Homeചർച്ചാവിഷയം

സഫൂറ സര്‍ഗാറും ഇന്ത്യയുടെ ആത്മാവിനായുള്ള അന്വേഷണവും

കല്പന കണബിരന്‍

ന്ത്യന്‍ ഭരണഘടനയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന അടിസ്ഥാനപരമായ ചില ചോദ്യങ്ങളിലേക്കാണ് വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് സഫൂറ സര്‍ഗാറിന്‍റെ തടവും ജാമ്യം നിഷേധിക്കുന്നതില്‍ കോടതികള്‍ പ്രകടിപ്പിച്ച കാര്‍ക്കശ്യവും നയിക്കുന്നത്.ഈ ലേഖനം പ്രധാനമായും ലക്ഷ്യംവെക്കുന്നത് സഫൂറ സര്‍ഗാറിന്‍റെ കേസിനേക്കുറിച്ചാണെങ്കിലും സര്‍ഗാര്‍ നമുക്ക് ഇന്ത്യയുടെ ആത്മാവിന്‍റെ ആഴങ്ങള്‍ തിരഞ്ഞിറങ്ങാനുള്ള പ്രേരണ കൂടി നല്‍കുന്നു.
ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയില്‍ സോഷ്യോളജി ഗവേഷണ വിദ്യാര്‍ത്ഥിയായ സഫൂറ സര്‍ഗാര്‍ എന്ന ഇരുപത്തേഴുകാരി റോഡ് ഉപരോധം,ഗതാഗതതടസം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഏപ്രില്‍ 2-ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഈ കേസില്‍ ജാമ്യം നേടിയ സര്‍ഗാര്‍ 1967 ഏപ്രില്‍ 13-ലെ യു.എ.പി.എ നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ പ്രകാരം ഏപ്രില്‍ 10-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും ഡല്‍ഹിയില്‍ നടന്ന അക്രമങ്ങള്‍ക്ക് കാരണമായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിക്ക് വിധേയയാവുകയും ചെയ്തു .

സഫൂറ സര്‍ഗാര്‍

വാസ്തവത്തില്‍,വിവേചനപരമായ പൗരത്വഭേദഗതി നിയമത്തിനെതിരായി സമാധാനപരമായി നടത്തിയ ചെറുത്തുനില്‍പ്പിന്‍റെ-സ്ത്രീകളും വിദ്യാര്‍ത്ഥികളും നയിച്ച പ്രതിഷേധം-ഭാഗമായിരുന്നു സര്‍ഗാര്‍.ഡല്‍ഹിയിലെ ഷഹീന്‍ബാഗിന് സമീപമുള്ള സ്ത്രീകളായിരുന്നു അധികവും.അറസ്റ്റിലായ സമയത്ത് സഫൂറ സര്‍ഗാര്‍ ഗര്‍ഭിണിയുമായിരുന്നു.

ഭരണകൂട ക്രൂരത
ഒരു ജനതയെമുഴുവന്‍ ബാധിച്ച കോവിഡ് മഹാമാരി അടച്ചിടല്‍കാലത്ത് സഫൂറയെപ്പോലെ ഒരു ഗര്‍ഭിണിയായ മുസ്ലിം സ്ത്രീയുടെ ചെറുത്തുനില്‍പ്പിനോട് ഭരണകൂടം കാണിച്ച ക്രൂരത,ചെളിയിലാണ്ടുപോയ നമ്മുടെ ഭരണഘടനയെക്കുറിച്ച് എന്താണ് പറഞ്ഞു തരുന്നത്?
ഗര്‍ഭിണി എന്ന നിലയില്‍ അപകടസാധ്യതകള്‍ ഏറെയുള്ള ഒരു മോശമായ അവസ്ഥയില്‍ സര്‍ഗാര്‍ നേരിടേണ്ടിവന്ന ജയില്‍വാസവും പീഡനമുറകളും അവളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മനപ്പൂര്‍വം നിഷേധിക്കും വിധത്തില്‍ സര്‍ഗാറിനെ-സര്‍ഗാര്‍ പ്രതിനിധീകരിക്കുന്ന ഒരു സമൂഹത്തെ തന്നെ-ലക്ഷ്യമിട്ടുകൊണ്ടുള്ള ഭരണകൂട അടിച്ചമര്‍ത്തലിന്‍റെ ഭാഗമായിരുന്നു.
ജീവിതത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 21-ന്‍റെ ലംഘനത്തേക്കാള്‍ വളരെ ഗുരുതരമാണ് സര്‍ഗാറിനോട് ഭരണകൂടം ചെയ്ത ക്രൂരത. അവര്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും ഹിന്ദുത്വ ഭരണകൂടത്തിന്‍റെ സായുധരായ സിവിലിയന്‍ സൈനികരെയും പിന്തുണയുള്ള മാധ്യമക്കാരെയും പോലീസിനെയും ഉപയോഗിച്ച് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെപ്പോലും സമ്മര്‍ദ്ദത്തിലാക്കി സര്‍ഗാറിനെ അറസ്റ്റ് ചെയ്ത ഭരണകൂടനടപടി എന്താണ് പറഞ്ഞു തരുന്നത്?ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ വിവേചനപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തോടുള്ള പ്രതികാര നടപടികളുടെ ഭാഗമായിവേണം സര്‍ഗാറിനെതിരായ കേസിനെ കാണാന്‍.

