ഇന്ത്യന്‍ സ്വാതന്ത്ര്യസമര ശേഷം ബഹുജനപങ്കാളിത്തസമരവും ജനരോഷവും രാജ്യമാകെ ഉയര്‍ന്ന മറ്റൊരു സാഹചര്യം ഉണ്ടായിട്ടില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലടക്കം പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടും സ്വജനപക്ഷപാതപരമായി ഒരു സര്‍ക്കാര്‍ മുന്നോട്ട് പോയി എന്നതുതന്നെയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ജനാധിപത്യ വെല്ലുവിളി. പൗരത്വം ഏതൊരു വ്യക്തിയും ജീവിക്കുന്ന ഭരണഘടനാപരമായ രാജ്യാതിര്‍ത്തിയിലെ അംഗീകൃത പദവി ആണെന്നിരിക്കെ ആ പദവിയുടെ അവകാശികള്‍ ആരൊക്കെ എന്നത് സങ്കീര്‍ണ്ണമാകുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യം, ഭരണകര്‍ത്താക്കള്‍, അവരുടെ രാഷ്ട്രീയം, അവയെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍, സാമ്പത്തിക താല്പര്യങ്ങള്‍ എന്നിങ്ങനെ നിയന്ത്രണഘടകങ്ങള്‍ രൂപപ്പെട്ടുവരുമ്പോള്‍ പൗരത്വത്തിനുള്ള അര്‍ഹത ചിലരിലേക്ക് ചുരുങ്ങുന്ന സവിശേഷ സാഹചര്യം ഇന്ത്യയിലും വന്നിരിക്കുന്നു. പൗരരില്‍ നിന്നും അഭയാര്‍ഥികളിലേക്ക് കൂടുമാറേണ്ടുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യം കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നു എന്നത് തന്നെയാണ് ഇന്ത്യയുടെയും ലോകത്തിന്‍റെയും ഇന്നത്തെ അവസ്ഥയും ഗതികേടും. അവിടെയാണ് സാമൂഹ്യഘടനയില്‍ പരിഗണകളില്‍ ഇല്ലാതെ, സാമൂഹ്യ വ്യവഹാരങ്ങളില്‍ നിന്നും അദൃശ്യരാക്കപ്പെട്ട ട്രാന്‍സ് ജെന്‍ഡര്‍ മനുഷ്യരും സ്വവര്‍ഗ്ഗാനുരാഗികളും അടങ്ങുന്ന ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങളുടെ പൗരത്വ നിയമ നിലകള്‍ ചര്‍ച്ചയാകേണ്ടത്.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപരവത്കരണവും സാമൂഹികഭ്രഷ്ടും നേരിടേണ്ടി വന്നത് ഇവിടത്തെ തദ്ദേശീയ ഹിജഡാ പാരമ്പര്യത്തില്‍ ജീവിച്ചിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്കാണ്. വിഭവ വിതരണത്തിലോ, അധികാര വിനിമയങ്ങളിലോ അവസരസമത്വങ്ങളിലോ ഒരിക്കല്‍ പോലും പരിഗണനകള്‍ക്ക് പാത്രമാകാതിരുന്ന ഒരു കൂട്ടം മനുഷ്യര്‍ ചരിത്രാതീത കാലം മുതലേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. 1860 കാലഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവതരിപ്പിച്ച ഐപിസി 377, 1871 ലെ ഹിജ്റ ട്രെെബ്സ് ക്രിമിനല്‍ ആക്ട് എന്നിവയെല്ലാം നീതിനിഷേധവും ഇടങ്ങളുടെ അപഹരണവും മാത്രമാണ് ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങളോട് നടത്തിയത്, ചരിത്രം സാക്ഷി!
ഉത്തരേന്ത്യയിലെ ഹിജഡാ പാരമ്പര്യത്തിന് പുരാണങ്ങളുടെ പകിട്ടും മേമ്പൊടിയും ചാര്‍ത്തി സാമൂഹികാകലം ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരോട് പുലര്‍ത്തിയിരുന്നു. ട്രെെബല്‍ ക്രിമിനല്‍ ആക്ടിന്‍റെ വരവോടെ രാഷ്ട്രീയമായും അവര്‍ മോഷ്ടിക്കപ്പെട്ടു, ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അവരെ ജയിലില്‍ അടക്കാനും ആ നിയമം അധിക അധികാരങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്‍കി. ഇതിനര്‍ഥം ബ്രിട്ടീഷ് ഇന്ത്യയില്‍ സ്വത്തവകാശമുള്ള മനുഷ്യരായിരുന്നു ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം എന്നതാണ്.
