Homeചർച്ചാവിഷയം

രാഷ്ട്രീയ കൊലപാതകങ്ങള്‍; ഒരു ഓര്‍മ്മക്കുറിപ്പ്

അഫീദ കെ. ടി.

 

തൊരു സാമൂഹിക വിശകലനമോ ഒരു രാഷ്ട്രീയ നിരീക്ഷണമോ അല്ല. മറിച്ച് ഒരു സാമൂഹിക വിഷയം എങ്ങനെ കുട്ടിക്കാലത്ത് അനുഭവപ്പെട്ടു എന്നതിന്‍റെ ഓര്‍മ്മിച്ചെടുക്കലാണ്. ഓര്‍മ്മ എന്നത് വളരെ വ്യക്തിനിഷ്ഠമായ (സബ്ജെക്ടീവ്) ഒന്നാണ്. ചരിത്രം വസ്തുതയെ/സംഭവത്തെ, പറ്റി വിവരിക്കുന്ന ഒന്നാണെങ്കില്‍ ഓര്‍മ്മ അതിന്‍റെ അനുഭവവുമായി ബന്ധപ്പെട്ടതാണ്. ഓര്‍മ്മയെ കുറിച്ച് പറയുമ്പോള്‍ ഒര്‍മിക്കുന്ന വ്യക്തിയുടെ സാമൂഹിക പരിസരം വളരെ പ്രധാനമാണ്. സാമൂഹിക പരിസരം എന്നത് വ്യക്തിയുടെ ലിംഗപദവി, വര്‍ഗം, ജാതി, മതം എന്നിങ്ങനെ പല ഘടകങ്ങള്‍ (ഫാക്ടെര്‍സ്) ചേര്‍ന്നതാണ്, ഇവയെല്ലാം തന്നെ ഓര്‍മ്മിച്ചെടുക്കുക എന്ന പ്രക്രിയയെ സ്വാധീനിക്കുന്നതാണ്. ഓര്‍മ്മ പങ്കിടുന്ന ആളുടെ വ്യക്തിനിഷ്ഠമായ സാമൂഹിക പരിസരം പോലെ പ്രധാനമാണ് ഓര്‍മ്മ പങ്കിടുന്ന കാലം എന്നത്. എന്തിനെ കുറിച്ചാണോ ഓര്‍മ്മിച്ചെടുക്കുന്നത് ആ സംഭവം നടന്ന കാലവും ഓര്‍മ്മ പങ്കുവെക്കുന്ന കാലവും തമ്മിലുള്ള ദൂരം ഓര്‍മ്മിച്ചെടുക്കുക എന്ന പ്രക്രിയയെ സ്വാധീനിക്കുന്ന ഘടകമാണ്. ഓര്‍മ്മ പങ്കുവെക്കുന്ന കാലം എന്നു പറയുമ്പോള്‍ വ്യക്തിപരമായും സാമൂഹികമായുമുള്ള അവസ്ഥകളെ പരിശോധിക്കണം. എന്തിനെ പറ്റിയാണോ ഓര്‍മ്മകളായി വിനിമയം ചെയ്യുന്നത്, ആ സംഭവം നടന്ന സമയവും വ്യക്തിയുടേയും അയാളുടെ സാമൂഹിക പരിസരത്തെയും മനസ്സിലാക്കേണ്ടതുണ്ട്. അതുപോലെ തന്നെ ആ വ്യക്തിയുടേയും അയാളുടെ സാമൂഹിക പരിസരത്തേയും ഓര്‍മ പങ്കിടുന്ന സമായമായും ചേര്‍ത്തിണക്കി വായിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ഓര്‍മ്മിച്ചെടുക്കുക എന്ന പ്രക്രിയയേയും അതിലൂടെ പങ്കുവെക്കുന്ന വിവരണത്തെയും കാലം/സമയം എന്നിവ സ്വാധീനിക്കുന്നതായി മനസ്സിലാക്കാം. ഇവിടെ വ്യക്തിനിഷ്ഠ സാമൂഹിക പരിസരവും സമയവും എങ്ങനെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ സ്വാധീനിച്ചു എന്നു വിലയിരിത്തുന്നു. അതിനായി എന്‍റെ ഓര്‍മ്മയില്‍ നിന്നും ചില കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.