സര്‍ഗാറിന്‍റെ ചെറുത്തുനില്‍പ്പിന്‍റെ ശക്തിയേക്കുറിച്ചും ഭരണഘടനയുടെ പേരില്‍ ഭരണഘടനാകോടതികള്‍ അവര്‍ക്കു വേണ്ടി ഇടപെടേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് ഈ കേസ് എന്താണ് പറയുന്നത്?ഭരണഘടനാകോടതികളുടെ നിയമസാധുത,ഭരണകൂടത്തിന്‍റെ അവ്യക്തമായ നടപടികളോടുള്ള നിശബ്ദമായ പരിഗണനമൂലം തടസ്സപ്പെടുന്നു.

സര്‍ഗാറിനെതിരായ കേസ്
സര്‍ഗാര്‍ അറസ്റ്റിലായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരോധനനിയമവും (യു.എ.പി.എ.- 1967) ഇന്ത്യയിലെ മറ്റേതൊരു ഭീകരവിരുദ്ധ നിയമങ്ങള്‍ പോലെയും ഭരണകൂടത്തെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. യു.എ.പി.എ.ചുമത്തി നടപടി സ്വീകരിക്കുന്ന കേസുകളില്‍ മറ്റേതൊരു തരത്തിലുമുള്ള എതിര്‍പ്പുകള്‍ പരിഗണിക്കാറില്ല.ഇതേ നിയമത്തിലൂടെയാണ് സര്‍ഗാര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.യു.എ.പി.എ. ചുമത്തുന്ന കുറ്റകൃത്യങ്ങളില്‍ രണ്ടുവ്യത്യസ്ത വിഭാഗങ്ങളുണ്ട്.”നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്”,”തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്” എന്നിങ്ങനെ.

2008 – നും 2013-നും ഇടയില്‍ ഭീകരവാദത്തെ ചെറുക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാഗ്രത പ്രകടമാക്കേണ്ടതിന് നിയമത്തില്‍ ഭേദഗതികള്‍ അവതരിപ്പിക്കുകയുണ്ടായി.നിയമത്തിന്‍റെ സെക്ഷന്‍ 2(O)’നിയമവിരുദ്ധമായ പ്രവര്‍ത്തനം’ നിര്‍വചിക്കുന്നത് “ഏതെങ്കിലും വ്യക്തി അല്ലെങ്കില്‍ സംഘടന എടുക്കുന്ന ഏതൊരു പ്രവര്‍ത്തനവും (ഒരു പ്രവൃത്തി ചെയ്തുകൊണ്ടോ ,വാക്കുകളിലൂടെയോ,സംസാരിച്ചോ,എഴുതിയോ,അടയാളമോ മറ്റേതെങ്കിലും ദൃശ്യപരമായ പാതിനിധ്യമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ, (ii)ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും തകര്‍ക്കാന്‍ ഉദ്ദേശിക്കുന്ന,നിരാകരിക്കുന്ന,ചോദ്യം ചെയ്യുന്ന,തടസ്സപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തനവും, (iii )ഇന്ത്യയ്ക്കെതിരെ അസംതൃപ്തി ഉണ്ടാക്കുന്നതോ ഉദ്ദേശിക്കുന്നതോ ആയവ”. നിയമത്തിന്‍റെ IV-VI അദ്ധ്യായങ്ങള്‍ (വകുപ്പുകള്‍ 15-40) തീവ്രവാദ കുറ്റകൃത്യങ്ങള്‍,സംഘടനകള്‍ ഇവയെ കേന്ദ്രീകരിക്കുന്നു.

