Homeചർച്ചാവിഷയം

സമാധാനത്തിന്‍റെ ഉണര്‍വുകള്‍ : സ്ത്രീകളുടെ പ്രതിരോധത്തിന്‍റെ ആചാരങ്ങളും സ്മരണകളും

വി. ഗീത

 

 

 

 

 

 

 

 

 

 

 

 

 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന സമാധാന നിര്‍മ്മാണ പ്രസ്ഥാനങ്ങളില്‍ സ്ത്രീകളുടെ സജീവ സാന്നിദ്ധ്യമുള്ളതായി വീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് പാലസ്തീന്‍, അയര്‍ലന്‍ഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ സൈനിക വിന്യാസത്തിനും ആയുധ സംഭരണമത്സരങ്ങള്‍ക്കും എതിരേയുള്ള പ്രക്ഷോഭങ്ങളില്‍. അതു കൊണ്ട് തന്നെ സ്ത്രീകളുടെ സമാധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രണ്ട് മുഖ്യ സന്ദര്‍ഭങ്ങളാണ് ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. അതില്‍ ഒന്ന് ഒരു ദശാബ്ദം മുന്‍പ് ബ്രിട്ടീഷ് ഐക്യനാടുകളില്‍ നടന്നതാണെങ്കില്‍ രണ്ടാമത്തേത് യുദ്ധക്കെടുതികളില്‍ വലഞ്ഞ ലെബനനിലാണ് അരങ്ങേറിയത്. ആദ്യം ഗ്രിന്‍ഹാം കോമണിലെ സ്ത്രീകളില്‍ നിന്ന് നമുക്ക് ചര്‍ച്ച തുടങ്ങാം.

ഗ്രിന്‍ഹാം കോമണിലെ സ്ത്രീകള്‍
ഇന്ന് ഗ്രിന്‍ഹാം കോമണിലെ സ്ത്രീകളെ നമ്മള്‍ മിക്കവാറും മറന്നിരിക്കുന്നുവെങ്കിലും 1980കളില്‍ സംഭ്രമത്തോടെയും, വിമ്മിഷ്ടത്തോടെയും, ആശ്ചര്യത്തോടെയും ആണ് ലോകം അവരെ കണ്ടിരുന്നത്. സംഘടിതരാവാന്‍ ഉദ്ദേശിച്ചു പുറപ്പെട്ടവരായിരുന്നില്ലെങ്കിലും അവര്‍ ഒരു സംഘടനയായി മാറി. അവരുടെ ലക്ഷ്യം ലളിതമായിരുന്നു: ബ്രിട്ടീഷ് മണ്ണില്‍ ക്രൂയിസ് മിസൈലുകള്‍ വിന്യസിക്കുന്നതിനെതിരെ അനിശ്ചിതകാല-ഊര്‍ജിത പ്രതിരോധം നടത്തുക. ഗ്രിന്‍ഹാം കോമണ്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ആംഗ്ലോ-അമേരിക്കന്‍ പട്ടാള ബേസ് ആയിരുന്നു. 1951ല്‍ അത് യു.എസ്. സൈന്യത്തിന് കൈമാറ്റം ചെയ്യപ്പെട്ടു. 1983ല്‍ 96 മിസൈലുകളും ഹിരോഷിമയെ നശിപ്പിച്ചതിന്‍റെ പതിനാറു മടങ്ങ് അധികശക്തിയുള്ള ബോംബുകളും അടങ്ങിയ ഒരു ആണവ മേഖല അവിടെ സ്ഥാപിക്കപ്പെട്ടു. 1981 തുടക്കത്തില്‍ തന്നെ ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നു. അധികം താമസിയാതെ ‘ഭൂമിയിലെ ജീവനുവേണ്ടി നില്‍ക്കുന്ന സ്ത്രീകള്‍’ (വിമെന്‍ ഫോര്‍ ലൈഫ് ഓഫ് എര്‍ത്ത്) എന്ന പേരില്‍ മുപ്പത്താറ് സ്ത്രീകളും നാല് പുരുഷന്‍മാരും അടങ്ങുന്ന ഒരു സംഘം മേല്‍പ്പറഞ്ഞ ആണവമേഖലക്കു തൊട്ടരികെ വന്നു തമ്പടിച്ചു. ആണവ ക്യാമ്പിന്‍റെ പുറം വേലിയില്‍ തങ്ങളെത്തന്നെ ചങ്ങലക്കിട്ട്, പണ്ട് വോട്ടവകാശത്തിന് വേണ്ടി പൊരുതിയ സ്ത്രീകളുടെ ശൈലിയില്‍, അവര്‍ സംഘട്ടന സജ്ജരായി. വരും വര്‍ഷങ്ങളില്‍ പലരും അവരോടൊപ്പം ഐക്യദാര്‍ഢ്യപ്പെട്ട് പോരാട്ടത്തില്‍ ചേര്‍ന്നു. 1982ല്‍ പുരുഷന്‍മാരോട് ക്യാമ്പ് വിട്ട് പോവാന്‍ സമരസംഘടന ആവശ്യപ്പെട്ടു. പുരുഷന്‍മാര്‍ പ്രത്യേകിച്ച് എന്തെങ്കിലും പറഞ്ഞതുകൊണ്ടോ ചെയ്തതു കൊണ്ടോ ആയിരുന്നില്ല ഈ പുറത്താക്കല്‍. തത്വത്തില്‍ അവരുടെ ‘ലൈംഗികത’ യുദ്ധത്തെയും ആക്രമണങ്ങളെയും സാധൂകരിക്കുന്നു എന്ന പ്രക്ഷോഭകാരികളുടെ വിശ്വാസത്തെ തുടര്‍ന്നായിരുന്നു ഇത്. എതിര്‍വാദങ്ങള്‍ ഉയര്‍ന്നുവെങ്കിലും ആ തീരുമാനം നടപ്പിലായി. ക്യാമ്പ് പിന്നീട് പലതരം പ്രക്ഷോഭങ്ങളുടെയും ബഹുവിധരാഷ്ട്രീയ ശൈലികളുടേയും ഇടമായി മാറി. പ്രതിരോധാത്മകമായ ലെസ്ബിയന്‍ ജീവിതസംസ്കാരത്തിന്‍റെ വേദിയായി മാറിയ ഈ ഇടം പോകെപ്പോകെ ഇതര-ആത്മീയതകളുടെയും ഉപാസനാക്രമങ്ങളുടെയും വിളനിലമായി പേരെടുത്തു. 1990 ല്‍ ഈ ആംഗ്ലോ അമേരിക്കന്‍ വിമാനത്തടം ഇനിമേല്‍ മിലിട്ടറി ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് പ്രഖ്യാപിക്കപ്പെടുകയും മിസൈലുകളൊക്കെയും പിന്‍വലിക്കപ്പെടുകയും ചെയ്തതിന് ശേഷവും ക്യാമ്പിലെ അന്തേവാസികള്‍ അവിടെ തന്നെ തുടര്‍ന്നു.
എന്തിനു വേണ്ടി നിലവില്‍ വന്നോ ആ ലക്ഷ്യം കൈവരിച്ചതിനു ശേഷവും തുടര്‍ന്നു പോയ ക്യാമ്പ് ജീവിതം അതിന് ഒരു ആവിഷ്കാരാധിഷ്ഠിത മൂല്യം (പെര്‍ഫോര്‍മേറ്റീവ് വാല്യു) ഉണ്ടെന്നും ഇതരജീവിത സാധ്യതകളുടെ പ്രകാശനത്തിലൂടെ ആ മൂല്യത്തെ ക്യാമ്പ് ഉദ്ഘോഷിക്കുന്നുണ്ടെന്നും, അതിലുമൊക്കെ ഉപരിയായി ആ ജീവിതം നയിച്ചു പോന്നവര്‍ക്ക് അത് ഉള്ളാലെ അര്‍ത്ഥപൂര്‍ണ്ണമായിരുന്നു എന്നും വാശിയോടെ അടയാളപ്പെടുത്തി. ഒരു വേള ഗ്രിന്‍ഹാം ക്യാമ്പിന്‍റെ ഈ ചരിത്രം ഗാന്ധിയുടെ ടോള്‍സ്റ്റോയ് ഫാമിനെ ഓര്‍മ്മിപ്പിക്കുന്നു. ഹെര്‍മന്‍ കല്ലന്‍ബാക്ക് എന്ന ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ഒരു സ്കൂള്‍ ആയും സത്യാഗ്രഹികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉള്ള അഭയസ്ഥാനമായി വിഭാവനം ചെയ്യപ്പെട്ടതായിരുന്നു ടോള്‍സ്റ്റോയ് ഫാം. പക്ഷേ അതിലുപരിയായി ഫാം വളരുകയും ഗാന്ധി വിഭാവനം ചെയ്ത ബദല്‍ ജീവിത രീതി പരീക്ഷിക്കപ്പെടുന്ന ഒരിടമായി കാലാന്തരത്തില്‍ രൂപപ്പെടുകയും ചെയ്തു.
1981ല്‍ പ്രക്ഷോഭകാരികളെ സമര മുഖത്തേക്ക് നയിച്ചതെന്ത്? ആദ്യകാല പ്രക്ഷോഭകാരികളില്‍ ഒരാളായ ഹെലന്‍ ജോണ്‍ എന്ന പ്രസവശുശ്രൂഷകക്ക് തന്‍റെ ആജീവനാന്ത അനുഭവങ്ങള്‍ മിസൈലുകളില്‍ നിക്ഷിപ്തമായ മരണ സംസ്കാരത്തിന് എതിരാണെന്ന് ഒരു വെളിപാടുണ്ടായി. ആ കാലഘട്ടത്തെ കുറിച്ചുളള അവരുടെ ഓര്‍മ്മയില്‍ പ്രഭാപൂര്‍ണ്ണമായ ഭംഗിയുള്ള ഒരു ദിവസം തന്‍റെ കുട്ടിയെ സ്കൂളില്‍ നിന്നു കൊണ്ടുവരാന്‍ പോയപ്പോള്‍ വെളിപ്പെട്ട ജീവിതത്തിന്‍റെ സ്നേഹനിര്‍ഭരതയുടെ അനുഭവം അവര്‍ എഴുതുന്നുണ്ട്. നദിയും ആകാശവും മരങ്ങളുമെല്ലാം ചേതനയോടെ തന്നെ മാടി വിളിക്കുന്നതായി അവര്‍ക്ക് തോന്നി. അവയെ, ആ ചൈതന്യവത്തായ പൊരുളുകള്‍ സര്‍വ്വതിനെയും, മിസൈലുകള്‍ തകര്‍ക്കുമെന്ന് അവര്‍ ചിന്തിച്ചു. ഹിരോഷിമയെ കുറിച്ചുള്ള ഒരു ന്യൂസ് റീല്‍ കണ്ട ഓര്‍മ്മയും അവരെ ആഴത്തില്‍ അലോസരപ്പെടുത്തി. അങ്ങനെ ജീവിതത്തിലാദ്യമായി അവര്‍ തന്‍റെ ഭര്‍ത്താവിനോട് ചോദിക്കാതെ ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചു– സമാനചിന്താഗതിക്കാരായ ഒരു കൂട്ടം സ്ത്രീകളോടൊപ്പം അവര്‍ ഗ്രീന്‍ഹാമിലേക്ക് പുറപ്പെട്ടു. (ഡേവിഡ് ഫെയര്‍ ഹോള്‍, കോമണ്‍ ഗ്രൗണ്ട്, ഐ ബി ടോറിസ് പബ്ലിഷേഴ്സ് , 2006 പേജ് 10) അതേ ദിവസം തന്നെ പുറപ്പെട്ട ആന്‍ പെറ്റിറ്റ് മുന്‍പേ തന്നെ ആണവ വിരുദ്ധ പ്രക്ഷോഭകാരി ആയിരുന്നു. ആദ്യം പുറപ്പെട്ടവരില്‍ ചെറുപ്പക്കാരികളായ അമ്മമാരും ഒരു അമ്മൂമ്മയും ഒക്കെ ഉണ്ടായിരുന്നു. കാരണം അവര്‍ തങ്ങളുടെ തലമുറയ്ക്ക് വേണ്ടി ഒരു നല്ല ലോകം ആഗ്രഹിച്ചിരുന്നു. ചില മുതിര്‍ന്ന സ്ത്രീകള്‍ യുദ്ധങ്ങളെ അതിജീവിച്ചവരായിരുന്നു. അവര്‍ കണ്ടതിന്‍റെയും അനുഭവിച്ചതിന്‍റെയുമൊക്കെ ഓര്‍മ്മകളാല്‍ വേട്ടയാടപ്പെട്ടവരായിരുന്നു.
ആദ്യകാല പ്രക്ഷോഭകാരികളില്‍ സൗത്ത് വെയില്‍സിലെ മിലിട്ടന്‍റ് ലേബര്‍ കാമ്പയിനുകള്‍ കൊണ്ട് കുപ്രസിദ്ധമായ ന്യൂപോര്‍ട്ട് എന്ന ടൗണില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു. ന്യൂപോര്‍ട്ടിന് പത്തൊമ്പതാം നൂറ്റാണ്ടിലെ വെറുക്കപ്പെട്ട എന്‍ക്ളോഷര്‍ നിയമങ്ങളെ അതിജീവിച്ച ‘കോമണ്‍സ്’ന്‍റെ ചരിത്രം പറയാനുണ്ട്. എന്ന് മാത്രമല്ല, ഒരു ഗ്രിന്‍ഹാം കോമണ്‍ ലഘുലേഖയില്‍ പറഞ്ഞിരിക്കുന്നത് പോലെ ആ ഇടം സാര്‍വ്വജനീനമായ നന്മയെ പ്രതിനിധാനം ചെയ്യുന്നുമുണ്ടായിരുന്നു.

