പത്രപ്രവര്‍ത്തനം എന്ന വാക്ക് ആദ്യം കേട്ടത് അല്ല കണ്ടത് അച്ഛന്റെ കത്തുകളിലാണ്… അന്നെനിക്ക് വലിയ പ്രായം ഒന്നും ഇല്ല. ഏഴോ എട്ടോ വയസ്സ് കാണും. ‘പത്രപ്രവര്‍ത്തനം നടത്തി കുടുംബസ്വത്ത് വിറ്റ് നാട് വിട്ട കഥ’ അച്ഛന്‍ കത്തില്‍ എഴുതിയതാണ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ അച്ഛന്‍ ഓരോരോ രാജ്യത്ത് നിന്ന് അയക്കുന്ന കത്തുകളിലൂടെ പത്രപ്രവര്‍ത്തനം എന്ന ജ്വരം കുട്ടിക്കാലത്ത് തന്നെ എന്നെ പിടികൂടി..
സ്‌കൂള്‍ കാലത്ത് തന്നെ പത്രപ്രവര്‍ത്തനം തുടങ്ങുക എന്നത് ഇന്നോര്‍ക്കുമ്പോള്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തുന്നു…
ഒന്‍പതാം ക്ലാസ്സില്‍ തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് സോവിയറ്റ് യൂണിയനിലേക്കുള്ള ഒരു മാസക്കാലത്തെ യാത്ര ‘പ്രകാശരേഖ’ എന്ന യാത്രാ വിവരണമായി എഴുതുന്നതും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നതും. 10 ലക്കങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച് കഴിഞ്ഞപ്പോള്‍ മാതൃഭൂമിയില്‍ നിന്ന് ഒരു കത്ത് വന്നു. സാക്ഷാല്‍ എം.ടി. വാസുദേവന്‍ നായര്‍ അയച്ച ആ കത്തോടെയാണ് എന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്.
ആ കത്ത് ഇങ്ങനെയായിരുന്നു. ഗൃഹലക്ഷ്മി എന്നൊരു മാസിക മാതൃഭൂമി പബ്ലിക്കേഷന്‍സ് തുടങ്ങുന്നു. പി ബി ലല്‍കാറാണ് എഡിറ്റോറിയല്‍ കാര്യങ്ങള്‍ നോക്കുന്നത്. ബീന കൃത്യമായി അതില്‍ എഴുതണം. ഫീച്ചറുകളും അഭിമുഖങ്ങളും നടത്തി ഗൃഹലക്ഷ്മിക്ക് അയക്കണം.ലല്‍കാര്‍ നേരിട്ട് എഴുതും. എം.ടിയുടെ ആ കത്ത് എനിക്ക് ഒരു അപ്പോയിന്റുമെന്റ് ലെറ്റര്‍ തന്നെയായിരുന്നു. പിന്നാലെ ലല്‍കാറിന്റെ കത്തും കിട്ടി. ‘എം.ടി പറഞ്ഞിട്ട് എഴുതുകയാണ്. അഭിമുഖങ്ങളും ഫീച്ചറുകളും ചെയ്തു തരണം.’ പത്രപ്രവര്‍ത്തക ആകണം എന്നത് ജന്മ മോഹം തന്നെയായി കൊണ്ടു നടക്കുന്ന ഒരു അച്ഛനും സ്‌കൂള്‍ കുട്ടിയായ മോള്‍ക്കും ഇതില്‍പ്പരം ഒരു സന്തോഷം ഉണ്ടാകാനുണ്ടോ?
അന്ന് സ്ത്രീകള്‍ക്ക് പറ്റിയ മേഖലയായി പത്രപ്രവര്‍ത്തനത്തെ ആരും കരുതിയിരുന്നില്ല. മലയാളത്തില്‍ അങ്ങനെയൊരാളെ അക്കാലത്ത് കാണാനും ഇല്ലായിരുന്നു. ലോകം ചുറ്റി ജോലി ചെയ്തിരുന്ന അച്ഛന്‍ പല നാടുകളിലും വനിതാ പത്രപ്രവര്‍ത്തകര്‍ ഉണ്ടെന്ന് മോളെ ധൈര്യപ്പെടുത്തി. പത്രപ്രവര്‍ത്തകയാകണം എന്ന കാര്യത്തില്‍ സംശയം ഒന്നും ഉണ്ടായിരുന്നില്ല.. എന്നാല്‍ എങ്ങനെ എഴുതും എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.
