Homeചർച്ചാവിഷയം

രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ എം.ഹലീമാബീവി

നൂറ, നൂര്‍ജഹാന്‍ എന്നിവര്‍ ചേര്‍ന്നു രചിച്ച എം.ഹലീമാബീവിയുടെ ജീവിതം – ‘പത്രാധിപ’ എന്ന പുസ്തകത്തില്‍ നിന്ന്

സ്ത്രീ സമുദ്ധാരണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ രാഷ്ടീയ പ്രവര്‍ത്തനത്തിലും അവര്‍ ഏര്‍പ്പെട്ടു. ഭരണകൂടത്തിന്‍റെ ജനവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ അവര്‍ സന്ധിയില്ലാസമരം നടത്തി. സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാം കൂര്‍ തന്‍റെ കൈപ്പിടിയിലൊതുക്കിയിരുന്ന കാലം. അധികാരപ്രമത്തത മൂലം തനിക്കെതിരെ പൊന്തിവരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തി അദ്ദേഹം. ഭയപ്പാടോടെ സര്‍ സി. പി.ക്ക് കീഴടങ്ങുകയായിരുന്നു ഭൂരിഭാഗം പേരും . എന്നാല്‍ ഹലീമാബീവി അത്ഭുതകരമായ ധൈര്യത്തോടെ തലയുയര്‍ത്തി നിന്നു . ദിവാനെതിരെ പ്രക്ഷോഭം നയിച്ചിരുന്നവര്‍ക്ക് ലഘുലേഖകളും നോട്ടീസുകളും അച്ചടിച്ചുനല്‍കിയിരുന്നു അവര്‍ . സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റും ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ട് സര്‍ സി പിയുടെ നോട്ടപ്പുള്ളിയായി അവര്‍ മാറി. സര്‍ സി പി (നേരിട്ട് തന്നെ അവരെ വിളിച്ചുവരുത്തി. അതിനെക്കുറിച്ച് ഹലീമാബീവി പറയുന്നുണ്ട്. ‘രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തിയാല്‍ ജോലി നല്‍കാമെന്ന് സര്‍ സി പി വാഗ്ദാനം ചെയ്തിരുന്നു . പക്ഷെ ഞാന്‍ സ്വീകരിച്ചില്ല. കാരണം അത് നമ്മുടെ സ്വാതന്ത്ര്യം ബലികൊടുക്കലാണെന്ന് തോന്നി ‘ ( ചന്ദ്രിക ആഴ്ചപ്പതിപ്പ് , 1995 ജൂലൈ) . മരണഭയം നിറഞ്ഞ അവസ്ഥയിലും തലകുനിക്കാന്‍ ആ ധീരവനിതക്ക് സാധിക്കുമായിരുന്നില്ല . അക്കാലത്ത് വൈക്കം മുഹമ്മദ് ബഷീര്‍ തിരുവല്ലയില്‍ ഹലീമാബീവിയുടെ കുടുംബത്തിന്‍റെ കൂടെയായിരുന്നു താമസം. അദ്ദേഹത്തിന്‍റെ രചനകള്‍ അന്നേ പ്രസിദ്ധങ്ങളായിരുന്നു. തിരുവല്ലക്കടുത്തുള്ള വലിയ പാറപ്പുറത്ത് മാനം നോക്കി മലര്‍ന്നുകിടക്കുന്ന ബഷീര്‍ നാട്ടുകാരുടെ നിത്യകാഴ്ചകളില്‍ ഒന്നായിരുന്നു . അങ്ങനെയിരിക്കെ ബഷീറിന്‍റെ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ അതൃപ്തനായ ദിവാന്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാനുള്ള ഉത്തരവിട്ടു . ആ വിവരമറിഞ്ഞ ഹലീമാബീവിയുടെ ഭര്‍ത്താവ് മുഹമ്മദ് മൗലവി പ്രസ്സില്‍ നിന്ന് വീട്ടിലെത്തി ബഷീറിനെ അവിടെനിന്നു മാറിനില്‍ക്കാന്‍ നിര്‍ബന്ധിച്ചു . അങ്ങനെ അദ്ദേഹം എറണാകുളത്തേക്ക് രായ്ക്കുരാമാനം രക്ഷപ്പെടുകയാണുണ്ടായത്. സര്‍ സി പി തനിക്ക് വഴങ്ങാതിരുന്ന മലയാളമനോരമ പ്രസ് അടച്ചുപൂട്ടിയിരുന്നു അന്ന്. ഹലീമാബീവിയുടെ ധീരതയും സ്വാതന്ത്രാഭിവാഞ്ചയും കണ്ട് കെ. എം. മാത്യു തങ്ങള്‍ക്കാവിശ്യമുള്ള ലഘുലേഖകളും മറ്റും അച്ചടിക്കാന്‍ ഭാരത ചന്ദ്രിക പ്രസ്സിലെത്തും. വളരെ രഹസ്യമായി രാത്രിയിലായിരുന്നു അച്ച ടിച്ചിരുന്നത്. തെളിവുകളൊന്നും ബാക്കിയാകാതിരിക്കാന്‍ മഷിപുരണ്ടു പാഴായിപ്പോയ കടലാസുകള്‍ വരെ അവര്‍ നശിപ്പിക്കും. സംശയം തോന്നി പലതവണ പ്രസ്സ് പരിശോധിക്കുന്ന പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സൂക്ഷ്മതകൊണ്ട് സാധിച്ചു. സര്‍ സി പിയുടെ ഏകാധിപത്യ ഭരണവുമായി അധികകാലം പിടിച്ചു നില്‍ക്കാന്‍ ഹലീമാബീവിക്ക് സാധിച്ചില്ല. എന്നാല്‍ തന്‍റെ ആത്മാഭിമാനം ബലികഴിച്ച് ദിവാന് വഴങ്ങാനും അവര്‍ തയ്യാറായില്ല. നിരന്തരമായ പോലീസ് റെയ്ഡുകളും ഭീഷണികളും അവരെ തേടിയെത്തി. മുഹമ്മദ് മൗലവിയുടെ ടീച്ചിങ്ങ് ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. കടുത്ത ദാരിദ്ര്യമായിരുന്നു ഫലം . പ്രസിദ്ധീകരണങ്ങള്‍ നഷ്ടത്തിലാവുകകൂടി ചെയ്ത് ഇരട്ടി ആഘാതമേറ്റപ്പോള്‍ അവരും കുടുംബവും പെരുമ്പാവൂരിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റി. 1946 – ല്‍ തിരുവിതാംകൂറില്‍ പ്രാബല്യത്തിലിരുന്ന സ്റ്റേറ്റ് മുസ്ലിം ലീഗിന്‍റെ തിരുവല്ലാ താലൂക്ക് കമ്മറ്റി സെക്രട്ടറിയായും ഹലീമാബീവി സേവനമനുഷ്ടിച്ചു. അന്ന് താലൂക്കിലെ ലീഗ് അംഗങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ ആയതുകൊണ്ട് താലൂക്ക് കമ്മറ്റി സെക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീയെ തെരഞ്ഞെടുക്കണമെന്ന് സ്ത്രീകള്‍ വാദിക്കുകയും ഭൂരിപക്ഷത്തോടെ ഹലീമാബീവി തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയാണുണ്ടായത് . ലീഗിനുവേണ്ടി പൊതുയോഗങ്ങളില്‍ ആവേശപൂ ര്‍വം അവര്‍ പ്രഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു . അത് സമുദായോദ്ധാരണത്തിനും മുസ്ലിം സ്ത്രീമുന്നേറ്റത്തിനും വഴിയൊരുക്കി . പുന്നവേലി വെച്ചു കൂടിയ ഒരു ലീഗ് സമ്മേളനത്തില്‍ സ്ഥലത്തെ മദ്രസ പുതുക്കിപ്പണിയുന്നതിന് സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് ഹലീമാബീവി പ്രസംഗിക്കുകയും മദ്രസ്സയുടെ പുനര്‍നിര്‍മാണത്തിനാവശ്യമായ ധനം മുഴുവന്‍ സമാഹരിക്കുകയും ചെയ്ത സംഭവം ശ്രദ്ധേയമാണ് . ആദ്യത്തെ വനിതാ പ്രസാധകയെന്നപോലെത്തന്നെ തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയാണ് ഹലീമബീവി. തിരുവല്ല മുന്‍സിപ്പാലിറ്റിയില്‍ അഞ്ചു വര്‍ഷം അവര്‍ കൗണ്‍സിലര്‍ ആയി സേവനമനുഷ്ടി ച്ചു . മുസ്ലിം റിസര്‍വേഷന്‍ ഉണ്ടായിരുന്ന സീറ്റില്‍ സാധാരണ പുരുഷന്മാരാണ് മത്സരിക്കാറുണ്ടായിരുന്നത് .