ആണവമേഖലയില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള അമേരിക്കക്കാര്‍ തങ്ങളെ കാര്യമായി എടുക്കില്ലെന്നുള്ള ബോധ്യം വന്ന നാലു പ്രക്ഷോഭകാരികള്‍ ദീര്‍ഘകാല പ്രതിഷേധപ്രകടനം എന്ന തങ്ങളുടെ ഉദ്ദേശം വെളിപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു: അവര്‍ ഒരു ദീര്‍ഘകാല കുത്തിയിരിപ്പ് സമരം തുടങ്ങി വെച്ചു. ഒരു ദശാബ്ദത്തിനിപ്പുറം നീണ്ടുനിന്ന സമാധാനപരമായ പ്രതിഷേധപരമ്പരയ്ക്ക് ഇത് തുടക്കം കുറിച്ചു. പലവിധ ആജ്ഞാ നിഷേധങ്ങള്‍ നടന്നു. സൈറ്റിലേക്ക് ഒളിച്ചു കടന്ന് കയ്യില്‍ കിട്ടിയ പദ്ധതികളുടെയും നയങ്ങളുടേയും ഫയലുകളില്‍ പ്രക്ഷോഭകാരികള്‍ സമാധാനത്തിന്‍റെ സന്ദേശങ്ങള്‍ എഴുതിവെച്ചു. ഏറ്റവും ശക്തമായ പ്രതിഷേധ പ്രകടനം പക്ഷേ മുപ്പതിനായിരത്തോളം സ്ത്രീകള്‍ ചേര്‍ന്ന് സൈനിക ക്യാമ്പിനെ വലയം ചെയ്തുപരോധിച്ചപ്പോഴാണ് സാക്ഷാത്കരിക്കപ്പെട്ടത്. പടിഞ്ഞാറന്‍ യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആസ്ട്രേലിയ, യു.എസ്. എ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന ആയിരക്കണക്കിനു സ്ത്രീകള്‍ ചേര്‍ന്നു നടത്തിയ ഈ ഉപരോധം മനുഷ്യരാശിയെ തുറിച്ചു നോക്കുന്ന ഒരു വലിയ ദുരന്തത്തിന് അഭിമുഖം നിന്ന് സംഘടിപ്പിക്കപ്പെട്ട ചരിത്രത്തിലെ ഏറ്റവും പ്രഭാവഹമായ പ്രതിരോധങ്ങളില്‍ ഒന്നാണ്.
പ്രതിരോധങ്ങളെ പോലെ തന്നെ പ്രധാനമായിരുന്നു പ്രതിരോധരീതികളും: സമാധാനം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഊട്ടിയുറപ്പിക്കുന്നവയായിരുന്നു അവയൊക്കെയും. സമാധാനപരമായ ജീവിതം എന്താണെന്നും എത്ര പ്രധാനപ്പെട്ടതാണെന്നും ഇവ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ജീവോന്മുഖമായ ഒരു കൂട്ടം പ്രതീകങ്ങള്‍ നിരന്തരമായി ഈ സ്ത്രീകള്‍ തങ്ങളുടെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നിരുന്നു. മഴവില്ലും ചിലന്തിവലകളും ഇതില്‍ പെടും. ആധുനികപൂര്‍വ്വ പുരാവൃത്തങ്ങളില്‍ നെയ്ത്തുകാരിയായ പൗരാണിക വനിതയെ ചിലന്തിയായി വിഭാവനം ചെയ്തു പോന്നതായി കാണാം. അതുപോലെതന്നെ പ്രധാനപ്പെട്ടവയായിരുന്നു ക്യാമ്പില്‍ നിരന്തരം അലയടിച്ചിരുന്ന സംഗീതവും ഇതോടൊപ്പം നടന്നിരുന്ന പ്രാര്‍ത്ഥനയുടെയും ആഘോഷത്തിന്‍റെയും ഇണചേരലിന്‍റെയും ആവിഷ്കാരങ്ങളും. വളരെ മിഴിവുള്ള ഒരു പ്രതിരോധരീതി എന്ന നിലയില്‍ സ്ത്രീകള്‍ അവരുടെ നിത്യോപയോഗ സാധനങ്ങള്‍ സൈനിക വേലിയില്‍ ഞാത്തി ഇടാറുണ്ടായിരുന്നു: ചിലപ്പോള്‍ കുഞ്ഞുടുപ്പുകള്‍, ചിലപ്പോള്‍ കിടക്കവിരികള്‍, ചിലപ്പോള്‍ തീണ്ടാരിത്തുണികള്‍ പോലും അവര്‍ ഈ വിധം ഞാത്തിയിട്ടു പട്ടാള യുക്തിയെ സ്ത്രീസ്വഭാവബന്ധിയായ പരിചരണ മൂല്യങ്ങളാല്‍ അപനിര്‍മിച്ചു. പരിചരണത്തിനും സ്ത്രീകള്‍ക്കിടയിലെ സ്നേഹബന്ധത്തിനും പുറമെ ചില അന്തേവാസികള്‍ ദേവീ പ്രാര്‍ത്ഥന പോലെയുള്ള ഇതര-ആത്മീയതകള്‍ക്കും ക്യാമ്പില്‍ ഇടം തേടി. പ്രതിരോധത്തെ മറന്നു കൊണ്ടായിരുന്നില്ല ഇതൊന്നും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പട്ടാളക്കാരോട് മാത്രം ഒതുങ്ങിയില്ല അവരുടെ സംഭാഷണങ്ങള്‍. പട്ടാളക്കാരുടെ ഭാര്യമാരോടും അവര്‍ തങ്ങളുടെ സമരകാരണത്തെപ്പറ്റിയും മിസൈലുകള്‍ ഉപേക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയും സംസാരിച്ചു.

