Homeചർച്ചാവിഷയം

പൊതുധാരാ രാഷ്ട്രീയത്തിലേയ്ക്കുള്ള സ്ത്രീവഴി

ഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള എഴുപത്തിമൂന്നാം ഭരണഘടനാ ഭേദഗതി നിലവില്‍ വന്നിട്ട് മുപ്പതാണ്ടാകുന്നു. ത്രിതല പഞ്ചായത്തുകളില്‍ സ്ത്രീകള്‍ അധികാരത്തിലെത്തിയിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞുവെങ്കിലും രാഷ്ട്രീയത്തിന്‍റെ പൊതുധാരയില്‍ സ്ത്രീയുടെ സാന്നിദ്ധ്യം ഒട്ടും തന്നെ മെച്ചപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലോകസഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ഇനിയും എങ്ങും എത്തിയിട്ടില്ല. പഞ്ചായത്തുകളില്‍ എത്തിയ സ്ത്രീകള്‍ അവിടെ തന്നെ നിന്നു പോകുന്നു അല്ലെങ്കില്‍ വീട്ടിലേക്ക് മടങ്ങുന്നു. സ്ത്രീകള്‍ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം പുരോഗമനകേരളത്തില്‍ പോലും നിരാശാജനകം തന്നെ.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പഞ്ചായത്ത് തലത്തിലെ സംവരണം ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് നടത്തിയ അന്വേഷണം ആശാവഹമായ മാറ്റങ്ങള്‍ ഏറെയൊന്നും കാട്ടിത്തന്നില്ല. സ്ത്രീ സംവരണ സീറ്റുകളില്‍ പുരുഷന്മാരുടെ ഡമ്മികളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കണ്ട് മനസ്സ് മടുത്താണ് ബീഹാറില്‍ എത്തിയത്. പ്രതീക്ഷകള്‍ തീരെയില്ലായിരുന്നു പുരുഷാധിപത്യത്തിന്‍റെ രാഷ്ട്രീയ ഉദാഹരണമെന്ന് തെളിയിച്ചത് മറ്റൊരിടവും അല്ലല്ലോ.
പക്ഷെ, ബീഹാറിലെ ഒരു പരീക്ഷണം രാഷ്ട്രീയ രംഗത്തേക്ക് സ്ത്രീയെ കൊണ്ടുവരാന്‍ സംവരണത്തിനൊപ്പം മറ്റ് ചിലതു കൂടി വേണമെന്ന് പറഞ്ഞുതന്നു. സ്ത്രീകള്‍ക്ക് രാഷ്ട്രീയ രംഗത്തെത്താന്‍ ഒരു കൈ സഹായം കൂടി വേണമെന്ന്, ശരിയായ രീതിയിലുള്ള പരിശീലനം നല്‍കുക വഴി സ്ത്രീകളില്‍ രാഷ്ട്രീയബോധമുണര്‍ത്താമെന്നും അവര്‍ക്ക് മുഖ്യധാരാ രാഷ്ട്രീയത്തിലെത്താന്‍ കരുത്തു നല്‍കാമെന്നും മുസഫര്‍വൂര്‍, സീതാമഠി, ഔറംഗബാദ് ജില്ലകളിലെ സ്ത്രീപഞ്ചായത്ത് അംഗങ്ങള്‍ക്ക് പഹല്‍ എന്ന ഡല്‍ഹി കേന്ദ്രീകൃത സംഘടന നല്‍കിയ പരിശീലനപരിപാടികള്‍ കാരണമായിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. സംവരണത്തിനൊപ്പം പരിശീലനവും കൂടിയാവുമ്പോള്‍ നിരക്ഷരരായ സ്ത്രീകള്‍ പോലും രാഷ്ട്രീയ പ്രക്രിയയിലേക്ക് ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നത് ഇവിടെ കണ്ടു.
ഭര്‍ത്താക്കന്മാരോ സഹോദരന്മാരോ അച്ഛന്മാരോ തങ്ങള്‍ക്ക് വേണ്ടി പഞ്ചായത്ത് ഭരണം നടത്തിയിരുന്ന മുന്‍കാലത്തെ അംഗീകരിച്ചുകൊണ്ട് തന്നെ അവര്‍ പറയുന്നു.
