Homeചർച്ചാവിഷയം

പാട്ടെന്‍റെ പ്രിയപ്പെട്ട ഊര്‍ജ്ജ ഇടം


പാട്ടെഴുത്തുകാരി എന്ന് അറിയപ്പെട്ടു തുടങ്ങിയതെന്നാണെന്ന് ചോദിച്ചാല്‍ അധികം പഴക്കമൊന്നും കണ്ടെന്ന് വരില്ല. അതിനര്‍ത്ഥം പാട്ടെഴുതി തുടങ്ങിയത് അടുത്താണെന്ന് അല്ല അറിയപ്പെട്ടില്ല അല്ലെങ്കില്‍ അറിയപ്പെടുവാനുള്ള ശ്രമങ്ങള്‍ ഒന്നും ഞാനായിട്ട് നടത്തിയില്ല എന്നതാണ്. ഒരിക്കലും ഒരു കവയിത്രിയോ എഴുത്തുകാരിയോ മലയാളം ഭാഷയില്‍ വലിയ അവഗാഹമുള്ള ആളോ ആയിരുന്നില്ല ഞാന്‍. സാധാരണ കുട്ടികളെപ്പോലെ മലയാളം ടു എന്ന മലയാളം എഴുത്തു മാത്രം അറിയുന്ന ഒരു സാധാരണക്കാരി. ഡിഗ്രി കഴ്ഞ്ഞിരിക്കുന്ന സമയത്തായിരുന്നിരിക്കണം ആദ്യമായി ഒരു പാട്ട് എഴുതിയത്. റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടിന്‍റെ ഈണം അനുസരിച്ച് വരികള്‍ എഴുതി നോക്കിയത് അന്നാണ്. അതാണീ കാലത്തിന്‍റെ പാട്ടെഴുത്ത് രീതി എന്ന അറിവൊന്നും അന്നുണ്ടായിരുന്നില്ല. എന്തിനു ഗിരീഷ് പുത്തന്‍ചേരി എന്ന പ്രതിഭയെ പറ്റി പോലും അറിയില്ല. മിക്കവാറും പാടി നടന്ന എല്ലാ പാട്ടുകളും ആളുടെ ആയിരുന്നിട്ടും. പിന്നീട് ഒരു വലിയ ഇടവേള. പഠിത്തവും ജോലിയും കല്യാണവും കുട്ടിയും ഒക്കെ ആയി മറ്റൊരു കോണില്‍ നിന്ന് തിരിച്ചു വരാന്‍ ഒരു പതിമൂന്ന് കൊല്ലം എടുത്തു. എഴുത്തു മറന്നിട്ടില്ലെന്നും വാക്കുകള്‍ മനസ്സില്‍ എവിടെയൊക്കെയോ കടം കൊണ്ട് രൂപങ്ങളില്ലാതെ നടക്കുന്നുണ്ടെന്നും അറിഞ്ഞത് ആദ്യമായി തൈക്കുടം ബ്രിഡ്ജ് ന് വേണ്ടി ഫിഷ്റോക് എന്ന പാട്ട് എഴുതിയപ്പോഴാണ്. ആറുവരികള്‍ മാത്രമുള്ള ഒരു കുട്ടിപ്പാട്ട്. അത് എഴുതിയതെന്‍റെ അനിയന്‍ ഗോവിന്ദ് വസന്ത പറഞ്ഞിട്ടായിരുന്നു. അന്നും അറിയില്ല കപ്പ ടീവിയില്‍ ഒരു ഷോ ആയി ഇത് വരും എന്നോ, നാടാകെ ഇളക്കി മറിച്ച തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്‍ഡിന്‍റെ എഴുത്തുക്കാരിയാവുകയാണെന്നോ. ഇത് 2013 ലാണ്. പാട്ടെഴുതിയിട്ടും പാട്ട് ഹിറ്റ് ആയിട്ടും ഇതെഴുതിയ ആളെ ആരും അറിഞ്ഞിരുന്നില്ല. വീണ്ടും എഴുതി ഒരു അഞ്ച് പാട്ട് . ഇവര്‍ക്ക് വേണ്ടി തന്നെ. 2015 വരെയുള്ള കാലഘട്ടത്തില്‍ പലപ്പോഴായി ഇറങ്ങി. ബാന്‍ഡിനെ അറിയുന്നവരില്‍ തന്നെ ചുരുക്കം പേരില്‍ അപ്പോഴും പേര് ഒതുങ്ങി.. വീണ്ടും ഒരു മാറ്റം വരുന്നത് 2017 ലാണ്.