സഫൂറ ആശുപത്രിയില്‍

ജൂണ്‍ 4-ന് ഡല്‍ഹിയിലെ പാട്യാലഹൗസ് കോടതിയില്‍ സര്‍ഗാറിന്‍റെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി, നിയമത്തിലോ,ക്രമസമാധാനത്തിലോ ക്രമക്കേടും അസ്വസ്ഥതയും സൃഷ്ടിക്കുന്ന ഏതൊരു പ്രവണതയും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ നിര്‍ത്തിവയ്ക്കുകയോ നഗരങ്ങളെ കീഴടക്കുകയോ ചെയ്താല്‍ അത്തരം പ്രവര്‍ത്തനം യു.എ.പി.എ.2(O)യുടെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനമായി കാണാമെന്ന പ്രോസിക്യൂഷന്‍ വാദത്തെ ശരിവച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലേക്ക് നയിച്ചകാരണം, ഫെബ്രുവരി 23-ന് സര്‍ഗാര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. സര്‍ഗാറിന്‍റെ അഭിഭാഷകര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു.

കേസിന്‍റെ മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും വാട്സാപ്പ് ചാറ്റുകളും പ്രസ്താവനകളും പരിശോധിക്കുക വഴി ‘റോഡ് ഉപരോധിക്കാനുള്ള ഗൂഢാലോചന ഉണ്ടായിട്ടുണ്ടെ”ന്ന് ജഡ്ജി രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലേത് ഒരു “നിയമ വിരുദ്ധമായ സമ്മേളനം” ആയിരുന്നു. കാരണം, ഏതെങ്കിലും പൊതുവായ കാരണത്താല്‍ കുറ്റകൃത്യങ്ങള്‍ക്കായി അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് നിയമവിരുദ്ധമാണ്.അതുകൊണ്ടുതന്നെ പ്രോസിക്യൂഷനുമായി വിയോജിക്കാന്‍ കഴിയില്ലെന്ന് കോടതി കണ്ടെത്തി. ഭരണകൂടത്തിന്‍റെ നിയമങ്ങളേയും ക്രമസമാധാനത്തേയും തകര്‍ക്കാനുള്ള വലിയൊരു സാധ്യത സര്‍ഗാര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയ്ക്കുണ്ടെന്നും കോടതി വിലയിരുത്തി. പക്ഷെ,കോടതിയുടെ വിധിപ്പകര്‍പ്പില്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.

