ലൈംഗികതയെ അടിസ്ഥാനമാക്കി സ്ത്രീയെന്നും പുരുഷനെന്നും മാത്രം വേര്‍തിരിച്ചു കാണുന്ന ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിലാണ് ഇന്നും ജീവിക്കുന്നതെന്ന ഉത്തമബോധ്യത്തിലാണ് ഇതെഴുതുന്നത്. കുടുംബത്തിനുപുറത്തു ഒരു കുട്ടിക്ക് ആശയപരമായി വളരാന്‍ കഴിയുന്ന ഒരു മേഖലയാണ് വിദ്യഭ്യാസമേഖല. മാര്‍ക്കിനും മത്സരത്തിനും അപ്പുറം വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത് മാനുഷികമൂല്യങ്ങളെ മനസിലാക്കല്‍ എന്നത്കൂടിയാണ്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എല്ലാവര്ക്കും തുല്യപരിഗണനയും അവകാശങ്ങളും ലഭിക്കും എന്നാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. എന്നാല്‍, പല സ്ഥാപനങ്ങളിലും ഇതിന് വിരുദ്ധമാണ് കാര്യങ്ങള്‍ .ജാതി, മതം, നിറം, ലിംഗം തുടങ്ങി സകലതിനെയും അടിസ്ഥാനപ്പെടുത്തി തന്നെയാണ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍-19 പ്രകാരം ഒരു ഇന്ത്യന്‍ പൗരന് ഇന്‍ഡ്യയിലെവിടെയും യഥേഷ്ടം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.ആര്‍ട്ടിക്കിള്‍-15 , ലിംഗത്തെ അടിസ്ഥാനമാക്കി പൗരന്മാരെ വേര്‍തിരിച്ചുകാണരുത് എന്നും പറഞ്ഞുവെക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഭരണഘടനമൂല്യങ്ങളുടെ ലംഘനമാണ് ഈ അടുത്ത് കോഴിക്കോട്, ആലപ്പുഴ ഗവ:മെഡിക്കല്‍ കോളേജുകളില്‍ നമ്മള് കണ്ടത്.മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലുകളില്‍ രാത്രി 10 മണിക്ക് ശേഷം പ്രവേശനം ഇല്ല എന്നതാണ് പുതിയ ചട്ടം.10 മണി കഴിഞ്ഞു ഹോസ്റ്റലില്‍ എത്തുന്ന പെണ്‍കുട്ടികളെ ഇരുട്ടില്‍ മണിക്കൂറുകളോളം പുറത്തുനിര്‍ത്തിയാണ് ഹോസ്റ്റല്‍ അധികൃതര്‍ പ്രതികാരം ചെയ്യുന്നത്. അതേ കോളേജിലെ മെന്‍സ് ഹോസ്റ്റലുകളിലോ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലതാനും. പകലുമുഴുവന്‍ പഠനത്തിന്റെ സകലപിരിമുറുക്കങ്ങളിലും ഇരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് രാത്രിയെങ്കിലും പുറത്തിറങ്ങേണ്ടതില്ലേ?രാത്രി കൂട്ടം കൂടിയിരുന്നു വര്‍ത്തമാനം പറയാനും ഇഷ്ടമുള്ളിടത്തു പോവാനും പറ്റണ്ടേ? അല്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികള്‍ക്കും എന്തിന് രണ്ട് നീതി! അനാവശ്യമായ ഇത്തരം നിയന്ത്രണങ്ങള്‍ക്കെതിരെ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികള്‍ നടുറോഡിലിറങ്ങി പ്രതിഷേധിച്ചു. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ ഈ സമരവാര്‍ത്തകളുടെ കമെന്റ്ബോക്സ് സ്ത്രീവിരുദ്ധമായ കമെന്റുകള്‍ കൊണ്ട് നിറഞ്ഞു. കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഹോസ്റ്റലില്‍ സമയപരിധി ഏര്‍പ്പെടുത്തിയത് എന്നാണ് കോളേജ് അധികാരികളുടെ ന്യായം.രാത്രി കാലങ്ങളില്‍ അക്രമിക്കപ്പെട്ടേക്കാമെന്ന ധാരണയില്‍ പൂട്ടിയിടേണ്ടവരല്ല പെണ്‍കുട്ടികള്‍.അങ്ങനെയെങ്കില്‍ ആക്രമിക്കാന്‍ വരുന്നവനെയല്ലെ ബന്ധനസ്ഥാനാക്കേണ്ടത്?
