ജനാധിപത്യ താങ്ങിന്‍റെ എല്ലാ തൂണുകളും ഇന്ന് തുരുമ്പിച്ച അവസ്ഥയിലാണ്. അല്പ്പം പ്രതീക്ഷ പരത്തിയ കോടതിമുറികള്‍ പോലും നിഷ്പക്ഷതയുടെ മുഖം മൂടി സ്വയം വലിച്ചെറിയാനുള്ള ശ്രമത്തിലാണ്. അടുത്തിടെ നമ്മുടെ കോടതികള്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് പ്രമാദമായ പല കേസുകള്‍ക്കും വിധി പറഞ്ഞിരുന്നു. ശബരിമല സ്ത്രീ പ്രവേശം, മുത്തലാഖ് എന്നിവ ഉദാഹരണം. എന്നാല്‍ മുസ്ലിം സ്ത്രീകളുമായി നേരിട്ടു ബന്ധമില്ലാത്ത കേസുകളില്‍ കോടതി വിധിപ്രസ്ഥാവം നടത്തുമ്പോള്‍ മുസ്ലിം സ്ത്രീയുടെ ചില വിഷയങ്ങള്‍ കോടതിക്കു മുമ്പാകെ വരികയും കോടതി സ്വയം ചില സൂചനകള്‍ നല്കുകയും ചെയ്തിരുന്നു.
ശബരി മലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ നല്കിയ അനുമതിക്കെതിരെ റിവ്യു പെറ്റീഷന്‍ നല്കിയ കേസില്‍ വാദം കേട്ട അന്നത്തെ ചീഫ് ജസ്റ്റിസ് ശബരിമല യുവതീപ്രവേശം വിശാലബെഞ്ചിന് വിട്ടുകൊണ്ട്, ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ല സ്ത്രീകളോടുള്ള വിവേചനം എന്നു സൂചിപ്പിച്ചു. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം അടക്കമുള്ള ചില വിഷയങ്ങള്‍ കോടതി പരാമര്‍ശിച്ചിരുന്നു. അതു പോലെ ഇന്ത്യന്‍ സ്ത്രീ ജീവിതം പഠിക്കാന്‍ 2012-ല്‍ പഞ്ചാബ് സര്‍വ്വകലാശാല പ്രൊഫസറായിരുന്ന രാജ്പുത്തിന്‍റെ നേതൃത്വത്തില്‍ നിയോഗിച്ച ഉന്നത സമിതി റിപ്പോര്‍ട്ടില്‍ മുത്തലാഖ് പരാമര്‍ശം ഉണ്ടായിരുന്നു. യഥാര്‍ഥത്തില്‍ മുസ്ലിം സ്ത്രീകള്‍ ആ വിഷയവുമായി കോടതി കയറുന്നതിന് മുന്‍പാണിത്. അതേതുടര്‍ന്നാണ് മുത്തലാഖ് വിഷയം സജീവമാകുകയും നിയമനിര്‍മാണം നടപ്പിലാവുകയും ചെയ്തതത്. ഇങ്ങനെ ഇരട്ടനീതിപോലും നടത്താന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത് ഫാസിസത്തോടുള്ള ‘ചായ്വ് മാത്രമല്ല’ ഇന്ത്യയിലെ മുസ്ലിം പെണ്ണിനോടുള്ള വല്ലാത്ത സഹതാപമാണു പോലും. ഏക സിവില്‍ക്കോഡ് വാദമുഖങ്ങള്‍ ഉയര്‍ന്നുവരുമ്പോഴൊക്കെ പറഞ്ഞുകേള്‍ക്കാറുള്ളത് മുസ്ലിം സ്ത്രീയുടെ ലിംഗസമത്വവും ശാക്തീകരണവുമൊക്കെ തന്നെയാണ്.
