അഭിജ്ഞാന ശാകുന്തളം നാടകത്തിന് ഏ. ആര്‍. രചിച്ച വിവര്‍ത്തനമാണ്, മലയാള ശാകുന്തളം. പ്രസ്തുത കൃതിയില്‍ സ്ത്രീകളെ വിലയിരുത്താനും സ്ത്രീകള്‍ക്ക് ഉപയോഗിക്കാനും നല്‍കിയ ഭാഷാപ്രയോഗങ്ങളുടെ സൂക്ഷ്മമായ അപഗ്രഥനമാണ് ഈ പ്രബന്ധം. ഇന്ന് ഭാഷാപഠനം, സാംസ്കാരികപഠനത്തിന്‍റെ സാധ്യതകളുപയോഗിച്ച് മുന്നേറുന്ന കാലഘട്ടമാണ്. ഭാഷയും സംസ്കാരവും തമ്മില്‍ ആഴമേറിയ പ്രതീകാത്മക ബന്ധമാണുള്ളത്. ഉപയോഗിക്കുന്നവരുടെ അബോധവുമായി വളരെ സൂക്ഷ്മമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, അതേ സാംസ്കാരിക ഘടനയുടെ പ്രതിനിധിയാണ് ഭാഷയെന്ന് കാണാം.
ഒരു ഭാഷാദേശത്തിലെ സാമൂഹിക, സാമ്പത്തിക,അധികാര,ഘടനകളെല്ലാം ഭാഷയില്‍ അന്തര്‍ലീനമാണ്. സാംസ്കാരികമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭാഷയിലും അത്തരം മാറ്റങ്ങള്‍ സ്വാഭാവികമാണ്. സ്ത്രീകളോടും അധഃസ്ഥിത ജനതയോടും അധികാരപരമായ ഇടപെടലുകള്‍ നടത്താന്‍ ഭാഷയുപയോഗിച്ചതിനുള്ള ധാരാളം നിരീക്ഷണങ്ങള്‍ സാമൂഹികഭാഷാശാസ്ത്ര പഠനങ്ങളിലൂടെ ലഭ്യമാണ്.
1) സ്ത്രീകളുടെ സാമൂഹിക പദവി എന്താണ് ? പ്രണയത്തിലും കുടുംബത്തിലും അവള്‍ നിര്‍ണ്ണയിക്കപ്പെട്ടതെങ്ങനെയാണ് ? ശരീരഘടന മുന്‍നിര്‍ത്തി ആണ്‍ഭാഷ അവളെ വിലയിരുത്തിയതെങ്ങനെയാണ് ? അവള്‍ക്ക് നല്‍കിയ ഭാഷയിലൂടെ എന്തെല്ലാം പുരുഷാധീശ വ്യവഹാരങ്ങളുടെ വിനിമയമാണ് സാധ്യമായത് -എന്നിങ്ങനെയുള്ള അപഗ്രഥന ഘടകങ്ങളാണ് ഈ പഠനത്തില്‍ വിശകലനം ചെയ്യുന്നത് . മലയാളഭാഷയില്‍, പ്രത്യേകിച്ചും വരമൊഴിയില്‍ സ്ത്രീകളെ നിര്‍മ്മിച്ചെടുക്കാന്‍ പുരുഷഭാഷ തന്ത്രപൂര്‍വ്വമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന നിരീക്ഷണമാണ് ഈ പഠനത്തിന് ആധാരം.
മഹാഭാരതകഥയുടെ ഉപകഥകളില്‍ വളരെ പ്രസിദ്ധമാണ്, ശാകുന്തളോപാഖ്യാനം. വ്യാസഭാരതത്തില്‍ പുരുവംശകഥയുടെ ഭാഗമായിട്ടാണ് വിവരിച്ചിട്ടുള്ളത്. ആദിപര്‍വ്വം 68 മുതല്‍ 74 വരെയുള്ള ഏഴധ്യായങ്ങളിലാണ് പ്രസ്തുത കഥ ചേര്‍ത്തുകാണുന്നത്. ഈ ഉപകഥയില്‍ വലുതായ പരിവര്‍ത്തനങ്ങള്‍ വരുത്തിയാണ് കാളിദാസന്‍ അഭിജ്ഞാനശാകുന്തളം നാടകം നിര്‍മ്മിച്ചെടുത്തത്. ഈ സംസ്കൃതനാടകത്തിന് ധാരാളം വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രസിദ്ധവും ഇന്നും കേരളത്തിലെ കോളേജുകളില്‍ പാഠപുസ്തകമായി ഉപയോഗിക്കുന്നതും ഏ. ആര്‍. രാജരാജവര്‍മ്മയുടെ മലയാളശാകുന്തളമാണ്. 1912 ലാണ് മലയാളശാകുന്തളം പ്രസിദ്ധീകരിച്ചത്.