പല തരത്തിലുള്ള സമാധാനവാദ അഭിപ്രായങ്ങള്‍ വൈവിധ്യമാര്‍ന്ന ഈ പ്രതിഷേധങ്ങള്‍ക്ക് ആശയബലം പകര്‍ന്നു. യുദ്ധത്തിനെതിരെ സ്ത്രീകള്‍ പുലര്‍ത്തിപ്പോന്ന പ്രതിരോധത്തിന്‍റെ ദീര്‍ഘവും ധീരവുമായ സമരവും, സമാധാനം എന്ന മൂല്യത്തോടുള്ള അവരുടെ ചേര്‍ന്നുനില്‍പ്പും മായാത്ത ഓര്‍മകളായി അവിടെ തളം കെട്ടി നിന്നിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടനില്‍ ഒരു പുരുഷന്‍ ഉത്തമപൗരനായി പരിഗണിക്കപ്പെട്ടിരുന്നത് തന്‍റെ രാജ്യത്തിനെ സംരക്ഷിക്കാന്‍ ആയുധസന്നദ്ദ്ധത അവനു സാധ്യമാണ് എന്ന നിലയില്‍ ആയിരുന്നു. സ്ത്രീകള്‍ക്ക് അത്കൊണ്ട് തന്നെ ഉത്തമ പൗരത്വം അവകാശപ്പെടാന്‍ പറ്റുമായിരുന്നില്ല. എന്നാല്‍ ശുശ്രൂഷ, സേവനം എന്നീ നന്മകളെ പരിപോഷിപ്പിക്കുന്നത് വഴി അവര്‍ക്ക് പൗരധര്‍മ്മം നിര്‍വഹിക്കാനാകും എന്ന് സൈദ്ധാന്തീകരിച്ചു പോന്നിരുന്നു. എന്നാല്‍, പുരുഷചിന്തകരില്‍ ഭൂരിഭാഗവും ഈ ചിന്താധാര സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കാന്‍ ഒരു കാരണം എന്നോണം ഉപയോഗിക്കുന്നു എന്ന കാരണത്താല്‍ മേല്‍പ്പറഞ്ഞ ചിന്താധാരയെ സ്ത്രീകള്‍ മുഴുവനായും അംഗീകരിച്ചിരുന്നില്ല. അതിനു പകരമായി ചില സ്ത്രീകള്‍ വാദിച്ചത് തങ്ങള്‍ യുദ്ധത്തിന് തയ്യാറാകില്ലെങ്കിലും രാജ്യത്തിനുവേണ്ടി നാഗരികത വളര്‍ത്തുക എന്ന ദൗത്യം ഏറ്റെടുക്കാം എന്നായിരുന്നു. വേറൊരു തലത്തില്‍ സ്ത്രീകളുടെ ശുശ്രൂഷാബന്ധിയായ പ്രവൃത്തികള്‍ വളരെ സമാധാനപരമായ കച്ചവട വാണിജ്യ കൈമാറ്റത്തിന് ഉതകുന്നതായി ചിലര്‍ കരുതിപ്പോന്നു. മറ്റു ചില സ്ത്രീകള്‍ ആകട്ടെ യുദ്ധം സദാചാര വിരുദ്ധമാണെന്നും സ്ത്രീകള്‍ അഹിംസയുടെ സന്ദേശവാഹകരാകാന്‍ പ്രത്യേക ജന്മവാസനയുള്ളവരും സമാധാനത്തിന്‍റെ പാത തെരഞ്ഞെടുക്കുന്ന വരും ആണെന്ന് വാദിച്ചു പോന്നു. സംവദിക്കാനും മധ്യസ്ഥത വഹിക്കാനും സന്ധിസംഭാഷണം നടത്താനുമുള്ള തങ്ങളുടെ കഴിവുകളെ ഉയര്‍ത്തി കാണിച്ചുകൊണ്ടും പൊതു കാര്യങ്ങളില്‍ തങ്ങളെ തന്നെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ കെല്‍പ്പുള്ളവരാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് സമാധാനവാദികളായ സ്ത്രീകള്‍ തങ്ങള്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടി വാദിച്ചു. സമാധാനത്തിനുവേണ്ടി കാമ്പയിന്‍ ചെയ്ത സ്ത്രീകളില്‍ മിക്കവാറും പേര്‍ സിവിക് ജീവിതത്തില്‍ സജീവമായിരുന്നു. അവരില്‍ പലരും സ്കൂള്‍ ബോര്‍ഡുകളില്‍ അംഗത്വം ഉള്ളവരായിരുന്നു . ചിലര്‍ സാമൂഹിക ക്ഷേമത്തില്‍ കൂടുതല്‍ സ്ത്രീപങ്കാളിത്തം ഉണ്ടാവാന്‍ ആഗ്രഹിച്ചപ്പോള്‍ മറ്റുചിലര്‍ സ്ത്രീകളെ സംബന്ധിച്ച ഭേദപ്പെട്ട നിയമങ്ങള്‍ക്കും പോളിസികള്‍ക്കും വേണ്ടി പൊരുതി. അവരില്‍ ചില ദൈവവിശ്വാസികളുമുണ്ടായിരുന്നു. ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങള്‍ കേന്ദ്രീകരിച്ചാണ് അവര്‍ ചെയ്യുന്ന നല്ല വൃത്തികള്‍ എന്നു കരുതുന്നവരും, ബലിയാടപ്പെട്ട ക്രിസ്തുവിനേക്കാള്‍ സമാധാനവും നന്മയും ലോകത്തേക്ക് കൊണ്ടുവന്ന കുഞ്ഞു യേശുവിനെ പ്രതി നന്മ ചെയ്യാന്‍ ഇറങ്ങിയവരും ഈ കൂട്ടത്തില്‍ ഉണ്ടായിരു ന്നു.

എന്നിരുന്നാലും പത്തൊമ്പതാം നൂറ്റാണ്ടിലെ സമാധാന ആക്ടിവിസ്റ്റുകളും ഗ്രിന്‍ഹാം കോമണിലെ സ്ത്രീകളും തമ്മില്‍ പരസ്പര ബന്ധിതമായ ഒരു തുടര്‍ച്ചയുടെ വര വരക്കാന്‍ സാധ്യമല്ല. കാരണം രണ്ടാമത്തെ കൂട്ടര്‍ സേവനം എന്ന ആശയത്തോട് അത്രക്ക് ആകൃഷ്ടരായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം പരിപാലനം എന്നത് സ്ത്രീകളുടെ ധര്‍മ്മമായിരുന്നില്ല. പകരം അത് മറ്റു ചില അനുഭവങ്ങളുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ടതോ പലപ്പോഴും മനപ്പൂര്‍വ്വം സ്ത്രീത്വത്തിന് എതിരായുള്ളതോ ആയിരുന്നു. ഹെറ്ററോസെക്ഷുവല്‍ അല്ലാത്ത സ്നേഹം (സ്വവര്‍ഗ്ഗാനുരാഗം), കൂട്ടായ ജീവിതം, അചഞ്ചലമായ പൊതു നന്മയോടുള്ള ആഭിമുഖ്യം എന്നിവയാണ് അവരെ നയിച്ചു കൊണ്ടിരുന്നത്. അവരുടെ കരുതലിനോടുള്ള ആഭിമുഖ്യം ഏറ്റവും നന്നായി ബിംബവല്‍ക്കരിക്കപ്പെട്ടത് ചിലന്തിവലയില്‍ ആയിരുന്നു. പരിപാലനം എന്നത് ഏകഭാര്യത്വം അനുഷ്ഠിക്കുന്ന കുടുംബത്തിനെയും അതിലുള്ള കുട്ടികളെയും അനുബന്ധിക്കുന്ന ഒന്നായി മാത്രം അവര്‍ പരിഗണിച്ചു പോന്നു.


1970കളിലെ ഫെമിനിസങ്ങളില്‍ അന്തര്‍ലീനമായ ചിന്തകള്‍ പ്രത്യേകിച്ചും പുരുഷാധിപത്യം ഹിംസയില്‍ അന്തര്‍ലീനമാണെന്ന വിമര്‍ശനവും അതുല്പാദിപ്പിക്കുന്ന ശാസ്ത്രം അടിസ്ഥാനപരമായി യുദ്ധവും മരണവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന വിശ്വാസവും ക്യാമ്പിലെ പൊതുധാരണ ആയി മാറുകയും തന്‍റേടം ഉള്ള സ്ത്രീകളുടെ മാത്രം ഇടം ആയി തദ്വാരാ ക്യാമ്പ് വന്നു ഭവിക്കയും ചെയ്തു. ഫെമിനിസത്തിന്‍റെ ‘ഏറ്റവും ന്യായമായ പ്രയോഗം’ എന്ന അര്‍ത്ഥത്തില്‍ ലെസ്ബിയനിസം ഇവിടെ വളരെ ദൃഢമായി വേരുറപ്പിച്ചു. വളരെ കൗതുകകരമായ ഫെമിനിസ്റ്റ് വിശ്വാസപ്രമാണങ്ങളും ഉണ്ടായിരുന്നു. പിതാവായ ദൈവത്തെയും (മേരി ഡാലിയുടെ ശക്തവും പ്രശസ്തവുമായ ഒരു വിമര്‍ശനമുണ്ട് ഇതിനെക്കുറിച്ച്) അപാരമായി വളച്ചൊടിക്കപ്പെട്ട ‘അവന്‍റെ’ സുവിശേഷത്തെയും ഒഴിവാക്കി ആദിവാസി ഗോത്രങ്ങളുടെയും റെഡ് ഇന്ത്യന്‍ വംശജരുടെ ഭൂതകഥകളുടെയും മാതൃകയില്‍ ദേവിരൂപങ്ങളുടെ ആരാധനയില്‍ കേന്ദ്രീകരിച്ചുള്ള കൗതുകകരമായ സ്ത്രീപക്ഷ ദൈവശാസ്ത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സമാധാനവാദത്തിനോടുള്ള സ്ത്രീകളുടെ ആഭിമുഖ്യത്തേക്കുറിച്ച് നമുക്ക് ഇപ്പോള്‍ പ്രത്യാശ കുറവാണെന്നു മാത്രമല്ല, വേണ്ടിവന്നാല്‍ ആയുധമെടുത്ത് ഹൈംസികവും ക്രൂരവുമായ യുദ്ധം നയിക്കാന്‍ സ്ത്രീകള്‍ പ്രാപ്തരാണെന്ന് നാം സമ്മതിക്കുകയും ചെയ്യും. അതേ സമയം തന്നെ, സമകാലിക സ്ത്രീകള്‍ സമാധാന പ്രസ്ഥാനങ്ങളില്‍ വളരെ ഉത്സാഹത്തോടെ പങ്കെടുത്തവരാണെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന സത്യവുമാണ്. അതില്‍ ശ്രീലങ്കയിലെ അമ്മമാരും അയര്‍ലന്‍ഡിലെ കത്തോലിക്കാ വിഭാഗത്തിലും പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിലും പെടുന്ന സ്ത്രീകളും, നിരപരാധികളായ കാശ്മീരികള്‍ക്കും മണിപ്പൂരികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെ ചോദ്യം ചെയ്ത ആ ഇടങ്ങളിലെ സ്ത്രീകളും ഉള്‍പ്പെടും.