കേരളത്തില്‍ ഭരണത്തിലിരിക്കുന്ന LDF സര്‍ക്കാര്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങണം എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. രാത്രിക്കൊരു സൗന്ദര്യം ഉണ്ടെങ്കില്‍ ആണിനെപോലെ അത് പെണ്ണിനും ആസ്വദിക്കാന്‍ പറ്റുന്നതാവണം. നിരന്തരമായി സ്ത്രീകള്‍ രാത്രിയില്‍ സഞ്ചരിക്കുന്നത് അതിസാധാരണമായ ഒരു കാഴ്ചാശീലമായി മാറണമെന്ന് സര്‍ക്കാര്‍ പറഞ്ഞുവെക്കുമ്പോഴും ഇവിടത്തെ ചില അധികാരികളുടെ മനോഭാവം ഇതിന് വിരുദ്ധമാണ്.ഗവണ്മെന്റിന്റെ ഹയര്‍ എഡ്യൂക്കേഷന്‍ പോളിസി പ്രകാരം നാഷണല്‍-ഇന്റര്‍നാഷനല്‍ യൂണിവേഴ്സിറ്റികളുടെ നിലവാരത്തിലേക്ക് കേരളത്തിലെ എല്ലാ സര്‍വകലാശാലകളെയും എത്തിക്കണം എന്നതാണ്.എയിംസ് , ജിപ്മെര്‍, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവിടങ്ങളിലൊന്നും ഇത്തരം സമയപരിധികളില്ല.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറി സംവിധാനങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലെ ഉപയോഗിക്കാം .നേരത്തെ സൂചിപ്പിച്ച പ്രകാരം വിവേചനാധികാരത്തോടെയാണ് കേരളത്തിലെ സര്‍വകലാശാലകളുടെ പോക്ക് എങ്കില്‍ സര്‍ക്കാരിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ കടലാസുകളില്‍ അവശേഷിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമരത്തിന് അനുകൂലമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിട്ടുള്ളത്.ഹോസ്റ്റലുകളിലെ ഈ നിയന്ത്രണങ്ങള്‍ ആണധികാരവ്യവസ്ഥയുടെ ഭാഗമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹോസ്റ്റലുകളും കലാലയങ്ങളും ഒരേ പോലെ സുരക്ഷിതമാവണമെന്നും കേരളത്തിലെ ഉന്നതവിദ്യഭ്യാസമേഖല ഇപ്പോഴും നൂറ്റാണ്ടുകള്‍ പിന്നിലാണ് എന്നും ജസ്റ്റിസ്.ദേവന് രാമചന്ദ്രന് വിലയിരുത്തി.ഗവര്ണ്മെന്റും നിയമവ്യവസ്ഥയും ലിംഗഭേദമില്ലാതെ പെണ്‍കുട്ടികള്‍ക്കൊപ്പം ചേര്ന്നുനില്ക്കുമ്പോള് എന്തുകൊണ്ട് ചില അധികൃതര്‍ ഇത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു….?
ഡിഗ്രി പഠനകാലത്തെ ഓര്മ രേഖപ്പെടുത്താതെ ഇതവസാനിപ്പിക്കുക വയ്യ.പെണ്‍കുട്ടി എന്ന നിലക്ക് ഞാന്‍ ക്ലാസ്സില്‍ കയറുന്നില്ല എന്നതായിരുന്നു അധ്യാപകരുടെ തുടക്കകാലത്തെ വിഷയം.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് കണ്ടാല്‍ വേര്തിരിച്ചിരുത്താതെഅവര് പോവില്ല.കോളേജിലെ ഏതെങ്കിലും പരിപാടികളില്‍ പങ്കെടുക്കാന്‍ അധ്യാപകരുടെ സമ്മതം മുന്‍കൂട്ടി വാങ്ങേണ്ടിയിരുന്നു.ഏതെങ്കിലും അവസരത്തില്‍ ലീവ് ആയാല്‍ കൃത്യമായി വീട്ടിലേക്ക് വിളിച്ചു ‘സദാചാരപ്രസംഗം’ നടത്താനും ഡിപ്പാര്‍ട്ട്മെന്റ് ലെ അധ്യാപകര്‍ മറക്കുമായിരുന്നില്ല.ഒരിക്കല്‍ ഒരു അധ്യാപിക രഹസ്യമായി വിളിപ്പിച്ച് , വല്ല പ്രേമത്തിലും കുടുങ്ങിയതുകൊണ്ടാണോ ക്ലാസ് കട്ട് ചെയ്യുന്നത് എന്ന് ചോദിച്ചു.