അന്യര്‍ എന്ന രീതി എപ്പോഴൊക്കെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പൊന്തിവന്നിട്ടുണ്ടോ അപ്പോഴൊക്കെ മാറ്റിനിര്‍ത്തപ്പെട്ട വിഭാഗം തന്നെയാണ് ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങള്‍.
അതിഭീകരമായ ഹോമോഫോബിയയും ട്രാന്‍സ്ഫോബിയയും ഇന്ത്യന്‍ സമൂഹത്തില്‍ വേരോടിയതിനു ബ്രിട്ടീഷ് ഭരണവും അവരുടെ സദാചാര സങ്കല്പങ്ങളും നല്‍കിയ സംഭാവനകള്‍ ചെറുതല്ല, ഇന്ത്യന്‍ ശുദ്ധി-വൃത്തി-ജാതി സങ്കലനങ്ങളില്‍ ഏറിയും കുറഞ്ഞും ആ ഭീതി നല്ലരീതിയില്‍ വളര്‍ന്നു എന്നതാണ് യാഥാര്‍ഥ്യം. ബ്രിട്ടീഷ് ഭരണത്തില്‍ ക്രിമിനലുകള്‍ ആയി മാത്രം കണക്കാക്കപ്പെട്ടിരുന്ന ക്വീയര്‍ മനുഷ്യര്‍ തങ്ങളുടെ സ്വത്വം ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങളുടേതല്ല എന്ന് സമൂഹത്തെയും കുടുംബത്തെയും ബോധ്യപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളുടെ ദുരന്തമാണ് ഇന്നും ഇന്ത്യയിലെ ക്വീയര്‍ മനുഷ്യര്‍ അനുഭവിക്കേണ്ടിവരുന്നത്. പക്ഷെ അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ മറ്റുവഴികളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും സ്വതന്ത്ര ഭാരതത്തിലേക്കും റിപ്പബ്ലിക്കിലേക്കും ഇന്ത്യ ചലിച്ചിട്ടും നിയമപരമായ അംഗീകാരം, ഭരണഘടനാവകാശങ്ങള്‍, തുല്യനീതി എന്നിവ അനുവദിച്ചുകിട്ടാന്‍ യഥാക്രമം ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് 2014ഉം സ്വവര്‍ഗാനുരാഗികള്‍ക്ക് 2018ഉം വരെ ക്ഷമയോടെ കാത്തിരിക്കേണ്ടതായി വന്നു. എന്തൊരു വിരോധാഭാസമാണ് ഇന്ത്യന്‍ റിപ്പബ്ലിക് LGBTIQ മനുഷ്യരോട് കാണിച്ചതെന്നത് ചിന്തനീയമാണ്. 1947ന് സ്വാതന്ത്ര്യദിനം ആഘോഷിക്കാനോ തുടര്‍ന്ന് റിപ്പബ്ലിക് ആയശേഷം ഭരണഘടനാവകാശങ്ങള്‍ ഉറപ്പാക്കുവാനോ അവസരം ലഭിക്കാത്തവരായി ക്വീയര്‍ മനുഷ്യര്‍ മാറി. ഇന്ത്യക്കാരുടെ പൊതുഇടങ്ങളില്‍ നിന്നും അവര്‍ നിഷ്കാസിതരായി മാറി.
ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും സ്വീകാര്യതയും വിഭിന്നഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്, ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് അവരുടെ ലിംഗത്വ സ്വത്വം (Gender Identity) അധികനാള്‍ പൊതുസമൂഹത്തില്‍ നിന്നും ഒളിപ്പിച്ചുവയ്ക്കുവാന്‍ സാധിക്കുകയില്ല, എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വത്വ പ്രതിസന്ധി (ബാഹ്യകാരണങ്ങള്‍ ഇല്ലെങ്കില്‍) മറ്റുള്ളവര്‍ അറിയാതെ തുടരുവാനും ചിലര്‍ക്കെങ്കിലും പൊതുബോധത്തെ തൃപ്തിപെടുത്തുവാനായി നിര്‍ബന്ധിത വിവാഹങ്ങളില്‍ അടക്കം ഏര്‍പ്പെടുവാനും സാധിക്കുന്നു. അതുകൊണ്ടാണ് ഇവിടത്തെ ക്വീയര്‍ ജനസംഖ്യ എത്രയെന്ന കൃത്യമായ കണക്ക് കമ്മ്യൂണിറ്റി സംഘടനകള്‍ക്ക് പോലും മനസ്സിലാകാത്തത്. അപമാനവും, വീട്ടുകാരും നാട്ടുകാരും ഒഴിവാക്കുമെന്ന ഭയവും, വിഷാദരോഗവും ഒറ്റപ്പെടലുമടക്കം നിരവധി പ്രതിസന്ധിഘട്ടങ്ങളെ ഒറ്റക്ക് മാത്രം തരണം ചെയ്യേണ്ടവരാണ് ക്വീയര്‍ മനുഷ്യര്‍.
നല്‍സ വിധി വഴിത്തിരിവാകുന്നു
2014 ഏപ്രില്‍ 15 ന് ബഹുമാനപെട്ട സുപ്രീം കോടതി നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് സൊസൈറ്റിയും കേന്ദ്ര സര്‍ക്കാരും മറ്റു കക്ഷികളുമായി നടന്നുവന്ന (NALSA Vs Union of India) കേസിലെ സുപ്രധാന വിധിന്യായത്തില്‍ ഇന്ത്യയിലെ പൗരന്മാരായി അംഗീകാരം നല്‍കിയ വിഭാഗമാണ് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍; ഭരണഘടനാപരമായും ചരിത്രപരമായും അവര്‍ ഇന്ത്യന്‍ പൗരരാണെന്ന് കോടതി കണ്ടെത്തി. എത്രത്തോളം വിരോധാഭാസമാണ് ഈ വിധി സമൂഹത്തോട് ചോദ്യരൂപേണ ഉന്നയിക്കുന്നത്, സമൂഹത്തോട് മാത്രമല്ല ഇത്രയും നാള്‍ നീതിനിഷേധം നടത്തിയ ഇവിടത്തെ ജനാധിപത്യപ്രക്രിയകളോടും കൂടിയാണ്.
ലക്ഷക്കണക്കിനുവരുന്ന ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് വോട്ടവകാശവും മറ്റ് പൗരത്വാവകാശങ്ങളും അത്രയും നാള്‍ നിഷേധിക്കപ്പെട്ടിരുന്നു എന്ന വിരുദ്ധതയും കോടതിവിധിയിലൂടെ പുറത്തു വന്നു. ലിംഗനീതിയുടെ മാഗ്നാകാര്‍ട്ട എന്ന് നല്‍സാവിധിയെ പുകഴ്ത്തുമ്പോഴും അടിസ്ഥാന മൗലികാവകാശങ്ങളില്‍ ഏതൊക്കെ ഒഴിവാക്കപ്പെട്ടു എന്നതും ചര്‍ച്ചയാക്കപ്പെടേണ്ടതാണ്. നല്‍സാ വിധിയിലൂടെ പൗരന്മാര്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളില്‍പ്പെട്ട വിദ്യാഭ്യാസത്തിലെയും ജോലിയിലെയും സംവരണമടക്കം നിരവധി അവകാശങ്ങള്‍ ഇന്നും ചോദ്യങ്ങളായി മാത്രം അവശേഷിക്കുന്നു. നല്‍സാ വിധി ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ സ്വത്തവകാശം, വിവാഹം, ദത്തവകാശം, ആരോഗ്യസംരക്ഷണം തുടങ്ങി മിക്ക അവകാശങ്ങളെക്കുറിച്ചും മൗനം പാലിക്കുന്നു. എന്നാല്‍ വ്യക്തി എന്ന നിലയില്‍ ഒരാളുടെ ലിംഗത്വം (gender) പ്രസ്താവിക്കാനും നിര്‍ണയിക്കുവാനുമുള്ള പരിപൂര്‍ണമായ അവകാശം ആ വ്യക്തിയില്‍ നിക്ഷിപ്തമാണെന്ന് വിധിച്ചു. തത്വത്തില്‍ ഇന്ത്യയിലെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് പൗരത്വവും അടിസ്ഥാനാവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനൊരു നിയമബലവും നല്‍സ വിധി നല്‍കി. തുടര്‍ന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാല്‍ ആശ്വാസങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മുകളില്‍ വലിയൊരു നിഴലായി ദേശീയ പൗരത്വ പട്ടികയുടെ തയ്യാറെടുപ്പും പൗരത്വ ഭേദഗതി നിയമവും വന്നുപതിച്ചു, അടങ്ങാത്ത ആശങ്കകളും ചോദ്യങ്ങളും ഇവ രണ്ടും മുന്നോട്ട് വച്ചുകൊണ്ട് തന്നെ.
