Homeചർച്ചാവിഷയം

പുതുചരിത്രം കുറിച്ച് ട്രാന്‍സ് ദമ്പതികള്‍

മെഡിക്കല്‍ വിദ്യാഭ്യാസത്തിനും, ഗവേഷണത്തിനും വലിയതോതിലുള്ള സംഭാവനകള്‍ നല്‍കിക്കൊണ്ട് ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു വ്യക്തിയുടെ തീരുമാനമാണ് മരണാനന്തര ശരീരദാനവും, അവയവദാനവും. പൊതുവെ കേരളത്തിലെ സ്ത്രീ പുരുഷ ലിംഗ വിഭാഗത്തില്‍പ്പെടുന്നവര്‍ മാത്രം സംഭാവനകള്‍ നല്‍കി വന്നിരുന്ന ഈ മേഖലയില്‍ സ്വന്തം ശരീരം ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് ട്രാന്‍സ് ദമ്പതികളായ ഹൃത്വിക്കും, തൃപ്തി ഷെട്ടിയും പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. ഭാവിയില്‍ ട്രാന്‍സ് ശരീരങ്ങളെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ക്ക് സഹായകവും, മുതല്‍ക്കൂട്ടും ആവുന്ന ഈ തീരുമാനം പ്രശംസനാര്‍ഹമാണ്. ഇതുമായി ബന്ധപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളില്‍ ഒരാളായ തൃപ്തി ഷെട്ടിയുമായി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍.

തൃപ്തിയുടെ ജീവിത പശ്ചാത്തലം ഒന്ന് വിശദമാക്കാമോ?
മഞ്ചേശ്വരം സ്വദേശിനിയായ ഞാന്‍ അച്ഛന്‍റെയും അമ്മയുടെയും ഏക സന്താനമായാണ് ജനിച്ചത്. അവിടുന്ന് ഇന്നത്തെ തൃപ്തിയിലേക്കുള്ള യാത്ര ഏറെ പ്രതിസന്ധികളും കയ്പ്പും നിറഞ്ഞതായിരുന്നു. പഠനകാലത്ത് തന്നെ ഞാന്‍ ജെന്‍ഡര്‍ ഡിസ്ഫോറിയ പ്രകടിപ്പിച്ചിരുന്നു. വിവിധ സാഹചര്യങ്ങള്‍ കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജോലിയുടെ ഭാഗമായി പോയിട്ടുണ്ട്. ഈ സമയത്താണ് എന്‍റെ ലിംഗമാറ്റ ശസ്ത്രക്രിയ കഴിയുന്നത്. ട്രാന്‍സ് മാന്‍ ആയ ഹൃത്വിക്ക് ആണ് വൈവാഹിക ജീവിതത്തിലേക്ക് കടന്ന എന്‍റെ പങ്കാളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക ദമ്പതികളാണ് ഞങ്ങള്‍. കരകൗശല വസ്തുക്കളുടെയും, ആഭരണങ്ങളുടെയും നിര്‍മാണവും വിപണനവും ആയി ബന്ധപ്പെട്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. കേരള ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷനില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി ഞാനാണ്. തിരുവനന്തപുരം സ്വദേശിയായ ഹൃത്വിക്ക് അലങ്കാര മത്സ്യങ്ങളുടെ വിപണന മേഖലയില്‍ ആണ് ബിസിനസ് നടത്തുന്നത്. അതോടൊപ്പം കേരളത്തിലെ ടെലിവിഷന്‍ ഷോകളുടെ ചരിത്രത്തിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ അവതാരകനായ അദ്ദേഹം ജീവന്‍ ടിവിയിലെ ആഴ്ചവട്ടം പരിപാടിയാണ് അവതരിപ്പിക്കുന്നത്.