കുറേ ദിവസം ആ കത്തിന്റെ പിന്നാലെ അതോര്‍ത്തു നടന്നു. ഒടുവില്‍ ക്ലാസ്സില്‍ ഒപ്പം പഠിച്ചിരുന്ന അന്ധയായ ആലീസിനെ കുറിച്ച് ഒരു ലേഖനം എഴുതാമെന്നു തീരുമാനിച്ചു. ആലീസിനെ അഭിമുഖം നടത്തി ലേഖനം എഴുതി. നന്നായി പാട്ടുപാടുന്ന, വളരെ ആഴത്തിലുള്ള ജീവിതവീക്ഷണം ഉള്ള ,മിടുക്കിയായി പഠിക്കുന്ന ആലീസിന്റെ കഥ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ചു . എന്തൊരു ത്രില്‍ ആയിരുന്നു. ഇന്നും ഓരോ ലേഖനവും എഴുതുമ്പോഴും പ്രസിദ്ധീകരിക്കുമ്പോ ഴും ആ ത്രില്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്.
പഠനകാലത്ത് മാതൃഭൂമി, ഗൃഹലക്ഷ്മി, കേരളകൗമുദി, കലാകൗമുദി കുങ്കുമം, കലാലയം അങ്ങനെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതി. കോളേജ് ജീവിതകാലത്ത് പോക്കറ്റ്മണി തന്നിരുന്നത് എഴുത്തായിരുന്നു. ചെറിയ ചെറിയ തുകകള്‍ ആണെങ്കില്‍ കൂടി ഓരോ പത്രസ്ഥാപനവും നല്‍കുമ്പോള്‍ അഭിമാനത്തോടുകൂടി ഞാനൊരു പത്രപ്രവര്‍ത്തകയാണ് എന്ന് സ്വയം കരുതി ജീവിച്ചു.
പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത് നേരെ ചേര്‍ന്നത് കേരളകൗമുദിയില്‍ ആയിരുന്നു. കലാകൗമുദിയിലും കേരളകൗമുദിയിലും മലയാള പത്രപ്രവര്‍ത്തനത്തിലെ മഹാരഥന്മാര്‍ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. എസ് ജയചന്ദ്രന്‍ നായര്‍, എന്‍ ആര്‍ എസ് ബാബു ,എം എസ് മണി, എം പി നാരായണപിള്ള ,എ പി വിശ്വനാഥന്‍, എന്‍ എന്‍ സത്യവ്രതന്‍ തുടങ്ങിയ പ്രഗത്ഭരായ പത്ര പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വളരെയേറെ അവസരങ്ങളും അനുഭവസമ്പത്തും നല്‍കി.
മാവൂര്‍ റയോണ്‍സ് സമരത്തെ കുറിച്ച് ഫീച്ചര്‍, സ്‌നേഹലത റെഡ്ഢിയുടെ മകള്‍ നന്ദന റെഡ്ഢിയുമായുള്ള അഭിമുഖം,കമലഹാസന്‍, എം എസ് സുബ്ബലക്ഷ്മി, ഹേമമാലിനി, അരവിന്ദന്‍ തുടങ്ങി ധാരാളം പ്രതിഭകളെ അന്ന് അഭിമുഖം ചെയ്യാന്‍ കഴിഞ്ഞു.
കേരള കൗമുദി പത്രത്തിനു വേണ്ടി സൂര്യഫെസ്റ്റിവല്‍, 1988 ലെ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങി നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റി . പലയിടത്തും ഏക സ്ത്രീ പത്രപ്രവര്‍ത്തക എന്ന നിലയില്‍ കൂടുതല്‍ പരിഗണനയും ഉണ്ടായിരുന്നു. കേരളകൗമുദിയിലെ എഡിറ്റോറിയല്‍ പേജിലും വാരാന്ത പതിപ്പിലും വളരെയേറെ ലേഖനങ്ങളും ഫീച്ചറുകളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചു .
അന്ന് അച്ചടിയും ടൈപ്പ് സെറ്റിങ്ങും ഒക്കെ ഇന്നത്തെ പോലെ ആധുനികമല്ല..കലാകൗമുദി പ്രസ്സില്‍ ഓരോ അക്ഷരമായി പെറുക്കി വച്ച് ഫോറം കെട്ടുന്ന രീതി ഇന്നും ഓര്‍ക്കുന്നു. ഫോട്ടോകള്‍ ബ്‌ളോക്ക് ഉണ്ടാക്കിയാണ് അച്ചടിച്ചിരുന്നത്.
കേരളകൗമുദിയിലെ ജോലി പ്രസവത്തോടെ ഞാന്‍ വേണ്ടെന്നു വെച്ചു ..പ്രസവ അവധി ഒന്നും അന്ന് ആര്‍ക്കും ശീലമില്ല . അതിനു മുന്‍പ് വനിതാ പത്രപ്രവര്‍ത്തകര്‍ ആരും തന്നെ ഉണ്ടായതുമില്ലല്ലോ. അവധി ലഭിക്കാത്തത് അവധിക്കുള്ള നിയമങ്ങളില്ലാത്തതു മൂലം ആയിരുന്നു. രണ്ടു വര്‍ഷം കേരളകൗമുദിയില്‍ പ്രവര്‍ത്തിച്ച ശേഷം മാതൃഭൂമി യില്‍ ചേര്‍ന്നു.
ഗൃഹലക്ഷ്മി മാസികക്ക് വേണ്ടി തിരുവനന്തപുരത്ത് പാര്‍ട് ടൈം റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കാമോ എന്ന എംടിയുടെ ഒരു ഫോണ്‍കോള്‍ ആണ് അതിനിടയാക്കിയത്. എം ടി ഇടക്കാലത്ത് മാതൃഭൂമിയില്‍ നിന്ന് മാറി നിന്നിട്ട് തിരികെ വന്ന കാലമായിരുന്നു. ‘ഗൃഹലക്ഷ്മിയില്‍ ചേരുന്നോ?’എന്ന എം.ടിയുടെ ചോദ്യത്തിന് ‘മകനെ ഞാന്‍ തന്നെ നോക്കി വളര്‍ത്തണം’ എന്ന ആഗ്രഹം ഞാന്‍ പറഞ്ഞു. അപ്പോഴാണ് എം.ടി പാര്‍ട് ടൈം ഓഫര്‍ പറഞ്ഞത്. ‘വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി.അത്യാവശ്യം വരുമ്പോള്‍ റിപ്പോര്‍ട്ടിംഗിന് പുറത്തുപോവുക. അത് മാത്രം മതിയാവും.’
എം.ടിയുടെ ഒപ്പം ജോലി ചെയ്യാന്‍ കിട്ടിയ അവസരം സന്തോഷത്തോടെ സ്വീകരിച്ചു. എം ടി വ്യത്യസ്ഥ മായ നിരവധി അസൈന്‍മെന്റുകള്‍ ഗൃഹലക്ഷ്മി ക്കുവേണ്ടി ചെയ്യാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ച്ചയായി പല പല വിഷയങ്ങളെക്കുറിച്ചുള്ള ഫീച്ചറുകള്‍ അക്കാലത്ത് എഴുതാന്‍ കഴിഞ്ഞു.
സ്ത്രീകളുടെ മദ്യപാനം, കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്ന ദമ്പതിമാര്‍, ആത്മഹത്യ പെരുകുന്ന കേരളം അങ്ങനെ പലതും. 1991 ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസില്‍ ചേര്‍ന്നു. എന്നിലെ പത്രപ്രവര്‍ത്തകത്വര ഒഴിഞ്ഞു പോയില്ല, കൂടിയതേയുള്ളൂ. മാതൃഭൂമി, മലയാളമനോരമ, കേരളകൗമുദി,ദേശാഭിമാനി, കലാകൗമുദി, മാധ്യമം, ചന്ദ്രിക, യാത്രമാസിക, വനിത, ഗൃഹലക്ഷ്മി, കന്യക തുടങ്ങി മിക്ക പ്രസിദ്ധീകരണങ്ങളിലും എഴുതുവാനും കോളം ചെയ്യുവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട് . തിരുവനന്തപുരം ആകാശവാണി നിലയം, ദൂരദര്‍ശന്‍ കേന്ദ്രം എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്റര്‍ ആയി ജോലി ചെയ്യാന്‍ കഴിഞ്ഞ ആദ്യത്തെ സ്ത്രീ എന്ന നിലയില്‍ ആ മേഖലകളിലെ അനുഭവങ്ങള്‍ വിലപ്പെട്ടതാണ്. പതിമൂന്ന് വര്‍ഷം ആകാശവാണി യിലും മൂന്ന് വര്‍ഷം ദൂരദര്‍ശനിലും വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്തു.