കര്‍ബാല പുനര്‍ജീവിക്കുമ്പോള്‍: ലബനനിലെ ഷിയസ്ത്രീകളും പരിചരണ പ്രവര്‍ത്തനങ്ങളും
എന്‍റെ രണ്ടാമത്തെ ഉദാഹരണം ഒരു വ്യത്യസ്ത സാഹചര്യത്തില്‍ നിന്നുമുള്ളതാണ്. യുദ്ധത്തകര്‍ച്ച നേരിട്ട ലബനനിലെ ഷിയ സ്ത്രീകളുടെ ജീവിതവും പൊതുപ്രവര്‍ത്തനവും അധികരിച്ച് ലാറാ ഡീബ് എഴുതിയ ഹൃദയസ്പൃക്കായ ഒരു പുസ്തകത്തെ അവലംബിച്ചാണ് ഇതെഴുതുന്നത്. ലെബനീസ് ഷിയ സ്ത്രീകള്‍ പരിചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അതിനെ പ്രതിനിധാനം ചെയ്യുന്നതും ഭക്തിയുടെയും പൊതു നന്മയുടെയും തനത് ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു അതുല്യ പ്രവൃത്തിയായാണ് എനിക്ക് തോന്നുന്നത്. സ്വേച്ഛാധിപത്യത്തിനെതിരെ നൂറ്റാണ്ടുകളോളം പഴക്കം ചെന്ന ഓര്‍മ്മകളുടെ സംസ്കാരം ഉപജീവിച്ച്, വര്‍ത്തമാനകാലത്തില്‍ ഭൂതകാലത്തെ പ്രതിധ്വനിപ്പിച്ചുകൊണ്ട്, അക്ഷീണപരിശ്രമത്തിന്‍റെയും സാമൂഹ്യപ്രതിബദ്ധതയുടെയും പഴയ കുറിപ്പിന്‍റെ പുതു നിര്‍മ്മിതിയായി അവര്‍ സ്വയം ആവിഷ്കരിക്കുന്നു. ഡീബിന്‍റെ കഥ ചുരുളഴിയുന്നത് ഷിയ ഹിസ്ബല്ലയേയും അതിന്‍റെ രാഷ്ട്രീയത്തേയും സ്വാംശീകരിച്ച ബേറൂട്ടിന്‍റെ പ്രാന്തപ്രദേശമായ അല്‍ ദാഹിയയിലാണ്. അതിനെ അവര്‍ വിശേഷിപ്പിക്കുന്നത് ഒരു പ്രത്യേകതരം രാഷ്ട്രീയത്തിന്‍റെയും ഭക്തിയുടെയും കൂടിച്ചേരല്‍ വായുവില്‍ പോലും തങ്ങി നില്‍ക്കുന്ന ഒരു പട്ടണത്തിന്‍റെ ഭാഗം എന്നാണ്. ഈ നഗരദൃശ്യം, അവരുടെ കാഴ്ചയില്‍ അനാഥരുടെയും മതനേതാക്കന്മാരുടെയും രക്തസാക്ഷികളുടെയും ഭയലേശമെന്യേ പൂവാലശല്യമില്ലാത്ത തെരുവില്‍ നടക്കുന്ന ഹിജാബിനുള്ളിലെ (അഥവാ ഇറാനിയന്‍ അബായക്കുള്ളിലെ) സ്ത്രീകളുടെയും രൂപങ്ങളാല്‍ നിര്‍മിക്കപ്പെട്ടതാണ്.

ഹിസ്ബല്ല ഇസ്രയേലിന്‍റെ സമാധാന ലംഘന തന്ത്രങ്ങളെയും ലെബനനിലെ പല ഭാഗങ്ങളിലേക്കുള്ള കടന്നുകയറ്റത്തേയും രൂക്ഷമായി വിമര്‍ശിച്ചവരാണെന്നത് അറിയപ്പെടുന്ന ചരിത്രമാണല്ലോ. ചരിത്രപരമായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഷിയാ മുസ്ലിം കമ്മ്യൂണിറ്റിയുടെ രാഷ്ട്രീയഅവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചിട്ടുണ്ട്. ലെബനനിലെ ചില പ്രദേശങ്ങളില്‍ അവരുടെ സാന്നിധ്യവും അധികാരവും കൊണ്ട് ഉടലെടുത്തതായ പൗരസംബന്ധിയായ ഒരു സംസ്കാരത്തെക്കുറിച്ചാവും ഒരുപക്ഷേ ആരും അറിയാതെ പോയത്. ഭക്തിയുടെയും ആകര്‍ഷകമായ ആധുനികതയുടെയും ഇടയില്‍ നടന്ന് പോന്ന ഒരു വ്യവഹാരത്തിന്‍റെ സാഹചര്യത്തില്‍ വിഭാവനം ചെയ്യപ്പെട്ട സംസ്കാരമായണ് ഡീബ് ഇതിനെ കാണുന്നത്. (ഇത് ഗാന്ധിക്ക് വളരെ പരിചിതമായ വ്യവഹാരമാണ്. കാരണം അദ്ദേഹം ഈ രണ്ടു മണ്ഡലങ്ങളുടെ ഇടയിലൂടെ സമ്പൂര്‍ണ്ണ യാത്രകള്‍ നടത്തിയവനാണ്). ഡീബിന്‍റെ അഭിപ്രായത്തില്‍ 1970കളില്‍ ഷിയെറ്റ് പടയൊരുക്കങ്ങളുടെ സാഹചര്യങ്ങളില്‍ത്തന്നെ ഈ സമുദായം ആധുനികതയുടെ പല അര്‍ത്ഥതലങ്ങളുമായി സങ്കീര്‍ണ്ണമായുള്ള ഇടപെടല്‍ നടത്തി എന്നുള്ളതാണ്. ഈ മാറ്റങ്ങളുടെ ഭാഗമായി മൂന്ന് ഘടകങ്ങള്‍ ഉണ്ടായതായി അവര്‍ ഊന്നിപ്പറയുന്നു. പിന്നാക്കം നില്‍ക്കുക എന്ന ആശയത്തിന് വിപരീതമായി സംസ്കാരമുള്ളവരാവുക എന്ന ആശയവും ദാരിദ്ര്യത്തിനും അറിവില്ലായ്മക്കും പകരമായി ഭൗതിക പുരോഗതി എന്ന ആശയവും അവസാനമായി ആത്മീയതയുടെ വളര്‍ച്ചയെയും പുരോഗതിയെയും പ്രധാനമായി സ്ഥാപിക്കുക എന്നതുമായിരുന്നു ഇവ. ഈ മൂന്ന് ആശയങ്ങളും ഒരു പ്രത്യേകതരം ഭക്തിയുടെ പ്രയോഗത്തിലേക്ക് വ്യാഖ്യാനിക്കപ്പെട്ടു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഡീബിന്‍റെ അഭിപ്രായത്തില്‍, ചില ആധുനിക സാഹചര്യങ്ങളില്‍ മതവിശ്വാസങ്ങളുടെ തുണയില്ലാതെ ജീവിക്കാന്‍ പഠിച്ചിരുന്നെങ്കില്‍ പോലും അവര്‍ ഒരു ആധികാരികമായ വിശ്വാസത്തിലേക്ക് ചേര്‍ന്നു നില്‍ക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. മറ്റു രീതിയില്‍ പറയുകയാണെങ്കില്‍ പിന്നാക്കം എന്നല്ലാതെ ആധുനികരായി പരിഗണിക്കപ്പെടണമെങ്കില്‍ ആ സ്ത്രീകള്‍ വളരെ വ്യത്യസ്തമായ രീതിയില്‍ പ്രത്യക്ഷത്തില്‍ ഭക്തി ഉള്ളവരായി നിലകൊള്ളേണ്ടി വന്നു. ഭക്തിയുടെയും പുരോഗതിയുടെയും ഈ പ്രവര്‍ത്തനങ്ങള്‍ ഡീബിന്‍റെ പഠനത്തില്‍ പറയുന്നതുപോലെയാണെങ്കില്‍ ഏറ്റവും പ്രത്യക്ഷമായി കാണപ്പെടുന്നത് അഷ്ഠര അല്ലെങ്കില്‍ മുഹറത്തിന്‍റെ മാസത്തിലെ 10 ദിവസങ്ങളില്‍ ആണ്. ഈ ദിവസങ്ങള്‍ കര്‍ബാലയില്‍ നടന്ന ചൂഷണത്തിന്‍റെയും ഇമാം ഹൊസൈനിന്‍റെ രക്തസാക്ഷിത്വത്തെയും ഓര്‍ത്തെടുക്കുന്നവയാണ്. ഇന്ന് കര്‍ബാല ഷിയയുടെ പല അര്‍ത്ഥ തലങ്ങളെയും ധ്വനിപ്പിക്കുന്നുണ്ട്. മൊഹറത്തിന്‍റെ ആദ്യ പത്ത് ദിവസങ്ങള്‍ ഷിയ ലീഡറായ ഇമാം ഹൊസൈനിന്‍റെയും അനുയായികളുടെയും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അനുസ്മരിപ്പിക്കുന്നതും പത്താം മുഹറം അവരുടെ രക്തസാക്ഷിത്വത്തെയും അനുസ്മരിപ്പിക്കുന്നതുമാകുന്നു. പ്രവാചകന്‍റെ മകള്‍ സയ്യിദ് ഫത്തേമയുടെയും മരുമകനായിരുന്ന ഇമാം അലിയുടെയും സന്തതിയായിരുന്നു കൊച്ചുമകനായ ഇമാം ഹുസൈന്‍. വിശ്വാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന വിശ്വാസം ഇമാംഅലി പ്രവാചകന്‍ തെരഞ്ഞെടുത്ത പിന്തുടര്‍ച്ചാവകാശക്കാരന്‍ ആയിരുന്നു എന്നാണ്. കാലിഫുകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവര്‍ ഈ വിശ്വാസത്തെ എതിര്‍ക്കുകയും പ്രവാചകനു ശേഷം ഭരണാധികാരികളാവുകയും ചെയ്തു. ഇസ്ലാമിക് ചരിത്ര ഗവേഷകരുടെ അഭിപ്രായത്തില്‍ പിന്‍തുടര്‍ച്ചാവകാശത്തെ ചുറ്റിപ്പറ്റി നടന്ന ഈ തര്‍ക്കങ്ങളും ഭിന്നിപ്പുകളും പലതരം മതപരവും വംശപരവും ഗോത്രപരവുമായ വിശ്വസ്തതയിലേക്ക് നയിക്കുന്ന സ്ഥിതിഗതികളിലേക്കും നയിച്ചു എന്നാണ്. എന്നിരുന്നാലും ഒരു പക്ഷേ കാലങ്ങള്‍ക്കുശേഷം ഭരണാധികാരികളോടുള്ള അവരുടെ കര്‍ക്കശമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ ഷിയകള്‍ ധര്‍മ്മബോധമുള്ള വിപ്ലവകാരികളായി കണക്കാക്കപ്പെട്ടു. ഇതിനര്‍ത്ഥം ഷിയ ഭരണാധികാരികള്‍ ഇല്ലായിരുന്നു എന്നല്ല. ഒരുപാട് ഷിയ സ്റ്റേറ്റുകള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ചും പത്താം നൂറ്റാണ്ടില്‍. എന്നാല്‍ അവരുടെ ദീര്‍ഘകാല രാഷ്ട്രീയസ്വാധീനം മഹത്തരമായത് അവരെ ഭരിച്ചിരുന്ന കാലിഫുകളുടെ നിയമസാധുതയെ അവര്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു.

