Homeചർച്ചാവിഷയം

പെണ്‍പാട്ടിടങ്ങളിലെ മറുപാട്ടുകള്‍

ലയാളസിനിമയിലേയ്ക്ക് എനിക്കു ഒരു എന്‍ട്രി കിട്ടുന്നത് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയില്‍കൂടിയാണ്. അതിലേയ്ക്ക് എന്നെ ക്ഷണിക്കുന്നത് സംവിധായകനും, നടനുമായ ജിയോ ബേബിയാണ്. ഫേസ്ബുക്കില്‍ ഞാന്‍ എഴുതിയിട്ട വരികള്‍ കണ്ടിട്ടാണ് ജിയോ ആ പാട്ട് എടുത്തോട്ടെ എന്ന് ചോദിക്കുന്നത്.ജിയോ എന്നോട് ഒരു സിനിമയ്ക്കു വേണ്ടി പാട്ട് എഴുതുമോ എന്ന് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ സമ്മതിക്കില്ലായിരുന്നു. കാരണം എനിക്കു അതിനുള്ള കഴിവുണ്ടോ എന്ന് ഞാന്‍ സംശയിച്ചേനെ. എന്തായാലും നേരത്തെ എഴുതിയത് ചോദിച്ചപ്പോള്‍ എനിക്കു പ്രശ്നം ഉണ്ടായില്ല. ഒരു സിനിമയിലേയ്ക്ക് പാട്ട് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഉണ്ടായ ആത്മ വിശ്വാസത്തില്‍ നിന്നാണ് ആ പാട്ടിന്‍റെ ബാക്കി വരികള്‍ എഴുതാമോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് അതിനുള്ള ധൈര്യം കിട്ടിയത്.ആ സിനിമയിലേയ്ക്ക് അഞ്ച് വര്‍ഷം മുന്‍പ് എഴുതിയ എന്‍റെ മറ്റൊരു പാട്ടും എടുക്കുകയുണ്ടായി. അതിന്‍റെ ബാക്കി വരികളും കഥയ്ക്കനുയോജ്യമായി ഞാന്‍ എഴുതി. പിന്നീട് ജിയോയുടെ തന്നെ ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തില്‍ ആണ് അടുത്ത ഗാനം എഴുതിയത്. അപ്പോഴേയ്ക്കും ആദ്യ ഗാനം ഹിറ്റ് ആയതോടെ പാട്ട് എഴുതുവാന്‍ എനിക്കു ധൈര്യം ലഭിച്ചു.

പിന്നീട് പ്രൊഫസ്സര്‍ ആഷ ആച്ചി ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ ആണ് പാട്ടെഴുതിയത്. ഇതിനിടയ്ക്ക് കര്‍ഷക ഗാനം, ഓണപ്പാട്ട്, ആല്‍ബം സോങ് എന്നിവയും എഴുതി.ഇതില്‍ നിന്നൊക്കെ ഞാന്‍ മനസിലാക്കിയത് സ്ത്രീകള്‍ക്ക് വളരെ കുറച്ചു മാത്രം സ്പേസ് ഉള്ള സ്ഥലം ആണ് മലയാള സിനിമാലോകം എന്നാണ്.സിനിമ ഒരുപാട് പേര്‍ ഒന്നിച്ചു പണിയെടുക്കുന്ന ഒരു തൊഴില്‍ ഇടമാണ്. എന്നാല്‍ അതിലെ സിനിമാഗാനരചന എന്ന വിഭാഗം സ്ത്രീകളെ ഉള്‍ക്കൊള്ളുവാന്‍ മാത്രം തൊഴില്‍ പ്രസ്ഥാനം ആയി വികസിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. അതിനുള്ള കാരണങ്ങള്‍ നിരവധിയാണ്.