ജോലിക്കൊപ്പം സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് ഒരു കാലത്തും ഞാന്‍ മാറി നിന്നിട്ടില്ല. നിരന്തരം യാത്രചെയ്ത് എഴുതിക്കൊണ്ടേയിരുന്നു.
ആളുകള്‍ ,അനുഭവങ്ങള്‍ ,സ്ഥലങ്ങള്‍ കാഴ്ചകള്‍. യാത്ര ചെയ്യാന്‍ തയ്യാറാകുന്ന പത്രപ്രവര്‍ത്തകക്ക് ജീവിതം കരുതി വെക്കുന്നത് മറ്റാര്‍ക്കും ലഭ്യമാകാത്ത അനുഭവങ്ങളുടെ വലിയ ലോകം ആണ്. കറുപ്പിലും വെളുപ്പിലും ചാരനിറത്തിലും ഒക്കെ ചലച്ചിത്രത്തെക്കാള്‍ അത്ഭുതകരമായി പത്രപ്രവര്‍ത്തകക്ക് മുന്നില്‍ ജീവിതം ചുരുള്‍ നിവരും.
വാര്‍ത്തകള്‍ക്ക് വേണ്ടി നടത്തിയ യാത്രക്കിടയില്‍ കണ്ടുമുട്ടിയ മനുഷ്യര്‍ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ അനുഭവ സമ്പത്താണ്.
2013 -14 കാലത്ത് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് നടത്തിയ യാത്രകള്‍ ‘നൂറ് നൂറ് കസേരകള്‍ ‘എന്ന ഒരു പുസ്തകം എഴുതുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ത്രിതല പഞ്ചായത്തുകളില്‍ ദലിതര്‍ക്കും സ്ത്രീകള്‍ക്കും ഏര്‍പ്പെടുത്തിയ സംവരണം എങ്ങനെയാണ് ഗ്രാമങ്ങളിലും വ്യക്തി ജീവിതങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാക്കിയത് എന്ന ചോദ്യവുമായി നടത്തിയ യാത്രകളില്‍ മുന്നില്‍ എത്തിയവര്‍ പലരും മറക്കാനാവാത്ത അനുഭവങ്ങളാണ് നല്‍കിയത് .
രാജസ്ഥാന്‍ ,ഗുജറാത്ത് ,ബീഹാര്‍,മധ്യപ്രദേശ്, തമിഴ്‌നാട് ,ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രകളിലെ കണ്ടെത്തലുകള്‍ കേരളകൗമുദി ദിനപത്രത്തില്‍ 2015 ഒക്ടോബറില്‍ ആറു ദിവസം നീണ്ടു നിന്ന ഒരു പരമ്പരയായി പ്രസിദ്ധീകരിച്ചു. ആ പരമ്പരക്ക് 2016 ലെ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് ലാഡ്ലി മീഡിയ പ്രാദേശിക ദേശീയ അവാര്‍ഡുകള്‍ ,വി കെ മാധവന്‍കുട്ടി പത്രപ്രവര്‍ത്തക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു .
യാത്രകളില്‍ കണ്ട ഇന്ത്യന്‍ അവസ്ഥ യഥാര്‍ത്ഥത്തില്‍ എനിക്കും വായനക്കാര്‍ക്കും അമ്പരപ്പാണ് സമ്മാനിച്ചത് .
അപ്പോഴും, ഇപ്പോഴും, എപ്പോഴും…
ആ യാത്രകള്‍ക്കിടയില്‍ ഉണ്ടായ ഒരു അനുഭവം വെച്ച് എഴുതിയ ‘എന്താണ് സാനിറ്ററി പാഡിന്റെ അന്തിമ രഹസ്യം?’ എന്ന ലേഖനം 2014 ലെ ലാഡ്ലി മീഡിയ അവാര്‍ഡ് നേടിത്തന്നു. ഇന്ത്യയിലെ സ്ത്രീകള്‍ എങ്ങനെയാണ് ആര്‍ത്തവകാലം പിന്നിടുന്നത് എന്നുള്ള അന്വേഷണമായിരുന്നു അത്.