എങ്ങനെയാണ് ഹൃത്വിക്കിനെ പരിചയപ്പെട്ടത്? ഒരു പങ്കാളിയായി എങ്ങനെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്?
ഞങ്ങളുടേത് പ്രേമവിവാഹം ആയിരുന്നു. ഹൃത്വിക്ക് ആണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന എന്‍റെ എക്സിബിഷന്‍റെ സമയത്താണ് ആദ്യമായി ഞാന്‍ ഹൃത്വിക്കിനെ പരിചയപ്പെട്ടത്. എന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം വന്നതിനാല്‍ അന്ന് ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ വഴിയാണ് ഹൃത്വിക്ക് എന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്. സംരംഭക എന്ന രീതിയില്‍ വേരുറപ്പിക്കാനും, ജീവിതം കരക്കടുപ്പിക്കാനുമുള്ള ഓട്ടത്തിലായിരുന്നതിനാല്‍ വിവാഹത്തെപ്പറ്റിയോ, പ്രണയത്തെപ്പറ്റിയോ ചിന്തിക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. ഇത്തരം സമാനമായ കാരണങ്ങള്‍ കൊണ്ട് ഹൃത്വിക്കിന്‍റെ പ്രണയാഭ്യര്‍ഥനക്ക് മുന്‍പ് വന്ന ഒരുപാട് ആലോചനകള്‍ ഞാന്‍ വേണ്ടെന്ന് വെച്ചിരുന്നു. അതുകൊണ്ടു തന്നെ ആദ്യഘട്ടത്തില്‍ ഞാന്‍ ഹൃത്വിക്കിന്‍റെ പ്രണയവും, കല്യാണ ആലോചനയും വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാല്‍ ഹൃത്വിക്ക് എന്‍റെ മറുപടിയില്‍ നിരാശനായി പിന്മാറിയില്ല. സുഹൃത്തുക്കള്‍ വഴി പലപ്പോഴായി പ്രണയാഭ്യര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെയാണ് ഞാന്‍ ആ വിഷയം വീണ്ടും ആലോചിക്കുന്ന സാഹചര്യം ഉണ്ടായത്. ഒരുപാട് ചിന്തിച്ചും, രണ്ടുപേരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടും സുഹൃത്തുക്കളുമായി സംസാരിച്ചുമാണ് അവസാനം വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ ഞാനെത്തിയത്. ഹൃത്വിക്കിന്‍റെ ആത്മാര്‍ത്ഥതയും, സ്നേഹവും ഒരുപാട് നാള്‍ കണ്ടില്ലെന്ന് നടിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.