സോളോ എന്ന bilingual മൂവി ക്കുവേണ്ടി ഡയലോഗ് എഴുത്ത് വേഷം ഇട്ട വര്‍ഷം. സുഹൃത്തായിരുന്ന ബിജോയ് നമ്പ്യാരിനു സഹായി ആയിട്ടാണ് പോയത്. ഒരു ചിത്രത്തിന്‍റെ പിന്നാമ്പുറബഹളങ്ങള്‍ ആദ്യമായി കണ്ടറിഞ്ഞ സമയം. ലൊക്കേഷനുകളില്‍ ഉറക്കമൊഴിഞ്ഞിരുന്ന് ഒരുപാട് പേരെ പരിചയപ്പെട്ട ഒരു സമയം. തീര്‍ത്തും ഇന്‍ട്രോവേര്‍ട്ട് ആയ എന്നെപ്പോലെ ഒരാള്‍ക്ക് എന്താണ് പി ആര്‍ എന്നും അതില്ലാതെ ഈ ഇന്‍ഡസ്ട്രിയില്‍ ഒന്നും നടക്കില്ലെന്നും അറിഞ്ഞ കാലം.എന്‍റെ കഴിവ് കണ്ടു ആളുകള്‍ എന്നെ തേടി വരും എന്ന മണ്ടന്‍ വിശ്വാസത്തെ കറക്കിയടിച്ചു ഉള്ളതിനെ പതിന്മടങ്ങായി കാണിച്ച് വലിച്ചടുപ്പിക്കണം എന്ന് പഠിച്ച കാലം. ചിത്രത്തില്‍ അണിയറയില്‍ പരിചയമുണ്ടായിരുന്നത് കൊണ്ട് മാത്രം രണ്ടു പാട്ട്. അകം ബാന്‍ഡിന്‍റെ ഒരു സ്വാതിതിരുനാള്‍ കൃതിയുടെ അനുവര്‍ത്തനം. ഇതെലാം ആ സമയത്ത് ഉണ്ടായതാണ്. പിന്നീട് വീണ്ടും ഒരു ഇടവേള. ഒരു പക്ഷെ പാട്ട് എഴുതിയതിനേക്കാള്‍ കൂടുതല്‍ ഇടവേളകള്‍ ആയിരുന്നിരിക്കണം. അതിനു ശേഷം 2017- 18 ല്‍ തൈക്കൂടം ബാന്‍ഡിന്‍റെ നാല് പാട്ടുകള്‍, കുറച്ച് പരസ്യങ്ങളും ക്ലബ് എഫ്എമ്മിന്‍റെ തീം സോങ്ങും ചെയ്തു. രസം എന്താണെന്ന് വെച്ചാല്‍, പാട്ട് അറിയാം, പാട്ടുകാരനെ അറിയാം, എഴുത്തുകാരിക്ക് ഒരു തം സപ്പ് മാത്രം എന്ന രീതിയിലാണ് അക്കാലത്തെ പലരുടെയും പ്രതികരണം.എനിക്കു ശേഷം പാട്ടെഴുതി തുടങ്ങിയ പല സുഹൃത്തുക്കളുടെ പേരുകളും പ്രൈം സോണില്‍ നില്ക്കുന്നത്കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട്. പിന്നീട് മനസിലായി. ഇതൊരു കൂട്ടുകെട്ടുകളുടെ റിസല്‍ട്ടാണ്. കൂടെ പണിയെടുത്തവര്‍ ,കൂട്ടുകൂടിയവര്‍ ,ഒരേ വൈബ് പങ്കു വെക്കുന്നവര്‍ ….അതിലെല്ലാം പുറമേ ആണ്‍സുഹൃത്തുക്കള്‍ക്കിടയില്‍ കൂട്ടായ്മയുടെ ലോകം ഉണ്ട്. പ്രത്യക്ഷത്തില്‍ ഇവിടെ ആരും സ്ത്രീകളെ അവഗണിക്കുന്നു എന്ന് പറയാനാവില്ല. പക്ഷെ ചര്‍ച്ചകള്‍ക്കും പുനര്‍ചിന്തകള്‍ക്കും ശേഷം നറുക്ക് വീഴുക മേല്‍പ്പറഞ്ഞ സുഹൃത്വലയത്തില്‍ ആയിരിക്കും. വീണ്ടും ഒരു പിടി ഗാനങ്ങള്‍ എഴുതി. അര്‍ച്ചന 31 നോട്ട് ഔട്ട്, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ … പുറത്തിറങ്ങിയതും ഇറങ്ങാന്‍ ഉള്ളതും ഇറങ്ങിയാലും പേരുണ്ടാവാന്‍ സാധ്യത ഉള്ളതും ഇല്ലാത്തതും ആയി കുറച്ച് പാട്ടുകള്‍ വേറെയും. ചെയ്ത പണിക്ക് പണം വാങ്ങുക മറ്റൊരു ഞാണിന്മേല്‍ കളിയാണ് സീനിയേര്‍സ് ആയവര്‍ അഡ്വാന്‍സ് വാങ്ങി മാത്രം എഴുതാന്‍ ആവശ്യപ്പെടാറുണ്ട്. പക്ഷെ അടുത്ത പാട്ട് ഏതെന്ന് പോലും ഉറപ്പില്ലാത്ത വിഭാഗത്തില്‍ പെടുന്നവര്‍ ആയതുകൊണ്ടാവണം അതിന് ധൈര്യം വരാറില്ല. പലപ്പോഴും റെക്കോര്‍ഡിങ്ങ് കഴിഞ്ഞെന്ന് അറിയുന്ന പാട്ടുകള്‍ പോലും പിന്നീട് പടത്തില്‍ നിന്ന് ഇല്ലാതാവുകയും അതിനു വേതനം നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്.

