മറ്റെല്ലാ രംഗത്തുമെന്ന പോലെ പൊതുപ്രവര്‍ത്തനവും പുരുഷാധികാരത്തിന്‍റെ ഇച്ഛകള്‍ക്കനുസരിച്ചാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അതിനോടെതിരിട്ട് രാഷ്ട്രീയരംഗത്ത് തുടരുക സ്ത്രീകളെ സംബന്ധിച്ച് അത്രയൊന്നും എളുപ്പമല്ല. രാഷ്ട്രീയത്തില്‍ തുടരുന്ന ഓരോ ഘട്ടത്തിലും പുരുഷാധിപത്യ താത്പര്യങ്ങളോടും അതുണ്ടാക്കുന്ന മൂല്യവ്യവസ്ഥയോടും നിരന്തരമായി പോരാടേണ്ടി വരുന്ന സാഹചര്യം സ്ത്രീകള്‍ക്കുണ്ട്. കേരള രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍, അധികാരവ്യവസ്ഥയോട് കലഹിച്ച് വിജയിച്ചവരും പരാജയപ്പെട്ടു പിന്‍മാറിയവരുമായ നിരവധി സ്ത്രീകളെ കണ്ടെത്താനാവും.
രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന സ്ത്രീകളെ വിവാദങ്ങള്‍ സൃഷ്ടിച്ച് ഇല്ലാതാക്കുന്ന തന്ത്രം എല്ലാക്കാലത്തും ആണ്‍കൂട്ടം പയറ്റിയിട്ടുണ്ട്. അത്തരമൊരു വിവാദത്തിന്‍റെ ഫലമായി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന നേതാവായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍. മുപ്പതു വര്‍ഷത്തെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളും അവസാനിപ്പിച്ച് പിന്‍നിരയിലേക്കു മാറുമ്പോള്‍ ഭാര്‍ഗവിയ്ക്ക് വെറും അന്‍പത്തൊമ്പതു വയസ്സായിരുന്നു പ്രായം. പിന്നെയും എത്രയോ വര്‍ഷത്തെ രാഷ്ട്രീയജീവിതം അവര്‍ക്കു ബാക്കിയുണ്ടായിരുന്നു എന്നോര്‍ക്കണം.
കേരള രാഷ്ട്രീയത്തില്‍ ഭാര്‍ഗവി തങ്കപ്പന്‍റെ സ്ഥാനമെന്തായിരുന്നു? ഏതു നിലയിലാണ് അവരുടെ ജീവിതം കേരള രാഷ്ട്രീയത്തിലിടപ്പെട്ടത്? എങ്ങനെയാണവര്‍ രാഷ്ട്രീയജീവിതത്തില്‍ നിന്നും നിഷ്കാസനം ചെയ്യപ്പെട്ടത് തുടങ്ങിയ വിഷയങ്ങളാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
സ്ത്രീ നേതൃത്വത്തിന്‍റ അനിവാര്യത:
ഐക്യകേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ കെ ആര്‍ ഗൗരി അംഗമായിരുന്നു. അവരാണ് അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വനിതാ മുഖമായി തീര്‍ന്നത്. എന്നാല്‍ ആയിരത്തി തൊള്ളായിരത്തി അറുപത്തിനാലില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പു സംഭവിക്കുന്നതോടെ ഗൗരിയമ്മ സി.പി.ഐ വിട്ട് സി.പി.ഐ.(എം) നോടൊപ്പം ചേര്‍ന്നു. ഇതേവര്‍ഷം തന്നെയാണ് കോണ്‍ഗ്രസ് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടത്.