അഭിജ്ഞാന ശാകുന്തളത്തില്‍ കണ്വാശ്രമപരിസരത്തു വച്ചാണ് ശകുന്തളയെ ദുഷ്യന്തന്‍ കാണുന്നത്. അവളുടെ ഉടലിനെ മുന്‍നിര്‍ത്തിയുള്ള കാമനകളാണ് അയാളെ നിയന്ത്രിക്കുന്നത്. അവളുടെ ഉടലും അതിന്‍റെ വടിവും ദുഷ്യന്തനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. എന്നാല്‍ അതേസമയം തന്നെ, അവള്‍ തനിക്ക് ചേര്‍ന്നവളായിരിക്കുമോ എന്ന ആശങ്കയും ദുഷ്യന്തനെ മഥിക്കുന്നുണ്ട്. അതേക്കുറിച്ച് അയാള്‍, ഇതിഹാസ ഉപാഖ്യാനത്തില്‍ അവളോട് തന്നെയാണ് ചോദിക്കുന്നതെങ്കില്‍, നാടകത്തില്‍ തോഴികളുടെ സഹായത്താലാണ് വിവരങ്ങള്‍ അറിയുന്നത്. നാടകത്തിലെ ശകുന്തളയെ ഏറെ ലജ്ജാലുവായാണ് കാളിദാസന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നാമങ്കത്തില്‍ അവള്‍ ദുഷ്യന്തനോട് സംസാരിക്കുന്നതേയില്ല. ഇതിഹാസകഥയിലാകട്ടെ, തോഴിമാര്‍ തന്നെ ഇല്ലാത്തതിനാല്‍ തന്‍റെ ജനനവൃത്താന്തം അവള്‍ തന്നെയാണ് ദുഷ്യന്തനെ അറിയിക്കുന്നത്. എന്നാല്‍ നാടകത്തിലാകട്ടെ, അവള്‍ക്കു വേണ്ടി അനസൂയയാണ് മേനകാ- വിശ്വാമിത്ര കഥ പറയാന്‍ തുടങ്ങുന്നത്. എന്നാല്‍ അനസൂയ പോലും പ്രസ്തുത കഥ പറയുവാനാകാതെ ലജ്ജിക്കുന്നത് നാടകത്തില്‍ ചേര്‍ത്തിരിക്കുന്നു. ഇതിഹാസത്തിലെ ശകുന്തള തന്‍റെ മാതാപിതാക്കളുടെ കഥ സമ്പൂര്‍ണ്ണമായി പറയുന്ന ഭാഗം കാളിദാസന്‍ ഒഴിവാക്കിയതിലെ ഔചിത്യം പരിശോധിക്കുമ്പോള്‍ നല്ല സ്ത്രീകള്‍ ഇത്തരം കഥകള്‍ പറയുന്നതില്‍ ലജ്ജിക്കേണ്ടതുണ്ടെന്ന പാഠം വ്യക്തമാകും.
ശകുന്തളാ ജനനകഥ കേള്‍ക്കുന്ന ദുഷ്യന്തന്‍ ഏ. ആറിന്‍റെ ഭാഷയില്‍ ഇപ്രകാരമാണ് സംസാരിക്കുന്നത്:- കാശ്യപമുനിയുടെ പുത്രിയെന്നു കേട്ടതിനാല്‍, അവള്‍ ബ്രാഹ്മണ പുത്രിയാണോ എന്ന് ആദ്യം ശങ്കിക്കുകയും അല്ലെന്ന് വ്യക്തമാകുമ്പോള്‍,- ‘തന്‍റെ കരത്തിലെടുത്തു പെരുമാറാവുന്ന രത്നമാണ്’ -അവളെന്ന് ദുഷ്യന്തന്‍ ആശ്വസിക്കുന്നു. ‘പെരുമാറുക’- എന്ന പദത്തിന് കൈയാളിക്കുക, വ്യാപാരിക്കുക, ഉപയോഗിക്കുക-തുടങ്ങിയ അര്‍ത്ഥമാണ് ശബ്ദതാരാവലി നല്‍കുന്നത്. ചരക്കു സംസ്കാരത്തിന്‍റെ ഭാഷയാണ് ഇവിടെ ഉപയോഗിച്ചതെന്ന് ചുരുക്കം. രാജാവിന് വിലപിടിച്ച വസ്തുക്കള്‍ ഉപയോഗിക്കാവുന്നതു പോലെ സ്ത്രീയും