത്തു നടത്തി.

1921ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപമെടുക്കുമ്പോള്‍ ഉണ്ടായിരുന്ന സ്ഥാപകനേതാക്കളില്‍ ഒന്ന് കമില റവേറയെന്ന സ്ത്രീയായിരുന്നു. രാഷ്ട്രീയ സംഘടനകളുടെ ലോക ചരിത്രത്തില്‍ ഒരു സ്ത്രീയെ പാര്‍ട്ടിയുടെ സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്യുന്നത് ആദ്യമായി സംഭവിക്കുന്നത് 1927ല്‍ ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമില റവേറയെ തിരഞ്ഞെടുക്കുന്നതിലൂടെയാണ്. 1927 മുതല്‍ 1930 വരെ ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കമില റവേറയായിരുന്നു.
1922 ല്‍ കമില കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ്, അതേ കൊല്ലം മുസോളിനി കമില റവേറയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. വീണ്ടും ഏകദേശം എട്ടുവര്‍ഷത്തോളം അവര്‍ ഒളിവില്‍ കഴിയുകയും പല പേരുകള്‍ സ്വീകരിച്ച് ഒളിവില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. മിക്കെലി എന്നും സില്‍വിയ എന്നുമൊക്കെ പേരുകള്‍ സ്വീകരിച്ച് ഫാഷിസത്തിന്‍റെ കൈകളില്‍ നിന്ന് വഴുതി നടന്നു, അത്രയും സങ്കീര്‍ണ്ണമായ വ്യക്തി ഒരു പുരുഷനാണ് എന്ന് തന്നെ അറസ്റ്റ് ചെയ്യാന്‍ തപ്പി നടന്ന കങ്കാണിമാര്‍ പോലും കരുതുകയുണ്ടായി. ഇക്കാലത്ത് കമില നടത്തേണ്ടിയിരുന്ന പ്രവര്‍ത്തനം അന്നുണ്ടായിരുന്ന പുരുഷന്മാര്‍ക്ക് പോലും ഏറ്റവും ദുഷ്കരമായിരുന്നു. മുസോളിനി എന്ന ഫാഷിസ്റ്റ് ഭരണാധികാരിയുടെ കാവല്‍പ്പടയുടെ കൈയ്യില്‍പ്പെടാതെ, മറ്റു നേതാക്കന്‍മാര്‍ ഏതാണ്ടെല്ലാവരും അറസ്റ്റിലായ, നിരോധിക്കപ്പെട്ട ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ, നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് കമില രണ്ടാമതൊന്നാലോചിക്കാതെ ഏറ്റെടുത്തത്. ഇറ്റലിയ്ക്ക് അകത്തും പുറത്തും അവര്‍ സഞ്ചരിച്ചു, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി, അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് സംഘടനകളുമായി നിരന്തരം ആശയവിനിമയം തുടര്‍ന്നു. മോസ്കോയില്‍ അഭയാര്‍ത്ഥിസ്ഥാനം നല്‍കുകയും സ്വതന്ത്രമായി ജീവിക്കാന്‍ കമിലയെ റഷ്യ ക്ഷണിക്കുകയും ചെയ്തു. പക്ഷേ കമില അത് സ്വീകരിച്ചില്ല ഇറ്റലിയില്‍ തുടരുകയും ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.
1930 ല്‍ കമില റവേറ അറസ്റ്റ് ചെയ്യപ്പെട്ടു, പിന്നീട് 1935 വരെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് ഏറ്റവും ഹീനമായ ചുറ്റുപാടുകളുള്ള തടവറകളിലേയ്ക്ക് അവരെ അങ്ങോട്ടും ഇങ്ങോട്ടും കടത്തുകയുണ്ടായി. അതിനു ശേഷം കഠിനാധ്വാന പ്രവര്‍ത്തികള്‍ക്കായി അയയ്ച്ചു. ഒരു സ്ത്രീയെന്ന നിലയ്ക്ക് കമിലയുടെ അഭിപ്രായങ്ങളും ആശയങ്ങളും അവഗണിക്കുകയോ കണക്കിലെടുക്കാതിരിക്കുകയോ ചെയ്യാതിരുന്ന പാര്‍ട്ടി എന്നാല്‍ 1939 ല്‍ കമിലയെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കി.