അര്‍ഥവത്തായ സ്ത്രീശാക്തീകരണ ചിന്തയും സമത്വത്തിന്‍റെ സന്ദേശവുമൊക്കെ ലോകത്തെങ്ങും അലയടിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ചിന്താധാരകളൊക്കെയും ജാതീയാധിഷ്ഠിത മൂലപ്രമാണങ്ങളാല്‍ ബന്ധിക്കപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹികാവസ്ഥയിലെ സ്ത്രീകള്‍ക്കും ധൈര്യപൂര്‍വ്വം സാമൂഹികധാരയോട് സംവദിക്കാനും ക്രിയാത്മക ഇടപെടലുകള്‍ നടത്താനും സാധ്യതകള്‍ തെളിഞ്ഞു വരികയാണ്. ക്ഷേമരാഷ്ട്ര
സങ്കല്പ്പം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീസമൂഹത്തെ സാമൂഹിക പുറംപോക്കില്‍ നിര്‍ത്തുന്നത് ഗുണകരമാവില്ലെന്ന തിരിച്ചറിവ് പതിയെ പതിയെ രാഷ്ട്രീയ സാമൂഹിക മത പ്രസ്ഥാനങ്ങള്‍ ആര്‍ജ്ജിക്കുകയാണ്. അതനുസരിച്ച് വിവിധങ്ങളായ പദ്ധതികള്‍ സ്ത്രീകള്‍ക്കായി ഗവണ്‍മെന്‍റു തലത്തിലും വിവിധ സംഘടനാ തലത്തിലും നടപ്പിലാക്കപ്പെട്ടു. അങ്ങനെ സ്ത്രീ ശാക്തീകരമാറ്റത്തെ ഉള്‍കൊള്ളാനുള്ള പക്വത പുരുഷ സമൂഹത്തിനുണ്ടാവുകയും അത് സ്വമേധയാ സ്വീകരിക്കാനും കരസ്ഥമാക്കാനും സ്ത്രീ സമൂഹം തയ്യാറാവുകയും ചെയ്യുമ്പോള്‍ അതിന്‍റെ ഗുണഫലം നമ്മുടെ സമൂഹത്തില്‍ ദൃശ്യമായിക്കൊണ്ടിരിക്കും. എല്ലാ മതജാതി സമൂഹങ്ങളിലും ഈ ഉണര്‍വ്വ് കാണാനാകും. പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖല മാത്രം എടുത്തുനോക്കിയാല്‍ മതി സ്ത്രീ വിഭാഗത്തിന്‍റെ കാര്യശേഷി ബോധ്യമാകാന്‍. ഉന്നതകലാലയങ്ങളിലും ഉയര്‍ന്ന മത്സരപരീക്ഷകളിലും ഇത്തരത്തില്‍ സ്ത്രീപങ്കാളിത്തം ദൃശ്യമാണ്. ഈ മുന്നേറ്റം മുസ്ലിം സ്ത്രീയിലും വര്‍ദ്ധിച്ച തോതില്‍ കാണാം.
എന്നാലും പുറംപോക്കില്‍ ജീവിക്കുന്ന മുസ്ലിം സ്ത്രീയെ സമുദ്ധരിക്കാനും ശാക്തീകരണ പാതയില്‍ നടത്താനും മതേതര പുരോഗമന പ്രസ്ഥാനങ്ങളും, തെറ്റിലേക്കു വഴുതിപ്പോകാതിരിക്കാന്‍ അവളുടെ മേല്‍ എല്ലാ അതിരുകളും നിര്‍ണയിച്ചു കണ്ണു മൂടിക്കെട്ടി കൈപിടിച്ചു നടത്താന്‍ മത പൗരോഹിത്യ നേതൃത്വവും കൊണ്ടു പിടിച്ച പണിയിലാണ്. അവള്‍ക്കുമേല്‍ ഒരു രക്ഷാ കര്‍തൃത്തിന്‍റെ ആവശ്യമുണ്ടെന്നു ധരിച്ചുവശായവര്‍ ഒരു വശത്തും, മുസ്ലിം സ്ത്രീയുടെ പുറം ലോക ചുവടുവെപ്പുകളെ പരിഹാസ്യതയോടെ കാണുന്ന വത്തക്കാ കമന്‍റുകളും എരുമ വിളിയുമൊക്കെയുള്ള മതയഥാസ്ഥിതിക പാരമ്പര്യവാദികള്‍ മറുവശത്തും. ഈ രണ്ടു പുരുഷാധികാരഘടയിലാണ് മുസ്ലിം സ്ത്രീ എന്നാണ് ധാരണ. അതിനപ്പുറമുള്ള സാധ്യതകള്‍ ഏറെയുള്ള മുസ്ലിം പെണ്ണിനെ വകവെച്ചു കൊടുക്കാന്‍ ഈ രണ്ടു വിഭാഗങ്ങള്‍ പലപ്പോഴും തയാറായിരുന്നില്ല. മതമെന്ന നിലയില്‍ ഇസ്ലാം നല്കുന്ന സമ്പൂര്ണ സമത്വാധികാരങ്ങളെ കാണാനാകാതെ അടച്ചുറപ്പുള്ള കള്ളിയില്‍ പ്രതിഷ്ഠിക്കുന്ന മത യഥാസ്ഥികവും മതേതര പുരുഷസംരക്ഷണ വലയത്തിനകത്തേ മുസ്ലിം സ്ത്രീക്ക് സാധ്യതകള്‍ ഉള്ളൂ എന്നു ധരിച്ചുവശായ മറ്റൊരു വിഭാഗവും. ഈ രണ്ടു അധികാര ധാരയോടും സമരസപ്പെട്ടും അല്പ്പം കീഴ്പ്പെട്ടും ജീവിക്കുന്ന സ്ത്രീകളും ഇല്ലാതില്ല. എന്നാല്‍ ഈ രക്ഷാകര്‍തൃമേലാളډാരുടെ മുന്നിലേക്കാണ് ആകസ്മികമായി ചില ചോദ്യങ്ങള്‍ ഇട്ടുകൊണ്ട് നാടു നീളെ ഷഹീന്‍ ബാഗുകള്‍ രൂപപ്പെട്ടുവന്നത്. ഞങ്ങളെ ആരും നയിക്കേണ്ടതോ നിയന്ത്രിക്കേണ്ടതോ ഇല്ല, ഞങ്ങള്‍ നിങ്ങള്‍ക്കു ദിശ കാണിച്ചു തരാം എന്ന് ഊക്കോടെ പറഞ്ഞു കൊണ്ടാണ് അവ നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
പൗരത്വ സമരവും മുസ്ലിം സ്ത്രീ സാന്നിധ്യവും
ഇന്ന് ഇന്ത്യ എത്തിപ്പെട്ട അപകടകരമായ അവസ്ഥയെ ലോകത്തിനു മുന്നില്‍ ചൂണ്ടിക്കാട്ടിക്കൊടുത്തു ധീരമായി പൗരത്വബില്ലിനെതിരെ നാടിനെ നീങ്ങാന്‍ പ്രേരിപ്പിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ്യ വിദ്യാര്‍ഥികളായ ആയിശ റെന്നയും ലദീദയും ചന്ദനയും കൂട്ടുകാരും. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി തെരുവോരത്തെ തണുപ്പില്‍ വാര്‍ധക്യത്തെ കൂസാതെ സമരത്തിനു മുന്നിട്ടിറങ്ങിയ ദീദിമാരും. അവര്‍ക്കു പിറകില്‍ നാനാഭാഗങ്ങളിലായി അണിനിരന്ന ആയിരക്കണക്കിന് സ്ത്രീകളും. മുസ്ലിം സ്ത്രീയെ കുറിച്ച് ചില എല്ലാ ‘പാരമ്പര്യ’ചിന്തകളെയും പുനര്‍ വിചിന്തനത്തിനു വിധേയമാക്കണമെന്ന സന്ദേശമാണ് അവ സമൂഹത്തിനു മേല്‍ തുറന്നിടുന്നത്.
പൗരത്വ ബില്ലി നെതിരെ പാര്‍ലമെന്‍റിനു അകത്ത് ഇരു സഭകളിലും വിമര്‍ശനങ്ങളുയര്‍ത്തി എന്ന തൊഴിച്ചാല്‍ അടങ്ങിയിരുന്ന ഇന്ത്യന്‍ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പിന്നിലാക്കി പൗരബോധമുള്ള രാജ്യത്തെ ജനങ്ങളെയൊന്നാകെ പൗരത്വബില്ലിന്‍റെയും എന്‍.ആര്‍.സിയുടെയും എന്‍.പി.ആറിന്‍റെയും ദൂരവ്യാപക ഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കിയതും അതിനെതിരെ ശക്തമായ സമരം തുടങ്ങിയതും നയിച്ചതും യഥാര്‍ഥത്തില്‍ ഈ സ്ത്രീ കൂട്ടായ്മയാണ്. ഇന്ത്യയിലെ പുരുഷന്മാരാല്‍ നയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, യഥാർത്യത്തില്‍ പൗരത്വ ബില്ലിനെതിരെ ഉണര്‍ന്നത് ഈ പെണ്‍കൂട്ടം തെരുവിലേക്കു വന്നപ്പോഴാണ്.