ചരക്കു മാത്രമാകുന്ന മാതൃക ഈ ഭാഷയില്‍ തന്നെ കണ്ടെടുക്കാം. ശരീരം മുന്‍നിര്‍ത്തി സ്ത്രീയെ വിലയിരുത്തുന്ന രീതി രണ്ടാമങ്കത്തിലെ വിദൂഷക- ദുഷ്യന്തസംവാദത്തിലുമുണ്ട്. ശകുന്തളയോടുള്ള രാജാവിന്‍റെ ആഭിമുഖ്യത്തെ, പേരീന്തല്‍പ്പഴം തിന്നു ചെടിച്ചവന് വാളന്‍പുളിയില്‍ രുചി തോന്നുന്നതു പോലെയാണ് -എന്നിങ്ങനെയാണ് വിദൂഷകന്‍ വിമര്‍ശിക്കുന്നത്. രാജാവിന്‍റെ ഒരു വിഭവം മാത്രമായി സ്ത്രീ ഇവിടെ മാറുന്നു. മധുരമുള്ള പഴങ്ങളായ അന്തഃപുരസ്ത്രീകളെ ഭുജിച്ച് ജീവിച്ച ദുഷ്യന്തന് ഒരു വ്യത്യസ്തതയ്ക്ക് പുളിരസത്തോടുള്ള താല്പര്യം മാത്രമാണ് വനവാസിയായ ശകുന്തളയോട് തോന്നുന്നതെന്ന് ഇവിടെ സൂചിപ്പിക്കുന്നു. സൂക്ഷ്മനിരീക്ഷണത്തില്‍ ഇവിടെ ഭാഷ, സ്ത്രീയെ ഭക്ഷണവസ്തുവാക്കി മാറ്റുന്നു. പുരുഷന് താല്‍പര്യത്തിനനുസരിച്ച് ഭുജിക്കാനും ആസ്വദിക്കാനുമുള്ള ഒരു ഭക്ഷണവസ്തു മാത്രമായി എല്ലാ സ്ത്രീകള്‍ക്കും ഭാഷയിലൂടെ രൂപമാറ്റം സംഭവിക്കുന്നു. അതേ ഭാഗത്തില്‍ തന്നെ ശകുന്തളയുടെ പ്രത്യേകതകള്‍ ദുഷ്യന്തന്‍ വിദൂഷകനോട് വിവരിക്കുന്നത്, എക്കാലത്തെയും സ്ത്രീകളെ വിലയിരുത്താന്‍ മലയാള സാഹിത്യവും കലകളും സിനിമയും സിനിമാഗാനങ്ങളും ആവര്‍ത്തിച്ചുപയോഗിച്ചവയാണ്. ‘ഇതുവരെയും ആരും മൂക്കില്‍ ചേര്‍ത്തിട്ടില്ലാത്ത (മണത്തു നോക്കാത്ത ) പുഷ്പമാണ്, ആരുടേയും നഖസ്പര്‍ശന മേല്‍ക്കാത്ത പുത്തന്‍ തളിരാണ്. ആരും ശരീരത്തില്‍ അണിഞ്ഞിട്ടില്ലാത്ത രത്നമാണ്, ആരും രുചിച്ചിട്ടേയില്ലാത്ത തേന്‍ ആണ്’- തികഞ്ഞ ഭോഗാസക്തി നിറഞ്ഞ പുരുഷഭാഷയാണിത്.
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടും പുരുഷന് ആസ്വദിക്കാന്‍ സാധ്യതയുള്ള ഒരു വിഭവം മാത്രമായി സ്ത്രീ ഇവിടെ ഭാഷയില്‍ അടയാളപ്പെടുന്നു. ഇത്തരത്തില്‍ ധാരാളം സ്ത്രീവര്‍ണ്ണനകള്‍ ശാകുന്തളത്തില്‍ ചേര്‍ത്തിരിക്കുന്നു. അവയെല്ലാം തന്നെ അടുത്തകാലത്ത് വരെയുളള സാഹിത്യാദികളില്‍ ആവര്‍ത്തിച്ച് വരുന്നുണ്ട് എന്നതും ചിന്തിക്കേണ്ടതാണ്. ഇതേ രീതിയില്‍ ശരീരം മാത്രമായി സ്ത്രീകളെ വിലയിരുത്തുന്നതില്‍ അപകടകരമായ പുരോഗതിയാണ് മലയാള ഭാഷ നേടിയെടുത്തതെന്ന് വിമര്‍ശനാത്മകമായി പറയേണ്ടതുണ്ട്.
