Homeചർച്ചാവിഷയം

സാമൂഹിക മാധ്യമങ്ങളും കുടുംബങ്ങളും

കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന ഏതൊരു ലിശേ്യേ യേയും കുടുംബമെന്ന് വിശേഷിപ്പിക്കാം എന്ന് ആരൊക്കെയോ വാമൊഴിയായി പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ നമ്മള്‍ പാലിച്ചുപോരുന്ന ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്നും വ്യത്യസ്തമായ അര്‍ത്ഥമാകും കുടുംബത്തിന് കൈവരുന്നത്..കാരണം ഇവിടെ കുടുംബമെന്നു പറഞ്ഞാല്‍ ഒരേ കൂരയ്ക്ക് താഴെ താമസിക്കുന്ന രക്തബന്ധമുള്ളവരുടെ ഒരു കൂട്ടമാണ്.
പരമ്പരാഗതമായി കൈമാറി വരുന്ന ഭാഷാ- സാംസ്കാരിക- സാമ്പത്തിക മൂലധനങ്ങളുടെ കൈമാറ്റം ഒരു കുടുംബത്തിനുളളില്‍ കാണാന്‍ സാധിക്കും. കേരളത്തിലെ ചില സമുദായങ്ങളിലെ കുടുംബങ്ങളൊഴിച്ചാല്‍ ഭൂരിപക്ഷം സമുദായങ്ങളും പാട്രിയാര്‍ക്കല്‍ ആയിട്ടുളള കുടുംബ വ്യവസ്ഥിതിയാണ് കാണാന്‍ സാധിക്കുക. ചില സമുദായങ്ങളില്‍ കൈമാറ്റങ്ങള്‍ മാട്രിയാര്‍ക്കല്‍ ആയി തുടര്‍ന്ന് പോന്നിരുന്നെങ്കില്‍തന്നെയും പണിയെടുക്കുന്നവരും അടിച്ചമര്‍ത്തപ്പെടുന്നവരും ഒരു കുടുംബത്തിലെ സ്ത്രീകളും ലൈംഗീകന്യൂനപക്ഷത്തില്‍പെടുന്ന ആളുകളുമായിരിക്കുന്ന സ്ഥിതിവിശേഷം ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കുടുംബവും ടെക്നോളജിയും
സെമി കണ്ടക്ടറുകളുടെ വരവോടെ ടെക്നോളജിക്കല്‍ ഫീല്‍ഡില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയുണ്ടായി.ലോകം വിരല്‍തുമ്പിലേക്ക് ചുരുങ്ങിയപ്പോള്‍ ആശയങ്ങള്‍ വിരല്‍ തുമ്പില്‍ നിന്ന് പുറത്തേക്ക് വളരേ വേഗത്തില്‍ പടരുകയും ജനം അതേറ്റെടുക്കുകയും ചെയ്തു.
ടെക്നോളജിയുടെ വളര്‍ച്ച തീര്‍ച്ചയായും കുടുംബങ്ങളിലും ധാരാളം മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇതില്‍ സോഷ്യല്‍ മീഡിയ കുടുംബങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 2010ലാണ് സൗഹൃദങ്ങളെ ഇളക്കി മറിച്ച ഓര്‍ക്കൂട്ട് എന്ന സാമൂഹിക മാധ്യമം യുവാക്കളുടെ ഇടയില്‍ തരംഗമായത്.പിന്നീട് വന്ന ഫേസ്ബുക്ക് ഓര്‍ക്കൂട്ടിന്‍റെ വില്ലനായിരുന്നുവെന്നു വേണം കരുതാന്‍. മ്യൂസിക്കലി, ടിക്ടോക്ക് പോലെയുളള വിനോദപ്രദമായ മീഡിയകളും ഇന്‍സ്റ്റഗ്രാം പോലെയുളള മറ്റു മീഡിയകളും എല്ലാവരും സ്ക്രോള്‍ ചെയ്തു. വാട്സാപ്പ് എന്ന മെസേജിങ്ങ് അപ്ലിക്കേഷനുകളിലൂടെ ആശയവിനിമയം വളരെ എളുപ്പമായി.ഇന്‍സ്റ്റഗ്രാം, ടിക്ടോക് മുതലായ സോഷ്യല്‍ മീഡിയ കഴിവിലും ട്രെന്‍ഡിലും ഫോക്കസ് ചെയ്തപ്പോള്‍ ഫേസ്ബുക്കിലെ അക്കൗണ്ടുകള്‍ ഫോക്കസ് ചെയ്തത് ആശയങ്ങളുടെ കൈമാറ്റത്തിനായാണ്. ടെക്സ്റ്റ് എഴുതാന്‍ പരിധി നിര്‍ണ്ണയിച്ചിട്ടില്ല എന്ന ഫീച്ചറാണ് ഫേസ്ബുക്കിലെ വിപ്ലവകരമായ പല ആശയ കൈമാറ്റത്തിനും പുറകില്‍ പ്രവര്‍ത്തിച്ചത്.

