Homeചർച്ചാവിഷയം

സാമൂഹ്യനീതി പാഠ്യപദ്ധതിയില്‍

തൊരു സമൂഹത്തിന്‍റെയും പുരോഗതിയെ നിര്‍ണയിക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം എന്നത് മതനിരപേക്ഷവും ശാസ്ത്രാഭിമുഖ്യ അനുശീലനമുള്ളതും ജന്‍റര്‍ ന്യൂട്രലുമായ ഒരു പൗരസമൂഹത്തെ നിര്‍മ്മിക്കുന്നതിന് ഉതകുന്നതു കൂടിയാകണം. കേവലം വിവിധ വിഷയങ്ങളിലുള്ള അറിവ് ഉത്പാദിപ്പിക്കല്‍ മാത്രമല്ലാതെ മാനവികതയുളെളാരു പൗരത്വ സമൂഹത്തെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ സമ്പ്രദായവും ബോധനരീതിയും ഭരണഘടനയെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ സമൂഹത്തിന് ആവശ്യമാണ്. അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് സമൂഹത്തിന്‍റെ ഭാഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൊതു സമൂഹത്തെയും വിവിധ സാമൂഹിക വിഭാഗങ്ങളെയും സാമൂഹ്യ നീതിയെക്കുറിച്ചുമെല്ലാം സാമാന്യ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ററി വരെയുള്ള സ്കൂള്‍ പാഠ്യപദ്ധതി കാലോചിതമായി പരിഷ്കരിക്കുന്നതിലൂടെ അത് പ്രയോഗവത്കരിക്കാവുന്നതാണ്. അതിനാല്‍ നടപ്പുകാലത്തിനനുസരിച്ച് സ്കൂള്‍ പാഠ്യപദ്ധതി മാറ്റിപ്പണിയേണ്ടതുണ്ട്. പൊതുസമൂഹത്തില്‍ നിന്ന് ഓരോ വ്യക്തികളും സ്വീകരിക്കാവുന്ന പൊതുബോധത്തെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന ചിന്താധാരകളെ പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെ മനോഭാവത്തെ രൂപപ്പെടുത്തിയെടുക്കാന്‍ നല്കാവുന്നതാണ്.

പൊതു സമൂഹത്തില്‍ അനീതിയും അസമത്വവും ഇന്നും നിലനില്‍ക്കുന്നു നിരന്തരം സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വര്‍ദ്ധിച്ചുവരുന്നു. ജാതിയുടെയും മതത്തിന്‍റെയും വര്‍ഗത്തിന്‍റെയും വര്‍ണത്തിന്‍റെയും പേരില്‍ ഇപ്പോഴും വിവേചനം തുടരുകയാണ്. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ചിലര്‍ക്ക് ഇപ്പോഴും അന്യവും അപ്രാപ്യവുമാണ്.