ഇപ്പോള്‍ ഒരുപാട് സ്ത്രീകള്‍ മലയാള സിനിമാഗാനരചനാരം ഗത്തുണ്ട്. എന്നാല്‍ അവരില്‍ മിക്കവരെയും പൊതുസമൂഹത്തിന് അറിയില്ല.പൊതുവില്‍ തന്നെ സിനിമയിലെ ഗാനരചയിതാക്കളെ ആരും ശ്രദ്ധിക്കാറില്ല. റേഡിയോ ഏറെ പ്രചാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ എഴുതിയവരുടെ പേര് പറഞ്ഞിരുന്നതുപോലെ ഇപ്പോള്‍ അങ്ങനെ ഒരു അറിയിക്കല്‍ ഉണ്ടാവുന്നില്ല.അതുകൊണ്ട് തന്നെ ഒരു വര്‍ഷം പാട്ടെഴുതുന്ന. സ്ത്രീകള്‍ വളരെ കുറവുള്ള ഒരിടത്തു അവരുടെ എഴുത്തുകള്‍ ശ്രദ്ധ കിട്ടാതെ പോവുകയും ചെയ്യുന്നു. തുടരെ തുടരെ പാട്ടുകള്‍ എഴുതുന്ന സ്ത്രീകള്‍ ഉണ്ടാവുകയും, ആ പാട്ടുകള്‍ ഹിറ്റ് ആവുകയും ചെയ്യുമ്പോഴാണ് ജന മനസുകളില്‍ ഇടം നേടാന്‍ കഴിയുക. സ്ത്രീകള്‍ എഴുതിയ പല പ്രശസ്ത ഗാനങ്ങളും പുരുഷന്മാര്‍ എഴുതിയതാണെന്നു കരുതുന്നവരുണ്ട്. സിനിമ ഒരു ടീം വര്‍ക് ആണ്. ഏറെപ്പേരുടെ അധ്വാനമാണ് ഒരു സിനിമ. പാട്ടിന് പ്രാധാന്യം ഉള്ള സിനിമകളും, പാട്ട് ഇല്ലാതെ ഇറങ്ങുന്ന സിനിമകളും, കഥയ്ക്ക് ആവശ്യം ഇല്ലെങ്കിലും ഒരുപാട്ട് ഇരിക്കട്ടെ എന്ന് കരുതി പാട്ട് ചേര്‍ക്കുന്നതുമായ രീതിയാണ് പൊതുവില്‍ കണ്ടു വരുന്നത്. നിര്‍മാതാവിന്‍റെ പോക്കറ്റിലെ പണത്തിനെ ആശ്രയിച്ചാണ് സിനിമ മുന്നോട്ട് പോവുന്നത്. അവിടെ സമയം എത്രയും കുറച്ചു ഉത്പന്നം ഉണ്ടാക്കുക എന്നുള്ളതിനാണ് പ്രാധാന്യം നല്‍കുന്നത് . പൊതുവില്‍ പുരുഷന്മാരുടെ കൂടിച്ചേരലുകളെ അംഗീകരിക്കുന്ന സമൂഹമാണ് നമ്മുടേത് . രചയിതാവും, സംഗീത സംവിധായകനുംഒക്കെ ഒന്നിച്ചിരുന്നു ചിലപ്പോള്‍ ദിവസങ്ങള്‍ എടുത്ത്, ചിലപ്പോള്‍ കുറച്ചു മണിക്കൂറുകള്‍ എടുത്ത് തീര്‍ക്കുന്ന, പിന്നീട് റെക്കോര്‍ഡിങ് വേഗത്തില്‍ തീര്‍ത്തു കൊടുക്കുന്ന ഈ കലാരൂപത്തിലേയ്ക്ക് ഒരു സ്ത്രീയെ എത്തിക്കുവാന്‍ എടുക്കുന്ന സമയം പലപ്പോഴും അവര്‍ക്കു ധന നഷ്ടം ഉണ്ടാക്കുന്നു.സ്ത്രീയ്ക്ക് വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടുന്ന പിന്തുണ മിക്കപ്പോഴും കുറവായിരിക്കും. പലപ്പോഴും ഇത്തരം സംഘങ്ങളുടെ ഭാഗം ആകുവാന്‍ അവള്‍ക്കു കഴിഞ്ഞെന്നു വരില്ല. അതിനുള്ള അനുവാദം കിട്ടുക എന്നുള്ളതും, അതിനായി ഒരു യൂണിറ്റ് കാത്തിരിക്കുകയും ചെയ്യണമെന്നില്ല.