അറുപത്തിനാലു മുതല്‍ എഴുപതുവരെയുള്ള കാലം ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണ്ണായകമാണ്. പിളര്‍പ്പിനുശേഷം 1965 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് നിയുക്ത ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യും മുന്‍പേ സഭ പിരിച്ചുവിട്ടു. അറുപത്തി നാലിലെ ആര്‍.ശങ്കര്‍ മന്ത്രിസഭയുടെ പതനത്തെ തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരുന്ന കേരളം അറുപത്തിയഞ്ചിലെ തെരെഞ്ഞെടുപ്പിനു ശേഷവും രാഷ്ട്രപതി ഭരണത്തില്‍ തുടരേണ്ട സാഹചര്യമുണ്ടായി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം നടന്ന ആദ്യ തെരെഞ്ഞെടുപ്പില്‍ സി.പി.ഐക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഔപചാരികമായല്ലെങ്കിലും ചില കക്ഷികളുമായി പ്രാദേശിക നീക്കുപോക്കുകളില്‍ ഏര്‍പ്പെട്ട സി.പി.ഐ (എം) തെരെഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയെങ്കിലും മുന്നണി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ കക്ഷികള്‍ തയ്യാറായിരുന്നില്ല. 1965 ലെ തെരെഞ്ഞെടുപ്പില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഭിന്നതകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കിയാണ് സി.പി.ഐ-സി.പി.ഐ.(എം) കക്ഷികള്‍ 1967 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികളെ ഉള്‍പ്പെടുത്തി സപ്തകക്ഷി മുന്നണിയായി മത്സരിച്ച അവര്‍ മൃഗീയ ഭൂരിപക്ഷം നേടുകയും സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഒട്ടുമേ പരിചിതമല്ലാത്ത മുന്നണി സംവിധാനത്തിനകത്ത് കക്ഷികള്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി വന്നതോടെ ഇ.എം.എസ്.നേതൃത്വം നല്‍കിയിരുന്ന മന്ത്രിസഭ താഴെ വീണു. തുടര്‍ന്ന് അതേ നിയമസഭയില്‍ സി.അച്ച്യുതമേനോന്‍ മുഖ്യമന്ത്രിയായി സി.പി.ഐ നേതൃത്വത്തിലുള്ള മന്ത്രിസഭ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ ഭരണത്തിലെത്തി.
ഇതിനു സമാന്തരമായി തന്നെയാണ് കോണ്‍ഗ്രസ് – കേരളകോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായത്. ദേശീയതലത്തിലാകട്ടെ ഇന്ദിര കോണ്‍ഗ്രസ് – കോണ്‍ഗ്രസ് സിന്‍റിക്കേറ്റ് എന്നിങ്ങനെ കോണ്‍ഗ്രസ് രണ്ടുപക്ഷമായി മാറുകയും ചെയ്തു. ഇതിന്‍റെ പ്രതിഫലനങ്ങള്‍ ഭരണരംഗത്തും പ്രത്യക്ഷപ്പെട്ടു. ഇ.എം.എസ്സിന്‍റെ സപ്തകക്ഷി ഭരണകാലത്ത് കേവലം ഒമ്പത് അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിനെ സഭക്കകത്ത് നയിച്ചിരുന്ന കെ.കരുണാകരന്‍ കോണ്‍ഗ്രസിലെ കരുത്തനായ നേതാവായി മാറി. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് എ കെ ആന്‍റണിയും വയലാര്‍ രവിയുമുള്‍പ്പെട്ട ഒരു യുവനിര കോണ്‍ഗ്രസില്‍ രൂപംകൊള്ളുന്നത്.
സി.പി.ഐ.(എം) നേക്കാള്‍ നിയമസഭയിലും സംഘടനാശേഷിയിലും പിന്നിലായ സി.പി.ഐയിലും പുതിയൊരു നേതൃനിരയുടെ ആവശ്യമാണ്ടായി. കെ .ആര്‍.ഗൗരിയെ പോലെ ഒരു പ്രമുഖ വനിതാ നേതാവ് സി.പി.ഐ.(എം) പക്ഷത്തായ സാഹചര്യത്തില്‍ സി.പി.ഐക്ക് പുതിയൊരു സ്ത്രീ നേതൃത്വം അനിവാര്യമായി വന്നു. വിദ്യാസമ്പന്നയായ ഒരു ദളിത് വനിതയെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ സി.പി.ഐ.തീരുമാനിക്കുന്ന സന്ദര്‍ഭം ഇതാണ്. ഈയൊരു ഇടത്തിലേക്കാണ് ഭാര്‍ഗവി തങ്കപ്പന്‍ എന്ന സ്ത്രീയെ സി പി ഐ അവതരിപ്പിക്കുന്നത്. ‘നമ്മുടെ പാര്‍ട്ടിയിലെ ഗൗരിയമ്മ ‘ എന്ന വിശേഷണത്തിന് പില്‍കാലത്ത് അവര്‍ അര്‍ഹയാകുന്നുമുണ്ട്.
