ഈ അടുത്തകാലത്തായി മക്കളും ഭര്‍ത്താവും കുടുംബവുമായിക്കഴിയുന്ന പെണ്‍കുട്ടികള്‍ എല്ലാം വെടിഞ്ഞ് പ്രണയം തേടി പുറത്തു പോകുന്ന കാഴ്ച ധാരാളമായി കേള്‍ക്കുന്നുണ്ടല്ലോ. പ്രണയിച്ചു നടക്കേണ്ട കാലത്ത് ഭയപ്പെട്ട് വീട്ടുകാര്‍ പിടിച്ചു കെട്ടിച്ചു കൊടുക്കാന്‍ തുടങ്ങുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹം എന്നത് പലര്‍ക്കും പ്രണയിക്കാനുള്ള കളമാകുന്നില്ല. ജോലിക്ക് ഒരാളെ വേണമെന്ന പരസ്യത്തിനു പകരം വിവാഹം ചെയ്താല്‍ മതിയെന്ന ധാരണയില്‍ നിന്നാണ് പ്രശ്നത്തിന്‍റെ ഒഴുക്കാരംഭിക്കുന്നത്. ആവശ്യത്തിന് പ്രണയം പ്രതീക്ഷിച്ച് ഭര്‍ത്താവിന്‍റെ പിന്നാലെ വരുന്ന അവള്‍ക്ക് പ്രണയം കണി കാണാന്‍ കിട്ടുന്നില്ല എന്നു വേണം കരുതാന്‍. സേനഹം മാത്രമല്ല പ്രണയവും അവള്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. സ്നേഹം ഉള്ളില്‍ വെക്കുന്നതും അന്യ സ്ത്രീകളെ പ്രണയിക്കുന്നതും ആണത്തമാണെന്നു കരുതുന്നവരുടേയും കൂടി ലോകമാണ് നമ്മുടേത്. പത്തൊമ്പതും ഇരുപതും വയസ്സുള്ള പെണ്‍കുട്ടിയാവും വിവാഹിതരാവുന്നത്. വിവാഹം പ്രണയത്തിന് സ്ഥാനമില്ലാത്ത ഇടമാണ് എന്ന തെറ്റിദ്ധാരണയും നമ്മുടെയിടയില്‍ നിലനില്‍ക്കുന്നുണ്ട്.
സ്നേഹവും പ്രണയവും പങ്കുവെയ്ക്കാനുള്ള ഇടമായി വിവാഹത്തെ കണ്ടു തുടങ്ങിയാല്‍ പ്രശ്നങ്ങള്‍ അലിഞ്ഞു തുടങ്ങും. വീട്ടുകാരെ ഭയന്ന് ഇവ മനസ്സിലൊളിപ്പിക്കുന്ന ധാരാളം ഭര്‍ത്താക്കന്മാരെക്കാണാം. സ്നേഹിക്കുവാനും പ്രണയിക്കുവാനും അവസരമൊരുക്കി കൊടുക്കുക എന്നതുമാത്രമാകണം വീട്ടുകാരുടെ ഉത്തരവാദിത്തം.അവര്‍ പ്രണയിക്കട്ടെ, അവര്‍ കളിക്കട്ടെ, ചിരിക്കട്ടെ. പുറത്തു പോവുകയും വരികയും ചെയ്യട്ടെ. ഒളിഞ്ഞു നോക്കാത്ത, പരിഹസിക്കാത്ത, കണ്ണുരുട്ടിക്കാണിക്കാത്ത ഒരു ഗൃഹാന്തരീക്ഷം നമ്മള്‍ ഒരുക്കിക്കൊടുക്കണം. മധുരമൂറുന്ന വാക്കുകും തേനൂറുന്ന നോക്കും ചാട്ടൂളിക്കു പകരം അവളെ പുളകിതയാക്കട്ടെ. പ്രണയം പൂത്തുലയുന്ന ഇടത്തില്‍ നിന്നും പറിച്ചെറിഞ്ഞാലും പോകാത്തവരാണ് മിക്ക പെണ്ണുങ്ങളും. പഴയ കാലങ്ങളില്‍ ദീര്‍ഘനിശ്വാസം വിടാന്‍ പോലും ഭയപ്പെട്ട് ജീവിതം ഇരുട്ടികളില്‍ ജീവിച്ചു തീര്‍ത്ത പെണ്ണുങ്ങളുടെ കാലം കഴിഞ്ഞു. പ്രതീക്ഷിക്കുന്ന, പ്രതീക്ഷിക്കുന്ന ഇടം തെരഞ്ഞു പോവുന്ന പെണ്ണുങ്ങളാണ് ഇന്നുള്ളത്.പ്രണയം പൂക്കുന്ന മനസുമായി ഭര്‍ത്താവിന്‍റെ പിന്നാലെ വരുമ്പോള്‍ അതു വളരാനുള്ള വെള്ളവും വളവും നല്‍കുക തന്നെ ചെയ്യണം. അല്ലെങ്കില്‍ അവര്‍ പുറത്തു പോകും.പുറത്തു പോകുമ്പോള്‍ കണ്ണില്ലാത്തതു കൊണ്ടു തന്നെ കണ്ണില്‍ ചോരയില്ലാതെ പെരുമാറിയെന്നു വരും.അത് ഒഴിവാക്കണമെങ്കില്‍ നാം തന്നെ കരുതലൊരുക്കണം ;നമുക്ക് രക്ഷപെടാനും അവരെ രക്ഷപെടുത്താനും.
ഡോ.ജാന്‍സി ജോസ്
COMMENTS