നാനാത്വത്തിൽ ഏകത്വം എന്നാണല്ലോ ഇന്ത്യയെ കുറിച്ചുള്ള പൊതുധാരണ- എന്നാൽ വൈവിധ്യങ്ങളെ തിരസ്കരിച്ചുകൊണ്ടുള്ള ഏകമാനമായ സാമൂഹ്യക്രമം കെട്ടിപ്പടുക്കുന്ന ജനാധിപത്യവിരുദ്ധമായ ചരിത്രമാണ് ഇന്നു വരെ നമുക്ക് പറയുവാനുള്ളത്. ജനാധിപത്യപ്രക്രിയയെ കുറിച്ച് ഡോ. ബി ആർ അംബേദ്കർ അഭിപ്രായപ്പെട്ടത് ‘ജനാധിപത്യം ഒരു സർക്കാരല്ല മറിച്ച് ഒരു സാമൂഹ്യ കൂട്ടായ്മയാണ്’ എന്നാണ്, സമൂഹം എന്നത് ഏകമാനമായ ഒരു കൂട്ടം ജനതയുടെ സമ്മേളനമോ അഭിപ്രായമോ അല്ല ബഹുസ്വരമായ ജനതയും കാഴ്ചപ്പാടും വൈവിധ്യമാർന്ന ജീവിതങ്ങളും ചേർന്ന പ്രക്രിയയാണത്, നിരന്തരം മാറ്റങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും വിധേയമാകുന്ന സ്ഥാപനം. എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ സമൂഹമെന്നത് ജാതിയുടെയും-മതത്തിന്റെയും പുരുഷ മേധാവിത്വത്തിന്റെയും ആകെ തുകയായി ചുരുക്കപ്പെട്ടിട്ടുണ്ട്. അവിടെ അദൃശ്യരാണ് ക്വീയർ മനുഷ്യരും അവരുടെ രാഷ്ട്രീയവും. ഇന്ത്യയിൽ 2014 ൽ മാത്രമാണ് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പൗരാവകാശം സുപ്രീം കോടതിവഴി അനുവദിച്ചുകിട്ടുന്നത്- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലിംഗത്വ വൈവിധ്യങ്ങളെ അംഗീകരിക്കാൻ 60ലധികം വർഷങ്ങളെടുത്തു എന്ന അപഹാസ്യം സ്വന്തമാക്കി- മറ്റ് ക്വീയർ മനുഷ്യരുടെ ജീവിതാവകാശങ്ങൾ ഇന്നും ചോദ്യമായി നിലനിൽക്കുകയാണ് എന്നത് മറ്റൊരു വൈരുദ്ധ്യം. പ്രാതിനിധ്യ ജനാധിപത്യം എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യവും സുതാര്യതയും വർധിപ്പിച്ചുകൊണ്ട് കൂടുതൽ ഉൾപെടുത്തലുകൾ നടത്തുന്ന പ്രക്രിയയാണ്, എന്നാൽ ഇന്ത്യൻ ‘പാർട്ടി പൊളിറ്റിക്സ്’ സവർണ-പുരുഷ കോലാഹലങ്ങളാണ് എന്നത് നിരാശാജനകവും യാഥാർഥ്യവുമാണ്. ചരിത്രത്തിൽ മുഗൾ ഭരണ കാലയളവിൽ പോലും രാജസഭകളിൽ കിന്നർ-ഹിജഡ പാരമ്പര്യത്തിൽ ജീവിച്ചിരുന്ന ട്രാൻസ്ജെൻഡർ മനുഷ്യർക്ക് സ്ഥാനം ഉണ്ടായിരുന്നു എന്നത് നിയമനിർമാണ സഭകളിലെ ക്വീയർ ഉൾപെടുത്തലായി വിവക്ഷിക്കാം, എന്നാൽ ജനാധിപത്യ സർക്കാരുകൾ സ്വാതന്ത്ര്യാനന്തരം അതിനവസരം നൽകിയില്ല എന്നതുതന്നെ ക്വീയർ അദൃശ്യത വെളിവാക്കുന്നുണ്ട്.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ തുടങ്ങി സമൂഹത്തിൽ കൃത്യമായ അവസരസമത്വം ലഭിച്ചിട്ടില്ലാത്ത മനുഷ്യർക്ക് നിയമ നിർമാണ സഭകളിൽ പ്രാതിനിധ്യം ലഭിച്ചത് സംവരണം ഉള്ളതുകൊണ്ട് മാത്രമാണ്, കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം ആണ് സ്ത്രീ സംവരണം. സംവരണം ഭരണഘടനാവകാശം ആയതോടെ പ്രാതിനിധ്യം എന്നത് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വം കൂടിയായി. എന്നാൽ എല്ലാത്തരം മനുഷ്യരെയും നമ്മൾ നിയമനിർമാണ സഭകളിൽ ഉൾപെടുത്തുന്നുണ്ടോ?
