Homeചർച്ചാവിഷയം

പങ്കാളിയില്ലാത്ത ദുരിതജീവിതങ്ങള്‍

‘ഇമ്മട്ടിലുള്ള ദുരിതത്തിനെ
വേണ്ടയെന്നും
കുന്നിച്ച ഭാരമിതു താങ്ങുക വയ്യയെന്നും
നിന്നച്ഛനന്നു മനമേറെ മടുത്തു മാറി
നിന്നമ്മ തന്നൊഴിവിലന്യ വസിപ്പു പോലും’
‘കൊല്ലേണ്ടതെങ്ങനെ?’ എന്ന സുഗതകുമാരിയുടെ കവിതയിലെ വരികളാണിത്. മുപ്പത്തേഴ് വയസ്സായിട്ടും അഞ്ച് വയസ്സിന്‍റെ മാത്രം മാനസിക വളര്‍ച്ചയുള്ള തന്‍റെ മകളെ ഓര്‍ത്തുള്ള, ഒരു അമ്മയുടെ വേവലാതികളാണ് ഇക്കവിതയിലുള്ളത്. മാനസിക വളര്‍ച്ചയില്ലാത്ത ആ മകളുടെ അച്ഛന്‍ അവരെ പണ്ടേ ഉപേക്ഷിച്ചു പോയി. വേറെ വിവാഹവും ചെയ്തു. തന്‍റെ മരണശേഷം മകളെ ആരുസംരക്ഷിക്കുമെന്നും അവള്‍ക്കെന്തു സംഭവിക്കുമെന്നുമുള്ള ആലോചനയില്‍ മകളെ വേദനിപ്പിക്കാതെ എങ്ങനെ കൊല്ലാമെന്നാണ് ഈ കവിതയിലെ അമ്മ ആലോചിക്കുന്നത്.
ആരോഗ്യവും ബുദ്ധിയുമുള്ള മക്കളെക്കുറിച്ച്, വിജയിക്കുന്ന മക്കളെക്കുറിച്ച് , അഭിമാനത്തോടെ തന്‍റെ മക്കള്‍ എന്ന് പറയുന്ന അച്ഛന്മാര്‍ ധാരാളമുണ്ട്. എന്നാല്‍ മാനസിക ശാരീരിക വൈകല്യങ്ങളുള്ള മക്കള്‍, ജീവിതത്തില്‍ വിജയിക്കാത്ത മക്കള്‍ ഒക്കെ പലപ്പോഴും അമ്മയുടെ മക്കളാണ്. അത്തരം മക്കളെയും അവരുടെ അമ്മയേയും ഉപേക്ഷിച്ച് സ്വന്തം സുഖം തേടിപ്പോകുന്ന അച്ഛന്മാര്‍ കവിതയിലും സാഹിത്യത്തിലുമെന്നപോലെ ജീവിതത്തിലുമുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുള്ള ചില അമ്മമാര്‍ ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ കൂടിയാണ്. രോഗവും ദുരിതവും ബാധ്യതകളും അമ്മയ്ക്ക് വിട്ടുകൊടുത്ത് സ്വന്തം സുഖം തേടിപ്പോയ അച്ഛന്മാരുടെ കഥയുമുണ്ട് ദുരിതബാധിതരായ കുട്ടികള്‍ക്ക് പറയാന്‍. സര്‍ക്കാര്‍ കൊടുക്കുന്ന ചെറിയ സഹായം പോലും കീശയിലാക്കി സ്ഥലം വിട്ടവരുമുണ്ട് ഇവരില്‍ . എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെ ഉപേക്ഷിച്ചു പോയ അച്ഛന്മാരില്‍ ചിലര്‍ വീടും ചില സഹായങ്ങളും മറ്റും കുട്ടികള്‍ക്ക് കിട്ടിയപ്പോള്‍ തിരിച്ചു വരികയുമുണ്ടായിട്ടുണ്ട്. എല്ലാ അച്ഛന്മാരും ഇങ്ങനെയുള്ളവരാണ് എന്ന് ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. പലപ്പോഴും അമ്മമാരാണ് സ്വന്തം സന്തോഷങ്ങളും സുഖവും നഷ്ടപ്പെടുത്തി മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നതായി കാണുന്നത് .

