Homeശാസ്ത്രം

സമുദ്രത്തിന്‍റെ അടിത്തട്ട് രേഖപ്പെടുത്തിയ മേരി താര്‍പ്പ്

റ്റ്ലാന്‍റിക് സമുദ്ര അടിത്തട്ടിന്‍റെ ഭൂപടം ശാസ്ത്രീയമായി തയ്യാറാക്കി. മദ്ധ്യ അറ്റ്ലാന്‍റിക് വരമ്പിന്‍റെ കണ്ടെത്തലിലൂടെ ഭൂമിശാസ്ത്രത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കുകയും വന്‍കര വിസ്ഥാപന സിദ്ധാന്തത്തിന് ശക്തമായ തെളിവു നല്‍കുകയും ചെയ്തു. സ്ത്രീകള്‍ കടന്നുവരാന്‍ മടിച്ചിരുന്ന സമുദ്രശാസ്ത്രത്തിലും ഭൂപട നിര്‍മ്മാണത്തിലും വിസ്മയങ്ങള്‍ വിരിയിച്ച ആ വനിതയാണ് മേരി താര്‍പ്പ്.
1920 ജൂലൈ 30-ന് അമേരിക്കയിലെ മിഷിഗണില്‍ അദ്ധ്യാപികയായിരുന്ന ബെര്‍ത്താ ലൂയിസ് താര്‍പ്പിന്‍റെയും സോയില്‍ സര്‍വ്വേയര്‍ ആയ വില്ല്യം എഡ്ഗാര്‍ താര്‍പ്പിന്‍റെയും മകളായാണ് മേരിയുടെ ജനനം. പിതാവ് ഫീല്‍ഡ് വര്‍ക്കിനു പോവുമ്പോള്‍ മേരിയും പലപ്പോഴും അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. ഇത് മേരിക്ക് ഭൂപടനിര്‍മ്മാണത്തിന്‍റെ ആദ്യപാഠങ്ങളായി.

പിതാവിന്‍റെ ജോലിമാറ്റത്തിനനുസരിച്ചുള്ള സ്ക്കൂള്‍ മാറ്റങ്ങള്‍ കാരണം ആ പെണ്‍കുട്ടിക്ക് ആത്മാര്‍ഥ സുഹൃത്തുക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സില്‍ മാതാവിനെ നഷ്ടമായതോടെ ഏകാന്തത മേരിയെ വല്ലാതെ അലട്ടാന്‍ തുടങ്ങി. ഫ്ലോറന്‍സിലെ സ്ക്കൂള്‍ പഠനകാലത്ത് കറന്‍റ് സയന്‍സ് എന്ന ക്ലാസ്സ് കേള്‍ക്കാന്‍ ഇടയായതോടെ നൂതന ഗവേഷണമേഖലകളെക്കുറിച്ച് മനസ്സിലാക്കാന്‍ മേരിക്ക് സാധിച്ചു. ഇതിന്‍റെ ഭാഗമായുള്ള ഫീല്‍ഡ് ട്രിപ്പുകളിലൂടെ മരങ്ങളെക്കുറിച്ചും പാറകളെക്കുറിച്ചും കൂടുതല്‍ പഠിക്കാനും സാധിച്ചു. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുടുംബത്തിന്‍റെ കൃഷിസ്ഥലത്ത് ജോലി ചെയ്തതു കാരണം കോളേജില്‍ ചേരാന്‍ കുറച്ചു വൈകി. 1943-ല്‍ ഓഹിയോ സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷിലും മ്യൂസിക്കിലും ബിരുദം നേടി.
ജപ്പാന്‍റെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനുശേഷം കോളേജില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ സൈന്യത്തില്‍ ചേര്‍ന്നതോടെ അതുവരെ പെണ്‍കുട്ടികള്‍ക്ക് നിഷിദ്ധമായിരുന്ന പെട്രോളിയം ജിയോളജി പോലുള്ള മേഖലകള്‍ അവര്‍ക്കായി വാതിലുകള്‍ തുറക്കാന്‍ തുടങ്ങി. അങ്ങനെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ പെട്രോളിയം ജിയോളജി പ്രോഗ്രാമില്‍ ചേരുകയും 1944-ല്‍ അതില്‍ മാസ്റ്റര്‍ ബിരുദം നേടുകയും ചെയ്തു.തുടര്‍ന്ന് ഒക്ലഹോമയിലെ സ്റ്റാനോലിന്‍ഡ് ഓയില്‍ കമ്പനിയില്‍ ജോലി ലഭിച്ചെങ്കിലും ഫീല്‍ഡ് വര്‍ക്കില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ കമ്പനി തയ്യാറായിരുന്നില്ല. പുരുഷ സഹപ്രവര്‍ത്തകരുടെ ഔദ്യോഗികയാത്രയ്ക്കാവശ്യമായ മാപ്പുകള്‍ തയ്യാറാക്കലായിരുന്നു മേരിയുടെ പ്രധാന ജോലി. ഈ വിവേചനം അവരെ നിരാശയാക്കിയെങ്കിലും അതിനിടയില്‍ ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയെടുക്കാന്‍ സാധിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് ചേക്കേറിയ മേരി താര്‍പ്പ് ലാമോണ്ട് ജിയോളജിക്കല്‍ ഒബ്സര്‍വേറ്ററിയില്‍ ജോലിയാരംഭിച്ചു. അക്കാലത്ത് അവിടെ ജോലി ചെയ്തിരുന്ന ചുരുക്കം ചില വനിതകളില്‍ ഒരാളായിരുന്നു മേരി.