ക്വീയർ മനുഷ്യർ ഏകമാനമായ അസ്തിത്വമോ രൂപമോ സംസ്കാരമോ പേറുന്നവരാണ്, നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ അസ്തിത്വം തുറന്നുപറഞ്ഞ എത്ര ക്വീയർ രാഷ്ട്രീയക്കാർ ജനസഭകളിൽ അംഗങ്ങൾ ആയിട്ടുണ്ട്? നിയമനിർമ്മാണസഭകളിൽ സ്വവർഗാനുരാഗികളോ-ഉഭയലൈംഗികരോ ജെണ്ടർ ക്വീയർ ആയവരോ ട്രാൻസ്ജെൻഡർ മനുഷ്യരോ ഒക്കെ ചിലപ്പോൾ സ്ത്രീ-പുരുഷ ദ്വന്ദങ്ങളിൽ ഭിന്നവർഗാനുരാഗികളായി പ്രിവിലേജുകളോടെ നടപടികളിൽ പങ്കെടുക്കുന്നുണ്ടാകും എന്നാൽ അസ്തിത്വം ആത്മാഭിമാനത്തോടെ തുറന്നു പറയാത്തിടത്തോളം അവരുടെ സാന്നിധ്യം അദൃശ്യം തന്നെ ആയിരിക്കും. അവിടെയാണ് ജനസഭകളും സമൂഹവും ഇൻക്ളൂസീവ് ആകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയേണ്ടി വരുന്നത്. ഒരു വ്യക്തി തന്റെ ലിംഗത്വ അസ്തിത്വം ബൈനറിക്കും അപ്പുറമാണെന്നും തന്റെ ലൈംഗികതയും ലൈംഗിക ചായ്വ് എന്നിവ ഭിന്നവർഗാനുരാഗത്തിനപ്പുറമാണെന്നും നിലനിൽക്കുന്ന സിസ്-ഹെറ്ററോസെക്ഷ്വൽ നോർമേറ്റിവ് സങ്കൽപ്പങ്ങൾ തങ്ങളുടെ നിലനിൽപ്പിനു തന്നെ എന്നും തടസമാണെന്നും തിരിച്ചറിഞ്ഞുകൊണ്ട് ശരീരം-ലിംഗത്വം-ലൈംഗികത-ലൈംഗിക ചായ്വ് എന്നിവയിലൂടെ ജീവിക്കാനുള്ള അവകാശം അടയാളപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇന്ത്യൻ സമൂഹം അവരെ തിരികെ ബൈനറികളിൽ ഒതുക്കി അദൃശ്യരാക്കാനാണ് കഠിനമായി ശ്രമിക്കുന്നത്. നിർഭാഗ്യകരമെന്ന് പറയട്ടെ ഇന്ത്യൻ സാഹചര്യത്തിൽ അടുത്തെങ്ങും ജനാധിപത്യപ്രക്രിയകളിൽ പങ്കാളികളാവാൻ ഈ മുൻധാരണകൾകൊണ്ട് ക്വീയർ മനുഷ്യർക്ക് സാധിക്കില്ല എന്ന് മുൻ അനുഭവങ്ങൾ തെളിയിക്കുന്നു.
