ഭയത്തിന്റെ മേലങ്കിയെ അവ നെയ്യാനുപയോഗിച്ച നൂലുണ്ടകൾ സഹിതം എത്ര പെട്ടെന്നാണവൾ ഊരിയെറിയുന്നത്.
ഒരൊറ്റ വിരലിനാൽ ഏതേതു തോക്കുകളോടാണ് യുദ്ധം പ്രഖ്യാപിച്ചു കളയുന്നത്.
യുദ്ധത്തിന്റെ ഭക്ഷണം അവളും പൈതങ്ങളുമാണെന്ന് വെളിപ്പെട്ടിരിക്കുന്നു.
നിനക്കു വേണ്ടി ഞാനുണ്ടെന്ന വാക്കുകൾ ഊണിനൊപ്പം മാനത്തു വിളമ്പിയ അമ്പിളിമാമനത്രെ! തനിക്ക് താനും പുരക്ക് തൂണുമെന്ന് അവൾക്കിപ്പോൾ നന്നായറിയാമത്രെ.
റദ്ദ് ചെയ്യപ്പെട്ട ജനത മാളമില്ലാത്ത പാമ്പുകളും ആകാശമില്ലാത്ത പറവകളുമെന്നത് അതിമോഹം മാത്രം !
മാളമില്ലെങ്കിലും പാമ്പുകൾ പാമ്പുകളെന്നും മാനമില്ലാഞ്ഞിട്ടും പറവകൾ പറവകളെന്നു വിളിക്കപ്പെടുന്നു. ചത്തുവീഴുമ്പോൾ
പിറന്നമണ്ണിൽ അഴുകിച്ചേരുന്നു.
എന്നാൽ, റദ്ദ് ചെയ്യപ്പെട്ട പൗരത്വം അസാധുവാക്കപ്പെട്ട നോട്ടെന്ന് ഒരിക്കൽ, പിറന്നവീട്ടിൽ നിന്നും അസാധുവാക്കപ്പെട്ടവളേക്കാ നന്നായി മറ്റാർക്ക് തിരിയാനാണ്?
ഓരോ കലാപകാലവും ഓരോ യുദ്ധപരിസരവും അവളിലേക്കാഴ്ത്തി വിട്ട പീഡനപർവ്വങ്ങൾ അവളെങ്ങിനെ മറന്നുകളയാനാണ്?
മരിക്കുന്നയത്ര എളുപ്പമല്ല ജീവിക്കുവാനെന്ന് ഇനിയുമൊരൊറ്റ തത്ത്വസംഹിതയും അവളെ പഠിപ്പിക്കേണ്ടതുമില്ല.
അതിനാലാണ് വീണ്ടും വീണ്ടുമവൾ നാക്കു കൊണ്ടും വാക്കു കൊണ്ടും സാന്നിദ്ധ്യം കൊണ്ടും അസാന്നിദ്ധ്യം കൊണ്ടും പ്രതിരോധത്തിന്റെ ഈണം തീർക്കുന്നത് . ഒരോ തവണയും തൊട്ടിലാട്ടുമ്പോൾ തീർത്ത അതേ ഈണം.
ബഹിയ
ക്ലിനിക്കൽ സൈക്കോളജിസ്റ്റും അധ്യാപികയുമാണ്.
‘മഴയുറങ്ങാത്ത രാത്രി’, ‘കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ’ എന്നീ കവിതാസമാഹാരങ്ങളുടെ കര്‍ത്താവാണ്.
COMMENTS