സ്വേച്ഛാധിപത്യ പരമായ ഭരണത്തിനെതിരെയുള്ള കലാപത്തിന് അവര്‍ക്ക് പ്രചോദനമായി കരുതുന്നത് കര്‍ബാലയിലെ യുദ്ധഭൂമിയാണ്. അവിടെ 680 ബി.സി.യില്‍ സേച്ഛാധിപതിയായ യാസിദ് അയച്ച സൈന്യത്തില്‍ ഹൊസെയ്ന്‍ കൊല്ലപ്പെട്ടു. ഹൊസെയ്നിന്‍റെ നന്മക്കു വേണ്ടിയുള്ള രക്തസാക്ഷിത്വവും ത്യാഗവും ഐതിഹാസികമാവുകയും തീക്ഷ്ണതയുള്ള ഭക്തിയുടെ, അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്‍റെ, മൂലതത്വമായ രാഷ്ട്രീയമായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്‍റെ മരണശേഷം സഹോദരിയായ സൈനബയുടെ വിലാപവും യാസിദിനെതിരെയുള്ള അവരുടെ ധൈര്യപൂര്‍വ്വമായ വിമര്‍ശനവും പിന്നീട് തിന്മക്കെതിരെയുള്ള നന്മയുടെ വിജയമായും അടിച്ചമര്‍ത്തുന്ന തെറ്റുകള്‍ക്കെതിരെ നിഷ്കളങ്കമായ ശരിയായും ഒക്കെ ഉപമിക്കപ്പെട്ടു. ഒട്ടും അതിശയോക്തിയില്ലാതെ തന്നെ രക്തസാക്ഷിത്വം ഗാന്ധിയെ ആകര്‍ഷിക്കുകയും സൗത്ത് ആഫ്രിക്കയിലെ ആദ്യകാല സത്യാഗ്രഹങ്ങളില്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒന്നിപ്പിക്കാന്‍ വേണ്ടി അദ്ദേഹം ഇത് ഉപയോഗിക്കുകയും ഉണ്ടായി.

ഷിയാ കമ്മ്യൂണിറ്റിക്കിടയില്‍ കര്‍ബാലയിലെ യുദ്ധം ഒരിക്കലും അവസാനിക്കുന്നില്ല. കാരണം വിശ്വാസികള്‍ അതിന്‍റെ ദുഃഖവും ദുരന്തവും പ്രാധാന്യവും ഒക്കെ എല്ലാവര്‍ഷവും ആവര്‍ത്തിച്ച് ഓര്‍ക്കുന്നു. യുദ്ധത്തിന്‍റെയും മരണങ്ങളുടെയും രക്തസാക്ഷിത്വ ങ്ങളുടെയും സ്മരണയ്ക്ക് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഘടകങ്ങള്‍ ഉണ്ട്. ഇറാനില്‍ സ്ത്രീകള്‍ മരിച്ചവരെ ഓര്‍മ്മക്കുറിപ്പിലൂടെയും പലപ്പോഴും നേര്‍ച്ചനേരലിലൂടെയും ഒക്കെ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നു. ഷിറാസ് എന്ന ഇറാനിയന്‍ പട്ടണത്തില്‍ താന്‍ കണ്ട അഷ്ഠൂര വിവരിക്കുമ്പോള്‍ ഹൊസയ്നിന്‍റെ കുഞ്ഞായ അലി അസ്ഗരിന്‍റെ നിഷ്ഠൂരമായ അകാലമരണത്തെ പറ്റിയും എഴുതിയിരിക്കുന്നു. ലാസിദിന്‍റെ ക്യാമ്പിലേക്ക് തന്‍റെ അച്ഛന്‍ കൊണ്ടുവന്നപ്പോള്‍ വെള്ളം ചോദിച്ചതിനാലാണ് അവന്‍ കൊല്ലപ്പെട്ടത്. പൊട്ടിക്കാന്‍ കഴിയാത്ത ഒരു തൊട്ടില്‍ ബിംബമാക്കി സ്മൃതിയുടെ അവസരങ്ങളില്‍ ഷിയ സ്ത്രീകള്‍ ഈ ഓര്‍മ്മ പുതുക്കുന്നു. അതുപോലെതന്നെ ഹൊസെയ്നിന്‍റെ മരണപ്പെട്ട പെണ്‍കുഞ്ഞ് റൊക്കായെഫിനെ അവര്‍ ചെറിയ സമ്മാനങ്ങളായ പാവ, ചെറിയ പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിങ്ങനെ പെണ്‍കുഞ്ഞുങ്ങള്‍ ഇഷ്ടപ്പെടുന്ന വസ്തുക്കള്‍ കൊണ്ട് ഓര്‍ക്കുന്നു. ചില വിലാപക്കാര്‍ സ്വേച്ഛാധിപതിയുടെ സൈന്യത്താല്‍ നഗ്നപാദങ്ങളാല്‍ നടക്കാന്‍ നിര്‍ബന്ധിതയായ കൊച്ചു കുഞ്ഞിനുവേണ്ടി പൂ കൊണ്ടുവരും. അവള്‍ പിന്നീട് ഒരു ഇരുണ്ട കോണിലാണ് കൊല്ലപ്പെട്ടത്. ദശാബ്ദങ്ങള്‍ക്കു ശേഷവും അതിനാല്‍ പ്രകോപിതരായ സ്ത്രീകള്‍ അവള്‍ക്ക് വേണ്ടി മെഴുകുതിരികള്‍ സമര്‍പ്പിക്കുന്നു.

ഈ നേര്‍ച്ചകളെല്ലാം നേരുന്നത് മറ്റൊരു വിശ്വാസം ഉള്ളത് കൊണ്ട് കൂടിയാണ്: വലുതും മഹത്തരവുമായ ഒരു കര്‍മ്മത്തിന് വേണ്ടി ബലിയര്‍പ്പിക്കപ്പെട്ട ഈ പുരുഷന്മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിലാപക്കാര്‍ക്കുവേണ്ടി കൃപയോടെ ഇടപെടുകയും ദൈവീകമായ ശോഭ അനുഭവിക്കുന്ന ഉറപ്പുനല്‍കുന്ന ലൗകീകമായ ഉപഹാരം നല്‍കുകയും ചെയ്യും എന്ന വിശ്വാസം.
ലോകത്തെമ്പാടുമുള്ള ഷിയ സമൂഹങ്ങളില്‍ കര്‍ബാലയിലെ സ്ത്രീകളുടെ മുഖ്യ ഫത്തേമായും (പ്രവാചകന്‍റെ മകളും ഇമാം അലിയുടെ ഭാര്യയും) ഹൊസെയ്ന്‍റെ അര്‍പ്പണബോധമുള്ള സഹോദരിയായ സൈനബയെയും ആണ് പ്രധാനമായും ആരാധിക്കപ്പെടുന്നത്. അവരുടെ കഥകള്‍ ഒരു മാതൃകയായി ഓര്‍മ്മിക്കപ്പെടുന്നത് ഇന്നത്തെ സ്ത്രീകള്‍ക്ക് അത് അനുകരിക്കാനും ജീവിതം ഭക്തിയുടെയും സഹനത്തിന്‍റെയും ധൈര്യത്തിന്‍റെയും ഒക്കെ മാതൃകയാക്കി പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ജീവിതം ക്രമീകരിക്കാന്‍ കൂടി വേണ്ടിയുമാണ്. ഇറാനില്‍ ഈ രണ്ടു സ്ത്രീകളും ഉത്തമമായ സ്ത്രീത്വത്തിന്‍റെ ബിംബങ്ങളായി കരുതപ്പെടുന്നു. അവരുടെ ജീവിതങ്ങളുടെ പുനര്‍വായന വര്‍ഷങ്ങള്‍ക്കിപ്പുറം ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപനത്തിലേക്ക് നയിക്കുന്ന പ്രചോദനമായി കരുതപ്പെടുന്നു. ഫാത്തേമായുടെ ബുദ്ധിയും ദയാലുത്വവും തന്‍റെ ഭര്‍ത്താവ് അലിയോടുള്ള വിശ്വസ്തതയോടെ ഉള്ള പെരുമാറ്റവും പ്രവാചകന്‍റെ മകള്‍ എന്ന രീതിയില്‍ അവര്‍ അനുഭവിച്ച ദുസ്തരമായ പദവിയും തന്‍റെ സഹോദരങ്ങളോടുള്ള സൈനബയുടെ സത്യസന്ധതയും ഭക്തിയുടെ ദൂതിക എന്ന കര്‍ത്തവ്യവും യാസീദിനെ നേരിട്ടുകൊണ്ട് ശിക്ഷിക്കപ്പെട്ട കുടുംബത്തിന്‍റെ ആത്മീയലക്ഷ്യം മുന്നോട്ട് കൊണ്ടുപോയവള്‍ എന്ന സവിശേഷതയും എല്ലാ സ്ത്രീകളും അനുശീലിക്കേണ്ട കഴിവുകളായി അവതരിപ്പിക്കപ്പെട്ടു പോന്നു.

ഇറാനിയന്‍ വിമത ചിന്തകരായ അലി ഷരിയാണി മൊര്‍ട്ടേസ മൊതാഹ്ഹരി എന്നിവരുടെ രചനകളില്‍ കര്‍ബാലയിലെ സ്ത്രീകള്‍ വിലപിക്കുന്നവരും ഓര്‍മ്മകളെ നിലനിര്‍ത്തുന്നവരും മാത്രമല്ല, രാഷ്ട്രീയ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന വരും അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ അണിനിരക്കുന്നവരുമാണ്. സയ്നബ് തന്‍റെ സഹോദരനായ ഹൊറസെയ്നിന്‍റെ സഹായിയും കൂട്ടുകാരിയും പാവപ്പെട്ടവരുടെയും നിര്‍ധനരുടെയും സഹായിയും അവന്‍റെ വിപ്ലവകരമായ സ്വപ്നങ്ങളുടെ കൂട്ടാളിയും ഇതൊക്കെ ബോധ്യപ്പെട്ട് തന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിച്ചു സഹോദരനോടൊപ്പം നിന്നവരുമാണവര്‍. ഹൊസെയ്നിനെ അറിയാത്തവരുടെ ഇടയില്‍ അദ്ദേഹത്തിന്‍റെ ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന അധ്യാപികയായും അവര്‍ കരുതപ്പെട്ടിരുന്നു.