എനിക്കു പത്ത് വയസ്സ് ഉള്ളപ്പോള്‍ ആണ് ആ സംഭവം നടക്കുന്നത്, അന്ന് സ്കൂളില്‍ പെട്ടെന്ന് ഒരു ബഹളം ഉണ്ടായി. ഉച്ചയ്ക്ക് തന്നെ സ്കൂള്‍ ബെല്‍ അടിച്ചു. വേഗം വീടുകളിലേക്ക് പോകുവാന്‍ ടീച്ചര്‍ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നറിയാതെ കളിച്ച് ചിരിച്ച് ഞങ്ങള്‍ സ്കൂള്‍ ബസ്സില്‍ കയറി. ബസ് ഡ്രെെവര്‍ വളരെ ടെന്‍ഷനിലായിരുന്നു. എല്ലാരെയും ബസ്സില്‍ കയറ്റി ബസ്സ് പെട്ടെന്ന് തന്നെ സ്റ്റാര്‍ട്ട് ചെയ്തു. എന്നും പോകുന്ന വഴി അല്ല ബസ്സ് പോകുന്നത്. എല്ലാ കടകളും അടച്ചിരിക്കുന്നു. ഹര്‍ത്താല്‍ ആണെന്ന് അപ്പോള്‍ തന്നെ മനസ്സിലായി. പാനൂര്‍ ജീവിക്കുന്ന ഞങ്ങള്‍ക്കിത് നല്ല ശീലമാണ്. ഇടയ്ക്കിടെ ഹര്‍ത്താല്‍ എന്നു കേള്‍ക്കാറുണ്ട്. അപ്പോയൊക്കെ ഉമ്മ ഭക്ഷണ സാധനങ്ങളെ കുറിച്ച് വ്യാകുലപ്പെടുന്നത് കാണാറുണ്ട്. വേഗം അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കും. എനിക്ക് ഹര്‍ത്താല്‍ എന്നു പറഞ്ഞാല് സ്കൂള്‍ ഇല്ല എന്നാണ്. ബസ്സ് നല്ല സ്പീഡിലാണ് പോകുന്നത്. ‘ജയകൃഷ്ണന്‍ മാഷെ കൊന്നു, ഇനി നോക്കണ്ട, ഇതിവിടെ കൊണ്ടെന്നും തീരൂല്ല’ എന്നു ഡ്രെെവര്‍ ഒരു കുട്ടിയെ ഇറക്കുന്നതിനിടെ രക്ഷിതാവിനോട് പറയുന്നത് കേട്ടു. ആരോ മരിച്ചിട്ടുണ്ട് എന്നു മാത്രം മനസ്സിലായി. അങ്ങനെ ഞാന്‍ വീട്ടില്‍ എത്തി. ഇങ്ങനെ പതിവില്‍ വിപരീതമായി സ്കൂള്‍ വിട്ടു വീട്ടില്‍ എത്തുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. വീട്ടില്‍ തുരുതുരാ ഫോണ്‍ വരുന്നുണ്ട്. കുട്ടികളൊക്കെ സ്കൂള്‍ വിട്ട് വീട്ടില്‍ എത്തിയോ എന്നു ഉറപ്പ് വരുത്തുന്ന അന്വേഷണ വിളികളാണതൊക്കെ. അന്നു രാത്രി ഞങ്ങള്‍ ടിവി കണ്ടു കൊണ്ടിരിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു. വലിയുമ്മ പറഞ്ഞു അതു ബോംബ് ആണെന്ന്. ഇങ്ങനെ എപ്പോഴോക്കെ ഹര്‍ത്താല്‍ ആയി സ്കൂള്‍ വിട്ടിട്ടുണ്ടോ അപ്പോഴൊക്കെ ബോംബ് പൊട്ടുന്ന ശബ്ദം കേള്‍ക്കാറുണ്ട്. ബോംബ് ആണോ പടക്കം ആണോ എന്ന ഒരു ചോദ്യം ആരെങ്കിലും ചോദിക്കും, പെട്ടെന്ന് തന്നെ ബോംബ് ആണെന്ന് പറയും. കുറെ ഫോണ്‍ കോളുകള്‍ വരും. ആരും പുറത്തു പോകില്ല, വേഗം ലൈറ്റ് ഓഫ് ആക്കി കിടന്നുറങ്ങും, അത്രതന്നെ. പിന്നീടുള്ള എല്ലാ ദിവസവും കുറെ ആളുകള്‍ മരിച്ചു. രാഷ്ട്രീയ കൊലപാതകമാണ് നടക്കുന്നത് എന്നൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു ക്രിക്കറ്റ് മാച്ച് നടക്കുന്ന പോലെയാണ് എല്ലാം. ഒരാള്‍ കൊല്ലപ്പെട്ടാല്‍ ഒരു ടീമിലെ ഒരു വിക്കറ്റ് പോയി, പിന്നെ മറ്റൊരാളെ പകരം കൊന്നാല്‍ വേറെ ടീമിലെ വിക്കറ്റ് പോയി എന്നായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക്. അങ്ങനെ ഓരോ ദിവസവും ഒന്നും രണ്ടും വിക്കറ്റ് പോയി കൊണ്ടിരുന്നു. സ്കൂള്‍ കുറെ കാലത്തേക്ക് ഉണ്ടാകില്ല എന്നു ഉമ്മ പറഞ്ഞു. ഞങ്ങള്‍ ഹാപ്പി ആയി.

അടുത്ത വീട്ടിലെ ചേച്ചി വീട്ടില്‍ വന്നു, ഉമ്മയുമായി സംസാരത്തിലാണ്. അവരുടെ ഭര്‍ത്താവും മക്കളും ഒളിവിലാണ്. അവരാണോ ബോംബ് ഇട്ടത് എന്നു ഞാന്‍ കൗതുകത്തില്‍ ചോദിച്ചു. ‘അല്ല, പക്ഷേ പോലീസ് അവരെ പിടിച്ചു കൊണ്ട് പോകാതിരിക്കാന്‍ വേണ്ടി ഒളിച്ചിരിക്കാണ്’ എന്നു ചേച്ചി പറഞ്ഞു. ഉമ്മ ചായ കൊണ്ട് വന്നു. ‘എന്നാലും കുട്ടികളുടെ മുന്നില്‍ നിന്നു എങ്ങനെയാ ഒരു മാഷിനെ കൊല്ല്ന്നെ?’ കുറച്ച് വിഷമത്തിലാണ് ഉമ്മ അതു ചോദിച്ചത് . അതിനുള്ള ചേച്ചിയുടെ മറുപടി ഇങ്ങനെയായിരുന്നു; ‘അയാള്‍ അത്രയ്ക്ക് വെടക്ക് ആളാണ്. ഞങ്ങളെ പാര്‍ട്ടിക്കാരെ കൊറേ കൊന്ന്ക്ക്. മാത്രല്ല ഇങ്ങളെ കൂട്ടത്തിലെ ആളുകളെ കൊന്നു കൊലവിളിക്കും ഇവനെ പോലുള്ളവര്‍. അയിനു അയാളെ ഇതൊന്നും ചെയ്താ പോരാ’. പിന്നെ അവരുടെ സംഭാഷണം മറ്റു വിഷയങ്ങളിലേക്ക് കടന്നു. അങ്ങനെ ഹര്‍ത്താലും ബോംബും കോലാഹലങ്ങളും ഒക്കെയായി കുറെ ദിവസം പോയി. കൊറേ സിനിമാ നടന്മാര് പാനൂര്‍ വന്നു. അവരെ പോയി കാണാന്‍ ഉമ്മ അനുവദികാത്തത്തില്‍ ഞങ്ങള്‍ക്ക് നല്ല വിഷമമായി. എല്ലാം ടിവിയില്‍ കണ്ടു. പിന്നെ സ്കൂള്‍ തുറന്നു, എല്ലാം പഴയത് പോലെ ആയി.