ഭാര്‍ഗവി തങ്കപ്പന്‍: കുടുംബം, ജീവിതം
ആയിരത്തി തൊള്ളായിരത്തി നാല്പത്തി രണ്ടില്‍ കെ ഈശ്വരന്‍റെയും കെ കുട്ടിയുടെയും മകളായി കൊല്ലം ജില്ലയിലെ അണ്ടൂരിലാണ് ഭാര്‍ഗവിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം എസ് എന്‍ കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദപഠനം പൂര്‍ത്തിയാക്കി. ഉയര്‍ന്ന വിദ്യാഭ്യാസത്തിലൂടെ സര്‍ക്കാര്‍ ജോലി നേടി കുടുംബത്തെ സംരക്ഷിക്കണമെന്നായിരുന്നു തന്‍റെ ജീവിതലക്ഷ്യമെന്ന് ഭാര്‍ഗവി പറയുന്നുണ്ട്.
‘സ്കൂളില്‍ പോകുന്ന വഴിയില്‍ എന്നും ഒരു ടീച്ചറെ കാണും. കളര്‍ കുട ചൂടി വീടിനു മുന്നിലൂടെ പോകുന്ന ടീച്ചറെ ഞാനെന്നും മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. വളരുമ്പോള്‍ അവരെപ്പോലെ ഒരു ടീച്ചറാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അവര്‍ ഒരു സര്‍ക്കാര്‍ സ്കൂളിലെ ടീച്ചറാണെന്ന് അച്ഛന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ‘
പി ജി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച 1967 ല്‍ തന്നെ എ കെ തങ്കപ്പനുമായുള്ള വിവാഹം നടന്നു. പിന്നീട് കോട്ടയത്ത് താമസമാക്കിയ ഭാര്‍ഗവി, ചെറിയൊരു കാലം റബര്‍ ബോഡിലും പിന്നീട് ഇലക്ട്രിസിറ്റിബോര്‍ഡിലും ജോലി ചെയ്തു. ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരിയായി പ്രവര്‍ത്തിക്കുന്ന സമയത്താണ് സി പി ഐ സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്കു മത്സരിക്കാനുള്ള ക്ഷണം വരുന്നത്. സ്ഥിരവരുമാനമുള്ള ജോലിയുപേക്ഷിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുവാന്‍ അവര്‍ക്കു താത്പര്യമുണ്ടായിരുന്നില്. തനിക്കു പകരം ഭര്‍ത്താവിനെ പരിഗണിക്കണമെന്ന് ഒരുവേള നേതൃത്വത്തോട് അവര്‍ ആവശ്യപ്പെടുകകൂടി ചെയ്യുന്നുണ്ട്. എന്നാല്‍ സ്ത്രീ നേതൃത്വം എന്ന ആവശ്യത്തില്‍ സി പി ഐ ഉറച്ചു നിന്നതോടെ ഭാര്‍ഗവിയും തീരുമാനമംഗീകരിക്കുകയായിരുന്നു. രാഷ്ട്രീയത്തെ സംബന്ധിച്ച് ബിരുദ – ബിരുദാന്തര തലത്തില്‍ നേടിയ അറിവുകള്‍ ആദ്യഘട്ടത്തിലെ ആശങ്കകളെയെല്ലാം ധൈര്യപൂര്‍വ്വം മറികടക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയ ഘടകമായിരുന്നു.
രാഷ്ട്രീയ ജീവിതം, നേതൃത്വം:
ശ്രീമൂലം പ്രജാസഭയില്‍ നിന്നാരംഭിച്ച് പതിനഞ്ചാം കേരള നിയമസഭയില്‍ എത്തി നില്‍ക്കുന്ന കേരളത്തിന്‍റെ നിയമനിര്‍മ്മാണ സഭക്ക് ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രമുണ്ട്. ഐക്യകേരളം രൂപപ്പെട്ടതിനു ശേഷമുള്ള സഭാചരിത്രത്തില്‍ നാല്പത്തി ഒമ്പതു സ്ത്രീകളാണ് നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. ആയിരത്തിതൊള്ളായിരത്തി അന്‍പത്തിയേഴിലെ ആദ്യ നിയമസഭയില്‍ ആകെയുണ്ടായിരുന്ന നൂറ്റിയിരുപത്തിയാറ് അംഗങ്ങളില്‍ ആറുപേര്‍ സ്ത്രീകളായിരുന്നു. രണ്ടായിരത്തി ഇരുപത്തിയൊന്നിലാകട്ടെ ആകെയുള്ള നൂറ്റിനാല്പത് അംഗങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം പതിനൊന്നാണ്. അതായത്, അറുപത്തിനാലു വര്‍ഷത്തെ ചരിത്രത്തില്‍ സ്ത്രീ പ്രാതിനിധ്യത്തിലുണ്ടായ വര്‍ദ്ധനവ് വെറും 3.09 % മാത്രം. ഇതില്‍ തന്നെ ദളിത് സ്ത്രീകളുടെ പ്രാതിനിധ്യം, അഞ്ചില്‍ താഴെ മാത്രമേ വരൂ.
