പഞ്ചേന്ദ്രിയങ്ങളിലൂടെ ചുറ്റുപാടിനെ അറിയാനുള്ള കഴിവോടെയാണ് മനുഷ്യര്‍ ജനിക്കുന്നത്. ഔപചാരികവിദ്യാഭ്യാസത്തിലൂടെ താനുള്‍പ്പെട്ട സമൂഹത്തെയും രാജ്യത്തെയും ലോകത്തെ തന്നെയും പുതിയരീതിയില്‍ കാണാനുള്ള സാധ്യതകള്‍ മനുഷ്യര്‍ക്ക് ലഭ്യമാവുന്നു. കുടുംബം എന്ന തീരെച്ചെറിയ വൃത്തത്തില്‍ നിന്ന് സമൂഹം എന്ന കുറെക്കൂടി വലിയ വൃത്തപരിധിയിലേക്ക് കുട്ടി പ്രവേശിക്കുന്ന പ്രൈമറി തലം പ്രഥമം എന്ന പോലെ പ്രധാനവുമാണ്. നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും നയങ്ങളും അനുസരിച്ചാണ് പ്രൈമറി പാഠ്യപദ്ധതി രൂപപ്പെടുന്നത്. ലിംഗ പരിഗണനകളില്ലാത്ത തുല്യനീതിയെ ലക്ഷ്യം വയ്ക്കുന്ന പാഠ്യപദ്ധതിയാണ് ലിംഗബോധം രൂപപ്പെടുന്ന ഘട്ടത്തില്‍ തന്നെ കുട്ടികള്‍ക്കായി തയാറാവുന്നത്. ഈ വസ്തുതയെ മുഖവിലയ്ക്കെടുത്തു കൊണ്ട് പ്രൈമറിതല ഭാഷാ ബോധന പ്രക്രിയയെ ഒന്നിഴ കീറിയാലോ? ലിംഗനീതിയും തുല്യ പങ്കാളിത്തവും ഏതൊക്കെ പാഠഭാഗങ്ങളിലൂടെ എങ്ങനെയെല്ലാം ഒളിഞ്ഞും തെളിഞ്ഞും വിനിമയം ചെയ്യപ്പെടുന്നു എന്ന് നോക്കാം.
ഒന്നാം ക്ലാസിലെ ഒന്നാമത്തെ ഭാഷാ പാഠം ‘വീട് നല്ല വീട്’. ചിത്രങ്ങളാല്‍ മനോഹരമാണ്. കുടുംബ സങ്കല്പത്തെ കുട്ടിയുടെ മനസിലേക്കെടുത്തു വയ്ക്കുന്ന ഈ പാഠത്തില്‍ ഓരോ പേജ് വലിപ്പത്തില്‍ കുട്ടിയുടെ ശ്രദ്ധ പിടിച്ചെടുക്കും വിധം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇതിലെ പെണ്‍ ചിത്രങ്ങളില്‍ അവര്‍ ചെയ്യുന്നതായി കാണുന്നത് കോഴിക്ക് അരി വിതറുക , കുഞ്ഞിനെ ലാളിക്കുക, വിറക് ശേഖരിക്കുക എന്നിവയാണ്. ചിത്രത്തിലെ ഒരേയൊരാണ്‍കുട്ടി ബാറ്റും ബോളുമെടുത്ത് കളിക്കുന്നു. അവനോടൊപ്പം പന്തുകളിക്കാന്‍ കുഞ്ഞിനെ ലാളിക്കുന്ന പെണ്‍കുട്ടിയെ നിര്‍ത്താമായിരുന്നില്ലേ എന്ന് ചിന്തിച്ചാല്‍ അനേക കാലങ്ങളായി സമൂഹം പെണ്ണിനു മാറ്റി വച്ച ജോലികള്‍ തന്നെയാണീ ചിത്രത്തിലെ പെണ്ണുങ്ങള്‍ ചെയ്യുന്നത് എന്ന് നമുക്ക് മനസിലാകും. ഇതിനു പരിഹാരമെന്നോണമാവുമോ പേജ് 20 ലും 21ലും അച്ഛനെക്കൊണ്ട് തുണിയലക്കിക്കുന്നതും വീടു വൃത്തിയാക്കിക്കുന്നത് ? അതേതായാലും ആശ്വാസകരം തന്നെ.