ലിംഗസമത്വത്തെക്കുറിച്ചുള്ള ചർച്ചയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ മാത്രമല്ല എന്നും അതിൽ ട്രാൻസ്ജെൻഡർ സമത്വത്തിന്റെ തലങ്ങളുമുണ്ട് എന്നുമുള്ള തിരിച്ചറിവിന്റെ പാതയിലേക്കാണ് ലോകരാജ്യങ്ങൾ നടന്നടുക്കുന്നത്. അവകാശപ്പോരാട്ടങ്ങൾക്ക് അധികാരം ഒരു വലിയ ഘടകമാണ്. നിലനിൽക്കുന്ന അധികാരഘടന ക്വിയർവിരുദ്ധമാണെന്ന് ലോകത്തിൻറെ ഏത് കോണിലിരുന്ന് കൊണ്ടും പറയാനാകും. മനുഷ്യാവകാശപ്പോരാട്ടങ്ങൾ ക്വിയർ അവകാശങ്ങളെ തിരിച്ചറിഞ്ഞ് അംഗീകരിക്കാൻ ആരംഭിച്ചതിൽ പിന്നെ ആധുധികലോകക്രമത്തോട് ചേർന്ന് നിൽക്കാൻ വേണ്ടി എങ്കിലും പല രാജ്യങ്ങളും ഇപ്പോൾ എൽ.ജി. ബി. റ്റി പങ്കാളിത്തം ഉറപ്പ് വരുത്താറുണ്ട്. കൃത്യമായ രാഷ്ട്രീയബോധ്യത്തിന്റെ പിൻബലത്തോടെ ക്വിയർ വ്യക്തികൾ അധികാരസ്ഥാനങ്ങൾ കയ്യാളാൻ തുടങ്ങിയിട്ട് അധികനാളുകൾ ആയിട്ടില്ല എന്ന് മാത്രമല്ല ആയതിന്റെ എണ്ണം വളരെ കുറവുമാണ്.
‘അധികാരം കൊയ്യണമാദ്യം നാം/അതിനുമേലാകട്ടെ പൊന്നാര്യൻ’ എന്ന കവിവചനം എല്ലാവിധ അരികുവൽകൃതജനതയുടെ പോരാട്ടത്തിലും സാർത്ഥകമാണ്. അധികാരത്തിലേക്കെത്തുവാൻ കഴിയുക എന്നത് ന്യൂനപക്ഷജനതയെ സംബന്ധിച്ച് അങ്ങേയറ്റം അത്യാവശ്യമായ ഒരു കാര്യമാണ്. ക്വിയർ മനുഷ്യരുടെ മുന്നേറ്റത്തിന് അധികാരപ്രവേശനം ആവശ്യമാണ് എന്നതിന് നാളിത്രവരെയുള്ള അധികാരത്തിലെത്തിയ സിസ് പ്രതിനിധാനങ്ങളെ പരിശോധിച്ചാൽ മതിയാകും.
അധികാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽജിബിടി വ്യക്തികളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപപ്പെട്ട പേരാണ് ഹാർവേ മിൽക്ക്. 1977 ൽ യു എസിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വത്വം വെളിപ്പെടുത്തിയ എൽജിബിടി വ്യക്തി എന്ന പേരിൽ ഇദ്ദേഹം അറിയപ്പെടുന്നു. ലൈംഗികചായ്-വിനെ മുൻനിർത്തിയുള്ള അടിച്ചമർത്തലിനും വിവേചനത്തിനും എതിരെ ബില്ലവതരപ്പിച്ചതിന് പരമ്പരാഗതവാദികളുടെ ശത്രുവാകുകയും അതിന്റെ പേരിൽ തന്നെ 1978 ൽ കൊല്ലപ്പെടുകയും ചെയ്തു ഇദ്ദേഹം. അവകാശപ്പോരാട്ടങ്ങളുടെ ചരിത്രം കൊലപാതകങ്ങളുടേത് കൂടിയാകുന്നത് അരികുവൽകൃതജനതയുടെ നിത്യയാഥാർത്ഥ്യമാകുന്നു. എൽജിബിടി കൊലകൾ പിന്നെയും തുടർന്നു. ലോകത്തിന്റെ പല കോണുകളിൽ എൽജിബിടി വ്യക്തികൾ പല അധികാരസ്ഥാനങ്ങളിലേക്കും മൽസരിക്കുകയും പലതിലും വിജയിക്കുകയും ചെയ്തു. ന്യൂസീലൻറ്, അമേരിക്ക എന്നിവിടങ്ങളിലെ സമീപകാല തിരഞ്ഞെടുപ്പുകൾ ക്വിയർ പ്രാതിനിധ്യം കൊണ്ട് തന്നെ ലോകശ്രദ്ധയാർജ്ജിച്ചിരുന്നു. ന്യൂസിലൻറിന്റെ പുതിയ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി ആദ്യമായി ഒരു ഗേ വ്യക്തി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാന്റ് റോബർട്സൺ ആ സ്ഥാനത്തേക്ക് എത്തുമ്പോൾ ലോകത്തിന് മുഴുവൻ അതൊരു മാതൃകയാവുകയായിരുന്നു. അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ അസിസ്റ്റൻറ് ഹെൽത്ത് സെക്രട്ടറിയായി റേച്ചൽ ലെവീൻ എന്ന ട്രാൻസ് വനിതയെ നിയമിച്ചതും വിപ്ളവാത്മകമായ തീരുമാനമായിരുന്നു. ഡോണാൾഡ് ട്രംപിന്റെ ഭരണകാലത്ത് യു എസിൽ ഉണ്ടായിരുന്ന ക്വിയർ വിരുദ്ധ അന്തരീക്ഷത്തിനു കൂടിയായിരുന്നു ജോ ബൈഡൻ ഭരണകൂടം അന്ത്യം കുറിച്ചത്. 2020 യു എസ് തിരഞ്ഞെടുപ്പിൽ ആയിരത്തിലധികം എൽജിബിടി വ്യക്തികളാണ് മൽസരിച്ചത്.
1994 ലാണ് ഹിജഡ സംസ്കാരത്തിൽ ജീവിക്കുന്ന വ്യക്തികൾക്ക് വോട്ടിംഗ് പ്രക്രിയയിൽ പങ്കെടുക്കാനുള്ള അവകാശം ഇന്ത്യയിലുണ്ടായത്. 1998 ൽ മധ്യപ്രദേശിലെ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു കൊണ്ട് ശബ്നം ‘മൗസി’ ബാനോ എന്ന ട്രാൻസ്ജെൻഡർ വ്യക്തി ഇന്ത്യയിൽ ചരിത്രം കുറിച്ചു. 2015 ൽ ചത്തീസ്ഗഢിലെ റായ്ഗാഢിലെ മേയറായി മധുഭായ് കിന്നർ എന്ന ട്രാൻസ്ജെൻഡർ വ്യക്തിയും തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്കപ്പുറം മൽസരരംഗത്ത് കടന്നുവന്ന അനേകം ട്രാൻസ്ജെൻഡർ വ്യക്തികൾ ഇന്ത്യയിലുണ്ട്. മുന്നണികളുടെ പിന്തുണയില്ലാത്ത സ്വതന്ത്രരായി മൽസരിച്ചവരാണ് ഇവരിൽ പലരും. ഇന്ത്യയിലെ രാഷ്ട്രീയത്തിലെ എൽജിബിടി പങ്കാളിത്തം ട്രാൻസ്ജെൻഡർ വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതും അഭിസംബോധന ചെയ്യേണ്ടതാണ്.
2014 ലെ സുപ്രധാനമായ നൽസ വിധിയിലൂടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഇന്ത്യൻ ജനസഭകളോട് ട്രാൻസ്ജെൻഡർ മനുഷ്യരെ ഉൾപ്പെടുത്തണം എന്ന് വിധിച്ചതിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ട്രാൻസ് അനുകൂല ചട്ടങ്ങളും നിയമങ്ങളും നയങ്ങളും രൂപീകരിക്കുവാൻ നിർബന്ധിതർ ആകുകയാണ് ഉണ്ടായത്. അല്ലാതെ പൊടുന്നനെ ട്രാൻസ് ഇൻക്ലൂഷൻ എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നില്ല എന്ന് സാരം. നിൽവിൽ കമ്മ്യൂണിസ്റ്റ്-കോൺഗ്രസ്-ബിജെപി എന്നിവയിൽ എല്ലാം ട്രാൻസ്ജെൻഡർ അനുബന്ധ സംഘടനകളോ ഘടക-പോഷക സംഘടനകളോ അംഗങ്ങളോ പരസ്യമായി പ്രവർത്തിക്കുന്നുണ്ട്, എന്നാൽ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പോലും ഒരു പഞ്ചായത്ത് മെമ്പറുടെ സീറ്റുപോലും ട്രാൻസ്ജെൻഡർ മനുഷ്യർക്ക് നൽകുവാൻ ഈ പാർട്ടികൾക്കോ മുന്നണികൾക്കോ സാധിച്ചിട്ടില്ല. കണ്ണൂർ കോർപറേഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സന്ധ്യ എന്ന ട്രാൻസ്ജെൻഡർ സ്ത്രീ മത്സരിച്ചാണ് ഈ മുന്നണികളോട് ക്വീയർ മനുഷ്യരും ഇവിടെയുണ്ടെന്ന് പ്രഖ്യാപിച്ചത്- സന്ധ്യ രണ്ട് മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു. നിരന്തര കലഹങ്ങൾ സമൂഹത്തോട് നടത്തുന്ന