ആബിദുമായുള്ള ഫോണ്‍ സംഭാഷണം തുടരുന്നതിനിടയില്‍ ആമി പലതവണ മുഖം വെറ്റ് ടിഷ്യു കൊണ്ട് ഒപ്പിയെടുത്തു. പശിമയുള്ള ഒട്ടലാണ് അയാളുടെ വാക്കുകള്‍ക്ക്. ഷുഗര്‍ സിറപ്പില്‍ മുക്കിയെടുത്ത അഴകൊഴമ്പന്‍ വാചകങ്ങള്‍ക്കിടയിലൂടെ കടിയനുറുമ്പുകള്‍ അരിച്ചിറങ്ങുന്നുണ്ട്. മറുപടിയൊന്നും കിട്ടാത്തതു കൊണ്ടാവണം മറുതലയ്ക്കല്‍ നിന്ന് ആബിദിന്‍റെ ശബ്ദം ഉച്ചത്തിലായി.
‘ആമി ഞാന്‍ പറയണത് അന്‍റെ നന്മയ്ക്കു വേണ്ടിയാണ്. യ്യ് വിചാരിക്കണ പോലത്ര നല്ലവരല്ല ആണുങ്ങളൊന്നും.’
മൂളലിലൊതുക്കിയ മറുപടിക്കപ്പുറം ആമി ഉറുമ്പുകളെക്കുറിച്ച് തന്നെയാണാലോചിച്ചത്. പ്രണയ ത്തിന്‍റെ മാംസള ദിനങ്ങളില്‍ അവളുടെ അകത്തളങ്ങളിലേക്ക് വിരുന്നെത്തിയ കുഞ്ഞനുറുമ്പുകള്‍ .അവ മുത്തിയുണ്ടായ തിണര്‍പ്പുകള്‍ ചെമന്ന കല്ലിപ്പുകളായി നീറി പിടിച്ചപ്പോഴാണ് ഉറുമ്പിന്‍ കൂട്ടത്തിലെ വേഷം മാറി വന്ന കട്ടുറുമ്പുകളെ അവള്‍ കണ്ടത്.
‘മുത്തേ ആമി’
ആബിദ് വിളിക്കുകയാണ്. വാക്കുകളുടെ പൊത്തുകളില്‍ മറഞ്ഞിരിക്കുന്ന പ്രേമ പാമ്പുകളുടെ നാവുകള്‍ അവളെ നക്കിത്തുവര്‍ത്തുമെന്ന ഭീതിയില്‍ അവള്‍ ഫോണ്‍ കട്ട് ചെയ്തു. എല്ലാം മറന്നു ചിരിച്ചു വാഴാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഉമ്മയുടെ പാട്ടുപെട്ടി അടുക്കളയില്‍ പാടി തുടങ്ങി.ചൂളമടിക്കാതെ തിളച്ചുകൊണ്ടിരിക്കുന്ന ഉമ്മയെന്ന പ്രഷര്‍കുക്കറിന്‍റെ സേഫ്റ്റിവാള്‍വാണ് ആ റേഡിയോ.ചുണ്ടില്‍ തത്തിക്കളിക്കുന്ന ചലച്ചിത്രഗാനങ്ങളുടെ അകമ്പടിയോടെ ഉമ്മ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്ക് ആറാത്ത സനേഹച്ചൂടുണ്ടായിരിക്കും.ഒരുതുണ്ട് മഴവില്ലരച്ച് താളിച്ച കറികളും നക്ഷത്രം വറവിട്ട ഉപ്പേരികളും ഊട്ടി ഉമ്മ വയറുകളില്‍ പ്രണയത്തിന്‍റെ രുചി നിറച്ചു.ആബിദുമായുളള പ്രണയത്തെപ്പറ്റി ആമി വാചാലയാകുമ്പോഴൊക്കെയും പാചക ജ്ഞാനത്തിലൊളിപ്പിച്ച അനുരാഗ പാഠങ്ങള്‍ ഉമ്മ വിളമ്പും.
‘ അലങ്കരിച്ചൊരുക്യ പലാരം കാണുമ്പൊ ചേലാണ്.നേരറിയണേലേ തിന്നെന്നെ നോക്കണം ആമ്യേ. തിന്നോക്കി പാകം പറയാന്‍ അന്നെക്കൊണ്ട് ഒക്കണെങ്കി ഇയ്യ് ഉസാറ് വെപ്പുകാരിയാവണം. മസാലേടെ കൂട്ടും കണക്കും അന്‍റെ കൈക്ക് നല്ലോണം തിരിയണം.അതു പോലെന്നാടീ പ്രേമോം ജീവിതോം.’