‘രാഷ്ട്രീയം ഞങ്ങള്‍ക്ക് ജീവശ്വാസമാണ്’ തങ്ങള്‍ക്ക് ലഭിച്ച പരിശീലനമാണ് ഈ ആത്മവിശ്വാസത്തിന്‍റെ കാരണമെന്നും അവര്‍ ഉറപ്പോടെ പറയുന്നു.


ഞങ്ങള്‍ പണ്ട് ബഹുമാരും ബേഠി മാരും മാത്രമായിരുന്നു . ഇപ്പോള്‍ അങ്ങനെയല്ല. ഞാന്‍ പണ്ട് വിനോദ് സാഹ്ഹിയുടെ ഭാര്യയായിരുന്നു. ഇപ്പോള്‍ മഞ്ജുദേവിയായി. ഇപ്പോള്‍ ഞാന്‍ ഒപ്പിട്ടാല്‍ ഒരുപാട് കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി നടക്കും. ഇതൊന്നും സ്വപ്നത്തില്‍ കൂടി നടക്കും എന്ന് കരുതിയതല്ല. സീതാമഠി ജില്ലയിലെ മധുവന്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ മെമ്പര്‍ ആയ (വാര്‍ഡ് മെമ്പര്‍ സദസ്യ എന്ന് ബീഹാറില്‍ അറിയപ്പെടുന്നു) മഞ്ജു ദേവി പറഞ്ഞത് തന്നെയാണ് മറ്റ് നിരവധി പഞ്ചായത്തുകളില്‍ കണ്ടുമുട്ടിയവര്‍ക്കും പറയാനുണ്ടായിരുന്നത്. അവരുടെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്‍റെ തിളക്കമുണ്ടായിരുന്നു. സ്വരത്തില്‍ വിജയാരവം മുഴങ്ങി. ഗ്രാമത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവര്‍ ഇപ്പോള്‍ പോലീസിന്‍റെ അടുത്തേക്കല്ല പോകാറ്. എന്‍റടുത്തേക്കാണ്. എല്ലാ കാര്യങ്ങളിലും ഞാന്‍ ഇടപെടാറുണ്ട്. ധാരാളം ദാരിദ്ര്യം ഇപ്പോഴും ഈ പഞ്ചായത്തിലുണ്ട്. കൈക്കൂലി കണ്ടാല്‍ അതിനെതിരെ പ്രവര്‍ത്തിക്കും. പലവട്ടം സി ഡി ഒ ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ വഴക്ക് പറഞ്ഞ് അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കണമെന്നാണ് മഞ്ജു ദേവി തീരുമാനിച്ചിരിക്കുന്നത്. അവിടെനിന്ന് എംഎല്‍എ ആയി വളരണമെന്ന സ്വപ്നവും അവര്‍ മറച്ചുവെച്ചില്ല . ‘ജനതയാണ് എന്നെ വളര്‍ത്തുന്നത് എവിടെ വരെ വളര്‍ത്തുമെന്ന് അവര്‍ക്കേ അറിയൂ.’ രാഷ്ട്രീയ ഭാവിയെ മഞ്ജു ദേവി വിലയിരുത്തുന്നത് അങ്ങനെയാണ്. ഇതിനൊക്കെ ഭര്‍ത്താവ് അനുവദിക്കുമോ തടസ്സം നിന്നാല്‍ എന്ത് ചെയ്യും? ഗവണ്‍മെന്‍റില്‍ നിന്ന് ജനങ്ങള്‍ക്ക് എന്തൊക്കെ വാങ്ങി കൊടുക്കാന്‍ പറ്റുമോ അതൊക്കെ വാങ്ങി കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. ചോദ്യങ്ങള്‍ക്ക് മഞ്ജു ദേവി അമ്പരപ്പിക്കുന്ന മറുപടിയാണ് നല്‍കിയത് . എന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ്. ഞാന്‍ അവരുടെ കാര്യം നോക്കാതെ വീട്ടുകാരെ നോക്കിയിരുന്നാല്‍ ജനങ്ങള്‍ എന്നെ അടിക്കില്ലേ. അടി കൊള്ളേണ്ടത് ഞാനല്ലേ. ഭര്‍ത്താവിനെ ജനങ്ങള്‍ അടിക്കില്ലല്ലോ . മഞ്ജു ദേവിയെ പോലെ നിരവധി നിരവധി സ്ത്രീകളെ ബീഹാറില്‍ കണ്ടു .