ഇന്ത്യന്‍ അവസ്ഥ മറനീക്കി മുന്നോട്ടുവന്ന ഒരു ഫീച്ചര്‍ ആയിരുന്നു അത്. ഇന്ത്യയിലെ 80 ശതമാനത്തിലേറെ വരുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലത്ത് പോലും അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല എന്ന ക്രൂരമായ യാഥാര്‍ഥ്യം നേരിട്ട് അറിഞ്ഞ നാളുകള്‍.
ഭൂരിപക്ഷം മനുഷ്യജീവിതങ്ങള്‍ ദിനരാത്രങ്ങള്‍ മുന്നോട്ട് നീക്കുന്നത് എങ്ങനെ എന്ന് ഞാന്‍ തിരിച്ചറിഞ്ഞ നാളുകള്‍…
ജാതിയുടേയും മതത്തിന്റേയും ലിംഗ വര്‍ഗ ബോധങ്ങളുടേയും ഇരുളടഞ്ഞ ചിന്തകളില്‍ മനുഷ്യര്‍ എത്ര നിസ്സഹായരാണ് എന്ന് മനസ്സിലാക്കി തന്നത് ഞാന്‍ നടത്തിയ പത്രപ്രവര്‍ത്തന യാത്രകള്‍ ആയിരുന്നു.
‘നൂറ് നൂറ് കസേരകള്‍’ എഴുതാന്‍ വേണ്ടിയുള്ള യാത്രക്കിടയില്‍ കണ്ടുമുട്ടിയ നിരൂപട്ടേല്‍’ പഞ്ചായത്ത് പ്രസിഡണ്ട് ആയത് കൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടം മുഖം മറക്കാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നു എന്നതാണ്’ എന്ന് എന്നോട് പറഞ്ഞു.
അവരുടെ മരുമകള്‍ പറയുമത്രേ ‘അമ്മക്ക് എത്ര ഭാഗ്യമാണ്, മുഖം മറച്ചല്ലാതെ നടക്കാമല്ലോ’ എന്ന്. എത്ര ആഹ്ലാദത്തോടെയാണ് നീരൂ അത് പറഞ്ഞതെന്നോര്‍ക്കുമ്പോള്‍ ഇന്നും അത്ഭുതമാണ്.
മധ്യപ്രദേശിലെ പിപ്ര പഞ്ചായത്തിലെ സര്‍പഞ്ച് ഗുണ്ടികഭായിക്കും തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ സുജാതക്കും സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്താന്‍ ചെന്നപ്പോള്‍ ഉള്ള അനുഭവം വ്യത്യസ്തമായിരുന്നില്ല എന്ന് മനസ്സിലാക്കിയതും ഇത്തരം പത്രപ്രവര്‍ത്തന യാത്രകളിലാണ്. രണ്ടുപേരും പറഞ്ഞത് ഒരേ വാക്കുകള്‍. ചുറ്റുംനിന്ന് ജനം കൂകിയാര്‍ത്തത് അവര്‍ രണ്ടുപേരും ഒരിക്കലും മറക്കില്ല .
‘നീ പതാകയില്‍ തൊടരുത്. നീ താഴ്ന്നജാതിക്കാരിയാണ്.’
തമിഴ്‌നാട്ടിലെ മധുര പഞ്ചായത്തില്‍ 2014 ല്‍ എത്തുമ്പോള്‍ 17 വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത് ജൂണ്‍ 30ന്റെ നടുക്കത്തില്‍ നിന്ന് അപ്പോഴും പലരും വിമുക്തരായിരുന്നില്ല. 1996 വരെ മേലെ വളവു ജനറല്‍ പഞ്ചായത്ത് ആയിരുന്നു. 1996 ല്‍ ദലിത് പഞ്ചായത്താക്കി. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് തന്നെ നടന്നില്ല. രണ്ടാമത്തെ തവണ അക്രമങ്ങളും ബൂത്ത് പിടുത്തവും കൊണ്ട് ബഹളമായി.