മണിക്കൂറുകളോളം അടച്ചിട്ട മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വീര്‍ത്ത് കലങ്ങിയ കണ്ണുകള്‍ ഉമ്മ കാണാതെ ഒളിപ്പിച്ചിട്ടും പലതവണ പിടിക്കപ്പെട്ടു.ഉമ്മയുടെ കണ്ണുകളില്‍ ചോദ്യങ്ങള്‍ പെറ്റു പെരുകുമ്പോള്‍ അവള്‍ മിണ്ടാതെ തിരിഞ്ഞു നടക്കും.ഇറുകിപ്പുണര്‍ന്ന് ഒട്ടിപ്പിടിക്കാത്ത കറിക്കൂട്ടുകള്‍ ഒരു രുചിയും പകര്‍ന്നു തരാതെ കറികളില്‍ മുഴച്ചു കിടന്നു..
ചലചിത്രഗാനങ്ങള്‍ക്ക് ശേഷം കാലാവസ്ഥാ അറിയിപ്പുകള്‍ ആരംഭിച്ചു. അവള്‍ക്ക് കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാനേ തോന്നിയില്ല. സൈക്കോളജിസ്റ്റ് അരുണ്‍ റോയിയുമായുള്ള അപ്പോയിന്‍മെന്‍റ് ഓര്‍മ്മപ്പെടുത്തി കൊണ്ട് ആബിദിന്‍റെ ടെക്സ്റ്റ് മെസേജ് ഫോണില്‍ വന്ന് കിടപ്പുണ്ട്. ആമി സംസാരിച്ചാലേ പ്രശ്നങ്ങളവസാനിക്കൂ എന്നാണ് കഴിഞ്ഞ തവണയും ഡോക്ടര്‍ പറഞ്ഞത്. എന്താണിനി സംസാരിക്കേണ്ടത്? അവന്‍ ഉടുപ്പിക്കുമ്പോഴൊക്കെയും അഴിച്ചിട്ടവളായതും അവന്‍ കൂട്ടിരിക്കുമ്പോഴൊക്കെയും ഒറ്റെപ്പെട്ടതും, വാക്കുകളിലേക്ക് ചേക്കേറാതെ ഭാഷയ്ക്ക് പുറത്തെ ചതുപ്പിലാണ്ടു. എതിര്‍ശബ്ദങ്ങളെ പൊള്ളിക്കുന്ന ആസിഡ് ഭരണികളിലാണ് പ്രണയത്തെ ആബിദ് ഉപ്പിലിട്ടത് . ഇനിയൊരിക്കലും തൊട്ടുകൂട്ടാനാകാത്ത വിധം പ്രണയം അവളുടെ നാവിനെ കരിയിച്ചു കളഞ്ഞിരിക്കുന്നു. വേച്ചു വേച്ചു പറയുന്ന ആമിയുടെ ‘നോ’കളിലേക്ക് കോരിയിടേണ്ട കനല്‍ക്കട്ടയുടെ പാകം ആബിദിനറിയാം .വാട്സാപ്പില്‍ അവനയച്ച ചിത്രങ്ങള്‍ ഗുണന ചിഹ്നത്തിനു ചുറ്റും വട്ടത്തില്‍ കറങ്ങുമ്പോള്‍ അവളില്‍ ഭീതിയുടെ വേരുകള്‍ ചുട്ടുപഴുക്കും. പച്ച വൃത്തത്തിന്‍റെ ബിന്ദുക്കള്‍ ഒരിടത്ത് കൂട്ടിമുട്ടുമ്പോള്‍ തുറക്കപ്പെടുന്ന ചോര കാഴ്ചകളില്‍ പ്രണയത്തിന്‍റെ രൗദ്രത അവള്‍ കണ്ടു.’ ഞാനിപ്പൊ ചാവും’ എന്ന വാക്യത്തിന്‍റെ കൂര്‍പ്പുകള്‍ ആമിയുടെ ‘നോ’കളുടെ ഞരമ്പറുത്തു. കിടക്കയില്‍ കിടന്ന് ആമി ഓര്‍മ്മകളില്‍ തിളച്ച് തൂവി. മുറി വിട്ടു പുറത്തിറങ്ങിയപ്പോള്‍ കണ്ടത് ഹാള്‍ അടിച്ചുവാരുന്ന ഉമ്മയെയാണ്. ബലാല്‍സംഗത്തിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് അവളെഴുതിയ പ്രബന്ധത്തിന്‍റെ ചുരുട്ടിയ പേജുകളെയാണ് ചൂലുകള്‍ അടിച്ചു പറത്തുന്നത്. മുഖം ചുളിച്ച് പുരികം ചന്ദ്രക്കല പോലെ വളച്ച് അവളുടെ ഉള്ളിലേക്ക് ആബിദ് ചൊറിഞ്ഞു കയറി.