സ്വയം അറിയാത്തവര്‍ നിയോഗങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍. സീതാമഠി ജില്ലയിലെ തന്നെ റസല്‍പൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മെമ്പര്‍ മീനാ ദേവി അത്തരത്തില്‍ ഒരു ശക്തി ദുര്‍ഗ ആയിരുന്നു. ഒപ്പിടാന്‍ മാത്രമറിയുന്ന സാക്ഷരത അവരെ പിന്നോട്ട് വലിക്കുന്നതേയില്ല. ്യു’ഹം നേതാ നഹീം’ (ഞാന്‍ നേതാവല്ല സുഹൃത്താണ്) എന്നതാണ് മീനാ ദേവിയുടെ പക്ഷം. മീന സ്വന്തം കഥ പറഞ്ഞു . ‘മെമ്പര്‍ ആയിരുന്ന ആദ്യകാലത്ത് ഏതാണ് എന്താണ് എന്ന തിരിച്ചറിവ് ഇല്ലായിരുന്നു. പേടിയായിരുന്നു മുഖ്യമായും. ഒന്നിനെക്കുറിച്ചും ഉള്ളില്‍ ബോധമില്ലാത്ത അവസ്ഥ. അപ്പോഴാണ് പഹല്‍ വന്നത്. ആദ്യത്തെ പത്ത് ദിവസത്തെ പരിശീലനം കൊണ്ട് തന്നെ ഉള്ള് തെളിയാന്‍ തുടങ്ങി. സ്വയാധികാരം എടുക്കാനുള്ള ശേഷി കിട്ടി. മുഖ്യനോടും സിഡിഓയോടുമൊക്കെ സംസാരിക്കാന്‍ ധൈര്യം ഉണ്ടായി. എന്താണ് ഇന്ദിര ആവാസ് യോജന, എന്താണ് അംഗന്‍വാടിയിലും സ്കൂളിലും ഉണ്ടായിരിക്കേണ്ടത്, എന്തൊക്കെയാണ് പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ ഉണ്ടായിരിക്കേണ്ടത് എന്നൊക്കെ പഠിപ്പിച്ചു തന്നു. അവര്‍ തന്ന ചെക്ക് ലിസ്റ്റ് അനുസരിച്ച് ഓരോ ഇടങ്ങളിലും പോയി. കാര്യങ്ങള്‍ നടക്കാന്‍ തുടങ്ങി . കാര്യപ്രാപ്തി ഉണ്ടായപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ കാര്യങ്ങള്‍ നടക്കും എന്നായി. പണ്ട് ജാതി അനുസരിച്ച് ആയിരുന്നു വികസനം. ഇപ്പോള്‍ അങ്ങനെയല്ല ഉയര്‍ന്ന ജാതിക്കാര്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും ഇവിടെ വേണ്ടതൊക്കെ ചെയ്യും. പൈപ്പ് വയ്ക്കുന്നത് ഇന്നയിടത്ത് ആകണം എന്ന് പറഞ്ഞാല്‍ അവിടെ തന്നെ നടക്കും. ഇവിടെ കുറുമികളാണ് ധാരാളം ഉള്ളത് . ഇവിടെ ഇപ്പോള്‍ അഞ്ചു പൈപ്പുകള്‍ വച്ചിട്ടുണ്ട്. 