Homeവാസ്തവം

നമ്മുടെ മക്കള്‍ സ്വാതന്ത്ര്യം ശ്വസിക്കട്ടെ

വീടും കുടുംബവും മാത്രമായിരുന്ന ഇടത്തില്‍ നിന്നും സ്ത്രീകള്‍ തങ്ങളുടെ ലോകം അതിരുകളില്ലാതാക്കിയിന്‍റെ തുടക്കം കുറിച്ചതിന്‍റെ ഓര്‍മ്മപുതുക്കല്‍ മാര്‍ച്ച് എട്ടിന് നമ്മള്‍ നടത്തിക്കഴിഞ്ഞു.എന്നാല്‍ നമ്മള്‍ എന്നുപറഞ്ഞാല്‍ എത്ര പേര്‍ എന്ന് ആരും കണക്കാക്കുന്നില്ലല്ലോ.അനേക ശതം സ്ത്രീകള്‍ പുറത്ത് അങ്ങനെയൊരു ലോകമുണ്ടെന്നുപോലും അറിയാത്തവരാണ്. നമ്മള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു പറയാന്‍ ഒരുനിമിഷം ആലോചിക്കേണ്ടിവരും.കാലത്തിന്‍റെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു കുടുംബമാണെങ്കിലും സ്ത്രീകളുടെ സ്ഥിതിക്ക് ഒരു മാറ്റവുമുണ്ടായിരിക്കില്ല.വിവാഹം കഴിക്കാന്‍ പോകുന്ന ഒരു സ്ത്രീ ആഭരണങ്ങളും ആടകളും അലങ്കാര ങ്ങളും ന്യൂജന്‍ സ്റ്റൈലില്‍തന്നെ വാങ്ങിക്കൂട്ടും.വിവാഹ ചടങ്ങുകളും പരിഷ്കരിച്ച് പുതിയ ട്രെന്‍ഡ് തന്നെ കൊണ്ടു വരും. സ്റ്റേജില്‍ വെച്ച് ‘നീയെന്‍ സ്വാമി ‘ തുടങ്ങിയ പാട്ടുകള്‍ക്ക് ചുവടുവെക്കും.ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ കരുതാറുണ്ട് സുഹൃത്തുക്കളേ അടിപൊളി ജീവിതത്തിലേക്കാണ് ആ കുട്ടി കാലെടുത്തുവെക്കുന്നതെന്ന്.എവിടെ,നൂറ്റാണ്ടു പറയാന്‍പോലും കഴിയാത്ത പഴഞ്ചന്‍ രീതികളിലേക്കാണ് ആ കുട്ടിയെ വിളക്ക്പിടിപ്പിച്ച് ആനയിക്കുന്നത്.ഇരുപതു വയസ്സുപോലുമാവാത്ത കുട്ടിയെ ഏതെല്ലാം തരത്തില്‍ പീഡിപ്പിക്കുന്നു, സ്നേഹിക്കുന്നു എന്ന് അനുഭവിച്ചവര്‍ക്കു മാത്രമേ പറയാന്‍ കഴിയൂ.

വിവാഹസ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ മാത്രമായിരുന്നു എന്ന തിരിച്ചറിവിലേക്കെത്തുന്ന കുട്ടികള്‍ ഒരിക്കലും തല ഉയര്‍ത്താ നാവാത്തവിധത്തില്‍ നിസ്സഹായരായിട്ടുണ്ടാവും. ആരോടും ഒന്നും പറയരുത് എന്ന് പഠിപ്പിച്ചതുകൊണ്ട് തുറന്നുപറയാനും കഴിയാതെ പത്തുവര്‍ഷത്തിനിപ്പുറം ഡിപ്രഷന് മരുന്ന് കഴിച്ചു പോരുന്നു കുറച്ചു പേര്‍. ന്യൂജന്‍ കുട്ടികള്‍ അങ്ങനല്ലട്ടോ.സ്ത്രീവാദികള്‍ മുന്നോട്ടു വെക്കുന്ന വാദമുഖങ്ങളെയൊക്കെ നിരാകരിച്ച് അടിച്ചുപൊളിച്ചു ജീവിച്ചത് കൊണ്ട് ,പിന്നീടു ജീവിതത്തിനേല്‍ക്കുന്ന അടി താങ്ങാതെ ജീവിതം വേണ്ടെന്നു വെക്കാന്‍ അല്പംപോലും മടിക്കാതെ തീരുമാനമെടുക്കുന്നു. കുടുബജീവിതത്തില്‍ ഈ രണ്ടു സാധ്യതകളേ നമ്മെ കാത്തിരിക്കുന്നുള്ളൂ .എതിര്‍ത്ത് സമരംചെയ്ത്, പിടിച്ചുവാങ്ങിയെടുക്കേണ്ട ഒന്നുതന്നെയാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. വിവാഹത്തിനുമുമ്പ് എല്ലാ സ്വാതന്ത്യവും അനുഭവിക്കുക , ശേഷം വിരുദ്ധമായത് അനുഭവിക്കുക. സഹിക്കാന്‍പറ്റാത്തതാണെങ്കില്‍ ജീവനും കൊണ്ട് ഓടിപ്പോരാനെങ്കിലും പറഞ്ഞുകൊടുത്തു വിടണേ മക്കളെ പറഞ്ഞയക്കുമ്പോള്‍. നമ്മുടെ മക്കള്‍ക്ക് നമ്മളെങ്കിലും തുണയായി നില്‍ക്കണ്ടേ?

 

 

 

 

 

ഡോ.ജാന്‍സി ജോസ്

COMMENTS

COMMENT WITH EMAIL: 0