ഇന്ത്യന്‍ ക്രിമിനല്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പ് സ്വവര്‍ഗാനുരാഗികളെ കുറ്റക്കാരാക്കുന്ന വകുപ്പാണെന്നൊരു കാഴ്ചപ്പാട് പൊതുസമൂഹത്തിനും നിയമ വ്യവസ്ഥക്കും കുറെ അധികം നാള്‍ ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയെയും ലൈംഗികതകളെയും ആകമാനം ബാധിച്ചിരുന്ന ബ്രിട്ടീഷ് സദാചാരമാണ് ക്യാന്‍സര്‍പോലെ ഈ വകുപ്പിലൂടെ ഇന്ത്യയാകമാനം പടര്‍ന്നുപിടിച്ചത്. എന്നാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 377 വകുപ്പിലെ കേസുകളില്‍ അധികവും ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെയും സ്വവര്‍ഗാനുരാഗികളെയും ഉന്നം വെച്ചുള്ളതായിരുന്നു. സുപ്രീം കോടതിയുടെ 2018 സെപ്റ്റംബര്‍ 6 ലെ സുപ്രധാനമായ ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്വവര്‍ഗാനുരാഗത്തെ നിയമവിധേയമാക്കുന്നതായിത്തീര്‍ന്നു. തത്വത്തില്‍ സ്വാതന്ത്ര്യശേഷം ഇന്ത്യ എന്ന രാജ്യത്ത് സ്വാഭിമാനത്തോടെ അസ്തിത്വ വിഷമമില്ലാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സാധിക്കുമെന്ന ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങളുടെ ആഗ്രഹങ്ങള്‍ക്കുമേല്‍ പതിച്ച കനത്ത ആഘാതമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടി കളും പൗരത്വ ഭേദഗതി നിയമവും.
അധികബാധ്യതയാകുന്ന നിയമം
ആരാണ് പൗരന്‍ എന്ന് നിശ്ചയിക്കുന്ന പട്ടിക തയ്യാറാക്കല്‍ പ്രക്രിയയില്‍ മാത്രം അസമില്‍ 2000ലധികം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കാണ് പൗരത്വം നഷ്ടപെട്ടത്. സ്വത്വം തുറന്നുപറഞ്ഞവര്‍ മാത്രം രണ്ടായിരം ഉണ്ടെങ്കില്‍ പലവിധ ഭയങ്ങളില്‍ സ്വത്വം പുറത്തുപറയാത്ത എത്രായിരങ്ങള്‍ അവിടെ മാത്രം ഉണ്ടാകും. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം മതകേന്ദ്രീകൃതമായപ്പോഴും സാമൂഹ്യ ഭ്രഷ്ട് നേരിടുന്ന ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍, ജനന രേഖകളോ മറ്റ് അടിസ്ഥാന രേഖകളോ കൈവശം ഇല്ലാത്ത ലക്ഷക്കണക്കിന് ട്രാന്‍സ് മനുഷ്യര്‍ അനിശ്ചിതമായ ഭാവിമുന്നില്‍ കണ്ടാണ് ഓരോ ദിനവും മുന്നോട്ട് കൊണ്ടുപോകുന്നത്. നല്‍സ വിധിക്ക് ശേഷം ഉണ്ടായ സ്വീകാര്യത പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇല്ലാതാകും എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ട്രാന്‍സ്ജെന്‍ഡര്‍ അവകാശ നിയമം പൗരത്വ ഭേദഗതി നിയമം പോലെ ആശങ്കയുണ്ടാക്കുന്ന മറ്റൊരു വിവാദ നിയമമാണ്. ട്രാന്‍സ്ജെന്‍ഡര്‍ അവകാശ നിയമം കേവലം ട്രാന്‍സ് മനുഷ്യരുടെ നിലനില്‍പ്പും അവരുടെ മാത്രം പ്രശ്നവുമായി കണ്ട പൊതുസമൂഹം പൗരത്വഭേദഗതി നിയമം പ്രശ്നമായപ്പോള്‍ ഏവരുടെയും പിന്തുണ കൈപ്പറ്റി; എന്നാല്‍ രണ്ടുനിയമങ്ങളും അപകടകരമാം വിധം തലക്കുമുകളിലെ വാളുപോലെ നില്ക്കുന്നത് ഇവിടത്തെ ക്വീയര്‍ ജീവിതങ്ങളുടെ മേലാണ്. എന്ത് അടിസ്ഥാന രേഖയാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയുടെ പക്കല്‍ ഉണ്ടാകാന്‍ സാധ്യത. ബാല്യകാലത്ത് വീടുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന, ജാതിയുടെയോ മതത്തിന്‍റെയോ പ്രിവിലേജുകള്‍ ലഭിക്കാതെ സമൂഹത്തിന്‍റെ ഏറ്റവും താഴെ തട്ടുകളില്‍ മാത്രം അഭിരമിക്കാന്‍ വിധിക്കപ്പെടുന്ന മനുഷ്യര്‍. മുഖ്യധാരയുടെ ഭാഗം ആകില്ല എന്ന് പൊതുജനം കരുതിയ ഒരു വിഭാഗം. അസമിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ന്യായാധിപ സ്വാതി ബിദാന്‍ ബറുവയുടെ വാക്കുകളില്‍ 1971നു മുന്‍പ് ഇവിടെ ജീവിച്ചിരുന്നതിന് എന്ത് തെളിവാണ് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ സമര്‍പ്പിക്കുക, എല്ലാവരും ഉപേക്ഷിക്കപ്പെട്ടവരാണ് അവരുടെ കൈകളില്‍ എന്ത് രേഖയാണ് ഉള്ളത്? അപേക്ഷകള്‍ തള്ളിക്കളഞ്ഞുള്ള അറിയിപ്പില്‍ മറ്റുള്ളവര്‍ (others) എന്ന കോളം പോലും ഉണ്ടായിരുന്നില്ല. എത്രത്തോളം നിരുത്തരവാദപരമായാണ് ഇവിടത്തെ ഭരണ സംവിധാനങ്ങള്‍ നിസ്സഹായരായ, ഇവിടത്തെ പൗരന്മാരെന്ന് സുപ്രീം കോടതി കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരോട് പെരുമാറുന്നത് എന്നതിന് മറ്റൊരു ഉദാഹരണം ആവശ്യമുണ്ടോ? സ്വവര്‍ഗാനുരാഗികളെ, ബൈസെക്ഷ്വല്‍ മനുഷ്യരെ, വൈവിധ്യമാര്‍ന്ന ജെന്‍റര്‍ വ്യത്യാസങ്ങളുള്ള മനുഷ്യരെ ഈ നിയമം അംഗീകരിക്കുമോ?
ഇന്ത്യയുടെ അടിസ്ഥാനതത്വങ്ങളില്‍ ഒന്ന് എന്നത് ബഹുസ്വരതയാണ്, ആ വൈവിധ്യങ്ങളില്‍ വ്യത്യസ്ത ലൈംഗികതകളും ലിംഗത്വ സ്വത്വങ്ങളും അടങ്ങിയിക്കുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമം അത്തരം എല്ലാ ബഹുസ്വരതകളെയും റദ്ദ് ചെയ്യുന്നുണ്ട്, മുന്നോട്ട് പോകുന്ന സമൂഹത്തിന്‍റെ കാലില്‍ മുറിവുണ്ടാക്കി വേഗത കുറക്കുന്ന ക്രൂരന്‍ മണ്ടത്തരങ്ങള്‍ പോലെയാണ് ഇന്നീ നിയമം പെരുമാറുന്നത് എന്ന് ലിംഗത്വ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്വീയറിഥം സംഘടനയുടെ വൈസ് പ്രസിഡന്‍റു കൂടിയായ ഭരതന്‍ അഭിപ്രായപ്പെടുന്നു. അതായത് എല്ലാത്തരം പ്രതീക്ഷകളും ഇല്ലാതാക്കുന്ന ഒരു അടവുനയം മാത്രമാണ് ഈ നിയമം. ബഹുസ്വരത എന്നതിന് ഏകമാനമായ മുഖം മാത്രമാണെന്ന് ഭരണകൂടം തിട്ടൂരമിറക്കിയാല്‍ ഇല്ലാതാകുന്ന ചരിത്രമാണോ നമുക്കുള്ളത്?