The Molotov-Ribbentrop Pact നടപ്പിലായപ്പോള്‍ ഉംബെര്‍ട്ടോ തെറാച്ചിനിയോടൊപ്പം ചേര്‍ന്ന് കമില നടത്തിയ വാദം ഇതായിരുന്നു: സോഷ്യലിസം സാര്‍വ്വലൗകികമായി നടപ്പിലാക്കേണ്ട ആശയമല്ലെന്നും ഓരോ രാജ്യത്തിനും അതിന്‍റേതായ ആവശ്യങ്ങളും വ്യവസ്ഥകളും അനുസരിച്ച് പരിവര്‍ത്തനം നടത്തേണ്ട അധികാരം ഉണ്ടാവണമെന്നും, റഷ്യയില്‍ ഉണ്ടായ സാമൂഹ്യ മാറ്റത്തിന്‍റെ പാതയല്ല ഇറ്റലിയില്‍ വേണ്ടതെന്നും കമില നിലപാടെടുത്തു. സെക്ടേറിയനായ ഇടുങ്ങിയ സങ്കുചിത ആശയങ്ങളെ കമില എന്നും അടിമുടി എതിര്‍ത്തിരുന്നു. ഗ്രാംഷിയുടെ സംഘത്തില്‍ വളര്‍ന്നതുകൊണ്ട് വിമര്‍ശിക്കാനും സംവദിക്കാനും ഉള്ള അവകാശങ്ങളെ കമില കൈവെടിയാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയിലെ മറ്റു സഖാക്കള്‍ റഷ്യന്‍ സോഷ്യലിസ്റ്റ് ആശയം സാര്‍വ്വലൗകികമായി പ്രാവര്‍ത്തികമാക്കേണ്ടുന്ന ഒന്നല്ല എന്ന ആശയത്തെ പൂര്‍ണ്ണമായും എതിര്‍ക്കുകയും അതിന്മേല്‍ ഉണ്ടായ ആശയവ്യത്യാസങ്ങളില്‍ ഉംബെര്‍ട്ടോയും കമിലയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. വളരെ തിക്തമായ അനുഭവമായിരുന്നു അതെന്നാണ് കമില റവേറ പിന്നീട് കുറിക്കുന്നത്. ഒരു സ്ത്രീയ്ക്ക് അവളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിക്കാന്‍ അതിരുകളില്ല എന്നതാണ് കമിലയുടെ തിക്താനുഭവം തലമുറകള്‍ക്ക് നല്‍കുന്ന പാഠം. താനും കൂടി ഉള്‍പ്പെട്ടു കൊണ്ട് നേതൃസ്ഥാനത്ത് നിന്ന് ഉരുവാക്കിയ സംഘടനയില്‍, ആശയങ്ങള്‍ തുറന്നു പറയുമ്പോള്‍ ഏത് പരിണതഫലവും നേരിടാനുള്ള ആര്‍ജ്ജവവും കൈമുതലായുള്ള യഥാര്‍ത്ഥ നേതാവായിരുന്നു കമില.

അതിനപ്പുറവും സാമൂഹ്യപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായിരുന്നില്ല കമിലയുടെ ജീവിതം. പക്ഷെ അച്ചടക്കനടപടി പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് ഏകാന്തവാസം തീര്‍ത്തും പ്രതാപത്തോടെ അദ്ധ്യാപനത്തില്‍ മുഴുകി ജീവിക്കുകയായിരുന്നു അവര്‍. വിദ്യാര്‍ത്ഥികളില്‍ പലരും പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരാകാം എന്ന ബോധ്യത്തോടെ കര്‍ഷകരുടെ കുട്ടികള്‍ക്ക് അധ്യാപികയായി കമില തുടര്‍ന്ന് പ്രവര്‍ത്തിച്ചു. 1945 ല്‍ ഫാഷിസവുംആഭ്യന്തര യുദ്ധവും അവസാനിച്ച് ഇറ്റലിയുടെ ലിബറേഷന്‍ സമയത്ത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ആഘോഷങ്ങളുടെ ഇടയില്‍ റവേറ എവിടെയെന്ന് ചോദിക്കുകയും, ആരോ അതിന് റവേറ വിട്ടു നില്‍ക്കുകയാണ് എന്ന് പറയുകയും, അദ്ദേഹം വളരെ നിസ്സാരമായി, കളി പറയാതെ റവേറയെ വിളിച്ചുകൊണ്ടു വരൂ, അതുപോലെ ഈ അസംബന്ധത്തെ കുറിച്ച് ഇനി ഒരു വര്‍ത്തമാനവും വേണ്ടായെന്ന് പറയുകയും ചെയ്തു. അതോടെ 1945 ല്‍ റവേറ വീണ്ടും പാര്‍ട്ടിയില്‍ എത്തി, അച്ചടക്കനടപടിയെ പാര്‍ട്ടി അസംബന്ധമായി എഴുതിത്തള്ളി. 1948ല്‍ കമില തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വീണ്ടും പല തവണ പാര്‍ലമെന്‍റില്‍ എത്തുകയും ചെയ്യുകയുണ്ടായി. പത്തു വര്‍ഷത്തിന് ശേഷം ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി സമയം ചിലവഴിക്കണമെന്നും കമില തീരുമാനിച്ചു. നയിക്കാനുള്ള പദവികള്‍ കമിലയെ മോഹിപ്പിച്ചിരുന്നില്ല എന്നത് വാസ്തവമാണ്, അതിനുപരി അത്തരം സാഹചര്യങ്ങളെ ഒഴിവാക്കി നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും അവര്‍ കരുതിയിരുന്നില്ല. തനിക്ക് ശരിയെന്നു ബോധ്യമുള്ള ആശയത്തിനും സംഘടനയ്ക്കും വേണ്ടി മുന്നിലേയ്ക്ക് വന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുത്ത് അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കുകയാണ് കമില ചെയ്തത്. പുരുഷാധിപത്യമോ സമൂഹമോ സഹപ്രവര്‍ത്തകരെന്ന കുതികാല്‍ വെട്ടുകാരോ മാത്രം ആയിരുന്നില്ല കമില റവേറയെന്ന പെണ്‍ നേതാവ് മറികടന്ന കടമ്പകള്‍, സാക്ഷാല്‍ മുസോളിനിയുടെ ഫാഷിസ്റ്റ് പടയേയും അതിക്രമങ്ങളെയുമാണ് യാതൊരു അനുകൂല സാഹചര്യവും ഇല്ലാത്ത കാലത്ത് കമില സധൈര്യം എതിര്‍ത്തുനിന്ന് സംഘടനയെ ജീവനോടെ നിലനിര്‍ത്തിയത്. ഒരു തീരുമാനം എടുക്കുന്നതും അത് ഇച്ഛാശക്തിയോടെ നടപ്പിലാക്കുന്നതും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടു പോവുകയും ചെയ്യുന്നതാണ് ഒരു നേതാവിന് വേണ്ടതെന്ന് കമിലയെന്ന പെണ്ണ് ലോകത്തിനു ജീവിച്ചുകാണിച്ചു കൊടുത്തു.