തൃപ്തിയുടെ സംരംഭത്തെ കുറിച്ച് വിശദമാക്കാമോ? എങ്ങനെയാണ് ഈ മേഖലയില്‍ എത്തിച്ചേര്‍ന്നത്?
കേരളത്തിലെ ഏതൊരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയെയും പോലെ, എനിക്കും ഒരു ചെറിയ പ്രവാസ ജീവിതം ഉണ്ടായിരുന്നു, ഈ സമയത്ത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ മാറിമാറി വിവിധ ജോലികളില്‍ ഞാന്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ സമയത്താണ് എന്‍റെ ശസ്ത്രക്രിയ നടക്കുന്നത്, അതിനുവേണ്ടി പണം കണ്ടെത്തുന്നതിനായി ഭിക്ഷാടനത്തിലും ലൈംഗിക ജോലികളിലും ഏര്‍പ്പെടേണ്ടതായി വന്നിട്ടുണ്ട്. തിരിച്ച് നാട്ടില്‍ വന്ന സമയത്ത്, ഒരു വനിതാ ഡോക്ടറുടെ സഹായത്തോടെയാണ് ഞാന്‍ കൈകൊണ്ട് നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍, ഷോപീസുകള്‍ എന്നിവ ഉണ്ടാക്കുന്നതില്‍ പരിശീലനം നേടിയത്. അതിനുശേഷം, എന്‍റെ വാടക വീട്ടില്‍, കല്ലുകളിലും കറുത്ത ലോഹത്തിലും മനോഹരമായ ആഭരണങ്ങള്‍ ഞാന്‍ സൃഷ്ടിക്കാന്‍ തുടങ്ങി. നിരവധി എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്. ഞാന്‍ നിര്‍മ്മിച്ച ആഭരണങ്ങള്‍ വാങ്ങാന്‍ ചിലപ്പോഴൊക്കെ നീണ്ട ക്യൂ തന്നെ ഉണ്ടായിട്ടുണ്ട്. ഉപയോഗിച്ച മദ്യക്കുപ്പികളില്‍ നിന്ന് ഞാന്‍ മനോഹരമായ ഷോ പീസുകളും ഉണ്ടാക്കാറുണ്ട്. ടെക്സ്റ്റൈല്‍ മന്ത്രാലയത്തില്‍ നിന്നും കരകൗശല തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള ഒരു സംരംഭകയാണ് ഞാന്‍. അതോടൊപ്പം, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് മുദ്ര വായ്പയ്ക്ക്  അപേക്ഷിച്ച ആദ്യ വ്യക്തിയും. എന്‍റെ സംരംഭത്തിന് 50000 രൂപ പണമായി എനിക്ക് ലഭിച്ചിട്ടുണ്ട്. കൊറോണ വ്യാപനത്തിന് മുന്‍പുള്ള എന്‍റെ വിപണന പ്രദര്‍ശനങ്ങളില്‍ ഞാന്‍ രണ്ട് ട്രാന്‍സ് വ്യക്തികള്‍ക്ക് ജോലിയും നല്‍കിയിരുന്നു. എന്‍റെ ബിസിനസ്സ് തന്ത്രങ്ങളും, ഉല്‍പ്പന്നം വിപണനം ചെയ്യുന്നതിനുള്ള ഉപാധികളും പ്രധാനമായി കേന്ദ്രീകരിച്ചിരിക്കുന്നത് നവമാധ്യമങ്ങളിലാണ്.


വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, വ്ലോഗുകള്‍, കരകൗശല ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായുള്ള വെബ്സൈറ്റ് തുടങ്ങിയവ മുഖേനയാണ് പ്രധാനമായും ഉപഭോക്താക്കളെ ഞാന്‍ കണ്ടെത്തുന്നത്. കരകൗശല സംരംഭവുമായി ബന്ധപെട്ടു എനിക്ക് നിരവധി അവാര്‍ഡുകളും, അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കരകൗശല പ്രദര്‍ശനങ്ങള്‍ നടക്കുമ്പോള്‍ ‘ട്രാന്‍സ്ജെന്‍ഡര്‍’ എന്ന ടാഗില്‍ തന്നെയാണ് ഞാന്‍ നില്ക്കാറുള്ളത്. എന്‍റെ സംരംഭത്തിന് മുഖ്യധാരാ സമൂഹത്തില്‍ നിന്ന് നല്ല രീതിയിലുള്ള പ്രചോദനം ലഭിച്ചിട്ടുണ്ട്. വിപണന പ്രദര്‍ശനങ്ങളില്‍ പക്ഷപാതമോ, വിവേചനമോ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. 2020 ന് ശേഷം ഒരു പ്രദര്‍ശനവും നിലവില്‍ ഇതുവരെ നടത്താന്‍ സാധിച്ചിട്ടില്ല. കൊറോണ രോഗബാധയുടെ വ്യാപനവും, ലോക്ക് ഡൗണും ബിസിനസിനെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്തമാസം ഡല്‍ഹിയില്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട ഒരു എക്സിബിഷന്‍ ഉണ്ട്. കേരളത്തെ പ്രതിനിധീകരിച്ചു എനിക്ക് ആ എക്സിബിഷനില്‍ പങ്കെടുക്കാനുള്ള അവസരം ലഭ്യമായിട്ടുണ്ട്.