സ്വാതി ബിദാന്‍ ബറുവ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കികൊണ്ട് അറിയിച്ചത് NRC പ്രക്രിയയില്‍ അധികൃതര്‍ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരോട് ഒന്നുകില്‍ ആണ്‍ അല്ലെങ്കില്‍ പെണ്‍ എന്ന കോളത്തില്‍ പേരുകള്‍ നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും, അപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ എവിടെ കണ്ടെത്താനാകും എന്നുമാണ്? നല്‍സ വിധി, വിവിധ സംസ്ഥാന പോളിസികള്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ട്രാന്‍സ്ജെന്‍ഡര്‍ അവകാശ നിയമം എന്നിങ്ങനെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ ഒരു വശത്തുകൂടി അംഗീകരിക്കുമെന്ന് അവകാശപ്പെടുന്ന സര്‍ക്കാരുകള്‍ മറ്റൊരു വശത്തുനിന്നും അവരുടെ സ്വത്വം തന്നെ ഇല്ലാതാക്കുന്ന വൈരുധ്യാത്മക നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഭരണകൂട ഭീകരതയെന്നല്ലാതെ എന്ത് വിളിക്കാനാകും. അതായത് ഈ രാജ്യത്ത് ആണ്‍/പെണ്‍ ദ്വന്ദ്വങ്ങള്‍ മാത്രം മതിയെന്ന വിക്ടോറിയന്‍ സങ്കല്‍പം അതേപടി പകര്‍ത്താന്‍ അഭിനവ ഭാരതീയര്‍ ശ്രമിക്കാനൊരുങ്ങുന്നു എന്ന് സാരം.
നാസി ജര്‍മനിയില്‍ ജൂതന്മാരെ തിരിച്ചറിയാനായി ഭരണകൂടം വിവിധ അടയാളങ്ങള്‍ അവരുടെ മേല്‍ പതിച്ചതുപോലെ ഇന്ത്യയിലും പൗരന്മാരെ വേര്‍തിരിച്ചശേഷം ചിഹ്നങ്ങള്‍ അടയാളപ്പെടുത്തുമായിരിക്കും. നിങ്ങള്‍ ഒന്നാം തരം പൗരന്‍ മറ്റുള്ളവര്‍ രണ്ടും മൂന്നും നാലും, അപ്പോഴെല്ലാം ആ പട്ടികകളില്‍ പെടാതെ പോകുന്ന മനുഷ്യരും ഉണ്ടാകും എന്നതാണ് യാഥാര്‍ഥ്യം. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെ രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഒരുങ്ങുന്ന ഡീറ്റെന്‍ഷന്‍ സെന്‍ററുകള്‍ മുന്നോട്ടുവയ്ക്കുന്ന തരംതിരിയ്ക്കലുകള്‍ ഭയം വിതറുന്നവ കൂടിയാണ്. കേവലം മതയുക്തി മാത്രമല്ല ഇത്തരം പുറംതള്ളലുകള്‍ക്ക് ആധാരമെന്നത് വ്യക്തവും ദൃശ്യവുമാണ്; സമൂഹത്തിലെ പ്രിവിലേജ്ഡ് അല്ലാത്ത ആദിവാസി, ബഹുജന്‍, ക്വീയര്‍ മനുഷ്യരെ ആകമാനം ഏതൊരു മനുഷ്യനെയും ഇന്‍ഡ്യാക്കാരല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ സാധിക്കുന്ന നൂതന പുറംതള്ളല്‍ ബുദ്ധിയായികൂടി വേണം ഇതിനെ കാണാന്‍.