പത്തുവര്‍ഷം മുന്നേവരെ മാഗസിനുകളിലും ബുക്കുകളിലും മറ്റും അച്ചടിച്ചാണ് ആശയങ്ങള്‍ തലയില്‍ നിന്ന് തലകളിലേക്ക് സഞ്ചരിച്ചത്. എന്നാല്‍ ഫേസ്ബുക്ക് എന്ന പ്ലാറ്റ്ഫോം വന്നതോടെ ഏതൊരാള്‍ക്കും തന്‍റെ അഭിപ്രായം പങ്കുവെയ്ക്കാന്‍ സാധിച്ചു. മാഗസിനുകളില്‍ വിവിധ പ്രിവിലേജ് ഇല്ലായ്മകളാല്‍ ഇടം കിട്ടാതെ വന്ന സാധാരണ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് അവരുടെ അടിച്ചമര്‍ത്തലുകളും വേദനകളും ആവശ്യങ്ങളും അവകാശങ്ങളും ഒക്കെ എഴുതുവാന്‍ കഴിഞ്ഞു. ഓരോ പോസ്റ്റും ഷെയര്‍ ചെയ്ത് പോയപ്പോള്‍ ആശയങ്ങള്‍ ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് എത്തി. ഇങ്ങനെ ആശയങ്ങള്‍ ഷെയര്‍ ചെയ്തു പോയപ്പോള്‍ പലരുടേയും ചിന്താമണ്ഡലത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുകയും കുടുംബപരമായി കൈമാറി വന്ന പല വേലിക്കെട്ടുകളേയും പൊട്ടിച്ച് മുന്നോട്ടുവരാന്‍ മനുഷ്യരെ പ്രേരിപ്പിക്കാനും ഈ ആശയകൈമാറ്റത്തിന് കഴിഞ്ഞു.
ടിക്ടോക് , ഇന്‍സ്റ്റഗ്രാം പോലുളള സാമൂഹിക മാധ്യമങ്ങള്‍ കുടുംബങ്ങളില്‍ അടഞ്ഞു കിടന്നിരുന്ന സ്ത്രീകളുടെ കഴിവുകളെ പരിപോഷിപ്പിച്ചെടുത്ത ഒരു മാധ്യമമായാണ് ഞാന്‍ കാണുന്നത്. നന്നായി നൃത്തം ചെയ്യാന്‍ കഴിവുളള എന്‍റെ ഒരു കൂട്ടുകാരിയെ അവളുടെ അച്ഛന്‍ നൃത്തം ചെയ്യാന്‍ സമ്മതിക്കാത്തത് ഞാന്‍ ഓര്‍ക്കുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ‘ ആണുങ്ങളുടെ മുന്നില്‍ കൈയ്യും കണ്ണും കാണിച്ച് അഴിഞ്ഞാടാന്‍ പോകേണ്ട’ എന്നാണ്. പക്ഷേ ടിക്ടോക്, റീല്‍സ് എന്നിവ വന്നതോടെ ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടികള്‍ എന്നത് സാധാരണ കാഴ്ച ആവുകയും കുടുംബത്തിലെ മറ്റുളളവര്‍ അതിന് പ്രോത്സാഹനം കൊടുക്കാനും, എന്തിന് കുടുംബക്കാരെല്ലാം ചേര്‍ന്ന് ഒരുമിച്ച് ഡാന്‍സ് കളിക്കാന്‍ വരെ തുടങ്ങി. ജീന്‍സ്, ഷോര്‍ട്ട് ഒക്കെ ഇടുന്ന പെണ്‍കുട്ടികളെ മോശക്കാരികള്‍ എന്ന് പറഞ്ഞുനടന്ന നാട്ടുകരടക്കം ഈ വേഷം ധരിച്ച പെണ്‍കുട്ടികളുടെ ഡാന്‍സിന് കൈയ്യടിക്കുകയും പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടമുളള വസ്ത്രം ധരിച്ച് നടക്കാനും ചെറിയ തോതിലെങ്കിലും തുടങ്ങി.