സമൂഹത്തില്‍ അവശത അനുഭവിക്കുന്ന എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി 1975 സെപ്റ്റംബര്‍ 9 മുതലാണ് സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. വയോജനങ്ങള്‍, അംഗപരിമിതര്‍ , ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍, ഭിക്ഷ യാചിക്കുന്നവര്‍, മനുഷ്യക്കടത്തിന് വിധേയമാവുന്നവര്‍, ജയിലില്‍ നിന്നും മറ്റ് തെറ്റു തിരുത്തല്‍ കേന്ദ്രങ്ങളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍, ലഹരിക്കടിമയായിത്തീര്‍ന്നവര്‍, വിവിധ കുറ്റകൃത്യങ്ങള്‍ക്കിരയാവുന്നവര്‍, ജാമ്യത്തില്‍ കഴിയുന്നവര്‍, ആത്മാഭിമാനം നഷ്ടപ്പെട്ട് ജീവിക്കുന്ന വിവിധ സാമൂഹിക വിഭാഗങ്ങള്‍ തുടങ്ങി സമൂഹത്തിന്‍റെ നിഷേധാത്മക മനോഭാവത്തിനിരയായി ഏറ്റവും അടിത്തട്ടില്‍ ജീവിതം തള്ളിനീക്കുന്നവരെ പരിഗണിച്ചു കൊണ്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഈ വകുപ്പിനു കീഴില്‍ വരുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതിയും, മെച്ചപ്പെട്ടതും അന്തസ്സോടെ ജീവിക്കാനുതകുന്നതുമായ ജീവിത സാഹചര്യങ്ങള്‍ രൂപപ്പെടുമ്പോള്‍ കുറ്റകൃത്യങ്ങളും സാമൂഹ്യ വിരുദ്ധ മനോഭാവങ്ങളും കുറയുകയും കാലക്രമേണ നാമമാത്രമായി തീരുകയും ചെയ്യും എന്ന ആധുനിക പുരോഗമന ചിന്തയെ മുന്‍ നിര്‍ത്തിയാണ് ഈ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിന്‍റെ താഴെക്കിടയില്‍ വ്യത്യസ്തമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സമഗ്രമായ ഇടപെടലിലൂടെയാണ് സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ കഴിയുക. 2007ലാണ് ഐക്യരാഷ്ട്ര സഭ ഫെബ്രുവരി 20 സാമൂഹ്യനീതി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം നിലനിര്‍ത്താനും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ പോരാടാനുമാണ് ഐക്യരാഷ്ട്ര സഭ ഈ ദിനാചരണത്തിലുടെ ആഹ്വാനം ചെയ്യുന്നത്. മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുകയും എല്ലാവര്‍ക്കും തല്യഅവസരം ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പൊതു സൂഹത്തിന്‍റെ കണ്ണുകളില്‍ പതിയാതെ പോകുന്ന ഒന്നാണ് സാമൂഹികനീതി. സ്കൂള്‍ പാഠ്യപദ്ധതിയില്‍ സാമൂഹിക നീതിയെ കുറിച്ചുള്ള പ്രധാനപാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ഉള്ളടക്കം ചെയ്യേണ്ടതുണ്ട്. അടിസ്ഥാന വിദ്യാഭ്യാസ കാലഘട്ടം കഴിയുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ക്ക് പൊതുസമൂഹം ഉത്പാദിപ്പിക്കുന്ന ധാരണകളോട് വിമര്‍ശനാത്മകമായി സംവദിക്കാന്‍ കഴിയുന്ന തരത്തില്‍ സമൂഹത്തെക്കുറിച്ചുള്ള അടിസ്ഥാനധാരണകള്‍ രൂപപ്പെടുത്തുന്ന തരത്തില്‍ സാമൂഹിക നീതിയെക്കുറിച്ചുള്ള പാഠങ്ങള്‍ പാഠ്യപദ്ധതിയിലുണ്ടായിരിക്കണം. താന്‍ ജീവിക്കുന്ന സമൂഹത്തിലെ മനുഷ്യരെക്കുറിച്ചും മനുഷ്യരെ വ്യത്യസ്ത നിലകളില്‍ സ്ഥാനപ്പെടുത്തുന്ന ജാതി, മത, വര്‍ഗ്ഗ, രാഷ്ട്രീയ വിഭാഗങ്ങളെക്കുറിച്ചും വ്യത്യസ്ത സാമൂഹിക സ്ഥാപനങ്ങളെക്കുറിച്ചും അവയുടെ ധര്‍മ്മത്തെക്കുറിച്ചുമെല്ലാമുള്ള കൃത്യമായ ബോധ്യം വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരിക്കേണ്ടതുണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ തനിക്കുള്ള സ്വാതന്ത്ര്യവും അവകാശവും സമൂഹത്തിനോടും സഹജീവികളോടുമുള്ള കടമയും ഉത്തരവാദിത്വത്തെക്കുറിച്ചുമെല്ലാം ഒരു വിദ്യാര്‍ത്ഥിക്ക് അറിവുണ്ടായിരിക്കണം. തന്‍റെ സ്വാതന്ത്ര്യത്തിന്‍റെ അതിര് അപരന്‍റെ മൂക്കിന്‍ത്തുമ്പു വരെ മാത്രമേയുള്ളൂ എന്നത് ഒരു അറിവും തിരിച്ചറിവുമാണ്. പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകതയും ജലം, വായു, ഭൂമി എന്നിവയെ പരിരക്ഷിക്കുന്നതിനുതകുന്ന അടിസ്ഥാന പാഠങ്ങളും വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണം.

സമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ കടുത്ത ചായക്കൂട്ടുകളില്‍ വരച്ചെടുക്കുന്ന അതിഭാവുകത്വം കലര്‍ന്ന ചിത്രങ്ങള്‍ക്ക് സമാനമാണ്. അവ പലപ്പോഴും സാങ്കല്പികവും യുക്തിരഹിതവും മുന്‍വിധിയുടെ സ്വഭാവം പുലര്‍ത്തുന്നതുമായിരിക്കും. ജാതി, മതം, ലിംഗം, നിറം, ശരീരം, തൊഴില്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പൊതുസമൂഹം മനുഷ്യരെ വിവിധ തട്ടുകളില്‍ ക്രമീകരിക്കുന്നത്.

സ്ത്രീ – ദലിത് – ആദിവാസി- ട്രാന്‍സ് കമ്മ്യൂണിറ്റികളെക്കുറിച്ചെല്ലാം മുന്‍വിധികളുള്ള പൊതുധാരണകള്‍ സമൂഹ മനസ്സാക്ഷിക്കനുകൂലമായ വിധത്തില്‍ സമൂഹം തന്നെ സൃഷ്ടിച്ചെടുക്കുകയും സമൂഹവുമായി ബന്ധപ്പെടുന്ന വ്യക്തികളെ ആഴത്തില്‍ സ്വാധീനിക്കുന്ന തരത്തില്‍ പലതരം അനുഭവങ്ങളില്‍ നിന്നും ഒരു കഥാത്മക പരിസരം രൂപീകരിക്കുകയും ചെയ്യുന്നു. സമൂഹം വ്യക്തികള്‍ക്ക് വേണ്ടി സൂക്ഷിച്ചു വച്ച ഇത്തരം കള്‍ട്ടുകള്‍ സമൂഹവുമായി നിരന്തരം ഇടപഴകുന്ന വ്യക്തികളുടെ അബോധത്തില്‍ പതിയുകയും അവരുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലൂടെയോ സ്വന്തം നിരീക്ഷണത്തിലൂടെയോ പൊതുബോധത്തിനെതിരെ നിലകൊള്ളാത്തവരുടെ ചിന്തയുടെ അതിരുകള്‍ നിര്‍ണയിക്കുന്നത് ഇത്തരം കാഴ്ചപ്പാടുകളായിരിക്കും. നമ്മുടെ സാഹിത്യ രൂപകങ്ങളിലും സിനിമ സീരിയല്‍ തുടങ്ങിയ ദൃശ്യമാധ്യമങ്ങളിലും ആദിപ്രരൂപങ്ങള്‍ പോലെയുള്ള ഇത്തരം കള്‍ട്ടുകളുടെ മാതൃകകള്‍ കണ്ടെടുക്കാന്‍ കഴിയും. അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരെ പരിഹാസകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന കോമഡി ഷോകള്‍ സാമൂഹിക നീതിക്ക് വിരുദ്ധമായ അത്യന്തം അപലപനീയമായ ഉള്ളടക്കങ്ങളാലാണ് നിരന്തരം സംപ്രേഷണം ചെയ്യുന്നത്. പത്രമാധ്യമങ്ങളിലെ മാട്രിമോണിയല്‍ പരസ്യങ്ങളില്‍ കാണുന്ന ‘ എസ്.സി. എസ്. ടി. അപേക്ഷിക്കേണ്ടതില്ല’ എന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് ഗുരുതരമായ സാമൂഹ്യബോധ്യങ്ങളാണ്. ഉദ്ധരണികള്‍ക്കുള്ളില്‍ കള്ളി തിരിച്ചിട്ട വിഭാഗങ്ങളില്‍പ്പെടുന്നവരെ ഇത്തരം ചാപ്പ കുത്തലുകള്‍ എങ്ങനെ ബാധിക്കുമെന്ന ചിന്ത പോലുമുദിക്കാത്ത വിധം അതിക്രൂരമായി സാമൂഹിക നീതി നിഷേധിക്കപ്പെടുന്നു. വിദ്യാഭ്യാസമേഖലയിലെ പാഠപുസ്തകങ്ങളും ജനപ്രിയസാഹിത്യവും സിനിമകളുമെല്ലാം ഇത്തരം കള്‍ട്ടുകളെ സമകാലീനമാക്കി മാറ്റുന്നതിനൊപ്പം പൊതു ബോധ്യങ്ങളെ സംരക്ഷിച്ചു നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതായി കാണാം. സ്വതന്ത്ര ചിന്താഗതിയോ വീക്ഷണമോ സ്വന്തമായ അന്വേഷണമോ നിലപാടുകളോ ഇല്ലാത്ത വ്യക്തികള്‍ സമൂഹത്തില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ഇത്തരം ‘കള്‍ട്ടു’കളെ അന്ധമായി വിശ്വസിക്കുകയും അവ പിന്തുടരുകയും ചെയ്യുന്നു. ഒരു വ്യക്തിയ്ക്ക് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടുന്ന വിമര്‍ശനാത്മക ചിന്തയിലൂടെയാണ് ഇതിനെ പ്രതിരോധിക്കാന്‍ കഴിയുക.