ഡീറ്റെന്‍ഷന്‍ സെന്‍ററുകളില്‍ നടക്കാനിരിക്കുന്നതെന്ത് എന്നുള്ളതും ആശങ്കയുളവാക്കുന്ന താണ്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നാസി പട്ടാളത്തിന്‍റെ പരീക്ഷണങ്ങള്‍ക്കും ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയായി മരണപ്പെട്ട ലക്ഷക്കണക്കിന് സ്വവര്‍ഗാനുരാഗികളും ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരും ഇന്നും അടയാളമായി നമുക്ക് മുന്നില്‍ ഉണ്ട് എന്നത് ഭീതി വര്‍ധിപ്പിക്കുന്ന വസ്തുതയാണ്. രാജ്യത്തെ പരമോന്നത കോടതി ജെന്‍റര്‍ സ്വയം നിര്‍ണയാവകാശമെന്ന് വിധിച്ചിട്ടും പൗരന്‍ ആണെന്ന് അംഗീകരിച്ചിട്ടും ഭരണകൂടം നിങ്ങള്‍ ആണാണോ പെണ്ണാണോ എന്നും പൗരര്‍ അല്ല എന്നും പറയുമ്പോള്‍ സാങ്കേതികതകളുടെ സങ്കീര്‍ണ്ണതകളില്‍ ബ്രിട്ടീഷുകാരുടെഹിജ്റ ട്രെെബല്‍ ക്രിമിനല്‍ നിയമവും ജനാധിപത്യ ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമവും തമ്മില്‍ എന്താണ് വ്യത്യാസം.
മുസ്ലിം മതത്തിലെ വലിയൊരു വിഭാഗവും പൗരത്വം നിഷേധിക്കപ്പെട്ട് തെരുവിലാക്കപ്പെടുമ്പോള്‍ ക്വീയര്‍മുസ്ലിം മനുഷ്യരുടെ ആശങ്കകള്‍ എത്രത്തോളം ഭീതിദമായിരിക്കും. ഇന്ത്യയിലെ ട്രാന്‍സ്ജെന്‍ഡര്‍ ഹിജ്റ പാരമ്പര്യം അതിന്‍റെ ചടങ്ങുകളും രീതികളും ഏറെക്കുറെ ഇസ്ലാം പാരമ്പര്യത്തില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടുള്ളവയാണ്, നിലനില്‍പ്പുതന്നെ സാങ്കേതികമാകുമ്പോള്‍ എന്തിനെയൊക്കെ തള്ളാനും കൊള്ളാനും അവര്‍ നിര്‍ബന്ധിതരാകും എന്നതും ചോദ്യമായി അവശേഷിക്കും.
ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്കിടയിലെ ഹിന്ദു മത പാരമ്പര്യ പ്രയോക്താക്കളായ കിന്നര വിഭാഗം ഏറെക്കുറെ പൗരത്വ ഭേദഗതിയെ അംഗീകരിക്കുന്ന മനുഷ്യരാണ്, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഇന്ത്യയിലെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ പിന്തുണക്കുന്നു എന്നവകാശപ്പെട്ട കിന്നര്‍ വിഭാഗം നേതാവുകൂടിയായ ലക്ഷ്മി നാരായണ്‍ ത്രിപാഠി വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്. സ്വവര്‍ഗാനുരാഗികളിലെ തീവ്ര മുസ്ലിം വിരുദ്ധരും ഹിന്ദുത്വ വാദികളും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. ഡേറ്റിംഗ് അപ്പുകളില്‍ പോലും മുസ്ലീം വിരുദ്ധത ഇതിനൊക്കെ അടിസ്ഥാനമായി മിക്കവാറും കൊണ്ടുനടക്കുന്നു എന്നതാണ് വൈവിധ്യങ്ങളുടെ ഇന്ത്യയിലെ ആധുനിക പ്രതിസന്ധി!