“നീ പോണ്‍ പേപ്പര്‍ വായിച്ച് കേട്ടിരിക്കണ ആണ്ങ്ങളെ സുഖിപ്പിക്കാന്‍ പോവ്വാണോ ‘പോണ്‍പേപ്പര്‍ എന്ന വാക്കിന്‍റെ മുനകള്‍ അവളുടെ ചെവികളില്‍ തുളഞ്ഞു കയറി.റേപ്പ് ന്യൂസുകള്‍ വായിച്ച് ഉദ്ധരിച്ച ലിംഗങ്ങളുടെ കഥകള്‍ ആബിദിന്‍റെ നാവിന്‍തുമ്പില്‍ സ്ഖലിച്ചിറങ്ങി. പുകഞ്ഞ അഗ്നിപര്‍വ്വതത്തില്‍ നിന്നും ആഞ്ഞടിച്ച തീ കാറ്റു കണക്കെ ആമി അലറി. ‘ഷ..ട്ട്..അ..പ്പ്.. യു.. വ. ര്‍.. ബ്ല.. ഡി.. ‘ഭ്രാന്തിയെപ്പോലെ അലറി വിളിച്ചതിന്‍റെ പിറ്റേന്ന് തൊട്ട് സൈക്കോളജിസ്റ്റ് അരുണ്‍ റോയിയുടെ പേഷ്യന്‍റായി തീര്‍ന്നു ആമി.
ഇളം നീല ചുമരുകളുള്ള കണ്‍സള്‍ട്ടന്‍റ് മുറിയില്‍ ഡോക്ടര്‍ അസ്വസ്ഥനായിരുന്നു. ചുറ്റിക്കളിപ്പിക്കുന്ന പദപ്രശ്നം മുഴുവനാക്കാന്‍ അയാള്‍ക്ക് വാക്കുകള്‍ വേണമായിരുന്നു. വട്ടക്കണ്ണട മുഖത്ത് നിന്നെടുത്ത് മാറ്റി ഡോക്ടര്‍ മുന്നോട്ടാഞ്ഞിരുന്നു. ‘ ലുക്ക് ആമി, വേര്‍ഡ്സ് ഹാവ് മാജിക് പവര്‍ ടു ഹീല്‍ വൗണ്ട്സ്.സൊ .. ‘ ദുപ്പട്ടയ്ക്ക് താഴെ തൂങ്ങിക്കിടന്ന നൂലുകള്‍ പിണഞ്ഞുണ്ടായ കുരുക്കഴിക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍.പറ്റെ വെട്ടിയ നഖങ്ങള്‍ അവളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി കൊണ്ടിരുന്നു. പ്രണയത്തിന്‍റെ സൂചിപ്പല്ലുകള്‍ അവളുടെ ചുണ്ടുകളെ കുത്തിക്കെട്ടി തുന്നിയത് ഡോക്ടര്‍ക്കറിയില്ല. മിടിക്കുന്ന വാക്കുകളെല്ലാം കവര്‍ച്ച ചെയ്ത് പകരം സോപ്പ് പത പോലെ വഴുക്കുന്ന വാക്കുകളാല്‍ പദസഞ്ചി നിറക്കപ്പെട്ടിരിക്കുന്നു. കടംങ്കഥകളുടെ പൂട്ട് മുറുകി കൊണ്ടിരിക്കെ അക്ഷമനായ ആബിദ് മുറി വിട്ട് പുറത്തിറങ്ങി.