മൂന്നാം തരത്തിലേക്കു കടക്കുമ്പോള്‍ കുട്ടിയുടെ വികൃതികള്‍ സര്‍വ്വാത്മനാ സഹിച്ച് അമ്മ നിര്‍വൃതിയുടെ വാഴ്ത്തുപാട്ടായി കണ്ണന്‍റെ അമ്മ എന്ന പാഠം വരുന്നു. തുടര്‍ന്നുള്ള തത്തക്കുഞ്ഞിന്‍റെ കഥയിലെ അമ്മയും അടുക്കളക്കാരിയാണ്. മഞ്ഞപ്പാവാട (ഡോ.കെ.ശ്രീകുമാര്‍) എന്ന കഥ അവതരിപ്പിക്കുന്നത് അച്ഛന്‍ വിചാരിക്കാതെ പട്ടിണി മാറ്റാന്‍ കഴിയാത്ത വീടിനെയാണ് തൊഴില്‍ ചെയ്ത് കുടുംബം പോറ്റേണ്ട ഭര്‍ത്താവിനെ സഹായിക്കാന്‍ അമ്മയ്ക്കുള്ളത് ദാനം കിട്ടിയ ചില്ലറകള്‍ നിറഞ്ഞ വഞ്ചി മാത്രം. പുരുഷ കേന്ദ്രിതമായ കുടുംബത്തിന്‍റെ കെട്ടുപാടുകളാണ് തൊഴിലുറപ്പിനും മറ്റും പോയി കുടുംബം നോക്കുന്ന പെണ്ണുങ്ങളുടെ മക്കള്‍ പഠിക്കുന്നത്.
രണ്ടാം തരത്തിലെ അറിഞ്ഞു കഴിക്കാം എന്ന യൂണിറ്റില്‍ ആഹാരം നിറച്ച പാത്രവുമായി കുട്ടികളെ ക്ഷണിക്കുന്ന അമ്മയുണ്ട്. തൊട്ടടുത്ത പേജില്‍ മുത്തശ്ശിയും. ഭക്ഷണത്തെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയും ക്ലാസെടുക്കുന്ന ഡോക്ടര്‍ പക്ഷേ പുരുഷനാണ്. ഡോക്ടര്‍ എന്നു കേട്ടാല്‍ പുരുഷനെ ഓര്‍ക്കുന്ന കാലം മാറിയതറിഞ്ഞിട്ടുണ്ടാവില്ലേ പുസ്തകം തയാറാക്കിയവര്‍? ഇതേ പുസ്തകത്തില്‍ സ്ത്രീകള്‍ ചെയ്യുന്ന തൊഴിലുകളായി പേജ് 18 ല്‍ വരുന്നത് ടീച്ചിംഗ്, തയ്യല്‍ എന്നിവയും പുരുഷന്‍റേതായി ഓട്ടോ ഡ്രൈവിംഗ്, ചുമടെടുപ്പ്, പൊലീസ്, മീന്‍ വില്പന എന്നിവയുമാണ്. ഓട്ടോ ഓടിക്കുന്ന, ചുമടെടുക്കുന്ന, മീന്‍ വില്ക്കുന്ന എത്ര പെണ്ണുങ്ങളുണ്ട് നമുക്കു ചുറ്റും! 27-ാം പേജില്‍ സാവിത്രിക്കുട്ടി അമ്മയായി അഭിനയിക്കുന്നതിന് തോര്‍ത്ത് സാരിയാക്കിയതായ് പറയുന്നു. അമ്മയുടെ വേഷം സാരിയാവണമെന്ന് രണ്ടിലെ കുട്ടി മനസിലാക്കിക്കാണില്ല. അഭിനയിക്കാനുള്ള അമ്മക്കളിക്കും സാരി നിര്‍ബന്ധമോ ? ഇനി സാവിത്രിക്കുട്ടിക്ക് കിട്ടുന്ന കുട്ടിപ്പുരയിലെ അടുക്കളയില്‍ പണിയെടുക്കുന്ന അമ്മ മുണ്ടും വേഷ്ടിയും ധരിക്കുന്നു. ഒപ്പമുള്ള പെണ്‍കുട്ടികള്‍ സാരിയും ജാക്കറ്റും. ഇത് കുട്ടിയിലെത്തിക്കാന്‍ ശ്രമിക്കുന്ന ബോധമെന്താണ്?
അഞ്ചാം ക്ലാസില്‍ എം.ടി.യുടെ വിഷുക്കണി മാധവിക്കുട്ടിയുടെ വേനലിന്‍റെ ഒഴിവ് എന്നീ കഥകളില്‍ പഴയ കാല പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്ന സ്ത്രീ ജീവിതങ്ങള്‍ കാണാം. അതിജീവനമില്ലാത്തവരോ പെണ്ണുങ്ങള്‍! ആറാം തരത്തില്‍ പി.വത്സലയുടെ തേങ്ങ എന്ന കഥയില്‍ വീട്ടുവേലക്കാരിയായ സ്ത്രീയെ വെറും വേലക്കാരിയാക്കുന്ന വീട്ടമ്മയുണ്ട്. ആ കാലമൊക്കെ പോയില്ലേ? വീട്ടുജോലിക്കും മഹത്വമുള്ള കാലത്തി ലാണ് കുട്ടികളീ കഥ പഠിക്കേണ്ടത്, പഠിപ്പിക്കുന്നത്. ഇതേ പുസ്തകത്തില്‍ ഉപ്പുകൊറ്റനിലൂടെ വരരുചിയെ പിന്‍തുടര്‍ന്നു ജീവിച്ച പഞ്ചമിയുടെ ചരിത്രമെത്തുന്നു. സ്വന്തമായൊന്നും പറയാനില്ലാതെ മക്കളെയുപേക്ഷിച്ച് ഭര്‍ത്താവിനെ പിന്‍പറ്റുന്നവള്‍. ഓണം അന്നും ഇന്നും എന്ന തകഴിയുടെ ലേഖനം നെല്ലുകുത്തുന്ന പാചകം ചെയ്യുന്ന പൂക്കളമിടുന്ന പഴയ പെണ്ണുങ്ങള്‍ കാലം പോകെ മാറുന്നതായി എഴുത്തുകാരന്‍റെ വ്യസനം കൂടി അവതരിപ്പിക്കുന്നതാണ്.
ലോവര്‍ പ്രൈമറി യുടെ അവസാനപടിയായ നാലാം തരത്തിലും മാതൃ സ്നേഹത്തിന്‍റെ മഹത്വം വിളിച്ചോതുന്ന വെണ്ണക്കണ്ണനും പൂതപ്പാട്ടും തുടക്കമിടുന്നു. അച്ഛനും കുഞ്ഞും തമ്മിലുള്ള ബന്ധം ഇതിലെവിടെയും വരുന്നില്ല. അടുത്ത പാഠം മേരി ജോണ്‍ തോട്ടത്തിന്‍റെ എന്‍റെ പനിനീര്‍ച്ചെടിയിലൂടെ തെറ്റായ ഒരു സുമംഗലീ സങ്കല്പം കുട്ടിക്കു മുന്നിലെത്തുന്നു. വിവാഹിതരായ സ്ത്രീകള്‍ നെറുകയില്‍ സിന്ദൂരമണിയുന്നതുപോലെ മഞ്ഞുതുള്ളികള്‍ മൂര്‍ദ്ധാവിലണിഞ്ഞ് ചെടി സുമംഗലിയായി എന്നുള്ള വര്‍ണന ശ്രദ്ധിക്കുക. എന്‍റമ്മ അങ്ങനെ പൊട്ടിടാറില്ല ടീച്ചറേ എന്ന് കേട്ട് അധ്യാപികമാര്‍ ഞെട്ടാതിരുന്നാല്‍ മതി.
ആറാം തരത്തിലെ പാഠം ജി. കുമാരപിള്ളയുടെ ജീവനുള്ള പാട്ട് ഗന്ധര്‍വ്വ ബാലന്‍റെ പാട്ടില്‍ ആനതാസ്യയായ് നിന്ന് അവന്‍റെ സാമീപ്യം യാചിക്കുന്ന പെണ്ണിന്‍റേതാണ്. ഈ ഗന്ധര്‍ വ്വ ബാലന്‍റെ ചിത്രീവരച്ച് നിറം നല്‍കേണ്ടതുണ്ട് കുട്ടികള്‍.