തുടര്‍ന്ന് കൊളംബിയ സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ബ്രൂസ് ഹീസന്‍ എന്ന അമേരിക്കന്‍ സമുദ്രശാസ്ത്രജ്ഞനെ പരിചയപ്പെട്ടതോടെ സമുദ്രത്തിന്‍റെ അടിത്തട്ട് മാപ്പ് ചെയ്യുന്ന പ്രവര്‍ത്തനം അവര്‍ ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോയി.18 വര്‍ഷത്തോളം നീണ്ട സംയുക്ത ഗവേഷണത്തിനിടെ ഗവേഷണക്കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുവാദം ഹീസനു മാത്രമായിരുന്നു. സ്ത്രീയായതുകൊണ്ട് ഗവേഷണക്കപ്പലിലെ പര്യവേക്ഷണത്തിന് മേരിക്ക് അവസരം നിഷേധിക്കപ്പെടുകയായിരുന്നു. പുരുഷ ഗവേഷകര്‍ നല്‍കുന്ന ഡാറ്റ അടിസ്ഥാനമാക്കി ഭൂപടം തയ്യാറാക്കുക എന്നതായിരുന്നു അവരുടെ ജോലി. ഒടുവില്‍ 1968-ല്‍ മാത്രമാണ് മേരി താര്‍പ്പിന് പര്യവേക്ഷണത്തിനുള്ള അനുമതി ലഭിച്ചത്. അറ്റ്ലാന്‍റിസ് ഗവേഷണക്കപ്പലില്‍ യാത്ര ചെയ്ത് കണ്ടെത്തിയ വിവരങ്ങളുപയോഗിച്ചും സമുദ്രാന്തര്‍ഭാഗത്തെ ഭൂചലന സമയത്തെ സീസ്മിക് തരംഗങ്ങള്‍ അപഗ്രഥിച്ചും സമുദ്ര അടിത്തട്ട് തികച്ചും ശാസ്ത്രീയമായി രേഖപ്പെടുത്താനുള്ള ആദ്യകാലശ്രമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു ഇത്. എക്കോസൗണ്ടര്‍ ഉപയോഗിച്ച് ലഭ്യമാക്കിയ സമുദ്രാന്തര്‍ഭാഗത്തിന്‍റെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി മേരി താര്‍പ്പ് തയ്യാറാക്കിയ ഭൂപടത്തില്‍ അറ്റ്ലാന്‍റിക്കിന്‍റെ അടിത്തട്ടിലുള്ള പര്‍വ്വതനിരയും ഭ്രംശ താഴ്വരയുമൊക്കെ രേഖപ്പെടുത്തിയെങ്കിലും ആദ്യമൊന്നും ഹീസന്‍ അടക്കമുള്ള ഗവേഷകര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല പുച്ഛിച്ചു തള്ളുകയും ചെയ്തു. എന്നാല്‍ പിന്നീട് സമുദ്രത്തിനടിയിലെ ഭൂകമ്പ തരംഗങ്ങളെ ആസ്പദമാക്കി ഹോവാഡ് ഫോസ്റ്റര്‍ എന്ന സമുദ്രശാസ്ത്രജ്ഞന്‍ തയ്യാറാക്കിയ ഭൂപടവും മേരി തയ്യാറാക്കിയ ഭൂപടവും താരതമ്യം ചെയ്ത ഗവേഷകര്‍ ഞെട്ടി. രണ്ടും തമ്മില്‍ സമാനതകള്‍ ഏറെയായിരുന്നു. അതോടെ മേരിയുടെ കണ്ടെത്തലുകള്‍ ശരിയായിരുന്നുവെന്ന് അവര്‍ക്ക് കൈയടിച്ച് സമ്മതിക്കേണ്ടി വന്നു. തുടര്‍ന്ന് നിരവധി സമുദ്ര അടിത്തട്ടുകളുടെ ഭൂപടങ്ങള്‍ മേരി തയ്യാറാക്കി. മേരിയും ഹീസനും ഓസ്ട്രിയക്കാരനായ ഹെന്രിച്ച് ബെറാനും ചേര്‍ന്ന് തയ്യാറാക്കിയ ലോകത്തിലെ എല്ലാ സമുദ്രാടിത്തട്ടുകളും ചേര്‍ന്ന ഭൂപടം 1977-ല്‍ നാഷണല്‍ ജ്യോഗ്രഫിക് പ്രസിദ്ധീകരിച്ചു. 1983 വരെ മേരി കൊളംബിയ സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിച്ചു. ജോലിയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ച ശേഷവും ഭൂപടങ്ങളോടുള്ള സ്നേഹം അവര്‍ കൈവിട്ടില്ല. സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് വെളിച്ചം വീശിയ മേരി താര്‍പ്പ് 2006 ഓഗസ്റ്റ് 23-ന് ന്യൂയോര്‍ക്കില്‍ വച്ച് അന്തരിച്ചു.

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

 

 

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0