വിരസമാര്‍ന്ന പകലുകളുടെ ചാരക്കുഴിയില്‍ നിന്നും ഉയിര്‍ക്കൊണ്ട ഒരു പുതിയ പകല്‍ ക്യാന്‍വാസുകണക്കെ മലര്‍ന്നു കിടന്നു. ഫൂട്ട്പാത്തിനരികിലുള്ള മതിലിലെ സിനിമാ പോസ്റ്ററില്‍ പാതി വെന്ത മുഖം മറച്ച നായിക അവളുടെ മനസ്സിലേക്ക് ഒരു ഫേസ് ബുക്ക് പോസ്റ്റ് കൊളുത്തിയിട്ടു.’ ഗോവിന്ദിനൊപ്പം’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പിന്‍റെ ഉടമ ആബിദായിരുന്നുവെന്ന നടുക്കുന്ന ഓര്‍മ്മയില്‍ ആമി പൊള്ളി വിയര്‍ത്തു.. കോഫി ഷോപ്പിന്‍റെ കോര്‍ണറില്‍ ആബിദിനു അഭിമുഖമായി ഇരുന്നപ്പോള്‍ കാലുകളെ ചേര്‍ത്തൊട്ടിച്ച് ദുപ്പട്ടയിട്ടു മൂടാന്‍ ആമി മറന്നില്ല. മഴ പിഴിഞ്ഞു തുവര്‍ത്തിയ ഒരു പകലില്‍ ഇതേ കോഫി ഷോപ്പില്‍ വെച്ചായിരുന്നു പുരുഷാധിപത്യം ഹൈജാക്ക് ചെയ്ത സൊസ്യൂറിനെ ആമി കണ്ടത്. ചോര കുടിച്ച് വീര്‍ത്ത പാഡ് തുടകള്‍ക്കിടയില്‍ കനം വെച്ചപ്പോള്‍ അകറ്റി വെച്ച കാലുകളായിരുന്നു ആബിദ് കണ്ട അശ്ലീലചിഹ്നം.അംഗ വിന്യാസത്തിന്‍റെ ‘തെറിച്ച ‘ഘടനകളാണ് പെണ്ണിനെ ചൂഴുന്ന ആണ്‍ കണ്ണുകള്‍ക്ക് പിറകിലെന്നായിരുന്നു അവന്‍റെ സൈദ്ധാന്തിക നിരീക്ഷണം. സ്ത്രീയുടെ ‘അച്ചടക്ക രഹിതമായ ‘ചലനങ്ങള്‍ പുരുഷന്‍റെ ആകര്‍ഷണങ്ങളാണ് പോലും. ഇരിപ്പിന്‍റെ കിടപ്പിന്‍റെ നടപ്പിന്‍റെ രീതിശാസ്ത്രങ്ങള്‍ അവള്‍ക്കിന്ന് മനപാഠമാണ്.നിരന്തരം അര്‍ത്ഥസൂചനകളെ സംവഹിക്കുന്ന ചിഹ്നത്തിന്‍റെ തടവുകാരിയായി അവള്‍ മാറി.
വെയിറ്റര്‍ കൊണ്ടുവന്ന പതയുന്ന കാപ്പിയിലെ പ്രണയചിഹ്നം സ്പൂണില്‍ കോരിയെടുക്കുന്നതിനിടയിലായിരുന്നു ആബിദിന്‍റെ ചോദ്യം.