നിഷ്പക്ഷബുദ്ധ്യാ സമീപിക്കുന്നവര്‍ക്കു മുന്നില്‍ വളരെ വ്യക്തതയോടെ കാണുന്ന മുസ്ലിംസ്ത്രീ മുന്നേറ്റത്തെ വലിയ തോതില്‍ മനസ്സറിഞ്ഞ് അംഗീകരിക്കാനുള്ള ധൈര്യം ഇന്നു പലരിലും കാണുന്നില്ല. മുസ്ലിം സ്ത്രീ മുന്നേറ്റത്തെയും വിദ്യാഭ്യാസ സാമൂഹിക ഉണര്‍വ്വിനെയും അംഗീകരിക്കാനും അവ കണ്ടില്ലെന്നു നടിക്കാനുള്ള പ്രവണതയും ബോധപൂര്‍വ്വം മറുഭാഗത്ത് ചിലരെങ്കിലും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പ്രത്യേകിച്ചും അക്കാദമിക മതേതര രംഗത്തെ പ്രമുഖരെന്നു പറയപ്പെടുന്നവരില്‍. അവരെ സംബന്ധിച്ചിടത്തോളം മതപരമായ ചിഹ്നങ്ങള്‍ അണിയുന്ന മുസ്ലിം സ്ത്രീ എത്രതന്നെ വിദ്യാഭ്യാസമുള്ളവളാണെങ്കിലും ഉന്നത നിലയിലാണെങ്കിലും അവളെ അംഗീകരിക്കാന്‍ കഴിയാത്തത്ര മാനസികാവസ്ഥ വളര്‍ന്നിട്ടുണ്ട്. പുരുഷ മേല്‍ക്കോയ്മ അടിച്ചേല്പ്പിക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറത്ത് സാധ്യതകള്‍ കാണാന്‍ കഴിയാത്തവരാണ് മുസ്ലിം സ്ത്രീ എന്ന ധാരണ ബോധപൂര്‍വ്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ബാഹ്യമായ കര്‍തൃത്വ പരിരക്ഷയും മേല്‍നോട്ടവും സംരക്ഷണവും അവള്‍ക്കു വേണ്ടതുണ്ട് എന്നാണ് പൊതുബോധം തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മുസ്ലിം സ്ത്രീ പോരാട്ടത്തിന്‍റെ ചരിത്രം
എന്നാല്‍ ഈ ധാരണകളെ സാമൂഹികമായ സ്വയം തിരിച്ചറിവില്ലാത്തതിന്‍റെ പേരിലാണെന്നു അടിവരയിട്ടു പറയുകയാണ് നാടൊട്ടുക്കും ഉയര്‍ന്നു പൊങ്ങിയ ഷഹീന്‍ ബാഗുകള്‍. സമാനമായ രീതിയില്‍ ഇന്ത്യയിലെ മുസ്ലിം സ്ത്രീത്വം തെരുവിലിറങ്ങിയ ചില ചരിത്ര സാഹചര്യങ്ങളുണ്ട്. 1857 ലെ ഒന്നാം സ്വാതന്ത്യ സമരത്തില്‍ അവരുടെ പങ്കാളിത്തമുണ്ട്. മക്കളും ഭര്‍ത്താക്കന്മാരും ആങ്ങളമാരും സ്വാതന്ത്ര സമരപോരാട്ടത്തിനായി ഇറങ്ങിത്തിരിക്കുമ്പോള്‍ കണ്ണുകള് മൂടിക്കെട്ടി വാതില്‍പ്പടിയില്‍ മറഞ്ഞിരിക്കുകയായിരുന്നില്ല അവരൊന്നും. മാപ്പിള സമരമെന്നു
പേരിട്ടു വിളിച്ചും പറഞ്ഞും ചരിത്രത്തിന്‍റെ തിരസ്കൃത കൊട്ടയിലേക്ക് വലിച്ചടുപ്പിക്കാന്‍ സവര്‍ണ അധീശത്വ ബോധം ശ്രമിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരമെന്നു വിശേഷിപ്പിക്കാവുന്ന 1920 ലെ മലബാര്‍ കലാപത്തില്‍ ദേശാഭിമാനത്താലും രാജ്യ സ്നേഹത്താലും ആവേശം കൊണ്ട് ജീവനും ജീവിതവും ബലിയര്‍പ്പിച്ച മുസ്ലിം പെണ്ണിന്‍റെ ചരിത്രവും വിസ്മരിക്കപ്പെടരുത്. ബ്രിട്ടീഷുകാരന്‍റെ യന്ത്രത്തോക്കിനു മുന്നില്‍ പതറാതിരിക്കാന്‍ പൂക്കോട്ടൂര്‍ യുദ്ധത്തിന് ബദര്‍പ്പാട്ടും പടപ്പാട്ടും പാടി മക്കളെയും ഭര്‍ത്താക്കډാരെയും പറഞ്ഞയച്ച ഉശിരുള്ള പെണ്ണാണവള്‍. സ്വതന്ത്ര ചരിത്രത്തില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം തന്നെ ചേര്‍ത്തുനിര്‍ത്തേ
ണ്ടതുണ്ട് അവരുടെ പ്രിയ പത്നി മാളു ഹജ്ജുമ്മയെ. പിതാവിനോടൊപ്പം ബ്രിട്ടീഷ് പട്ടാള തോക്കിനു മുന്നില്‍ വെടിയേറ്റു വീണ ഫാത്തിമയെന്ന കൗമാരക്കാരിയും കദിയുമ്മയും അങ്ങനെ അനേകായിരം വിസ്മൃതിയിലാഴ്ത്തപ്പെട്ടവര്‍ ഇവിടെയുണ്ട്.
1920-ല്‍ ഹൈദരാബാദ് കോണ്‍ഗ്രസ്സില്‍ ഹസ്രത്ത് മൊഹാനി പൂര്‍ണ സ്വാരാജ് എന്ന ആവേശ്വോജ്ജ്വല മുദ്രാവാക്യം വിളിക്കുമ്പോള്‍ അത്യുച്ചത്തില്‍ അതേറ്റുവിളിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ പ്രിയ പത്നി, നിശാത്തുന്നിസാ ബീഗം അവിടെ അഹമദാബാദിലെ ആ സമ്മേളന വേദിയിലുണ്ടായിരുന്നു. ‘യുവ തലമുറ ഈ ദേവിയുടെ കാല് ചുവട്ടിലിരുന്നു വേണം ആത്മാഭിമാനത്തിന്‍റെയും രാജ്യസ്നേഹത്തിന്‍റയും ഉദാത്ത മാതൃക പഠിക്കാന്‍’ എന്നു പണ്ഢിറ്റ് ബ്രിജ് നാരായണ്‍ വിശേഷിപ്പിച്ച സ്വാതന്ത്ര സമരനായികയായിരുന്നു അവര്‍. ഗാന്ധിയോടും നെഹ്റുവിനോടുമൊപ്പം ഷൗക്കത്തലിയും മുഹമ്മദലിയും മര്‍ദ്ദനങ്ങളേറ്റുവാങ്ങി ജയിലിലടക്കപ്പെടുമ്പോള്‍ ജയിലുവരെ അനുഗമിക്കാനും സമരത്തിനു ആവേശം പകരാനും ബീ അമ്മാന്‍ എന്ന മാതാവ് അവിടെയുണ്ടായിരുന്നു. ഇന്ത്യ ജയിക്കട്ടെ ഇന്ത്യ നീണാള്‍ വാഴട്ടെ എന്ന വിജയാഹ്വാനമായ ജയ്ഹിന്ദ് മുഴക്കി ധീരമായി പൊരുതിയതും ആബിദാ ഹസന്‍ സഫാരി എന്ന മുസ്ലിം സ്ത്രീ തന്നെ. ബ്രിട്ടീഷ് ഫയറിംഗ് സക്വാഡിന്‍റെ വെടിയേറ്റ് അഖ്ദരീ ബീഗം വീണതും നേപ്പാളിലെ നിബിഡവനത്തില്‍ ജീവിതാന്ത്യം ചെലവഴിച്ച് അംജദീ ബീഗം അലഞ്ഞു നടന്നതും ഇന്ത്യയെന്ന സ്വാതന്ത്ര്യ സ്വപ്നം നെഞ്ചിലേറ്റിയായിരുന്നു. “മകനേ ഈ ഉമ്മയുടെ കൈകള്‍ വാര്‍ധക്യം പിടിച്ചതാണെന്നു നീ ധരിക്കരുത് നീയെങ്ങാനും ബ്രിട്ടീഷുകാരന്‍റെ കരാറില്‍ ഒപ്പിടുകയാണെങ്കില്‍ ആ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ശക്തി