നാലാമങ്കത്തിലാകട്ടെ, എക്കാലത്തെയും സ്ത്രീകളെ വീട്ടടിമയാക്കുന്ന ഉപദേശമാണ് കണ്വന്‍ ശകുന്തളയ്ക്ക് നല്‍കുന്നത്. രക്ഷിതാവ് എന്ന നിലയില്‍ ഏറ്റവും മികച്ച സ്ഥാനം അദ്ദേഹത്തിന് ലഭിക്കുന്നത്, കാളിദാസനാടകത്തിലാണ്. കന്യകാവസ്ഥയില്‍ ശകുന്തളയ്ക്ക് ഉന്നതപദവി ലഭിക്കുന്നത് തന്നെ ബ്രാഹ്മണനായ കണ്വന്‍റെ വളര്‍ത്തുപുത്രിയായതിനാലാണ്. ശകുന്തളയെന്ന സ്ത്രീ പരന് അവകാശപ്പെട്ടതാണെന്നും അവളില്‍ വീട്ടുകാര്‍ക്ക് യാതൊരു അവകാശവും ഇല്ലെന്നും അദ്ദേഹത്തിന്‍റെ വാക്കുകളില്‍ തന്നെ ശാകുന്തളകാരന്‍ സൂചിപ്പിക്കുന്നുണ്ട്.
പ്രസ്തുത ഭാഗം ഏ.ആര്‍ ചേര്‍ത്തിരിക്കുന്നത് ഇപ്രകാരമാണ് :- ‘കന്യയെന്നത് പരസ്വമാണ്. വേട്ടവന് തിരികെ കൊടുത്തതിനാല്‍ ഏറ്റെടുത്ത വസ്തു തിരികെ കൊടുത്തയാളെ പോലെ തന്‍റെ മനസ്സും തെളിമ പൂണ്ടിരിക്കുന്നു’. മറ്റൊരു പുരുഷനെ തിരികെ ഏല്പിക്കേണ്ട വസ്തു, അഥവാ ചരക്ക് മാത്രമായി ഇവിടെ സ്ത്രീ മാറുന്നു. ഒപ്പം അവള്‍ക്കും വീട്ടുകാര്‍ക്കും പിന്നീട് യാതൊരു ബന്ധവുമില്ലെന്ന സൂചനയും ഭാഷാപരമായി ചേര്‍ത്തിരിക്കുന്നു. കേരളത്തില്‍ ജാതിമതഭേദമെന്യേ വീടുകളില്‍ സാമാന്യമായി ഈയൊരു ആശയം ഇപ്പോഴും വച്ചുപുലര്‍ത്തുന്നത് സ്ത്രീകളുടെ ജീവന് ഭീഷണിയാകുന്നതിനാല്‍ ഇത് നിസ്സാരമായി കണ്ടുകൂടയെന്ന് പറയേണ്ടതാണ്. ഭര്‍തൃഗൃഹത്തില്‍ എന്ത് സംഭവിച്ചാലും അവിടെ തന്നെ നില്‍ക്കേണ്ടതുണ്ടെന്നും സ്ത്രീകള്‍ തിരികെ വന്നുകൂടാ എന്നും ഇപ്പോഴും പൊതുവെ നമ്മള്‍ കരുതുന്നുണ്ട്. അതോടൊപ്പം തന്നെ സ്ത്രീകളുടെ ജോലി ഭര്‍ത്തൃ സേവനമാണെന്നും സപത്നിമാരില്‍ ഒരുവളായി തന്‍റെ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുക മാത്രമാണ് അവളുടെ ധര്‍മ്മം-എന്നും കണ്വോപദേശത്തിലുണ്ട്. ‘ വീട്ടില്‍, പൂജ്യരായവരെ സേവിച്ചീടുക, ഭര്‍ത്താവിന്‍റെ മറ്റുള്ള ഭാര്യമാരോട് സഖീഭാവത്തില്‍ പെരുമാറുക, എത്ര ധിക്കാരം കാന്തന്‍ കാണിച്ചാലും ഭര്‍ത്താവിനോട് ഇടയരുത്, മറ്റുള്ള ഭൃത്യരില്‍ ദയ കാണിച്ചീടുക, ഭാഗ്യങ്ങളില്‍ ഞെളിഞ്ഞീടായ്ക- ഗൃഹി ണിയാള്‍ അങ്ങനെയാണ് ജീവിക്കേണ്ടത്. അല്ലാത്തവര്‍ ബാധയാണ്. ഏ. ആര്‍ പറയുന്നത് നോക്കുക:-