ഐക്യകേരളം രൂപപ്പെടുന്നതിനു മുന്‍പ് 1945 ല്‍ കൊച്ചിനിയമസഭയില്‍ ദാക്ഷായണി വേലായുധന്‍ അംഗമായിരുന്നു എന്നോര്‍ക്കണം. ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയില്‍ അംഗമായ മലയാളിയായ ഏക ദളിത് വനിതയും അവര്‍ തന്നെയാണ്. ദാക്ഷായണി വേലായുധന് ശേഷം കേരള നിയമസഭയിലെത്തുന്ന ആദ്യത്തെ ദളിത് സ്ത്രീയാണ് ഭാര്‍ഗവി തങ്കപ്പന്‍. കേരളത്തില്‍ നിന്നും ആദ്യമായി ലോക്സഭയിലേക്കു തെരെഞ്ഞെടുക്കപ്പെട്ട ദളിത് സ്ത്രീയും ഭാര്‍ഗവിയാണ്. 1971 ല്‍ അടൂരില്‍ നിന്ന് ലോക്സഭയിലേക്കു മത്സരിക്കുമ്പോള്‍ ഭാര്‍ഗവിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായി ദാക്ഷായണി വേലായുധനുമുണ്ടായിരുന്നു എന്നത് കൗതുകകരമാണ്. സി പി ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭാര്‍ഗവി തങ്കപ്പന് തൊട്ടടുത്ത സി പി എം സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞച്ചനേക്കാള്‍ 10,8897 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രയായി മത്സരിച്ച ദാക്ഷായണി വേലായുധന് ലഭിച്ചത് 3950 വോട്ടുകളാണ്.
കേരളത്തില്‍ നിന്നു ലോക്സഭയിലേക്കു തെരെഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ ഭാര്‍ഗവി തങ്കപ്പനാണ്. ആറ് വര്‍ഷത്തെ ലോക്സഭാ ജീവിതത്തിനിടയില്‍ ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത് തീഹാര്‍ ജയിലിലെത്തുമ്പോള്‍ ഭാര്‍ഗവിക്കു പ്രായം മുപ്പതു വയസ്സാണ്. തന്‍റെ തീഹാര്‍ ജയിലനുഭവത്തെക്കുറിച്ച് അവര്‍ പറയുന്നത് നോക്കുക:
പാര്‍ലമെന്‍റില്‍ എത്തിയ ശേഷം അധികം വൈകാതെയാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും അറസ്റ്റു ചെയ്ത് തീഹാര്‍ ജയിലിലേക്കു മാറ്റി. ദുരിതപൂര്‍ണ്ണമായിരുന്നു അവിടുത്തെ ജീവിതം. ഭക്ഷണമൊക്കെ അഴുക്കു തുണിയിലാണ് കൊണ്ടുവരിക. വെള്ളം കൊണ്ടുവരുന്ന ബക്കറ്റും പാത്രങ്ങളുമൊക്കെ വൃത്തിയില്ലാത്തതാണ്. ബാത്ത് റൂമില്‍ വയ്ക്കുന്ന തൊട്ടിയിലാണ് പരിപ്പുകറിയൊക്കെ കൊണ്ടുവരിക. അതു കഴിക്കുക എന്നല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല.