പ്രേമത്തിലായാല് ഉണ്ടായേക്കാവുന്ന സകല പ്രശ്നങ്ങളെ കുറിച്ചും മണിക്കൂറുകളോളം നിന്ന് എനിക്ക് കേള്‍ക്കേണ്ടി വന്നു. എന്റെ സുഹൃത്തുക്കളോട് നിരന്തരമായി എന്റെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. 3 വര്‍ഷങ്ങള്‍ അത്രയേറെ മാനസികസംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു.ഇന്നും എനിക്ക് കെമിസ്ട്രി ഡിപാര്‍ട്മെന്റ് എന്നാല്‍ പേടിയാണ്.അവിടത്തെ അധ്യാപകരോളം മനസിനെ തളര്ത്തിയവര് ഇല്ല.
തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ ഹോസ്റ്റല്‍ സമരവും സമാനരീതിയില്‍ ആയിരുന്നു. അവിടെയും ഹൈക്കോടതി വിധി അനുകൂലമായിരുന്നു. 18 വയസുപൂര്ത്തിയായ ഏതൊരു വ്യക്തിക്കും തന്റെ വിദ്യാഭ്യാസം, ജോലി എന്നിവ സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.വോട്ടവകാശവും കൃത്യമായ ആശയങ്ങളുമുള്ള ഇന്ത്യന്‍ പൗരനാണ് തന്റെ വിദ്യാര്‍ത്ഥി എന്നു മറന്നുകൊണ്ടാണ് പല അധ്യാപകരും പെരുമാറുന്നത്.ഇന്നത്തെ യുവതലമുറ അനുഭവിക്കുന്ന പല മാനസികസംഘര്‍ഷങ്ങളുടെയും ഉത്തവാദി കൂടിയാകുന്നു അധ്യാപകസമൂഹം.ക്ലാസ്സ്മുറിക്കുള്ളില്‍ തന്നെ അധ്യാപകര്‍ സദാചാരപോലീസുകാരായി മാറുന്നുണ്ട്.എന്ത് വസ്ത്രം ധരിക്കണം, ആരോടൊക്കെ കൂട്ടുകൂടണം, എത്ര സമയത്തിനുള്ളില്‍ ഹോസ്റ്റലില്‍ കയറണം എന്നുതുടങ്ങി മറ്റൊരു മനുഷ്യന്റെ സകലകാര്യങ്ങളും തീരുമാനിക്കാനുള്ള തരത്തില്‍ അധഃപതിച്ചു കഴിഞ്ഞു ബഹുഭൂരിപക്ഷം അധ്യാപകസമൂഹം.ഇതിനെല്ലാം ഇരകളാവേണ്ടി വരുന്നത് സ്ത്രീകളും ക്വിര്‍ സമൂഹവുമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പെണ്സമരത്തെ അഭിനന്ദിക്കാതെ വയ്യ.ഹോസ്റ്റ്ല് സമയപരിധി തികച്ചും അനാവശ്യമാണ്.ഉന്നതവിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന അനേകം പോരായ്മകള്‍ കണ്ടുപിടിച്ച് സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കേണ്ടതുണ്ട്.അതല്ലെങ്കില്‍ തുടര്‍ച്ചയായി ഇനിയും മനുഷ്യവാകാശലംഘനങ്ങള് നടന്നുകൊണ്ടിരിക്കും.സമരങ്ങളെല്ലാം ചരിത്രമാണ്.പെണ്സമരങ്ങള് വെല്ലുവിളിയും.നിലനില്‍ക്കുന്ന എല്ലാ വ്യവസ്ഥിതികളോടുമുള്ള ഉറച്ച പോരാട്ടം.അവകാശപോരാട്ടങ്ങള്‍ അതില്‍ അണിനിരക്കുന്നവരെ കൂടുതല്‍ ഉത്തവാദിത്തമുള്ളവരാക്കി മാറ്റുന്നു.അങ്ങനെയെങ്കില്‍ കേരളത്തില്‍ സ്ത്രീകളോളം ശക്തരാരാണ്….?
‘കണ്ണ് തുറക്കൂ അധികാരികളെ
കൂട്ടിലടക്കാന്‍ നോക്കാരുതെ.
ആരിവിടിനിയും പേടിക്കുന്നു
സ്വാതന്ത്ര്യത്തിന് കണ്ണികളെ…’

അളകനന്ദ
COMMENTS