ചെറുവത്തൂരുള്ള അഖിലയുടെ മകള്‍ അമൃത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. അമൃതയ്ക്ക് പതിനഞ്ച് വയസ്സാകും വരെ അവളുടെ അച്ഛനും കൂടെയുണ്ടായിരുന്നു. അഖില ഇതിനിടയില്‍ ക്യാന്‍സര്‍ രോഗബാധിതയായി. അമ്മയും മകളും രോഗികളായതോടെ അച്ഛനവരെ ഉപേക്ഷിച്ചു പോയി. ജീവിക്കാന്‍ വഴിയില്ലാത്ത അവസ്ഥയില്‍ കുട്ടിയുടെ പെന്‍ഷന്‍ കിട്ടുന്നതിനായി അപേക്ഷിച്ചപ്പോഴാണ് അത് നേരത്തെ തന്നെ വാങ്ങിച്ചെടുത്താണ് അമൃതയുടെ അച്ഛന്‍ കടന്നു കളഞ്ഞത് എന്ന് അറിയാന്‍ കഴിഞ്ഞത്. കേസിനു പോകാനുള്ള സാഹചര്യം അപ്പോള്‍ ഉണ്ടായിരുന്നില്ല . ഇപ്പോള്‍ പലരുടേയും സഹായത്താല്‍ മകളുടെ പെന്‍ഷന്‍ അഖിലക്ക് തന്നെ കിട്ടുന്നുണ്ട്. അഖിലയുടെ അമ്മയും അഖിലയും ഇരുപത്തഞ്ചു വയസ്സായ അവരുടെ മകളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക വരുമാനം എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കു കിട്ടുന്ന പെന്‍ഷനാണ്.
നളിനി കിഴക്കിന്‍കര എന്ന സ്ത്രീയുടെ ഭര്‍ത്താവ്, ഇളയ മകള്‍ ധന്യക്ക് ഒരുവയസ്സുള്ളപ്പോള്‍, അവരെ ഉപേക്ഷിച്ച് പോയതാണ്. ഇപ്പോള്‍ ഇരുപത്തട്ടു വയസ്സുള്ള ധന്യ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയാണ്. അവളെ ഉപേക്ഷിച്ചു പോയ അച്ഛന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. മൂത്ത മകളും ഭര്‍ത്താവും സഹായിക്കുന്നുണ്ട് എന്ന ആശ്വാസം നളിനിക്കുണ്ട്. പ്രായമായ അമ്മക്കും രോഗിയായ മകള്‍ക്കുമൊപ്പം താമസിക്കുന്ന നളിനിക്കും എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കു കിട്ടുന്ന പെന്‍ഷനല്ലാതെ മറ്റ് വരുമാനമൊന്നുമില്ല.

അഞ്ജലിയേയും അവളുടെ അച്ഛന്‍ രണ്ട് വയസ്സില്‍ ഉപേക്ഷിച്ചു പോയതാണ്. ഇപ്പോഴവള്‍ക്ക് ഇരുപത് വയസ്സായി .രാജേശ്വരി എന്ന അവളുടെ അമ്മ ഓട്ടിസം ബാധിച്ച മകളെയും കൊണ്ട് തനിച്ച് കഷ്ടപ്പെടുന്നു. രാജേശ്വരിയുടെ കൂടെയുള്ളത് അവരുടെ എണ്‍പത്തഞ്ച് വയസ്സായ അമ്മയാണ്. അമ്മ മകളുടെ കാര്യങ്ങള്‍ നോക്കാന്‍ സഹായിച്ചിരുന്നപ്പോള്‍ രാജേശ്വരിക്ക് കുറച്ച് സമാധാനമുണ്ടായിരുന്നു. പ്രായമായതോടെ അമ്മയുടെ കാര്യങ്ങളും അവര്‍ തന്നെ നോക്കേണ്ടി വരുന്നു. ഓട്ടിസം ബാധിച്ച അഞ്ജലിയെ നിയന്ത്രിക്കുക പലപ്പോഴും ബുദ്ധിമുട്ടാണ് എന്ന് അവര്‍ പറയുന്നു. പുറത്തൊക്കെ ഒന്നിറങ്ങി വന്നാല്‍ അവള്‍ക്ക് വളരെ സന്തോഷമാവുമെങ്കിലും സ്വന്തമായി സ്ഥലമൊന്നുമില്ലാത്തതിനാല്‍ അവളെ വീടിനുള്ളില്‍ തന്നെ അടച്ചിട്ട് നോക്കേണ്ടി വരുന്നു. രോഗിയായ അമ്മക്കും മകള്‍ക്കുമൊപ്പം താമസിച്ച് താനും രോഗിയെപ്പോലായെന്നും മനസ്സിന് ഒരു സന്തോഷവുമില്ലെന്നും രാജേശ്വരി പറയുന്നു.