ഇറാനിലെ ഇസ്ലാമിക റിപ്പബ്ലിക് ഫത്തേഹ്മയെക്കുറിച്ചും സെയ്നബയെ കുറിച്ചും വളരെ യാഥാസ്ഥിതികമായ കാഴ്ചപ്പാടാണ് മുന്നോട്ട് വെച്ചത്. വളരെ ബഹുമാനപൂര്‍വ്വം അവരുടെ പ്രാധാന്യം അടയാളപ്പെടുത്തുമ്പോഴും ഭരണത്തിലിരുന്ന ഇമാമുകള്‍ വളരെ വ്യക്തമായി തന്നെ സൂചിപ്പിച്ചത് സ്ത്രീകള്‍ എല്ലായിപ്പോഴും വിശ്വാസികളെ സ്ഥിരം പിന്തുണയ്ക്കുന്നവര്‍ ആണെന്നും ത്രികാസ്ഥി സംബന്ധമായ അധികാരം നിലനിര്‍ത്താന്‍ സഹായിക്കുന്നവരാണെന്നും എന്നാണ്. ഇത്തരത്തില്‍ സ്ത്രീത്വത്തിന്‍റെ ആശയങ്ങള്‍ വ്യതിരിക്തമായ പ്രസക്തി തേടുന്നുണ്ട് ഇവിടെ. ഡീബ് അടയാളപ്പെടുത്തിയത് പോലെ ഷിയകള്‍ വളരെ നിര്‍ണായകമായ ഒരു സംഘമായി, ന്യൂനപക്ഷമായി ഭരണത്തെ എതിര്‍ക്കുന്നവര്‍ ആയി, നിലകൊണ്ടു .
ഈ സന്ദര്‍ഭത്തില്‍ കര്‍ബാല പുനര്‍ ജീവിക്കുന്നതിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. ഒന്ന് അനുസ്മരണമാണ്. എന്നാല്‍ ലെബനെനില്‍ മാത്രം അവരുടെ കര്‍ബാലയിലെ രക്തസാക്ഷിത്വം വര്‍ത്തമാനത്തോട് ഇഴുകിച്ചേര്‍ന്നു കാണപ്പെടുന്നു. സമകാലിക ഷിയ 22 വര്‍ഷമായി ഇസ്രായേലിന്‍റെ കടന്നുകയറ്റത്തെ വെല്ലുന്ന ഒന്നായി നിലകൊള്ളുന്നു. കമ്മ്യൂണിറ്റിയില്‍ സൈനബ് എന്നതിന്‍റെ അര്‍ത്ഥം രണ്ടാമത്തെ പുനര്‍ജീവിതം സാധ്യമാകുന്നുവെന്ന് ഡീബ് പറയുന്നു. പതിയെ സൈനബ് ഫത്തേമയെ പുനഃസ്ഥാപിച്ചു കൊണ്ട് സ്ത്രീകളുടെ ഉത്തമ മാതൃകയാക്കി അവരെ മാറ്റി എന്ന് അവള്‍ ചൂണ്ടികാണിക്കുന്നു. അവരുടെ വിലാപങ്ങളില്‍ നിന്നും തന്‍റെ സഹോദരന്‍റെ അന്യായമായ മരണത്തിന്‍റെ സൂചനകള്‍ എടുത്തുകൊണ്ട് വിലാപത്തിന്‍റെ പൊതു ആചാരങ്ങളുടെ ഭാഗമായി ഷിയ സ്ത്രീകള്‍ അവരുടെ ജീവിതത്തെ പൊതുസേവനത്തിനു വേണ്ടി മാറ്റിവെച്ച് ജീവിതവുമായി ബന്ധപ്പെടുത്താന്‍ തുടങ്ങി. ഡീബിന്‍റെ പുസ്തകത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടുന്ന സ്ത്രീകളില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു. ‘ഇമാമിന്‍റെ രക്തസാക്ഷിത്വത്തിന് ശേഷം സയ്യിദ സൈനബ് എല്ലാ അനാഥരെയും പോറ്റിവളര്‍ത്തി അവരോടൊപ്പം നിന്നും അവരുടെ വേദനകള്‍ക്ക് ശമനം വരുത്തി. അവര്‍ നമ്മെ പഠിപ്പിച്ചത് നമ്മള്‍ എന്തൊക്കെ അനുഭവിച്ചാലും അവര്‍ അനുഭവിച്ച അത്ര വരില്ല എന്നതായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് അവരാണ് മാതൃക. മറ്റുള്ളവരെ സഹായിക്കാന്‍ ഞങ്ങള്‍ പഠിച്ചത് അവരില്‍ നിന്നാണ്.’ മറ്റൊരാള്‍ പറയുന്നു ‘എപ്പോഴും എന്തെങ്കിലും പ്രശ്നം അഭിമുഖീകരിക്കുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കും, എനിക്ക് സൈനബ് ചെയ്തു പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ? ആരെങ്കിലും എന്‍റെ വാതില്‍ക്കല്‍ മുട്ടിയാല്‍ ഞാന്‍ അവരെ സഹായിക്കുമോ ഇല്ലയോ? മറ്റുള്ളവരുടെ വിഷമം എനിക്ക് മനസ്സിലാക്കാന്‍ കഴിയുമോ? ഞാന്‍ എന്നിലെ എന്നെ കൂടുതല്‍ നല്‍കുമോ? അടിച്ചമര്‍ത്തല്‍ നേരിടാന്‍ എനിക്ക് ധൈര്യം ഉണ്ടോ’.
ഡീബ് വാദിക്കുന്നത് ഉദാഹരണങ്ങളിലൂടെ ഉള്ള ഈ അറിവ് വിശാലമായ സമയപരിധിയെ മറികടക്കുന്നതാണെങ്കിലും അതിനെ നാം വ്യതിരിക്തമായി നോക്കി കാണേണ്ടതുണ്ട് എന്നാണ്; ഇത് ലബനനിലെ സിവില്‍ യുദ്ധങ്ങള്‍ക്കുള്ള പ്രതികരണമായും ആംഗ്ലോ അമേരിക്കയുടെയും യൂറോപ്പിന്‍റെയും മനസ്സില്‍ ദാരിദ്ര്യത്തിന്‍റെയും മരണത്തിന്‍റെയും കൊടും പകയുള്ള ഭയമായും വെറുപ്പായും തുടരുന്നുവെന്നാണ്. മുന്‍പ് സൂചിപ്പിച്ച ആശയം ആവര്‍ത്തിക്കുകയാണെങ്കില്‍ ഷിയ സ്ത്രീകള്‍ ഓര്‍ത്തെടുക്കുന്ന ഇസ്ലാമും കര്‍ബാലയിലെ ഓര്‍മ്മകളും ആധുനിക സന്ദര്‍ഭങ്ങങ്ങളില്‍ തന്നെ, ആധുനിക ലോകത്തിന്‍റെ ആവശ്യങ്ങളോട് അനുയോജ്യത ഉന്നയിച്ചു തന്നെ, നിലനില്‍ക്കുന്നു. അങ്ങനെ നാഗരികമായ ഒരു സംഘം സൗജന്യമായും സബ്സിഡിയോടും കൂടെ മെഡിക്കല്‍ കെയര്‍ സെന്‍റര്‍ നടത്തുകയും അതിന്‍റെ സാങ്കേതികമായ വൈദഗ്ധ്യം പരസ്യപ്പെടുത്താതെ പാടുപെടുകയും എന്നാല്‍ പാവങ്ങള്‍ക്ക് താങ്ങാവുന്ന ക്ഷേമത്തിനും ശ്രദ്ധയ്ക്കും നിലകൊള്ളുന്ന സ്ത്രീകളുടെ സംഘം വളരെ സൂക്ഷ്മതയോടെ തങ്ങളുടെ പ്രവര്‍ത്തികള്‍ ഏകോപിപ്പിച്ച് വിഷ്വല്‍ പബ്ലിസിറ്റിയും നെറ്റ്വര്‍ക്കിന്‍റെ ആധുനിക രീതികള്‍ ഉപയോഗിച്ചും എത്തിച്ചേരുന്ന ചാരിറ്റി സിസ്റ്റം വ്യക്തമായ വിശിഷ്ടമായ ഭരണനിര്‍വഹണ കഴിവുള്ളവരാണ്.

സ്റ്റേറ്റ് ക്ഷേമ പദ്ധതികള്‍ ഇല്ലാത്തിടത്ത് ആണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമായി തീര്‍ന്നത് എന്നും ഡീബ് പറയുന്നുണ്ട്. അത് കൂടാതെ ഇതിനെ ദൃഢമാക്കിയത് ഭക്തിയുടെ ചേതനയോടെയാണ് എന്ന സ്ത്രീകളുടെ വിശ്വാസം കൂടിയാണ്. പൊതുസേവനം മതപരമായ കര്‍ത്തവ്യമാണെന്ന നിര്‍ദ്ദേശം സ്ത്രീകള്‍ വളരെ ഉത്സാഹത്തോടെ തന്നെ കണക്കിലെടുത്തിരുന്നു. സ്ത്രീകളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേവലം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അല്ലെന്നുള്ളതിനും ഈ ഭക്തി ഊന്നല്‍ കൊടുത്തിരുന്നു . സ്ത്രീകള്‍ തന്നെ തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ ഉള്ളില്‍ നാ-ഇയ്യ — അതായത് ഒരാളുടെ ശ്രദ്ധ വിളിച്ചുവരുത്തുന്നതും ശാസിക്കുന്നതും ബോധവാന്മാരാക്കുന്നതും ആയ പ്രവര്‍ത്തിയാണ് കാണുന്നത്. അങ്ങിനെ ദരിദ്രര്‍ എല്ലാകാലത്തും സഹായം തേടുന്നവരായല്ലാതെ ന-ഇയ്യ എന്നത് പരിശീലിച്ചു കൊണ്ട് തങ്ങളുടെ ജീവിതം തങ്ങള്‍ തന്നെ കരുപ്പിടിപ്പിക്കാന്‍ ഉതകുന്നവരാക്കി തീര്‍ക്കുന്നു.