‘കാമുകിയുടെ കടമകള്‍ എന്താണെന്നറിയോ തനിക്ക് ‘ .കടും വര്‍ണ്ണത്തിലുള്ള ഒരു പുഛപ്പൂവ് ആമിയുടെ ചിരി കോണില്‍ വിരിഞ്ഞാടി. അവളുടെ നിസ്സംഗഭാവം കണ്ട് വിളറി പിടിച്ച ആബിദ് ഫോണെടുത്ത് പബ്ജിയിലേക്ക് നുഴഞ്ഞു. പ്രേമം പഴുപ്പിച്ച മനസ്സും ശരീരവുമുള്ള കമിതാക്കള്‍ പരസ്പ്പരം ചോര കൊണ്ട് ഐസ്ക്രീം ഉണ്ടാക്കി കഴിക്കുന്നത് അവള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. ചെറുനാരങ്ങ പിഴിഞ്ഞ സര്‍ബത്ത് കണക്കെ ചുണ്ടുകളെ പാനം ചെയ്യുന്ന കാമുകീകാമുകന്മാരെയും ആമി കണ്ടിട്ടുണ്ട്. അവര്‍ക്കിടയിലൊക്കെയും ഒഴുകി പരക്കുന്ന വിശപ്പിനെ കൗതുകത്തോടെ അവള്‍ നോക്കി നില്‍ക്കും.പ്രണയം ചാലിച്ച ഭീഷണികള്‍ക്കപ്പുറം കാമുകന്‍ കാമുകിയെ വെടിയുതിര്‍ത്തു കൊല്ലുന്ന ഗെയിം ആണിന്നവളുടെ പ്രണയം. ഗെയിം ഓവറിനപ്പുറം ആളിപ്പടരുന്ന തീജ്വാലകളെ ഭയന്നാണ് അവള്‍ ആണ്‍കോന്തിയായത്. കാപ്പി പാതി കുടിച്ച് ആബിദ് എണീറ്റപ്പോഴും അവള്‍ കാപ്പിപ്പത കോരിക്കഴിഞ്ഞിരുന്നില്ല. കാപ്പിക്കപ്പിലെ ആഴങ്ങളില്‍ പരപ്പില്ലാത്ത ആകാശങ്ങളും ഇരമ്പങ്ങളില്ലാത്ത കാറ്റും അവശേഷിച്ചു.
ആമിയുടെ വീടിന് മുന്നില്‍ ആബിദ് കാറു നിര്‍ത്തി.ഡോര്‍ തുറക്കാനാഞ്ഞ ആമിയെ ബലമായി വലിച്ചു ചേര്‍ത്ത് ആബിദ് ചുംബിച്ചു.തടിയന്‍ തേരട്ടയുടെ വഴുക്കുന്ന ഇറച്ചി കഷ്ണം ആമിയുടെ ചുണ്ടുകളില്‍ തൊട്ടതും തൊണ്ടയിലൂടെ ഇരച്ചു വന്ന ഓക്കാനം ഛര്‍ദ്ദില്‍ തിരകള്‍ക്ക് വഴിമാറി. മഞ്ഞ നിറത്തിലുളള കുറുകിയ ദ്രാവകം പാനം ചെയ്ത ആബിദ് കാറിനുള്ളില്‍ നിന്നും പുറത്തേക്ക് പാഞ്ഞു. ഞെക്കി പഴുപ്പിച്ച നുണകളെ പ്രണയത്തിലരച്ച് നേടിയ സ്വാതന്ത്രത്തിനു രുചി കയ്പ്പാണ്. തിയേറ്ററിലായിരിക്കുമ്പോള്‍ ലൈബ്രറിയിലും റസ്റ്റോറന്‍റിലാകുമ്പോള്‍ വീട്ടിലുമായിരിക്കേണ്ട ഇരട്ടവേഷപകര്‍ച്ചകള്‍ക്ക് വിരാമമിടണമെന്ന് അവള്‍ നിശ്ചയിച്ചു.അന്നുരാത്രിയിലെ നിലാവിന് അവള്‍ക്ക് കുളിരുന്ന ഇളം ചൂടനുഭവപ്പെട്ടു. ആബിദിന്‍റെ ഇട്ടാവട്ടങ്ങളില്‍ കെട്ടിക്കിടന്ന പുഴയുടെ നിശ്ചലതയിലേക്ക് പതിച്ച വെള്ളാരം കല്ലുകള്‍ സൃഷ്ടിച്ച ഓളം വെട്ടലുകള്‍.. സ്വപ്നങ്ങളില്‍ നിന്ന് പറവകള്‍ ചിറകടിച്ചുയര്‍ന്നു. ആസിഡ് ബള്‍ബുകളെ നിര്‍വീര്യമാക്കുന്ന ഛര്‍ദ്ദില്‍ തുള്ളികളുടെ മസാലക്കൂട്ടുകള്‍ ആമി കണ്ടെത്തി കഴിഞ്ഞിരുന്നു. കാന്താരിമുളകും കുരുമുളകും ചേര്‍ത്തരച്ച ഇഞ്ചിക്കറിയിലെ വഴുവഴുത്ത അവശിഷ്ട്ടങ്ങള്‍ ആബിദിന്‍റെ മൂക്കിന്‍ തുള വഴി തൊണ്ടയിലേക്ക് ഇരച്ചുകയറി. വാളന്‍പുളി പിഴിഞ്ഞൊഴിച്ച പച്ച മാങ്ങാക്കറിയുടെ പുളിപ്പന്‍ ഛര്‍ദ്ദില്‍ ആബിദിന്‍റെ ഏമ്പക്കങ്ങളില്‍ തികട്ടി വന്നു.