പലപ്പോഴും പുരുഷന്മാര്‍ ഒന്നിച്ചിരുന്നു കുറച്ചു സൊറ പറഞ്ഞ്, കുറച്ചു വെള്ളമൊക്കെയടിച്ച്, ഒരു ബീഡിയൊക്കെ വലിച്ചു കൊണ്ട് ചെറു സംഘങ്ങള്‍ ആയി ചെയ്യുന്ന ഒരു കലാപ്രവര്‍ത്തനം ആണ് ഒരു പാട്ടിന്‍റെ പിറവി. അവിടെ ഒരു സ്ത്രീ ഉണ്ടാവുന്നത് സദാചാരത്തിന്‍റെ പ്രശ്നം ആയി വായിക്കുന്നു. സ്ത്രീയ്ക്ക് ഈ രീതിയൊക്കെ അസൗകര്യം ആയിരിക്കും എന്ന ചിന്തയാല്‍ അവര്‍ ഒഴിവാക്കപ്പെടുന്നു. പലപ്പോഴും ചെറിയ ലോഡ്ജുകളില്‍ ഒക്കെ ഇരുന്നു ചെയ്യുന്ന പാട്ടുകളുടെ പിറവിയില്‍ ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഇതൊക്കെ മതി. സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു ശുചിമുറി ഒന്നും കാണില്ല എന്നുള്ള പറച്ചിലില്‍ ഇവര്‍ ഒഴിവാകുന്നു.
സ്ത്രീകള്‍ ഒന്നിച്ചുള്ള കൂട്ടായ്മകളെ സദാചാരാവുമായി ബന്ധപ്പെടുത്തിയാണ് സമൂഹം വായിക്കുന്നത്.സമൂഹം സ്ത്രീയ്ക്ക് നല്‍കേണ്ട സ്വാഭാവിക നീതിയായി ഇതിനെയൊക്കെ വായിക്കപ്പെടുന്നു. എന്നാല്‍ ഇവയൊക്കെ രക്ഷകര്‍ത്തൃത്വം ആണെന്നും മറിച്ചു സ്ത്രീകള്‍, ക്വീര്‍ സമൂഹം ഇവരൊക്കെ പ്രാതിനിധ്യസ്വാഭാവത്തോടെ ഈ രംഗങ്ങളില്‍ എത്തുവാന്‍ നിലവിലുള്ള വ്യവസ്ഥകളില്‍ അയവു വരുത്തേണ്ടതുണ്ടെന്നും അതില്‍ ഓരോരുത്തരും പങ്കാളിത്തം വഹിക്കേണ്ടതുണ്ടെന്നുമുള്ള സാമൂഹിക വിദ്യാഭ്യാസം എത്തിക്കുന്ന പരിപാടികള്‍ വികസിക്കേണ്ടതുണ്ട്.