വീടിനു പുറത്തുള്ള ലോകത്ത് ചെറുപ്പം മുതല്‍ കൂടുതല്‍ ഇടപെടാന്‍ അവസരമുണ്ടാകുന്നത് പുരുഷന്മാര്‍ക്കാണ് എന്നതിനാല്‍ കൂടുതല്‍ സാമൂഹ്യബോധമുള്ളവരും സഹായ മനസ്ഥിതി ഉള്ളവരും പുരുഷന്മാരാണ് എന്നാണ് പൊതുബോധം. എന്നാല്‍ കുടുംബാംഗങ്ങളുടെ സന്തോഷത്തിനോ ആരോഗ്യത്തിനോ സമാധാനത്തിനോ വേണ്ടി തങ്ങളുടെ സന്തോഷവും ഭാവിയും ഒന്നും നഷ്ടപ്പെടുത്താന്‍ പുരുഷന്മാര്‍ തയ്യാറല്ല എന്നതാണ് എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്ന പല കുടുംബങ്ങളിലും കാണുന്നത്. പ്രായമായവരുടേയും രോഗികളുടേയും പരിചരണം കുടുംബങ്ങളില്‍ സാധാരണയായി തന്നെ സ്ത്രീയുടെ ഉത്തരവാദിത്തമായിട്ടാണ് കണക്കാക്കുന്നത് . കുടുംബത്തിന്‍റെ നിലനില്‍പ്പിനും കുടുംബാംഗങ്ങളുടെ സന്തോഷത്തിനും വേണ്ടി സ്വന്തം സുഖങ്ങളിലും സന്തോഷങ്ങളിലുമുള്ള വിട്ടുവീഴ്ച്ച സമൂഹം സ്ത്രീയില്‍ നിന്നാവശ്യപ്പെടുന്നുണ്ട്.

ആരോഗ്യാവസ്ഥയില്‍ കുടുംബത്തെ സഹായിക്കാത്ത പുരുഷനെ വാര്‍ദ്ധക്യാവസ്ഥയില്‍ വീട്ടിലേക്ക് കൊണ്ടുവന്ന് അവള്‍ പരിചരിക്കേണ്ടി വരുന്നു. വീടിനു പുറത്തൊരു ലോകമോ മറ്റ് സന്തോഷങ്ങള്‍ക്കുള്ള സാധ്യതയോ ഇല്ലാത്ത സ്ത്രീകള്‍ക്ക്, ശാരീരിക മാനസിക ബുദ്ധിമുട്ടുകളനുഭവിക്കുന്നവരെ നിരന്തരമായി കണ്ടും പരിചരിച്ചും ജീവിക്കേണ്ടി വരുമ്പോള്‍ , മാനസികാരോഗ്യത്തോടെ തുടരുക എന്നതു പോലും ബുദ്ധിമുട്ടാണ്. ആരോഗ്യാവസ്ഥയിലുള്ള സ്ത്രീകള്‍ പോലും അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ സ്ഥിരമായി തുടരേണ്ടി വരുമ്പോള്‍ പെട്ടെന്ന് രോഗികളും വൃദ്ധരുമായി മാറുന്നു. അച്ഛന്മാര്‍ സ്വന്തം സുഖം തേടി പോകുമ്പോഴും വിപരീത സാഹചര്യങ്ങളെ നിരന്തരം നേരിട്ട് മക്കള്‍ക്കായി നിലനില്‍ക്കുന്ന ഈ അമ്മമാരുടെ കരുണയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെ ജീവിപ്പിക്കുന്നത്.