ആജീവനാന്ത സെനറ്റര്‍ പദവി എന്ന ബഹുമതി ലഭിച്ച ആദ്യ വനിത റവേറയാണ്. ഇറ്റലിയില്‍ ഈ ബഹുമതി സമ്മാനിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തില്‍ ചേമ്പറിലെ സ്പീക്കര്‍ നില്‍ദെ ലോത്തി ഇങ്ങനെ എഴുതി ചേര്‍ത്തിരുന്നു, “പ്രിയപ്പെട്ട കമിലാ, ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളുകളില്‍ സ്വാതന്ത്ര്യം എന്ന ആശയത്തെ ഓജസ്സോടെ നിലനിര്‍ത്തിയതിന് നിങ്ങള്‍ക്ക് നന്ദി, ജനാധിപത്യത്തെ നിരവധി നൂതനാശയങ്ങള്‍ കൊണ്ട് സമ്പുഷ്ടമാക്കിയതിന് നന്ദി, സ്ത്രീ വിമോചന സമരങ്ങള്‍ക്ക് ആക്കംകൂട്ടുകയും വിജയങ്ങളുടെ നിരതന്നെ സമ്മാനിക്കുകയും ചെയ്തതിനും കൂടി കമിലാ നിങ്ങള്‍ക്ക് നന്ദി”. അദ്ധ്യാപികയായിരുന്നത് കൊണ്ട് ടീച്ചര്‍ എന്ന ഓമനപ്പേരില്‍ ആണ് കമില അറിയപ്പെട്ടിരുന്നത്.

1988 ല്‍ കമില റവേറയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് മിറിയം മഫായി എന്ന പ്രശസ്ത ജേര്‍ണലിസ്റ്റ് ഇങ്ങനെ എഴുതുകയുണ്ടായി: തലമുടി വൃത്തിയായി ചീകിയൊതുക്കി കഴുത്തിന് പിന്നില്‍ കെട്ടിവെച്ച്, ഒരല്‍പം വളഞ്ഞ നില്‍പ്പോട് കൂടിയ മെല്ലിച്ച രൂപമായാണ് കമിലയെ ഓര്‍ക്കുന്നത്…നമ്മുടെ രാജ്യത്തിന്‍റെ ചരിത്രം സൃഷ്ടിച്ച അസാധാരണയായ സ്ത്രീ, ഭക്ത്യാദരവുകളോട് കൂടി ആ ചെറിയ (രൂപത്തില്‍ മാത്രം) വലിയ സ്ത്രീയെ ഓര്‍ക്കുന്നു, വളരെ വളരെ വലിയ സ്ത്രീയെ.”
സംഘടനകളെ നയിക്കാനുള്ള കമിലമാര്‍ ഇനിയും ഉണ്ടാവട്ടെ എന്നൊരു വാചകം എഴുതാന്‍ കമിലയുടെ തന്നെ രാഷ്ട്രീയവാദം സമ്മതിക്കുകയില്ല, സാര്‍വ്വലൗകിക ആശയങ്ങളുടെ ആലഭാരമില്ലാതെ, പ്രാദേശികതകളെ ഉള്‍ക്കൊണ്ടുകൊണ്ട് അവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും നീതിയ്ക്കും കാവലാളായി നമ്മുക്കും പെണ്‍ നേതാക്കള്‍ ഉണ്ടാവട്ടെ. അതിനൊരു പ്രചോദനമായി കമില റവേറയെന്ന നേതാവിന്‍റെ അനുഭവം കുറിയ്ക്കപ്പെടട്ടെ.

 

 

 

 

 

മായാലീല
സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്

COMMENTS

COMMENT WITH EMAIL: 0