ശരീരദാനം എന്ന വിപ്ലവകരമായ തീരുമാനത്തില്‍ എത്താന്‍ ഉള്ള കാരണം എന്തായിരുന്നു? നിങ്ങളില്‍ ആരാണ് ആ തീരുമാനം ആദ്യം മുന്നോട്ടുവച്ചത്?
നമ്മള്‍ ഈ ഭൂമി വിട്ടു പോയതിനു ശേഷം നമ്മുടെ ശരീരം ആര്‍ക്കെങ്കിലും ഉപയോഗപ്രദം ആകട്ടെ എന്ന തോന്നലില്‍ നിന്നാണ് ശരീരദാനം എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിയത്. മുന്‍പ് ആണ്‍ അല്ലെങ്കില്‍ പെണ്‍ ലിംഗത്തില്‍പ്പെട്ട ആളുകള്‍ മാത്രമേ ശരീരമോ, അവയവമോ ദാനം ചെയ്തിരുന്നുള്ളു. ഞാന്‍ ഞങ്ങള്‍ ശസ്ത്രക്രിയ കഴിഞ്ഞ ട്രാന്‍സ് വ്യക്തികളാണ്. വ്യത്യസ്ത ലിംഗങ്ങളെക്കുറിച്ച് പ്രത്യേകിച്ച് ട്രാന്‍സ് ജെന്‍ഡര്‍ മനുഷ്യരെക്കുറിച്ചുള്ള പലതരത്തിലുള്ള ഗവേഷണങ്ങള്‍ നടക്കുന്ന ഈ സമയത്ത് ഞങ്ങളുടെ ശരീരങ്ങള്‍ പഠനാവശ്യത്തിന് ലഭിക്കുന്നത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സഹായമാകുമെന്ന് ഞങ്ങള്‍ കരുതുന്നു. ട്രാന്‍സ്ജെന്‍ഡര്‍ ശരീരങ്ങളെക്കുറിച്ചുള്ള വിശദമായ പഠനവും, ഗവേഷണവും ട്രാന്‍സ് വ്യക്തികളില്‍ നടക്കുന്ന ലിംഗമാറ്റ ശസ്ത്രക്രിയക്കും, അനുബന്ധ ചികിത്സയ്ക്കും ഭാവിയില്‍ ഗുണപരമാകുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

ശരീരദാനത്തിനായി നിങ്ങള്‍ ആദ്യം സമീപിച്ചത് ആരെയായിരുന്നു? അതുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിരുന്നോ?
ശരീരദാനത്തിനായി ഞങ്ങള്‍ ആദ്യം സമീപിച്ചത് അന്നത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ ആയിരുന്നു. ഞങ്ങളുടെ ശരീരദാന സന്നദ്ധത മനസ്സിലാക്കിയ ടീച്ചര്‍ ഞങ്ങളുടെ ഫോട്ടോഗ്രാഫുകളും, ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ഉള്‍പ്പെടുത്തി രേഖാമൂലം ഒരു അഭ്യര്‍ത്ഥന നല്‍കാനാണ് ആവശ്യപ്പെട്ടത്. 2019 ലാണ് ഞങ്ങള്‍ രേഖാമൂലമുള്ള അഭ്യര്‍ത്ഥന നല്‍കുന്നത്. 2020 ലാണ് മൃതസഞ്ജീവിനയിലേക്കു സമീപിക്കാന്‍ വേണ്ടിയുള്ള ഓര്‍ഡര്‍ സെക്രട്ടറിയേറ്റ് വഴി ഞങ്ങള്‍ക്ക് ലഭിച്ചത്. ടീച്ചറോടുള്ള നന്ദി പറഞ്ഞറിയിക്കാന്‍ കഴിയുന്നതിനും മുകളിലാണ്. മുന്‍പ് ആണ്‍-പെണ്‍ ലിംഗത്തില്‍പ്പെട്ട ആളുകള്‍ക്ക് മാത്രമേ അവയവദാനവും, ശരീരദാനവും സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഇതൊരു പുതിയ ആവശ്യമായിരുന്നിട്ട് പോലും വളരെ തുറന്ന മനസോടെയാണ് ടീച്ചര്‍ ഞങ്ങളുടെ ആവശ്യത്തെ പരിഗണിച്ചത്.