അടുപ്പിച്ചു മൂന്ന് നാലു ദിവസം എടുത്താണ് ഒരു മികച്ച പാട്ട് പിറക്കുന്നത്. ചിലപ്പോള്‍ രാത്രി സമയങ്ങളിളും പണിയെടുക്കേണ്ടി വരും.പലപ്പോഴും തിരക്കഥ എഴുതിയ ആളും, സംവിധായകനും സംഗീത സംവിധായകനും ഒന്നിച്ചിരുന്നു കഥയും, സന്ദര്‍ഭങ്ങളും ചര്‍ച്ച ചെയ്താണ് ഒരു പാട്ട് ഉണ്ടാകുന്നത്. സ്ത്രീകള്‍ ഇത്തരം മേഖലയില്‍ അധികം ഇല്ലാത്തതുകൊണ്ട് ഈ കൂട്ടായ്മകളില്‍ കൂടുതലും പുരുഷന്മാരാണുള്ളത്. അവര്‍ക്കൊപ്പം അതിരാവിലെയും, അര്‍ദ്ധ രാത്രിയിലും ഒക്കെ പണിയെടുക്കുവാന്‍ സ്ത്രീ എഴുത്തുകാര്‍ ആയാല്‍ പറ്റില്ല. അവര്‍ക്കായ് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരും. ലോ ബജറ്റ് ചിത്രങ്ങളില്‍ ഇത് ബുദ്ധിമുട്ടാവും.പെണ്‍കുട്ടികളെ വീട്ടുകാര്‍ ഇതിനായി പറഞ്ഞയച്ചെന്നു വരില്ല. ഇനി അങ്ങനെ പുരുഷ സമൂഹത്തിനൊപ്പം പാട്ടെഴുതുവാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട പെണ്‍കുട്ടിക്ക് സമൂഹത്തിന്‍റെ സദാചാരക്കണ്ണില്‍ നിന്ന് രക്ഷപ്പെടുവാന്‍ പ്രയാസം ആണ്.നമ്മുടെ സിനിമാലോകം വിക്ടോറിയന്‍ സദാചാരത്തിന്‍റെയും, ജാതി വംശീയതയുടെയും പിടിയില്‍ നിന്നും ഇതുവരെയും രക്ഷപെട്ടിട്ടില്ല. അതിന് അനുയോജ്യമായ തരത്തിലാണ് നമ്മുടെ കരിക്കുലങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അതിനെ ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള സിനിമകളും, സാഹിത്യങ്ങളുമാണ് കൂടുതലായും നമുക്കുള്ളത്. പാട്രിയാര്‍ക്കി അയയാതെ സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വരില്ല.അഭിനേത്രികള്‍ക്ക് പോലും തുല്യ വേതനം നല്‍കാത്ത,ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അവസരങ്ങളിലേയ്ക്ക് വിളിക്കാത്ത ഒരു തരം സംസ്കാരം ആണ് സിനിമയ്ക്കുള്ളത്. പുരുഷ കേന്ദ്രീകൃതമായ ഈ വ്യവസ്ഥയെ അധികമാരും ചോദ്യം ചെയ്തിട്ടില്ല. നിലനില്‍പ്പിന്‍റെ ഭാഗമായി പലപ്പോഴും സ്ത്രീകള്‍ പോലും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. വിയോജിപ്പിന്‍റെ ശബ്ദങ്ങള്‍ ഉയര്‍ന്നാല്‍ അവരെ രംഗത്തുനിന്നും പുറത്താക്കുന്ന രീതിയാണ് കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഒരു മികച്ച സ്ത്രീ സൗഹാര്‍ദ്ദ തൊഴില്‍ ഇടമായി സിനിമയെ നമുക്ക് പരിഗണിക്കുവാന്‍ കഴിയില്ല.