ഡല്‍ഹി കലാപം നടന്ന സ്ഥലത്ത് സര്‍ഗാര്‍ നേരിട്ട് പങ്കാളിയായിരുന്നില്ല എന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു.അതുകൊണ്ടുതന്നെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നാലും ഇല്ലെങ്കിലും കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പറയാന്‍ പറ്റില്ല എന്ന നിരീക്ഷണമാണ് കോടതി മുന്നോട്ടുവച്ചത്.
തുടര്‍ന്ന്, സര്‍ഗാറിന്‍റെ അപകടകരമായ ആരോഗ്യസ്ഥിതിയാണ് പ്രതിഭാഗം കോടതിയില്‍ അവതരിപ്പിച്ചത്.അതിനും ലളിതമായിത്തന്നെ “ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ടിന്”നിര്‍ദേശം നല്‍കി ആവശ്യമായ വൈദ്യസഹായം നേടാന്‍ കോടതി നിര്‍ദേശിച്ചു.
സര്‍ഗാറിന്‍റെ മൂന്നാമത്തെ ജാമ്യാപേക്ഷയും തള്ളിക്കൊണ്ട് കോടതി പറഞ്ഞതിങ്ങനെയാണ്;”നിങ്ങള്‍ തീക്കനല്‍ കൊണ്ട് കളിക്കാനിറങ്ങിത്തിരിച്ചിട്ട് തീപ്പൊരി കുറച്ചുദൂരം പടര്‍ന്നതിന് കാറ്റിനെ കുറ്റപ്പെടുത്താനാവില്ല”.
കേസ് റെക്കോര്‍ഡില്‍ പറയുന്ന വസ്തുക്കളുടെ/തെളിവുകളുടെ വിശ്വാസ്യതയെ സംബന്ധിച്ചല്ലെങ്കിലും അവ കണക്കിലെടുത്താല്‍ ജാമ്യാപേക്ഷകനും പ്രതികള്‍ക്കുമെതിരെ യു.എ.പി.എ. ചുമത്തേണ്ട തരത്തിലുള്ള കേസ് ഉണ്ടെന്ന് പറയാനാവില്ല എന്ന് കോടതി പറഞ്ഞിരുന്നു.എന്നിരുന്നാലും,യു.എ.പി.എ. നിയമഭേദഗതിയിലെ “നിയമവിരുദ്ധപ്രവര്‍ത്തനം”(2P),’നിയമവിരുദ്ധമായ സംഘംചേരല്‍” എന്നിവയും സെക്ഷന്‍ 43(D)യിലെ 4, 6 അധ്യായങ്ങളില്‍ വ്യക്തമാക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ,തീവ്രവാദ സംഘടനകള്‍ എന്നിവയും സര്‍ഗാറിന്‍റെ കേസില്‍ പ്രോസിക്യൂഷന്‍ ചേര്‍ത്തിട്ടുണ്ട്. 43D(5)അനുസരിച്ച് സര്‍ഗാറിനെതിരായ ആരോപണം സത്യമാണെന്ന് വിശ്വസിക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതി ജാമ്യം നിഷേധിച്ചു.

ജുഡീഷ്യല്‍ പുസിലാനിമിറ്റി

വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമായ ജുഡീഷ്യല്‍ വിവേചനാധികാരത്തെ കോടതി, “ജുഡീഷ്യല്‍ പുസിലാനിമിറ്റി”-പരേതയായ ജസ്റ്റീസ് ലീലാസേത്ത് ഉപയോഗിച്ചതും 2018-ലെ നവ്തേജ് ജോഹര്‍ വിധിന്യായത്തില്‍ സുപ്രീം കോടതി പ്രശംസയോടെ ഉദ്ധരിച്ചതുമായ പദം- എന്ന ക്ലാസിക് ചിത്രീകരണത്തിലൂടെ “നിയമപരമായ ഉപരോധം” എന്ന് തെറ്റായി വായിക്കുന്നു.