സേവിച്ചീടുക പൂജ്യരെ, പ്രിയ സഖിയ്ക്കൊപ്പം സപത്നീജനം-ഭാവിച്ചീടുക; കാന്തനോടിടയൊലാ ധിക്കാരമേറ്റീടിലും കാണിച്ചീടുക ഭൃത്യരില്‍ ദയ ; ഞെളിഞ്ഞീടായ്ക ഭാഗ്യങ്ങളില്‍ വാണിട്ടിങ്ങനെ ഗൃഹിണിയാള്‍, അല്ലെങ്കിലോ ബാധ താന്‍. സേവിച്ചീടുക, ഭാവിച്ചീടുക, ഇടയൊലാ, ഞെളിഞ്ഞീടായ്ക തുടങ്ങിയ പദങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് സ്ത്രീയോടുള്ള ഉപദേശം ഭാഷയില്‍ രൂപപ്പെടുന്നത്. ഇത്തരം പെരുമാറ്റച്ചട്ടങ്ങളില്‍ അനുസരണയുള്ളവള്‍ക്ക് മാത്രമേ ‘ഗൃഹിണി’ എന്ന സ്ഥാനം ലഭിക്കാനിടയുള്ളൂ. അവയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അത്തരം സ്ത്രീകള്‍ ബാധയാണ്. ബാധ എന്ന പദത്തിന് രോഗം, ദുഃഖം, (കലക്കുന്നത് എന്നര്‍ത്ഥം), തടവ്, റദ്ദാക്കല്‍, വിരോധം, ഉപദ്രവം,ദുര്‍ദ്ദേവത, പിശാചബാധ, ആപത്ത്, കേട് എന്നിങ്ങനെ നിരവധി അര്‍ത്ഥമാണ് ശബ്ദതാരാവലി നല്‍കിയിട്ടുള്ളത്. നല്ലസ്ത്രീയില്‍ നിന്നും ചീത്തസ്ത്രീയിലേക്കുള്ള ചുവടുമാറ്റം മേല്പറഞ്ഞ ബാധ എന്ന പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാം. ഇത്തരം കര്‍മ്മാധിഷ്ഠിത ധര്‍മ്മങ്ങളില്‍ മാത്രം സ്ത്രീ അടയാളപ്പെടുന്നത് ഏ. ആറിന്‍റെ ഭാഷയില്‍ നിന്നു തന്നെ വെളിപ്പെടുന്നു.
കണ്വമുനിയുടെ സുപ്രസിദ്ധമായ ഉപദേശമാണിത്. പതിനാറാം നൂറ്റാണ്ടില്‍ മഹാഭാരതം വിവര്‍ത്തനം നടത്തിയ എഴുത്തച്ഛന്‍റെ കിളിപ്പാട്ടില്‍ ഈ ഭാഗം സവിശേഷമായി ചേര്‍ത്തിട്ടുണ്ട്. വ്യാസന്‍ പറയാത്ത ഈ ഉപദേശം കാളിദാസനെ മുന്‍നിര്‍ത്തി എഴുത്തച്ഛന്‍ തന്‍റെ ഭാരതം കിളിപ്പാട്ടിലെ ശകുന്തളോപാഖ്യാനത്തില്‍ ഇപ്രകാരം ചേര്‍ക്കുകയാണുണ്ടായത്:- സ്ത്രീകള്‍ക്ക് ഭര്‍ത്തൃസേവനമാണ് ഏറ്റവും പ്രധാന കര്‍മ്മം. ഭര്‍തൃഭവനത്തില്‍ ചേതസാ, വാചാ, വൃത്ത്യാ ഭര്‍ത്താവിനെ സാദരം സേവിക്കേണ്ടത്, സ്ത്രീകളുടെ ധര്‍മ്മമാകുന്നു. മൂര്‍ഖനാണെങ്കില്‍ പോലും നാരിയുടെ ദൈവം ഭര്‍ത്താവാണ്. സ്ത്രീകള്‍ക്ക് വേണ്ടി പുതിയ പെരുമാറ്റച്ചട്ടമുണ്ടാക്കിയ കേരളീയ ആധുനികതയുടെ കാലത്ത് എഴുത്തച്ഛന്‍റെ കൃതിയിലെ ഈ ഉപദേശത്തെ ആദ്യകാല സ്ത്രീനിരൂപകര്‍ അതിശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. അക്കാലത്ത് കെ. ലക്ഷ്മിയമ്മ ശാരദ എന്ന മാസികയില്‍ ഇപ്രകാരം എഴുതി:- സപത്നീ ജനത്തില്‍ വിപ്രയം ചെയ്യരുത്. നികൃതയെന്നാകിലും എന്ന് ഒരു സ്ത്രീരത്നത്തോട് ഉപദേശിച്ച മഹാന്‍ പത്നീജനത്തോടും വിപ്രയം ചെയ്യരുതെന്ന് പുരുഷനോടും ഉപദേശിച്ചിരുന്നെങ്കില്‍ ശകുന്തളയുടെ ദുഃഖം വായനക്കാരുടെ മനസ്സിനെ തപിപ്പിക്കില്ലായിരുന്നു. ശാകുന്തളോപാഖ്യാനത്തിലെ സ്ത്രീനിര്‍മ്മിതികള്‍ മലയാളഭാഷയിലും സംസ്കാരത്തിലും സ്ത്രീയ്ക്കെതിരായ നിലപാടുകള്‍കൊണ്ടുണ്ടാക്കിയവയാണെന്ന് ആദ്യകാലസ്ത്രീനിരൂപകര്‍ തിരിച്ചറിഞ്ഞിരുന്നുവെന്ന് ചുരുക്കം.