നമ്മുടെ നാട്ടിലെ പാരന്‍റിങ് സിസ്റ്റം പാട്ടെഴുത്തിനെ ഒരു തൊഴില്‍ ഇടമായി വളര്‍ത്തുവാന്‍ പര്യാപ്തമല്ല. മിക്കവാറും കുട്ടികളും രക്ഷകര്‍ത്താക്കളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ജോലികള്‍ തിരഞ്ഞെടുക്കുന്നു . എഴുത്ത്, പാട്ട് പോലെ പാഷന്‍ ഉള്ള ഒന്നും ചെയ്യുവാന്‍ അവര്‍ സമ്മതിക്കുന്നില്ല. ഈ മേഖലയില്‍ നിന്നും വിജയിച്ചു കയറി വന്ന. സ്ത്രീകള്‍ ഇല്ലാത്തതിനാലും, പൊതുവില്‍ സിനിമയില്‍ പോയാല്‍ പിഴച്ചു പോകും എന്ന ധാരണ ഉള്ളതിനാലും ഇവിടെയ്ക്ക് നല്ലൊരു ശതമാനം സ്ത്രീകളും എത്താറില്ല. സിനിമയില്‍ അവസരം കിട്ടുവാന്‍ വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരും എന്നുള്ള വാദം പ്രബലമായി ഇവിടെ ഉള്ളതിനാല്‍ കൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഞാന്‍ പാട്ടെഴുതിയ സിനിമയിലെ സംവിധായകര്‍ മാറ്റങ്ങള്‍ സിനിമയ്ക്ക് വേണ്ടി ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരാണ്. സ്ത്രീ പക്ഷസിനിമകള്‍ ആണ് അവര്‍ മുന്നോട്ടു വയ്ക്കുന്നതും. സിനിമയുടെ എല്ലായിടങ്ങളിലും സ്ത്രീകളുടെ കയ്യൊപ്പ് വേണമെന്ന് ആഗ്രഹിക്കുന്നവരും, എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ നഷ്ടം സഹിച്ചിട്ടെങ്കിലും ആളുകളെ എത്തിക്കണമെന്നും കരുതുന്നുവര്‍ ആയിരുന്നു അവര്‍.പാര്‍ശ്വവത്കൃതരെന്നു മുദ്ര കുത്തപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ എടുത്തുകൊണ്ടാണ് ജിയോ ബേബിയെപ്പോലൊരാള്‍ സിനിമയില്‍ കൂടി തന്‍റെ രാഷ്ട്രീയം മുന്നോട്ടു വച്ചത്. ആഷ ആച്ചി ജോസഫ് ക്വീര്‍ സമൂഹങ്ങളെ ഉള്‍പ്പെടുത്തി തന്‍റെ വര്‍ക്കുകള്‍ ചെയ്യുന്നു.

ജിയോയുടെ സിനിമയില്‍ ഞാന്‍ പാട്ട് എഴുതുമ്പോള്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരുന്നു. അതുകൊണ്ട് വാട്സ്ആപ്പ് വഴിയാണ് സംവിധായകന്‍, സംഗീത സംവിധായകന്‍, ഇവരൊക്കെയുമായി ചര്‍ച്ചകള്‍ നടത്തിയത്. എഴുതുന്ന വരികള്‍ വാട്സ്ആപ്പ് വഴി അയയ്ക്കും.അതിനു ട്യൂണ്‍ ഇടും.പിന്നീട് വേണ്ട തിരുത്തലുകള്‍ വഴി എല്ലാം ഭംഗിയാക്കും.