പൊതുസമൂഹത്തിന് ചില മനുഷ്യരെ സംബന്ധിച്ച് സ്ഥാപിക്കപ്പെട്ട ചില ബോധ്യങ്ങളുണ്ട്. അത്തരം ബോധ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള പെരുമാറ്റമായിരിക്കും സമൂഹം വ്യക്തികളോട് പുലര്‍ത്തുന്നത്. സമകാലികമായുണ്ടാകുന്ന പല സംഭവങ്ങളും ഇതിനുദാഹരിക്കാവുന്നതാണ്. ആണും പെണ്ണും എന്ന ജെന്‍റര്‍ ബൈനറിയെ ശാസ്ത്രവും സാമൂഹിക ശാസ്ത്രവും മറികടന്നിട്ടും സമൂഹ മനസ്സിലുള്ള വേര്‍തിരിവുകളെ മാറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് പറയുമ്പോഴും സ്ത്രീക്കും പുരുഷനുമിടയിലെ അന്തരം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതുവിടത്തിലും കുടുംബകത്തിലും തൊഴിലിടത്തിലും ലിംഗ വിവേചനം ഒരേപോലെ തുടരുന്നു.
ജാതിയുടെയും മതത്തിന്‍റെയും വേര്‍തിരിവുകളും സമൂഹം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. സമൂഹ മനസ്സാക്ഷിക്ക് ക്ഷതമേല്പിക്കുന്ന സംഭവങ്ങള്‍ക്കെതിരെ വലിയ തോതില്‍ ആക്രമണങ്ങളുണ്ടാ ന്നു. ജനക്കൂട്ടം കൈയേറ്റമായി ശിക്ഷ നടത്തുന്ന രീതി സദാചാരക്കൊലപാതകങ്ങള്‍ തുടങ്ങിയവ ഇതിനുദാഹരണമാണ്.

സമൂഹത്തിലുണ്ടാകുന്ന മിക്ക സംഭവങ്ങളെയും സൂക്ഷ്മമായി പരിശോധിച്ചാല്‍ പൊതു സമൂഹം രൂപപ്പെടുത്തിയ സാമൂഹ്യപാഠങ്ങളിലാണ് അവ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാക്കാവുന്നതാണ്. ഈ അടുത്ത കാലത്ത് നടന്ന ഒരു സംഭവം ഇത്തരത്തിലുള്ളതാണ്. പിങ്ക് പോലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥ പൊതുജനമധ്യത്തില്‍ വച്ച് മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും എട്ടുവയസ്സുകാരിയായ മകളെയും അധിക്ഷേപിച്ച ഈ സംഭവത്തില്‍ അത്തരമൊരു ആരോപണമുന്നയിക്കാന്‍ ഉദ്യോഗസ്ഥയെ പ്രേരിപ്പിച്ചത് പൊതുധാരണയാണ്. ദരിദ്രരരും ദലിതരും കറുത്ത നിറമുള്ളവരുമെല്ലാം പ്രത്യേകിച്ച് കാരണമോ തെളിവോ കൂടാതെ തന്നെ കുറ്റവാളികളാക്കാവുന്നവരും സംശയിക്കേണ്ടവരുമാണെന്ന പൊതുധാരണയാണ് ആ ഉദ്യോഗസ്ഥയില്‍ പ്രവര്‍ത്തിച്ചത്. തന്‍റെ മൊബൈല്‍ ഫോണ്‍ കാറിനുള്ളില്‍ നിന്നും അച്ഛന്‍ മകള്‍ക്ക് നല്‍കിയെന്നും മകള്‍ അത് കാട്ടിലെറിഞ്ഞെന്നുമായിരുന്നു ഉദ്യോഗസ്ഥ ആരോപിച്ച കുറ്റം. അത് താന്‍ നേരിട്ടു കണ്ടുവെന്നും അവര്‍ പറഞ്ഞു. അച്ഛനെയും മകളെയും കുറ്റവാളികളെ പോലെ ചോദ്യം ചെയ്തു. എന്നാല്‍ ഒടുവില്‍ കാണാതെ പോയ ഫോണ്‍ കാറിന്‍റെ ബാക്സീറ്റില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. ഇവിടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി നിലകൊള്ളേണ്ട പിങ്ക് പോലീസിനാല്‍ പൊതുജനമധ്യത്തില്‍വച്ച് മോഷണക്കുറ്റമാരോപിച്ച് പരസ്യവിചാരണ നേരിടേണ്ടി വന്ന എട്ടുവയസ്സുമാത്രം പ്രായമുള്ളൊരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച് ആലോചിക്കുകയോ അത്തരത്തില്‍ പരിഗണിക്കുകയോ ചെയ്തില്ല എന്നത് അത്യന്തം ഗൗരവത്തോടെ സമീപിക്കേണ്ട വസ്തുതയാണ്. തനിക്ക് വീഴ്ച പറ്റിയെന്ന് മനസ്സിലാക്കിയപ്പോള്‍ പോലും മാപ്പു പറയാനോ നിലപാട് മാറ്റാനോ പോലീസുദ്യോഗസ്ഥ തയാറായില്ല എന്നതും അക്ഷന്തവ്യമായ അപരാധം തന്നെ. മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്. പൊതു സമൂഹത്തില്‍ മനുഷ്യരുടെ ‘നില’ക്കനുസരിച്ച് നീതി വ്യത്യാസപ്പെടുന്നുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