ഇതിഹാസത്തില്‍ ശകുന്തള സംസാരിക്കുന്ന പ്രധാന ഭാഗങ്ങളെല്ലാം അനസൂയ എന്ന തോഴി സംസാരിക്കുന്ന വിധത്തിലാണ് നാടകത്തില്‍ ചേര്‍ത്തിട്ടുള്ളത്. ദുഷ്യന്തനെ ഗാന്ധര്‍വവിവാഹം ചെയ്യുന്നതുകൊണ്ട് തനിക്കുള്ള നിബന്ധന ശകുന്തള തന്നെ സംസാരിക്കുന്നതായാണ് ഇതിഹാസത്തില്‍ ചേര്‍ത്തിട്ടുള്ളത്. രാജാവിന് അവളില്‍ ഒരു പുത്രനുണ്ടായാല്‍ അവന്‍ അനന്തരാവകാശിയായിരിക്കണം. അഥവാ അവനെ യുവരാജാവാക്കണം-എന്നതായിരുന്നു അവളുടെ നിബന്ധന. അവളുടെ അത്തരമൊരു ആവശ്യം കാളിദാസന്‍ നാടകത്തില്‍ ചേര്‍ക്കുന്നേയില്ല. പകരം അനസൂയ ചോദിക്കുന്നതാകട്ടെ,-അനേകം ഭാര്യമാരുള്ള ദുഷ്യന്തന്‍ തങ്ങളുടെ തോഴിയ്ക്ക് എന്ത് സ്ഥാനമാണ് നല്‍കുക-എന്നാണ്. സ്വന്തം കാര്യം ഭാഷയിലൂടെ തുറന്നു ചോദിക്കുന്ന ഇതിഹാസത്തിലെ സ്ത്രീ, നാടകത്തില്‍ ലജ്ജാലുവാകുകയും സംസാരിക്കാത്തവളായി മാറുകയും ചെയ്യുന്നു. സഭാമധ്യത്തില്‍, രാജാവ് തള്ളി പറയുമ്പോള്‍ അതിശക്തമായി സംസാരിക്കുന്ന ഇതിഹാസത്തിലെ ശകുന്തള നാടകത്തില്‍ ചിന്താലുവും ദുഖിതയും മാത്രമായിപോകുന്നു. അതില്‍ അവള്‍ പറയുന്ന പ്രധാന ഭാഗങ്ങളെല്ലാം ഭാര്യ എന്ന പുരുഷാനുകൂലസ്ത്രീനിര്‍മ്മിതിയെ മുന്‍നിര്‍ത്തിയുള്ളതാണ്.
കണ്വശിഷ്യനായ ശാര്‍ങ്ഗരവന്‍ പറയുന്നത് നോക്കുക:-രാജാവേ ഈ കന്യക നീ വേട്ട പത്നിയാണ്. അവളെ നിന്‍റെ ഇഷ്ടം പോലെ കൊല്ലുകയോ തള്ളുകയോ ചെയ്യാം. പാണിഗ്രഹണം ചെയ്തു പരിഗ്രഹിച്ച പെണ്ണിന്‍റെ മേലില്‍ അതിന് കോയ്മയില്ലേ-എന്നിങ്ങനെ പറയുമ്പോള്‍ വിവാഹിതയുടെ സമ്പൂര്‍ണ്ണ അധികാരി പുരുഷന്‍ മാത്രമായി മാറുന്നു. അവന് വളര്‍ത്താനോ കൊല്ലാനോ വരെയുള്ള കോയ്മ ഉണ്ടെന്ന് ഭാഷാപരമായ സൂചന കവി നല്‍കുന്നു. അതോടെ, നാലാമങ്കത്തില്‍ അണിയിച്ചൊരുക്കി കൊണ്ടുവന്നവളെ ബന്ധുജനങ്ങള്‍, സ്വീകരിക്കാന്‍ തയ്യാറാകാത്ത ഭര്‍ത്താവിന്‍റെ ഗൃഹത്തില്‍ തന്നെ ഉപേക്ഷിച്ചു പോകുന്നു. ഭര്‍ത്തൃഗൃഹത്തിലെ ദാസ്യവും څഭാര്യയ്ക്ക് അനുഗുണമാണെന്ന് ബന്ധുജനങ്ങള്‍ ആവര്‍ത്തിക്കുന്നു. ഗൗതമിയമ്മക്ക് അതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം പറയുന്നുണ്ടെങ്കിലും അതാരും കേള്‍ക്കുന്നില്ല. പകരം പുരുഷാധീശവ്യവസ്ഥയുടെ പ്രതിനിധി- ശാര്‍ങ്ഗരവന്‍റെ ഭാഷയ്ക്ക് അവിടെ പ്രാധാന്യം ലഭിക്കുന്നു.