ധന്യ സുരേഷ് മേനോന്‍

കോടികള്‍ മറിക്കുന്ന ബിസിനസ്സില്‍ പതിനായിരങ്ങള്‍ ചോദിക്കുന്ന പാട്ടെഴുത്തുകാര്‍ക്കു മാത്രം എന്തുകൊണ്ട് ഇങ്ങനെ എന്ന് തോന്നിപ്പോകുന്ന സമയം. നമ്മള്‍ എടുക്കുന്ന അധ്വാനം ,നമ്മുടെ സമയം ,പാട്ടെഴുത്ത് എല്ലായ്പ്പോഴും ആനന്ദദായകം ഒന്നുമല്ലാത്തതുകൊണ്ട് തന്നെ ആ സമയത്തെ സമ്മര്‍ദ്ദം ഇതിനെല്ലാം വിലയില്ലാതെ വരുന്ന സന്ദര്‍ഭങ്ങള്‍ വേദനിപ്പിച്ചിട്ടുണ്ട്. യൂട്യുബിലും മറ്റു സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലും ലിറിസിസ്റ്റ് എന്ന സ്ഥാനം നോക്കിയാല്‍ അടിയില്‍ ഡീറ്റെയില്‍സി ന്‍റെ ഭാഗത്താണെന്ന് കാനാം. അത് തമ്പ്നെയില്‍ ആയി വരണം എന്നതും സ്പോട്ടിഫിയ പോലുള്ള പ്ലാറ്റ്ഫോമില്‍ സംഗീത സംവിധായകനും പാട്ടുകാരനും ഒപ്പം എഴുത്തുകാരന്‍റെ പേരും വരണം എന്നുള്ളതും വളരെ പ്രാധാന്യമുള്ള ഒരു സംഗതിയായി തോന്നിയിട്ടുണ്ട്. ഒരുപക്ഷെ പന്ത്രണ്ട് പാട്ടുകള്‍ എഴുതിയിട്ടും ജിയോബേബിയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ‘നീയേ ഭുവിന്‍…വന്ന നാള്‍’ വരെ എന്നെ അധികം ആരും അറിഞ്ഞില്ല എന്നത് ആണ് സത്യം.