അംഗവൈകല്യമുള്ളവരേയും മാനസിക വളര്‍ച്ചയില്ലാത്തവരേയും പരിചരിക്കാന്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകളുടെ മുഴുവന്‍ ശ്രദ്ധയും സമയവും വേണ്ടി വന്നേക്കാം. ഇതോടൊപ്പം പുറത്ത് പോയി ജോലി ചെയ്യേണ്ടി വരുക , വീട്ടിലെ ചിലവുകള്‍ക്കുള്ള പണം കൂടി കണ്ടെത്തുക ഇവയൊക്കെ സ്ത്രീകള്‍ക്ക് അസാധ്യമായി തീരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരായ കുട്ടികളേയും കൊണ്ട് ജോലിയും കൂലിയുമില്ലാതെ, ഭര്‍ത്താവിന്‍റെ പിന്തുണയോ സഹായമോ ഇല്ലാതെ കഷ്ടപ്പെടുന്ന പല സ്ത്രീകളെയും നമുക്ക് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ കാണാം. ഈ സ്ത്രീകളില്‍ പലര്‍ക്കുമൊപ്പം കൂട്ടിനുള്ളതും അവരുടെ അമ്മമാരാണ്. പ്രായമാകുന്നതോടെ ഈ അമ്മമാരുടെ കാര്യങ്ങളും സ്ത്രീകള്‍ തന്നെ നോക്കേണ്ടി വരുന്നു. വിവാഹബന്ധം വേണ്ടെന്ന് വെച്ച് പോയ ആണുങ്ങള്‍ തന്നെ അവരുടെ അനാരോഗ്യാവസ്ഥയിലോ പ്രായമാകുന്നതോടെയോ വീടുകളിലേക്ക് തിരിച്ചു വരാന്‍ താല്പര്യപ്പെടുന്നതും കാണാവുന്നതാണ്. വര്‍ഷങ്ങളായി അകന്നിരിക്കുന്നവരെ പ്രായമാകുമ്പോള്‍ നോക്കാനാരെങ്കിലും വേണ്ടേ എന്ന് പറഞ്ഞ് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുമ്പോഴും വാസ്തവത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബാധ്യതകള്‍ മാത്രമാണ് ഉണ്ടാവുന്നത്. ആരോഗ്യാവസ്ഥയില്‍ കുടുംബത്തെ സഹായിക്കാത്ത പുരുഷനെ വാര്‍ദ്ധക്യാവസ്ഥയില്‍ വീട്ടിലേക്ക് കൊണ്ടുവന്ന് അവള്‍ പരിചരിക്കേണ്ടി വരുന്നു. വീടിനു പുറത്തൊരു ലോകമോ മറ്റ് സന്തോഷങ്ങള്‍ക്കുള്ള സാധ്യതയോ ഇല്ലാത്ത സ്ത്രീകള്‍ക്ക്, ശാരീരിക മാനസിക ബുദ്ധിമുട്ടുകളനുഭവിക്കുന്നവരെ നിരന്തരമായി കണ്ടും പരിചരിച്ചും ജീവിക്കേണ്ടി വരുമ്പോള്‍ , മാനസികാരോഗ്യത്തോടെ തുടരുക എന്നതു പോലും ബുദ്ധിമുട്ടാണ്. ആരോഗ്യാവസ്ഥയിലുള്ള സ്ത്രീകള്‍ പോലും അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ സ്ഥിരമായി തുടരേണ്ടി വരുമ്പോള്‍ പെട്ടെന്ന് രോഗികളും വൃദ്ധരുമായി മാറുന്നു. അച്ഛന്മാര്‍ സ്വന്തം സുഖം തേടി പോകുമ്പോഴും വിപരീത സാഹചര്യങ്ങളെ നിരന്തരം നേരിട്ട് മക്കള്‍ക്കായി നിലനില്‍ക്കുന്ന ഈ അമ്മമാരുടെ കരുണയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെ ജീവിപ്പിക്കുന്നത്.

നിഷി ജോര്‍ജ്ജ്
അതിഥി അധ്യാപിക
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പയ്യന്നൂര്‍

 

COMMENTS

COMMENT WITH EMAIL: 0