10 വര്‍ഷമായി പഞ്ചായത്ത് മെമ്പറായ തന്‍റെ മാറ്റത്തെ വിലയിരുത്തുന്നു. പണ്ടായിരുന്നെങ്കില്‍ ഞാന്‍ തലമൂടി മിണ്ടാതെ നിങ്ങളുടെ മുന്നില്‍ ഇരുന്നേനെ. ഇപ്പോള്‍ ആണിനോടും പെണ്ണിനോടും മിണ്ടാന്‍ ഭയമില്ല . ആണും പെണ്ണും തമ്മില്‍ അന്തരമില്ല എന്ന് എനിക്കറിയാം. റസല്‍പൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗമായ സംഗീത ദേവിക്കും ഒപ്പു മാത്രം ഇടാന്‍ അറിയുന്ന സാക്ഷരതയെ ഉള്ളൂ. പക്ഷെ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ പറയുന്ന വാക്കുകള്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നതമായ ചിന്താശേഷിയും ഉള്ള കോടിക്കണക്കിന് സ്ത്രീകള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്തതാണ് . 2013 ല്‍ റസല്‍പൂരിലെ ബുനിയാദെ സ്കൂളില്‍ കുട്ടികള്‍ക്കു കൊടുക്കുന്ന ഉച്ചഭക്ഷണം വളരെ മോശമാണെന്ന് കണ്ടപ്പോള്‍ അതിനെതിരെ സ്ത്രീകളെ സംഘടിപ്പിച്ച് സിഡി ഒയെ ഘരാവോ ചെയ്തു. അതോടെ സ്കൂളിലെ ഭക്ഷണം ശരിയായി. എല്ലാദിവസവും ഉച്ചഭക്ഷണസമയത്ത് സംഗീത ദേവി സ്കൂളില്‍ ചെല്ലും. കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്ത് അവരെ ഊട്ടി മടങ്ങും. ഏതുകാര്യത്തിനും കളക്ടറുടെ അടുത്ത് വരെ പോകാന്‍ സംഗീതാദേവിക്കു മടിയില്ല. കൈക്കൂലി തന്‍റെ വാര്‍ഡില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് സംഗീത ദേവി പറയുന്നു .ബി പി എല്‍ കാര്‍ഡുകള്‍ നല്‍കാത്തതിനെതിരെ നിരവധി ധര്‍ണകള്‍ ഇവര്‍ ഇതിനോടകം സംഘടിപ്പിച്ചു കഴിഞ്ഞു. ഇതിനൊക്കെ ഇടയില്‍ വീട്ടുകാര്യങ്ങള്‍ എങ്ങനെ നടക്കുന്നു എന്ന ചോദ്യത്തിന് സംഗീത ദേവി നല്‍കിയ മറുപടി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്ന് കേട്ട മറുപടി തന്നെയായിരുന്നു. രാവിലെ 3 മണിക്ക് എഴുന്നേറ്റ് വീട്ടുകാര്യങ്ങള്‍ മുഴുവന്‍ ചെയ്തു വെച്ചിട്ടാണ് നാട്ടുകാര്യങ്ങള്‍ക്ക് ഇറങ്ങുന്നത്. മറ്റൊന്നുകൂടി സംഗീത ദേവി കൂട്ടിച്ചേര്‍ത്തു ‘അത്യാവശ്യം പഞ്ചായത്ത് ചെലവുകള്‍ക്ക് സ്വന്തം ചിലവിനുള്ള കാശില്‍ നിന്ന് എടുക്കും. വേണ്ടിവന്നാല്‍ വീട്ടു ചെലവിന് ഭര്‍ത്താവ് തരുന്ന കാശില്‍ നിന്ന് മോഷ്ടിച്ചെടുക്കുകയും ചെയ്യും. ‘പണ്ട് ഇവിടെ സ്ത്രീകള്‍ എത്രമാത്രം പിന്നിലായിരുന്നുവെന്ന് പറയാന്‍ പറ്റില്ല. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുവാനേ പാടില്ല. പെണ്‍കുട്ടികള്‍ പിറന്നാല്‍ സങ്കടമായിരുന്നു. ഇന്ന് ഞങ്ങളൊക്കെ പുരുഷന്മാരെ പോലെ പുറത്തിറങ്ങി നടക്കുന്നു. നാട്ടുകാര്യങ്ങള്‍ ചെയ്യുന്നു പഞ്ചായത്തിലുള്ള മറ്റു സ്ത്രീകളെയും വീട്ടിലിരിക്കാന്‍ സമ്മതിക്കുന്നില്ല. അവരും ഗ്രാമസഭകള്‍ക്ക് വരുന്നു. പെണ്‍കുട്ടികള്‍ ആടുമേയ്ക്കാനല്ല സ്കൂളിലേക്ക് പോകുന്നത് . സംവരണം ഇല്ലായിരുന്നുവെങ്കില്‍ ഇന്നും ഞങ്ങള്‍ മുഖം സാരി കൊണ്ട് മറച്ച് വീട്ടില്‍ ഇരുന്നേനെ. ധുമ്റാ ബ്ലോക്കിലെ ലഗ്മാ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ മെമ്പര്‍ പ്രഭാദേവി സംഭരണം പഞ്ചായത്ത് അംഗങ്ങളാകുന്ന സ്ത്രീകളെ മാത്രമല്ല സ്ത്രീകള്‍ക്കാകമാനമാണ് ശാക്തീകരണം നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. ഞങ്ങള്‍ പുറത്തി റങ്ങിയപ്പോള്‍ മറ്റ് സ്ത്രീകള്‍ക്കും പ്രചോദനമായി. പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ നഴ്സ് എന്തൊക്കെ ചെയ്യണം, ഏതൊക്കെ മരുന്നും സംവിധാനങ്ങളും അവിടെ ഉണ്ടാകണം എന്നൊക്കെ നോക്കാന്‍ പരിശീലനം കിട്ടിയത് ഞങ്ങള്‍ മറ്റ് സ്ത്രീകളുമായി പങ്കുവെച്ചു. ഗ്രാമസഭകളില്‍ സ്ത്രീകള്‍ പങ്കെടുക്കുകയും നാട്ടുകാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. ഒരു വാര്‍ഡില്‍ എന്തെങ്കിലും പരിപാടി നടക്കുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ചെന്ന് അതില്‍ പങ്കുചേരുന്നു.
പ്രശ്നങ്ങള്‍ക്ക് കൂട്ടായ പരിഹാരമുണ്ടാകുന്നു. വീടുകളിലെ പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കുകയാണ് പതിവ്. പെണ്‍കുട്ടികളെല്ലാവരും ഇന്ന് സ്കൂളില്‍ പോകുന്നുണ്ട്. ‘പഹല്‍’ ട്രെയിനിംഗ് തന്നെയാണ് ഈ മാറ്റത്തിന് കാരണം. ഇനി ‘പഹല്‍’ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് മുന്നോട്ടു പോകാനാവും. ഉള്ളില്‍ അത്രക്ക് കരുത്തു നേടിക്കഴിഞ്ഞു. സ്വന്തം കാലില്‍ നില്‍ക്കാമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രഭാദേവി തങ്ങളാരും കൈക്കൂലി പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് കട്ടായം പറയുന്നു.
‘അങ്ങനെ ചെയ്താല്‍ അടുത്ത പ്രാവശ്യം ജയിക്കാനാവില്ല എന്നുറപ്പാണ്. ഇത് ബീഹാറിലെ സ്ത്രീകള്‍ക്ക് കിട്ടിയ ഭാഗ്യാവസരമാണ്. ഇവിടുത്തെ സ്ത്രീകള്‍ എത്ര പിന്നിലായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റില്ല.  ആശുപത്രിയില്‍ കൂടുതല്‍ നേരം സ്ത്രീരോഗികളെ പരിശോധിക്കുന്ന ഡോക്ടറെ സ്ഥലം മാറ്റുന്ന ഇടത്തേക്ക് വരെ ഞങ്ങള്‍ക്ക് ശക്തി നേടാനായി.’