കേസിന്‍റെ വസ്തുതകളെക്കുറിച്ചുള്ള ചര്‍ച്ച “തീവ്രവാദ പ്രവര്‍ത്തനങ്ങളെ” സൂചിപ്പിക്കുന്നില്ല. രേഖയിലുള്ള കാര്യങ്ങളില്‍ ഗുരുതരമായ കുറവുകള്‍ ഉണ്ടെന്ന് കോടതി സമ്മതിച്ചു, എന്നിട്ടും സര്‍ഗാറിനെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ പര്യാപ്തമായ ഒരു കേസ് ഉണ്ടെന്ന് കോടതി അംഗീകരിച്ചു. ഈ ഉത്തരവ് നടത്തിയ ഏറ്റവും ഗുരുതരമായ തെറ്റ്, പ്രോസിക്യൂഷന്‍റെ വാദവുമായി പൊരുത്തപ്പെടുന്നതിലും സെക്ഷന്‍ 43 (ഡി) (5) പ്രകാരം ജാമ്യം നിഷേധിക്കുന്നതിലും കോടതി “നിയമവിരുദ്ധമായ പ്രവര്‍ത്തനം” “തീവ്രവാദ പ്രവര്‍ത്തനവുമായി” ബന്ധപ്പെടുത്തി എന്നതാണ്. പ്രോസിക്യൂഷന്‍ പോലും പരാമര്‍ശിക്കുന്നത് “നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍” എന്നതായിരുന്നു.
“നിയമവിരുദ്ധമായ” പ്രവര്‍ത്തനത്തിന് (“തീവ്രവാദ പ്രവര്‍ത്തനം” അല്ല) ആരോപിക്കപ്പെടുന്ന സെക്ഷന്‍ 43 (ഡി) (5) ന്‍റെ ഏകപക്ഷീയമായ പ്രയോഗം വിചാരണയ്ക്ക് മുമ്പുതന്നെ അനുപാതമില്ലാത്ത ശിക്ഷയ്ക്ക് കാരണമാകുന്നു. അവസാനമായി, സര്‍ക്കാരിനെതിരായ അസംതൃപ്തി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരോധന നിയമപ്രകാരം ഇന്ത്യയ്ക്കെതിരായ അസംതൃപ്തിയാണെന്ന് കോടതി വ്യാഖ്യാനിക്കുന്നു. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍, ഖാര്‍ജൂരി ഖാസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ നിന്നും കുപ്പികള്‍, കല്ലുകള്‍, ഇഷ്ടികകള്‍ എന്നിവ പിടിച്ചെടുക്കാന്‍ മെമ്മോ സമര്‍പ്പിച്ച കേസിനെ സൂചിപ്പിച്ചു . ഖാര്‍ജൂരി ഖാസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ നിന്ന് സര്‍ഗറിന്‍റെ കേസില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ്. തികച്ചും സാന്ദര്‍ഭികമായി, “ഡല്‍ഹി കലാപങ്ങള്‍ നഗരത്തിന്‍റെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനും സര്‍ക്കാര്‍ യന്ത്രങ്ങളെ ബലപ്രയോഗത്തിനും അക്രമത്തിനും ഇരയാക്കാനുമുള്ള ഒരു വലിയ ഗൂഢാലോചനയുടെ ഫലമായിരുന്നു” എന്ന് കോടതി നിരീക്ഷിക്കുന്നു.

വസ്തുതകള്‍, വിശദാംശങ്ങള്‍, പൊരുത്തക്കേടുകള്‍ എന്നിവയെക്കുറിച്ച് ജുഡീഷ്യല്‍ ആലോചനയോ ശ്രദ്ധയോ ഇല്ലാതെ, കൂട്ട അക്രമത്തിനും ജീവിതത്തിനും സ്വത്തിനും അപാരമായ ദ്രോഹവും അക്രമത്തിന് പ്രേരണയും കാരണമായി എന്ന പേരില്‍ വടക്കുകിഴക്കന്‍ ദില്ലിയിലെ മുസ്ലിംകളെ ലക്ഷ്യമാക്കി, ഒരു മുസ്ലീം സ്ത്രീക്കെതിരെ ക്രിമിനല്‍ ബാധ്യത പരിഹരിക്കാന്‍ കോടതി തിടുക്കപ്പെട്ടു. ഫെബ്രുവരി 26 ന് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ്. മുരളീധര്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അവരുടെ വിദ്വേഷ പ്രസംഗങ്ങളുടെ രേഖകള്‍ മുന്‍നിര്‍ത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നിട്ടുപോലും സര്‍ഗാറിനെതിരായ കേസ് കോടതി വ്യക്തമായി പരിശോധിച്ചില്ല .