അങ്ങനെ ചെയ്ത എന്‍റെ പാട്ട് ആ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു.സാങ്കേതികത ഇത്രയും വികസിച്ച കാലത്ത് സ്ത്രീ /ക്വീര്‍ സമൂഹങ്ങള്‍ ഉയര്‍ന്നു വരുവാന്‍ പുരുഷ. കേന്ദ്രീകൃത സമൂഹങ്ങള്‍ മനസ് വച്ചാല്‍ സാധിക്കാവുന്നതാണ് . സിനിമയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്ക്ക് അത് ഒരു പുരുഷ കേന്ദ്രീകൃത ഇടമാണെന്ന് മനസിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല.അതിനു ഏറ്റവും ഫലപ്രദം ആയ മാര്‍ഗ്ഗം പാട്രിയാര്‍ക്കിയുടെ ദോഷഫലങ്ങള്‍ കരിക്കുലങ്ങളില്‍ എത്തിക്കുക എന്നുള്ളതാണ്.പാട്രിയാര്‍ക്കിയെ പ്രോത്സാഹിപ്പിക്കാത്ത സ്ത്രീകള്‍ സിനിമയുടെ എഴുത്ത്, സാങ്കേതിക മേഖലയില്‍ എത്തുമ്പോഴാണ് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുക. അല്ലാത്ത സ്ത്രീകള്‍ അവിടെയെത്തിയാല്‍ അവര്‍ക്കു ഗുണമുണ്ടാകും എന്നല്ലാതെ മറ്റു മാറ്റങ്ങള്‍ ഉണ്ടാവില്ല.അത്തരം സ്ത്രീ ശബ്ദങ്ങള്‍ വളരെ ക്കുറച്ചു മാത്രം ഉണ്ടായിട്ട് കാര്യമില്ല. തുല്യനീതി സങ്കല്പത്തെപ്പറ്റി ഉറച്ച ബോധ്യമുള്ള സ്ത്രീ പുരുഷ ക്വീര്‍ സമൂഹങ്ങള്‍ കൂടുതലായി എത്തേണ്ടതുണ്ട്. പുരുഷന്മാര്‍ വികസിപ്പിച്ചെടുക്കുന്ന സമാന ചിന്താഗതിക്കാരായ സൗഹൃദ സംഘങ്ങള്‍ സ്ത്രീകള്‍ക്ക് കിട്ടാറില്ല. സ്ത്രീകള്‍ പാട്ടെഴുത്തു മേഖലയില്‍ വന്നതുപോലെ ക്വീര്‍ സമൂഹങ്ങള്‍ എത്തിയിട്ടില്ല എന്നുള്ളത് ഏറെ ശ്രദ്ധയോടെ പഠിക്കേണ്ട വിഷയമാണ്.അതുപോലെ തന്നെ ഒരു പാട്ട് രൂപപ്പെട്ടു കഴിഞ്ഞാല്‍ അതിനു പ്രോഗ്രാമിങ്,റെക്കോര്‍ഡിങ് സൗണ്ട് മിക്സിങ് പോലെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അത്തരം മേഖലയില്‍ സ്ത്രീകള്‍ തീരെക്കുറവാണ്. അതുകൊണ്ട് കൂടുതല്‍ പണച്ചിലവുള്ള അത്തരം ഇടങ്ങളില്‍ ചിലവുകുറഞ്ഞ ആളുകളെ പരസ്പരം സജസ്റ്റ് ചെയ്തൊക്കെയാണ് ഒരു ഗാനം രൂപപ്പെടുത്തുന്നത്. അത്തരം ഇടങ്ങളില്‍ നിന്നൊക്കെ സ്ത്രീകള്‍ ഒഴിവാക്കപ്പെടാറുണ്ട്. ഫ്രീഡം ഫൈറ്റ്, കുയിലി എന്നീ പ്രോജക്റ്റുകളുടെ പാട്ടുകളില്‍ ആദ്യന്തം ഞാന്‍ ഉണ്ടായിരുന്നു. വിദ്യാധരന്‍ മാഷ് പാടുവാന്‍ എത്തുന്നു മൃദുല കൂടി വരിക