ഈ കൈകള്‍ക്കുണ്ട് എന്ന് നീ മറക്കരുത്” ബ്രിട്ടീഷുകാരാല്‍ പിടിക്കപ്പെടുകയും നിരന്തര മര്‍ദനത്തിനിരയാവുകയും ചെയ്യുന്ന അലി സഹോദരന്മാരെ ബ്രിട്ടീഷുകാര്‍ പിടിച്ചുകൊണ്ടുപോയി അബാല ജയിലിടച്ചപ്പോഴായിരുന്നു 27-ാം വയസ്സില്‍ വിധവയായ വാര്‍ധക്യത്തോടുക്കുന്ന ബീ അമ്മാന്‍ എന്ന മാതാവ് ഉറച്ച ശബ്ദത്തില്‍ മക്കളോടായി പറഞ്ഞത്. മതസൗഹാര്‍ദ്ദത്തിന്‍റെയും സാമൂഹിക സഹവര്‍ത്തിത്വത്തിന്‍റെയും മാതൃകകയായി സ്വാതന്ത്ര്യ സമരത്തില്‍ മുന്നണി പോരാളികളായ ഒരുപാട് മുസ്ലിം സഹോദരിമാരെ സ്വാതന്ത്ര്യ സമരത്തിന്‍റെ ഏടുകള്‍ നിഷ്കപടമായി പരതിയാല്‍ കാണാം. കൈവിരലില്‍ എണ്ണിപ്പറയാനാവുന്നതല്ല ആ പേരുകളൊന്നും തന്നെ. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി
ക്കൊടുത്ത് രാജ്യത്തെ ഒറ്റിക്കൊടുക്കാന്‍ കൂട്ടുനിന്നുവരുടെ കൈകളിലേക്ക് ചരിത്ര നിര്‍മിതി എത്തിപ്പെട്ടപ്പോള്‍ അതിനെ നമ്മള് പഠിച്ച പാഠഭാഗങ്ങളില്‍ കാണാതെ പോയി എന്നു മാത്രം.
രണ്ടാം സ്വാതന്ത്ര്യസമരം എന്ന് നിര്‍വ്വചിക്കാവുന്ന തരത്തില്‍ ഇന്ത്യ പാകപ്പെട്ടുവരുമ്പോള്‍ അതിന് നേതൃപരമായ പങ്കുവഹിക്കാന്‍ തീര്‍ത്തും യോഗ്യരായവര്‍ മുസ്ലിം സ്ത്രീകളാണെന്നത് ചരിത്ര നിയോഗമെന്നു പറയാന്‍ വേണ്ടി ചില പേരുകള്‍ സൂചിപ്പിച്ചു വെന്നു മാത്രം. ആ സ്വാതന്ത്രസമരത്തിന്‍റെ സമരജ്വാലകള്‍ സിരകളിലൂടെ കത്തിപ്പടരുന്നതുകൊണ്ടാണ്, അവരുടെ തലമുറ കൂടി ഭാഗഭാക്കായി സ്വാതന്ത്ര്യം നേടിയത് നേരില്‍ കണ്ടതുകൊണ്ടാണ് ഒരു പ്ലേറ്റ് ബിരിയാണിക്കും 500 രൂപക്കുമല്ല ഞങ്ങള്‍ സമരം ചെയ്യുന്നത്, ഈ സമരം ഞങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയില്ല എന്നും പറഞ്ഞു ഡല്‍ഹിയുടെ തണുപ്പില്‍ എണ്‍പത്തിരണ്ടുകാരി ബില്‍ക്കീസ് ബാനുവും തൊണ്ണൂറുകാരി അസ്മ ഖാത്തൂനും എണ്‍പത്തഞ്ചുവയസ്സുകാരി സര്വരിയും സമര മുഖത്തേക്കെത്തിയത്. ആ തെരുവിലെത്തുമ്പോള്‍ സ്വാതന്ത്ര സമരപോരാട്ടത്തിന്‍റെ വലിയൊരു പാരമ്പര്യവും നേര്‍ക്കാഴ്ചകളുടെ സ്വാധീനവും മാത്രമാണവര്‍ക്ക് കൈമുതല്‍. അവരുടെ പൂര്‍വ്വികര്‍ കൈമെയ് മറന്നു സാഹോദര്യത്തിലൂടെ കാത്ത ഇന്ത്യ ഇനി ലോകത്തിനു മുന്നില്‍ വര്‍ഗീയ ഫാസിസത്തിലൂടെ നാണം കെടാന്‍ അനുവദിക്കുകയില്ലാ എന്നാണവര്‍ പറയുന്നത്.