പ്രൈമറിയുടെ അവസാന പടിയായ 7-ാം ക്ലാസിലെ മലയാളത്തില്‍ കതുവനൂര്‍ വീരന്‍ തെയ്യത്തിന്‍റെ ഐതിഹ്യമുണ്ട്. പണ്ട് നിലനിന്ന പുരുഷ മേധാവിത്വ സമൂഹത്തിന്‍റെ എടുപ്പുകള്‍ അതേ പോലെ ഉയര്‍ന്നു നില്‍ക്കുന്നത്. ഭര്‍തൃശുശ്രൂഷ ചെയ്യേണ്ടതെങ്ങനെയെന്ന് മരുമകളോട് പറയുന്ന അമ്മായിയമ്മ, നാട്ടാര് പറയുന്നത് കേട്ട് ഭാര്യയെ സംശയിക്കുന്ന മന്ദപ്പന്‍ , ഭര്‍ത്താവിന്‍റെ ചിതയില്‍ ചാടി മരിക്കുന്ന ചെമ്മരത്തി. തെയ്യക്കഥയാണ് , ഐതിഹ്യമാണ്. പക്ഷേ തുടര്‍ പ്രവര്‍ത്തനങ്ങളായി വരുന്നത് മന്ദപ്പന്‍റെ ജീവിതം ജനമനസുകളില്‍ ആവേശം നിറയ്ക്കുന്ന വീരകഥയായതെങ്ങനെ? മന്ദപ്പന്‍ വെട്ടേറ്റു വീണപ്പോള്‍ ചെമ്മരത്തിയുടെ മനസിലുണ്ടായ വികാരങ്ങള്‍ എന്തെല്ലാം ? എന്നൊക്കെയാണ്.
ഐതിഹ്യങ്ങളും നമ്മുടെ നാടിന്‍റെ പൈതൃകവും ഓരോ തലമുറയും അറിയേണ്ടതുണ്ട്. സാഹിത്യത്തില്‍ ഓരോ കാലത്തെ ജീവിതത്തിന്‍റെ പകര്‍പ്പായി പതിഞ്ഞു കിടക്കുന്ന സ്ത്രീ വിരുദ്ധത മാറ്റുകയും സാധ്യമല്ല. അപ്പോള്‍പ്പിന്നെ എന്തൊക്കെ പ്രതിവിധികള്‍ ചെയ്യാനാവുമെന്ന് ആലോചിക്കേണ്ടതല്ലേ? പ്രൈമറി തലത്തില്‍ നിന്ന് മാത്രം കണ്ടെടുത്ത ലിംഗ വിവേചനത്തിന്‍റെ ഈ അഴുക്കന്‍ പ്രതലത്തെ മാറ്റിപ്പണിയേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനും അത് കുട്ടികളിലെത്തിക്കുന്ന അധ്യാപകര്‍ക്കുമുണ്ട്. കുറെക്കൂടി ശ്രദ്ധയോടും സൂക്ഷ്മതയോടും പാഠ്യപദ്ധതി നവീകരിച്ചും ബോധന രീതികളിലും പ്രവര്‍ത്തനങ്ങളിലും മാറ്റം വരുത്തിയും സമൂഹത്തിന്‍റെ നേര്‍പകുതിയായ ഇതര ലിംഗങ്ങളെ തുല്യതയോടെ പരിഗണിച്ചും സ്ത്രീ വിരുദ്ധതയുടെ മതില്‍ പൊളിക്കാം. ആണ്‍ എന്നതിനൊപ്പം പ്രധാനമാണ് മറ്റെല്ലാ ജന്‍ഡറുകളുമെന്ന സത്യം ഉള്‍ക്കൊണ്ടു കൊണ്ട് നവസമൂഹനിര്‍മ്മിതി ഭാഷാ പഠനത്തിലും സാധ്യമാകട്ടെ .
ആശ സജി
കവി, പ്രൈമറി അധ്യാപിക
കൊല്ലം
COMMENTS