ഏഴാമങ്കത്തിലെ പുനഃസമാഗമ ഘട്ടത്തില്‍ ശകുന്തളയോട് ദുഷ്യന്തന്‍ മാപ്പു ചോദിച്ചു കൊണ്ട് സംസാരിക്കുന്നുണ്ട്. അപ്പോഴാകട്ടെ തന്‍റെ തെറ്റ് കൊണ്ടാണല്ലോ രാജാവിന് മറവി സംഭവിച്ചതെന്ന് ശകുന്തള പരിതപിക്കുന്നുണ്ട്. ശകുന്തള രാജാവിനെ മാത്രം ഓര്‍ത്തുകൊണ്ട് ഇരുന്നതിനാലാണ് ദുര്‍വാസാവ് മഹര്‍ഷിയ്ക്ക് വേണ്ട രീതിയില്‍ സേവനം ചെയ്യാതെ പോയതും ശാപം ഏറ്റു വാങ്ങിയതും -അതുകൊണ്ടു തന്നെ കുറ്റമേറ്റെടുക്കുന്ന ശകുന്തള സംസാരിക്കുന്നത് ഇപ്രകാരമാണ്-തന്‍റെ മുജ്ജന്മ പാപഫലം കൊണ്ടാണ് അന്ന് രാജാവ് തന്നെ തള്ളി പറഞ്ഞതെന്നു വിധേയായ സ്ത്രീ സംസാരിക്കുന്നു. കാളിദാസന്‍ ദുര്‍വാസാവിന്‍റെ കഥയിലൂടെ രാജാവിനെ വെള്ള പൂശുകയാണുണ്ടായതെന്ന മുണ്ടശ്ശേരിയുടെ വിമര്‍ശനം ഇവിടെ സ്മരിക്കേണ്ടതാണ്.
കേരളീയ ആധുനികതയുടെ കാലത്ത് സ്ത്രീകള്‍ വിദ്യാഭ്യാസത്തിലൂടെയും, തൊഴിലിലൂടെയും മുന്നേറാന്‍ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നപ്പോഴാണ് ഇത്തരം ശകുന്തള വിവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നത്. അവയെല്ലാം ഇക്കാലം വരെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള പാഠപുസ്തകങ്ങളായി ഉപയോഗിച്ചവയാണ്. സ്ത്രീയെ ഭോഗപരതയുടെ അടയാളമായി മാത്രം കാണുകയും എക്കാലത്തെയും സ്ത്രീകളുടെ കുടുംബമാതൃകയ്ക്ക് കണ്വോപദേശം നല്‍കുകയും ചെയ്ത കൃതിയാണിത്. ഇതില്‍ പറഞ്ഞ മാതൃകയിലാണ് കുടുംബത്തിലെ സ്ത്രീകള്‍ പെരുമാറേണ്ടതെന്ന അലിഖിത നിയമം കേരളത്തിലെ കുടുംബ ങ്ങള്‍ സാമാന്യേന ഇപ്പോഴും അനുവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഭര്‍ത്താവുപേക്ഷിച്ച സ്ത്രീകള്‍ സ്വന്തം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമില്ലാത്തവളായി മാറുന്നത്. എത്ര നല്ലവളാണെങ്കിലും വിവാഹിത സ്വന്തം വീട്ടില്‍ താമസിച്ചാല്‍ ജനം അവളെയും കുടുംബത്തെയും പഴിക്കുമെന്നും അതുകൊണ്ടാണ് സ്വന്തക്കാര്‍ ഭര്‍ത്താവ് ഉപേക്ഷിച്ചാലും അയാളുടെ വീട്ടില്‍ അവളെ എത്തിക്കുന്നതെന്ന് കണ്വശിഷ്യന്‍ പറയുന്നുണ്ട്. സ്വതന്ത്രയായി പെരുമാറുന്ന സ്ത്രീകള്‍ അത്തരം പ്രവൃത്തികളുടെ അനന്തരഫലം സ്വന്തമായി തന്നെ അനുഭവിക്കേണ്ടതാണെന്നും ഈ കൃതി സൂചിപ്പിക്കുന്നുണ്ട്.