ഡിസംബര്‍ 30ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രബല വിഭാഗമായ കല്ലാര്‍മാര്‍ പങ്കെടുത്തില്ല. ആറു സീറ്റുകളില്‍ ദലിത് മെമ്പര്‍മാര്‍ ഉണ്ടായി. അതില്‍ അസഹ്യരായ തേവര്‍മാര്‍ ജൂണ്‍ 30ന് പ്രസിഡണ്ട് മുരുകേശനെയും വൈസ് പ്രസിഡണ്ട് മൂക്കനെയും ആക്രമിച്ചു. ആറുപേരെ കൊലചെയ്തു. നിരവധിപേര്‍ക്ക് പരിക്കേറ്റു. വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ട അഴകര്‍സ്വാമിക്കൊപ്പം മറ്റു 16 പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.ഹൈക്കോടതിയും ശിക്ഷ വിധിച്ചു.
അത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും പഴയ കഥകള്‍ ഓര്‍ത്തെടുത്ത് പറയുമ്പോള്‍ മുക്കയ്യന്‍ വിറക്കുന്നുണ്ടായിരുന്നു. ദലിത് കോളനിക്കരികിലെ പൊതുവഴിയില്‍ ആറ് മൃതദേഹങ്ങളും ഒരുമിച്ചു സംസ്‌കരിച്ച കാഴ്ച ഇന്നും നടുക്കുന്ന ഓര്‍മ്മയാണ്. അന്നത്തെ കൂട്ടക്കൊല ഗ്രാമത്തെ പല തലങ്ങളില്‍ തകര്‍ത്തു.
ഗ്രാമത്തിലെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും അതോടെ ജോലി ഇല്ലാതായി. ‘ഒന്നും ചോദിക്കാന്‍ ആളില്ല മാഡം’ എന്നോട് ഇത് പറഞ്ഞത് ഉസലാംപെട്ടിയിലെ കീരിപ്പെട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാലു സ്വാമിയാണ് .
2006 ല്‍ ജീവന്‍ പണയം വച്ചാണ് ബാലുസ്വാമി കീരിപ്പെട്ടിയിലെ പഞ്ചായത്ത് പ്രസിഡണ്ട് ആയത്. എനിക്കു മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് ആകാന്‍ തുടങ്ങിയവര്‍ മരിച്ചു വീഴുന്നതു കണ്ടു മനസ്സ് തകര്‍ന്ന് ആണ് 2006ല്‍ നോമിനേഷന്‍ കൊടുത്തത്. നോമിനേഷന്‍ നല്‍കിയ അടുത്ത നിമിഷം ഞാന്‍ മധുരക്ക് പോയി .കളക്ടര്‍ എനിക്ക് സംരക്ഷണം തന്നു. ഞാന്‍ പ്രസിഡണ്ടായത് ഉയര്‍ന്ന ജാതിക്കാരായ തേവര്‍മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല. ദലിതുകള്‍ക്ക് പേടിയായിരുന്നു.ആരും എന്നോട് മിണ്ടാന്‍ കൂടി തയ്യാറായില്ല.