സ്വതവേ ലിംഗത്വം, ലൈംഗികത (Sexualtiy) എന്നിവ തുറന്നുപറഞ്ഞു ജീവിക്കുവാന്‍ സമൂഹം അനുവദിക്കാത്ത/അംഗീകരിക്കാത്ത സാഹചര്യത്തില്‍ പൗരത്വം തെളിയിക്കുക എന്നത് അധികബാധ്യത കൂടിയാണ്. പൗരത്വം റദ്ദാക്കപ്പെടുന്നവരുടെ സ്വത്തുവകകള്‍ ഭരണകൂടം എങ്ങനെയാണു കൈയാളുക എന്നതും കണ്ടുതന്നെ അറിയണം. രാജ്യം ആവശ്യപ്പെടുന്ന അടിസ്ഥാന രേഖകള്‍ ആര്‍ക്കൊക്കെ ഉണ്ട് എന്നതും നമ്മള്‍ ചര്‍ച്ചയാക്കേണ്ടതല്ലേ, 2014ല്‍ മാത്രം സ്വത്വം അംഗീകരിക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരോടാണ് 1971 മുന്‍പുള്ള രേഖ ഭരണകൂടം ആവശ്യപ്പെടുന്നത്; ലോകത്ത് മറ്റെവിടെയെങ്കിലും ഇത്തരം അവഹേളനം നടക്കുമോ? കുടുംബം, വിദ്യാഭ്യാസം, അടിസ്ഥാന രേഖകള്‍, സ്വത്ത്, നിയമ പിന്‍ബലം എന്നിവയൊന്നുമില്ലാത്ത ഒരു സമൂഹത്തോട് ഭരണകൂടം നാണമില്ലാതെ ചോദിക്കുന്നതും തെളിവുകളാണ്. കാടുകളില്‍ നിന്നും ആദിവാസി വിഭാഗക്കാരെ പുറത്താക്കാന്‍ പ്രാപ്തമായ പുതിയ ട്രെെബല്‍ ആക്ട് കൂടി തയ്യാറെടുക്കുന്നുണ്ട് എന്നതും ചേര്‍ത്ത് വായിക്കുമ്പോഴാണ് നിലവില്‍ പ്രാബല്യത്തില്‍ വരുന്ന മൂന്ന് നിയമങ്ങളും ആരെയൊക്കെ മുന്നില്‍ കണ്ടാണ് നിര്‍മാണം നടത്തിയതെന്ന് മനസിലാക്കാന്‍. ട്രാന്‍സ്ജെന്‍ഡര്‍ അവകാശ നിയമം, പൗരത്വ ഭേദഗതി നിയമം, വരാനിരിക്കുന്ന ട്രെെബല്‍ ബില്‍ – ഉത്തരം ലളിതമാണ്.
ഉത്തരവാദിത്തപരമായ ഭരണസംവിധാനത്തില്‍ പൗരډാരെ അപരവത്കരിക്കുകയാണോ അതോ സംരക്ഷിക്കുകയാണോ ഭരണസംവിധാനങ്ങള്‍ ചെയ്യേണ്ടതെന്ന ചോദ്യം പ്രസക്തവും യുക്തിഭദ്രവുമാണ്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ സംവിധാനങ്ങള്‍ ഒരു വിഭാഗം മനുഷ്യരെ അകറ്റുവാനും അനാഥരാക്കുവാനും മാത്രം വഴിവെക്കുന്നതാണ്. ബ്രിട്ടീഷ് ഭരണ സംവിധാനം ഇന്ത്യന്‍ ജനങ്ങളോട് കാണിച്ച വിവേചനവും അവമതിയും നാസി ജര്‍മനി ഭരണകൂടം കാണിച്ച വെറുപ്പും വിദ്വെഷവും ആധുനീകരിച്ചുകൊണ്ട് ജനാധിപത്യ ഇന്ത്യയില്‍ നിരപരാധികളോട് തെളിവുകള്‍ ചോദിക്കുന്നു. മുസ്ലിം മതവിഭാഗം മാത്രമല്ല ക്രൂശിക്കപ്പെടുന്നത്. അസ്തിത്വപ്രശ്നങ്ങള്‍ നേരിടുന്ന സ്ഥിരമായി ക്രൂരമായ കാലിയാക്കലുകള്‍ക്ക് പാത്രമായിരിക്കുന്ന ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങളും ഇരയാക്കപ്പെടുന്നു എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധത്തിന്‍റെ ഉദാഹരണമാണ്.
പ്രിജിത്ത് പി.കെ.
ക്വിയറിതം സ്ഥാപക അംഗം
COMMENTS