എന്ന് പറഞ്ഞു എന്‍റെ ചിലവുകള്‍ മുഴുവന്‍ എടുത്താണ് ജിയോ എന്നെ പാട്ടിനു ശേഷവും പങ്കാളി ആക്കിയത്. ഇത്തരം ഇടങ്ങളില്‍ നിന്നും കൂടുതല്‍ അറിവ് ലഭിക്കുവാനും, കൂടുതല്‍ സുഹൃത്തുക്കളെ ലഭിക്കുവാനും, അതിലുമുപരി എന്നിലെ സംസ്കാരിക ഊര്‍ജ്ജത്തെ ബലപ്പെടുത്തുവാനും അത് സഹായിച്ചു.മലയാള സിനിമയില്‍ അത്തരം പ്രവണതകള്‍ വേറെ ആര്‍ക്കൊക്കെ ഉണ്ട് എന്നെനിക്കറിയില്ല.കുയിലി എന്നുള്ളത് എന്‍റെ ആശയത്തില്‍ നിന്ന പരിപാടി എന്ന നിലയിലും സുഹൃത്തിന്‍റെ സ്റ്റുഡിയോ എന്ന നിലയിലും സംഗീത സംവിധായകന്‍ ശ്രേയസ് സജി, ചേച്ചിയുടെ മകന്‍ എന്ന നിലയിലും പാട്ടിന്‍റെ മേക്കിംഗില്‍ കൂടുതലായി ഇടപെടുവാന്‍ കഴിഞ്ഞു. അത്തരത്തില്‍ റിസ്ക് എടുത്ത് പങ്കാളിത്തം വഹിച്ചത് കൊണ്ടാണ് അവിടെ ഇടപെടുവാന്‍ എനിക്ക് സാധിച്ചത്.ജിയോ ബേബി സംഗീത സംവിധാനം നിര്‍വഹിച്ച കര്‍ഷക ഗാനവും ഞാന്‍ വാട്സ്ആപ്പ് വഴി ചെയ്തു കൊടുത്തതാണ്. സംഗീത സംവിധായകര്‍ മാത്യൂസ് പുളിക്കന്‍, എബിന്‍ പള്ളിച്ചന്‍,ജിയോ ബേബി ശ്രേയസ് സജി എന്നിവരാണ് ഞാന്‍ പാട്ടെഴുത്തുമായി ബന്ധപ്പെട്ട് വര്‍ക്ക് ചെയ്ത പുരുഷന്മാര്‍. ശ്രേയസ് സജി ഒഴികെ ബാക്കിയുള്ളവരുമായി വാട്സ്ആപ്പ് വഴിയാണ് പാട്ടിന്‍റെ വരികള്‍, തിരുത്തലുകള്‍ ഒക്കെ നടത്തിയത്.ഇത്തരത്തില്‍ വര്‍ക് ചെയ്തു നിരവധി സ്ത്രീകളെയും, ക്വിയര്‍ സമൂഹങ്ങളെയും ഈ മേഖലയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പൊതു സമൂഹങ്ങളിലെ കൂട്ടായ്മകള്‍ സ്ത്രീ /ക്വീര്‍ സൗഹാര്‍ദ്ദ ഇടങ്ങള്‍ ആക്കുക എന്നുള്ളത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണ്.

Nanjiyamma - Wikipedia

സംവിധാന രംഗത്തേയ്ക്ക് റാഡിക്കല്‍ ചിന്തയുള്ള സ്ത്രീകള്‍ കടന്നുവരുമ്പോള്‍ കൂടുതല്‍ പുതിയ കണ്ടെത്തലുകള്‍ അവര്‍ക്കു നല്‍കുവാന്‍ കഴിയും. അത്തരമൊരാള്‍ ആയിരുന്നു ആഷ ആച്ചി ജോസഫ്. പ്രഗ്യ പല്ലവി എന്ന ക്വിയര്‍ വ്യക്തിയെയാണ് അവര്‍ സംഗീത സംവിധായിക ആയി തിരഞ്ഞെടുത്തത്.