നിധിന എന്ന പെണ്‍കുട്ടി സ്വന്തം കാമുകനാല്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട സംഭവം, വിസ്മയയുടെ സ്രീധന കൊലപാതകത്തെപ്പോലെ കേരളീയ സമൂഹ മന:സാക്ഷിയെ വീണ്ടും ഞെട്ടിച്ചു. ഈ സംഭവങ്ങള്‍ എന്തുകൊണ്ടുണ്ടാവുന്നു എന്ന് കണ്ടെത്തി അതിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ പക്ഷെ നമുക്ക് എത്രത്തോളം താല്പര്യമുണ്ട്? സ്ത്രീധന സമ്പ്രദായവും പുരുഷന്‍റെ സ്ത്രീക്കുമേലുള്ള ആധിപത്യവും ചോദ്യം ചെയ്യാനോ ഇല്ലാതാക്കാനോ നമ്മള്‍ തയ്യാറാകുമോ? ഇതാണ് ആ പ്രധാന ചോദ്യം. ജനിച്ചുവീഴുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും വളര്‍ന്നുവരുമ്പോള്‍ സ്ത്രീ-പുരുഷന്‍ എന്ന ജെന്‍ഡര്‍ റോളുകള്‍ സ്വാംശീകരിച്ച വ്യത്യസ്ത വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കപ്പെടുന്നു. സമൂഹം പുരുഷാധിപത്യ വ്യവസ്ഥിതിക്കനുസരിച്ച് ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് അതിനു കാരണം. പെണ്ണിനെ ആണിന്‍റെ കീഴിലുള്ള ഒരു ലൈംഗിക വസ്തുവായി, ആണിനുവേണ്ടി തന്‍റെ എല്ലാ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും മാററിവെക്കുന്ന അടിമയായി മാത്രം വീക്ഷിക്കുന്ന ആണ്‍കോയ്മയാണ് എല്ലാ ജാതി മത സാമ്പത്തിക വിഭാഗത്തിലും നിലനില്ക്കുന്നത്. മുതലാളിത്തത്തിന്‍റെ ഒരു പ്രകട കുടുംബരൂപമാണ് അണുകുടുംബം. സ്ത്രീയുടെ ലിംഗാടിസ്ഥാനത്തിലുള്ള ജോലിവിഭജനം അടിത്തറയായിട്ടുള്ള ഈ കുടുംബരൂപം, പുരുഷന്‍റെ സ്ത്രീക്കുമേലുള്ള സര്‍വതോമുഖമായ അധികാരം ഉറപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം പ്രണയബന്ധങ്ങളെ കാണാന്‍. ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയെ പ്രണയിച്ചു തുടങ്ങിയാല്‍ അവള്‍ക്ക് മേല്‍ വൈകാരികമായ അധികാരം പ്രയോഗിക്കാനുള്ള ലൈസന്‍സായി അവനതിനെ സമീപിക്കുന്നു. ചെറുപ്പം മുതലേ അവന്‍ പരിശീലിക്കപ്പെട്ടത് അങ്ങനെയാണ്.സ്ത്രീയെ പുരുഷന്‍റെ സ്വകാര്യസ്വത്തായി കാണുന്ന പൊതുസമൂഹത്തിന്‍റെ മനോനില ആന്തരികവല്ക്കരിച്ച അവന് ഈ അധികാരപ്രയോഗത്തില്‍ അസ്വാഭാവികത ഒന്നും കാണാന്‍ കഴിയുന്നില്ല. പെണ്‍കുട്ടിയാണെങ്കില്‍ ആണിന് വിധേയയാകാന്‍, അടക്കവും ഒതുക്കവുമുള്ള ഒരു അടിമയാകാന്‍ പരിശീലിക്കപ്പെട്ടതിനാല്‍ ഈ അധികാരത്തിന് വഴങ്ങുന്നു. പ്രണയിനിയെ സംശയിക്കുക, അതിന്‍റെ പേരില്‍ അവളുടെ ജീവിതം ദുസ്സഹമാക്കുക എന്നത് പുതിയ പ്രതിഭാസമല്ല, അതിന് വളരെയേറെ പഴക്കമുണ്ട്. ദുസ്സഹമായ ഇത്തരം സാഹചര്യങ്ങളില്‍ ബന്ധം തുടരേണ്ടെന്ന് തീരുമാനിക്കാന്‍ ഒരു പെണ്‍കുട്ടി തുനിയുമ്പോഴാണ് സൈബര്‍ ആക്രമണങ്ങള്‍ മുതല്‍ ആസിഡ് എറിയുക, മാരകായുധങ്ങള്‍ പ്രയോഗിക്കുക എന്നീ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നത്. തമ്മില്‍ അടുക്കുമ്പോഴായിരിക്കും ഇത്തരത്തില്‍ അധികാരം പ്രയോഗിക്കുന്ന ഒരു വ്യക്തിയുമായുള്ള പ്രണയം തനിക്ക് ദോഷമാണെന്ന് മനസ്സിലാക്കി വിച്ഛേദിക്കാന്‍ പെണ്‍കുട്ടി തീരുമാനിക്കുന്നത്. ഇന്നത്തെ പ്രണയങ്ങളില്‍ പൊതുവെ ബന്ധം വേര്‍പെടുത്താനുള്ള അവകാശം പെണ്ണിനില്ല. ആണിനുണ്ടുതാനും. ‘അവനാണല്ലെ, അവനങ്ങനെയൊക്കെ ആയിരിക്കും’ എന്നാണ് പൊതുസമീപനം. അതെ, പ്രണയങ്ങള്‍ പോലും ആണിന്‍റെ അധികാരം ഉറപ്പിക്കുന്ന ചട്ടുകങ്ങളാകുന്നു. ‘ഉയരെ’ എന്ന സിനിമയില്‍ പ്രതിപാദിച്ച സംഭവവും ഇതുതന്നെയല്ലേ. പ്രതിഭാസങ്ങളെയല്ല അവയ്ക്ക് വേരോട്ടമുള്ള പ്രത്യയശാസ്ത്രങ്ങളേയും ഘടനകളേയുമാണ് പിഴുതുകളയേണ്ടത്. അതുകൊണ്ടുതന്നെ ഈ അധികാര വ്യവസ്ഥിതിയില്‍ മേലാളത്തം വഹിക്കുന്ന ആണ്‍കുട്ടികള്‍ക്കാണ് ഇനി ബോധവല്‍വല്‍ക്കരണ ക്ലാസ്സുകള്‍ കൊടുക്കേണ്ടത്. പെണ്ണിനെ തുല്യയായി കാണാനും അവളുടെ അവകാശങ്ങളെ അംഗീകരിക്കാനും ആണ്‍കുട്ടികള്‍ പഠിക്കേണ്ടിയിരിക്കുന്നു. പെണ്ണിനെ ലൈംഗിക വസ്തുവായി മാത്രം കാണുന്ന, തന്‍റെ ഇഷ്ടത്തിനനുസരിച്ച് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാനും കീഴ്പെടുത്താനും പററുന്ന ‘വിനീത വിധേയ’രായ അടിമകള്‍ മാത്രമാണ് പെണ്ണ് എന്ന ദാര്‍ഷ്ട്യം നിറഞ്ഞ ആ അധികാര ഭാവത്തെ വേരോടെ പിഴുതുകളയേണ്ടിയിരിക്കുന്നു. ആണത്തമെന്നും പെണ്ണത്തമെന്നുമുള്ള വാര്‍പ്പുമാതൃകയുടെ പ്രത്യയശാസ്ത്രത്തെ ബോധപൂര്‍വം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയുള്ള പദ്ധതികളാണ് ആവിഷ്ക്കരിക്കപ്പെടേണ്ടത്. യുവതലമുറയിലെ ആണ്‍പെണ്‍ സമ്മിശ്രങ്ങളായതും ആണുങ്ങള്‍ക്ക് മാത്രമായതുമായ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിപാടികള്‍ക്ക് രൂപം കൊടുക്കണം.മാറേണ്ടത് ആണ്‍-പെണ്‍ ബന്ധങ്ങളാണ്. പരസ്പരം വ്യക്തികളേയും പരിസരത്തേയും ലോകത്തെത്തന്നേയും വീക്ഷിക്കുന്ന മനോനിലകളാണ്. അല്ലാതെ പുറംപൂച്ചിലുള്ള ചില പ്രതിഭാസങ്ങളല്ല, രോഗലക്ഷണങ്ങളല്ല രോഗം തന്നെയാണ്. അജിത കെ.
Newer Post
മെഡിക്കല്‍ സിലബസുകളിലെ ക്വിയര്‍ വിരുദ്ധത Older Post
നിയമപഠനവും ലിംഗനീതിയും
COMMENTS