ന്യൂനപക്ഷ അവകാശങ്ങളും വെറുപ്പും ഭരണകൂട ഭീകരതയും
ചില കാര്യങ്ങള്‍ പൊതുവായി മനസിലാക്കുകയും ആലോചിക്കുകയും ചെയ്യേണ്ടതുണ്ട്. അതായത് ഏത് തീക്കനല്‍, ഏത് കാറ്റ്, ഏത് തീപ്പൊരി, എത്ര ദൂരം, ഏത് തീ? എന്നീ കാര്യങ്ങള്‍. കാരണം ഇത് വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരു കേസാണ്. മൗലികാവകാശങ്ങള്‍ പിന്‍വലിക്കാതിരിക്കുക എന്ന തത്വത്തിലാണ് നാം ജീവിക്കുന്നത് – യഥാര്‍ത്ഥത്തില്‍ ഭരണഘടനാ ധാര്‍മ്മികത – എന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചിട്ടുള്ളതാണ്. മാത്രവുമല്ല, ന്യായമായ വിചാരണയ്ക്കുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും പൂര്‍ണ്ണമായി അനുവദിച്ചുതരുന്ന ഭരണഘടനയുടെ ധാര്‍മ്മികത സുപ്രീം കോടതി നമുക്ക് അനുവദിച്ചു തരുന്നുണ്ട്. മനുഷ്യാന്തസ്സിന്‍റെ കാതല്‍ തന്നെ ഈ ആശയമാണ്.

ബി. ആര്‍. അംബേദ്കര്‍, അബ്ദുള്‍ കലാം ആസാദ്, ജയ്പാല്‍ സിംഗ്, ദക്ഷായാണി വേലായുധന്‍, എം കെ ഗാന്ധി – ഇന്ത്യയുടെ ആത്മാവിന്‍റെ അടിസ്ഥാന രൂപരേഖ നിര്‍മ്മിച്ച ഈ അഞ്ച് മഹത് വ്യക്തികള്‍ ഫീനിക്സ് പക്ഷിയെ പോലെയാണ് എന്‍റെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഭരണഘടനാ കോടതികള്‍ അവരുടെ നിയമസാധുതയെ ആഴത്തിലുള്ള ആപത്തോടെ അവഗണിച്ചേക്കാം.1968 ലെ ഇന്ത്യന്‍ ഭരണഘടനയുടെ രൂപരേഖ (Framing of the Indian Constitution)  ഒരു പഠനത്തില്‍ ബി ശിവറാവു ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: “അംബേദ്കറിന് രസകരമായ ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നു: ഭൂരിപക്ഷ സമുദായത്തിലെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, അവരുടെ നിയോജകമണ്ഡലങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളിലെ ജനങ്ങളുടെ കുറഞ്ഞ വോട്ടുകള്‍ എങ്കിലും നേടിയിട്ടുണ്ട് എന്ന് പരിശോധിക്കണം. ഇത് ഒരു ന്യൂനപക്ഷം, ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നേരെ വീറ്റോ ഉപയോഗിക്കുന്നതു പോലെയാണ് … ‘

ഭരണഘടനാ അസംബ്ലിയിലെ ന്യൂനപക്ഷങ്ങള്‍ തീര്‍ച്ചയായും മതന്യൂനപക്ഷങ്ങളെയും പട്ടികജാതിക്കാരെയും പട്ടികവര്‍ഗക്കാരെയും പരാമര്‍ശിക്കുന്നു – അതിനാല്‍ അംബേദ്കര്‍ നിര്‍ദ്ദേശിച്ചത് എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഭൂരിപക്ഷ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ഒരു ന്യൂനപക്ഷ റഫറണ്ടമാണ് (വിഭജനത്തിന് തൊട്ടുപിന്നാലെ).ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റേത് ഏക ശബ്ദമായിരുന്നു (പലപ്പോഴും സംഭവിച്ചത് പോലെ) – സര്‍ഗാറിനെ സംബന്ധിച്ച കേസില്‍ , പ്രത്യേകിച്ചും നമ്മുടെ മുമ്പിലുള്ള ചോദ്യങ്ങളുടെയും അവളുടെ തടവറയെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞ സംഭവങ്ങളുടെയും വെളിച്ചത്തില്‍ അംബേദ്കറുടെ വാക്കുകള്‍ക്ക് പ്രാധാന്യമുണ്ട്.
ആസാദിനെക്കുറിച്ചുള്ള തന്‍റെ കൃതിയില്‍ സെയ്ദ ഹമീദ് ചൂണ്ടിക്കാണിക്കുന്നത്, സ്വരാജിന് മുന്നില്‍ ഹിന്ദു-മുസ്ലീം ഐക്യം സ്ഥാപിച്ച്, വീറ്റോ ചെയ്യാനുള്ള അവകാശത്തെക്കുറിച്ച് അംബേദ്കറുടെ ആശയം പ്രതീക്ഷിച്ചിരുന്നതായും, 1940 ല്‍ അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍: “ഭാവിയില്‍ ഇന്ത്യയ്ക്ക് വേണ്ടി രൂപപ്പെടുത്തുന്ന ഏതൊരു ഭരണഘടനയിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പൂര്‍ണ്ണമായ ഉറപ്പ് അടങ്ങിയിരിക്കണം . ഇതിനാവശ്യമായ സുരക്ഷകള്‍ എന്തൊക്കെയാണ്…? ഈ വിധി ന്യൂനപക്ഷത്തില്‍ ഭൂരിപക്ഷത്തിനൊപ്പമല്ല… അതിനാല്‍, അവരുടെ സമ്മതത്താല്‍ രൂപീകരിക്കപ്പെടണം,അല്ലാതെ ഭൂരിപക്ഷ വോട്ടുകളിലൂടെയല്ല. ‘