ലോക്സഭയില്‍ നിന്നു തിരിച്ചെത്തിയ ശേഷവും സജീവമായ രാഷ്ട്രീയജീവിതം ഭാര്‍ഗവി തുടരുന്നുണ്ട്. പിന്നീടുള്ള നിയമാസഭാ തെരെഞ്ഞെടുപ്പുകളിലും സമരപരിപാടികളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായി അവര്‍ മാറിയിരുന്നു. 1977 ല്‍ നടന്ന നിയമസഭാ സഭാ തെരെഞ്ഞെടുപ്പില്‍ നെടുവത്തൂരില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭയിലേക്കു തെരെഞ്ഞെടുക്കപ്പെടുന്നത്. അഞ്ചാം കേരള നിയമസഭയിലെ ഏക സ്ത്രീ അംഗമായിരുന്നു ഭാര്‍ഗവി. ശേഷം 1980 ല്‍ കിളിമാനൂരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടു. 1982 ലെ ഏഴാം നിയമസഭയിലും 1987 ലെ എട്ടാം നിയമസഭയിലും 1996 ലെ പത്താം മന്ത്രിസഭയിലും കിളിമാനൂരിനെ പ്രതിനിധീകരിച്ചത് ഭാര്‍ഗവിയാണ്. രാജീവ് ഗാന്ധി വധത്തിനു ശേഷം 1991 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിരുദ്ധ തരംഗമുണ്ടായപ്പോള്‍ മാത്രമാണ് അവര്‍ പരാജയപ്പെട്ടത്. ഇതിനിടയില്‍ എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായും ഭാര്‍ഗവി തങ്കപ്പന്‍ പ്രവര്‍ത്തിച്ചു. സഭയുടെ ഉപാധ്യക്ഷ സ്ഥാനത്തു വരുന്ന മൂന്നാമത്തെയും അവസാനത്തേയും വനിത ഡെപ്യൂട്ടി സ്പീക്കറാണ് ഭാര്‍ഗവി. കെ. ഒ അയിഷബായിക്കും എ നഫീസത്ത് ബീവിയുമാണ് ഭാര്‍ഗവിയ്ക്കു മുമ്പ് ഡെപ്യൂട്ടി സ്പീക്കര്‍മാര്‍ ആയിരുന്നിട്ടുളളത്.
തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രമല്ല, തൊഴിലാളികളുടെയും സ്ത്രീകളുടെയും പുരോഗതിക്കായി നിരന്തരം പ്രവര്‍ത്തിച്ച ഒരാള്‍ കൂടിയായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍. എണ്‍പതുകളുടെ തുടക്കത്തില്‍ തിരുവനന്തപുരത്ത് നടന്ന നഴ്സിങ്ങ് വിദ്യാര്‍ത്ഥികളുടെ സമരത്തിനിടയില്‍ പോലീസ് സമരപ്പന്തല്‍ പൊളിച്ചു നീക്കിയപ്പോള്‍ അതിലിടപെടാനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചുമതലപ്പെടുത്തിയത് ഭാര്‍ഗവിയെയാണ്. സമരക്കാരുടെ അടുക്കല്‍ പാഞ്ഞെത്തിയ ഭാര്‍ഗവി , സ്ഥലത്ത് നിലയുറപ്പിച്ച് പന്തല്‍ വീണ്ടും കെട്ടാനുള്ള ഏര്‍പ്പാടു ചെയ്തു. വീണ്ടും പോലീസ് അക്രമമുണ്ടായേക്കുമെന്ന ഭയംകൊണ്ട് രാത്രി മുഴുവനും സമരപ്പന്തലിനു കാവലിരിക്കുക കൂടി ചെയ്യുന്നുണ്ട് അവര്‍. ഈ വിധം ജനങ്ങളിലേക്കിറങ്ങി ചെന്ന മറ്റൊരു സ്ത്രീ നേതാവ് അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ടോ എന്നു സംശയിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
രാഷ്ട്രീയ വിവാദങ്ങളും സ്ത്രീ ജീവിതവും:
ജനാധിപത്യമെന്നത് പുരുഷാധിപത്യമാണെന്നു വിശ്വസിക്കുകയും അതിനെ തകര്‍ക്കാനായി നിരന്തരം ശ്രമിക്കുകയും ചെയ്ത സ്ത്രീയായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍. സ്ത്രീകളും ദളിതരുമുള്‍പ്പെടുന്ന പാര്‍ശ്വവത്കൃത ജനതകള്‍ സമൂഹത്തിന്‍റെ മുന്‍നിരയിലേക്കെത്തുന്നതിനായി പോരാടിയ അവര്‍ക്ക് പക്ഷേ, രാഷ്ട്രീയ ജീവിതം ഏറെക്കാലം തുടരാനായില്ല. കല്ലുവാതിക്കല്‍ വിഷമദ്യ ദുരന്തത്തിലെ പ്രതിയായ മണിച്ചനില്‍ നിന്നും മാസപ്പടി കൈപ്പറ്റിയെന്ന ആരോപണമാണ് ഭാര്‍ഗവി തങ്കപ്പന്‍റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതിലേക്കു നയിച്ചത്. മണിച്ചന്‍റെ ഡയറിയില്‍ പല പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കുമൊപ്പം ഭാര്‍ഗവിയുടെ പേരും കണ്ടതാണ് ആരോപണത്തിന്‍റെ അടിസ്ഥാനമായത്. ഭാര്‍ഗവിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വിപി മോഹന്‍കുമാര്‍ കമ്മീഷന്‍റെ കണ്ടെത്തലിനെ തുടര്‍ന്ന് 2002 ല്‍ സി പി ഐ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം നീണ്ടു നിന്ന നിയമയുദ്ധത്തിനൊടുവില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ഭാര്‍ഗവിയ്ക്കു സാധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയിലേക്കു തിരിച്ചെത്തിയെങ്കിലും സജീവരാഷ്ട്രീയം തുടരാന്‍ അവര്‍ക്കു സാധിച്ചില്ല. മണിച്ചന്‍റെ ഡയറിയില്‍ പേരുണ്ടായിരുന്ന കടകംപ്പളളി സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ രാഷ്ട്രീയത്തില്‍ സജീവമാകുകയും പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ എത്തുകയും ചെയ്തിട്ടും ഭാര്‍ഗവിയ്ക്ക് അതു സാധിക്കാതെ പോയത് അവരുടെ ദളിത്- സ്ത്രീ സ്വത്വങ്ങള്‍കൊണ്ടു മാത്രമാണ്.