എല്ലാവരും ഇത്തരം സാഹചര്യങ്ങള്‍ അനുഭവിക്കുന്നുണ്ടാവാം പലതരത്തില്‍. ഒരു കാലത്ത് പാട്ട് എഴുതിയിരുന്ന ശശികല മേനോന്‍ കല്യാണശേഷം തീര്‍ത്തും വിട്ടു പോയതും ഇപ്പോള്‍ തിരിച്ചുവരവില്‍ ഇന്‍ഡിപ്പെന്‍റ് വര്‍ക്കിന്‍റെ ഭാഗമാവുന്നതും സുഹൃത്തെന്ന നിലയില്‍ അടുത്തുനിന്ന് കാണുന്നുണ്ട്. . എഴുതുമെന്ന് തോന്നിയാലും എന്നെ അല്ലെങ്കില്‍ മറ്റ് സ്ത്രീകളെ പാട്ടെഴുത്തിലേക്ക് വിളിക്കുന്നതില്‍ നിന്ന് തടയുന്നത് എന്തായിരിക്കും എന്ന് ഓര്‍ത്താല്‍ രസമാണ്. ചിത്രത്തിലെ അസി.ഡയറക്ടേഴ്സ്, കാമറ എന്നിങ്ങനെ മേഖലകളില്‍ സ്ത്രീകള്‍ ഉള്ള ഒരു ചിത്രമാണെങ്കില്‍ പോലും ഒരു പക്ഷെ പാട്ട് എഴുതുന്നത് സ്ത്രീ ആവണം എന്നില്ല. വീണ്ടും ഞാന്‍ പറയുന്നു. ഇത് കൂട്ടുകെട്ടുകളുടെ ആകെത്തുകയാണ്. അതിനപ്പുറം സമയത്തിന്‍റെ….. ഏറ്റവും ഉറപ്പായി ഏറ്റവും കുറഞ്ഞ സമയത്തില്‍ ചെയ്തുകിട്ടും എന്നുറപ്പുള്ള ഭാഗത്തേക്ക് വിളിപോകുന്നു. സ്ത്രീ സമത്വം ഘോരം പ്രസംഗിക്കുന്നവര്‍ പോലും ഇത് അനുവര്‍ത്തിക്കുന്നുണ്ട് എന്നത് ആണ് സത്യം. ഇതിനര്‍ത്ഥം എല്ലാവരും പെണ്ണെഴുത്തിനെ അവഗണിക്കുന്നു എന്നല്ല. നമ്മളെ ഓര്‍ക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്ത ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തികള്‍ ഉണ്ട്.. അതവരുടെ മനസിന്‍റെ പ്രത്യേകത എന്നു മാത്രമേ പറയാനാവൂ. എന്തായാലൂം ഈ രംഗത്ത് എത്തിപ്പെട്ടത് യാദൃശ്ചികം ആയിട്ടാണെങ്കിലും ഇവിടെ ഒരു പറ്റം നല്ല സുഹൃത്തുക്കളുണ്ട്. പാട്ടെഴുത്തുകാരുടെ കൂട്ടായ്മ രചനയില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പാട്ടുകള്‍ പങ്കുവെക്കുകയും കൂടുകയും കുഞ്ഞു കുഞ്ഞു അവകാശങ്ങള്‍ക്കായി ഒച്ചയെടുക്കുകയും ചെയ്യുന്നുണ്ട്. അവസരങ്ങള്‍ തുണച്ചാല്‍ ഇനിയും ഇവിടെ ഉണ്ടാവണം എന്ന് തന്നെ ആണ് ആഗ്രഹം.

ധന്യ സുരേഷ് മേനോന്‍
മലയാളം സിനിമ /ഇന്‍ഡിജിനസ് മ്യൂസിക് പാട്ട് എഴുത്തുകാരി
സിനിമയില്‍ കോ സ്ക്രിപ്റ്റ്
റൈറ്റര്‍/ ഡയലോഗ് റൈറ്റര്‍

 

COMMENTS

COMMENT WITH EMAIL: 0