മുഖ്യധാരയിലെ പൊതുവിടങ്ങള്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ പ്രകാരം മനുഷ്യരെ വിഭജിച്ചു നിര്‍ത്തുകയും പൊതുബോധം പങ്കുപറ്റിക്കൊണ്ട് ദലിത്, സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ബ്രാഹ്മണിക്കലായ ആശയങ്ങളാണ് പൊതു സമൂഹത്തിന്‍റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. അടിത്തട്ടു മനുഷ്യരുടെ ജീവിതങ്ങളെ തന്നെ പുറത്താക്കിക്കളയുന്ന പ്രത്യയശാസ്ത്രം സമൂഹ മനസ്സിന്‍റെ അബോധത്തില്‍ പ്രവര്‍ത്തിക്കുന്നു.
പ്രകൃതിയെയും സ്ത്രീയെയും ദരിദ്രരെയും ദലിതരെയും ചൂഷണം ചെയ്യാമെന്നും കൈയ്യേറ്റം നടത്താമെന്നുമുള്ളത് പൊതുബോധ്യമാണ്. മനുഷ്യര്‍ സമൂഹത്തിലെ പൊതു ബോധ്യങ്ങളെ പങ്കുപറ്റിക്കൊണ്ട് ചെയ്യുന്ന ചില പ്രവൃത്തികള്‍ ഭരണഘടന നിയമം മൂലം നിരോധിച്ചിരിക്കുന്നത് കാണാം. എന്നാല്‍ നിയമം മൂലം വിലക്കിയ പ്രവൃത്തികള്‍ വീണ്ടും ചെയ്യാവുന്ന മാനസികാവസ്ഥ ഒരാളില്‍ ഉണ്ടാക്കുന്നത് അയാളുടെ അബോധത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു ബോധ്യത്താലാണ്.
ഭരണഘടന നിയമമനുശാസിക്കുന്ന സംരക്ഷണത്തിന് അര്‍ഹരായ പട്ടിക വിഭാഗ ജനസമൂഹങ്ങളുടെ വിദ്യാഭ്യാസ അവകാശമായ സംവരണവ്യവസ്ഥകളെ വികലമായ കാഴ്ചപ്പാടോടുകൂടിയാണ് പൊതുസമൂഹം വിലയിരുത്തുന്നത്. സ്വന്തം വീട്ടകങ്ങളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നുമാണ് ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള സാമാന്യ ധാരണകള്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയെടുക്കുന്നത്. ഇത് സമൂഹം സൃഷ്ടിച്ചു വച്ച പൊതു ധാരണകള്‍ മാത്രമായിരിക്കും. ഇവ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ബഹുദൂരം അകന്നു നില്‍ക്കുന്നതും ചരിത്ര സത്യങ്ങള്‍ മൂടി വച്ചതുമായിരിക്കും.
സ്കൂള്‍ കാലഘട്ടത്തിലാണ് മിക്ക വിദ്യാര്‍ത്ഥികളും സംവരണത്തെ നേരിട്ട് മനസ്സിലാക്കുന്നത്. ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും തനിക്ക് കിട്ടാതെ പോയ സീറ്റ് തന്നേക്കാള്‍ മാര്‍ക്കു കുറഞ്ഞൊരാള്‍ക്ക് കിട്ടുന്ന തിക്താനുഭവമായി കുട്ടി സംവരണത്തെ അറിയുന്നു. ഒരു വിദ്യാര്‍ത്ഥിയില്‍ സംവരണത്തോടുള്ള ആദ്യത്തെ മനോഭാവം ഇങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്. പൊതുസമൂഹവും കുടുംബകവും ഈ യാഥാര്‍ത്ഥ്യത്തെ പൊലിപ്പിക്കുന്നു. മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തോടുള്ള ‘ഫ്രസ്ട്രേഷന്‍ ‘ ഇങ്ങനെ തങ്ങള്‍ക്ക് കിട്ടാത്ത മുന്തിരിയായി എക്കാലവും പുളിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ സാമൂഹിക അസമത്വത്തെയും ചൂഷണക്രമത്തെയും ജാതി ലിംഗഭേദങ്ങളെയും അഭിമുഖീകരിച്ചു കൊണ്ട് പുറത്താക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളെയും ജാതികളെയും ഗോത്ര സമൂഹങ്ങളെയും സ്ത്രീകളെയും മുസ്ലിം ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ട് അവരെ ശാക്തീകരിക്കാനുള്ള സവിശേഷവും പ്രത്യേകവുമായ നയവും പൊതുവിഭാഗങ്ങളില്‍ നിന്നും ഇവര്‍ നേരിടുന്ന പ്രതിസന്ധികളെന്തെന്നും പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കേണ്ടുന്ന വിഭാഗങ്ങളായി ഇവര്‍ എങ്ങനെ മാറുന്നുവെന്നുമുള്ള കാഴ്ചപ്പാടുകളും പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളിലേക്ക് പ്രദാനം ചെയ്യുന്ന പക്ഷം ഇത്തരമൊരു മാനസികാവസ്ഥ ഒരു വിദ്യാര്‍ത്ഥിയില്‍ ഉണ്ടാകാനിടയില്ല. അതുകൊണ്ട്
രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ജനാധിപത്യ കാഴ്ചപ്പാടും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ സാമൂഹിക നീതി സങ്കല്പം അടിസ്ഥാനവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ജാതി അസമത്വത്തെയും ലിംഗവിവേചനത്തെയും സാമൂഹികവും പ്രാദേശികവുമായ വ്യത്യാസങ്ങളോടെ മനസ്സിലാക്കാനും ജാതി അതിക്രമങ്ങള്‍ക്കും സാമൂഹിക പുറന്തള്ളലിനും വംശഹത്യയ്ക്കും വിധേയമായ ജനസമൂഹങ്ങളെ ഉള്‍ക്കൊള്ളാനും സംവരണത്തെ അവസരസമത്വം ഉറപ്പാക്കുന്ന കാഴ്ച്ചപ്പാടോടെ മനസ്സിലാക്കാനും കഴിയുന്ന ഒരു അവബോധം അടിസ്ഥാന വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അതിനാല്‍ കീഴാള പിന്നാക്ക സമൂഹങ്ങള്‍ തങ്ങളുടെ സമരങ്ങളിലൂടെ നേടിയെടുത്ത സാമൂഹിക നീതിയെ മുന്‍നിര്‍ത്തിയുളള ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനം കേരളമാണ്. കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ കീഴില്‍ ട്രാന്‍സ്ജെന്‍ഡര്‍ സൗഹാര്‍ദ്ദപരമായ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു വരുന്നുണ്ട്. എന്നാല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ കൂടി ഈ വിഷയം ഗൗരവമായി ഉള്‍പ്പെടുത്തേണ്ടതാണ്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ലിംഗനീതിയും, ലിംഗസമത്വവും