വിക്ടോറിയന്‍ ഇംഗ്ലണ്ടിലെ സമാധാനവാദികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഷിയ സ്ത്രീകള്‍ തങ്ങളുടെ പൊതുഇടങ്ങളിലെ ഭക്തി പ്രവര്‍ത്തനങ്ങള്‍ യുദ്ധഭൂമിയില്‍ ഉള്ള രക്തസാക്ഷികളെ പ്രതിഫലിപ്പിക്കുന്നതാണെന്ന ബോധ്യം ഉള്ളവരായിരുന്നു. മറ്റുള്ളവരിലേക്ക് പലരീതിയിലും അവര്‍ അത് സമര്‍ത്ഥിക്കുന്നുണ്ട്. വളരെ ബോധപൂര്‍വ്വമായും ഗൗരവപരമായും ഹിജാബ് അണിഞ്ഞുകൊണ്ട് ഇസ്ലാമിക സ്വത്വം പ്രദര്‍ശിപ്പിച്ചുകൊണ്ടും റമദാന്‍ പ്രാര്‍ത്ഥനകളിലൂടെയും നോയമ്പുകളിലൂടെയും കര്‍ബാല സ്പിരിറ്റില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ ഇതൊന്നും ഒരു മുസ്ലീം എന്ന രീതിയില്‍ ചെയ്യുന്നതും ചെയ്യേണ്ടതുമായ പല കാര്യങ്ങളിലും വളരെ കുറച്ചായി മാത്രമേ കരുതുന്നുള്ളൂ. അങ്ങനെ അവര്‍ അതിനോട് സമരസപ്പെടുമ്പോഴും ഡീബിന്‍റെ എഴുത്തില്‍ സൂചിപ്പിക്കുന്നതുപോലെ വിവാദപരമായി തന്നെ ഇസ്ലാം ശാസിക്കുന്നത് പോലെ സ്ത്രീകളുടെ പരമപ്രധാനമായ കര്‍ത്തവ്യം കുടുംബത്തോടാണ് എന്ന് യോജിക്കുമ്പോഴും ഇത് സ്ത്രീ സംബന്ധിയായ പ്രവര്‍ത്തികളെ പുതിയ ചട്ടക്കൂടുകളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. സ്ത്രീകളോട് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് ഊന്നിപ്പറഞ്ഞു കൊണ്ട് ഷരിയയുടെ നിബന്ധനകളില്‍ പോലും ഗാര്‍ഹികമായ ധര്‍മ്മം നിര്‍വഹിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കരുതെന്നും വിവാഹത്തിനുശേഷവും ഭക്തിയും സ്നേഹവും അവര്‍ തുടരുമെന്നും വിവാഹിതയായിരുന്നാണ് ഇതിനു വേണ്ടി സമയം സ്ഥലവും കണ്ടെത്താന്‍ അവര്‍ ധാരണ യുണ്ടാക്കുന്നത് എന്നും പറയുന്നു. ഈ സ്ത്രീകള്‍ പലപ്പോഴും ബന്ധുക്കളുടെ ഇടയില്‍ തന്നെ സെക്സിസത്തെ നേരിട്ടിട്ടുണ്ടെന്നും അതിന് അവര്‍ മടി കാണിക്കാറില്ലെന്നും കാരണം പൊതു പ്രവര്‍ത്തനങ്ങളെ എത്രത്തോളം അഭിനിവേശത്തോടെ കാണുന്നോ അത്ര തന്നെയും സാധാരണ സ്ത്രീകള്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള സന്നദ്ധതയും അവര്‍ പ്രകടിപ്പിക്കുന്നതായി ഡീബ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഡീബിന്‍റെ രചന അന്വേഷിക്കുന്നതും നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നതുമായ പൊതു വിടത്തിലെ ഭക്തി ഐഹിക ലോകത്തില്‍ നിന്നും വളരെ ശ്രദ്ധയോടെ വേര്‍തിരിച്ചു നിത്യേനയുള്ള കരുതലും പരിപോഷണവും വിദ്യാഭ്യാസവും വാദപ്രതിവാദങ്ങളും സൂചിപ്പിക്കുന്നത് അത് അവര്‍ക്കും അവരുടെ പഠന വിഷയങ്ങള്‍ക്കും കര്‍ബാല സ്പിരിറ്റും മതവിശ്വാസത്തിലൂന്നിയ ജീവിതവും പ്രദാനം ചെയ്യുന്നു എന്നാണ്.

വിരോധാഭാസമെന്നു പറയട്ടെ തികച്ചും ഉചിതമായി വിശ്വാസത്തില്‍ ജീവിക്കുക എന്നത് ലെബനനിലെ ഈ സാഹചര്യത്തില്‍ സ്ത്രീകളുടെ പൗരത്വത്തിന്‍റെ ആധാരമാണ്. ഇങ്ങനെ പൗരനായിരിക്കുന്നത് ഷിയ ഇസ്ലാമിലെ സദാചാര ലോകത്തും ഹിസ്ബല്ലയുടെ രാഷ്ട്രീയ ലോകത്തും ആണെങ്കിലും ഭക്തിയുടെ വ്യവഹാരം ഇവിടെ അടിച്ചമര്‍ത്തുന്ന അധികാരത്തിനെതിരെയുള്ള ശാസനമായി നിലകൊള്ളുന്നു. സൂക്ഷ്മ ബുദ്ധിയോടെ ഡീബ് പറയുന്നതു പോലെ ഈ മാതൃക നടപ്പിലാവുകയാണെങ്കില്‍ ഹിസ്ബല്ല എതിരില്ലാതെ നിലനില്‍ക്കുമോ എന്നത് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നതല്ല.

ഗ്രീന്‍ഹാം കോമണിലെ സ്ത്രീകളുടെ സുദീര്‍ഘമായ പ്രതിരോധങ്ങളെയോ സമാധാന ജീവിതത്തിനു വേണ്ടിയുള്ള ശ്രമങ്ങളെയോ പോലെ ലബനനിലെ മതവിശ്വാസികള്‍ ഫെമിനിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്നവരെന്ന് എളുപ്പത്തില്‍ വാദിക്കാന്‍ പറ്റില്ല. പുരുഷാധിപത്യ വ്യവസ്ഥക്കെതിരെ അവര്‍ സ്വയം വ്യാഖ്യാനിക്കുന്നില്ല. ഹിംസ, ദാരിദ്ര്യം, മരണം എന്നിവയോടുള്ള പ്രതികരണങ്ങള്‍ എന്നാണോ എവിടെയാണോ ചെയ്യേണ്ടത് എന്ന അനുമാനങ്ങള്‍ക്കനുസൃതമായുള്ളവയാണ് അത്. എന്നാല്‍ അതോടൊപ്പം തന്നെ പല ഫെമിനിസ്റ്റ് ആശയങ്ങളും അവര്‍ ഇവിടെ നിന്ന് പഠിച്ചിട്ടുണ്ടാവാം. കര്‍ബാല ആഖ്യാനവും അഷ്ഠൂര ആചാരങ്ങളും അനീതികളെ ഓര്‍ക്കാനുള്ള ഒരാളുടെ ഉറച്ച തീരുമാനവും ആ ഓര്‍മ്മകള്‍ നല്ല പ്രവര്‍ത്തി ചെയ്യുന്നതിലേക്ക് മാറ്റം ചെയ്യപ്പെടാനുള്ള ആഗ്രഹവും ഒത്തുചേര്‍ന്നു വളരെ സങ്കീര്‍ണമാവുന്ന ഒന്നാണ്. ഒരു നീതിയുള്ള യുദ്ധം നടത്താന്‍ കര്‍ബാല പ്രചോദനമാവുന്നുണ്ടെങ്കിലും പുരുഷന്മാരുടെ പ്രവര്‍ത്തിയായാണ് ഇത് മനസ്സിലാക്കപ്പെടുന്നത്.
ഇറാനില്‍ സ്ത്രീകള്‍ യുദ്ധത്തില്‍ പങ്കു ചേരാന്‍ ആവശ്യപ്പെട്ടതു പോലെയോ ഇറാന്‍-ഇറാഖ് സൈന്യത്തില്‍ ചേര്‍ന്നത് പോലെയോ ലെബനനില്‍ ഒന്നും സംഭവിച്ചില്ല. എന്നുതന്നെയല്ല സ്ത്രീകള്‍ അനീതിയുടെ ഓര്‍മ്മകള്‍ ഏറ്റെടുത്തു പിടിക്കാന്‍ പ്രത്യേകശ്രദ്ധ ചെലുത്തി എന്ന് മാത്രമല്ല മുന്‍പ് ഉദ്ധരിച്ച ഉദാഹരണം പോലെ അത് അവരുടെ ജീവിത തെരഞ്ഞെടുപ്പുകളുടെയും പ്രവര്‍ത്തികളുടെയും ആധാരമാക്കി. സൈനബയെ പോലെ അവര്‍ പ്രവര്‍ത്തിച്ചതുപോലെ അവരുടെ സാഹചര്യങ്ങളില്‍ എങ്ങനെയായിരിക്കും എന്നൊക്കെ ആലോചിക്കാന്‍ തുടങ്ങി. ഇതിനര്‍ത്ഥം പ്രതികാരത്തെ പരിപോഷിപ്പിക്കുന്നതിനേക്കാള്‍ അവര്‍ കര്‍ബാലയിലെ സ്ത്രീകളെപ്പോലെ അനുകമ്പയുടെയും കരുതലിന്‍റെയും പ്രവര്‍ത്തിയില്‍ അര്‍പ്പിക്കാന്‍ അവരെ തന്നെ എങ്ങനെ ശക്തരാക്കാം എന്നുള്ളതാണ് മാതൃകയാക്കിയത്. ഈ അനുഭവം വീടും ലോകവുമായുള്ളവ പുനര്‍നിര്‍വ്വചിക്കുകയല്ല. മറിച്ച് സ്വത്വവും ലോകവും തമ്മിലുള്ള ബന്ധത്തിന്‍റെ പുനര്‍നിര്‍വചനം സാധ്യമാക്കുകയാണ് ചെയ്യുന്നത്.