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന പല ഹാഷ് ടാഗ് ക്യാംപെയിനുകളും പലരുടേയും ഉറക്കം കെടുത്തുന്നതിനും പല വിപ്ലവങ്ങള്‍ക്കും വഴിവെച്ചു. ഒരു കുടുംബത്തെ നാട്ടുകാരുടെ മുന്നില്‍ സന്തോഷവും സമാധാനമുളളതുമായി മാറ്റാന്‍ കുടുംബത്തിനുളളിലെ പലരും പല ടോക്സിസിറ്റിയും സഹിക്കുകയും ഇറങ്ങിപ്പോരാനാവാതെ തടവറയില്‍ കഴിയുകയും ചെയ്തിരുന്നു. ഇത്തരം കുടുംബങ്ങളില്‍ നിന്ന് പല ഇറങ്ങിപോരലുകള്‍ക്ക് സമൂഹിക മാധ്യമങ്ങളും അതിലൂടെയുളള ആശയപ്രചരണങ്ങളും ഒരു ഇന്ധനമായി പ്രവര്‍ത്തിച്ചു.
ഇത്തരം ഇറങ്ങിപ്പോരലുകള്‍ വഴി അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ അവരുടെ കഴിവുകള്‍ മനസ്സിലാക്കി ,കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന വേറൊരു കൂട്ടത്തെ കണ്ടെത്തി അതില്‍ ചവിട്ടി നിന്ന് സ്വപ്നങ്ങള്‍ സഫലമാക്കുന്നതും മുന്നേറുന്നതും നമ്മള്‍ കാണുന്നു. ട്രാന്‍സ്ജെന്‍ഡറുകളുടെ ഇടയിലുളള പരിവാര്‍ ബന്ധം ഒക്കെ ഇത്തരത്തില്‍ പരമ്പരാഗത കുടുംബങ്ങളില്‍ നിന്ന് സഹികെട്ട് ഇറങ്ങിപ്പോന്ന മനുഷ്യരുടെ കൂടലിടം ആണ്. അതിനാല്‍ തന്നെ കൂടുന്ന ഇടങ്ങള്‍ മാനവിക മൂല്യങ്ങളുളളതാക്കാനായി സാമൂഹിക മാധ്യമം വലിയ തോതിലുളള പങ്ക് വഹിച്ചിട്ടുണ്ട്.
കുടുംബം എന്ന വ്യവസ്ഥിതിയോട് കലഹിച്ച് ഇറങ്ങിപ്പോരേണ്ടി വന്ന പെണ്ണുങ്ങള്‍, ഇനിയും ഇറങ്ങിപ്പോരാത്ത ഒരുപാട് അടിമജീവിതങ്ങള്‍ക്ക് പ്രചോദനമാണ്.പക്ഷേ ഇങ്ങനെ ഇറങ്ങിപ്പോന്ന സ്ത്രീകള്‍ക്ക് ലൈക്കും ഷെയറും ചെയ്യാന്‍ ആയിരങ്ങള്‍ ഉണ്ടെങ്കിലും അത്രയധികം ദുരിതപൂര്‍ണ്ണമായ അവസ്ഥയിലൂടെ കടന്നുപോയി അവര്‍ ഓരോരുത്തരും ആദ്യം മുതലേ ജീവിതം കെട്ടിപൊക്കുന്ന കാഴ്ചകളും ധാരാളം കണ്ടിട്ടുണ്ട്.അതിനാല്‍ തന്നെ എന്‍റെ ആഗ്രഹം കുടുംബങ്ങളില്‍ നിന്ന് എല്ലാവരും ഇറങ്ങിപ്പോരണം എന്നതല്ല, ഒരു കുടുംബത്തിനുതകുന്ന വിധം തന്‍റെ സത്തയേ മറന്ന് അഡ്ജസ്റ്റ് ചെയ്യണം എന്നതുമല്ല മറിച്ച് കുടുംബത്തിലേ ഓരോരോ ആളുകള്‍ക്കും ബോധവല്‍ക്കരണം ഉണ്ടാക്കി അവരുടെ ചിന്താമണ്ഡലത്തില്‍ മാറ്റം കൊണ്ടുവരിക എന്നുള്ളതാണ്. വളരെ ചെറിയ കാലയളവുകൊണ്ട് ഇത് നടന്നില്ലെങ്കിലും കുറേ വര്‍ഷങ്ങളിലുളള ആശയപരമായ വിനിമയത്തിലൂടെ ഇത് സാധ്യമാകും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഗവണ്‍മെന്‍റ് തലത്തില്‍ ഇത്തരം ആശയങ്ങള്‍ക്ക് കിട്ടുന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. കേരള വനിതാ ശിശുക്ഷേമ വകുപ്പ് ഇതിനോടകം തന്നെ അത്തരത്തില്‍ ആശയകൈമാറ്റം നടത്താനായി തുടങ്ങിയിരിക്കുന്നു എന്നത് വളരെ വലിയൊരു കാര്യമാണ്.
കുടുംബങ്ങളില്‍ നിന്ന് കിട്ടുന്ന പിന്‍തുണയാണ് ഒരു വ്യക്തിയേ മുന്നേറാനായി പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. തന്‍റെ ഉറ്റവര്‍ തങ്ങളെ മനസ്സിലാക്കുന്നില്ല എന്ന തിരിച്ചറിവ് ഏതൊരു മനുഷ്യനേയും തളര്‍ത്തി കളയുന്നു.ഇതിനാല്‍ തന്നെ കുടുംബത്തിലെ എല്ലാവരുടേയും പിന്‍തുണയോടുകൂടി തന്‍റേതായ രീതിയില്‍ , സ്വാതന്ത്ര്യത്തോടെ ,സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കണം. പുറം രാജ്യങ്ങളിലൊക്കെ കാണുന്ന രീതിയില്‍ ഒരു പരന്ന കാഴ്ചപ്പാടുളള കുടുംബങ്ങളുണ്ടാവാന്‍ ബോധപൂര്‍വ്വമുളള ശ്രമങ്ങള്‍ ഉണ്ടാകണം.