‘അബുല്‍ കലാം ആസാദും ഇന്ത്യന്‍ ഭരണഘടനയുടെ ഇസ്ലാമിക നീതീകരണത്തിനുള്ള അവകാശവും” എന്ന ലേഖനത്തില്‍ ഷൗന റോഡ്രിഗസ്,ആസാദ് ബ്രിട്ടീഷ് സാമ്രാജ്യത്വ രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന അതിരുകള്‍ വീണ്ടും കണ്ടെത്തുന്നു.” ഇന്ത്യന്‍ പാരമ്പര്യത്തിന്‍റെ മറ്റ് സ്രോതസ്സുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ധാര്‍മ്മികവും സാന്‍മാര്‍ഗികവും ജീവശാസ്ത്രപരവുമായ വാദങ്ങള്‍, ഇസ്ലാം. ഇങ്ങനെ വൈവിധ്യമാര്‍ന്ന ജനതയ്ക്കുള്ള ഏകീകൃത നിയമവാഴ്ചയുടെ ന്യായീകരണവും വിമര്‍ശനവും ഉണ്ടാവണം. ഇത് ചെയ്യുന്നതിലൂടെ, ഭരണഘടന രൂപപ്പെടുത്തുന്നതില്‍ ഭരണഘടനാപരമായ പങ്ക് വഹിച്ച സ്വതന്ത്ര ഇന്ത്യയിലെ സ്വയംഭരണത്തിന്‍റെയും നിയമവാഴ്ചയുടെയും ബഹുസ്വരമായ അടിത്തറയിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടുന്നു.

കൊളോണിയല്‍, ഭൂരിപക്ഷ കീഴ്പ്പെടുത്തലിന്‍റെ ആദിവാസി അനുഭവത്തെ രാഷ്ട്രീയത്തിന്‍റെ മറ്റു മാനങ്ങളിലേക്ക് ചിത്രീകരിച്ച വ്യക്തിയാണ് ജയ്പാല്‍ സിംഗ് .അദ്ദേഹം സ്വയംഭരണത്തിന് നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്: “പുതിയ ഭരണഘടന വിഭജിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങള്‍ക്കുള്ള വ്യവസ്ഥകളായല്ല, മറിച്ച് അവ പ്രവര്‍ത്തിക്കുന്ന രീതിയിലാണ്. അവരുടെ ഏറ്റവും മികച്ച നേട്ടത്തിലേക്ക് (“ആദിവാസിഡം”); ഭരണഘടനാ അസംബ്ലിയിലെ ഏക ദലിത് വനിത ദാക്ഷയാണി വേലായുധന്‍, തൊട്ടുകൂടായ്മയെ ചെറുക്കുന്നതിന്‍റെ അനുഭവങ്ങള്‍ ദലിതരുടെ കഷ്ടപ്പാടുകള്‍, പ്രതിരോധം, എന്നിവ ഭരണഘടന എന്താണെന്നതിന്‍റെ വഴികള്‍ അടയാളപ്പെടുത്തി. 1922 ല്‍ കോടതിയില്‍ മഹാത്മാഗാന്ധിയുടെ പ്രസ്താവന നമുക്ക് മറക്കാന്‍ കഴിയുമോ: “പ്രതിപത്തി നിയമപ്രകാരം നിര്‍മ്മിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല… മുമ്പത്തെ ഏതൊരു വ്യവസ്ഥയേക്കാളും ഇന്ത്യയെ കൂടുതല്‍ ദോഷകരമായി ബാധിച്ച ഒരു സര്‍ക്കാരിനോട് അസംതൃപ്തരാകുന്നത് ഒരു പുണ്യമായി ഞാന്‍ കരുതുന്നു… അത്തരമൊരു വിശ്വാസം പുലര്‍ത്തുന്നതിലൂടെ, ആ വ്യവസ്ഥിതിയോട് പ്രതിപത്തി കാണിക്കുന്നത് പാപമാണെന്ന് ഞാന്‍ കരുതുന്നു. ‘