അവയവ -ശരീരദാനത്തിന്‍റെ പിന്നീടുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയായിരുന്നു?
മുന്‍പ് സൂചിപ്പിച്ച ഓര്‍ഡറുമായാണ് ഞങ്ങള്‍ മൃതസഞ്ജിവിനിയെ സമീപിച്ചത്. അവരുടെ നിര്‍ദേശപ്രകാരം വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും ആ സമയത്തു പോര്‍ട്ടലില്‍ സ്ത്രീക്കും പുരുഷനും ഒപ്പം ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് പ്രത്യേക കോളമുണ്ടായിരുന്നില്ല. ഇത് ശ്രദ്ധയില്‍പെട്ട മന്ത്രി ട്രാന്‍സ് ജെന്‍ഡര്‍ മനുഷ്യര്‍ക്ക് കൂടി അവസരം നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു. ഇത് പ്രകാരം പുതിയ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ദാതാവ് വന്ന സാഹചര്യത്തില്‍ കേരള നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിംഗ് (ഗചഛട -മൃതസഞ്ജീവിനി) സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് ഞങ്ങള്‍ക്ക് കൂടി അപേക്ഷ നല്‍കാനുള്ള അവസരം ഒരുക്കി തന്നു. മരണാനന്തര അവയവദാനത്തിനു തയ്യാറായി മൃതസഞ്ജീവനിയുടെ ഡോണര്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കിലും ഞങ്ങള്‍ രണ്ടുപേരും കണ്ണ് മാത്രമാണ് മൃതസഞ്ജിവിനിയിലേക്കു ദാനം ചെയ്തത്. ഒരു ശരീരത്തിലെ ഒന്നില്‍ കൂടുതല്‍ അവയവങ്ങള്‍ ദാനം ചെയ്താല്‍ പിന്നെ ആ ശരീരം പഠനത്തിനായി ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. അതിനാലാണ് ഞങ്ങള്‍ അങ്ങനെ ചെയ്തത്. അടിയന്തിര സാഹചര്യങ്ങളില്‍ അവയവങ്ങള്‍ എടുക്കാനോ, അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ കോളേജില്‍ ഗവേഷണ ആവശ്യങ്ങള്‍ക്കായി മുഴുവന്‍ ശരീരവും എടുക്കാനോ ആയിരുന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചത്. ഇത് പ്രകാരം മരണശേഷം മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാര്‍ത്ഥം വിട്ടു കൊടുത്തുകൊണ്ടുള്ള അനുമതി പത്രവും സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിലെ ഡോ സാന്‍റോസ് ജോസഫിനാണ് ഞങ്ങള്‍ സമ്മതപത്രം നല്‍കിയത്. മരണശേഷം ഞങ്ങളുടെ ശരീരങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും എന്ന ചിന്ത ഞങ്ങളെ സന്തോഷിപ്പിക്കുന്നുണ്ട്.