മലയാളത്തിലെ ആദ്യകാല അഭിജ്ഞാനശാകുന്തളം നാടകവിവര്‍ത്തനങ്ങളില്‍ വളരെ പ്രാമുഖ്യം ലഭിച്ച കൃതിയാണ്, ഏ. ആറിന്‍റെ മലയാളശാകുന്തളം. മുണ്ടശ്ശേരി പറഞ്ഞതുപോലെ വൈരാഗ്യജീവിതത്തിനു ബദലായി ഗാര്‍ഹസ്ഥ്യമാതൃകയ്ക്ക് പ്രാധാന്യം നല്‍കിയ കവിയാണ് കാളിദാസന്‍. കേരളീയ ആധുനികതയുടെ കാലത്ത് ഇത്തരം കൃതികളും അതിലെ ആശയങ്ങളും പാഠപുസ്തകങ്ങളായി നേരിട്ട് വിദ്യാഭ്യാസമേഖലയില്‍ പ്രചരിച്ചിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്. സ്ത്രീകളെ സമൂഹത്തിലും വിവാഹത്തിലും കുടുംബജീവിതത്തിലും മാത്രമല്ല; ശരീരത്തെ മുന്‍നിര്‍ത്തിയും രണ്ടാംകിടയാക്കുന്ന ധാരാളം ഭാഷാപ്രയോഗങ്ങള്‍ ഇത്തരം വിവര്‍ത്തനങ്ങള്‍ വഴി മലയാള ഭാഷയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രയോഗിക്കുന്നവരുടെ അബോധസംസ്കാരം ഭാഷ വെളിപ്പെടുത്തുന്നതിനാല്‍ അത്തരം ഭാഷകളുടെ സൂക്ഷ്മ അപഗ്രഥനം നടത്താനും ആവശ്യമായ തിരുത്തലുകള്‍ പാഠപുസ്തകമേഖലകളില്‍ വരുത്താനും നാം തയ്യാറാകേണ്ടതുണ്ട്.
കുറിപ്പുകള്‍
1. ഡോ.ഉഷാ നമ്പൂതിരിപ്പാടിന്‍റെ സാമൂഹികഭാഷാവിജ്ഞാനം, ഡോ. പി. എം. ഗിരീഷിന്‍റെ അധികാരവും ഭാഷയും, ഡെയ്ല്‍ സ്പെന്‍ഡറിന്‍റെ മാന്‍ മെയ്ഡ് ലാംഗ്വേജ് തുടങ്ങിയ കൃതികളില്‍ അത്തരം ഗവേഷണാത്മകമായ പഠനങ്ങളുണ്ട്. അത്തരം നിരീക്ഷണങ്ങളാണ് ഈ ലേഖനത്തിന് ആധാരം.
ഗ്രന്ഥസൂചി
1. ഡോ.ഉഷാ നമ്പൂതിരിപ്പാട്, സാമൂഹികڅഭാഷാവിജ്ഞാനം, ഭാഷാഇന്‍സ്റ്റിട്യൂട്ട് ,തിരുവനന്തപുരം.1994.
2. ഏ. ആര്‍. രാജരാജവര്‍മ്മ, മലയാള ശാകുന്തളം
3. ഡോ. ഗിരീഷ്,പി.എം. അധികാരവും ഭാഷയും, ഐ. ബുക്ക്സ് കേരള, കോഴിക്കോട്.2015.
4. ജോസഫ് മുണ്ടശ്ശേരി, മുണ്ടശ്ശേരികൃതികള്‍, രണ്ടാം വാല്യം, കറന്‍റ് ബുക്ക്സ്, തൃശൂര്‍,2004.
5. ജെ. ദേവിക കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? കേരളശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശ്ശൂര്‍, 2015.
6. കല്പനയുടെ മാറ്റൊലി, കേരളശാസ്ത്രസാഹിത്യ പരിഷത്ത്, തൃശ്ശൂര്‍, 2015.
7. ഡോ. ജൂലിയാ ഡേവിഡ്, ശകുന്തള കഥയും സ്ത്രീവാദനിരീക്ഷണങ്ങളും,ആത്മബുക്സ്, പുസ്തകലോകം, കോഴിക്കോട്,2021
8. ഡോ. ടി. ബി. വേണുഗോപാലപ്പണിക്കര്‍,ശകുന്തളോപാഖ്യാനം-എഴുത്തച്ഛന്‍റേയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെയും മഹാഭാരതങ്ങളില്‍, താപസം റിസര്‍ച്ച് ജേര്‍ണല്‍, 2008.
9. Dale Spender, Man Made Language,Routledge, London,1985.
10. Romila Thappar, Shakunthala-Texts, Readings Histories: Delhi: Kali For Women,2000.
ഡോ. ജൂലിയാഡേവിഡ്
സി.പ്രൊഫസര്‍, മലയാളവിഭാഗം
മഹാരാജാസ്കോളജ്, എറണാകുളം.
COMMENTS