Homeശാസ്ത്രം

ബഹിരാകാശപ്പറക്കലിനൊരുങ്ങി റയ്യാന ബര്‍നാവി

സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനുള്ള തയ്യാറേടുപ്പുകള്‍ പൂര്‍ത്തിയാക്കി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് റയ്യാന ബര്‍നാവി. ഈ വരുന്ന ജൂണിലാണ് സൗദി അറേബ്യയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയായി ബഹിരാകാശത്തേക്ക് കുതിച്ച് മുപ്പത്തിമൂന്നു വയസ്സുകാരിയായ ഈ വനിത ചരിത്രം കുറിക്കാനൊരുങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള എ എക്സ് -2 എന്ന ദൗത്യസംഘത്തിലേക്കാണ് റയ്യാന തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
യു.എ.ഇ യുടെ പാത പിന്തുടര്‍ന്നുകൊണ്ട് വിഷന്‍-2030 പദ്ധതി തയ്യാറാക്കി ബഹിരാകാശരംഗത്ത് കുതിപ്പിനൊരുങ്ങുകയാണ് സൗദി അറേബ്യ. യു.എ.ഇ 2019-ല്‍ മനുഷ്യരെ ബഹിരാകാശത്തേക്ക് അയച്ചതോടെ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ആദ്യ അറബ് രാജ്യം എന്ന റെക്കോഡ് യു.എ.ഇ ക്ക് സ്വന്തമായി. റയ്യാനയുടെ ബഹിരാകാശ യാത്ര ബഹിരാകാശം സ്വപ്നം കാണുന്ന വനിതകള്‍ക്ക് അളവില്ലാത്ത പ്രചോദനമേകുമെന്നും കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്നും ഉറപ്പ്. നാലു പേര്‍ ഉള്‍പ്പെടുന്ന എ എക്സ്-2 ദൗത്യത്തില്‍ റയ്യാനക്കൊപ്പം സൗദിയില്‍ നിന്നും തന്നെയുള്ള അലി അല്‍ഖര്‍ണിയുമുണ്ട്. യു.എസ്സിലെ ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് ഈ ദൗത്യസംഘം ബഹിരാകാശത്തേക്ക് കുതിക്കുക.
യു.എസ്സിലെ ആക്സിയോം സ്പേസ് കമ്പനിയുമായി കൈകോര്‍ത്തുകൊണ്ടുള്ള ഈ ദൗത്യത്തില്‍ സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ഫാല്‍ക്കണ്‍ -9 റോക്കറ്റിലേറിയാണ് ഇവര്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുക. ഇതോടെ ബഹിരാകാശ ഗവേഷണരംഗത്ത് സാന്നിധ്യമറിയിക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ ലോകശ്രദ്ധ നേടിക്കഴിഞ്ഞു. നാസയുടെ ആസ്ട്രോനോട്ട് ആയിരുന്ന പെഗ്ഗീ വിറ്റ്സണ്‍ എന്ന വനിതയും ഈ ദൗത്യത്തിലുണ്ട്. പെഗ്ഗിയുടെ നാലാമത്തെ ബഹിരാകാശ യാത്രയാണിത്. ടെന്നീസിയിലെ ബിസിനസ്സുകാരനായ ജോണ്‍ ഷോഫ്നറും ദൗത്യസംഘത്തിലുണ്ട്.
ബയോമെഡിക്കല്‍ വിദഗ്ദ്ധയായ റയ്യാന പത്തു ദിവസം നീളുന്ന ബഹിരാകാശ ദൗത്യത്തില്‍ നിര്‍ണ്ണായകമായ പല പരീക്ഷണങ്ങള്‍ക്കും നേതൃത്വം നല്‍കും. കാന്‍സര്‍ സ്റ്റെം സെല്‍ ഗവേഷണത്തില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട് റയ്യാനയ്ക്ക്. ന്യൂസിലന്‍റില്‍ നിന്നാണ് ഇവര്‍ ബയോമെഡിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത്. തുടര്‍ന്ന് റിയാദിലെ അല്‍ഫൈസല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ബഹിരാകാശം കൈയെത്തിപ്പിടിക്കുകയെന്ന സ്വപ്നം ഉള്ളില്‍ക്കൊണ്ടുനടന്നിരുന്ന ഈ ഗവേഷകയ്ക്ക് സ്വപ്നസാക്ഷാല്‍ക്കാരം കൂടിയാണ് ഈ ബഹിരാകാശയാത്ര. പല രംഗത്തും സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന സൗദിയില്‍ നിന്നും ഒരു വനിത ബഹിരാകാശത്തേക്ക് പറക്കുന്നത് ആകാശത്തിനുമപ്പുറം സ്വപ്നം കാണുന്ന വനിതകള്‍ക്ക് പ്രതീക്ഷയുടെ പുത്തന്‍ ചിറകുകളാണ് നല്‍കുന്നത്.

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0