ധാര്‍മ്മികഭിന്നതയും ഇന്ത്യയുടെ ആത്മാവും
തികച്ചും ഇസ്ലാമോഫോബിക്കായ ഹിന്ദുത്വ ഭരണകൂടം പാസാക്കിയ പൗരത്വ ഭേദഗതി നിയമം അപകടകരമായ കെണിയാണെന്ന് ഉള്‍ക്കൊണ്ട് കൊണ്ട് അതിനെതിരെ സഫൂറ സര്‍ഗാര്‍ പ്രധിഷേധിക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്താന്‍ അവള്‍ നടത്തുന്ന പോരാട്ടമാണത്. അവള്‍ ഈ പോരാട്ടം നടത്തിയത് തോക്കുകള്‍കൊണ്ടോ ജ്വലിക്കുന്ന വസ്തുക്കള്‍കൊണ്ടോ നാശത്തിന്‍റെയും പീഡനത്തിന്‍റെയും ആയുധങ്ങളാലോ അല്ല, തികച്ചും സമാധാനപരമായ പ്രകടനത്തിലൂടെയാണ്. ആള്‍ക്കൂട്ട അക്രമത്തെ പ്രേരിപ്പിക്കുന്ന തീപ്പൊരി പ്രസംഗങ്ങളിലൂടെയും അല്ല, മറിച്ച് അധാര്‍മികവും ഭരണഘടനാ വിരുദ്ധവുമായ നിയമം റദ്ദാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാ യിരുന്നു.

അവള്‍ പ്രതിഷേധിക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങക്ക് ഒപ്പം ചേര്‍ന്നാണ്. കാരണം ഇതും നമ്മുടെ അവകാശമാണ്; ധാര്‍മ്മിക വിയോജിപ്പുകളും നിസ്സഹകരണവും പ്രകടിപ്പിക്കാനുള്ള അവകാശം. എന്നാല്‍ ഇന്ന് ഭരണഘടനയിലെ എല്ലാ മൗലികാവകാശങ്ങളെയും ലംഘിക്കുകയും മുസ്ലിംകളെ വ്യക്തമായി ലക്ഷ്യമിടുകയും അസമത്വത്തില്‍ അധിഷ്ടിതമായ പൗരത്വ ഉച്ചനീചത്വം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു നിയമത്തിനെതിരെ മുസ്ലിംകള്‍ സമാധാനപരമായി പ്രതിഷേധിക്കുന്നത് ഭരണകൂട – ഭൂരിപക്ഷ അക്രമങ്ങള്‍ക്കു പ്രേരണയാണെന്നാണോ കോടതി പറയുന്നത്?

 

കല്പന കണബിരന്‍

അഭിഭാഷകയും  സോഷ്യോളജിസ്റ്റും ആണ്. ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് ഡയറക്ടറാണ്. ASMITA women’s resource center, സ്ത്രീ അവകാശ പ്രവർത്തക സംഘം സ്ഥാപക കൂടിയാണ്.

 

 

 

വിവര്‍ത്തനം:
അനു ഉഷ
ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി, സര്‍ക്കാര്‍ വനിതാ കോളേജ്, തിരുവനന്തപുരം

COMMENTS

COMMENT WITH EMAIL: 0