ഏറ്റവും പുതുമ നിറഞ്ഞ ഒരു അനുഭവം ആയിരുന്നു എനിക്കത്. സംവിധായിക ആഷ ആച്ചിയും, സിനിമയുടെ ഡയറക്ടര്‍ അസിസ്റ്റന്‍റും, സ്ക്രിപ്റ്റ് അസിസ്റ്റന്‍റും ആയ ഗംഗയും സംഗീത സംവിധായിക പ്രഗ്യാ പല്ലവിയും ഞാനും രണ്ട് ദിവസം ഒന്നിച്ചിരുന്നാണ് പാട്ടുകള്‍ എഴുതിയതും, കമ്പോസ് ചെയ്തതും. അങ്ങേയറ്റം സന്തോഷം തന്ന, ഒരുപാടു കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പങ്കു വച്ച ഏറ്റവും രസകരമായ സോങ് മേക്കിങ് ആയിരുന്നു അത്. അത്തരത്തില്‍ ഉള്ള സ്ത്രീ സമൂഹങ്ങള്‍ വരുമ്പോള്‍ മാത്രമാണ് കൂടുതല്‍ സ്ത്രീകള്‍ അടയാളപ്പെടുകയുള്ളു.മലയാള സിനിമാ പാട്ടെഴുത്തു ലോകത്തില്‍ സ്ത്രീകള്‍ വളരെ കുറവാണ്. അപ്പോള്‍ പിന്നെ ദലിത് സ്ത്രീകളുടെ കാര്യം പറയേണ്ടതില്ലല്ലോ. എഴുത്ത് എന്ന ജ്ഞാന അധികാരത്തിലേക്ക് ഒരു ദലിത് പ്രാതിനിധ്യം ആയാണ് ഞാന്‍ എന്നെത്തന്നെ എണ്ണുന്നത്.ഇപ്പോള്‍ ശ്രീധന്യ കേറ്ററിംഗ് സര്‍വീസ് എന്ന ജിയോ ബേബി ചിത്രത്തിലൂടെ അലീന ആകാശ മിട്ടായി രംഗത്ത് വന്നിട്ടുണ്ട്. ഇരുള ഭാഷയില്‍ എഴുതിയ ബിന്ദു  ഗോത്രസമൂഹത്തില്‍ നിന്നുള്ള പ്രതിനിധാനം ആയി കടന്നു വന്നു. ദലിത് സ്ത്രീകള്‍ ഈ മേഖലയിലേയ്ക്ക് വരുന്നത് ഇപ്പോള്‍ മാത്രമാണ് എന്നുള്ളതാണ് വാസ്തവം . ഫോക് ലോര്‍ ഗായിക നഞ്ചിയമ്മ ദേശീയ അവാര്‍ഡ് വാങ്ങിയത് പൊതുവില്‍ മാര്‍ജിനലൈസ്ഡ് സമൂഹങ്ങളുടെ വരവിനെ കൂടുതല്‍ ഉഷാറാക്കിയിട്ടുണ്ട്. വരുന്നു എന്നുള്ളതില്‍ നിന്നും വ്യത്യസ്തമായി അവിടെ അവരെ നിലനിര്‍ത്തുവാനുള്ള മറ്റു പോഷകങ്ങള്‍ മലയാള സിനിമയില്‍ അധികം ഇല്ല. ബന്ധങ്ങള്‍ ആണ് അവസരങ്ങള്‍ക്കുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. സിനിമയില്‍ തന്നെ ദലിതര്‍ കുറവാണ്. അവര്‍ മേക്കിംഗില്‍ ഉണ്ടാവുന്നില്ല. ഒരു ജനതയുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കൂടിയുള്ളതാണ് സിനിമ. വളരെ വിശാലമായ ഒരു പ്ലാറ്റ് ഫോം ആണത് . അതിന്‍റെ സവര്‍ണ കേന്ദ്രീകൃത ചട്ടക്കൂട് അഴിച്ചു കളയാന്‍ സാധിക്കുന്നത് ദലിത് ആദിവാസി പ്രാതിനിധ്യങ്ങള്‍ അവിടെ എത്തുമ്പോഴാണ്. പുതിയ രചനകളിലേയ്ക്ക് കൂടുതല്‍ ആളുകള്‍ എത്തുവാന്‍, ഇടങ്ങള്‍ ബഹുസ്വരമാകുവാന്‍ പുതിയ പാട്ടുകള്‍ എഴുതപ്പെടേണ്ടതുണ്ട്. നമ്മള്‍ ഏറ്റു പാടേണ്ടതുണ്ട്.

മൃദുലാദേവി എസ്.
സിനിമാഗാനരചയിതാവ്, വിവര്‍ത്തക

 

 

COMMENTS

COMMENT WITH EMAIL: 0