ക്വീയർ മനുഷ്യർക്ക് രാഷ്ട്രീയപാർട്ടികളുടെ ഇരട്ടത്താപ്പ് ആദ്യാനുഭവമല്ല. കേരള നിയമസഭയിലേക്ക് നടക്കുന്ന ഈ ഇലക്ഷനിലും അത്തരത്തിൽ ഒരു സമീപനം പലരും പ്രതീക്ഷിച്ചതുമാണ് എന്നാൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി എന്ന പുതിയൊരു രാഷ്ട്രീയ കൂട്ടായ്മ വേങ്ങരയിൽ അനന്യ കുമാരി അലക്സ് എന്ന ട്രാൻസ് വനിതയെ സ്ഥാനാർത്ഥിയായി നിർത്തിയത് രാഷ്ട്രീയകേരളം മനപൂർവം ചർച്ചയാക്കാതെ മാറ്റിവെച്ചു. ട്രാൻസ്ജെൻഡർ വിരുദ്ധമായ-ക്വീയർ വിരുദ്ധമായ അനേകം പരാമർശങ്ങളും പോളിസി നിർമാണവും മറ്റും നടക്കുന്ന സഭകളിൽ ഒരു ക്വീയർ കൺസൾട്ടേഷൻ നടത്തുവാനെങ്കിലും ഒരു അംഗം ഇല്ല എന്നത് വൈവിധ്യങ്ങളെ സഭകൾ എങ്ങനെ ഭയക്കുന്നു എന്നത് തുറന്നുകാണിക്കുന്നു. കേരളത്തിലെ സഭയിൽ ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഉണ്ടെന്ന പോലെ വോട്ടവകാശത്തോടെ നിയമപരമായി ഒരു ക്വീയർ വ്യക്തി എങ്കിലും തിരഞ്ഞെടുക്കപ്പെടണം എന്നത് സാമാന്യ ജാനാധിപത്യ മര്യാദയാണ്.
സിസ്-ഹെട്രോ സ്വീകാര്യത എങ്ങനെ ക്വിയർ വിരുദ്ധ അന്തരീക്ഷം ഉണ്ടാക്കുന്നു. സാമുഹികഅധികാരക്രമങ്ങൾ എപ്പോഴും ഉൽകൃഷ്ടം എന്ന് കരുതുന്ന ചിലതുണ്ട്. ഒരു ദ്വന്ദ്വത്തെ ധ്രുവീകരണയുക്തിയിൽ ഉണ്ടാക്കുകയും അതിൽ ഒന്നിനെ ശ്രേഷ്ഠമായും മറ്റൊന്നിനെ മോശമായും കണക്കാക്കുകയും ചെയ്യുക എന്നത് കാലാകാലങ്ങളായുള്ള അധികാരക്രമരൂപീകരണപ്രക്രിയയാണ്. അത്തരത്തിൽ പുരുഷത്വം, സവർണത, വെളുത്ത തൊലി, സിസ് ജെണ്ടർ സ്വത്വം എന്നിവ ഉൽകൃഷ്ടമാക്കുകയും സ്ത്രീ, ദളിത്, അവർണത, നോൺ ബൈനറി- ട്രാൻസ്ജെൻഡർ സ്വത്വങ്ങൾ, സ്വവർഗാനുരാഗം എന്നിവ മോശം ആയും കണക്കാക്കപ്പെട്ടു. അധികാരസ്ഥാനങ്ങൾ എപ്പോഴും ഉത്കൃഷ്ടസ്ഥാനികൾ കയ്യാളുന്ന അവസ്ഥയും മറുധ്രുവത്തിലേക്ക് തള്ളപ്പെട്ടവർ ഇവരുടെ അധികാരത്തിൽ കൂടുതൽ അരികുവൽകൃതരാവുകയും ചെയ്യുന്നു. സിസ് ജെണ്ടർ- ഹെറ്ററോസെക്ഷ്വൽ-സവർണ പുരുഷന്മാർ ആണ് ഉന്നതശ്രേണിയുടെ അധികാരിയായി സ്വാഭാവികമായും പ്രതിഷ്ഠിക്കെപ്പെടുന്നത്. അവിടേക്ക് കടക്കാൻ ശ്രമിക്കുന്ന ഓരോ അരികുവൽകൃതവ്യക്തിയും വിശേഷാവകാശം ഇല്ലാത്തതിന്റെ അധികഭാരം കൂടി പേറിയാണ് പോരാടുന്നത്.