പൊതു ഇടത്തിലെ ഭക്തിയെക്കുറിച്ചുള്ള വേറിട്ട അനുമാനത്തിലൂടെ ലോകത്തിന്‍റെ മുന്നില്‍ വേറിട്ട് നിലകൊള്ളുന്നു ഇത്. ഈ സ്വത്വം പരിപാലനവും കരുതലും വളരെ പ്രധാനപ്പെട്ട നന്മകളായി അവകാശവാദം ഉന്നയിക്കുന്നു. അത് വീട് എന്ന ഇടത്തെ കുറിച്ചല്ല മറിച്ച് അതിന്‍റെ ആദര്‍ശം ന്യായത്തിന്‍റേതാണ്. സ്ത്രൈണവല്‍ക്കരിക്കപ്പെട്ട ഭക്തിയുടെ വൈരുദ്ധ്യാത്മകത പ്രശ്നകരമായി തോന്നാമെങ്കിലും ഉടമ്പടികള്‍ അതിലംഘിത തോന്നലുളവാക്കുന്നതും ഓര്‍മ്മകളുടെ ആചാരങ്ങള്‍ ഒരു ഭാഗത്തും സാമൂഹ്യ നന്മയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ഭാഗത്തും അറിയാതെ വെളിവാക്കുന്നത് സാങ്കല്‍പ്പികമായ ഊര്‍ജ്ജമാണ്. അത് നമ്മളെ ന്യായവും സമാധാനവും തമ്മിലുള്ള ബന്ധത്തെ പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിവുള്ളതാക്കും.
ഈ കഥകളില്‍നിന്നും അനുമാനിക്കപ്പെടുന്നത് ഹിംസയുമായി ഇടപെടുന്ന സമാധാന ജീവിതത്തിന്‍റെ ഈ രണ്ട് ഉദാഹരണങ്ങളും നമുക്ക് വാഗ്ദാനം ചെയ്യുന്നത് സ്ത്രീകളുടെ പൊതുഇടങ്ങളിലെ പ്രവര്‍ത്തനങ്ങളെയാണ്. അത് ആദര്‍ശങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനതീതമായി പലതരം പ്രവര്‍ത്തനങ്ങളും പെര്‍ഫോര്‍മന്‍സുകളും പ്രതിനിധാനം ചെയ്യുന്നവയാണ്. ഗ്രിന്‍ഹാം കോമണിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിനാശകരമായ യുദ്ധത്തിന്‍റെ ഹിംസ തര്‍ക്കമറ്റ രീതിയാല്‍ പിതൃ മേധാവിത്വ പരമാണ്. മരണത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവുമ്പോള്‍ സൂചിപ്പിക്കപ്പെടുന്നത് രണ്ടു നൂറ്റാണ്ടുകളോളം അവര്‍ ഊന്നല്‍ നല്‍കിയ ജീവിതം സ്നേഹത്തിനും കരുതലിനും സംവാദത്തിനും പുതിയ സാമൂഹ്യ സാഹോദര്യത്തിനും ഊന്നല്‍ നല്‍കുന്നതായിരുന്നു എന്നുള്ളതാണ്. ഷിയ ലെബനനില്‍ യുദ്ധ ബാധിത സമൂഹത്തില്‍ പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരുന്നത് ‘നീതിയുടെ’ യുദ്ധം എന്ന പ്രതിഭാസമാണ്. ഷിയ സ്ത്രീകളുടെ പ്രതികരണം പ്രത്യേകമായും സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നതാണെങ്കിലും ദൃഢമായി നിയമവിരുദ്ധമായ അധികാരത്തെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതഴിച്ചുവിടുന്ന യുദ്ധവും ഹിംസയും ഉയര്‍ത്തുന്ന ചോദ്യം എങ്ങനെയാണ് മരണ മുഖത്തുനിന്നും ഒരാള്‍ വ്യവഹാരം നടത്തുക എന്നുള്ളതാണ്.

ജൈന ചിന്തയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ഗാന്ധി പലതവണ പറഞ്ഞിട്ടുള്ളത് ജീവിക്കുക എന്നാല്‍ ശോഭയോടെ ശാന്തതയോടെ മരിക്കാന്‍ പഠിക്കുക എന്നതാണ്. മരണത്തിന്‍റെ വരവിനെ മുന്നില്‍ കണ്ടുകൊണ്ട് ലെബനനിലെ സ്ത്രീകള്‍ പ്രവര്‍ത്തിച്ചത് ഗാന്ധി തന്‍റെ അവസാന ദിനങ്ങളില്‍ മരണത്തിന് മുന്നില്‍ ശോഭയോടെ ജീവിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്താന്‍ ശ്രമിച്ചത് പോലെയായിരുന്നു. അവസാന വിശകലനത്തില്‍ സമാധാന ജീവിതത്തിന്‍റെ രീതികളെല്ലാം പൊതുഇടങ്ങളിലെ പ്രകടനങ്ങളുടെ ഗംഭീരമായ ഉദാഹരണങ്ങളാണ്. നമ്മള്‍ നേരിടുന്ന ഹിംസ പലപ്പോഴും ആചാര സ്വഭാവമുള്ളതായതിനാല്‍ നിരന്തരവും അക്രമോത്സുകവും ആയതിനാല്‍ അതിനെ ഫലപ്രദമായി നേരിടാന്‍ കഴിയുക പെര്‍ഫോര്‍മേറ്റീവ് ആക്ടിലൂടെയാണ്. അത് ശാരീരിക ചേഷ്ടകളിലൂടെയാണ് സാധ്യമാവുന്നത്. ദുര്‍ബലമെങ്കിലും നിഷ്കര്‍ഷതയോടെ ചേതനയുള്ള നിത്യോപയോഗ വസ്തുക്കളായ തൊട്ടിലുകള്‍, നാപ്കിനുകള്‍, ചിലന്തിവലകള്‍ എന്നിവയുടെ ഉപയോഗവും ശ്രദ്ധിക്കുക. ഇത്തരം പ്രവൃത്തികളിലൂടെ മനസ്സിലാക്കേണ്ടത് വ്യക്തവും പ്രവചനാതീതവുമായ സര്‍ഗ്ഗാത്മക വഴികളിലൂടെ നമ്മോട് ഇവര്‍ പറയുന്നത് നാം ആകുലതയ്ക്കും ഭയത്തിനും അതീതമായി ഹിംസയെ നേരിടണമെന്നുള്ളതാണ്. അത് അക്രമണമായി വ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഈ അര്‍ത്ഥത്തില്‍ ഗ്രിന്‍ഹാം കോമണിലെ വലയം ചെയ്യപ്പെടലും ഷിയ സ്ത്രീകളുടെ ഓര്‍മ്മകളുടെ ആചാരങ്ങളും ചാതുര്യത്തോടെ ഭയത്തിനെയും ദേഷ്യത്തിനെയും ശ്രേഷ്ഠവും ജീവിതോന്മുഖവുമായി മാറ്റുന്നു. കൂടാതെ പൊതു ഇടത്തിലെ ഭക്തി എന്ന പ്രവര്‍ത്തിയും പ്രതിഷേധത്തിന്‍റെ കാരണം ഇല്ലാതായിട്ടും ഗ്രിന്‍ഹാം കോമണില്‍ തുടര്‍ന്നിരുന്ന മറച്ച എതിര്‍പ്പുകള്‍ നമ്മോട് സൂചിപ്പിക്കുന്നത് മോശപ്പെട്ട അധികാരികളെ നേരിടാന്‍ മറ്റു പല വഴികള്‍ ഉണ്ടെന്നും അതിനെ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് അത്തരം വഴികള്‍ ആണെന്നുമാണ്. ഈ അര്‍ത്ഥത്തില്‍ പ്രതലബഹുലവും സമ്പന്നവുമായ നിത്യജീവിതത്തിന്‍റെ ‘ശക്തിയില്ലായ്മ’ അധികാര ശക്തിയുടെ വര്‍ത്തുളയുക്തിയെ കൗതുകകരമായ രീതികളില്‍ അഭിമുഖീകരിക്കുന്നു– അധികാരത്തെ വക വെക്കാന്‍ മടിച്ചു കൊണ്ട്, നിരന്തരമായി ജീവിതത്തോട് പ്രതിബദ്ധത കാണിച്ചുകൊണ്ട്, നിത്യേന അപകടകരമായ അധികാരത്തിന്‍റെ പരിധികളെ ചൂഴ്ന്ന് പറന്നു കൊണ്ട് വെല്ലുവിളിക്കാന്‍ അത് ഉറച്ച തീരുമാനങ്ങളെടുക്കുന്നുണ്ട്.

സഹായക ഗ്രന്ഥങ്ങള്‍

Aghaie, Kamran Scott ‘Fatemah, Zeynab and Emerging Discourses on Gender’ in The Martyrs of Karbala: Shi’i symbols and rituals in Modern Iran, University of Washington Press, 2004: pp. 113-130
Aghaie, Kamran Scott (ed), The Women of Karbala: Ritual Performance and Symbolic Discourses in Modern Shi’i Islam, University of Texas Press, 2005
Blackwood, Caroline. 1984. On the Perimeter: Caroline Blackwood at Greenham Common. Flamingo: London.
Brown, Heloise ‘The Truest Form of Patriotism’: Pacifist Feminism in Britain, 1870-1902, Manchester University Press, 2003
Deeb, Lara An Enchanted Modern: Gender and Public Piety in Shi’i Lebanon, Princeton University Press, 2006
Fairhall, David. 2006. Common Ground: The Story of Greenham Common. London: I.B.Tauris.
Finch, Sue. 1986. ‘Socialist-Feminists & Greenham Common’. Feminist Review Vol. 23: 93-100.
Roseneil, Sasha. 1995. Disarming Patriarchy: Feminism & Political Action at Greenham Common Buckingham: Open University Press.
Schofield, John., & Anderton, Mike. 2000. ‘The Queer Archaeology of Green Gate: Interpreting Contested Space at Greenham Common Airbase’. World Archaeology Vol. 32(2): 236-251.
Welch, Christina ‘Spirituality and Social Change at Greenham Common Peace Camp’, Journal for Faith, Spirituality and Social Change. Vol.1:1

 

വി. ഗീത

ചെന്നൈയിൽ നിന്നുള്ള പ്രശസ്ത ചരിത്രകാരിയും ഫെമിനിസ്റ്റ് പ്രവർത്തകയും പ്രസാധകയും ആണ്

 

 

വിവര്‍ത്തനം :
ശ്രീബിത പി. വി.
കണ്ണൂര്‍ സര്‍വകലാശാല അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0