സാമൂഹിക മാധ്യമങ്ങളുടെ വരവോടെ ലൈംഗീകദാരിദ്ര്യം കുറേയധികം ഇല്ലാതായി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.ഫേസ്ബുക്കിലെ ഡേറ്റിങ്ങ് ഗ്രൂപ്പുകളില്‍ നിന്നും ഡേറ്റിങ്ങ് ആപ്പുകളില്‍ നിന്നും ആള്‍ക്കാര്‍ പങ്കാളികളെ കണ്ടെത്തുകയും അവരുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുകയും ഒക്കെ ചെയ്യുന്ന പ്രവണത നല്ലൊരു പുരോഗമന സമൂഹത്തിന്‍റെ പ്രതിബിംബമായി ഞാന്‍ കാണുന്നു. മറ്റു സാമൂഹിക മാധ്യമങ്ങള്‍ വഴിയും ആള്‍ക്കാര്‍ പരിചയപ്പെടാനും ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാനും തുടങ്ങി. വിവേഹേതര ബന്ധങ്ങള്‍ കുറ്റകരമല്ല എന്ന ഹൈക്കോടതി വിധി വന്നതോടെ സമൂഹ്യമാധ്യമങ്ങള്‍ വഴി ആളുകള്‍ അതിരുകളില്ലാതെ പ്രണയിക്കാന്‍ തുടങ്ങി. ഇത് കുടുംബങ്ങളെ ശിഥിലമാക്കും എന്നാണ് പൊതു അഭിപ്രായമെങ്കിലും ഞാനതിന് എതിരഭിപ്രായമുളള ആളാണ്. പല ആളുകള്‍ക്കും ഒരു പങ്കാളിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാനാകില്ല എന്ന് എല്ലാ പങ്കാളികളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന കാലഘട്ടങ്ങളിലേക്ക് അത്ര ദൂരമില്ലെന്നും കുടുംബമെന്നത് സ്വാതന്ത്ര്യമാണെന്നും മാറ്റി വായിക്കപ്പെടുന്ന ഒരു നാള്‍ വരുമെന്ന് പ്രത്യാശിക്കാം. അതിന് ഈ സാമൂഹ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് സമ്മതിക്കേണ്ടതായുണ്ട്.

ഒരു കുടുബത്തിലേ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ലൈംഗീകതയേപറ്റി സമൂഹം നിര്‍മ്മിച്ചുവെച്ചിരിക്കുന്ന കപടസദാചാരങ്ങള്‍ മൊത്തം പൊളിച്ചെഴുതേണ്ടതായുണ്ട്. ഒരാള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ലൈംഗീക അഭിരുചി നടപ്പിലാക്കാന്‍ തക്ക സ്വാതന്ത്ര്യമുളള കുടുംബങ്ങള്‍ ഉണ്ടായി വരണം. ഒരു വ്യക്തിക്ക് അവരുടെ പങ്കാളികളുമായി സമയം ചിലവഴിക്കാന്‍ സ്വന്തം വീടുകളില്‍ സ്വാതന്ത്ര്യം ഉണ്ടാവണം. അച്ഛനും അമ്മക്കും ഒക്കെ അവര്‍ക്കിഷ്ടമുളള പങ്കാളിയുടെ കൂടെ സമയം ചിലവഴിക്കാന്‍ കുടുംബത്തില്‍ തന്നെ സ്പേസുകള്‍ ഉണ്ടായിരിക്കേണം. ഇതൊക്കെയാണ് വളരെ ന്യൂട്രലായ ഒരു കുടുംബത്തേപ്പറ്റിയുള്ള എന്‍റെ ഭാവി കാഴ്ചപ്പാടുകള്‍.

 

 

 

 

 

ശ്രീലക്ഷ്മി അറക്കല്‍
ഫെമിനിസ്റ്റും, ആക്ടിവിസ്റ്റുമാണ്

COMMENTS

COMMENT WITH EMAIL: 0