പഹല്‍ പരിശീലനം വളരെയേറെ ലളിതവും സുതാര്യവുമാണ്. നിരക്ഷരരായ സ്ത്രീകള്‍ക്കിടയില്‍ അവര്‍ ചെക്ക് ലിസ്റ്റുകള്‍ ഉണ്ടാക്കിക്കൊടുത്തത് ചിത്രങ്ങളുടെ സഹായത്തോടെയാണ്. ആശുപത്രിയില്‍ എന്തൊക്കെ സൗകര്യങ്ങള്‍ വേണം, സ്കൂള്‍ എങ്ങെനെയായിരിക്കണം അംഗനവാടികള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ അവര്‍ സചിത്ര ചെക്ക് ലിസ്റ്റുകള്‍ ഉണ്ടാക്കി സ്ത്രീകള്‍ക്ക് വിതരണം ചെയ്തു. സ്ത്രീകള്‍ അതുമായി ഓരോ സ്ഥാപനത്തിലും ചെന്നു. ആദ്യമൊക്കെ അദ്ധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും അമ്പരന്നു. പഞ്ചായത്ത് മെമ്പര്‍മാരെ ധിക്കരിക്കാനാവില്ലെന്ന് മനസ്സിലായതോടെ കാര്യങ്ങള്‍ നേരെ ചൊവ്വെ നടത്താന്‍ അവരും തയ്യാറായി. പുതിയ സ്ലേറ്റില്‍ എഴുതുന്നത് പോലെയാണ് ഈ സ്ത്രീകള്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. പഹല്‍ ട്രെയിനിംഗ് സ്ത്രീകള്‍ക്ക് മാത്രമാണ് നല്‍കുന്നത് പുരുഷന്മാര്‍ക്ക് ട്രെയിനിംഗില്ല. ഇപ്പോള്‍ ഞങ്ങള്‍ പുരുഷന്മാര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാറുണ്ട് ട്രെയിനിങ്ങിലൂടെ അവരെക്കാള്‍ പ്രാപ്തി ഞങ്ങള്‍ക്ക് കൈവന്നിട്ടുണ്ട് എന്ന് മുസഫര്‍പൂറിലെ ഫാഥാക്കല്‍ പഞ്ചായത്തിലെ കൈലാസ ദേവി പറയുന്നു. ദര്‍ഭംഗയിലെ രൂഹാദേവി പറയുന്നത് ഒരിക്കല്‍ തലയിലെ തട്ടം മാറ്റിയാല്‍ പിന്നീട് സ്ത്രീക്ക് മുന്നില്‍ തടസ്സങ്ങളേയില്ല എന്നാണ്. സ്കൂളില്‍ ഏതു സമയത്താണ് അധ്യാപകര്‍ വരേണ്ടത്, എന്തൊക്കെയാണ് ചെയ്യേണ്ടത്, അംഗനവാടിയില്‍ എന്തൊക്കെ ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് കൊടുക്കണം എന്നൊക്കെ അറിഞ്ഞതോടെ ഞങ്ങള്‍ക്ക് കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും സ്വന്തമായി നിലപാടുകള്‍ എടുക്കാന്‍ കഴിയുമെന്നായി. ഫഗാക്കല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് അംഗം അനുപ്യദേവി പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മനസ്സാക്ഷി പറയുന്നവര്‍ക്ക് വോട്ടുചെയ്യുമെന്ന് ബീഹാറിലെ വിവിധ പഞ്ചായത്തുകളില്‍ കണ്ടുമുട്ടിയ നൂറിലേറെ സ്ത്രീകള്‍ ഉറപ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് ഉത്തര്‍പ്രദേശിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ കൂടെ സ്ത്രീകളോട് ആര്‍ക്ക് വോട്ട് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ വീട്ടിലുള്ളവര്‍ പറയുന്നവര്‍ക്ക് എന്ന ഉത്തരത്തിന് തികച്ചും വിരുദ്ധമായിരുന്നു ഇത്. അതുപോലെ തന്നെയാണ് രാഷ്ട്രീയത്തില്‍ അവര്‍ക്കുള്ള താല്പര്യവും. പഞ്ചായത്ത് മെമ്പറില്‍ നിന്ന് മുഖ്യ ആയി എം.എല്‍.എ ആയി എം.പി ആകാനുള്ള സ്വപ്നങ്ങള്‍ ധാരാളം പേര്‍ പങ്കുവെച്ചു.
ലൂമാ പഞ്ചായത്തിലെ 12ാം വാര്‍ഡ് അംഗമായ മീരാദേവി മറ്റൊന്നുകൂടി പറഞ്ഞു.