രാഷ്ട്രീയചരിത്രങ്ങൾ പരിശോധിച്ചാൽ തന്നെ ഏറ്റവും കൂടുതൽ അവിടേക്ക് കടന്നുവരുന്നത് സിസ്-ഹെറ്ററോ-സവർണ-പുരുഷന്മാർ ആണെന്ന് വ്യക്തമാകും. അവിടേക്ക് കടന്നു വരുന്ന സ്ത്രീ , ദളിത്, ദളിത്-സ്ത്രീ എന്നിവരുടെ എണ്ണം തീർത്തും ന്യൂനപക്ഷമായിരിക്കും. ട്രാൻസ്ജെൻഡർ, ലൈംഗികന്യൂനപക്ഷം എന്നിവരുടെ എണ്ണം ഇല്ല എന്ന് തന്നെ പറയേണ്ടി വരുന്ന അവസ്ഥയാണ്. ലൈംഗികന്യൂനപക്ഷം നിലനിൽക്കുന്നുണ്ട് എന്ന് പോലും മനസ്സാൽ അംഗീകരിക്കാൻ കഴിയാത്തവരാണ് ഇന്നും പലവിധ അധികാരങ്ങൾ കൈയ്യാളുന്നത് എന്നതാണ് വാസ്തവം. സ്വത്വം പുറത്ത് പറഞ്ഞ് കടന്നുവരുന്നവരുടെ എണ്ണം കുറവായതിനാൽ പിന്നെയും അവകാശങ്ങൾ ഇല്ലാത്തതിനാൽ സ്വത്വം പുറത്ത് പറയാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ചാക്രികമായി ഇവിടെ തുടരുന്നു. ലൈംഗികന്യൂനപക്ഷസ്വത്വത്തെ ഇപ്പോഴും ‘മോശം’ എന്ന ഗണത്തിലല്ലാതെ കാണാൻ കഴിയാത്ത രാഷ്ട്രീയബോധത്തിലാണ് കേരളത്തിലെ അന്തരീക്ഷം. കടലാസുകൾക്കപ്പുറം എൽജിബിടി പ്രശ്നങ്ങൾ നേരിടാനുള്ള സമഗ്രസംവിധാനങ്ങൾ നിലവിലില്ല. ആയതിനാൽ തന്നെ അടിസ്ഥാനതലത്തിൽ നിന്ന് കൊണ്ടുള്ള വിജ്ഞാനം പാഠ്യപദ്ധതികളിലും വിവിധസർക്കാർ പ്രവർത്തകരുടെ പരിശീലനപദ്ധതികളിലും ഉൾപ്പെടുത്തേണ്ടതുണ്ട്. ദൃശ്യത പ്രയാസമായ ഒരു സമൂഹത്തിന്റെ ഉന്നമനത്തിന് അവരെക്കുറിച്ചുള്ള അജ്ഞത ദുരീകരിക്കേണ്ടത് അത്യാവശ്യമാണ്.