അഞ്ചുവര്‍ഷം പോലീസ് സംരക്ഷണത്തിലാണ് ഞാന്‍ കഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഇല്ലാതായെങ്കിലും ഇപ്പോഴും ഗ്രാമത്തില്‍ ഞാന്‍ ഒറ്റപ്പെട്ടവന്‍ ആണ്. എന്നോട് മിണ്ടാന്‍ എല്ലാവര്‍ക്കും പേടിയാണ് ‘എന്ന് പറഞ്ഞ ബാലു സ്വാമി യെ എങ്ങനെയാണ് മറക്കുക? ബാലു സ്വാമിയെ പോലെയുള്ള പലരും അധികാരത്തിലേക്ക് വരാന്‍ മടിക്കുന്നത് ജീവിതം പ്രശ്‌നമായി മാറും എന്ന് പേടിച്ചാണ്. പാപ്പാപ്പെട്ടിയിലെ പെരിയകറുപ്പന്‍ ദാരിദ്ര്യത്തില്‍ ആയത് പഞ്ചായത്ത് പ്രസിഡന്റ് ആകാന്‍ തീരുമാനിച്ചതോടെയാണ്. ദലിതന്‍ ആയതുകൊണ്ട് ഉയര്‍ന്ന ജാതിക്കാര്‍ പെരിയകറുപ്പന് വധ ഭീഷണി ഉയര്‍ത്തി. കളക്ടര്‍ സംരക്ഷണത്തിന് പോലീസിനെ വിട്ടു. മൂന്ന് പോലീസുകാര്‍ ഗ്രാമത്തിലെത്തി. ഒരു മുറി ഓലപ്പുരയില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന പെരിയകറുപ്പന് പൊലീസ് ഏമാന്മാരെ താമസിപ്പിക്കുവാന്‍ വഴിയില്ലായിരുന്നു. ഒടുവില്‍ വഴി കണ്ടെത്തിയത് ഒരു പുതിയ മുറി പണിഞ്ഞാണ്. സ്വന്തം വീടിനടുത്ത് ഒരു മുറി കോണ്‍ക്രീറ്റില്‍ പണിതു. സ്വന്തം സംരക്ഷകരെ താമസിപ്പിച്ചു. പോലീസുകാര്‍ക്ക് വീട് ഉണ്ടാക്കാന്‍ പണം പലിശക്ക് വാങ്ങുകയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ആയതിനാല്‍ പണം കൊടുക്കാന്‍ ആളുണ്ടായിരുന്നു. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനം പോയി. പോലീസുകാരും പോയി.
കടക്കാര്‍ പിടിമുറുക്കി .പെരിയ കറുപ്പനും ഭാര്യ അഴക് പെണ്ണും കഠിനാധ്വാനം ചെയ്തു കടം വീട്ടാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍ കണ്ടപ്പോള്‍ .
മറ്റൊരു പത്രപ്രവര്‍ത്തന യാത്രയിലാണ് താരാ ശുക്ലയെ കണ്ടുമുട്ടിയത്. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ പഹാഗഞ്ചു ഗ്രാമപഞ്ചായത്ത് സര്‍പഞ്ചായ താരയെ കാണാന്‍ ചെല്ലുമ്പോള്‍ വീട്ടുപണികളുടെ തിരക്കിലായിരുന്നു .വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ ഭര്‍ത്താവ് വീരേന്ദ്ര വഴിയരികില്‍ ‘ഇത് ഞാന്‍ സ്ഥാപിച്ച പൈപ്പ് ,ഇത് ഞാന്‍ പണിത റോഡ്’ എന്നൊക്കെ പറഞ്ഞ് ഒരുപാട് കാര്യങ്ങള്‍ കാണിച്ചുതന്നു കൊണ്ടിരുന്നു .താന്‍ ആണ് പ്രധാന്‍ എന്ന ഭാവത്തോടുകൂടി തന്നെ അയാള്‍ ഭാര്യയെ ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞു
‘ഫോട്ടോയെടുത്തു കൊള്ളൂ..ഇവരാണ് പ്രധാന്‍. പഞ്ചായത്ത് കാര്യങ്ങള്‍ ചെയ്യുന്നത് ഞാനാണ് എന്നേയുള്ളൂ’. താരയുടെ ഫോട്ടോ എടുക്കുമ്പോള്‍ ചുവരില്‍ നിര്‍മ്മല്‍ ഗ്രാമ പുരസ്‌കാരത്തിന്റെ അവാര്‍ഡ് വാങ്ങുന്ന ഫോട്ടോ.
ടോയ്ലറ്റുകള്‍ ഉത്തര്‍പ്രദേശില്‍ വലിയ ആര്‍ഭാടമായ കാര്യമാണ്. പല യാത്രകളിലും സമീപത്തുള്ള പറമ്പുകളും പാടങ്ങളും ഒക്കെ മൂത്രമൊഴിക്കാന്‍ വേണ്ടി വന്ന അനുഭവം ഓര്‍ത്ത് ഞാന്‍ താരാ ശുക്ലയോട് ചോദിച്ചു.
‘ 100% വീടുകളില്‍ ടോയ്‌ലറ്റ് ഉണ്ടെങ്കില്‍ മാത്രം കിട്ടുന്ന നിര്‍മല്‍ ഗ്രാമ പുരസ്‌കാരം നിങ്ങള്‍ക്ക് എങ്ങനെ കിട്ടി?’
താര മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു .
ഒരിക്കല്‍ വീട്ടിന് പിന്നിലെ വെളിമ്പ്രദേശത്ത് രാത്രി മൂത്രമൊഴിക്കുമ്പോള്‍ ഞാന്‍ ആക്രമിക്കപ്പെട്ടു .വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു.
‘നിനക്ക് ഈ ഗതിയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്ത് കഷ്ടമായിരിക്കും? നമുക്ക് ടോയ്ലെറ്റുകള്‍ ഉണ്ടാക്കണം. നമ്മുടെ വീട്ടില്‍ മാത്രമല്ല എല്ലാ വീടുകളിലും ടോയ്ലറ്റുകള്‍ ഉണ്ടാക്കണം’.
അങ്ങനെയാണ് ടോയ്‌ലെറ്റു കള്‍ ഉണ്ടാക്കിയത്. എല്ലാ വീടുകളിലും ടോയ്ലെറ്റ് ഉണ്ടാക്കാന്‍ പഞ്ചായത്ത് പ്രധാന്‍ എന്ന നിലയില്‍ കഷ്ടപ്പെടേണ്ടി വന്നു .എങ്കിലും ഞങ്ങള്‍ക്ക് അതിനു കഴിഞ്ഞു. അപ്പോള്‍ നിര്‍മല്‍ പുരസ്‌കാരവും കിട്ടി.
എത്ര എത്ര മനുഷ്യര്‍..എന്തെല്ലാം കഥകള്‍..ഇന്ത്യന്‍ യാത്രകള്‍ എനിക്ക് തന്ന വിസ്മയങ്ങള്‍ക്ക് കണക്കില്ല.
ഗുജറാത്തിലെ കനിജ് പഞ്ചായത്തിലെ പ്രസിഡന്റായ നീരുവിനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു
‘സര്‍പഞ്ച് എന്ന നിലയില്‍ നിങ്ങള്‍ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണ്?’ അവരുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു.
‘ഇവിടെ ഗ്രാമത്തില്‍ ഉയര്‍ന്ന ജാതിക്കാരുടെ അമ്പലത്തില്‍ ഒരു ദലിത് പെണ്ണ് ശിവരാത്രി പ്രാര്‍ത്ഥിക്കാന്‍ വന്നു .ആളുകള്‍ അവളെ അമ്പലത്തില്‍ കയറ്റിയില്ല. ബഹളമുണ്ടാക്കി .ഞാന്‍ അവരെ പിന്താങ്ങി . അന്ന് രാത്രി അവളുടെ വീട് ആക്രമിക്കാന്‍ കുറെ ആളുകളെ അവര്‍ പറഞ്ഞു വിട്ടു.’
‘നിങ്ങള്‍ ഗ്രാമത്തലവ അല്ലെ. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനത്തല്ലേ? ദലിത്, ഉയര്‍ന്ന ജാതി എന്നൊക്കെ പറയാന്‍ പാടുണ്ടോ..ഇങ്ങനൊക്കെ ചെയ്യാന്‍ പാടുണ്ടോ?’ അമ്പരപ്പോടെ ഞാന്‍ ചോദിച്ചു .
‘എന്താ പറഞ്ഞാല്‍? ദലിതന്‍ ചെരുപ്പ് പോലെയാണ്. ചെരുപ്പ് ആരെങ്കിലും തലയില്‍ വെക്കുമോ ?വെച്ചാല്‍ നിങ്ങള്‍ ക്ഷമിക്കുമോ? പിന്നെങ്ങനെ ദൈവം ക്ഷമിക്കും?’
നീരു ചോദിച്ച ചോദ്യം കേട്ട് ഞാന്‍ ഞെട്ടി പ്പോവുകയാണ് ചെയ്തത്. ഇത്തരം നിരവധി നീരുമാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്താന്‍ എന്നെ സഹായിച്ചത് പത്രപ്രവര്‍ത്തക യാത്രകളാണ്. ജാതിയുടരയും പുരുഷാധിപത്യത്തിന്റേയും ഇന്ത്യയെ ഞാന്‍ തൊട്ടറിഞ്ഞത് ഇത്തരം നിരവധി യാത്രകളിലാണ്.
പത്രപ്രവര്‍ത്തക ആയതുകൊണ്ട് മാത്രം എനിക്ക് കിട്ടിയ അനുഭവങ്ങള്‍ ആണിത്.
COMMENTS