അനുഭവിക്കാന്‍ കഴിയാതെ പോകുന്ന വിഭാഗമെന്ന നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. ഇത്തരം വ്യക്തികളോട് സമൂഹത്തിനുള്ള അവഗണനയും അവര്‍ അനുഭവിക്കുന്ന ഉള്‍വലിയലും ഇല്ലാതാക്കാന്‍ സ്കൂള്‍ തലം മുതല്‍ ബോധപൂര്‍വ്വമുള്ള ഇടപെടല്‍ ആവശ്യമാണ്. സ്കൂള്‍ കാലഘട്ടത്തിലാണ് ഒരു വ്യക്തി തന്‍റെ ശാരീരിക മാറ്റങ്ങള്‍ തിരിച്ചറിയുന്നത്. തന്‍റെ ശരീരത്തിലെയും സ്വഭാവത്തിലെയും മാറ്റങ്ങള്‍ തിരിച്ചറിയുന്ന വിദ്യാര്‍ത്ഥികള്‍ അപമാനം ഭയന്ന് ആത്മഹത്യ ചെയ്ത് സമൂഹത്തില്‍ നിന്നും രക്ഷപ്പെടുകയോ ഒറ്റപ്പെട്ട് നാടുവിടുകയോ ചെയ്യുന്നു. ഇത്തരം വസ്തുതകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും വേണം. കൂടാതെ ഭിന്നശേഷിയുള്ള മനുഷ്യരെയും പരിരക്ഷിക്കുന്ന മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും പാഠ്യപദ്ധതി ഉപകരിക്കണം.
വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പഠനത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുക്കേണ്ട ആശയങ്ങളെല്ലാം ഇന്ത്യന്‍ ഭരണഘടനയെ കേന്ദ്രീകരിച്ചുള്ളതായിരിക്കണം. അദ്ധ്യാപകര്‍ പിന്തുടരേണ്ട ബോധന രീതിയും ഭരണഘടനയെ മുന്‍ നിര്‍ത്തിയായിരിക്കണം. അതുകൊണ്ട് തന്നെ ഭരണഘടന അവകാശമായി നിലനിര്‍ത്തേണ്ടതും വിദ്യാഭ്യാസത്തിലൂടെ നിര്‍മ്മിച്ചെടുക്കേണ്ട ശാസ്ത്രീയമായ ആശയങ്ങള്‍ പാഠ്യപദ്ധതിയില്‍ സംരക്ഷിക്കേണ്ടതുമുണ്ട്. ഭരണഘടനാ ധാര്‍മ്മികതയും ഭരണഘടനാ മൂല്യവും തുല്യ പൗരത്വ സങ്കല്പവും മുന്‍നിര്‍ത്തി സാമൂഹിക നീതി സ്ഥാപിച്ചെടുക്കുന്നതിന് വിദ്യാഭ്യാസം അടിത്തറയായി വര്‍ത്തിക്കേണ്ട ആവശ്യകതയെ സ്കൂള്‍ പാഠ്യപദ്ധതിയിലൂടെ അടിയന്തിരമായി പ്രായോഗവത്കരിക്കേണ്ടതാണ്. ജനാധിപത്യ ദേശരാഷ്ട്രമെന്ന നിലയില്‍ സെക്കുലര്‍ ജനാധിപത്യ മൂല്യങ്ങളെയും ആശയങ്ങളെയും മതനിരപേക്ഷ ബോധനത്തെയും വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമായി പ്രഖ്യാപിക്കണമെങ്കില്‍ വിദ്യാഭ്യാസത്തിന്‍റെ നട്ടെല്ലായ പാഠ്യപദ്ധതി കാലത്തിനനുസരിച്ച് പുതുക്കിയെടുക്കുക മാത്രമാണ് ഏക പ്രതിവിധിയായിട്ടുള്ളത്.

 

 

 

 

 

ഡോ. ലിസ പുല്‍പറമ്പില്‍
ഹയര്‍ സെക്കന്‍ററി അദ്ധ്യാപിക
ഗവ.മോയന്‍ മോഡല്‍ ഗേള്‍സ്
ഹയര്‍ സെക്കന്‍ററി സ്കൂള്‍,
പാലക്കാട്.

 

COMMENTS

COMMENT WITH EMAIL: 0