കേരളം എന്തിന് മാതൃക കാണിക്കണം? ബഹുസ്വരമായ സാമൂഹ്യ ഘടനയിൽ ഒരു ജനവിഭാഗത്തിന്റെയും പ്രാതിനിധ്യമോ ശബ്ദമോ ഇല്ലാതാകുവാൻ പാടില്ല എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയം, എന്നാൽ അവകാശങ്ങൾക്ക് മാത്രമല്ല ഇൻക്ളൂസീവ് ആയൊരു സാമൂഹ്യ ഘടനയ്ക്ക് ക്വീയർ പ്രാതിനിധ്യം ഒഴിവാക്കാനാകാത്തതാണ് എന്ന് നമ്മുടെ സഭകളും രാഷ്ട്രീയവും തിരിച്ചറിയുന്ന കാലത്തുമാത്രമേ വൈവിധ്യങ്ങളുടെ അംഗീകാരവും സാമൂഹ്യ നീതിയും നടപ്പിലാകുകയുള്ളു. അതുവരെ കേവലം ഒത്തുചേർക്കലുകൾ മാത്രമാവുകയേ ഉള്ളു. ലോകത്തിലെ വിവിധ ജനാധിപത്യ മാതൃതകൾ നമ്മോടു വിളിച്ചുപറയുന്നതും ക്വീയർ മനുഷ്യരുടെ സാന്നിധ്യം അടിയന്തിരമായി ഉൾപ്പെടുത്തണം എന്നാണ്, ഇക്കഴിഞ്ഞ അമേരിക്കൻ ഇലക്ഷൻ നമ്മോടു ഉദാഹരണം സഹിതം തെളിവ് നൽകുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഇന്നും ക്വീയർ എന്നത് എതിർ സ്ഥാനാർത്ഥികളെ കളിയാക്കാനുള്ള പദമായാണ് ഉപയോഗിക്കുന്നത് എന്നത് നമ്മുടെ സമൂഹം എത്രത്തോളം ക്വീയർ ഫോബിക് ആണെന്ന് അടിവരയിട്ട് തെളിയിക്കുന്നു. രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡർ പോളിസി കൊണ്ടുവന്ന കേരളത്തിന് ക്വീയർ ഇൻക്ലൂഷൻ നടപ്പിലാക്കി രാജ്യത്തിന് കാണിച്ചുകൊടുക്കുവാനുള്ള ധാർമിക ബാധ്യത ഉണ്ടെന്നതാണ് വസ്തുത അല്ലെങ്കിൽ കൊട്ടിഘോഷിക്കുന്ന കേരള മോഡലിൽ ഞങ്ങൾ-ക്വീയർ- മനുഷ്യർ ഇല്ല എന്ന് തെളിയിക്കപെടും. മാനുഷിക വിഭവ സൂചിക കണക്കാക്കുമ്പോൾ എല്ലാത്തരം മനുഷ്യരെയും ഉൾപെടുത്തിയോ എന്നത് ചോദ്യമായി തന്നെ നിലനിന്നുപോകുന്നതും ജനാധിപത്യത്തിന് അപഹാസ്യമാണ്. അടിസ്ഥാപരമായി രാഷ്ട്രീയ വിദ്യാഭ്യാസം മാത്രം പോരാ എന്ന തിരിച്ചറിവിൽ നിന്നും നാം പഠിച്ചതൊക്കെ കേരള സമൂഹം മറക്കുകയും ക്വീയർ എന്നത് ജനാധിപത്യവും വൈവിധ്യവും ആണെന്നും എല്ലാത്തരം മനുഷ്യർക്കും- ക്വീയർ-ദളിത് തുടങ്ങി ആണധികാര സിസ്-ഹെറ്ററോ-ബ്രാഹ്മണിക്കൽ കാഴ്ച്ചപ്പാടുകളും നിലപാടുകളും -മാറ്റിനിർത്തുന്ന ഏവർക്കും പ്രാതിനിധ്യം ലഭിക്കണമെന്ന സാർവ്വഐക്യം നൽകുന്ന നിലപാടുകൾ പഠിക്കണമെന്നും തിരിച്ചറിയണം.
വെറും ഐക്യനാട്യക്കാർ (വാക്കിന് കടപ്പാട് വിജയരാജമല്ലികയ്ക്ക്) മാത്രമായി മാറാതെ ഉൾപെടുത്തലിന്റെ രാഷ്ട്രീയം കൂടി പഠിക്കാൻ സാധിക്കണം, ജനാധിപത്യം മനോഹരമാകാൻ.
പ്രിജിത്ത് പി. കെ.
ഗവേഷകന്, വിവിധ വകുപ്പുകളിലും കിലയുടെയും SOGIESC റിസോര്സ് പേര്സണ് ക്വീയറിഥം LGBTIQ കമ്മ്യൂണിറ്റി സ്ഥാപകനും പ്രസിഡന്റും
അനസ് എന്.എസ്.
കേരളസര്വകലാശാല ഗവേഷകവിദ്യാര്ത്ഥി. നിലവില് ക്വിയറിഥം വൈസ്പ്രസിഡന്റാണ്
COMMENTS