പുരുഷന്‍ എന്നതു തന്നെ ഒരു പ്രിവിലേജാണ്. ഏതു വിവാദങ്ങളെയും നേരിടാനും അതില്‍ നിന്നു പുറത്തു കടക്കാനും ഇതവരെ സഹായിക്കുന്നുണ്ട്. വിവാദങ്ങളില്‍ പ്രതിയായി ആരോപിക്കപ്പെടുന്ന സ്ത്രീയ്ക്കും പുരുഷനും ഒരേ പ്രതികരണമല്ല സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. അവകാശപ്പെട്ടാലുമില്ലെങ്കിലും ലഭിക്കുന്ന ഈയൊരു പ്രിവിലേജിനു പുറത്താണ് പുരുഷന്‍മാര്‍ തങ്ങളുടെ ജീവിതം കെട്ടിയുണ്ടാക്കുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ നിന്ന് ഒരു വിവാദങ്ങളും പുരുഷനെ തടയുന്നില്ലെന്നു സാരം.
എന്നാല്‍ സ്ത്രീയവസ്ഥ മറ്റൊന്നാണ്. വിവാദങ്ങളില്‍ സ്ത്രീകള്‍ പ്രതിസ്ഥാനത്തായാലും ഇരയുടെ സ്ഥാനത്തായാലും സമൂഹം പ്രതികരിക്കുന്നത് സ്ത്രീവിരുദ്ധമായിട്ടായിരിക്കും എന്നാണ് പൊതുവായ അനുഭവം. അതുകൊണ്ടാണ് സമൂഹവും സാമൂഹിക സ്ഥാപനങ്ങളും പുരുഷാധിപത്യപരമായിട്ടാണ് നിലനില്‍ക്കുന്നതെന്നു പറയേണ്ടി വരുന്നത്. ഈയൊരു വൈരുദ്ധ്യം ഭാര്‍ഗവി തങ്കപ്പന്‍റെ ജീവിതത്തിലും കാണാം. നിരപരാധിത്വം തെളിയിക്കപ്പെട്ട ശേഷവും ഭാര്‍ഗവി തങ്കപ്പന്‍ എന്ന പേരിനൊപ്പം അവരുടെ മുഴുവന്‍ രാഷ്ട്രീയ ഇടപെടലുകളെയും റദ്ദാക്കികൊണ്ട് പഴയ വിവാദകഥയാണ് ഉയര്‍ന്നു വരുന്നത്. സ്ത്രീയ്ക്കു മാത്രം സംഭവിക്കുന്ന ദുരവസ്ഥയാണത്. ഗൗരിയമ്മയ്ക്കു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു മന്ത്രിസഭയിലെത്താന്‍ സാധ്യതയും അര്‍ഹതയുമുണ്ടായ സ്ത്രീയെ വ്യക്തിഹത്യയും വിവാദങ്ങളും മറയാക്കി രാഷ്ട്രീയത്തില്‍ നിന്നും നിഷ്കാസനം ചെയ്തത് സമൂഹത്തിലെ പുരുഷാധിപത്യപരവും സ്ത്രീവിരുദ്ധവുമായ താത്പര്യങ്ങളുമാണെന്ന് പറയേണ്ടി വരുന്നത് അതുകൊണ്ടാണ്.
കെ.എസ്. ഇന്ദുലേഖ
ഗവേഷക, മലയാളവിഭാഗം
ശ്രീശങ്കരാചാര്യ സംസ്കൃത
സര്‍വകലാശാല, കാലടി
COMMENTS