പൗരത്വ സമരവും ഇന്ത്യയുടെ ഭാവിയും
മുസ്ലിം സ്ത്രീയുടെ നാനാവിധ സര്‍ഗാത്മക ആവിഷ്കാരങ്ങളെയാണ് യഥാര്‍ഥത്തില്‍ ഇത് തുറന്നുവിട്ടത്. ആടിയും പാടിയും കവിത രചിച്ചും ചിത്രം വരച്ചും പ്രസംഗിച്ചും രചനകള്‍ നടത്തിയും ഒരുപാടൊരുപാടു പേര്‍ ഇന്ന് തെരുവിനെ സര്‍ഗാത്മകമായി ആവിഷ്കരിക്കുകയാണ്. ഈ സമരങ്ങളൊന്നും തന്നെ പാഴായിപ്പോകില്ലായെന്നുറപ്പിച്ചു പറയാം. യഥാര്‍ഥത്തില്‍ അവര്‍ പൊരുതുന്നത് നാളെയുടെ മക്കള്‍ക്കുവേണ്ടിയാണ്. തങ്ങളുടെ മക്കള്‍ ഇന്ത്യന്‍ മണ്ണില്‍ കാലുറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയാണ്. അവരുടെ പ്രതിരോധം ഇന്ത്യയിലെ ഓരോ മുസ്ലീമായ ആണിനും കൂടി വേണ്ടിയാണ്. അവരെത്രയോ കണ്ടിട്ടുണ്ട്, നിന്ന നില്‍പ്പില്‍ ഭരണകൂടത്താല്‍ ഇല്ലാതായിപ്പോയ അവരുടെ ആണ്‍മക്കളെ. കലാലയ മുറ്റത്തുവെച്ച് എങ്ങോട്ടെന്നില്ലാതെ മറഞ്ഞുപോയ നജീബും ജുനൈദും തബ്രീസ് അന്‍സാരിയും അങ്ങനെ നരേന്ദ്രമോദി നേതൃത്വം നല്കിയ ഒന്നും രണ്ടും ഫാസിസ്റ്റു ഭരണകൂടങ്ങള്‍ ഇല്ലാതാക്കിയ മക്കള്‍ നിരവധിയാണ്. ഇന്ത്യന്‍ തെരുവേരങ്ങളില്‍ നിന്ന് കണ്ണു ചിമ്മിതുറക്കും മുന്നേ കാണാതായിപ്പോകുന്ന ഇല്ലാതായിപ്പോകുന്നവരാണ് അഭ്യസ്ഥവിദ്യരും അല്ലാത്തവരുമായ മുസ്ലിം യുവാക്കള്‍. ഒരു സമുദായത്തിലെ ആണിനുപോലും രാജ്യത്ത് സുരക്ഷിതത്ത്വമില്ലാത്തപ്പോള്‍ എങ്ങനെയാണ് അവരിലെ സ്ത്രീകള്‍ മാത്രമായി ഉയര്‍ന്നുവരിക. നിലനില്പ്പിനു വേണ്ടി പൊരുതുമ്പോള്‍ എങ്ങനെയാണ് സ്വയം ശാക്തീകരിക്കാന്‍ കഴിയുക. എന്നിട്ടും ആത്മാഭിമാനത്തോടെ എല്ലാവര്‍ക്കും മുന്നിലായി മുസ്ലിം സ്ത്രീ ഉയര്ത്തെഴുന്നേറ്റിരിക്കയാണ്. നാളെയുടെ നല്ല ഇന്ത്യക്കായി.
ഫൗസിയ ഷംസ്
സബ് എഡിറ്റര്‍, ആരാമം മാസിക
COMMENTS