എന്നാല്‍ ആ പ്രാവശ്യം ഹലീമബീവി നോമിനേഷന്‍ കൊടുത്തു. അതുകണ്ട് മറ്റൊരു സ്ത്രീയും നല്‍കി. അത് തള്ളുകയും ഹലീമാബീവി കൗണ്‍സിലര്‍ ആവുകയും ചെയ്തു. തിരുവിതാംകൂര്‍ മുസ്ലിം മജ്ലിസിന്‍റെ ആദ്യകാല പ്രവര്‍ത്തകയായും അവര്‍ സേവനമനുഷ്ടിച്ചു. തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭത്തില്‍ പങ്കെടുത്തു അറസ്റ്റു വരിക്കുന്ന ആദ്യ മുസ്ലിം വനിതയും അവരായിരുന്നു . എക്കാലത്തും കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഹലീമാബീവി വിമോചനസമരത്തില്‍ സജീവമായി പങ്കെടുത്തു കമ്യൂണിസ്റ്റ് ഭരണകാലത്ത് അങ്കമാലിയില്‍ നടന്ന വെടിവെപ്പില്‍ ഒരു ഗര്‍ഭിണിയും രണ്ടു കുട്ടികളും മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാടാകെ സമരം പടര്‍ന്ന കാലം പലസ്ഥലത്തും സമരം നടന്ന കൂട്ടത്തില്‍ പെരു മ്പാവൂരും അതിന്‍റെ അലകളുയര്‍ന്നു. താലൂക്ക് കച്ചേരിയും പോലീസ് സ്റ്റേഷനും പിക്കറ്റ് ചെയ്തു . ആശ്രമം ഹൈസ്കൂളില്‍ നിന്ന് തുടങ്ങിയ പ്രകടനം സുഭാഷ് മൈതാനത്താണ് അവസാ നിച്ചത് . പിക്കറ്റ് ചെയ്തവരെയെല്ലാം പിറ്റേന്ന് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി . അന്നൊരു ശനിയാഴ്ചയായിരുന്നു . പോലീസുകാര്‍ ചായയൊക്കെ വാങ്ങിച്ചുതന്നു. ഒരു ഗര്‍ഭിണിയെയും രണ്ടുകുട്ടികളെയുമടക്കം ക്രൂരമായി വെടിവെച്ചു കൊന്നതിനെ പ്രതിഷേധിച്ചത് തെറ്റാണോ എന്നു ഞങ്ങള്‍ കോടതിയില്‍ ചോദിച്ചു. എന്തായാലും കോടതി ഞങ്ങളെ ശിക്ഷിച്ചില്ല. അവര്‍ വിമോചനസമര കാലത്തെക്കുറിച്ച് ചന്ദ്രിക ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു . തുടര്‍ന്ന് ധാരാളം ഭീഷണികള്‍ അവരെ തേടിയെത്തി . മുസ്ലിം കമ്യൂണിസ്റ്റുകള്‍ക്കായിരുന്നു തന്നോട് അരിശം കൂടുതല്‍ എന്ന് അവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ഹലീമാബീവിയെ ആക്രമിക്കാനുള്ള ശ്രമങ്ങളും അന്നുണ്ടായി . ഒരിക്കല്‍ വടക്കന്‍ പറവൂരില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാന്‍ പോകുന്ന വഴിയില്‍ ചിലര്‍ ആക്രമിക്കാന്‍ കാത്ത് നിന്നു . എന്നാല്‍ രഹസ്യവിവരം ലഭിച്ച ഹലീമാബീവിയും കൂട്ടരും വഴിമാറി സഞ്ചരിച്ച് രക്ഷപ്പെടുകയാണുണ്ടായത് . ഒന്നിലും കുലുങ്ങാത്ത പ്രകൃതക്കാരിയായ അവര്‍ കോണ്‍ഗ്ര സ്സില്‍ സജീവമായി . എറണാകുളത്ത് ഇന്ദിരാഗാന്ധിയുടെ കൂടെ ഒരു പൊതു യോഗത്തില്‍ പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു. എറണാകുളം ഡി സി സി അംഗം , സേവാദള്‍ എക്സിക്യൂട്ടീവ് മെമ്പര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു . പെരുമ്പാവൂരിലെ മഹിളാസമാജം അവരുടെ നേതൃത്വത്തില്‍ നിരവധി സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലര്‍പ്പെട്ടു. അനിഷേധ്യമായ നേതൃപാടവവും വാഗ്ചാതുരിയും വ്യക്തിത്വവും കൊണ്ട് അത്ഭുതകരമായ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന സ്ത്രീയായിരുന്നു അവരെന്ന് പെരുമ്പാവൂരിലെ സാമൂഹിക പ്രവര്‍ത്തക നളിനി അവരെ ഓര്‍മ്മിക്കുന്നുണ്ട്. മൂത്തമകന്‍റെ കൂടെ തിരുവനന്തപുരത്തേക്ക് താമസം മാറുന്നതുവരെ അവര്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് അവരെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളും കുടുംബത്തിന്‍റെ താല്പര്യവും മാനിച്ച് അവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളുടെ ഇടയില്‍ വര്‍ഗീയതയുടെയും വിഭാഗീയതയുടെയും വിഷവിത്ത് പാകുന്നു എന്ന് അവസാനകാലത്ത് ആ രാഷ്ട്രസേവിക പരിതപിച്ചിരുന്നു. പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെട്ടില്ലെങ്കിലും മരണം വരെ അവര്‍ പുരോഗമനാശയങ്ങളില്‍ അടിയുറച്ചുനിന്നു .

നൂറ, നൂര്‍ജഹാന്‍

 

COMMENTS

COMMENT WITH EMAIL: 0