അവന്‍ കുടിപ്പിച്ച ഗുളികകള്‍ക്കൊന്നും തടയിടാനാകാത്ത വിധം ഛര്‍ദിയുടെ പേമാരി തിമര്‍ത്തുപെയ്തു.ഒടുവില്‍ അരുണ്‍ റോയിയുടെ മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ ആമി പതിവിലും ശാന്തയായിരുന്നു. ആബിദുമായുളള മണിക്കൂറുകള്‍ നീണ്ട സംഭാഷണത്തിന് ശേഷമാണ് ഡോക്ടര്‍ അവളെ മുറിയിലേക്ക് വിളിപ്പിച്ചത്.കസേരയില്‍ തല കുനിച്ചിരുന്ന ആബിദിനടുത്തു നിന്നും കസേര അകറ്റിയിട്ട് അവളിരുന്നു.”കേട്ടിടത്തോളം ദിസ് ഈസ് ഗാമോഫോബിയ.എ കൈന്‍റ് ഓഫ് ഫിയര്‍ ഓഫ് കമ്മിറ്റ്മെന്‍റ് ഫോബിയ.ഇതിന്‍റെ ഫിസിക്കല്‍ സിംമ്പ്റ്റം ആണ് ആമി കാണിക്കുന്ന ഈ ഒമിറ്റിംങ്. റാപ്പിഡ് ഹാര്‍ട്ട് റേറ്റ്, ബോഡി ഫെയ്ന്‍റിംങ്, ട്രെബ്ളിങ് ദീസ് ആര്‍ അദര്‍ സിംമ്പ്റ്റംസ് ‘ .ആ ബിദിനേയും ആമിയേയും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് ഡോക്ടര്‍ തുടര്‍ന്നു.’ ഞാന്‍ പറയുമ്പോള്‍ ഇറ്റ് ഈസ് ബെസ്റ്റ് ദാറ്റ് യു സ്റ്റെ എവേ ഫ്രം ഈച്ച് അദര്‍.അദര്‍ വൈസ് സിറ്റ്വേഷന്‍ വില്‍ ഗെറ്റ് വേര്‍സ്’. പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഡോക്ടറുടെ കൈത്തലങ്ങളില്‍ വിയര്‍പ്പ് പടരുന്നത് അവള്‍ കണ്ടു.മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്ത രോഗിയെ ഡോക്ടര്‍ കണ്ടെത്തിയോ എന്ന് അവളുടെ മനസ്സിലെ കുസൃതി കുരുവി ചിലച്ചു. ‘ഫക്ക് ഓഫ് ‘.. ആബിദിന്‍റെ ശബ്ദമായിരുന്നു അത്. അവനിരുന്ന കസേരയില്‍ നിന്നും ഒരു കൊടുംങ്കാറ്റ് കെട്ടഴിഞ്ഞ് മുറിയില്‍ ആഞ്ഞുവീശി. ചുരുട്ടിയ മുഷ്ടി കൊണ്ട് ചുമരില്‍ ആഞ്ഞു കുത്തിയ ശേഷം ആമിയെ തറപ്പിച്ചു നോക്കി കൊണ്ട് ആബിദ് മുറി വിട്ടു പോയി. ചോര ഊറ്റി കുടിച്ച കന്നട്ട അവളുടെ ശരീരത്തില്‍ നിന്നും താഴേക്ക് ഉരുണ്ടു വീണു.ചെരിപ്പ് കൊണ്ട് അട്ടയെ ചവിട്ടിയരക്കുന്നതിനിടയില്‍ ആമി ഓര്‍ത്തത് ആബിദിനെ അസ്വസ്ഥപ്പെടുത്തിയ ഛര്‍ദ്ദിലിന്‍റെ രസക്കൂട്ടിനെക്കുറിച്ചായിരുന്നു.
ശഹന എ.
ഗവേഷക, കേരള സര്‍വ്വകലാശാല കാര്യവട്ടം എം. ഫില്‍ മലയാളം
COMMENTS