Homeകവിത

പൊട്ടിയാട്ടുക

നിങ്ങളവരെ മറന്നുകളയുക
കുളക്കടവിലൊറ്റയ്ക്കിരിക്കുന്ന ഒരു ഭ്രാന്തി
നട്ടുച്ചയ്ക്ക് വെട്ടം നോക്കിയിരുന്ന്
കറി കരിഞ്ഞു പോയ പിടിപ്പുകെട്ട ഒരു വീട്ടമ്മ
കുറിക്കാശിന് പണം തെകയാത്തവള്‍
അന്തിയോളം വെള്ളം ചുമന്ന് ഉടുപ്പുനനഞ്ഞ
അങ്ങേ ചരിവിലെ വാടകക്കാരി
അങ്ങാടിയില്‍ തല്ലുകൂടുന്ന
അലവലാതിയുടെ അമ്മ
നിങ്ങളുടെ കണക്കിലെ
അക്കമാവാന്‍ പാകമല്ലാത്ത
മറ്റേതോ ഭാഷയിലെ തൂപ്പുകാരിപ്പെണ്ണ്
നിയമങ്ങള്‍ക്കുമപ്പുറത്ത് തെറിച്ച് പോകുന്നവള്‍
നിങ്ങളവരെ കണ്ടിട്ടേയില്ലെന്ന് കരുത്
ആളൊഴിഞ്ഞ നിരത്തില്‍
അടിവയറ്റില്‍ നിന്നുമൊരാളല്‍ വന്നതും
അറിയാതെ ഇടംകയ്യാലുഴിഞ്ഞതും
കിട്ടിയ ഒരാട്ടിന്‍റെയായത്താല്‍
ദൂരമെല്ലാം താണ്ടിവന്നതും
അവളെച്ചൂണ്ടി വീട്ടിലെപ്പെണ്ണിനോട് കഥ പറഞ്ഞതും
ഉറങ്ങാന്‍ കിടക്കുമ്പഴെല്ലാം മാരണം
തെളിവോടെയവള്‍ കേറി വന്നതും
ഉടലാകെ വിയര്‍ത്തതും
മറന്നേക്ക്
മറന്നു കളയ്
കൈവളക്കിലുക്കമുള്ള ഒറ്റനേരങ്ങള്‍
കൂട്ടുനടത്തകള്‍
അവള്‍ തന്ന അഭയങ്ങള്‍
അനത്തിയ കട്ടന്‍
കാഞ്ഞ സമയങ്ങള്‍
വര്‍ക്കത്തള്ള കുടുബക്കാരികള്‍ക്കിടയില്‍
നിങ്ങള്‍ പണക്കാരികള്‍ക്കിടയില്‍
സൗഭാഗ്യവതികളായ നിങ്ങള്‍ക്കിടയില്‍
അവള്‍ കേറി വരാറുള്ള വഴികളടച്ച്
കുനുഷ്ട് തേറി തടവച്ച്
ദുഷിപ്പടര്‍ത്തി മുള്ളുവെച്ച്
കാവലിനാളെ നിര്‍ത്തി
ആട്ടിയകറ്റ്
എന്നിട്ടുമൊറ്റയാകുന്ന നിങ്ങള്‍
അകത്തുമൊറ്റയാകുന്ന നിങ്ങള്‍
ആര്‍ത്തലച്ചു പോകുന്ന നേരങ്ങളിലേക്ക്
അമ്മേ! യെന്നു വിളിക്ക്,
തിരിഞ്ഞും മറിഞ്ഞും ഇരുളു നീന്തി വെളിതേറി
തലതല്ലിയിരിക്കുമ്പോള്‍
ഒരു മിന്നലില്‍
അവള്‍ തന്നെ തെളിയുമ്പോള്‍
കളത്തിലിരുന്ന് ജപിച്ചൂത്
പറഞ്ഞയക്ക്.

 

സിന്ധു.കെ.വി
കവി

 

COMMENTS

COMMENT WITH EMAIL: 0