അനന്യകുമാരി അലക്സ് എന്ന ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റീവിസ്റ്റിന്‍റെ മരണത്തോടെ ഏറെ ചര്‍ച്ചായാവുന്ന ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലെ വിഷമതകള്‍. ഇന്നത്തെ ട്രാന്‍സ് മനുഷ്യര്‍ അനുഭവിക്കുന്നതിന്‍റെ നൂറിരട്ടിയാണ് പഴയ ട്രാന്‍സ്ജെന്‍ഡര്‍ തലമുറക്ക് പറയാനുള്ളത്. തൃപ്തിക്കു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ?
എന്‍റെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നത് 2015-ല്‍ ബംഗളൂരുവിലെ എന്നൂര് ക്രോസ് ആശുപത്രിയില്‍ വച്ചായിരുന്നു. ശസ്ത്രക്രിയക്ക് വിധേയയാക്കും മുമ്പ് യാതൊരുവിധ പരിശോധനകളും നടന്നില്ല. എച്ച്.ഐ.വി ടെസ്റ്റ് മാത്രമാണ് അന്ന് നടത്തിയത്. ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉണ്ടായിരുന്നെങ്കിലും അവിടെ വെച്ചല്ല ശസ്ത്രക്രിയ നടത്തിയത്. ഒരു ടേബിളില്‍ കിടത്തി ഒരുതരത്തിലുള്ള സൗകര്യങ്ങളും ഇല്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു കത്രികയും തുന്നിക്കെട്ടാനുള്ള സൂചിയും, നൂലും മാത്രമായിരുന്നു ആ റൂമില്‍ ഉണ്ടായിരുന്നത്. ഫോക്കസ് ലൈറ്റിന് പകരം അവര്‍ ടോര്‍ച്ച് ലൈറ്റ് ആണ് ഉപയോഗിച്ചത്. സര്‍ജറി ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ മരവിപ്പിച്ചിട്ടുണ്ടായിരുന്നുള്ളു. സര്‍ജറി കഴിഞ്ഞ അന്ന് തന്നെ ട്യൂബ് ഇട്ടതിനു ശേഷം അവരെന്നെ വീട്ടിലേക്കു പറഞ്ഞു വിട്ടു. മറ്റു സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടും ഓപ്പറേഷന് മുമ്പില്‍ പതറാതിരുന്നത് ശാരീരികമായി പെണ്ണാവണം എന്ന തീവ്ര ആഗ്രഹം കൊണ്ടുമാത്രമായിരുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ ബുദ്ധിമുട്ടുകളും സഹിക്കാന്‍ ഞാന്‍ മാനസികമായി തയ്യാറായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മൂത്രം തടസപ്പെട്ടു. അവസാനം കമ്പിവെച്ച് തുളച്ച് മൂത്രം പോകാന്‍ കുഴലിടേണ്ടതായി വന്നു. 40 ദിവസത്തെ വിശ്രമവും 41-ാം ദിവസം ആഘോഷ പൂര്‍വ്വമായ ജല്‍സയും കഴിഞ്ഞെങ്കിലും 42-ാം ദിവസം മൂത്രം തടസപ്പെട്ടു. ആശുപത്രിയില്‍ എത്തിയെങ്കിലും കമ്പിവെച്ച് തുളച്ചാണ് മൂത്രം പോകാന്‍ കുഴലിട്ടത്. പ്രശ്നം അവിടം കൊണ്ടും തീര്‍ന്നില്ല. ആശുപത്രി ചിലവുകള്‍ അടച്ച് തീര്‍ക്കാന്‍ വേണ്ടി ഈ കുഴലും താങ്ങിയാണ് ദിവസങ്ങളോളം ഞാന്‍ പണം കണ്ടെത്താനായി ഇറങ്ങിയത്. ഇന്നും സര്‍ജറിയുമായി ബന്ധപ്പെട്ട ഒരു പാട് ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. മൂത്രം പോകാനുള്ള ബുദ്ധിമുട്ട് മാറുവാന്‍ ഗ്രാമ്പു ഉപയോഗിച്ച് കുത്തേണ്ട അവസ്ഥയാണെനിക്ക്.

ഭാവിയിലേക്കുള്ള പ്രതീക്ഷകളും ആഗ്രഹങ്ങളും എന്തൊക്കെയാണ്?
നിലവില്‍ ഞങ്ങള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. മാസാമാസം വരുന്ന വാടക തുക വലിയതോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഹൃത്വിക്കിന്‍റെ സംരംഭത്തിനും നിലവില്‍ താമസിക്കുന്ന വീട്ടിലെ സ്ഥലപരിമിതി ബുദ്ധിമുട്ടായി തീരുന്നുണ്ട്. അതിനാല്‍ പുതിയൊരു വീട് വെക്കുക എന്നതാണ് ഇപ്പൊള്‍ ഞങ്ങളുടെ വലിയ ആഗ്രഹവും, ലക്ഷ്യവും. അതോടൊപ്പം ഒരു കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യവും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്.

 

വിന്‍ഷി പി. കെ.
MSK-SRCW റിസേര്‍ച്ച് ഓഫിസര്‍
തിരുവനന്തപുരം

COMMENTS

COMMENT WITH EMAIL: 0