‘ഇനിയത്തെ തവണ പന്ത്രണ്ടാം വാര്‍ഡില്‍ മത്സരിക്കില്ല. മറ്റെവിടെങ്കിലും
പോയി മത്സരിക്കും. കുറച്ചുകൂടി ആളുകളെ കാണുവാനും പോപ്പുലര്‍ ആകുവാനും ഇതിലൂടെ കഴിയും എന്നാണ് മീരാ ദേവി വിശ്വസിക്കുന്നത് . ജയ് ഗ്രാമത്തിലെ ലുമ പഞ്ചായത്തിലെ അക്ബറി ദിവസം മൂന്നു പ്രാവശ്യം ഗ്രാമം ചുറ്റിയാണ് സ്വന്തം ജോലി നിര്‍വഹിക്കുന്നത് . കുട്ടികള്‍ സ്കൂളില്‍ പോയോ ഗര്‍ഭിണികള്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്നൊക്കെ നോക്കാന്‍ പോകും. ഞങ്ങളുടെ ഗ്രാമത്തില്‍ 60% പേര്‍ സ്ത്രീകളാണ്. സ്ത്രീകള്‍ക്കിവിടെ 60% സംവരണം വേണം. ലൂമ പഞ്ചായത്തിലെ മറ്റൊരംഗം അക്ബറിബീഗം ആവശ്യപ്പെടുന്നു.


ബോധഗയ നഗരസഭയിലെ രാജ്പൂര്‍ ധാരിയയിലെ മഹാ ദളിത് കോളനിയില്‍ സുനിതാ ദേവി, റീന ദേവി, വസന്തി ദേവി, രവിദാസ് തുടങ്ങിയവര്‍ ഏറ്റവും പിന്നോക്ക ജാതിയില്‍ പെട്ട വാര്‍ഡ് മെമ്പര്‍ മാരാണ് . നിരക്ഷരരായ ഇവര്‍ ഗ്രാമത്തിലെ ഓരോ വീട്ടിലും ശൗചാലയങ്ങള്‍ ഉണ്ടാക്കാനും വിദ്യാഭ്യാസം എത്തിക്കാനും ഒക്കെ ഓടിനടക്കുന്നു. മൈക്രോ ഫിനാന്‍സിംഗ് വഴി മറ്റു സ്ത്രീകള്‍ക്ക് അത്യാവശ്യം ഉള്ളപ്പോള്‍ സാമ്പത്തിക സഹായം നല്‍കാനും കഴിയുന്ന ഇവര്‍ പറയുന്നത് സ്ത്രീയും പുരുഷനും ഒരുമിച്ച് മുന്നോട്ടു പോകണം എന്നതാണ്. പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ജീവിതം വേണം. എന്നാല്‍ സ്ത്രീക്ക് മാത്രമായി ഒരു ജീവിതം പോരതാനും. സ്ത്രീകളും ദളിതരുമായ ഞങ്ങള്‍ പറയുമ്പോള്‍ ആദ്യം കേള്‍ക്കേണ്ടവര്‍ കേള്‍ക്കില്ല. രണ്ടാമതും മൂന്നാമതും പറയും അപ്പോള്‍ കേട്ടേ തീരൂ എന്നാവും. സ്ത്രീയുടെ ചിന്തയുടെ ചക്രവാളങ്ങളാണ് സംവരണം തുറന്നിട്ടത്. വെളിച്ചം കടന്നെത്തി കഴിഞ്ഞു ഇനി ഇരുട്ടിലേക്ക് മടക്കമില്ല. ബിഹാറിലെ ഉള്‍നാടന്‍ ദളിത് കോളനിയില്‍ സന്ധ്യചാഞ്ഞിറങ്ങുമ്പോള്‍ സുനിതാ ദേവി പറഞ്ഞ വാക്കുകള്‍ തന്നെയാണ് ശരി.

 

 

 

 

 

കെ.എ.ബീന
എഴുത്തുകാരി, പത്രപ്രവര്‍ത്തക

COMMENTS

COMMENT WITH EMAIL: 0