പിന്നീട് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയം. ഇതുപോലെ പെട്ടെന്ന് സ്കൂള്‍ വിട്ടു. സ്കൂള്‍ ബസ്സ് പല ഇടത്തും തടഞ്ഞു വെച്ചു ആളുകള്‍ പരിശോധിക്കുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. ഒരു ബി. ജെ. പി. കാരനെ സി. പി. എം കൊലപ്പെടുത്തി. തിരിച്ചൊരു കൊലപാതകം ഉറപ്പാണ്. പെട്ടെന്ന് വീട്ടില്‍ എത്തണം. ബസ്സ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ ഒരാള്‍ അടുത്തേക്ക് വന്നു പറഞ്ഞു വേഗം വീട്ടില്‍ പോകൂ, ഭയങ്കരം പ്രശ്നമാണെന്ന്. ഓടി വീട്ടില്‍ എത്തി. ഉമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ എത്തിയാല്‍ പിന്നെ പേടിക്കാനില്ല. കൊലയും ബോംബിടലും ഒക്കെ ആ രണ്ടു പാര്‍ട്ടികള്‍ തമ്മില്‍ ആണ്. ഇടയ്ക്ക് ശബ്ദം കേള്‍ക്കും. ബോംബ് ആണെന്ന് അങ്ങ് ഉറപ്പിക്കും. എല്ലാവരും കൊലപാതകങ്ങളെ പരസ്പരം ന്യായീകരിക്കുന്നത് വളരെ സ്വാഭാവികമായ അവസ്ഥയായി മാറിയിരുന്നു. കൊല നടക്കുന്നതിന്‍റെ രീതികളിലെ ശരി ഇല്ലായ്മ മാത്രമായിരുന്നു ചായ ചര്‍ച്ചകളിലെ പ്രധാന പ്രശ്നം. വീട്ടില്‍ കയറി കൊല നടത്തുന്നത് കുറിച്ച് സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും പാര്‍ട്ടിക്ക് വേണ്ടി മരിക്കുന്ന മക്കള്‍ അവര്‍ക്ക് അഭിമാനമാണ്. അടിപിടി കേസ്സില്‍ ജയിലില്‍ കിടക്കുന്ന മക്കളെ കാണാന്‍ പോകുന്ന അമ്മമാര്‍ ഒരു സാധാരണ കാഴ്ച ആണ്.

അങ്ങനെ കോഴിക്കോട് കോളേജില്‍ പഠിക്കുന്ന കാലത്താണ് പാനൂരില്‍ നിന്നാണ് വരുന്നത് എന്നു പറയുമ്പോള്‍ ആളുകള്‍ കാണിച്ച ആശ്ചര്യത്തില്‍ നിന്നു രാഷ്ട്രീയ കൊലപാതകങ്ങളെ മറ്റു ജില്ലക്കാര്‍ എങ്ങനെയാണ് കണ്ടിരുന്നത് എന്നു മനസ്സിലായത്. എന്‍റെ നിസ്സംഗമായ മറുപടിയില്‍ അവര്‍ ഞെട്ടല്‍ പ്രകടിപ്പിച്ചപ്പോഴാണ് എനിക്കും മറ്റു പലതും മനസ്സിലായത്.
പിന്നീടുള്ള വായനകളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നുമാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ സ്വഭാവവും അതിന്‍റെ ആഘാതങ്ങളും മനസ്സിലാകാന്‍ തുടങ്ങിയത്. പക്ഷേ, ഇന്നും പാനൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ആളുകള്‍ ചോദിക്കുമ്പോള്‍ വളരെ നിസ്സാരമായി തന്നെയാണ് ബോംബ് കഥ ഞാന്‍ പറയാറുള്ളത്. അതായിരുന്നു അനുഭവവും.

 

അഫീദ കെ. ടി.
ഡല്‍ഹി സര്‍വകാലശാലയില്‍
സോഷ്യോളജി വിഭാഗം ഗവേഷക

COMMENTS

COMMENT WITH EMAIL: 0